കോഴിക്കോട്: ജ്വലിക്കുന്ന ഭാഷകൊണ്ടും വിസ്മയകരമായ ഭാവനകൊണ്ടും സൂക്ഷ്മമായ ബൗദ്ധികതകൊണ്ടും മലയാളസാഹിത്യത്തിലെ സാമ്പ്രദായിക കാലത്തെ മാറ്റിമറിച്ച എഴുത്തുകാരനായ മേതിൽ രാധാകൃഷ്ണന് 2025-ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരം. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സി. രാധാകൃഷ്ണൻ, സാറാ ജോസഫ്, കല്പറ്റ നാരായണൻ എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ, ചെയർമാനും മാനേജിങ്ങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ എന്നിവർ അറിയിച്ചു.

To advertise here,

അസാമാന്യമായ ധിഷണയും അഗാധമായ ശാസ്ത്രബോധവും വേറിട്ടുനിൽക്കുന്ന സൗന്ദര്യദർശനങ്ങളുംകൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണൻ എന്ന് പുരസ്‌കാര നിർണയസമിതി വിലയിരുത്തി. 'എക്കാലത്തേക്കും നവീനനായി തുടരാൻ കെല്പുള്ള കവിയും കഥാകൃത്തും നോവലിസ്റ്റുമായ മേതിലിന്റെ എഴുത്തിനും ലാവണ്യബോധത്തിനും മലയാളസാഹിത്യത്തിൽ സമാനതകളില്ല. ഭാവനയുടേയും ബുദ്ധിയുടെയും ഇരുചക്രവാഹനത്തിൽ കയറി മേതിൽ നടത്തിയ ഭാഷായാത്രകൾ ഓരോന്നും അപൂർവ്വം, അനന്യം. കവിതയും സംഗീതവുംശാസ്ത്രവും സ്‌പോർട്സും ചിത്രവും പരിസ്ഥിതിയും നരവംശശാസ്ത്രവും ഈ എഴുത്തുകാരനോട് ഉള്ളഴിഞ്ഞു സംവദിച്ചു. തനിക്കല്ലാതെ എഴുതാനാവാത്തതാണ് മലയാളത്തിലെ ഈ മാന്ത്രികൻ എഴുതിയിട്ടുള്ളതെല്ലാം. ഉള്ളടക്കം എന്നതുപോലെ രൂപശില്പത്തിലും മേതിൽ ഭാഷയിൽ ഗന്ധർവക്ഷേത്രങ്ങൾ പണിതു. പ്രബുദ്ധരായ മലയാളി വായനക്കാരുടെ അഭിരുചിയുടെ ഉയർന്ന മാനദണ്ഡമായി മേതിൽ രചനകൾ ഭാഷയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ആറു ദശാബ്ദത്തിലേറെയായി നമ്മുടെ ഭാഷാസാഹിത്യത്തിൽ ഒരേകാന്തവിസ്മയം തീർത്ത് ദൂരസ്ഥനായ ഒരു നക്ഷത്രം പോലെ നിലകൊള്ളുന്ന മേതിലിന് മാതൃഭൂമി പുരസ്‌കാരം ലഭിക്കുമ്പോൾ, ഈ ദേശത്തിന്റെ ഭാഷയും ഭാവനയുമാണ് ആദരിക്കപ്പെടുന്നത്', സമിതി വിലയിരുത്തി.

പാലക്കാട് താലൂക്കിൽ ജനിച്ച മേതിൽ രാധാകൃഷ്ണൻ ചിറ്റൂർ ഗവൺമെന്റ് കോളേജിലും തൃശ്ശൂർ കേരളവർമ്മ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. നോർവീജിയൻ ഷിപ്പിങ്ങ് സ്ഥാപനത്തിലെ കംപ്യൂട്ടർ വിഭാഗത്തിന്റെ അധിപനായും നെസ്റ്റ് സോഫ്റ്റ് വെയർ യു.എസ്.എയുടെ ചെന്നൈ ശാഖയിൽ സീനിയർ സാങ്കേതിക ലേഖകനായും ദീർഘകാലം പ്രവർത്തിച്ചു. സൂര്യവംശം, ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, ബ്രാ, പെൻഗ്വിൻ, ഡിലൻ തോമസിന്റെ പന്ത്, നായകന്മാർ ശവപേടകങ്ങളിൽ, സംഗീതം ഒരു സമയ കലയാണ്, മേതിൽ കഥകൾ, മേതിൽ കവിതകൾ, ലൈംഗികതയെക്കുറിച്ച് ഒരുപന്യാസം, ആൽബട്രോസിന്റെ കരച്ചിൽ, സൂര്യമത്സ്യത്തെ വിവരിക്കൽ എന്നിവ പ്രധാന കൃതികളാണ്. ബ്രിട്ടനിലെ എന്റമോളജിക്കൽ സൊസൈറ്റിയുടെ ആനുകാലികങ്ങളിൽ ജന്തുസ്വഭാവ ശാസ്ത്രം സംബന്ധിച്ച സ്വനിരീക്ഷണങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമിയുടെ പിറന്നാൾ ദിനമായ മാർച്ച് 18-ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം മേതിലിന് സമർപ്പിക്കും.