അമൃതപുരി (കൊല്ലം): മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വർഷത്തെ അമൃതകീർത്തി പുരസ്‌കാരത്തിന് മുൻ ഗവർണർറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള അർഹനായി. 1,23,456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത സരസ്വതീ ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.

To advertise here,

സ്വാമി അമൃതസ്വരൂപാനന്ദ പുരി അധ്യക്ഷനും ഡോ. കെ.എസ്. രാധാകൃഷ്ണൻ, ഡോ. എം. ലക്ഷ്മീകുമാരി, സ്വാമി തുരീയാമൃതാനന്ദ പുരി എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് പുരസ്‌ക്കാര നിർണ്ണയം നടത്തിയത്. ഭാരതീയ തത്ത്വചിന്തയിലും ആധ്യാത്മികതയിലും അഗാധമായ ജ്ഞാനമുള്ള വ്യക്തിയാണ് ശ്രീധരൻ പിള്ള. ഈശ്വരനും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പര ബന്ധമാണ് ആധ്യാത്മികതയുടെ കാതൽ എന്ന വീക്ഷണം അദ്ദേഹത്തിന്റെ ജീവിതത്തിലും എഴുത്തുകളിലും പ്രസംഗങ്ങളിലുമെല്ലാം തെളിഞ്ഞു കാണാമെന്ന് സ്വാമി തുരീയാമൃതാനന്ദപുരി പറഞ്ഞു.

നിയമ-രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുമ്പോഴും ഭരണഘടന പദവി വഹിക്കുമ്പോഴും സാഹിത്യ- വൈജ്ഞാനിക മേഖലകളിൽ അഡ്വ ശ്രീധരൻപിള്ള നടത്തിയ ഇടപെടലുകൾ ഏറെ പ്രസംശനീയമാണ്. കവിത, പ്രബന്ധങ്ങൾ, നിയമവിഷയങ്ങൾ, യാത്ര വിവരണങ്ങൾ, രാഷ്ട്രീയ വിശകലനങ്ങൾ, ആധ്യാത്മിക ദാർശിനിക കാഴ്ചപ്പാടുകൾ എന്നിങ്ങനെ സമൂഹത്തിന്റെ സമസ്ത മേഖലകളെയും പരാമർശിക്കുന്ന 270 പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.

മാതാ അമൃതാനന്ദമയി മഠത്തിന്റെ വിശ്വസേവാ ദിനാഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 26-ന് വൈകീട്ട് കൊല്ലം അമൃതപുരി അമൃതവിശ്വവിദ്യാപീഠം ക്യാംപസിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. ആധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര രംഗങ്ങളിലെ പ്രഗത്ഭർക്ക് 2001 മുതൽ അമൃതകീർത്തി പുരസ്‌ക്കാരം നൽകിവരുന്നു.