കാലം 1965- ഒരച്ഛനും മകനും തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍നിന്ന് മാംഗ്ലൂര്‍- മദ്രാസ് മെയിലിന് ഒറ്റപ്പാലത്തേക്ക് ടിക്കറ്റെടുത്ത് വണ്ടികയറുന്നു. അവിടെ ഇറങ്ങി മയില്‍വാഹനം ബസില്‍ പത്തിരിപ്പാലയിലെത്തി ഗാന്ധിസേവാസദനത്തിലേക്കു നടക്കുന്നു. കേരളീയവാദ്യകലയുടെ സൗഭാഗ്യ ഭാവിയിലേക്കുള്ള മകന്റെ പ്രവേശനയാത്രയുടെ പ്രാരംഭമാണതെന്ന് ആ അച്ഛന്‍ വിചാരിച്ചിരുന്നില്ല. പത്തിരിപ്പാലയെ പത്തിരിപ്പാലം എന്ന് അനുസ്വാരമിട്ട് തിരുത്തിവായിച്ച ആ ബാലന്‍ പില്‍ക്കാലം വാദ്യകലയെയാകെ സുസ്വരത്തില്‍ പുതുക്കിയെഴുതാന്‍ പ്രാപ്തനാവുകയായിരുന്നു. മട്ടന്നൂരിലെ കുഞ്ഞികൃഷ്ണമാരാരും ശങ്കരന്‍കുട്ടിയുമായിരുന്നു ആ അച്ഛനും മകനും.

To advertise here,

തായമ്പക അരങ്ങേറ്റത്തിനുശേഷം അമ്മാവന്‍ സദനം രാമചന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് ശങ്കരന്‍കുട്ടി കഥകളിക്കൊട്ടു പഠിക്കാനായി സദനത്തില്‍ എത്തുന്നത്. ചന്ദ്രമന്നാടിയാരുടെയും സദനം വാസുദേവന്റെയും കീഴില്‍ കീഴ്പടം കുമാരന്‍ നായരുടെ കളരിയില്‍ ശങ്കരന്‍കുട്ടി കഥകളിച്ചെണ്ട അഭ്യസിച്ചു. കളിക്കുകൊട്ടുമ്പോഴുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തിലെ പരിമിതി അലോസരമായപ്പോള്‍ ശങ്കരന്‍കുട്ടി തോളിലെ കളിച്ചെണ്ട ഊരിവെച്ച് തായമ്പകച്ചെണ്ടയുടെ കച്ചമുറുക്കി. തൃത്താലകുഞ്ഞികൃഷ്ണ പൊതുവാള്‍, കേശവന്‍, പല്ലാവൂര്‍ അപ്പുമാരാര്‍, കുഞ്ഞുക്കുട്ട മാരാര്‍, ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍, പൂക്കാട്ടിരി ദിവാകരപ്പൊതുവാള്‍, കല്ലൂര്‍ രാമന്‍കുട്ടി തുടങ്ങി തായമ്പക സാമ്രാജ്യത്തിലെ പ്രജാപതികള്‍ വാഴുന്നകാലം. വടക്കേമലബാറില്‍നിന്നെത്തിയ ശങ്കരന്‍കുട്ടിയുടെ കൊട്ടിലെ സുഖവും ലാളിത്യവും ഇരട്ടത്തായമ്പകയില്‍ പ്രാമാണികനെ പിന്തുടരാനുള്ള വാദനവൈഭവവും തിരിച്ചറിഞ്ഞ, വാദ്യസംഘാടകന്‍കൂടിയായ ആലിപ്പറമ്പ് കൃഷ്ണപ്പൊതുവാള്‍ ഈ യുവാവിനെ വള്ളുവനാട്ടില്‍ തളച്ചിടുകയായിരുന്നു. ആലിപ്പറമ്പിനൊപ്പം കൊട്ടി ശ്രദ്ധേയനായി മാറിയ മട്ടന്നൂര്‍ തുടര്‍ന്ന് അതികായര്‍ക്കൊപ്പം കൊട്ടാന്‍ പ്രാപ്തനായി. പഴമയുടെ ചെടിപ്പും അപശബ്ദ ഘോഷവും ആവര്‍ത്തനത്തിലെ അരോചകത്വവും തായമ്പകയില്‍ സ്ഥായിയായ കാലത്താണ് ആപാദചൂഢം മധുരവും സൗമ്യസ്പഷ്ട സുഖസ്വര സമ്മിളിതവുമായ തായമ്പകയിലൂടെ മട്ടന്നൂര്‍ വേറിട്ടുനിന്നത്. പല്ലാവൂരിനും തൃത്താലയ്ക്കുമൊപ്പം കൊട്ടിക്കയറിയ മട്ടന്നൂരിന്റെ മസ്തിഷ്‌കത്തിന്റെ മൂല്യം കലാലോകം തിരിച്ചറിഞ്ഞു. തായമ്പക പുതിയ ഭാവുകത്വം ആവശ്യപ്പെടുന്ന പുതിയ ആസ്വാദകസമൂഹം രൂപപ്പെടുന്ന, ആധുനികതയുടെ പരിപ്രേക്ഷ്യകാലത്തായിരുന്നു ശങ്കരന്‍കുട്ടിയുടെ രംഗപ്രവേശം. വാദ്യകലയിലെ അഭാവങ്ങളെ നിരീക്ഷിച്ച്, അപരരുടെ അരുതുകള്‍ തന്റെ നേരാക്കി പുതിയ തായമ്പക പദ്ധതിയും ആവിഷ്‌കാരക്രമക്കണക്കും അദ്ദേഹം രൂപപ്പെടുത്തി. കൊട്ടില്‍ ഒരു മട്ടന്നൂര്‍ ഭാഷതന്നെ സൃഷ്ടിച്ച് നവതായമ്പകയുടെ കൊട്ട് എഴുത്തച്ഛനായി. ആധുനികതായമ്പക ഭാഷയുടെ പിതാവ് എന്നും മട്ടന്നൂരിനെ വിശേഷിപ്പിക്കാം. വാദ്യപ്രതാപികളുടെ മക്കളില്‍ ചിലരെ മുന്നണിയിലും പിന്നണിയിലും നിര്‍ത്തിയും മേല്‍ക്കൈയുള്ള ചില തായമ്പകക്കാരെ വലംതലയില്‍ വിന്യസിപ്പിച്ചും ശബ്ദച്ചേരുവയുടെ പുതുലാവണ്യതലം ഒരുക്കി സംഘചാരുതയിലും മട്ടന്നൂര്‍ അഗ്രിമനായി.

ചെണ്ടയുടെ ശബ്ദത്തെ ഘോരവും വന്യവും അരോചകവും ദുസ്സഹവുമാക്കുന്നവരില്‍നിന്നു വിഭിന്നനായി കൈയും കോലും പതിയുന്നേടത്തെല്ലാം മുഖത്തെ മൃദുമന്ദഹാസത്തിനു തുല്യമായ നാദധാരയുടെ ഭാവാത്മകത മടന്നൂര്‍ വര്‍ഷിച്ചു. പി. ജയചന്ദ്രന്റെ പാട്ടുകളുടെ കേള്‍വിസുഖത്തിനു സമാനമാണ് ശങ്കരന്‍കുട്ടിയുടെ തായമ്പകവാദനാനുഭവം. സഹൃദയമനസ്സിനെ വിമലീകരിച്ച് ഗൃഹാതുരത്വമാര്‍ന്ന ആര്‍ദ്രതയാണ് ഇരുവരുടെയും കലയിലെ സാരസ്വതരഹസ്യം.

പട്ടരാത്ത് ശങ്കരമാരാരുടെ കീഴില്‍ ഇടയ്ക്കയും പല്ലാവൂര്‍ മണിയന്‍ മാരാരുടെ ശിക്ഷണത്തില്‍ തിമിലയും അഭ്യസിച്ച് വാദ്യവാദന വൈചിത്ര്യത്തിലും അദ്ദേഹം അഭിരമിച്ചു. മികച്ച തായമ്പകക്കാരെയും കഥകളിക്കൊട്ടുകാരെത്തന്നെയും മുന്‍നിരയില്‍ നിര്‍ത്തി മേളപ്രമാണിയുടെ അധീശ്വത്വമാര്‍ന്ന അധൃഷ്യതയും സ്ഥാപിച്ചു. 'കേളി'യിലും 'മേളപ്പദ'ത്തിലും മട്ടന്നൂര്‍ അനിവാര്യനായി.

അള്ളാ രഖയുടെയും മകന്‍ സക്കീര്‍ ഹുസൈന്റെയും തബല, ഉമയാള്‍പുരം ശിവരാമന്റെയും കാരൈക്കുടി മണിയുടെയും മൃദംഗം, ശിവമണിയുടെ ഡ്രംസ്, കരുണാമൂര്‍ത്തിയുടെ തവില്‍ തുടങ്ങി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ ചെണ്ട അകേരളീയവാദ്യങ്ങളെ കൂസലെന്യേ അനുധാവനം ചെയ്തു. അവരെ പരാവര്‍ത്തനം ചെയ്തും വിവര്‍ത്തനം ചെയ്തും അദ്ദേഹം ചെണ്ടയുടെ സാധ്യതകള്‍ വിളംബരപ്പെടുത്തി. വിവിധ വന്‍കരകളില്‍ തായമ്പകയുടെ ചാരുത സൃഷ്ടിച്ചു.

മക്കള്‍ ശ്രീകാന്തിനെയും ശ്രീരാജിനെയും പഠിപ്പിച്ച് അവരെ ഇരട്ടത്തായമ്പക കൊട്ടിച്ച് വളര്‍ത്തി, ഉയര്‍ത്തി തന്റെ പ്രാമാണ്യത്തില്‍ മൂവര്‍ തായമ്പക പ്രചാരപ്പെടുത്തി. വെള്ളിനേഴിയില്‍ ജീവിച്ച് 'മട്ടന്നൂര്‍ ഘരാന' സൃഷ്ടിച്ച് ഈ നൂറ്റാണ്ടിലെ തായമ്പകയുടെ മുഖവും ശരീരവും പുതുക്കിപ്പണിതു. പുതിയ തായമ്പകക്കാര്‍ മട്ടന്നൂരിനെ അനുകരിക്കാന്‍ തുടങ്ങി. കൊട്ടിനിടയിലെ മൗനത്തിന്റെ സൗന്ദര്യം അനുകര്‍ത്താക്കള്‍ക്ക് അപ്രാപ്യമായി.

പ്രഗല്ഭരുടെ തായമ്പകയ്ക്കുശേഷം അതേ അരങ്ങില്‍ കേളികൊട്ടിയിരുന്ന കാലത്തില്‍നിന്നുള്ള സാര്‍ഥകമായ കലായാത്രയായിരുന്നു മട്ടന്നൂരിന്റേത്. 
'പദ്മശ്രീ' അടക്കം ഒട്ടേറെ ബഹുമതികള്‍, കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ പദവി തുടങ്ങി വാദ്യകലാകാരന്റെ ആദ്യസ്ഥാനലബ്ധികള്‍ക്കും മട്ടന്നൂര്‍ എന്ന ത്ര്യക്ഷരി അര്‍ഹനാവുന്നു.

അരനൂറ്റാണ്ടുതികയുന്ന വാദ്യജീവിതത്തിന്റെ കൊട്ടിക്കയറ്റത്തില്‍ കാലപ്രമാണം നഷ്ടപ്പെട്ട അവസ്ഥ മട്ടന്നൂരിനുണ്ടായിട്ടില്ല. തായമ്പകയുടെ ഘടനപോലെത്തന്നെയാണ് ആ ജീവിതവും. 'പതികാല'ത്തില്‍ പ്രകാശംപരത്തി 'കൂറി'ല്‍ തിളങ്ങി 'ഇരികിട'യില്‍ ഉജ്ജ്വലപ്രൗഢമായ കലാസപര്യ. തൃത്താല കേശവപ്പൊതുവാളില്‍ നിന്നുതുടങ്ങിയ തായമ്പകയുടെ ജനകീയതയെ പൂരിപ്പിച്ചത് മട്ടന്നൂരാണ്. പി. കുഞ്ഞിരാമന്‍ നായര്‍ക്കും കലാമണ്ഡലം കൃഷ്ണന്‍ നായര്‍ക്കുംശേഷം വടക്കേമലബാറില്‍ നിന്നെത്തി മധ്യകേരളം തട്ടകമാക്കി മട്ടന്നൂരും വിശ്രുതനായി. എഴുപതാം വയസ്സിലും കൈയും കോലും രമിച്ച മാധുര്യം പൊഴിക്കുന്ന ചെണ്ടയുമായി മലയാളികളുടെ പ്രിയവാദകന്‍ കേരളീയതയുടെ വാദ്യബിംബമായി നിറഞ്ഞും ഉയര്‍ന്നും പുലരുന്നു.

പി. ജയചന്ദ്രന്റെ പാട്ടുകളുടെ കേള്‍വിസുഖത്തിനു സമാനമാണ് ശങ്കരന്‍കുട്ടിയുടെ തായമ്പകവാദനാനുഭവം. സഹൃദയമനസ്സിനെ വിമലീകരിച്ച് ഗൃഹാതുരത്വമാര്‍ന്ന ആര്‍ദ്രതയാണ് ഇരുവരുടെയും കലയിലെ സാരസ്വതരഹസ്യം.