
കോനൻ ഡോയലിന് ഷെർലക് ഹോംസിനോട് പെരുന്തച്ചൻ കോംപ്ലക്സ് പോലെ എന്തോ ഒന്ന് ഉണ്ടായിരുന്നെന്ന് സംശയിക്കാൻ ന്യായമുണ്ട്. സ്രഷ്ടാവിന് സൃഷ്ടിയോട് അപൂർവം ചിലപ്പോഴൊക്കെ തോന്നുന്ന ഒരു കൊതിക്കെറുവ്! എഴുത്തുകാരനെക്കാൾ വളർന്ന ഏക കഥാപാത്രമൊന്നുമല്ല ഷെർലക് ഹോംസ്. പക്ഷെ തന്റെ വ്യക്തിത്വത്തിന് മേൽ നിഴൽ വീഴ്ത്തുംവിധം കഥാപാത്രത്തിന്റെ അത്ഭുതകരമായ വളർച്ച തന്റെ ജീവിതകാലത്ത് തന്നെ കാണാൻ കഴിഞ്ഞിട്ടുള്ള ഒരാളാണ് ഡോയൽ. ബ്രാം സ്റ്റോക്കർ മരിക്കുമ്പോൾ ഡ്രാക്കുള തന്റെ ലോകവിജയം ആരംഭിച്ചിരുന്നില്ല. ഷോൺ കോണറിയുടെ രൂപഭാവങ്ങളിൽ ജെയിംസ് ബോണ്ട് ആരാധകഹൃദയങ്ങളിൽ പന്തലിച്ചു തുടങ്ങുമ്പോഴേയ്ക്കും ഇയാൻ ഫ്ലെമിംഗ് അന്തരിച്ചിരുന്നു. എന്നാൽ 1887 അവതരിച്ച ഷെർലക് ഹോംസിന് ബഹുദൂരം പിന്നിൽ 1930 വരെ 43 വർഷം ഡോയൽ സഞ്ചരിച്ചു.
ഡോയലിന് ഹോംസിനോട് അസൂയയായിരുന്നുവെന്ന 'കുനുഷ്ട്', നമ്മൾ ആരോപിച്ചതാണ് എങ്കിലും ഡോയലിനെ സംബന്ധിച്ചിടത്തോളം ഒരു എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സാധ്യതകൾ വളരെയധികം ക്ലിപ്തപ്പെടുത്തുന്ന ഒന്നായിരുന്നു ഷെർലക് ഹോംസ് രചയിതാവ് എന്ന നിലയിൽ മാത്രമുള്ള പദവി. ഗൗരവമുള്ള സാഹിത്യശ്രമങ്ങളിൽ നിന്ന് ഹോംസ് കഥകൾ തന്നെ പിന്നോക്കം വലിക്കുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചു. താൻ രചിച്ച ചരിത്രനോവലുകൾക്ക് അദ്ദേഹം വളരെധികം പ്രാധാന്യം കൽപിച്ചിരുന്നു. അവയുടെ രചനാപരമായ ഗുണങ്ങളും പ്രത്യേകതകളും നിരൂപകരും പണ്ഡിതരും അംഗീകരിക്കുന്നുവെങ്കിലും എല്ലാക്കാലത്തും കോനൻ ഡോയൽ ഷെർലക് ഹോംസിന്റെ സ്രഷ്ടാവ് മാത്രമായി പൊതുജനം പരിഗണിച്ചു.
1893 ൽ ഡോയൽ തന്റെ സൃഷ്ടിയുടെ കഴുത്തിൽ വീതുളി വീഴ്ത്തിയെങ്കിലും ഹോംസ് വായനക്കാർ കഥകൾ പ്രസിദ്ധീകരിച്ചിരുന്ന സ്ട്രാൻഡ് മാഗസിൻ ബഹിഷ്കരിച്ചുകൊണ്ടാണ് അതിനോട് പ്രതികരിച്ചത്. തുടർന്ന്, നിങ്ങൾക്കറിയാവുന്നതുപോലെ തന്നെ ഹോംസിന്റെ മരണത്തിന് മുൻപുള്ള കേസ് എന്ന നിലയിൽ ബാസ്കർവിൽസിലെ വേട്ടനായ (1902) എന്ന നോവലിലൂടെ ഡോയലിന് ഹോംസിനെ പുനരവതരിപ്പിക്കേണ്ടി വന്നു. പിന്നീട് മലയാളത്തിൽ 'പരേതന്റെ തിരിച്ചു വരവ്' എന്ന് പേരിട്ട 'എംറ്റി ഹൗസ്' എന്ന കഥയിലൂടെ ഹോംസ് മരിച്ചിരുന്നില്ല എന്ന കുമ്പസാരവും ഡോയൽ നടത്തി. സംഗതി തന്റെ കൈയിലല്ല എന്ന് അപ്പോഴേക്കും ഡോയൽ മനസിലാക്കിയിരുന്നിരിക്കണം.
എങ്കിലും കോനൻ ഡോയൽ എന്ന ബഹുമുഖപ്രതിഭയെ അടുത്തറിയാൻ അദ്ദേഹത്തിന്റെ ഹോംസിതര രചനകളെ കൂടി വിലയിരുത്തേണ്ടതുണ്ട്. ഹോംസ് രചനകൾ കഴിഞ്ഞാൽ ഏറ്റവുമധികം വായിക്കപ്പെട്ടിട്ടുള്ള ഡോയൽ രചനകൾ പ്രൊഫസർ ചാലഞ്ചർ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് രചിക്കപ്പെട്ട ഫാന്റസി സ്വഭാവമുള്ള ശാസ്ത്രകൽപിതകഥകളാണ്. ഹോംസിൽ നിന്ന് തികച്ചും വ്യത്യസ്തനാണ് പ്രൊഫസർ ചാലഞ്ചർ. ഒരു കിറുക്കൻ ശാസ്ത്രജ്ഞനാണ് അദ്ദേഹം. മുൻകോപിയും മറ്റുള്ളവരെ വകവയ്ക്കാത്ത പ്രാകൃതവും. 1912 ൽ പ്രസിദ്ധീകരിച്ച Lost World എന്ന രചനയിലൂടെയാണ് ഈ കഥാപാത്രത്തെ ആദ്യമായി അവതരിപ്പിക്കുന്നത്. ദിനോസറുകൾ ഉൾപ്പടെയുള്ള ചരിത്രാതീതകാലത്തെ ജന്തുക്കൾ ഇപ്പോഴും വിഹരിക്കുന്ന തെക്കേ അമേരിക്കയിലെ ഒരു വിജനഭൂമിയിലേയ്ക്ക് നടത്തുന്ന പര്യവേഷണയാത്രയുടെ കഥ പറയുന്ന പുസ്തകം പിന്നീട് സ്റ്റീഫൻ സ്പീൽബർഗിനെ പ്രചോദിപ്പിച്ച മൈക്കൽ ക്രൈറ്റന്റെ അതേ പേരിലുള്ള രചനയ്ക്ക് ഇന്ധനമായി. ഭൂമി വിഷമയമായ ഒരു മേഘപടലത്തിലൂടെ കടന്ന് പോകുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന The Poison Belt (1913), ജീവിതദുരന്തങ്ങൾ നിമിത്തം പിൽക്കാലത്ത് ആത്മീയതയിലേയ്ക്കുള്ള ഡോയലിന്റെ നീക്കം അടയാളപ്പെടുത്തുന്ന ചാലഞ്ചർ രചനയാണ് The Land of M ist(1926). തുടർന്ന്, When the World Screamed (1928) The Disintegration Machine (1929) എന്നീ രണ്ട് ചെറുകഥകൾ കൂടി ഈ പരമ്പരയിൽ അദ്ദേഹം എഴുതി. ശാസ്ത്രകൽപനയുടെയും പര്യവേഷണസാഹിത്യത്തിന്റെയും ഗണത്തിൽ പെടുത്താവുന്ന The Maracot Deep (1929) എന്ന നോവൽ കൂടി അദ്ദേഹം രചിച്ചിട്ടുണ്ട്. ഡോയൽ തുറന്നിട്ട ഈ രചനാമേഖലയിൽ പിന്നീട് നിരവധി പിന്മുറക്കാരുണ്ടായി. എന്നാൽ അദ്ദേഹത്തിന്റെ വൈവിധ്യമുള്ള താൽപര്യങ്ങളിൽ ഒന്ന് മാത്രമായിരുന്നു ശാസ്ത്രസാഹിത്യം.
ഡോയലിന്റെ ചരിത്രരചനകളിൽ പ്രമുഖമാണ് 1891 ൽ പ്രസിദ്ധീകരിച്ച The White Company. ശതവർഷയുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ പറഞ്ഞ ഈ രചനയും അതിന്റെ തുടർച്ചയായ Sir Nigel Dw വളരെ വിശദമായ ചരിത്രഗവേഷണത്തിന്റെ ഫലമാണ്. അത് കൊണ്ട് തന്നെയാവണം അദ്ദേഹം ഇവയെ തന്റെ സുപ്രധാന നേട്ടമായി കരുതിയതും. നോവലുകൾക്ക് പുറമേ നിരവധി ചരിത്രഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. ബുവർ യുദ്ധത്തിന്റെ ചരിത്രമായ The Great Boer War (1900) ഒന്നാം ലോകയുദ്ധത്തിന്റെ ചരിത്രപശ്ചാത്തലത്തിൽ എഴുതിയ The German War: Some Sidelights and Reflections (1914), A Visit to Three Fronts (1916) The British Campaign in France and Flanders (1916-20) എന്നിവയും അദ്ദേഹത്തിന്റെ ഗദ്യരചനകളിൽ പ്രാധാന്യമുള്ളവയാണ്.

നിരവധി നോവലുകൾ എഴുതിയിട്ടുണ്ടെങ്കിലും അൽപം ദൈർഘ്യമുള്ള 'ചെറു' കഥകളിലാണ് കോനൻ ഡോയൽ തന്റെ ആഖ്യാനമികവ് തെളിയിച്ചിട്ടുള്ളത്. (നീണ്ടകഥ എന്ന് പറയാം). ഹോംസ് കഥകളിൽ തന്നെ നോവലുകളെക്കാൾ ആഖ്യാനപരമായി മികച്ചു നിൽക്കുന്നത് കഥകളാണ് എന്ന് നിരൂപകർ പറയും. അദ്ദേഹത്തിന്റെ ഹോംസിതരസാഹിത്യസംഭാവനകളിൽ ഏറ്റവും വലുത് റെർ-മിസ്റ്ററി വിഭാഗത്തിൽ അദ്ദേഹം എഴുതിയ കഥകളാണ് എന്നാണ് എന്റെ വ്യക്തിഗതമായ അഭിപ്രായം. Tales ofTerror and Mystery (1922) എന്ന പേരിലാണ് ഈ കഥകൾ ആദ്യമായി സമാഹരിക്കപ്പെട്ടത്. പിന്നീട് അത് വരെ സമാഹരിച്ചിട്ടില്ലാത്ത നിരവധി അവയിലേയ്ക്ക് ചേർക്കപ്പെട്ടിട്ടുണ്ട്. Tales of Unease എന്ന പേരിലും ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സമാഹാരവും പൂർണമല്ല. Oxford World Classics 2016 ൽ പ്രസിദ്ധീകരിച്ച Gothic Tales എന്ന സമാഹാരം അദ്ദേഹത്തിന്റെ ഹൊറർ -മിസ്റ്ററി കഥകളിൽ ഇപ്പോൾ ലഭ്യമായതിൽ ഏറെക്കുറെ പൂർണമാണ്.
ഡോയലിന്റെ കഥകളെല്ലാം തന്നെ കഥ പറയുന്ന കഥകളാണ്. വാക്കുകളിലും വാക്യഘടനകളിലും അഭിരമിക്കുകയും എന്നാൽ വായനക്കാരെ രസിപ്പിക്കുന്ന വിധത്തിലുള്ള ഒരു 'കഥ' പറയുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്ന നിരവധി കഥകളുണ്ട്. എന്നാൽ ഡോയലിൽ ഭാഷാപരവും ആഖ്യാനപരവുമായ മികവ് പുലർത്തുന്ന ഒരു കഥാകാരനെയാണ് കാണാൻ കഴിയുക. കഥ പറച്ചിലിന്റെ കല എന്തെന്ന് തികഞ്ഞ ബോധ്യമുള്ള ഡോയൽ ഭീതിയുടെയും ഉദ്വേഗത്തിന്റെയും ദുരൂഹതയുടെയും ഇരുണ്ടൊരു ലോകം വായനക്കാർക്ക് മുൻപിൽ തുറന്നിടുകയാണ് ഈ കഥകളിലൂടെ. അസാധാരണമായ വൈവിധ്യമാണ് അവയ്ക്ക്. ഇന്ന് സിനിമകളിലൂടെ ജനപ്രീതി നേടിയ ഈജിപ്ഷ്യൻ മമ്മിയെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഭീതികഥകൾക്ക് തുടക്കം കുറിച്ച കഥകളിൽ രണ്ടെണ്ണം രചിച്ചത് ഡോയലാണ്. 'ഥോത്തിന്റെ മോതിരം' ( The Ring of Thoth), ലോട്ട് 249 ( ഘീ േ249) എന്നീ കഥകളാണ് അവ. ബോറിസ് കാർലോഫ് എന്ന അതുല്യനടൻ വേഷമിട്ട 1932 ലെ മമ്മി എന്ന ചിത്രത്തിന് ഈ ഡോയൽ കഥകളുടെ ഘടകങ്ങൾ കാണാം. 'ഉയരങ്ങളുടെ ഭീതി' (The Horror of the Hieghts) എന്ന കഥ സയൻസ് ഫിക്ഷൻ ഹൊറർ വിഭാഗത്തിൽ പെടുന്നു. ആ കാലത്തെ വൈമാനികർക്ക് സാധ്യമാകുന്നതിനേക്കാൾ ഉയരത്തിലേയ്ക്ക് പറക്കുന്ന ഒരു പൈലറ്റ് ഉയരെ മേഘങ്ങൾക്കിടയിൽ ഭീകരമായ ചില അസ്ഥിത്വങ്ങളെ കണ്ടെത്തുന്നതാണ് ഈ കഥയുടെ പ്രമേയം. ഭൂമിയിൽ ഇനിയും മനുഷ്യൻ കണ്ടെത്തിയിട്ടില്ലാത്ത ചില ഭീകരാസ്ഥിത്വങ്ങൾ ഉണ്ട് എന്ന് പറയുന്ന മറ്റൊരു ശക്തമായ ആഖ്യാനമാണ് 'ബ്ലൂജോൺ ഗ്യാപ്പിലെ ഭീതി' (The Terror of the Blue John Gap). തന്റെ അറ്റ് പോയ കൈ തേടി വരുന്ന ഒരു പരേതാത്മാവിനെക്കുറിച്ചുള്ള സാമ്പ്രദായികപ്രേതകഥയാണ് 'തവിട്ടുനിറമുള്ള കൈ'(The Brown Hand). ഇങ്ങനെ വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള, മിന്നൽ വേഗത്തിൽ പുരോഗമിക്കുന്ന കഥകൾ. ഒരു സ്റ്റേഷനിൽ നിന്ന് പുറപ്പെടുകയും അടുത്ത സ്റ്റേഷനിൽ എത്താതെ അപ്രത്യക്ഷമാകുകയും ചെയ്ത തീവണ്ടിയെക്കുറിച്ച് ഉദ്വേഗഭരിതമായൊരു കഥ പറയുന്നുണ്ട് ഡോയൽ 'കാണാതായ സ്പെഷ്യൽ ട്രെയിൻ' (Lost Special) എന്ന കഥയിലൂടെ.
ബ്രിഗേഡിയർ ജെറാർഡ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് രചിച്ച ബ്രിഗേഡിയർ ജെറാർഡ് കഥകൾ ഡോയലിന്റെ നമുക്ക് അപരിചിതമായ മറ്റൊരു മുഖം പ്രകടിപ്പിക്കുന്ന രചനകളാണ്. കേന്ദ്രകഥാപാത്രമായ പട്ടാളക്കാരനെ ചുറ്റിപ്പറ്റി രചിക്കപ്പെട്ട ഹാസ്യകഥകളാണ് ഇവ. ഫ്രഞ്ച് സേനയിലെ ഒരു പട്ടാളക്കാരനാണ് ബ്രിഗേഡിയർ. തികഞ്ഞ പൊങ്ങച്ചക്കാരനാണ് അദ്ദേഹം. തന്നെക്കാൾ മികച്ചൊരു സൈനികനും പയറ്റുകാരനും കുതിരയോട്ടക്കാരനും കാമുകനും മറ്റെവിടെയുമില്ല എന്നാണ് അദ്ദേഹം കരുതുന്നത്. മലയാറ്റൂർ രാമകൃഷ്ണനെ അദ്ദേഹത്തിന്റെ സ്വന്തം ബ്രിഗേഡിയർ കഥകളിലേയ്ക്ക് പ്രചോദിപ്പിച്ചത് ഡോയലിന്റെ ബ്രിഗേഡിയർ കഥകളാണ് എന്ന് കലികയുടെ പിൻകുറിപ്പിൽ ശ്രീ മോഹനചന്ദ്രൻ അഭിപ്രായപ്പെടുന്നുണ്ട്. സാഹിത്യത്തിൽ ഇങ്ങനെ വൈവിധ്യമുള്ള രചനകൾ നടത്തിയ ഡോയൽ തലയിടാത്ത സാഹസികതകൾ ഇല്ല എന്ന് പറയാം. അദ്ദേഹത്തിന് തീരെ ശോഭിക്കാൻ കഴിയാതെ പോയ വൈദ്യശാസ്ത്രജീവിതത്തിനും നിത്യപ്രണയമായിരുന്ന സാഹിത്യസപര്യയ്ക്കുമിടയിൽ അദ്ദേഹം രണ്ട് തവണ പാർലമെന്റിലേയ്ക്ക് മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തു; ഇംഗ്ലണ്ടിന് വേണ്ടി ക്രിക്കറ്റ് കളിച്ചു; പോർട്സ്മൌത്ത് ഫുട്ബോൾ ക്ലബ്ബ് സംഘടിപ്പിച്ച മത്സരത്തിൽ ഗോളിയായി; നാൽപതാം വയസ്സിൽ ബുവർ യുദ്ധത്തിൽ പങ്കെടുത്തു; നിയമത്തിന്റെ പരിരക്ഷ ലഭിക്കാതിരുന്ന വ്യക്തികൾക്ക് വേണ്ടി ശബ്ദമുയർത്തുകയും അവർക്ക് വേണ്ടി സ്വകാര്യകുറ്റാന്വേഷണം നടത്തുകയും ചെയ്തു; ക്രോസ് കൺട്രി
സ്കീയിംഗ് പരിശീലനപരിപാടി തയ്യാറാക്കി; ഗോൾഫ്, ബില്യാർഡ്സ് എന്നീ ഗെയിമുകളിൽ കഴിവ് തെളിയിച്ചു.
മികച്ച ഒറ്റ രചന മാത്രം ശേഷിപ്പിക്കുന്ന കലാകാരന്മാർ ആ കൃതിയുടെ പേരിൽ ആവശ്യത്തിലേറെ ചർച്ച ചെയ്യപ്പെടാറുണ്ട്. എന്നാൽ അനേകം മികച്ച രചനകൾ ശേഷിപ്പിക്കുന്ന എഴുത്തുകാരുടെ ഓരോ രചനകൾക്കും വേണ്ടത്ര ശ്രദ്ധ ലഭിക്കാറില്ല. രണ്ടാമത്തെ വിഭാഗത്തിൽ പെട്ട ഒരാളാണ് കോനൻ ഡോയൽ. ഷെർലക് ഹോംസ് പോലെ ജനപ്രിയമായ ഒരു രചന അദ്ദേഹത്തിൽ നിന്നുണ്ടായിരുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ ഹൊറർ-മിസ്റ്ററിക്കഥകളും ശാസ്ത്രകൽപനകളും അതാത് സാഹിത്യമേഖലകളിലെ ക്ലാസിക്കുകളായി കൊണ്ടാടപ്പെടുമായിരുന്നു. നാമറിയുന്ന ഹോംസിന്റെ സ്രഷ്ടാവ് എന്ന അദ്ദേഹത്തിന്റെ പ്രശസ്തി കോനൻ ഡോയൽ എന്ന ഹിമപർവതത്തിന്റെ ജലോപരിതലത്തിന് മുകളിൽ കാണുന്ന ഭാഗം മാത്രമായിരുന്നു എന്ന് കാണാം. ഷെർലക് ഹോംസ് ആയിരുന്നു അദ്ദേഹത്തെ മൂടിയിരുന്ന ജലം!
Published: 07 Jul 2020, 01:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented