മലയാളികളെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ സൈനിക സേവനത്തിലെ തിളക്കമുള്ള പേരുകളാണ് ലഫ്. കേണല്‍ സുരേന്ദ്രന്‍, ലഫ്. കേണല്‍ ഡോ. സോണിയ ചെറിയാന്‍ എന്നിവരുടേത്. സൈനികസേവനകാലത്തെ ഓര്‍മകളും യുദ്ധങ്ങളും അതിജീവനവും അവര്‍ അക്ഷരങ്ങളായി രേഖപ്പെടുത്തി. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഇന്ത്യന്‍ റെയിന്‍ബോ, ജീവിതം എന്ന തീക്കടല്‍ എന്നീ രണ്ടുപുസ്തകങ്ങള്‍ മലയാളിയുടെ സൈനികജീവിതത്തെ പ്രതിനിധാനം ചെയ്തു. പാകിസ്താന്‍ വെടിയുണ്ടയേറ്റ് സിയാച്ചിനിലെ മഞ്ഞുമലയുടെ ഉച്ചിയില്‍ നിന്നും മരണത്തോടു പൊരുതി ജീവന്‍ തിരികെ പിടിച്ച ലഫ്. കേണല്‍ സുരേന്ദ്രന്‍ രണ്ടുമാസം മുമ്പ് ശ്വാസകോശാര്‍ബുദത്തോട് പൊരുതി വിടവാങ്ങി. എക്കാലവും ഊര്‍ജസ്വലനായി മാത്രം കണ്ട തന്റെ സീനിയര്‍ ഓഫീസറെ ഇന്ത്യന്‍ റെയിന്‍ബോ എന്ന പുസ്തകത്തില്‍ സോണിയ ചെറിയാന്‍ 'ശിഖകളില്‍ ശിഖരങ്ങള്‍ പടര്‍ത്തുന്നവര്‍' എന്ന അധ്യായത്തില്‍ പറയുന്നുണ്ട്. 

To advertise here,

അപ്രാപ്യവും അതിമനോഹരവുമായതുകൊണ്ടായിരിക്കണം ഏതുദേശത്തെ മിത്തുകളിലും കൊടുമുടികള്‍ നിഗൂഢതയുടെ കൂടാരങ്ങളായാണ് സങ്കല്‍പ്പിക്കപ്പെട്ടിരുന്നത്. ആഫ്രിക്കയിലെ ഏറ്റവുമുയര്‍ന്ന പര്‍വ്വതമായ കിളിമഞ്ചാരോയെ മസായി വര്‍ഗ്ഗക്കാര്‍ ദൈവത്തിന്റെ വീടെന്നു വിളിക്കും-'Ngaje Ngai'

'സ്‌നോസ് ഓഫ് കിളിമഞ്ചാരോ' എന്ന കഥയുടെ ആമുഖക്കുറിപ്പില്‍ ഏണസ്റ്റ് ഹെമിങ് വേ കിളിമഞ്ചാരോ കൊടുമുടിമേലെയുള്ള പുള്ളിപ്പുലിയുടെ ഉറഞ്ഞ ശരീരത്തെക്കുറിച്ച് പറയുന്നു. 'No one could explain what the leopard was seeking at that altitude.' ഇണതേടാനും ഇര തേടാനുമല്ലെങ്കില്‍ ആ പുള്ളിപ്പുലിയെന്തിനാണ് മഞ്ഞുകൊടുമുടി കയറിയത്?

4ഃ4 ജിപ്‌സി വീണ്ടും ഉയരങ്ങള്‍ കയറുകയാണ്. പിന്നിലത്തെ സീറ്റില്‍നിന്ന് തലനീട്ടി ഡ്രൈവറോട് കലപിലാ മിണ്ടിക്കൊണ്ടിരുന്ന നേഴ്‌സിങ് അസിസ്റ്റന്റ് മനീന്ദര്‍പോലും പെട്ടെന്ന് മിണ്ടാതായിരിക്കുന്നു. മുന്നിലും പിന്നിലും മലകള്‍, ഇടതും വലതും മുകളിലും താഴെയും മലകള്‍! അടരുകള്‍ അടരുകളായി, ഞൊറിഞൊറികളായി, മടക്കുമടക്കുകളായി കാറ്റും കോളും കയറിയ മഞ്ഞിന്‍ കടല്‍പോലെ മലകള്‍!

നിശ്ശബ്ദതയാണ് ഹിമാലയം. ഇപ്പോള്‍ വീണ തൂമഞ്ഞിന്റെ അടരുപോലെ നിഗൂഢവും ചേതോഹരവുമായ നിശ്ശബ്ദത അരൂപികളുടെ ശബ്ദത്തില്‍ നിങ്ങളോട് മിണ്ടാതെ മിണ്ടിക്കൊണ്ടിരിക്കും. നനുത്ത പശ്മീനഷാളുപോലെ മൗനവും ധ്യാനവും നിങ്ങളെ ഇറുകെപ്പുണര്‍ന്ന് പൊതിയും. അങ്ങുതാഴെ തവാങ് ചൂവിന്റെ നെഞ്ചില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുമേഘങ്ങളെല്ലാം കണ്ണുതിരുമ്മിയെഴുന്നേറ്റ് ഉയര്‍ന്നുവരുന്നതേയുള്ളൂ (ചൂ-പുഴ). അവരെക്കാള്‍ മുന്നേ മിലിറ്ററി കോണ്‍വോയ് പുറപ്പെട്ടുകഴിഞ്ഞു. കിഴക്ക്, കീഴേ മലകള്‍ക്കപ്പുറത്തുനിന്ന് പുലരിസൂര്യന്‍ പതുക്കപ്പതുക്കെ ഉയരുന്നുണ്ട്. ചുവന്ന കടലാസുവിളക്കുകള്‍ തെളിക്കുംപോലെ കിഴക്കെ മലകളോരോന്നായി ചുവന്നു ചുവന്നു വരുന്നുണ്ട്. ഡ്രൈവര്‍ നായിക് ചാറ്റര്‍ജി അനുവാദം വാങ്ങി വണ്ടി ഇടംകണ്ടിടത്ത് അരികിലേക്ക് ചേര്‍ത്തൊതുക്കി. എല്ലാവരും പുറത്തിറങ്ങിയപ്പോഴും തെല്ലും ധാരണയുണ്ടായിരുന്നില്ല, ഇനി കാണാന്‍ പോകുന്ന കാഴ്ച ഈ ജീവിതത്തില്‍ ഏറ്റവും സുന്ദരമായതാണെന്ന്.

അഭൗമമായ സൗന്ദര്യത്തോടെ അനുനിമിഷം ചുവപ്പ് കൂടിക്കൂടി പെട്ടെന്ന് ഒരു നിമിഷം വെള്ളമലകളെ ചെത്തിപ്പൂപോലെ ചുവപ്പിച്ച് സൂര്യന്‍. ഒട്ടും മേഘങ്ങളില്ലാത്ത ആകാശം പാലറ്റാക്കി, പ്രകൃതിയിലുള്ള നിറങ്ങളെല്ലാം ചാലിച്ച് ചിത്രമെഴുതുന്ന കുറുമ്പന്‍ കുട്ടിസൂര്യന്‍. നിറങ്ങളും നിറക്കൂട്ടുകളും കൊണ്ടൊരു അബ്‌സ്ട്രാക്ട്. ഇന്ദ്രിയങ്ങള്‍ക്ക് മനസ്സിലാവാത്ത ഡൈമന്‍ഷന്‍സ് ഉള്ള ഏതോ ലോകത്ത് എത്തിപ്പെട്ടതുപോലെ മനസ്സു തുള്ളിക്കുതിക്കുന്നു. മഞ്ഞിന്റെ അമ്പലത്തില്‍ ആ ജഗദ്‌ചൈതന്യത്തിന്റെ മുന്നില്‍ എന്നപോലെ കൈകൂപ്പി കണ്ണുനിറച്ചു നിന്നപ്പോള്‍ ക്യാമറയുടെ ഷട്ടര്‍ ഉയര്‍ത്താന്‍ മറന്നുപോയി. ഒരു നിമിഷംകൊണ്ട് മലകള്‍ പഴയ നിറമായി മാറി.

placeholder
ലഫ്. കേണല്‍ സുരേന്ദ്രന്‍ എം.കെ

ക്യാമറയ്ക്ക് പിടികിട്ടാത്തതുപോലെ വാക്കുകള്‍ക്കും പിടിത്തം തരാതെ ആ നിമിഷം. കണ്ടതിന്റെ ഒരംശംപോലും അക്ഷരങ്ങള്‍കൊണ്ട് പകര്‍ത്താനാവുന്നില്ല.
അരുണ-അചല-പ്രദേശ്: ഉദയസൂര്യന്‍ വിളക്ക് കൊളുത്തിവെക്കുന്ന ചുവന്ന മലകളുടെ നാട്. ഇന്ത്യയില്‍ ആദ്യം സൂര്യനുദിക്കുന്നത് ഇവിടെയാണ്. ചാറ്റര്‍ജി ഇപ്പോള്‍ വീണ പുതുമഞ്ഞിന്മേല്‍നിന്ന് എഴുന്നേറ്റ് സൂര്യനമസ്‌കാരം ചെയ്യുകയായിരുന്നു.

അല്ലയോ സൂര്യാ,
ഇങ്ങ് വിദൂര കിഴക്കന്‍ ദേശത്ത്
അവിടത്തെ അതിഥികളായിവന്ന ഞങ്ങള്‍ക്ക്
നിറയും നിറങ്ങള്‍ കൊണ്ടീ
സദ്യ നീ ഒരുക്കിയല്ലോ...
ഇതുപോലെന്തോ അര്‍ത്ഥം വരുന്ന ഗസലു പാടുകയാണ് മനീന്ദര്‍.

പതുക്കപ്പതുക്കെ ഞങ്ങള്‍ മലയിറങ്ങുകയാണ്; അതിനൊപ്പിച്ച് സൂര്യന്‍ ഉയര്‍ന്നുയര്‍ന്നുവരുന്നു. കുട്ടിസൂര്യനുമായൊരു സീസോ കളിപോലെ.
ഉയര്‍ന്ന മഞ്ഞുശിഖരങ്ങളില്‍നിന്ന് താഴേക്കിറങ്ങുമ്പോള്‍, തൂവെള്ളയ്ക്കിടയില്‍ പച്ചപ്പ് തെളിഞ്ഞുവരുന്നുണ്ട്. നൂറാനാങ് വാലി ആണിത്. പുരാതന ദേവതാരുക്കളുടെയും വെള്ളച്ചാട്ടങ്ങളുടെയും സ്വര്‍ഗ്ഗീയ താഴ്വര. കുഞ്ഞന്‍ ദേവതാരുച്ചില്ലകളില്‍ മാറിമാറിയിരുന്നുലച്ച് മഞ്ഞുന്തി താഴത്തിട്ട് മരങ്ങളുമായി അടിച്ചേച്ചോട്ടം കളിക്കുന്ന കുസൃതിക്കാരായ ചെറുകിളികള്‍. ഒരുപാട് കഥകളുറങ്ങുന്ന താഴ്വരയില്‍ കരിങ്കല്ലുകൊണ്ടുണ്ടാക്കിയ ചൈനീസ് ബങ്കറുകളുടെ അവശിഷ്ടങ്ങള്‍ അവിടവിടെ കാണാം.

ഇനി വീണ്ടും കുത്തനെ കയറ്റമാണ്. സമുദ്രനിരപ്പിന് 13,700 അടി ഉയരത്തിലുള്ള ഷേലാ പാസ് ആണ് മുന്നില്‍. വഴിയില്‍ നമ്മുടെ ഫീല്‍ഡ് ഹോസ്പിറ്റലിന്റെ ഒരു എം.എ.പി. ഉണ്ട് (മെഡിക്കല്‍ എയ്ഡ് പോസ്റ്റ്). ചായയും പക്കോഡയും ഒക്കെ തയ്യാറാക്കി ഹവില്‍ദാര്‍ അനീഷ് വഴിയരികില്‍ കൈവീശി കാത്തുനില്‍ക്കുന്നുണ്ട്. എം.എ.പിയുടെ ഇന്‍ചാര്‍ജ് ആണ്, മലയാളിയാണ്. ഈ ഏകാന്തമലകളില്‍ വല്ലപ്പോഴും വഴികടന്നുപോകുന്ന യൂണിറ്റുകാര്‍ ബന്ധുക്കളെക്കാള്‍ സ്വന്തമാണെന്നു തോന്നും ആര്‍ക്കും. നാട്ടുകാര്‍കൂടിയാണെങ്കില്‍ പിന്നെ പറയാനില്ല. ഒരൊറ്റ മുണ്ടുണ്ടെങ്കില്‍ ഒരുവര്‍ഷം മുഴുവന്‍ ഓടിക്കാവുന്ന സരളമായ കാലാവസ്ഥയുള്ള നാട്ടില്‍നിന്നു വന്ന രണ്ടുപേര്‍ അടുക്കടുക്കായി ഉടുപ്പുകളിട്ട്, മണ്ണെണ്ണ ഹീറ്ററിന് മുന്നിലിരുന്ന്, എന്നിട്ടും തണുപ്പില്‍ കിടുകിടുത്തുകൊണ്ട് ഉത്തരേന്ത്യന്‍ ഇഞ്ചിച്ചായയും കുടിച്ച് തങ്ങളുടെ മലബാര്‍ സാഹോദര്യം പങ്കിടുകയാണ്. ജനുവരിയില്‍ തിറയ്ക്ക് പോകാന്‍ ലീവ് പറഞ്ഞിട്ടുണ്ടെന്നും വരുമ്പോള്‍ എന്റെ കുഞ്ഞിന്റെ കുറുക്കിനായുള്ള മുത്താറി മറക്കാതെ കൊണ്ടുവരാമെന്നും പറയുന്നു അനീഷ്. തലശ്ശേരി ജയഭാരതി ബേക്കറിയിലെ നേന്ത്രപ്പഴഹലുവയുടെ രുചിയോര്‍ത്തെടുത്തുകൊണ്ട് ഞങ്ങള്‍ മണ്ണെണ്ണ മണക്കുന്ന ചൂടുപക്കോഡ ആസ്വദിച്ച് കഴിക്കുന്നു.

ഇനി വേഗം പുറപ്പെടണം. ഷേലാ പാസ് കയറുന്ന കോണ്‍വോയ് വെളുപ്പിന്റെ നടുക്ക് കറുത്ത വലിയൊരു തേരട്ടയെപ്പോലെ ദൂരെ മുകളില്‍ കാണാം. ഓടിപ്പിടിക്കണം. ഒപ്പമെത്തണം. ജിപ്‌സി മുകളിലേക്ക് ഇരമ്പിക്കയറുകയാണ്. ചക്രങ്ങള്‍ മഞ്ഞില്‍ തെന്നാതെ നോക്കേണ്ടതുണ്ട്. ബോര്‍ഡര്‍ റോഡുകാരുടെ വലിയ റോഡ്ക്ലീനര്‍ തലേന്നത്തെ കട്ടകെട്ടിയ ഐസെല്ലാം മാറ്റി കോണ്‍വോയ്ക്ക് വഴിതെളിച്ചിട്ടിട്ടുണ്ട്. പക്ഷേ, പുതുമഞ്ഞ് വീണുകൊണ്ടേയിരിക്കുകയാണ്. മരങ്ങളില്ല; പച്ചയില്ല. ഇനി വെളുപ്പുമാത്രം; ഏകതാനമായ വെള്ള. കണ്ണ് നോവിക്കുന്നത്ര തിളക്കമുള്ള വെണ്മ. വാനില ഐസ്‌ക്രീം ഉരുക്കിയൊഴിച്ചതുപോലെ അലകള്‍ തീര്‍ത്ത് ഇപ്പോള്‍വീണ തൂമഞ്ഞ് കൊതിപ്പിക്കുന്നു.

ബ്രേക്ക്ഫാസ്റ്റിനായി കോണ്‍വോയ് നിര്‍ത്തിയിട്ടിരിക്കുന്നു. മദ്രാസ് റെജിമെന്റിനാണ് അന്ന് കാന്റീന്റെ ചാര്‍ജ്. അടുക്കളയില്‍ക്കയറി ലാന്‍സ് നായിക് പളനിയോടൊന്നു കുശലം പറഞ്ഞു. ഇത്തവണ ദോശ കഴിക്കാത്തതില്‍ പളനിക്ക് സങ്കടം. നേരമില്ലല്ലോ ഇനി. കോണ്‍വോയ് പുറപ്പെടാനൊരുങ്ങുന്നു.
'ഇത്ര തണുപ്പില്‍ ദോശമാവ് എങ്ങനെ പുളിക്കും' എന്നു ചോദിച്ചപ്പോള്‍ പളനി കള്ളച്ചിരി ചിരിക്കുന്നു. 'കമ്പിളിയില്‍ പൊതിഞ്ഞ് മാവ് ഹീറ്ററിന്റെ അടുത്തൊക്കെ വെക്കും. ഇനി അത്ര പുളിച്ചില്ലെങ്കിലും ഇവര്‍ക്കൊന്നും ഒരു ചുക്കും തിരിയില്ലെന്നേ. അവര്‍കള്‍ക്ക് ഒന്നുമേ തെരിയാത്!' ഒരു തെക്കേ ഇന്ത്യന്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് കിച്ചന്‍ ടിപ്!

ഷേലാ പാസ്. 62-ലെ മഞ്ഞുകാലയുദ്ധത്തിന്റെ നിറയെ ചോരപുരണ്ട ഓര്‍മ്മകള്‍ ഈ ഉയരങ്ങളില്‍ വട്ടമിട്ട് കറങ്ങുന്നുണ്ട്. മരിച്ചിട്ടും വിരമിക്കാത്ത ഒരു പട്ടാളക്കാരനാണതിലെ നായകന്‍. തന്ത്രപ്രധാനമായ ഈ മൗണ്ടന്‍ പാസിനു കുറുകെയുള്ള ചീനപ്പടയുടെ കടന്നുകയറ്റം എഴുപത്തിരണ്ടുമണിക്കൂര്‍ ഒറ്റയ്ക്ക് തടഞ്ഞുവെച്ച ഇരുപത്തിയൊന്നു വയസ്സുകാരന്‍, ജസ്വന്ത് സിങ് റാവത്ത്. ഇന്ത്യന്‍ ആര്‍മി തങ്ങളുടെ കിഴക്കന്‍ അതിരുകളുടെ കാവല്‍മാലാഖയെന്ന് അദ്ദേഹത്തെ ബഹുമാനിക്കുന്നു. ജസ്വന്ത് സിങ്ങിന്റെ മുറിയും പെട്ടിയും ഒക്കെ അതേപോലെ സ്മാരകമായി സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോഴും സര്‍വീസിലുള്ളതായാണ് കണക്കാക്കാറ്. പ്രൊമോഷനും ലീവും ഒക്കെയുണ്ട്. ഈ വഴി പോകുന്ന മിലിറ്ററി കോണ്‍വോയ്കളെല്ലാം സ്മാരകത്തിനുമുന്നില്‍ നിര്‍ത്തും. പട്ടാളക്കാര്‍ ഇറങ്ങി വണങ്ങും.

തവാങ് കീഴടക്കി വിജയാരവങ്ങളോടെ കുതിച്ചുവന്ന ചീനപ്പടയ്ക്ക് ഷേലാ പാസും പിടിച്ചെടുത്ത് അസം സമതലങ്ങളിലേക്കിറങ്ങാനായിരുന്നു പദ്ധതി. പക്ഷേ, നവംബര്‍ 17ന് പതിനായരമടി ഉയരത്തില്‍ അവര്‍ നേരിട്ട ചെറുത്തുനില്‍പ്പ് പ്രതീക്ഷിക്കാത്തതായിരുന്നു. നാലാം ഗഡ്വാള്‍ റൈഫിള്‍സിനായിരുന്നു അന്ന് നൂറാനാങ് പോസ്റ്റിന്റെ ചുമതല. ആദ്യത്തെ മൂന്നാക്രമണങ്ങളും തടയുന്നതില്‍ അവര്‍ വിജയിച്ചു. പക്ഷേ, ഇന്ത്യന്‍ ബങ്കറിന്റെ തൊട്ടടുത്ത് ചൈനക്കാര്‍ സ്ഥാപിച്ച എം.എം.ജി. (മീഡിയം മെഷീന്‍ ഗണ്‍) വല്ലാതെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. വെടിയുണ്ടകള്‍ക്കിടയിലൂടെ ഇഴഞ്ഞുചെന്ന്, അത് കൈവശപ്പെടുത്തി സ്വന്തം ട്രഞ്ചിലെത്തിച്ചു ജസ്വന്തും കൂട്ടുകാരനും. പിന്നെ നടന്ന ശക്തമായ വെടിവെപ്പുകണ്ട് തങ്ങള്‍ ഒരു മുഴുവന്‍ ബറ്റാലിയനെയാണ് നേരിടുന്നതെന്നാണ് ചൈനക്കാര്‍ കരുതിയത്. അവര്‍ക്ക് നഷ്ടപ്പെട്ടത് 300 ജീവനുകളാണെങ്കില്‍ നമുക്ക് രണ്ടുമാത്രം. അവസാനം പോസ്റ്റില്‍ ഒറ്റയാള്‍ മാത്രം ബാക്കിയായപ്പോഴും 'പിന്മാറൂ' എന്ന കമാന്‍ഡ് ജസ്വന്ത് അനുസരിച്ചില്ല എന്നാണ് കേള്‍വി. വീണ് മരിക്കുംവരെ ഒറ്റയ്ക്കുനിന്ന് പൊരുതി. നൂറാനാങ് പ്രതിരോധം ഇന്ത്യ-ചൈന യുദ്ധത്തിന്റെ ഗതിമാറ്റി. സമാധാനചര്‍ച്ചകള്‍ക്കും അന്തര്‍ദേശീയ ഇടപെടലുകള്‍ക്കും നമുക്ക് കൂടുതല്‍ സമയം വാങ്ങിച്ചുതന്നു. 62ലെ യുദ്ധത്തിലെ ഒരേയൊരു ബാറ്റില്‍ ഹോണേഴ്‌സ് അവാര്‍ഡ് ആണ് 'ബാറ്റില്‍ ഓഫ് നൂറാനാങ്' നാലാം ഗഡ്വാള്‍ റൈഫിള്‍സിന് നേടിക്കൊടുത്തത്. ജസ്വന്ത് സിങ്ങിനെ ഭാരതം മഹാവീര്‍ ചക്ര (പോസ്തുമസ്) നല്‍കി ആദരിച്ചു.

ഈ മഞ്ഞുമലനാട്ടുകാര്‍ക്കും അതിരുകാക്കുന്ന പട്ടാളക്കാര്‍ക്കും അദ്ദേഹം ഇന്നൊരു ലെജന്റാണ്, 'ജസ്വന്ത് ബാബ'യാണ്. നാട്ടുകാര്‍ പറയുന്ന കഥകളില്‍ ഷേല, നൂറ എന്ന രണ്ടു മലനാട്ടു പെണ്‍കുട്ടികള്‍ കൂടെയുണ്ട്. പോസ്റ്റിലേക്ക് തലച്ചുമടായി സാധനങ്ങളെത്തിച്ചിരുന്ന ഈ പെണ്‍കുട്ടികള്‍ പോസ്റ്റുപേക്ഷിച്ച് പോകാതെ നിന്നവനെ ഒറ്റയ്ക്കാക്കാനാവാതെ ഒപ്പംനിന്നു പൊരുതിമരിച്ചു. അതിലൊരാള്‍ അവന്റെ പ്രിയപ്പെട്ടവളായിരുന്നുപോലും. സ്മാരകത്തില്‍ അദ്ദേഹത്തിന്റെ മുറിയില്‍ എന്നും രാവിലെ ബൂട്‌സും യൂണിഫോമും തയ്യാറാക്കി വെക്കും. വൃത്തിയായി വിരിച്ച കിടക്കയില്‍ അദ്ദേഹത്തിനായി വന്ന എഴുത്തുകള്‍ വെക്കും. ദോശാപോയിന്റിലെ പളനി പറയുന്നു, ചിലപ്പോഴൊക്കെ കിടക്കവിരി ചുളിഞ്ഞും ബൂട്‌സില്‍ ചെളിപിടിച്ചും കാണാറുണ്ടെന്ന്. 'ശരിക്കും കണ്ടിട്ടുണ്ടോ,' എന്ന് ഒന്നൂടെ ചോദിക്കുമ്പോള്‍ കണ്ടതല്ല കേട്ടതാണെന്ന് ചിരിക്കുന്നു. തണുപ്പിലും മഞ്ഞിലും കഥകള്‍ പകര്‍ച്ചപ്പനിപോലെ വേഗം പടരും! മിണ്ടുമ്പോള്‍പോലും കിതയ്ക്കുന്ന, ശ്വാസംകിട്ടാന്‍പോലും ആയാസമുള്ള ഈ ഹൈ ആള്‍ട്ടിറ്റിയൂഡില്‍ തോക്കുപിടിച്ചും നിലത്തിഴഞ്ഞും അദ്ദേഹം എങ്ങനെ യുദ്ധംചെയ്തുവെന്ന അതിശയത്തോടെ ആ കുഞ്ഞുമുറിയുടെ മുന്നില്‍നിന്ന് ഞങ്ങള്‍ ആ ധൈര്യത്തെ വണങ്ങി.

ഷേലാ പാസില്‍ ഇത് 13,700 അടി ഉയരം. ഹൈ ആള്‍ട്ടിറ്റിയൂഡ് രണ്ടാം ഫെയ്‌സ്. ഇന്ത്യയുടെ മഞ്ഞതിരുകളില്‍, ഇതിലും ഉയരങ്ങളില്‍ എത്രയോ പട്ടാളപോസ്റ്റുകളും പട്ടാളക്കാരുമുണ്ട്. സിയാച്ചിന്‍ ഗ്ലേഷിയറില്‍ അത് 22,000-24,000 അടിവരെ ഉയരത്തില്‍ പോകും. ലോകത്തിലെത്തന്നെ ഏറ്റവും വലുതും ഏറ്റവും നന്നായി പരിശീലിപ്പിക്കപ്പെട്ടതുമായ മൗണ്ടന്‍ ഫോഴ്‌സുകളില്‍ ഒന്നാണ് നമ്മുടേത്.

ഹൈ ആള്‍ട്ടിറ്റിയൂഡ്... ഉയരത്തിന്റെ ഉയരങ്ങള്‍... മഞ്ഞിന്റെ മഞ്ഞ്...

കൊടുമുടികള്‍ കയറിയിറങ്ങുന്നതുപോലെയല്ല കൊടുമുടികളില്‍ പാര്‍ക്കുന്നത്. വെളുപ്പു മാത്രം കണ്ട്, ചുറ്റിലും ഐസും മഞ്ഞും നിറഞ്ഞ്... ഫ്രീസറിനുള്ളില്‍പ്പെട്ടുപോയ ഒരു ഉറുമ്പിനെപ്പോലെ മരണത്തെ അതിജീവിക്കുക എന്നതു മാത്രമായി ചുരുങ്ങുന്നു ജീവിതത്തിന്റെ ലക്ഷ്യം. ഓക്‌സിജന്‍ തീരെ കുറവാണ്. നെട്ടോട്ടമോടിയാല്‍ മരിച്ചുവീഴും. വളരെ പതുക്കെ ചലിക്കണം. ഓരോ കാലടികളും സൂക്ഷിച്ചു വെക്കണം. ശാകുന്തളത്തിലെ പുല്ലുമൂടിയ കിണര്‍പോലെ മഞ്ഞിന്റെ കട്ടിയില്ലാപ്പാളികള്‍ മൂടിയ അടി കാണാത്ത കൊടുംഗര്‍ത്തങ്ങള്‍. നൂറും നൂറ്റമ്പതും മീറ്റര്‍ ആഴം. വീണാല്‍ തീര്‍ന്നു. ഓരോ അണുവണുവായി പതുക്കപ്പതുക്കെ മഞ്ഞായി മാറി ഉറഞ്ഞുമരിക്കുക എന്ന ഒറ്റ സാദ്ധ്യത മാത്രമാണ് പിന്നെ മുന്നിലുള്ളത്. ഗ്ലൗസില്ലാതെ ചൂണ്ടുവിരല്‍ എങ്ങാന്‍ ശീലം കാരണം ഓര്‍ക്കാതെ തോക്കിന്റെ മെറ്റല്‍ ട്രിഗറില്‍ തൊട്ടുപോയാലോ, പിന്നെ 'ഫ്രോസ്റ്റ് ബൈറ്റു' കാരണം വിരലടര്‍ന്നു വീണേക്കാം. വിരല്‍ത്തുമ്പുകള്‍ മാത്രമല്ല മഞ്ഞ് കടിച്ചെടുക്കുക; മൂക്കിന്റെ തുമ്പും ചെവിയുടെ അറ്റവും ഒക്കെ നഷ്ടപ്പെട്ടവരുണ്ട്. ആദ്യം വിളര്‍ത്ത്, ചുവന്ന്, നീലിച്ച് പിന്നെ ഗാംഗ്രീന്‍ (കോശങ്ങളുടെ മരണം) കാരണം കറുത്തു കരിവാളിച്ച് മഞ്ഞിന്റെ ദംശനം. സമയത്തിന് മുറിച്ചുമാറ്റിയില്ലെങ്കില്‍ ഗാംഗ്രീന്‍ മുകളിലേക്ക് പടര്‍ന്നുകയറുമെന്നതിനാല്‍ പലപ്പോഴും അംഗച്ഛേദനമാണ് പരിഹാരം (ആംപ്യൂട്ടേഷന്‍). ഉയരം കാരണം ശ്വാസകോശത്തിനുണ്ടാവുന്ന മരണകരമായ നീര്‍ക്കെട്ട് (HAPO-ഹൈ ആള്‍ട്ടിറ്റിയൂഡ് പള്‍മനറി എഡിമ), തലച്ചോറിനുണ്ടാവുന്ന നീര്‍ക്കെട്ട് (HACO- ഹൈ ആള്‍ട്ടിറ്റിയൂഡ് സെറിബ്രല്‍ എഡിമ) ഒക്കെയും ഇവിടെ സാധാരണം.

സൗഹാര്‍ദ്ദമില്ലാത്ത ഭൂപ്രകൃതി (Hostile terrain) എന്നൊന്നുമല്ല ശരിക്കും പറയേണ്ടത്; വൈരാഗ്യത്തോടെ തിരിഞ്ഞുകടിക്കുന്ന പ്രകൃതി എന്നു പറയേണ്ടിവരും. ഞങ്ങളുടെ പ്രശാന്തതയിലേക്ക് നിങ്ങള്‍ എന്തിന് നുഴഞ്ഞുകയറി എന്ന് കരുണയില്ലാതെ കലിപ്പുതീര്‍ക്കുന്ന പ്രകൃതി! മനുഷ്യന് ജീവിക്കാന്‍ യാതൊരവകാശവുമില്ലാത്ത മൈനസ് 50 ഡിഗ്രി തണുപ്പ്. ശല്യപ്പെടുത്തിയതിന്റെ രോഷത്തില്‍ ഗര്‍ത്തങ്ങളെ പിളര്‍ത്തി വിഴുങ്ങാനാഞ്ഞുനില്‍ക്കുന്ന മഹാപര്‍വ്വതങ്ങളുടെ രോഷം. ഉച്ചത്തില്‍ ചിരിച്ചാലോ കൈയടിച്ചാലോപോലും അടര്‍ന്നുവീഴുന്ന മഞ്ഞിന്‍പാളികളും പുറപ്പെട്ടിറങ്ങുന്ന അവലാഞ്ചസും (മഞ്ഞുമലയിടിച്ചില്‍). അതിശക്തിയില്‍ ചീറിയടിക്കുന്ന ഹിമക്കാറ്റ്. മെട്രോകളില്‍ എന്താവശ്യങ്ങളും വിരല്‍ചലനങ്ങളില്‍ വാതില്‍ക്കലെത്തുമ്പോള്‍, മനുഷ്യന്‍ നിലനില്‍പ്പിനായി മറ്റു മനുഷ്യജീവിതങ്ങളെ ആശ്രയിക്കുന്നുണ്ടോയെന്ന് നമുക്ക് ഒരുപക്ഷേ, ഒട്ടും മനസ്സിലാവില്ല. പക്ഷേ, ഒറ്റക്കയറില്‍ തൂങ്ങി ഏഴെട്ടുപേര്‍ മഞ്ഞുപര്‍വ്വതങ്ങള്‍ താണ്ടുമ്പോള്‍, വാപിളര്‍ത്തിനില്‍ക്കുന്ന മരണഗര്‍ത്തങ്ങള്‍ക്കരികില്‍, എട്ടുകാലിവലയില്‍പ്പെട്ട ഈയലുകളെന്നപോലെ, നൂലിന്റെ അറ്റത്ത് തൂക്കിയിട്ട ജീവനുകളിലൊന്നായി ആടിക്കളിക്കുമ്പോള്‍, മരണത്തിലേക്ക് വീഴുന്നയാളെ മറ്റുള്ളവരുടെ പേശീബലം താങ്ങുമ്പോള്‍ അത് ശരിക്കും മനസ്സിലാവും, ചരടിനറ്റത്തെ ഒരാള്‍ വീണാലും എല്ലാവരുമാണ് വീഴുക എന്നത്. അഥവാ ഒറ്റയാളും വീഴാതെ നോക്കണം, ജീവന്‍ മുന്നോട്ടുപോകണമെങ്കിലെന്ന്.

ഒരു പുല്‍നാമ്പുലയുമ്പോഴും ഒരു നക്ഷത്രമുലയുമെന്ന പാരസ്പര്യത്തിന്റെ പുരാതന നിയമത്തിന്റെ ഏറ്റവും ഋജുവായ പാഠം.
നമ്മളെ താങ്ങാനും ഊട്ടാനും കാക്കാനും രാപകല്‍ അദ്ധ്വാനിക്കുന്ന ജീവിതങ്ങള്‍ നമ്മുടെ കുടുംബക്കാര്‍ മാത്രമല്ലെന്നത്, അതില്‍ വെയിലില്‍ വയലില്‍ പണിയുന്ന നടുവളഞ്ഞ കര്‍ഷകനും നാലുമണിക്കെഴുന്നേറ്റ് അമ്മ കറക്കുന്ന പാലുംകൊണ്ട് അമുലിന്റെ വണ്ടിക്ക് കൊടുക്കാന്‍ ചന്തയിലേക്കോടുന്ന എല്ലും തോലുമായ ഗ്രാമീണബാലനും പ്രാണവായുവില്ലാത്ത കൊടുമുടിയുടെ ഉച്ചിയില്‍ ഊഴമിട്ട് ഉറങ്ങാതുറങ്ങുന്ന പട്ടാളക്കാരനും ഒക്കെയുണ്ടെന്ന്. അവരുടെയൊക്കെ വിയര്‍പ്പും ചോരയും യൗവനവും ബാല്യവും എണ്ണത്തിരിപോലെ നിന്ന് കത്തിത്തീരുന്നത് നമ്മള്‍ക്കുംകൂടി വേണ്ടിയാണെന്ന്.

ജീവനുവേണ്ടി കിണഞ്ഞ് പൊരുതുന്നതിനിടെ ശത്രുവിനോടുകൂടി പൊരുതേണ്ടിവന്നാലോ! ലോകത്തിലെ ഏറ്റവും ഉയരംകൂടിയ യുദ്ധക്കളം നമ്മുടേതാണ്; സിയാച്ചിന്‍ ഗ്ലേഷിയര്‍. ഏറ്റവും ചെലവേറിയതും ഇതുതന്നെ. ഇതുവരെ നമുക്കവിടെ നഷ്ടപ്പെട്ട ജീവനുകള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ നഷ്ടപ്പെട്ടവരുടെ ഇരട്ടിയോളംവരും.

ശത്രുവിന്റെ വെടികൊണ്ട് ഒഴുകിയ എന്റെ ചോരത്തുള്ളികള്‍ ഗ്ലേഷിയറില്‍ 18,000 അടി ഉയരത്തില്‍ ഐസില്‍ ഉറഞ്ഞ് ഇപ്പോഴുമുണ്ടാവും എന്ന് പറയുന്നത് കേണല്‍ സുരേന്ദ്രനാണ്. ബെംഗളൂരുവില്‍ MEG-യില്‍ (മദ്രാസ് എന്‍ജിനിയേഴ്‌സ്) വെച്ചാണ് സുരേന്ദ്രന്‍ സാറിനെ പരിചയപ്പെട്ടത്. ബെംഗളൂരുവില്‍ മിലിറ്ററി ഡെന്റല്‍ സെന്ററിന് പുതിയ കെട്ടിടം പണിയുന്ന സമയമായിരുന്നു അത്. അഡ്മിനിസ്‌ട്രേഷന്‍ ബറ്റാലിയനില്‍ ആയിരുന്നു സുരേന്ദ്രന്‍ സാര്‍. ബില്‍ഡിങ് പണിയുമായി ബന്ധപ്പെട്ട് ഒരുപാട് ആവശ്യങ്ങള്‍ക്കായി നിത്യേനയെന്നോണം ഞാന്‍ ശല്യം ചെയ്യുമായിരുന്നു. ഏത് ആവശ്യമായാലും ഒരിക്കലും 'പറ്റില്ല' എന്നുപറഞ്ഞിട്ടില്ല അദ്ദേഹം. എങ്ങനെയെങ്കിലും സഹായിക്കും. സ്വന്തം വകുപ്പില്‍പ്പെടാത്ത കാര്യങ്ങള്‍പോലും ഇറങ്ങിനടന്ന് ചെയ്തുതരും. 'നോ' എന്നൊരു വാക്ക് അദ്ദേഹത്തിന്റെ നിഘണ്ടുവില്‍ ഇല്ലേ എന്നുപോലും തോന്നും!

ജീവിതം പറഞ്ഞ എല്ലാ നോ, നോകള്‍ക്കും അദ്ദേഹം പുഞ്ചിരിയോടെ യെസ്, യെസ് എന്ന് മറുതലിച്ചു. മരണത്തോട് സൗമ്യമായി യുദ്ധം ചെയ്ത് ജയിച്ച ആള്‍ക്ക് സ്മരണികയായി മൂന്നു വിരലുകള്‍ മുറിച്ചുനീക്കിയ, ബലം തീരെ കുറഞ്ഞ് ശോഷിച്ച ഒരു വലതുകൈയുണ്ട്. 97 നവംബര്‍ പത്തിനായിരുന്നു അത്. സിയാച്ചിനിലെ സതേണ്‍ ഗ്ലേഷിയറിലെ പോസ്റ്റ്. 18,000 അടി ഉയരത്തില്‍ വെച്ചാണ് ശത്രുവിന്റെ സ്‌നൈപ്പര്‍ ഷോട്ട് അദ്ദേഹത്തിന്റെ മുകള്‍ നെഞ്ചില്‍ തറച്ചത്. ആഘാതം കാരണം ഓര്‍മ്മകെട്ടുവീണുവെങ്കിലും വേഗംതന്നെ ബോധം തിരിച്ചുവന്നു. ഓഫീസര്‍ വെടിയേറ്റുവീണതോടെ ഒരു നിമിഷത്തേക്ക് പകച്ചുപോയ സൈനികര്‍ക്ക് അദ്ദേഹം വീണ്ടും നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ തുടങ്ങി. രക്തം നില്‍ക്കാതെ വാര്‍ന്നുകൊണ്ടിരുന്നപ്പോള്‍, മൗണ്ടനീറിങ് ഉപകരണങ്ങള്‍ ഉപയോഗിച്ചുമാത്രം എത്താന്‍ പറ്റുന്ന കൊടുമുടി ഉച്ചിയില്‍നിന്നെങ്ങനെ താഴെയിറക്കും എന്നതൊരു സമസ്യയായപ്പോള്‍ 'എന്നെ സ്ലീപ്പിങ് ബാഗില്‍ പൊതിഞ്ഞ് കെട്ടിവലിക്കൂ' എന്ന ഓര്‍ഡര്‍ കൊടുത്തത് സാര്‍ തന്നെയാണ്. നിലത്തൂടെ- ഐസിലൂടെ കാലില്‍ കയറുകെട്ടി, വലിച്ച് രണ്ടായിരമടി താഴെയെത്തിക്കാന്‍ പത്ത് മണിക്കൂറെടുത്തു. മൈനസ് 40 ഡിഗ്രിയില്‍ ഓക്‌സിജന്‍ ഇല്ലാത്ത അവസ്ഥയില്‍ വളരെ പതിയെ മാത്രമേ നീങ്ങാനാവൂ. ഭാരം വലിക്കുമ്പോള്‍ വീണ്ടും പതുക്കെയാവും ചലനം. അതും ആറടി ഉയരവും ഒത്ത ശരീരവുമുള്ള ഒരു ചെറുപ്പക്കാരനെയാണ് കെട്ടിവലിക്കുന്നത്.

ഭാഗ്യത്തിന് വെതര്‍ പാക്ക് അല്ലായിരുന്നു. ഹെലികോപ്റ്റര്‍ വന്നു. രക്തം മുക്കാലും വാര്‍ന്നുപോയ ശരീരവുമായി ആശുപത്രിയിലെത്തിച്ചു. ജീവന്‍ രക്ഷപ്പെട്ടെങ്കിലും വെടിയുണ്ടയേറ്റുള്ള ബ്രാക്കിയല്‍ പ്ലക്‌സസ് ഇന്‍ജുറി (തോളിലുള്ള നാഡീവ്യൂഹത്തിനേറ്റ പരിക്ക്) കാരണം കൈ തളര്‍ന്നു. വിരലുകളില്‍ ഫ്രോസ്റ്റ് ബൈറ്റായി. നീരുവെച്ചു വീര്‍ത്തു. കറുത്ത് കല്‍ക്കരിപോലെ നിര്‍ജ്ജീവമായ മൂന്നു വിരലുകളെ ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ഹോസ്പിറ്റലില്‍വെച്ച് മുറിച്ചുകളയേണ്ടിവന്നു. കണ്ണൂരുകാരനാണ് സുരേന്ദ്രന്‍ സാര്‍. രണ്ടുവര്‍ഷം മുന്നേ റിട്ടയര്‍ ആയി നാട്ടിലേക്ക് തിരിച്ചുവന്ന അദ്ദേഹത്തിന് ഇപ്പോള്‍ മറ്റൊരു എതിരാളിയെ നേരിടേണ്ട സാഹചര്യമുണ്ടായിരിക്കുകയാണ്. ശ്വാസകോശ അര്‍ബ്ബുദമാണത്. സദാ പോരാളിയായ അദ്ദേഹം ഇതിനെയും തോല്‍പ്പിക്കും. അതിനുള്ള ഇച്ഛാശക്തിയുണ്ട് കേണല്‍ സുരേന്ദ്രന്‍ എന്ന പട്ടാളക്കാരന്.
തന്റെ ബ്ലോഗില്‍ അദ്ദേഹം പറയുന്നു: 'A soldier likes to fight against a strong enemy. And I decided to fight, not to surrender'

Bravo Sir.
Salute you...