പാട്‌ന: പശ്ചിമ ചമ്പാരൻ ജില്ലയിലുള്ള ബെത്തിയയിലെ ജൂവല്ലറി ഷോറൂമിൽ പട്ടാപ്പകൽ കോടികളുടെ മോഷണം. എട്ടംഗ മോഷണസംഘമാണ് ആയുധങ്ങളുമായി കവർച്ചയ്‌ക്കെത്തിയത്.30 മുതൽ 40 കോടി രൂപ വരെ മൂല്യമുള്ള സ്വർണ്ണാഭരണങ്ങൾ കവർന്നതായാണ് പ്രാഥമിക കണക്കുകൾ. ബെത്തിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മോഷണങ്ങളിൽ ഒന്നായാണ് പോലീസ് ഇതിനെ വിലയിരുത്തുന്നത്.

To advertise here,

മൂന്ന് മോട്ടോർ സൈക്കിളുകളിലായെത്തിയ എട്ടംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ. ജുവല്ലറിയിലേക്ക് ഇരച്ചുകയറിയ അക്രമികൾ തോക്കുകളും മറ്റ് മാരകായുധങ്ങളും കാട്ടി ജീവനക്കാരെയും ഉപഭോക്താക്കളെയും ഭീഷണിപ്പെടുത്തി തടങ്കലിലാക്കി. ആരും പ്രതിരോധിക്കാതിരിക്കാനും പോലീസിനെ വിവരമറിയിക്കാതിരിക്കാനുമായി കടയിലുണ്ടായിരുന്നവരുടെ കൈകൾ കൂട്ടിക്കെട്ടുകയും എല്ലാവരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് എല്ലാവരെയും ഒരു സ്ഥലത്തേക്ക് മാറ്റി ഷോറൂമിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ വാരിയെടുക്കുകയായിരുന്നു. കവർച്ച തടയാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരുടെ തലയ്ക്ക് അക്രമികളുടെ അടിയേറ്റ് പരിക്കേറ്റിട്ടുണ്ട്.

കടയിൽ നിന്ന് ഇറങ്ങുമ്പോൾ 'ഞങ്ങൾ തിരിച്ചുവരും; ഇതൊരു സിനിമയാണ്' എന്ന് അക്രമികൾ പറഞ്ഞതായി സംഭവസമയത്ത് കടയിലുണ്ടായിരുന്ന ഒരു സ്ത്രീ വെളിപ്പെടുത്തി. കവർച്ചയുടെ ദൃശ്യങ്ങൾ കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞയുടൻ ഡി.ഐ.ജി ഹരികിഷോർ റായ്, എസ്.പി കുമാർ ഗൗതം, ഡി.എസ്.പി അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണം പോയ വസ്തുക്കളുടെ കൃത്യമായ മൂല്യം കണക്കാക്കി വരികയാണെന്നും, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനും പിടികൂടാനുമുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.