ഭാര്യയുടെ വേര്‍പാടിന്റെ ഒന്നാംവര്‍ഷത്തില്‍കണ്ണുനീര്‍ത്തുള്ളികൊണ്ട് തര്‍പ്പണംചെയ്ത് എഴുതിയ കുറിപ്പാണിത്. ഭര്‍ത്താവ് ജീവിതത്തെ വിപ്ലവവും ബൗദ്ധികജാഗ്രതയും നിരന്തരസമരവുമാക്കിയ ഒരാള്‍; ഭാര്യ തീര്‍ത്തും സാധാരണമായ ചുറ്റുപാടില്‍നിന്ന് വന്ന പോരാളിയായ ഒരു വനിത. മലയാളിക്ക് ആദരമേറ്റിയിരുന്നു ഇവരുടെ ദാമ്പത്യം. ഏറ്റവും ലാളിത്യമാര്‍ന്നവളെങ്കിലും എത്രവലിയ പോരാളിയായിരുന്നു തന്റെ ഭാര്യയെന്ന് ഈ ഭര്‍ത്താവ് ഓര്‍മ്മകളിലേക്ക് തിരിച്ചുപോവുമ്പോഴൊക്കെ തിരിച്ചറിയുന്നു - ഒപ്പം ഒരു സ്ത്രീയുടെ പോരാട്ടജീവിതവും വെളിവാകുന്നു...

To advertise here,

2024 ഫെബ്രുവരി 29. അര്‍ധരാത്രി കഴിഞ്ഞിട്ടുണ്ടാകും. കൃത്യമായി പറഞ്ഞാല്‍ 12.10. ആ നിമിഷം മണി അവസാനശ്വാസമെടുക്കുന്നത് കണ്ടുനിന്ന എനിക്ക് പൊട്ടിക്കരയണമെന്ന് തോന്നി. പക്ഷേ, കഴിഞ്ഞില്ല. മനസ്സ് മരവിച്ച അവസ്ഥയിലായിരുന്നു. കുറച്ചുനാളുകളായി അതായിരുന്നു സ്ഥിതി. രണ്ടാമത്തെ മകന്‍ അരുണ്‍ 'എന്റെ അമ്മ പോയി' എന്ന് നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നത് അന്തരീക്ഷം കൂടുതല്‍ വിഷമമുള്ളതാക്കി. അരുണിന്റെ പങ്കാളിയും അനുവിന്റെ കുടുംബവും മണിയുടെ അനുജത്തി അംബുജവുമെല്ലാം കരച്ചില്‍ നിയന്ത്രിക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. ഏതാനുംമാസങ്ങളായി അനുവും അംബുജവും ചേര്‍ന്നാണ് ആഴ്ചതോറും മണിയെ മെഡിക്കല്‍കോളേജില്‍ കീമോതെറാപ്പിക്ക് കൊണ്ടുപോയിരുന്നത്. രോഗാവസ്ഥയുടെ ഗുരുതരസ്വഭാവം ഡോക്ടര്‍മാര്‍ അവരോടുപറഞ്ഞിരുന്നെങ്കിലും അത് അതേപടി ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല, കഴിയുമായിരുന്നില്ല. മടിച്ചുമടിച്ചാണെങ്കിലും അനു എന്നോടിക്കാര്യം പറഞ്ഞിരുന്നു. യാഥാര്‍ഥ്യം അംഗീകരിക്കാതിരുന്നിട്ടു കാര്യമില്ലെന്ന് അറിയാമായിരുന്നതുകൊണ്ട് അതുമായി പൊരുത്തപ്പെടാന്‍ എന്റെ മനസ്സ് ഒരുങ്ങിയിരുന്നു.

മണിക്കൂറുകള്‍ക്ക് മുന്‍പുതന്നെ അവസ്ഥ മോശമാണെന്നുകണ്ട് വേണ്ടപ്പെട്ടവരെ അറിയിക്കാന്‍ പാലിയേറ്റീവ് കെയറില്‍നിന്നുള്ളവര്‍ നിര്‍ദേശിച്ചതനുസരിച്ച് പലരെയും വിളിച്ചിരുന്നു. അതൊന്നും ശ്രദ്ധിക്കാന്‍കഴിയുന്ന അവസ്ഥയിലായിരുന്നില്ല ഞാനപ്പോള്‍. തൊട്ടടുത്ത ഹാളിലേക്ക് ഞാന്‍ മാറിയിരുന്നു. അയല്‍ക്കാരെത്തി മറ്റുനടപടികളിലേക്ക് നീങ്ങിയിരുന്നു. തലേന്ന് ഉച്ചയ്ക്കുണ്ടായ അനുഭവം എന്നെ വല്ലാതെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. കുറച്ചുനാളായി മണിയുടെ അടുത്ത് എപ്പോഴും ആരെങ്കിലും ഉണ്ടായിരിക്കണമെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തിയിരുന്നു. തലേന്ന് ഉച്ചയ്ക്ക് അരുണ്‍ വന്ന് എന്നോട് പറഞ്ഞു: അമ്മ അച്ഛനെ വിളിക്കുന്നു. മണി കിടക്കുകയായിരുന്നു. കട്ടിലില്‍ അടുത്തിരിക്കാന്‍ എന്നോട് പറഞ്ഞു. ഇരുന്നപ്പോള്‍ അയാളെ എണീപ്പിക്കാന്‍ ആവശ്യപ്പെട്ടു. എണീറ്റതോടെ എന്നെ കെട്ടിപ്പിടിച്ച് മിണ്ടാതെ കുറച്ചുനേരമിരുന്നു. അഞ്ചുമിനിറ്റിലധികം അങ്ങനെ ഇരുന്നിട്ടുണ്ടാകും. അപ്പോഴും അത്യാവശ്യത്തിന് അയാള്‍ സംസാരിക്കുമായിരുന്നു, ശരിക്കും വ്യക്തമാകുമായിരുന്നില്ലെങ്കിലും. പക്ഷേ, അപ്പോള്‍ അയാള്‍ മിണ്ടിയില്ല. കണ്ണുകള്‍ സംസാരിക്കുന്നുണ്ടായിരുന്നു. അയാള്‍ എന്നോട് യാത്രപറയുകയായിരുന്നു. അവസാനത്തെ യാത്രപറച്ചില്‍. എന്റെ കണ്ണുകള്‍ നിറഞ്ഞു. ഒരുകണക്കിനാണ് ഞാന്‍ പിടിച്ചുനിന്നത്. ആ യാത്രപറയുന്ന കണ്ണുകള്‍ എന്റെ മനസ്സില്‍ നിറഞ്ഞുനിന്നു. പിന്നീടൊരിക്കലും അത് മാഞ്ഞിട്ടുമില്ല.

അടുത്തുതന്നെയുള്ള ആശുപത്രിയില്‍ കൊണ്ടുപോയി ഡോക്ടര്‍ മരണം ഉറപ്പാക്കി ശരീരം തിരികെക്കൊണ്ടുവന്നപ്പോള്‍ ഞാനൊരു കാഴ്ചക്കാരന്‍മാത്രമായി മാറിയിരുന്നു. എന്റെ ആരോഗ്യസ്ഥിതി അത്രനല്ലതല്ലെന്ന് അറിയാവുന്ന ചിലര്‍ എന്നോട് പോയി കിടക്കാന്‍ പറയുന്നുണ്ടായിരുന്നു. അവസാനം ഞാനവര്‍ക്ക് വഴങ്ങുകയുംചെയ്തു.

കിടന്നെങ്കിലും ഉറക്കംവന്നില്ല. അവസ്ഥ മോശമാണെന്ന് മുന്‍കൂട്ടി അറിഞ്ഞ് ബെംഗളൂരുവില്‍നിന്ന് കാറില്‍ പുറപ്പെട്ടിരുന്ന മണിയുടെ അനുജത്തി അംബുജത്തിന്റെ മകള്‍ -പാറു എന്ന് ഞങ്ങള്‍ വിളിക്കുന്ന ഗ്രീഷ്മയും പങ്കാളി അഭിലാഷും നാലുമണിയോടുകൂടി എത്തി. ഗേറ്റിലെത്തിയപ്പോള്‍തന്നെ വല്യമ്മേ എന്ന് വിളിച്ച് ഉച്ചത്തില്‍ കരഞ്ഞുകൊണ്ടാണ് പാറു കടന്നുവന്നത്. സ്വന്തം അമ്മയോടും പപ്പയോടും ഉള്ളതിനെക്കാള്‍ അടുപ്പം പാറുവിന് ഞങ്ങളോട്, വല്യമ്മയോടും വല്യച്ഛനോടുമായിരുന്നു. ഏറെനേരം നീണ്ടുനിന്ന പാറുവിന്റെ കരച്ചില്‍ എല്ലാവരെയും കരയിപ്പിക്കുന്നതായിരുന്നു. ഞാന്‍ എണീറ്റുചെന്നപ്പോള്‍ എന്റരികത്തിരുന്നായി അവളുടെ കരച്ചില്‍. മണിയുടെ മറ്റൊരു അനുജത്തി രജനിയും അപ്പാഴേക്കും മാവേലിക്കരയില്‍നിന്ന് എത്തിയിരുന്നു. പാറുവിനോടൊപ്പം ചേരുന്നതായിരുന്നു അവരുടെ കരച്ചിലും. ഞാന്‍ പതുക്കെ സിറ്റൗട്ടില്‍ ഒരു കസേരയില്‍ ഇരിപ്പുറപ്പിച്ചു. ഉച്ചയ്ക്കുശേഷം രണ്ടരയോടെ ശരീരം ശ്മശാനത്തിലേക്ക് എടുക്കുന്നതുവരെ ഞാനാ ഇരിപ്പിരുന്നു. പത്രങ്ങള്‍ക്ക് വാര്‍ത്തകിട്ടാന്‍ വൈകിയതുകൊണ്ട് രാവിലെ പത്രങ്ങളില്‍ ചരമക്കോളം വാര്‍ത്തമാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് ആളുകള്‍ അധികം അറിയാനിടയില്ലെന്നാണ് കരുതിയത്. പക്ഷേ, ഏഴുമണി ആയപ്പോഴേക്കും ആളുകള്‍ വന്‍തോതില്‍ എത്തിത്തുടങ്ങി. അന്വേഷിച്ചപ്പോള്‍ ഫെയ്സ്ബുക്ക് വഴി വാര്‍ത്ത പരക്കുകയാണുണ്ടായതെന്ന് മനസ്സിലായി. പന്ത്രണ്ടുമണി ആയപ്പോഴേക്കും ഞങ്ങളുടെ വീടിന്റെ പരിസരം നിറയെ വലിയ ആള്‍ക്കൂട്ടമായി. വാഹനങ്ങളിടാന്‍ വേണ്ടത്ര സൗകര്യമില്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കി.

ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിനു മുന്‍പായി അവസാനമായി കാണുന്നതിനായി എന്നെ വിളിച്ചപ്പോള്‍ ഒരു യന്ത്രംകണക്കെ ഞാനവിടെ ചെന്നുനിന്നെങ്കിലും അധികനേരം ആ മുഖത്തേക്കുനോക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഇനിയൊരിക്കലും അയാളെ കാണാന്‍കഴിയില്ലല്ലോ എന്ന ചിന്ത എന്നെ വല്ലാതെ തകര്‍ത്തിരുന്നു. ചടങ്ങുകളൊന്നുമില്ലാതെയാണ് ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. ഞാന്‍ കൂടെപ്പോവുകയുണ്ടായില്ല. അനു മുന്‍കൈയെടുത്താണ് ഏര്‍പ്പാടുകളെല്ലാം ചെയ്തിരുന്നത്.

ഞങ്ങളുടെ വിവാഹജീവിതം ആരംഭിക്കുന്നതിന് പത്തുവര്‍ഷം മുന്‍പെങ്കിലും മണി സമരരംഗത്തുണ്ടായിരുന്നു. ഞാന്‍ പിന്നീട് നിരാഹാരം നടത്തി അവസാനിപ്പിച്ച ലാലൂര്‍ മാലിന്യപ്രശ്‌നത്തില്‍ ഇടപെട്ടുകൊണ്ട് മനുഷ്യാവകാശസംഘടനകളുടെയുംമറ്റും മുന്‍കൈയില്‍ പലസമരങ്ങളും നടക്കുന്നുണ്ടായിരുന്നു. 1970-കളില്‍ത്തന്നെ ഇത്തരം സമരങ്ങള്‍ ആരംഭിച്ചിരുന്നു. ലാലൂരിലേക്ക് മാലിന്യവുമായി പോകുന്ന ലോറികള്‍ തടയുന്നത് പ്രധാന സമരരൂപമായിരുന്നു. തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ടയില്‍ ഇത്തരം ലോറിതടയല്‍ നടക്കാറുണ്ട്. ഈ ലോറിതടയലില്‍ മണി പലതവണ പങ്കെടുത്തതായി എന്നോടുപറഞ്ഞിട്ടുണ്ട്.

മണിയുടെ അച്ഛന്‍ കുന്നമ്പുള്ളി ശങ്കരന്‍ ഒരു കര്‍ഷകത്തൊഴിലാളിയായിരുന്നു. തൊഴിലാളിമാത്രമല്ല ഒരു കമ്യൂണിസ്റ്റുകാരനും തൊഴിലാളിസമരങ്ങള്‍ക്ക് നേതൃത്വംകൊടുക്കുന്നയാളുമായിരുന്നു. മിച്ചഭൂമിസമരത്തിന്റെ കാലത്ത് കുടികിടപ്പുകാര്‍ക്ക് ഭൂമി പിടിച്ചുകൊടുക്കുന്നതിലുംമറ്റും സജീവമായി ഇടപെട്ടതിന്റെ കഥകള്‍ കേട്ടിട്ടുണ്ട്. സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കുമൊക്കെ മണി ഉള്‍പ്പെടെയുള്ള പെണ്‍മക്കളെ അയക്കാനും ആള്‍ക്ക് മടിയുണ്ടായിരുന്നില്ല. കര്‍ശനമായ അച്ചടക്കനിര്‍ദേശങ്ങള്‍ നല്‍കുകയും അത് പാലിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു.

അന്തിക്കാടിന്റെ പടിഞ്ഞാറുഭാഗം കൊടുങ്ങല്ലൂര്‍ കായലിന്റെ തീരമാണ്. ചകിരിവ്യവസായത്തിന്റെ വലിയൊരുമേഖലയാണത്. അനവധി സഹകരണസംഘങ്ങള്‍ തൊണ്ട് ചീച്ച് ചകിരിയാക്കുന്നപണിയില്‍ ഏര്‍പ്പെട്ടിരുന്നു. കരിക്കൊടി സഹകരണസംഘം എന്നൊരു സംഘത്തിലാണ് മണി തൊണ്ടുതല്ലിയിരുന്നത്. 15-ാം വയസ്സില്‍ മണി പണിതുടങ്ങിയതാണ്. ഇത്തരം തൊണ്ടുതല്ലുകേന്ദ്രങ്ങളില്‍ സ്ത്രീകള്‍മാത്രമാണ് അധികവും പണിക്കുണ്ടാവുക. ആ പ്രദേശങ്ങളിലെ അല്പം ചട്ടമ്പിസ്വഭാവമുള്ള ആണുങ്ങള്‍ ചിലര്‍ വന്ന് കമന്റടിക്കുക പതിവാണ്. പക്ഷേ, മണി പണിസ്ഥലത്തുണ്ടെന്നറിഞ്ഞാല്‍ അത്തരക്കാരാരും വരില്ല. കൊട്ടുവടിയുമായി മണി എണീറ്റാല്‍ പിന്നെ ഒരു ചട്ടമ്പിയും അവിടെ നില്‍ക്കില്ല. ഇത്തരം കഥകള്‍ കേട്ടപ്പോള്‍ ഞാനൊരിക്കല്‍ മണിയോട് ചോദിക്കുകയുണ്ടായി: ''താനൊരു ചട്ടമ്പി ആയിരുന്നു അല്ലേ'' എന്ന്. ഉടനെ മറുപടി വന്നു: ''ആയിരുന്നു, ഇപ്പോഴും ആണ്.''

തൊണ്ടുതല്ല് കഠിനാധ്വാനമുള്ള ജോലിയാണ്. ആ പണി ചെയ്തിരുന്നപ്പോള്‍ത്തന്നെ മണി കൃഷിപ്പണിക്കും പോകാറുണ്ട്. വിശാലമായ നെല്‍വയലുകളുള്ള മേഖലയാണ് അവരുടേത്. ഞാറുനടീല്‍മുതല്‍ കൊയ്ത്തും മെതിയുംവരെ എല്ലാ പണിക്കും മണി പോവാറുണ്ട്. അക്കാലത്ത് വൈക്കോല്‍ നശിപ്പിക്കാതിരിക്കാന്‍വേണ്ടി മുഴുവന്‍ നെല്‍ച്ചെടിയും അടിയില്‍നിന്ന് കൊയ്‌തെടുക്കുകയാണ് ചെയ്യുക. കൊയ്ത നെല്‍ക്കറ്റകള്‍ വലിയ കെട്ടുകളാക്കി ചെറിയ വരമ്പുകളിലൂടെ ചുമന്ന് കളങ്ങളിലോ ഭൂവുടമസ്ഥരുടെ വീടുകളിലോ എത്തിക്കണം. ഏറെ ബുദ്ധിമുട്ടുള്ള പണിയാണത്. പക്ഷേ, കൊയ്ത്തിനെയൊന്നും ബുദ്ധിമുട്ടുള്ള പണിയായി മണി കണ്ടിട്ടില്ല. ഇഷ്ടപ്പെടുന്ന പണിയായിട്ടാണ് മണി അതിനെയെല്ലാം കണ്ടിരുന്നത്.

വിവാഹശേഷം ഞങ്ങള്‍ അന്തിക്കാട് താമസിച്ചിരുന്ന എട്ടുപത്തുവര്‍ഷവും മണി കൃഷിപ്പണിക്കു പോയിരുന്നു. വര്‍ഷത്തില്‍ രണ്ടുതവണ കൊയ്ത്തിന് പോയി കിട്ടുന്ന നെല്ലുകൊണ്ട് ഞങ്ങളുടെ ചെറുകുടുംബത്തിന് ആവശ്യമായ അരി ഉണ്ടാകുമായിരുന്നു. ഞങ്ങള്‍ അന്തിക്കാട് താമസിച്ചിരുന്ന കാലത്തുതന്നെ സ്ത്രീവിമോചനസംഘടന എന്നനിലയ്ക്ക് 'മാനുഷി'യുടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സാറാ ജോസഫും മറ്റും മാനുഷിയുടെ പ്രവര്‍ത്തനം കോളേജ് വിദ്യാര്‍ഥിനികള്‍ക്കിടയിലും സാംസ്‌കാരികരംഗത്തുമൊക്കെ നടത്തിക്കൊണ്ടിരുന്നപ്പോള്‍ മണിയും കൂട്ടരും സാധാരണക്കാര്‍ക്കിടയിലെ കുടുംബപ്രശ്‌നങ്ങളിലാണ് ഇടപെട്ടിരുന്നത്.

ഒരിക്കല്‍ ചേലക്കരയിലെ കൊണ്ടാഴി എന്ന ഗ്രാമത്തിലെ ഒരു യുവതി അതിര്‍ത്തി-വഴി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ആക്രമിക്കപ്പെടുകയും ആ ഗ്രാമത്തില്‍നിന്ന് പുറത്താക്കപ്പെടുകയുമുണ്ടായി. ആ യുവതി വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയപ്പോള്‍ മാനുഷി എന്ന സ്ത്രീസംഘടനയെ സമീപിച്ചാല്‍മതിയെന്നും പറഞ്ഞുകൊണ്ട് മുളങ്കുന്നത്തുകാവില്‍ താമസിച്ചിരുന്ന സാറാ ജോസഫിന്റെ അടുത്തേക്ക് അയക്കുകയാണ് പോലീസുകാര്‍ ചെയ്തത്. സാറ ടീച്ചര്‍ ആ യുവതിയെ ഞങ്ങളുടെവീട്ടില്‍ എത്തിച്ചു. ഞങ്ങള്‍ അന്ന് താമസിച്ചിരുന്നത് അടച്ചുറപ്പൊന്നുമില്ലാത്ത രണ്ടുമുറികളും ഹാളുമുള്ള പണിതീരാത്ത ഒരു ചെറിയവീട്ടിലായിരുന്നു. ഏതാണ്ട് ഒന്നരവര്‍ഷത്തോളം ആ യുവതി ഞങ്ങളോടൊപ്പമാണ് താമസിച്ചത്. 
ആ യുവതിയെയുംകൂട്ടി മാനുഷി പ്രവര്‍ത്തകര്‍ പലതവണ കൊണ്ടാഴിയില്‍ പോയി അവിടത്തെ പ്രശ്‌നക്കാരുമായി സംസാരിക്കുകയും അവസാനം ബാലാമണിയുടെ പ്രായമായ അമ്മയോടൊപ്പം അവരുടെ വീട്ടില്‍ താമസിപ്പിക്കുകയും ചെയ്തു. കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വേറെയും ഒന്നുരണ്ടു സ്ത്രീകളെ മണി കൂടെത്താമസിപ്പിച്ചിട്ടുണ്ട്.

ഞങ്ങള്‍ അന്തിക്കാട്ട് താമസിച്ചിരുന്ന കാലത്തുതന്നെ പല സാമൂഹികപ്രശ്‌നങ്ങളിലും മണി ഇടപെടാന്‍ തുടങ്ങിയിരുന്നു. അതില്‍ വളരെ പ്രധാനപ്പെട്ട 
ഒരു സംഭവത്തെക്കുറിച്ച് പറയാം. അന്തിക്കാട് മേഖലയില്‍ നടന്ന വലിയൊരു തെങ്ങുകയറ്റത്തൊഴിലാളിസമരമായിരുന്നു സന്ദര്‍ഭം. കൂലികൂടുതലും മറ്റുചില അവകാശങ്ങളും ഉന്നയിച്ചുകൊണ്ടായിരുന്നു സമരം. തെങ്ങ് കര്‍ഷകര്‍ അതിന് അനുകൂലമായിരുന്നില്ല. തൊഴിലാളികളോട് സംസാരിക്കാന്‍പോലും തയ്യാറായില്ല. ഒരു തൊഴിലാളി തന്നെ ആയിരിക്കും 40-ഉം 50-ഉം കര്‍ഷകരുടെ തെങ്ങുകയറുന്നത്. തൊഴിലാളികള്‍ അധികമുണ്ടാകില്ലെന്നര്‍ഥം. അന്തിക്കാടും പരിസരപ്രദേശങ്ങളും ഉള്‍പ്പെടെ വലിയൊരു മേഖലയിലെ നൂറോളം തെങ്ങുകയറ്റത്തൊഴിലാളികളാണ് സംഘടിച്ച് സമരംചെയ്തത്. അക്കാലത്തെ നക്‌സലൈറ്റ് പ്രസ്ഥാനത്തിലെ അന്തിക്കാട് മേഖലയിലെ പ്രധാന പ്രവര്‍ത്തകനായിരുന്ന കെ.എസ്. സദാശിവന്‍ സമരത്തിന് പിന്തുണയുമായി പിന്നിലുണ്ടായിരുന്നത് തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം നല്‍കിയ ഘടകമായിരുന്നു.

കര്‍ഷകര്‍ വേറെ തൊഴിലാളികളെ കൊണ്ടുവന്ന് തെങ്ങുകയറ്റിക്കാന്‍ ശ്രമംതുടങ്ങി. ഇങ്ങനെവരുന്ന കരിങ്കാലികളെ തടയാന്‍ പതിവുതൊഴിലാളികളുടെ പങ്കാളികളും കുട്ടികളുമടക്കമുള്ള കുടുംബാംഗങ്ങള്‍ തെങ്ങിന്‍ചുവട്ടില്‍ ചെന്നിരുന്ന് പ്രതിരോധിക്കാന്‍ തുടങ്ങി. ഗുണ്ടകള്‍ എന്ന് പറയാവുന്നവരെ കൊണ്ടുവന്ന് പ്രതിരോധിക്കുന്നവരെ തല്ലിയോടിക്കാനാണ് കര്‍ഷകര്‍ ശ്രമിച്ചത്. പല സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മര്‍ദനമേല്‍ക്കുകയും ചെയ്തു. ഇതിങ്ങനെ കണ്ടുനില്‍ക്കാനാവില്ലെന്നുകരുതി തനതായരീതിയില്‍ ഇടപെടാന്‍ മണിയും കൂട്ടരും തീരുമാനിച്ചു. ഈ തെങ്ങുകര്‍ഷകരില്‍ പ്രമാണിമാരായിട്ടുള്ള ഏതാനുംപേരെ നാട്ടുകാരുടെ മുന്നില്‍വെച്ച് തടഞ്ഞുനിര്‍ത്തി പെണ്ണുങ്ങള്‍ അവരുടെ ചെകിട്ടത്തടിക്കുക എന്നതാണ് അവര്‍ തീരുമാനിച്ചത്. അപ്പോള്‍ത്തന്നെ പ്രത്യേകിച്ചും സ്ത്രീശരീരഭാഗങ്ങളിലേക്ക് പ്രത്യാക്രമണം അവര്‍ പ്രതീക്ഷിച്ചിരുന്നു. അതിനെ നേരിടാനും അവര്‍ മാനസികമായും ശാരീരികമായും തയ്യാറെടുത്തിരുന്നു. പ്രമാണികള്‍ എന്ന് പറയാവുന്നവരായിരുന്നില്ല അവിടത്തെ കര്‍ഷകരൊന്നും. 200-ഉം 300-ഉം തെങ്ങുകള്‍ ഉള്ളവര്‍. ചിലരൊക്കെ അല്പം പ്രമാണിത്തം കാട്ടുന്നവരുമായിരുന്നു. ഇങ്ങനെയുള്ള രണ്ടുമൂന്നുപേരെ ലക്ഷ്യംവെച്ച് മണിയുള്‍പ്പെടെ മൂന്നുനാലുപേര്‍ അന്തിക്കാടും പരിസരങ്ങളിലും റോഡിലും ബസിലുമൊക്കെയായി മൂന്നുനാലുദിവസം അന്വേഷിച്ചുനടന്നു. പക്ഷേ, കണ്ടുകിട്ടിയില്ല. പിന്നീടത് തുടരാനുമായില്ല. അന്നത് സംഭവിച്ചിരുന്നുവെങ്കില്‍ വലിയൊരു വാര്‍ത്തയും സംഭവവുമായി അത് മാറുമായിരുന്നു.

മറ്റൊരു സംഭവവും എടുത്തുപറയാവുന്നതായിട്ടുണ്ട്. മണലൂര്‍ ഭാഗത്തുള്ള ഒരു അമ്മയും മകളും മാനുഷിക്കാരുടെ അടുത്ത് ഒരു പരാതിയുമായി എത്തി. മകളുടെ അച്ഛന്‍ ഒരു തെങ്ങുകയറ്റത്തൊഴിലാളിയാണ്. അയാള്‍ എന്നും പണികഴിഞ്ഞുവന്നാല്‍ അമ്മയെയും മകളെയും ക്രൂരമായി മര്‍ദിക്കും. അയാള്‍ക്കതൊരു ഹരമായിരുന്നു. ഇതൊന്ന് അവസാനിപ്പിച്ചുകിട്ടണം എന്നതായിരുന്നു അവരുടെ ആവശ്യം. ഇതറിഞ്ഞപ്പോള്‍ മണി രണ്ടുമൂന്നു സ്ത്രീകളെയുംകൂട്ടി അവരുടെ വീട്ടിലെത്തി. തെങ്ങുകയറ്റം കഴിഞ്ഞ് അയാള്‍ ഉച്ചയോടുകൂടി തിരിച്ചെത്തുമെന്ന് അറിഞ്ഞപ്പോള്‍ അവര്‍ കാത്തിരിക്കാന്‍ തീരുമാനിച്ചു. അയാള്‍ വീടിനുമുന്നില്‍ എത്തിയപ്പോള്‍ മണിയും കൂട്ടുകാരും മുറ്റത്തേക്കിറങ്ങി അയാളുടെ മുന്നില്‍നിന്നു. കൊടുവാളും തോളില്‍ തൂക്കിയിട്ട് നില്‍ക്കുന്ന കൊമ്പന്‍മീശയുള്ള ഒരു ആജാനുബാഹു. അമ്മയും മകളും പറഞ്ഞ പരാതിയെക്കുറിച്ച് മണി അയാളോട് പറഞ്ഞു. എന്നിട്ട് തുടര്‍ന്നു: ''മേലില്‍ താന്‍ ഇവരെ മര്‍ദിച്ചു എന്നറിഞ്ഞാല്‍ ഈ റോട്ടില്‍വെച്ച് മീശയ്ക്ക് പിടിച്ച് തന്റെ ചെകിട്ടത്ത് ഞങ്ങളടിക്കും. പെണ്ണുങ്ങളുടെ അടികിട്ടേണ്ടെങ്കില്‍ മര്യാദയ്ക്ക് ജീവിച്ചോ.'' സ്തംഭിച്ചുനിന്ന അയാള്‍ പിന്നീട് ഒരുമാസത്തോളം പുറത്തിറങ്ങിയില്ലെന്നാണ് അറിഞ്ഞത്. അമ്മയുടെയും മകളുടെയും ഭാഗത്തുനിന്ന് പിന്നീട് പരാതിയൊന്നും വന്നതുമില്ല. പുരുഷമേധാവിത്വത്തിന്റെ ഏറ്റവും ദുര്‍ബലവശമാണ് മണിയും കൂട്ടരും തുറന്നുകാട്ടിയത്. തന്റേടമുള്ള പെണ്ണുങ്ങളുടെ ഒരടികൊണ്ട് തകര്‍ന്നുതരിപ്പണമാകുന്നതാണ് കൊമ്പന്‍മീശയും ശരീരബലവുമൊക്കെ കാട്ടി പൊങ്ങച്ചം കാണിച്ചുനില്‍ക്കുന്ന പുരുഷമേധാവിത്വമെന്നാണ് ഈ സംഭവം തെളിയിച്ചത്. സമൂഹത്തില്‍ നീരാളിപ്പിടിത്തമായി ആധിപത്യത്തിലുള്ള പുരുഷമേധാവിത്വത്തെ ലഘൂകരിച്ച് കാണിക്കാനല്ല ശ്രമിക്കുന്നത്. അതിനെതിരായ ഇത്തരം പോരാട്ടമുഖങ്ങളെക്കുറിച്ച് സൂചിപ്പിക്കുകയാണ് ചെയ്തത്.

ഒളരിയില്‍ ഞങ്ങള്‍ താമസിച്ചുതുടങ്ങിയകാലത്ത് ചെറിയൊരു ഓലഷെഡ്ഡുണ്ടാക്കി അതിലായിരുന്നു താമസം. ഒരുഭാഗം ആള്‍പ്പാര്‍പ്പില്ലാത്ത ഒഴിഞ്ഞസ്ഥലമായിരുന്നു. അതിന്റെ അറ്റത്തായി ഒരു ചെറിയവീട്ടില്‍ പോലീസ് സ്റ്റേഷനില്‍ ജോലിയുള്ള ഒരാള്‍ താമസിച്ചിരുന്നു. മിക്കദിവസവും രാത്രിയായാല്‍ അയാളുടെ വീട്ടില്‍നിന്ന് ഒരു സ്ത്രീയുടെ നിലവിളി കേള്‍ക്കാം. അയാള്‍ പങ്കാളിയെ മര്‍ദിക്കുന്നതാണ് സംഭവമെന്ന് വ്യക്തമായിരുന്നു. 
ഇത് തുടര്‍ന്നപ്പോള്‍ ഒരുദിവസം രാത്രി മണി അയല്‍പക്കത്തെ രണ്ടുമൂന്നു സ്ത്രീകളെയുംകൂട്ടി ചെന്ന് അയാളെ വിളിച്ചിറക്കിയിട്ട് പറഞ്ഞു: ''ഇനിയും താനിത് തുടര്‍ന്നാല്‍ തന്നെ കൈകാര്യംചെയ്യേണ്ടതെങ്ങനെയാണെന്ന് ഞങ്ങള്‍ പെണ്ണുങ്ങള്‍ കാണിച്ചുതരും. ഓര്‍ത്തോ.'' പിന്നീട് ആ വീട്ടില്‍നിന്ന് നിലവിളി കേട്ടിട്ടില്ല.

മണിയുടെ രീതി ഇതായിരുന്നു. ഞങ്ങള്‍ താമസിച്ചിരുന്നതിന് ചുറ്റുള്ള പല കുടുംബപ്രശ്‌നങ്ങളിലും മണി ഇടപെട്ടിരുന്നു. കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളിലും പല സാമൂഹികപ്രശ്‌നങ്ങളിലും മണി ഇടപെടുമായിരുന്നു. പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ മണിയെ ആണ് ആളുകള്‍ സമീപിക്കുക. മുഖംനോക്കാതെ ന്യായത്തിന്റെ ഭാഗത്തുനിന്ന് തീരുമാനമെടുക്കാനും അത് നടപ്പാക്കാനും മണിക്ക് കഴിയുമായിരുന്നു. മണിയുടെ ആജ്ഞാശക്തിക്ക് മുന്നില്‍ എതിര്‍പക്ഷം തലകുനിച്ചിരുന്നു.

കുറച്ചുനാള്‍ മുന്‍പുവരെ മണി ആത്മവിശ്വാസത്തോടുകൂടി എന്നോട് പറയുമായിരുന്നു: 'എടോ ഞാന്‍ പെട്ടെന്നൊന്നും പോവില്ല. നമ്മുടെ പേരക്കുട്ടികളുടെ കുട്ടികളെ കളിപ്പിച്ചിട്ടേ ഞാന്‍ പോവൂ'' എന്ന്. അവസാനനാളുകളില്‍ ഈ ആത്മവിശ്വാസം മണിക്ക് നഷ്ടപ്പെട്ടിരുന്നു. അരുണോ ഞാനോ പിടിച്ചുകൊടുത്ത് ഹാളിലോ സിറ്റൗട്ടിലോ വന്നിരിക്കുമ്പോള്‍ ആ മനസ്സിന്റെ വേദന ഞാന്‍ ശ്രദ്ധിക്കാറുണ്ട്. മനക്കരുത്തിന്റെ കാര്യത്തില്‍ എന്നെ അതിശയിപ്പിച്ചിട്ടുള്ള മണിയുടെ അവസാനകാലത്തെ ഈ അവസ്ഥ ഒരു നീറ്റലായി എന്റെ മനസ്സില്‍ അവസാനംവരെയും തുടരും. അവഗണിക്കാനാകാത്ത ഒരു വ്യക്തിത്വമായിരുന്നു മണിയുടേതെന്ന് കൂടുതല്‍ ആലോചിക്കുന്തോറും എന്റെ മനസ്സില്‍ തെളിയുന്നുണ്ട്.

മണി പോയിട്ട് ഇപ്പോള്‍ ഒരുവര്‍ഷമായെങ്കിലും എനിക്കുചുറ്റും അയാളുടെ സാന്നിധ്യം എല്ലായ്പ്പോഴും അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതൊരു നല്ലകാര്യംതന്നെയാണ്. പക്ഷേ, അതൊരുതരം വീര്‍പ്പുമുട്ടലായി മാറുന്നുണ്ട്. അയാള്‍ എന്റെ മനസ്സില്‍ എത്രമാത്രം ആഴത്തിലാണ് സ്വാധീനംചെലുത്തിയിട്ടുള്ളതെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. വേര്‍പിരിഞ്ഞിട്ട് ഒരുവര്‍ഷം തികഞ്ഞ്, ഈ ഓര്‍മ്മകള്‍ എഴുതുമ്പോള്‍, ആ വേര്‍പാടിനും ഓര്‍മ്മയ്ക്കും മുന്‍പില്‍ ഇപ്പോള്‍ ഞാനും തലകുനിച്ചിരിക്കുകയാണ്; ജീവിതത്തെ സമരം എന്നുകണ്ട ഒരാളെ ഓര്‍മ്മകൊണ്ട് ആദരിക്കാന്‍.