സൈക്കിള്‍ സന്തതസഹചാരിയായ വൈലോപ്പിള്ളി സ്കൂട്ടര്‍ പഠിച്ച കഥയാണിത്. ഇവിടെ ഒരു ഇംഗ്ലീഷ് പ്രൊഫസറുടെ ശിഷ്യനാവുന്നു കവി
മാസ്റ്റര്‍ ഒരു പൊതി മേനാച്ചേരിയെ ഏല്‍പ്പിച്ചു. ചെറിയൊരു വിവാഹസമ്മാനം. അതൊരു സ്റ്റീല്‍ പൂപ്പാത്രമായിരുന്നു. അതിന്മേല് ശ്രീ എന്ന് പേരുകൊത്തിയിരുന്നു...
ചോദനം, അതിന്റെ നിര്‍വഹണം- സാഹിത്യമെഴുത്തിനെ അതിലളിതമായി ഇങ്ങനെ നിര്‍വചിച്ചിട്ടുണ്ട്. ഇടയില്‍ ഒട്ടേറെ സങ്കീര്ണഘട്ടങ്ങളുണ്ടെങ്കിലും! വായനയും ഒളിച്ചോട്ടവും എഴുത്തും ആത്മഹത്യയും കൊലപാതകങ്ങളും യാത്രകളും എല്ലാം ഒരേ തീയിന്റെ വകഭേദങ്ങള്‍...അതില്‍ ചിലത് വൈലോപ്പിള്ളിയിലും സവിശേഷമായി പ്രവര്‍ത്തിച്ചിരുന്നു. കവിതയെഴുത്തുപോലെ മാസ്റ്റര്‍ അവയെയും പരിചരിച്ചു. പറഞ്ഞുവരുമ്പോള്‍ പലതും ഒരു ഫലിതബിന്ദുവില്‍ ഘനീഭവിക്കും. അതിലൊന്നായിരുന്നു വൈലോപ്പിള്ളിയുടെ സ്കൂട്ടര്പഠനം.
തോളില്‍ കൈയിട്ടുനടക്കുന്ന സൈക്കിളെന്ന സന്തതസഹചാരിയെ സ്നേഹമില്ലാഞ്ഞിട്ടല്ല. ഒരു കൊറ്റനാട് എല്ലാവരുടെ ഉള്ളിലുമുണ്ടെന്ന് മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയിട്ടില്ലേ. അവിടെയൊരു പൂച്ചെടി സ്കൂട്ടറിന്റെ രൂപത്തില്‍ പൂവിടുന്നു. അതനുഭവിക്കാന്‍ മോഹിച്ച മഹാകവിയുടെ കഥയാണിനി...
തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു ജോര്‍ജ് മേനാച്ചേരി. ഒരുദിവസം അദ്ദേഹത്തിന്റെ ബന്ധുവും ഒല്ലൂര്‍ സര്‍ക്കാര്‍
സ്കൂളിലെ ഫസ്റ്റ് അസിസ്റ്റന്റുമായ ജോസഫ് എരിഞ്ഞേരി അത്യാവശ്യമായി അദ്ദേഹത്തെ കാണാന്‍വന്നു.
''ജോര്‍ജേ, നീയൊരു സഹായം ചെയ്യണം''
''എരിഞ്ഞേരിക്കെന്തിനാ പണം?''
''പണല്ലഡാ...നീ ബെസ്റ്റായി സ്കൂട്ടറോടിക്കണ ആളല്ലേ''
''ആ... അത്യാവശ്യം''- മേനാച്ചേരിക്ക് അതില്‍ അഭിമാനമുണ്ട്.
''എന്നാ നീ അത്യാവശ്യമായി ഒരാളെ സ്കൂട്ടറോടിക്കാന്‍ പഠിപ്പിക്കണം''
''നിന്നെയാണോ?''
''എന്നെയല്ല, എന്റെ ഹെഡ്മാഷെ''
''ഹെഡ്മാഷോ. എന്താ പേര്''
''വൈലോപ്പിള്ളി ശ്രീധരമേനോന്''
മേനാച്ചേരി ഒന്നു ഞെട്ടിയെങ്കിലും ഞെട്ടില്പ്പിടിച്ച് അതു നിര്‍വീര്യമാക്കി.
''ഹെഡ്മാഷ്ക്ക് ഈ പ്രായത്തില്‍ സ്കൂട്ടര്‍ പഠിക്കാന്‍ മോഹമോ?''
''മോഹത്തിനെന്തു പ്രായം ജോര്‍ജേ...പറ്റില്യാന്ന് പറയരുത്. വാക്കുകൊടുത്തിട്ടാണ് ഞാന്‍ വരണെ.''- എരിഞ്ഞേരി പറഞ്ഞു. ''നിനക്ക് സൗകര്യമുള്ള സമയത്തുമതി. ഹെഡ്മാഷ് എപ്പൊ വേണമെങ്കിലും റെഡിമണിയാണ്.''
മേനാച്ചേരി പഠിപ്പിക്കുന്നത് ഇംഗ്ലീഷാണെങ്കിലും ഹൃദയം മലയാളമാണ്. മലയാളത്തില്‍ രഹസ്യമായി കവിതയെഴുത്തുണ്ട്. വൈലോപ്പിള്ളി അന്നേ കവി പ്രശസ്തനാണ്. കുട്ടിക്കൃഷ്ണമാരാര്, കേശവദേവ്, കൈനിക്കര എന്നിവരെയൊക്കെ നേരില്‍ പരിചയമുള്ള പ്രസാധകന്‍കൂടിയായ മേനാച്ചേരിക്ക് ഒല്ലൂരില്‍ താമസക്കാരനായിട്ടും വൈലോപ്പിള്ളിയെ സന്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് ഹെഡ്മാഷ് ശിഷ്യനായി ഇങ്ങോട്ടു വരാന്‍പോകുന്നത്.
ഇംഗ്ലീഷ് ക്ലാസില്‍ മേനാച്ചേരി ഇംഗ്ലീഷ് മാത്രമേ പറയൂ. എന്തെങ്കിലും മലയാളത്തില്‍ പറയുന്നുണ്ടെങ്കില്‍ അത് വൈലോപ്പിള്ളി കവിതകളായിരിക്കും. പ്രേതാവേശിതനായ ഹാംലറ്റില്‍ ഒരു സഹ്യന്റെ മകനെ കാണാന്‍ മേനാച്ചേരിക്ക് പ്രയാസമില്ല.
'നിര്‍ഗ്ഗതബല, മെന്നാലുഗ്രവീര്യം തന്നുടല്‍, നിഗ്രഹോത്സുകം സ്നേഹവ്യഗ്രമെങ്കിലും ചിത്തം' എന്നു ചൊല്ലിയാണ് ഹാംലറ്റിന്റെ പ്രക്ഷുബ്ധമനസ്സ് ക്ലാസില്‍ മേനാച്ചേരി അനാവരണംചെയ്യുന്നത്. ഇതറിഞ്ഞ സി. അച്യുതമേനോന് പറഞ്ഞത്രേ- മലയാളത്തില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന മേനാച്ചേരിയെന്ന്...
''ഞാന്‍ ശ്രമിച്ചുനോക്കാം''-എരിഞ്ഞേരിയോട് മേനാച്ചേരി പറഞ്ഞു. ''അങ്ങോര് ഹെഡ്മാഷ് ചമഞ്ഞാ ഞാന്‍ എഞ്ചിന് ഓഫാക്കുംട്ടാ...''
''വേണ്ടാത്തത് ചിന്തിക്കല്ലേ എന്റെ ജോര്‍ജേ'' -എരിഞ്ഞേരി സമാധാനിപ്പിച്ചു. ''മാഷ് നീ പറയണ മാതിരിയൊക്കെ ചെയ്തോളും. നല്ല ഉത്സാഹത്തിലാണ്. എങ്ങനെയെങ്കിലും ഈ തേങ്ങയൊന്ന് പഠിച്ചെടുക്കാന്‍...''
''എന്നാ നീയും വാ. നിനക്കും പഠിക്കാല്ലോ''
''ഞാനില്ല ജോര്‍ജേ. നമുക്ക് പറ്റ്യേ പണ്യല്ല.'' -എരിഞ്ഞേരി ഒഴിഞ്ഞു
''അതെനിക്കറിയാം. ബസ് മറേണതാലോചിച്ച് നീ ബസില്‍ കേറാറില്യല്ലോ. നടക്കല്ലേ പതിവ്''
പിന്നെ, എരിഞ്ഞേരി പറഞ്ഞു: ''ഗുരുദക്ഷിണ്യൊക്കെ മേടിച്ചോ. എന്ത് ചോയ്ച്ചാലും തരണ കണ്ടീഷനിലാണ് മാഷ്...''
മേനാച്ചേരിക്ക് മറ്റൊന്നും വേണ്ട. വൈലോപ്പിള്ളിയെ ശിഷ്യനായി കിട്ടിയാല്‍ മതി. അതു പുറത്തുകാണിച്ചില്ലെന്നു മാത്രം...
പിറ്റേന്നുതന്നെ ഹെഡ്മാഷ് വൈലോപ്പിള്ളി അസിസ്റ്റന്റ് എരിഞ്ഞേരിക്കൊപ്പം മേനാച്ചേരിയുടെ വീട്ടിലെത്തി ഗുരുദക്ഷിണ സമര്‍പ്പിച്ചു.
''ഇതൊന്നും വേണ്ട മാഷേ. ആദ്യം വിദ്യപഠിക്കാം.''
മേനാച്ചേരി അതില്‍നിന്ന് ഒരു നാണയം മാത്രമെടുത്തു. മാഷിവിടെ വന്നതുതന്നെ ഗുരുദക്ഷിണയല്ലേ? മാഷക്ക് സൈക്കിളറിയാലോ, അല്ലേ...''
ശിഷ്യനെ മാഷെന്നു വിളിക്കുന്നതിലെ ട്രാജഡിയോര്ത്ത് മേനാച്ചേരി ചോദിച്ചു.
''അറിയോന്നാ... മുരുകന് മയില്‍, ഗണപതിക്ക് എലി, അയ്യപ്പന് കുതിര, അതുപോല്യാണ് മാഷ്ക്ക് സൈക്കിള്‍...'' -എരിഞ്ഞേരി പറഞ്ഞു.
''അപ്പോള്‍പ്പിന്നെ ഹാന്‍ഡില്‍ ബാലന്‍സായി. വണ്ടി വെട്ടില്ല''- മേനാച്ചേരി പറഞ്ഞു.
''ശ്രദ്ധിച്ചോളോട്ടാ ജോര്‍ജേ... അല്ലങ്കെ ഇനിക്കാ കേട്. ക്ഷമിച്ച് ക്ഷമിച്ച് പഠിപ്പിക്കണം. ചെലപ്പോ ഒരു എളക്കണ്ട്. ന്നാലും പാവാ'' -എരിഞ്ഞേരി മേനാച്ചേരിയുടെ ചെവിയില്‍ ഓതി.
''ഒക്കെ ഞാനേറ്റുഡാ. ആളേ കിട്ട്യാ മതി.''
-മേനാച്ചേരി ഏറ്റു.
ടെന്നിസനും ബ്രൗണിങ്ങും
പിറ്റേന്നുതന്നെ കോളേജ് വിട്ടുവന്ന് മേനാച്ചേരി സ്വന്തം സ്കൂട്ടറില്‍ ഒല്ലൂര്‍ ജങ്ഷനടുത്തുള്ള പനംകുറ്റിച്ചിറയിലെ വൈലോപ്പിള്ളിയുടെ വാടകവീട്ടിലേക്കു ചെന്നു. വീടുതെറ്റിയോ, വൈലോപ്പിള്ളിയുടെ വീടുതന്നെയല്ലേ. സ്കൂട്ടര്വിദ്യാര്ഥിയുടെ വീട്ടുമുറ്റത്തതാ ഒരു ലാംബ്രട്ട സ്കൂട്ടറിരിക്കുന്നു. ഇതെന്തദ്ഭുതം. ഒന്നു ഹോണടിച്ചപ്പോള്‍ മാസ്റ്റര്‍ പുറത്തേക്കുവന്നു. വീടു തെറ്റിയിട്ടില്ല.
''ഞാന്‍ പ്രൊഫസറെ കാത്തിരിക്കുകയായിരുന്നു''-മാസ്റ്റര്‍ പറഞ്ഞു.
''സ്കൂട്ടര്‍ പഠിക്കണന്നല്ലേ പറഞ്ഞത്?''
''അതെ, ഇപ്പോഴല്ലേ ആശാനെ കിട്ടിയത്...''
''സ്കൂട്ടറുണ്ടല്ലോ'' -മേനാച്ചേരി സംശയിച്ചു.
''അത് എന്റേന്നെ. ഞാനൊരെണ്ണം വാങ്ങി മാഷേ. കുറച്ചുദിവസമായി''-വൈലോപ്പിള്ളി പറഞ്ഞു.
''പഠിക്കാന്‍ വേണ്ടിയോ?''
''അതെ, ഞാന്‍ പഠിച്ച് മാഷടെ വണ്ടി കേടാക്കണ്ടല്ലോ. ഇതില്‍ പഠിക്കാം, പോരേ?''
''എല്ലാവരും പഠിച്ചിട്ടാണ് വണ്ടിവാങ്ങാറ്.''-മേനാച്ചേരി പറഞ്ഞു. എന്നിട്ട് മനസ്സിലോര്‍ത്തു -'ഇത് താലികെട്ടിയിട്ട് പെണ്ണുകാണല്‍ പോലെയായി...'
മേനാച്ചേരി സ്വന്തം സ്കൂട്ടര്‍ അവിടെവെച്ച് മാസ്റ്ററുടെ പുതിയ സ്കൂട്ടറുമെടുത്ത് അടുത്തുള്ള മൈതാനത്തേക്ക് ഓടിച്ചു.
''എന്റെ വണ്ടി എങ്ങനേണ്ട്?''- സ്വയം ഓടിക്കാത്ത സ്കൂട്ടറിനെപ്പറ്റി മാസ്റ്റര്‍ പിന്നിലിരുന്ന് അഭിപ്രായം ചോദിച്ചു.
''പുത്തന്‍ വണ്ട്യല്ലേ. പുള്ളിങ്ങിത്തിരി കൂടുതലാ...'' -സ്കൂട്ടറിന്റെ അനാട്ടമി പരിചയപ്പെടുത്തി മേനാച്ചേരി ആമുഖമായി പറഞ്ഞു. ലോകത്തെ ഏത് മനുഷ്യനും വാഹനമോടിച്ച് പഠിക്കുമ്പോള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യമുണ്ട്, ഫസ്റ്റ് ഗിയറിട്ട് വണ്ടി മൂവുചെയ്യിക്കുന്നത്. ക്ളച്ച് പതുക്കെ അയച്ചുകൊടുക്കണം. അല്ലെങ്കില്‍ കുതിരയെപ്പോലെ ചാടും, അപകടമുണ്ടാവും. അതു പഠിക്കാന്‍ ഇത്തിരി പാടാ...
വൈലോപ്പിള്ളി ഹെഡ്മാസ്റ്റര്മാത്രമല്ല, ഗ്രാഹ്യമുള്ള ശിഷ്യനുമാണെന്ന് ആദ്യദിനങ്ങളില്‍ത്തന്നെ മേനാച്ചേരിക്ക് മനസ്സിലായി. ഗിയര്ഷിഫ്റ്റൊക്കെ ഒറ്റത്തവണ പറഞ്ഞുകൊടുത്താല്‍മതി, തീര്‍പ്പാക്കും. ഫസ്റ്റ്ഗിയറിലെ ലാംബ്രട്ടയുടെ ആ എടുത്തുചാട്ടം മാസ്റ്ററുടെ മുന്പില് വിലപ്പോയില്ല. ആദ്യചാട്ടത്തിനുതന്നെ മാസ്റ്റര്‍ കുതിരയെ ചട്ടംപഠിപ്പിച്ച് വരുതിയിലാക്കി. ഗുരു മേനാച്ചേരി പ്രസാദിച്ചു. പക്ഷേ, ഏത് മരമണ്ടനും പൊതുവേ എളുപ്പമുള്ള ഒരു കാര്യം ബുദ്ധിമാനായ മാസ്റ്ററെ വലച്ചു. ഗിയര്‍ ഡൗണ്‍ചെയ്ത് ന്യൂട്രലില്‍ കൊണ്ടുവന്ന് വണ്ടിനിര്‍ത്തുന്ന സൂത്രം. അതുമാത്രം വഴങ്ങിയില്ല. മറ്റെല്ലാ യന്ത്രരഹസ്യങ്ങളും നിര്ധാരണംചെയ്ത വൈലോപ്പിള്ളിയെ ക്ളച്ചും ന്യൂട്രലും പറ്റിച്ചത് മേനാച്ചേരിയെ രഹസ്യമായി സന്തോഷിപ്പിച്ചു. മാസ്റ്ററുടെ ശിഷ്യത്വം നീളുമല്ലോ. അങ്ങനെ മൂന്നാഴ്ചകൂടി യന്ത്രരഹസ്യത്തിനു പിന്നാലെ വാക്കിനുപിന്നാലെയെന്നോണം മാസ്റ്റര്‍ അലഞ്ഞു. അത്രയുംദിവസം മേനാച്ചേരി ഗുരുവായും തുടര്‍ന്നു.
ഓരോ ദിവസവും പഠിപ്പിക്കാന്‍ ചെല്ലുമ്പോള്‍ വൈലോപ്പിള്ളി ക്ഷണിക്കും
''ഇരിക്കൂ പ്രൊഫസര്‍.'' എന്നിട്ട് പോയി ഒരു ചായ ഉണ്ടാക്കിക്കൊണ്ടുവരും. പിന്നെ ചര്‍ച്ചയാണ്. അതും ഇംഗ്ലീഷ് സാഹിത്യം.
ബോട്ടണിക്കാരനാണെങ്കിലും മാസ്റ്റര്‍ ഇംഗ്ലീഷ് പ്രേമിയാണ്. മേനാച്ചേരിയുടെ ഇംഗ്ലീഷ്, സ്കൂട്ടര്പഠിപ്പിനെക്കാള് മാസ്റ്റര്‍ ഇഷ്ടപ്പെടാന്തുടങ്ങി...
''എനിക്കിഷ്ടം ബ്രൗണിങ്ങിനെയാണ് പ്രൊഫസര്‍ക്കോ?'' -വൈലോപ്പിള്ളി ചോദിച്ചു.
''എനിക്കുമതെ''-മേനാച്ചേരി പറഞ്ഞു.
''ടെന്നിസനെ എനിക്കിഷ്ടമല്ല''-മാസ്റ്റര്‍ പറഞ്ഞു.
''എനിക്കും ഒട്ടും ഇഷ്ടമല്ല''-മേനാച്ചേരി യോജിച്ചു
''അതെയോ നമ്മള്‍ക്ക് ഒരേ ഇഷ്ടമാണല്ലോ. ബ്രൗണിങ്ങാണ് ഒറിജിനല്‍ കവി. ടെന്നിസന് നിര്മിതകവി. പോളിഷ്ഡ് കവി. മലയാളത്തിലും അങ്ങനെ ചിലരുണ്ടല്ലോ'' -മേനാച്ചേരി പേരുകളും പറഞ്ഞു.
''ടെന്നിസന് രാജാവിനെയും രാജ്ഞിയെയും ഒക്കെ സ്തുതിച്ച് കവിതകളെഴുതുക പതിവാണ്.'' -മാസ്റ്റര്‍ ഓര്‍മ്മിപ്പിച്ചു.
''അദ്ദേഹം ആസ്ഥാനകവിയല്ലേ. അതു വേണമല്ലോ...''
സ്കൂട്ടര്പഠനം കഴിഞ്ഞ് ക്ഷീണിച്ച് മടങ്ങിയെത്തുമ്പോഴും മേനാച്ചേരിക്ക് വൈലോപ്പിള്ളിവക സ്പെഷ്യല്‍ ചായയുണ്ട്. പിന്നീട് കവിതാചര്‍ച്ചയും.
''ഞാനും കുറേശ്ശെയൊക്കെ എഴുതും മാഷേ''-ഒരുദിവസം മേനാച്ചേരി ഗുരുഭാവത്തില്ത്തന്നെ പറഞ്ഞു.
''എന്തെഴുതും?''-മാസ്റ്റര്‍ ജിജ്ഞാസുവായി.
''കവിത തന്നെ''
''ഉവ്വോ, എന്നാല്‍ നാളെവരുമ്പോള്‍ കുറച്ചെണ്ണം കൊണ്ടുവരുമോ എനിക്ക് വായിക്കാന്‍.'' മാസ്റ്റര്‍ കവിതാദാഹിയായി.
പിറ്റേന്ന് നാലഞ്ച് കവിതയുമായാണ് മേനാച്ചേരി പനംകുറ്റിച്ചിറയില്‍ ചെന്നത്.
''ഇന്ന് പ്രൊഫസറടെ സ്കൂട്ടര്‍ അവിടെയിരിക്കട്ടെ, ഒരു വിശ്രമം കൊടുക്കാം.''-മാസ്റ്റര്‍ പറഞ്ഞു, ''കവിതയെടുക്കാം''.
''ആയ്ക്കോട്ടെ''എന്നായി മേനാച്ചേരി.
അവിടെയിരുന്നുതന്നെ വൈലോപ്പിള്ളി ആ കവിതകള്‍ ഒന്നൊന്നായി വായിച്ചു. എന്നിട്ട് ആശ്ചര്യപൂര്‍വം മേനാച്ചേരിയെ നോക്കി.
''ഇതൊക്കെ കൈയിലുണ്ടായിരുന്നല്ലേ. ഒന്നാന്തരം കവിത. ഇത് പ്രസിദ്ധീകരിച്ചോ?''
''പ്രസിദ്ധീകരിച്ചിട്ടില്ല.''-മേനാച്ചേരി പറഞ്ഞു. ''മാഷാണ് ആദ്യം വായിക്കുന്നത്.''
''അപ്പോള്‍ സ്വയം വായിച്ച് ആസ്വദിക്കാനാണോ പ്രൊഫസര്‍ എഴുതുന്നത്.''
''അതല്ല, പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല.''-മേനാച്ചേരി സത്യംപറഞ്ഞു.
''ആഗ്രഹമുണ്ടോ. ഇല്ലെങ്കില്‍ എനിക്കാഗ്രഹമുണ്ട്.'' -മാസ്റ്റര്‍ പറഞ്ഞു. ''ഇത് അച്ചടിച്ചുവന്ന് കുറച്ചുപേര്‍ വായിക്കണം. ഇന്നുതന്നെ ഞാനിത് കൃഷ്ണവാരിയര്‍ക്ക് അയച്ചുകൊടുക്കാം. മാതൃഭൂമിയില്‍ത്തന്നെ വരട്ടെ.''
''അതുവേണ്ട മാഷേ...''-മേനാച്ചേരി പറഞ്ഞു.
''അതെന്താ മാതൃഭൂമി പോരേ... അതോ തിരസ്കരിച്ചാലോ എന്നുവെച്ചാണോ.''
''അതൊന്നുമല്ല മാഷേ, അത് തിരിച്ചുവന്ന കവിതയാണ്. ഒരു ശുപാര്‍ശയുടെ പുറത്ത് പ്രസിദ്ധീകരിക്കുന്നത് എനിക്ക് വിഷമമാണ്.''
''എന്നാല്‍. ആശാന്‍തന്നെ ആര്‍ക്കെങ്കിലും അയച്ചുകൊടുക്കൂ. വെറുതേ കളയരുത്'' -മാസ്റ്റര്‍ പറഞ്ഞു.
പക്ഷേ, മേനാച്ചേരി അതും ചെയ്തില്ല. ഇന്ന് എണ്പത്തഞ്ചാംവയസ്സില് ഇരുന്നാലോചിക്കുമ്പോള്‍ പ്രൊഫസര്‍ മേനാച്ചേരിക്ക് ഒരു ഇംഗ്ലീഷ് പഴമൊഴിയാണ് ഓര്‍മ്മവരുന്നത്. 'When opportunity knocks, He complaint about the noise'. എന്റെ കവിത. വൈലോപ്പിള്ളിയുടെ ആ വാതില്‍മുട്ട്. ഞാന്‍ തുറന്നില്ല. പകരം വിഡ്ഢിയായി ആ ശബ്ദത്തെ പഴിച്ചു. ആര്‍ക്ക് നഷ്ടം? എന്റെ അഹങ്കാരമെന്നല്ലാതെ മറ്റൊരു വാക്കില്ല. അന്നത് കൃഷ്ണവാരിയര്‍ക്ക് മാസ്റ്റര്‍ അയച്ചിരുന്നെങ്കില്‍ ഞാനും ഒരു കവിയായി അറിയപ്പെട്ടേനേ. കുറഞ്ഞത് ഒരു വിഷ്ണുനാരായണന്‍ നമ്പൂതിരിയെങ്കിലും ആയേനേ... മേനാച്ചേരി അതോര്‍ത്ത് ചിരിച്ചു...
വിഷ്ണുവിനെ ഓര്‍ക്കാന്‍ കാരണമുണ്ട്. കോഴിക്കോട് ദേവഗിരി കോളേജില്‍ മേനാച്ചേരിയുടെ സഹപാഠിയായിരുന്നു വിഷ്ണുനാരായണന്‍. അന്നവിടെ പ്രിന്‍സിപ്പലായിരുന്ന സിഎംഐ അച്ചന് തിയഡോഷ്യസിന്റെ ഇംഗ്ലീഷ് ക്ളാസില്‍ പഠിക്കാനുള്ള മോഹംകൊണ്ടാണ് മേനാച്ചേരി അവിടെപ്പോയി ചേര്‍ന്നത്. വിഷ്ണുവിനെ പരിചയപ്പെട്ടപ്പോള്‍ മനസ്സിലായി, കവിയാണ്. പക്ഷേ, വേഡ്സ്വര്‍ത്ത് സ്കൂളാണ്.
ആ വര്‍ഷത്തെ കോളേജ്ദിനത്തില് തിയഡോഷ്യസ് അച്ചന് എന്‍.വി. കൃഷ്ണവാരിയരെയാണ് മുഖ്യാതിഥിയായി നിശ്ചയിച്ചത്. അതിഥിയെ കൊണ്ടുവരാനും കൊണ്ടുപോകാനും 'മിനിസ്റ്റര്‍ ഇന്‍ വെയ്റ്റിങ്' ആയി ഏല്‍പ്പിച്ചത് വിഷ്ണുനാരായണനെയും. ആ വാതില്മുട്ടുശബ്ദത്തെ വിഷ്ണു എന്നെപ്പോലെ പഴിച്ചില്ല. കൃഷ്ണവാരിയരെ വേണ്ടവിധം കൊണ്ടുവന്നു. ഒപ്പംനിന്നു. തിരിച്ചുകൊണ്ടുപോയി. അതൊരു പില്ക്കാല സാഹിത്യബന്ധമായി. വലിയ കാവ്യപിന്തുണയാണ് വിഷ്ണുവിന് എന്‍.വി. നല്‍കിയത്. ഇത് കണ്ടറിഞ്ഞിട്ടും എനിക്കുവേണ്ടി മുട്ടിയ വൈലോപ്പിള്ളിവാതില് ഞാന്‍ തുറന്നില്ലല്ലോ എന്ന പശ്ചാത്താപമൊന്നും മേനാച്ചേരിക്കില്ല. ഇന്നത്തെ ഞാനല്ലല്ലോ അന്നത്തെ ഞാന്‍...
ഗുരുവായ ശിഷ്യന്
അങ്ങനെ ലാമ്പ്രട്ടയും ബ്രൗണിങ്ങും ഷെല്ലിയുമൊക്കെ സമ്മിശ്രമായ ആഴ്ചകള്‍ പര്യവസാനിക്കുകയാണ്. വൈലോപ്പിള്ളി ക്ളച്ച് ന്യൂട്രല്‍ വിക്രീഡിതങ്ങളെ മെരുക്കി. സ്കൂട്ടര്‍ സൈക്കിളിനെപ്പോലെ മറ്റൊരു വീട്ടുമൃഗമായി.
''പഠിപ്പു തീര്‍ന്നു, ചിറകു മുളച്ചു. ഇനി മാസ്റ്റര്‍ക്ക് കൂടുവിട്ടു പറക്കാം...''-പിരിയുന്ന വിഷമത്തോടെയാണെങ്കിലും മേനാച്ചേരി പറഞ്ഞു.
പ്രായംകൊണ്ട് മേനാച്ചേരി ഇളയവനാണെങ്കിലും വൈലോപ്പിള്ളി ഗുരുസങ്കല്പത്തില് പ്രൊഫസറുടെ കൈ മുത്തി. ആ കൈയെടുത്ത് സ്വന്തം ശിരസ്സില്‍വെച്ച് അനുഗ്രഹം വാങ്ങി. സ്വപ്നാടനം സൈക്കിളില്‍നിന്ന് യന്ത്രവത്കൃതലോകത്തേക്ക് കടക്കുകയാണല്ലോ.
മാസ്റ്ററുടെ സ്കൂട്ടര്‍ ടെസ്റ്റും ലൈസന്‍സെടുക്കലും വിജയകരമായി പൂര്‍ത്തിയായി. എല്ലാത്തിനും മേനാച്ചേരി കൂടെപ്പോയിരുന്നു. അങ്ങനെ ഗുരുശിഷ്യന്മാര് സന്തോഷമായി ചായകുടിച്ചു പിരിഞ്ഞു.
ആഴ്ചകള്‍ക്കുശേഷം പതിവുപോലെ മേനാച്ചേരി സെയ്ന്റ് തോമസ് കോളേജിലേക്ക് സ്കൂട്ടറില്‍ പോവുകയായിരുന്നു. അപ്പോഴതാ പനംകുറ്റിച്ചിറ ജങ്ഷനില്‍ വൈലോപ്പിള്ളി സൈക്കിളുന്തി പൊരിവെയിലത്ത് നടന്നുപോകുന്നു. മേനാച്ചേരി സഡന്‍ബ്രേക്കിട്ടു.
''മാഷേ...''ഉറക്കെ വിളിച്ചു. ''എന്തായിത്? എവിടെപ്പോകുന്നു?''
''സ്കൂളിലേക്ക്...''
''എന്താ സൈക്കിളില്‍...
സ്കൂട്ടറെവിടെ?''
''സ്കൂട്ടറോ?''
''നമ്മള് പഠിച്ച സ്കൂട്ടര്‍...''
''ഓ അതോ. അതു വിറ്റു...'' ഒന്നു ചിരിച്ചുകൊണ്ട് മാസ്റ്റര്‍ നിസ്സാരമായി പറഞ്ഞു.
''വിറ്റോ?''-മേനാച്ചേരി അന്ധാളിച്ചു
''അതൊക്കെ അന്നുതന്നെ വിറ്റില്ലേ?''
''അതെന്തുപറ്റി?''
''ഇനിയെന്തിനാ സ്കൂട്ടര്‍ പ്രൊഫസറേ, ലൈസന്‍സു കിട്ടിയില്ലേ...''- വൈലോപ്പിള്ളി ആമോദത്തോടെ പറഞ്ഞു.
''ജോറായി, എന്റെ ഹെഡ്മാഷേ...''-മേനാച്ചേരി ആകാശംനോക്കി സ്തുതിവരച്ചു. യെന്തൊരു മനുഷ്യന്...!
1966-ല്‍ മേനാച്ചേരിയുടെ വിവാഹം. കുടുംബക്കാര് മാത്രമുള്ള ചടങ്ങ്. പിന്നെ സഹപ്രവര്‍ത്തകരായ കോളേജ് അധ്യാപകരും.
പക്ഷേ, അള്ത്താരയ്ക്കുമുന്നില് മിന്നുകെട്ടി വെറുതേ ചുറ്റുമൊന്നു നോക്കിയപ്പോള്‍ ആദ്യംകണ്ടത് മാസ്റ്ററുടെ മുഖം. വൈലോപ്പിള്ളിയെ ക്ഷണിച്ചിരുന്നില്ല. എങ്ങനെയോ അറിഞ്ഞ് വന്നിരിക്കുന്നു. കല്യാണക്കോട്ടിനുള്ളില് മേനാച്ചേരി പശ്ചാത്താപംകൊണ്ട് വിയര്‍ത്തൊലിച്ചു.
കെട്ടുകഴിഞ്ഞ് ആദ്യം ചെന്നത് മാസ്റ്ററുടെ അടുത്തേക്കാണ്. രണ്ടുപേരുടെയും കണ്ണുനിറഞ്ഞു. മാസ്റ്റര്‍ ഒരു പൊതി മേനാച്ചേരിയെ ഏല്‍പ്പിച്ചു. ചെറിയൊരു വിവാഹസമ്മാനം. അതൊരു സ്റ്റീല്‍ പൂപ്പാത്രമായിരുന്നു. അതിന്മേല് ശ്രീ എന്ന് പേരുകൊത്തിയിരുന്നു... മാസ്റ്ററുടെ ആദ്യ കവിപ്പേര്!
ഇന്നും മഹാകവി വൈലോപ്പിള്ളിയുമായുള്ള ബന്ധത്തെപ്പറ്റി ആരെങ്കിലും ചോദിച്ചാല്‍ പ്രൊഫസര്‍ ജോര്‍ജ് മേനാച്ചേരി ഒരു ചിരിയോടെ പറയും
'പിന്നെ... ഞങ്ങള്‍ തമ്മില്‍ വലിയ ബന്ധമായിരുന്നില്ലേ...'
'എന്തു ബന്ധം?'
'ഗുരുശിഷ്യ ബന്ധം...'
'വൈലോപ്പിള്ളി സ്കൂളില്‍ പഠിപ്പിച്ചിട്ടുണ്ടാവും അല്ലേ?
'ഇല്ല. ഞാനാണ് ഗുരു. ഞാന്‍ വൈലോപ്പിള്ളിയെയാണ് പഠിപ്പിച്ചത്.' എന്നിട്ട് മേനാച്ചേരി പതുക്കെപ്പറയും... 'സ്കൂട്ടര്‍...'
Content Highlights: k raghunathan vyloppilly scooter professor george menacheri
Published: 01 Jun 2025, 10:02 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented