നൂറ്റി ഇരുപത്തിനാല് വർഷങ്ങൾക്ക് മുമ്പ്, 1902 സെപ്റ്റംബർ 28 രാത്രി, പാരിസിലെ റ്യൂ ഡി ബ്രുക്‌സെയ്‌സിലെ ഒരു വീട്ടിൽ ചിമ്മിനി പണിമുടക്കി, തണുപ്പകറ്റാനായി കിടപ്പുമുറിയിൽ കത്തിച്ചിരുന്ന നെരിപ്പോടിൽനിന്നുള്ള പുകയെ അത് പുറത്തേയ്ക്ക് തള്ളാൻ വിസമ്മതിച്ചു. പുറത്ത് പോകാൻ വഴികാണാതെ പുകച്ചുരുളുകൾ മുറിയിൽ തടവിലായി. വിഷപ്പുക നിറഞ്ഞ മുറിയിൽ കട്ടിലിൽ ഉറങ്ങുന്നയാൾ ഇതറിയുന്നതേയില്ല, പിന്നൊട്ട് അറിഞ്ഞതുമില്ല. നാലഞ്ചു നാളുകൾക്ക് ശേഷം ആ മനുഷ്യൻ തന്റെ കിടപ്പ് അലക്‌സാണ്ടർ ഡ്യൂമയും സ്റ്റെന്താലും വിശ്രമിക്കുന്ന മോൺട്മാർത്ര് സെമിത്തേരിയിലേക്ക് മാറ്റി. ആറ് വർഷങ്ങൾക്കുള്ളിൽ വീണ്ടും സ്ഥാനം മാറി, ഡ്യൂമയോടൊപ്പം പാരിസിലെ പാന്തിയോണിലേക്ക്, അവിടെ വിക്ടർ ഹ്യൂഗോ അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.

To advertise here,

എമിൽ സോള ലോകസാഹിത്യത്തിലെ മങ്ങാത്ത നക്ഷത്രങ്ങളൊന്നായി നിലനിൽക്കുന്നത് എന്തു കൊണ്ടാവാം? ഇരുപത് നോവലുകൾ അടങ്ങിയ റൂഗോൺ മക്കാർ (Les Rougon-Macquart) എന്ന ബൃഹത് സമാഹാരം - ഇംഗ്ലീഷ് വിവർത്തനങ്ങൾക്ക് എണ്ണായിരത്തിലധികം പേജുകളുണ്ട്- കാരണങ്ങളിലൊന്നാണ്. എന്നാൽ, മലയാളിയുടെ വായനാലോകത്തിൽ സോളയുടെ ഉലയാത്ത സാന്നിധ്യം മുകളിൽ പറഞ്ഞ ഇരുപത് നോവലുകളിൽ ഒന്നിന്റെ മാത്രം ബലത്തിലാവാനാണ് സാധ്യത. നാനൂറിൽപരം പേജുകളിലായി ഒരു ഫ്രഞ്ച് ഗണികയുടെ ജീവിതം പറയുന്ന ഈ കൃതിയാണ് നാന എന്ന ചെറുപേരുള്ള ആ നോവൽ.

പാരിസിലെ തെരുവുകളിൽ തുടങ്ങി, പ്രഭുസമൂഹത്തിലെ എണ്ണപ്പെട്ട മോഹിനിമാരിലൊരാളായി, ഒടുക്കം വസൂരിരോഗം വന്ന്, വശ്യമായ സൗന്ദര്യത്തിന് മേൽ വ്രണങ്ങൾ നിറഞ്ഞ്, മരണത്തിലേക്ക് വീണുപോകുന്ന നാനയുടെ കഥ പറഞ്ഞ എമിൽ സോള കലാസാഹിത്യലോകത്തിന് രണ്ട് വിധത്തിൽ കരുത്ത് പകരുന്നുണ്ട്. റിയലിസം എന്ന സാഹിത്യപ്രസ്ഥാനത്തിന്റെ സ്വാഭാവികമായ തുടർച്ചയെന്നോണം തെളിഞ്ഞു വന്ന നാച്വറലിസം അതിന്റെ ഉത്ഭവമായി ചൂണ്ടിക്കാട്ടുന്നത് സോള 1880-ൽ എഴുതിയ 'പരീക്ഷണാത്മക നോവൽ ' (The Experimental Novel) എന്ന പ്രബന്ധമാണ്, ഈ പ്രസ്ഥാനത്തിന്റെ മകുടോദാഹരണങ്ങളിലൊന്നായി കൈചൂണ്ടപ്പെടുന്നത് സോള അതേ വർഷം തന്നെ പ്രസിദ്ധീകരിച്ച നാന എന്ന കൃതിയിലേക്കും.

കലാലോകത്തിന് നാന മരണമില്ലാത്ത ഒരുപാട് ഓർമ്മകളായി നിലനിൽക്കുന്നു. 1878-ൽ കണ്ട ഒരു സംഗീത നൃത്ത നാടകത്തിന്റെ സ്റ്റേജിന് പുറകിലെ കാഴ്ചകളാണ് സോളയെ ഈ നോവലിന്റെ രചനയിലേക്ക് എത്തിച്ചത്. മദാലസയായ ഒരു സൗന്ദര്യധാമത്തിന്റെ രൂപത്തിനായുള്ള തിരച്ചിലിനിടയിൽ എഡ്വേർഡ് മാനേ (Edouard Manet) എന്ന ചിത്രകാരന്റെ 'നാന' എന്ന ഇംപ്രഷണിസ്റ്റ് പെയ്ന്റിംഗും അതിന്റെ മോഡലായി നിന്ന ഹെന്റിയറ്റ് ഹോസർ എന്ന സുന്ദരിയും എമിലി ലൂയി ഡിലാബിന്യേ എന്ന പ്രഭ്വിയും സോളയുടെ മുന്നിലെത്തി. നാന ജനിച്ചതങ്ങനെയാണ്. കലാലോകത്തെ നാനയുടെ സാന്നിദ്ധ്യം അവിടെ തീരുന്നില്ല, 1926-ൽ റെന്വാർ നിർമ്മിച്ച നിശ്ശബ്ദ ചലച്ചിത്രം നാനയെ കുറിച്ചായിരുന്നു, 'നാന' എന്ന പേരിൽ തന്നെ. മുപ്പത്താറ് വർഷങ്ങൾക്ക് ശേഷം സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വരിഷ്ടമായ സൃഷ്ടികളിലൊന്നായ 'വീവ്ര സാ വീ' (Vivre Savie) എന്ന നിശ്ശബ്ദ ചലച്ചിത്രം ഗോദാർദ് സൃഷ്ടിച്ചപ്പോൾ അതിന് അദ്ദേഹത്തെ പ്രചോദിപ്പിച്ചതും സോളയുടെ നാന തന്നെയായിരുന്നു.

ഈ പ്രഭാപൂരത്തിൽ മറഞ്ഞു പോയ ഒരു ഇരുണ്ട കഥ കൂടി നാനയ്ക്ക് പറയാനുണ്ട്. 1888-ൽ ഈ കൃതിയുടെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി, ഹെന്റി വിസെറ്റെല്ലി എന്നയാളാണ് അത് വിവർത്തനം ചെയ്തതും പ്രസിദ്ധീകരിച്ചതും. ഔചിത്യത്തിന്റെ പരിധികൾ ലംഘിക്കുന്ന വിവരണങ്ങളും സ്വവർഗ്ഗാനുരാഗത്തിന്റെ മറയില്ലാത്ത വർണ്ണനകളും സ്‌ത്രൈണതയുടെ സ്വതന്ത്രചിത്രീകരണങ്ങളും അക്കാലത്തെ ബ്രിട്ടീഷ് സമൂഹത്തിന് താങ്ങാവുന്നതിനും മേലേയായിരുന്നു. വിസെറ്റെല്ലിയ്‌ക്കെതിരെ കേസെടുത്തു, അയാളുടെ ആഭാസത്തരത്തിന് തെളിവായി പ്രോസിക്യൂഷൻ എടുത്തുകാണിച്ചത് 'നാന' എന്ന നോവൽ. പിഴശിക്ഷയും ജയിൽ ജീവിതവും തകർന്നുപോയ കച്ചവടവും മാത്രമായി വിസെറ്റെല്ലിയുടെ ബാക്കിപത്രം.

സോളയുടെ കലാസംഭാവനകളുടെ കണക്കെടുക്കുമ്പോൾ കൗതുകമായി കൂട്ടിച്ചേർക്കാറുന്ന മറ്റൊന്ന് കൂടിയുണ്ട്. അത് മഹാന്മാരായ ചിത്രകാരൻമാർ വരച്ച സോളയുടെ ഛായാചിത്രങ്ങളാണ്. അതിൽ ആദ്യത്തേത് 1868-ലെ സലോൺ ആർട്ട് എക്‌സിബിഷനിൽ പ്രദർശനത്തിനുണ്ടായിരുന്നു. ഇന്നത് കാണണമെന്നുണ്ടെങ്കിൽ പാരീസിലെ ഓർസേ മ്യൂസിയത്തിൽ ചെന്നാൽ മതി. എഡ്വേർഡ് മാനേ വരച്ച സോളയുടെ ആ പോർട്രെയ്റ്റ് ഒരു വിധത്തിൽ ഒരു നന്ദിപ്രകടനമായിരുന്നു. 1865-ലെ സലോൺ എക്‌സിബിഷനിൽ മാനേയുടെ 'ഒളിമ്പിയ' എന്ന ചിത്രം ക്രൂരമായ വിമർശനത്തിനിരയായപ്പോൾ ആ സൃഷ്ടിയെ പുകഴ്ത്തിക്കൊണ്ട് സോള എഴുതിയ ഒരു ലേഖനത്തിനുള്ള പ്രത്യുപഹാരം.

ചിത്രകലയുമായുള്ള സോളയുടെ ബന്ധം തുടങ്ങുന്നത് അവിടെയല്ല അതിനും വളരെ മുമ്പ്, കൗമാരകാലത്താണ്. വിദ്യാർത്ഥി ജീവിതത്തിനിടയിൽ അദ്ദേഹത്തിന് ലഭിച്ച ബന്ധങ്ങളിൽ ഏറ്റവും ദൃഡമായിരുന്ന ബന്ധം പിൽക്കാലത്ത് പോസ്റ്റ് ഇംപ്രഷണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തികളിലൊന്നായ പോൾ സെസാനുമായി ഉള്ള സൗഹൃദം ആയിരുന്നു. ബോർബൺ കോളേജിലെ പഠനകാലത്തിനിടയിലാണ് അവർ ഒന്നിക്കുന്നത്. ആ ബന്ധത്തിൽ നിന്നാണ് 'പോൾ അലക്‌സിസ് സോളയ്ക്ക് വായിച്ചു കേൾപ്പിക്കുന്നു' (Paul Alexis reading to Zola) എന്ന പ്രശസ്ത പെയ്ന്റിംഗ് ജനിക്കുന്നതും. തീവ്ര സൗഹൃദത്തിന്റെ ഈ കഥ, പക്ഷെ, ദുഃഖപര്യവസായി ആയിരുന്നു. കുടുംബ ബിസിനസ്സായ ബാങ്കിങ്ങ് ഉപേക്ഷിച്ച് പാരീസിൽ ചിത്രരചന തുടരാൻ സെസാനെ സ്വാധീനിച്ച സോള അക്കാലങ്ങളിൽ ചിത്രകാരന് ഒരു താങ്ങായിരുന്നു എന്ന് പറയപ്പെടുന്നു. ആ ബന്ധം തുടർന്നു, 1886-ൽ റൂഗോൺ മക്കാർ സമുച്ചയത്തിലെ പതിനാലാമത്തെ നോവലായ 'മാസ്റ്റർപീസ്' പുറത്തിറങ്ങുന്നതു വരെ. ആ നോവലിലെ നായകൻ അനിതരസാധാരണമായ കഴിവുകളുണ്ടായിട്ടും അതൊന്നും സാക്ഷാത്കരിക്കാനാവാതെ, ഭ്രാന്തിലേക്കും ആത്മഹത്യയിലേക്കും നടന്നുപോയ ഒരു ഇംപ്രഷണിസ്റ്റ് ചിത്രകാരനായിരുന്നു. നോവൽ വായിച്ച സെസാൻ ആളെ തിരിച്ചറിഞ്ഞു, ഏറ്റവും അടുത്ത സുഹൃത്ത് തന്നെ ഒരു പരാജയപ്പെട്ട കലാകാരനായി ആണ് കാണുന്നതെന്ന അറിവ് അദ്ദേഹത്തിന് അതിയായ സങ്കടത്തിന് കാരണമായി. നോവലിന്റെ കോപ്പി തന്നതിന് നന്ദി അറിയിച്ചു കൊണ്ട് എഴുതിയ ഹൃസ്വമായ കത്തോടെ അവർക്കിടയിലെ വിനിമയങ്ങൾ അവസാനിച്ചു. പതിനാറ് വർഷങ്ങൾക്കപ്പുറം അടഞ്ഞുപോയ- അതോ അടച്ചുവച്ചതോ- ഒരു ചിമ്മിനിയുടെ കീഴെ മരിച്ചുകിടന്നിരുന്നത് തന്റെ സുഹൃത്തായിരുന്നു എന്നറിഞ്ഞ സെസാൻ മണിക്കൂറുകളോളം മുറിയടച്ചിരുന്നു കരഞ്ഞു എന്നത് ചരിത്രം.

ഇന്ന്, എമിൽ സോള എന്ന മഹാനായ എഴുത്തുകാരന്റെ ചരമദിനത്തിൽ, ഓർമ്മയിലെത്തുന്നത് ആപ്തവാക്യം പോലെ വായിക്കാവുന്ന ഒരു വാചകമാണ്.

'സത്യം അതിന്റെ മുന്നേറ്റം തുടർന്നു കൊണ്ടേയിരിക്കുന്നു, അത് തടയാൻ ഒരു ശക്തിയ്ക്കുമാവില്ല' (Truth is on the March and nothing will stop it). മറ്റൊരു പട്ടാള ഓഫീസറെ രക്ഷിയ്ക്കാനായി ആൽഫ്രഡ് ഡ്രെയ്ഫസ് എന്ന നിരപരാധിയായ ജൂത ഓഫീസറെ ഇരയാക്കിയ സംഭവത്തോട്- ഇത് പിൽക്കാലത്ത് 'ഡ്രെയ്ഫസ് അഫയർ' എന്ന പേരിൽ വിഖ്യാതമായി- പ്രതികരിച്ചു കൊണ്ട് 1898-ൽ 'ഞാൻ കുറ്റം ആരോപിക്കുന്നു' എന്ന തലക്കെട്ടിൽ എമിൽ സോള എഴുതിയ കത്ത് അവസാനിക്കുന്നതിങ്ങനെയാണ്. ആ കത്ത് ഒരു രാഷ്ട്രീയ ഭൂകമ്പത്തിന് തുടക്കമിട്ടു. കലുഷിതമായ രാഷ്ട്രീയ/സാമൂഹ്യ കാലാവസ്ഥയിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് സോളയുടെ വാചകം കുറച്ചൊക്കെ ആശ്വാസം തരുന്നുണ്ട്. ഒരു ശതാബ്ദത്തിനിപ്പുറവും ക്ഷയിച്ചുപോകാത്ത അദ്ദേഹത്തിന്റെ പ്രസക്തിയെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു ആ വാചകം.