കഴിഞ്ഞ സെപ്റ്റംബറില്‍ അന്തരിച്ച പെറൂവിയന്‍ ഏകാധിപതി അല്‍ബെര്‍ത്തോ ഫുജിമോറി (Alberto Fujimori), 1990-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്നോട് പരാജയപ്പെട്ട മാരിയോ വര്‍ഗാസ് യോസയുടെ 'The Visitor' എന്ന കഥ വായിച്ചിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ അതു തന്റെ കഥതന്നെയാണെന്ന് അദ്ദേഹത്തിന് തോന്നിയേനെ. ഒറ്റുകാരന്‍ ഒടുവില്‍ ഒറ്റപ്പെടുന്ന ആ കഥയിലേക്ക് കടക്കുന്നതിനുമുന്‍പ് ആരാണ് ഫുജിമോറിയെന്നു നോക്കാം.

To advertise here,

ലാറ്റിനമേരിക്കയിലെ മിക്ക ഏകാധിപതികളും പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലേറിയവരാണ്. അവരില്‍നിന്ന് വിഭിന്നനായി തികച്ചും ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെയാണ് ഫുജിമോറി പെറുവിന്റെ പ്രസിഡന്റാകുന്നത്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും പ്രതിനിധിയായിരുന്നില്ല, ജപ്പാനില്‍നിന്ന് കുടിയേറിയ മാതാപിതാക്കള്‍ക്ക് ജനിച്ച ആ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍. ഏതായാലും പട്ടിണിയിലും അടിച്ചമര്‍ത്തലിലും വലഞ്ഞിരുന്ന ഗോത്രവര്‍ഗക്കാരും മറ്റും ആവേശത്തോടെ അദ്ദേഹം പ്രതിനിധാനംചെയ്ത Cambio 90 (മാറ്റം) എന്ന ഇടതുപക്ഷസഖ്യത്തിന് വോട്ടുചെയ്തപ്പോള്‍ പരാജയപ്പെട്ടത് പ്രസിഡന്റാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ച സാക്ഷാല്‍ യോസ തന്നെയായിരുന്നു. എന്നാല്‍, വൈകാതെതന്നെ ഫുജിമോറിയും മറ്റൊരു ഏകാധിപതിയായി മാറി. അദ്ദേഹം ഭരണഘടന മാറ്റിയെഴുതി, പാര്‍ലമെന്റ് പിരിച്ചുവിട്ടു. രാജ്യം അഴിമതിയിലേക്കും കെടുകാര്യസ്ഥതയിലേക്കും തലകുത്തിവീണു. ഒടുവില്‍ മറ്റെല്ലാ ഏകാധിപതികളെയുംപോലെ അദ്ദേഹവും സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. 

ഇനി യോസയുടെ കഥയിലേക്കു വരാം. മലയിടുക്കില്‍ കാടിനുനടുവിലുള്ള ഒരു സത്രത്തിലാണ് കഥ നടക്കുന്നത്. സത്രം സൂക്ഷിപ്പുകാരിയായ ദോന്യ മെര്‍ച്ചിദിത്താസ് എന്ന സ്ത്രീ മാത്രമേ അവിടെയുള്ളൂ. അവളുടെ അടുത്തേക്ക് ജമൈക്കന്‍ എന്നു വിളിപ്പേരുള്ള ഒരു കുറ്റവാളി എത്തിച്ചേരുന്നു. അയാള്‍ അവളുടെ മകനായ ന്യൂമയെത്തേടി വന്നതാണ്. അയാളവളെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിക്കുന്നു. പിന്നെ കെട്ടിയിടുന്നു. ഇപ്പോള്‍ അവളൊരു ഇരയാണ്, ദൂരെനിന്നു നോക്കിയാല്‍ അവള്‍ തന്നെ കാത്തിരിക്കുകയാണെന്ന് ന്യൂമ കരുതും. ജമൈക്കന്റെ കൂടെ വന്നിട്ടുള്ള, ഇപ്പോള്‍ ഒളിച്ചുനില്‍ക്കുന്ന പോലീസുകാര്‍ അവനെ കീഴ്‌പ്പെടുത്തുകയും ചെയ്യും.

സാഹിത്യസംബന്ധമായ വാര്‍ത്തകളും ലേഖനങ്ങളും അഭിമുഖങ്ങളും വായിക്കാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ.

ന്യൂമ വന്നു; പിടിയിലാവുകയും ചെയ്തു. പക്ഷേ, വനത്തില്‍ അവന്റെ കൂട്ടാളികള്‍ ഒളിച്ചിരിപ്പുണ്ട്. അതറിയാവുന്ന പോലീസുകാരോട് ജമൈക്കന്‍ തന്നെയും അവരോടൊപ്പം കൊണ്ടുപോകാന്‍ ആവശ്യപ്പെടുന്നു. അവര്‍ക്കാവട്ടെ, ന്യൂമയെ മതി. ഒറ്റുകാരനെ അവര്‍ക്കിനി ആവശ്യമില്ല. ഫുജിമോറിയുടെ കാര്യത്തില്‍ സംഭവിച്ചതും ഇതുതന്നെയല്ലേ? ജനങ്ങളെ സഹായിക്കാനെന്ന ഭാവത്തില്‍ അധികാരത്തിലേറിയ അദ്ദേഹം ക്രമേണ ജനാധിപത്യത്തിന്റെ ഒറ്റുകാരനായി മാറി. ജനങ്ങള്‍ ആ ഏകാധിപതിയെ നിരാകരിക്കുകയും ചെയ്തു.

placeholder
പുസ്തകത്തിന്റെ കവര്‍ പേജ്‌

പിന്നീട് ഫുജിമോറിയെത്തന്നെ കഥാപാത്രമാക്കിക്കൊണ്ട് യോസ എഴുതിയ നോവലാണ് 'The Neighbourhood.' തൊണ്ണൂറുകളിലെ പെറുവിന്റെ അവസ്ഥാവിശേഷമാണ് അപവാദങ്ങള്‍ നിറഞ്ഞ, പള്‍പ്പ് ഫിക്ഷന്റെ രൂപത്തിലുള്ള ഈ നോവലില്‍ എഴുതപ്പെട്ടിരിക്കുന്നത്. പെറുവിന്റെ തലസ്ഥാനമായ ലിമയുടെ അയല്‍പ്രദേശമായ, ദാരിദ്ര്യംനിറഞ്ഞ ബാരിയോസ് അല്‍തോസാണ് അപവാദങ്ങളുടെ പ്രഭവസ്ഥാനം.

ഫുജിമോറി നേരിട്ട് നോവലില്‍ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ വിശ്വസ്തനും രഹസ്യപ്പോലീസ് തലവനുമായ, ഡോക്ടര്‍ എന്നറിയപ്പെടുന്ന വ്‌ലാദിമിറോ മൊന്‍തെസിനോസിലൂടെ ഏകാധിപത്യത്തിന്റെ ഗുരുത്വാകര്‍ഷണം കഥാപാത്രങ്ങളിലേക്കും തുടര്‍ന്ന് വായനക്കാരിലേക്കുമെത്തുന്നു.

സമഗ്രാധിപത്യത്തിന്റെ വികൃതമുഖം അനാവരണം ചെയ്യാന്‍ പലപ്പോഴും അതിരുകടക്കുന്ന ലൈംഗികതയാണ് ഈ നോവലില്‍ യോസ ഉപയോഗിക്കുന്നത്. നോവലിലെ പ്രധാന കഥാപാത്രങ്ങളിലൊരാളും ധനികനുമായ എന്റിക്വിന്റെ ഭാര്യ മരിസയും എന്റിക്വിന്റെ സുഹൃത്തായ ലുസിയാനോയുടെ ഭാര്യ ചാബെലയും തമ്മിലുള്ള ശാരീരികവേഴ്ചയോടെയാണ് നോവല്‍ തുടങ്ങുന്നതുതന്നെ. തുടര്‍ന്ന് കുപ്രസിദ്ധ മഞ്ഞപ്പത്രമായ എക്‌സ്‌പോസ്ഡിന്റെ പത്രാധിപരായ റൊലാന്‍ദോ ഗാരോ എന്റിക്വിനെ കാണാനെത്തുന്നു. 

ഒരു മദ്യപാനക്കൂത്തില്‍ എന്റിക്വ് അഴിഞ്ഞാടുന്ന ഫോട്ടോ കാണിച്ച്, തന്റെ പത്രത്തിനു വേണ്ടി പണം നിക്ഷേപിച്ചില്ലെങ്കില്‍ ആ ഫോട്ടോ പരസ്യപ്പെടുത്തും എന്ന ഭീഷണിയുമായാണ് അയാളുടെ വരവ്. എന്റിക്വ് വഴങ്ങുന്നില്ല. അടുത്ത ദിവസം ചിത്രം പത്രത്തില്‍ അടിച്ചുവരുന്നു. അതോടെ, എന്റിക്വിന്റെയും ലുസിയാനോയുടെയും കുടുംബങ്ങള്‍ അപവാദങ്ങളില്‍പ്പെട്ട് തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. കശ്മലനായ റൊലാന്‍ദോ ഗാരോ വരുംദിവസങ്ങളില്‍ മൃഗീയമായി കൊല്ലപ്പെടുകകൂടി ചെയ്യുന്നതോടെ അവരുടെമേലുള്ള കെട്ട് ഒന്നുകൂടി മുറുകുന്നു.

ഈ നോവല്‍ യോസയുടെ ഏറ്റവും മോശപ്പെട്ട പുസ്തകമാണെന് 'The Guardian' ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ എഴുതി. മഞ്ഞപ്പത്രങ്ങളെ വെല്ലുന്ന അശ്ലീലഭാഷ ഉപയോഗിച്ചു, ധനികരുടെ ജീവിതത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച്, പാവപ്പെട്ടവരും എന്നാല്‍ കഥാഗതി നിയന്ത്രിക്കുന്നവരുമായ കഥാപാത്രങ്ങളുടെ തെളിച്ചം കെടുത്തി എന്നിങ്ങനെയുള്ള വിചിത്രമായ കാരണങ്ങളാണ് നിരൂപകര്‍ ഉന്നയിച്ചത്.

പക്ഷേ, ഏകാധിപത്യത്തിന്റെ അശ്ലീലസ്വഭാവത്തിനാണ് യോസ അടിവരയിടുന്നതെന്ന കാര്യം അവര്‍ എന്തുകൊണ്ടോ മറന്നുപോയി. അവിഹിതബന്ധത്തിലെ ശാരീരികഹര്‍ഷത്തിനിടയില്‍ മരിസയുടെ മനസ്സിനെപ്പറ്റി നോവലില്‍ പറയുന്നതിങ്ങനെ: 'വികാരോദ്ദീപനത്തിനിടയില്‍, എന്തൊരു അസംബന്ധം, അവള്‍ നിശാനിയമത്തെപ്പറ്റി, കാണാതാകലുകളെപ്പറ്റി, തട്ടിക്കൊണ്ടുപോകലിനെപ്പറ്റി, തീവ്രവാദികളുടെ ബോംബിനെപ്പറ്റി ചിന്തിക്കുന്നതു തുടര്‍ന്നു: എന്തൊരു രാജ്യം! എന്തൊരു രാജ്യം!' ഒരു ഭൂവിഭാഗം മൊത്തമായി അശ്ലീലക്കാഴ്ചയായി മാറുകയാണിവിടെ.

സാഹിത്യസംബന്ധമായ വാര്‍ത്തകളും ലേഖനങ്ങളും അഭിമുഖങ്ങളും വായിക്കാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ.

പെറുവിലെ പുതിയ എഴുത്തുകാരിലൊരാളായ സാന്‍തിയാഗോ റൊന്‍കാന്‍ഗ്ലിയോളോ (Santiago Rongcangliolo) എഴുതിയ 'Hi, This is Conchita' എന്ന നീണ്ടകഥകൂടി യോസയുടെ നോവലിനോടൊപ്പം ഓര്‍ക്കേണ്ടതുണ്ട്. ടെലിഫോണ്‍ നമ്പറുകള്‍ അധ്യായങ്ങളായി വരുന്ന, ഫോണ്‍ സംഭാഷണങ്ങളുടെ രൂപത്തിലെഴുതിയ കഥയാണിത്. സംഭാഷണങ്ങള്‍ നിറയെ ലൈംഗികതയും കബളിപ്പിക്കലുമാണ്. 

ഏകാധിപതിയായ ഫുജിമോറിക്കുശേഷം അധികാരത്തിലേറിയ അഞ്ചോളം രാഷ്ട്രത്തലവന്മാര്‍ അഴിമതിയും മറ്റും കാരണം തടവറയിലായ പെറുവില്‍ എല്ലാ ബന്ധങ്ങളും അവിഹിതങ്ങളാണെന്നാണോ റൊന്‍കാന്‍ഗ്ലിയോളോ ഉദ്ദേശിക്കുന്നത്? കഥയില്‍നിന്ന്: 'അവളെ ആശ്വസിപ്പിക്കുന്നതിനുവേണ്ടി, ഞാന്‍ സംഭാഷണങ്ങളെ അത്രയൊന്നും ശ്രദ്ധിച്ചില്ല.' മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാതിരിക്കുക എന്നത് ആശ്വാസമാണ്, ചിലപ്പോള്‍ വഷളത്തരവും. എപ്പോള്‍, എങ്ങനെ അവസാനിക്കുമെന്ന് ഒരു നിശ്ചയവുമില്ലാത്ത ഗ്രഹണമാണ് ഏകാധിപത്യം. അതിന്റെ നിഴലുകള്‍ എല്ലായിടത്തേക്കും നീളും,  അഴിമതിയായും അപവാദമായും അശ്ലീലമായും.