രാജ്യത്തെ ഗ്രന്ഥശാലകളെയൊന്നാകെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കത്തെക്കുറിച്ച് കേരള ശാസ്ത്ര സാഹിത്യപരിഷത്ത് മുന്‍ പ്രസിഡന്റ് പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്‍ എഴുതുന്നു.
ഗ്രന്ഥപ്പുരകളെ കാവിവത്കരിക്കുമ്പോള്‍
ഇന്ത്യയിലെ ലൈബ്രറികളുടെ പ്രവര്‍ത്തനങ്ങളെ ഭരണഘടനയുടെ സമവര്‍ത്തിപ്പട്ടിക (കണ്‍കറന്റ് ലിസ്റ്റ്)യില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തോടെ കേന്ദ്രസര്‍ക്കാര്‍, സാംസ്‌കാരികരംഗത്തെ കാവിവത്കരണത്തിനുള്ള മറ്റൊരു അജന്‍ഡകൂടി പുറത്തെടുത്തിരിക്കയാണ്. ഇപ്പോള്‍ വ്യാപകമായി ചര്‍ച്ചചെയ്യുന്ന പുതിയ വിദ്യാഭ്യാസനയം, പാഠപുസ്തകങ്ങളിലെ ഇഷ്ടമല്ലാത്ത ഭാഗങ്ങള്‍ വെട്ടിമാറ്റല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഈ നീക്കത്തെ കാണേണ്ടിയിരിക്കുന്നു.
കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ നടന്ന ഫെസ്റ്റിവല്‍ ഓഫ് ലൈബ്രറീസ് 2023-ന്റെ വേദിയില്‍ ഇതുസംബന്ധിച്ച നിയമം സമീപഭാവിയില്‍ത്തന്നെ പാര്‍ലമെന്റില്‍ വരുകയാണെന്ന് ഇന്ത്യയിലെ ലൈബ്രറികളുടെ ആസ്ഥാനമായ രാജാറാം മോഹന്റായ് ഫൗണ്ടേഷന്റെ അധ്യക്ഷന്‍ സൂചിപ്പിച്ചിരിക്കുന്നു. ഈ സ്ഥാപനം ഇപ്പോള്‍ത്തന്നെ കാവിവത്കരണത്തിന്റെ വഴിയിലാണ്. ഇന്ത്യയിലെ ലൈബ്രറികളെ ആധുനികീകരിക്കുന്നതിന്റെയും പൗരാണിക
സംസ്‌കാരം പ്രചരിപ്പിക്കുന്നതിന്റെയും ഭാഗമായാണത്രേ പുതിയ നീക്കങ്ങള്‍.
പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍
പ്രാദേശികമായുള്ള സാംസ്‌കാരിക വളര്‍ച്ചയിലും ജനങ്ങളുടെ വായനശീലത്തിലും ലൈബ്രറികള്‍ക്കുള്ള സ്ഥാനം അദ്വിതീയമാണ്. അതാതിടത്തെ സാം
സ്‌കാരികത്തനിമകള്‍ സംബന്ധിച്ച ചര്‍ച്ചകളിലും പ്രവര്‍ത്തനങ്ങളിലും ലൈബ്രറികള്‍ സുപ്രധാന പങ്കുവഹിക്കുന്നു. സ്വയം തീരുമാനമെടുക്കാന്‍ കഴിയുന്നു എന്നതാണ് ഇവയുടെ പ്രത്യേകത. പ്രാദേശികമായുള്ള സാംസ്‌കാരിക വൈവിധ്യങ്ങളെ നിലനിര്‍ത്താനും വളര്‍ത്താനും വികസിപ്പിക്കാനും ലൈബ്രറികള്‍ക്ക് കഴിയുന്നുണ്ട്. അതിന്റെ കാരണം പ്രാദേശികമായ ജനപങ്കാളിത്തവും തീരുമാനമെടുക്കുന്നതിലെ സ്വാതന്ത്ര്യവുമാണ്.
സ്വതന്ത്രരായ ലൈബ്രറികള്‍ സമവര്‍ത്തിപ്പട്ടികയിലേക്ക് വരുമ്പോള്‍ വിവിധ സര്‍ക്കാരുകളുടെ നിയന്ത്രണവും ഇടപെടലും വഴി ആയിരിക്കും മേലില്‍ കാര്യങ്ങള്‍ തീരുമാനിക്കുക. അവ സ്വാഭാവികമായും സര്‍ക്കാര്‍നയത്തിന്റെ ഭാഗമാകും. സര്‍ക്കാര്‍ അജന്‍ഡ നടപ്പാക്കാനുള്ള വേദികളായി മാറുക എന്നതുമായിരിക്കും ഫലം. സര്‍ക്കാര്‍വക ഫണ്ടിങ് രീതി, സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പുസ്തകങ്ങള്‍ വാങ്ങല്‍, പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കല്‍ എന്നിവ നിയമവിധേയമാകും. നിയമം പാലിച്ചില്ലെങ്കില്‍ ഫണ്ട് ഇല്ലാതാകും; പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കും.
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി കഴിഞ്ഞ പത്തുകൊല്ലമായി നടപ്പാക്കിവരുന്ന നിയമങ്ങളെല്ലാം രാജ്യ-ജന താത്പര്യങ്ങള്‍ക്കുപരിയായി സ്വന്തം രാഷ്ട്രീയ അജന്‍ഡ നടപ്പാക്കുന്ന രീതിയിലാണ്. അത് കൃഷിയിലായാലും കാട്ടിലായാലും സഹകരണത്തിലായാലും വിദ്യാഭ്യാസത്തിലായാലും ഗവേഷണത്തിലായാലുമെല്ലാം നാം കണ്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ലൈബ്രറികള്‍ക്കുമേല്‍വരുന്ന നിയന്ത്രണങ്ങളും വ്യത്യസ്തമാകാനിടയില്ല. അങ്ങനെവരുമ്പോള്‍ ഹിന്ദുത്വ അജന്‍ഡ വഴിയുള്ള കാവിവത്കരണംതന്നെ ആയിരിക്കും ലൈബ്രറികളിലും നടക്കുന്നത്. അവ സാംസ്‌കാരിക രംഗത്തെ കാവിവത്കരിക്കാനുള്ള പ്രാദേശിക നടപടികളായി മാറും.
ലൈബ്രറികള്‍ക്ക് പ്രാദേശികമായി തീരുമാനമെടുക്കാനുള്ള അവകാശം ഇല്ലാതാകും; അവയുടെ സ്വയംഭരണം നഷ്ടമാകും. എന്ത് വായിക്കണം, അതിനായി എന്തൊക്കെ വാങ്ങണം, ഏതൊക്കെ പുസ്തകങ്ങള്‍ക്കായിരിക്കണം മുന്‍ഗണന എന്നൊക്കെ നിര്‍ദേശിക്കപ്പെടും. അതില്‍ത്തന്നെ സംസ്‌കൃതം, ഹിന്ദി പുസ്തകങ്ങളില്‍ ഏതൊക്കെ, വേദം, ഇതിഹാസം, പുരാണം, താന്ത്രികവിദ്യ, എന്നിവയ്‌ക്കൊക്കെയായിരിക്കും മുന്‍ഗണന. പ്രാദേശികമായ സാംസ്‌കാരിക വൈവിധ്യത്തിനും ആവശ്യങ്ങള്‍ക്കുമനുസരിച്ച പ്രവര്‍ത്തനങ്ങള്‍ ലൈബ്രറിക്ക് അസാധ്യമായി മാറും. പ്രാദേശിക വായനയുടെ ആവശ്യങ്ങള്‍ നടപ്പാക്കാതെപോകും. ലൈബ്രറികളെ നിയന്ത്രിക്കുന്നതില്‍ പുതിയ സംവിധാനങ്ങളും ഉദ്യോഗസ്ഥരും വരും. ആദ്യം സമവര്‍ത്തിപ്പട്ടികയിലും പിന്നീട് കേന്ദ്രപട്ടികയിലുമായിരിക്കുമത്രേ ലൈബ്രറികളെ ഉള്‍ക്കൊള്ളിക്കുന്നത്. സഹകരണരംഗത്തും ഇതേ രീതിയില്‍ത്തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. നിലവിലുള്ള ലൈബ്രറികളെ നിയന്ത്രിക്കാന്‍ പരമാവധി ശ്രമിക്കും. കഴിയാത്തിടങ്ങളില്‍ സ്വന്തം ലൈബ്രറികള്‍ തുടങ്ങി അഫിലിയേഷനും നല്‍കും.
ആശയ പ്രചാരണ കേന്ദ്രമാകുമോ?
പേടിപ്പെടുത്തുന്ന മറ്റൊരു കാര്യം, ലൈബ്രറികളെ ആധുനികീകരിക്കുക എന്ന നിര്‍ദേശമാണ്. ലൈബ്രറികള്‍ പുതിയ രീതിയില്‍ ഡിജിറ്റൈസ് ചെയ്‌തേക്കും. അതേസമയംതന്നെ, കേന്ദ്രസര്‍ക്കാര്‍ വിവിധരംഗങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന നിയമനിര്‍മാണങ്ങള്‍ (ഗവേഷണം, വിദ്യാഭ്യാസം, ഡേറ്റാ നിയന്ത്രണം, അറിയാനുള്ള അവകാശം എന്നിങ്ങനെ) ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുംവിധം എല്ലാ അധികാരങ്ങളും കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന രീതിയിലാണ്. 'ഒരു രാജ്യം, ഒരു ഡിജിറ്റല്‍ ലൈബ്രറി' എന്ന രീതിയില്‍ പ്രചാരണംനടക്കുന്നതായി ഡല്‍ഹി സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ പറയുകയുണ്ടായി. ഈ രീതിയില്‍ വിഭാവനംചെയ്യുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ എന്തായിരിക്കും ജനങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നതെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
കേന്ദ്രസര്‍ക്കാരിന്റെ കേവലമായ പ്രചാരണ ഉപാധികളും ആവിഷ്‌കരണകേന്ദ്രങ്ങളുമായി ലൈബ്രറികള്‍ മാറിപ്പോകും. പുതിയ വിദ്യാഭ്യാസനയത്തിലൂടെ, എന്തുപഠിക്കണമെന്നും പാഠഭാഗങ്ങള്‍ വെട്ടിമാറ്റിയതിലൂടെ എന്തൊക്കെ പഠിക്കാന്‍ പാടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്. മേലില്‍ എന്തുവായിക്കണമെന്നും എങ്ങനെ വായിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കും എന്നതിലേക്കുള്ള രാഷ്ട്രീയനീക്കമാണ് ലൈബ്രറികളിലൂടെ നടക്കുന്നത് എന്ന കാര്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം കൂടുതല്‍ ആഘാതംസൃഷ്ടിക്കുക കേരളത്തിനായിരിക്കും.
ചെറുത്തു തോല്‍പ്പിക്കണം
പുതിയ നിയമത്തോടെ, ലൈബ്രറികളുടെ പ്രാദേശിക, സന്നദ്ധ, ജനകീയ സ്വഭാവങ്ങളും സ്വയംഭരണാവകാശവും നിഷേധിക്കപ്പെടും. ഫണ്ടുവഴി ഒരു പുതിയ രാഷ്ട്രീയവിധേയത്വം ശക്തിപ്പെടും. അതുവഴി ഏതുപുസ്തകം വാങ്ങണം ഏത് വായിക്കണം എന്ത് വായിക്കണം എന്നതിന് നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും വരും. പ്രാദേശിക വൈവിധ്യത്തിന്റെ സംസ്‌കാരികകേന്ദ്രങ്ങള്‍ എന്നനിലയ്ക്കുള്ള ലൈബ്രറിപ്രവര്‍ത്തനസാധ്യത ഇല്ലാതാകും. ഇത് രാജ്യത്തെ ജനങ്ങള്‍ക്ക് പൊതുവിലും കേരളത്തിലെ ജനങ്ങള്‍ക്ക് പ്രത്യേകമായും വലിയ ആഘാതമുണ്ടാക്കുന്നതായിരിക്കും. അത്തരമൊരു നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്താനൊരുങ്ങുന്നത്. ഇതിനെതിരേ ജാഗരൂകരാകണം. എന്തുവിലകൊടുത്തും എതിര്‍ത്തുതോല്‍പ്പിക്കണം.
വായനശാലകളും കേരളവും
ഇന്ത്യയിലെ പൊതു അവസ്ഥയില്‍നിന്ന് ഏറെ വ്യത്യസ്തമായി വളരെമുമ്പുതന്നെ പടര്‍ന്നുപന്തലിച്ച ഒരു ലൈബ്രറി സംവിധാനം കേരളത്തിലുണ്ട്. മലബാറില്‍, ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായും കൊച്ചിയില്‍, സര്‍ക്കാരിന്റെ റൂറല്‍ ലൈബ്രറികളായും തിരുവിതാംകൂറില്‍ രാജാവ് നേരിട്ടും ലൈബ്രറികള്‍ സ്ഥാപിച്ചിരുന്നു. ഇവയെല്ലാം ചേര്‍ന്ന് വളര്‍ന്നുപന്തലിച്ചതാണ് കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനം. 1829-ല്‍ തിരുവനന്തപുരത്ത് രാജാവ് ഒരു പബ്ലിക് ലൈബ്രറി ആരംഭിച്ചിരുന്നു. ഇന്ത്യയില്‍, കേരളത്തിനുപുറത്ത് ആദ്യത്തെ ലൈബ്രറി 1836-ലാണ് കൊല്‍ക്കത്തയില്‍ ആരംഭിക്കുന്നത്. കേരളത്തില്‍ നവോത്ഥാന ആശയങ്ങളെയും സ്വാതന്ത്ര്യസമര ആശയങ്ങളെയും ജനങ്ങളില്‍ എത്തിക്കുന്നതില്‍ ഇവിടത്തെ പത്ര-പുസ്തക പ്രചാരണവും വായനയും പ്രധാന പങ്കുവഹിച്ചിരുന്നല്ലോ. ഇവയ്‌ക്കൊക്കെയുള്ള ഗ്രാമീണ ആസ്ഥാനങ്ങളായിയിരുന്നു ഇവിടത്തെ ലൈബ്രറികള്‍.
കേരളത്തിലെ ലൈബ്രറിപ്രസ്ഥാനം പ്രാദേശികമായി, ജനകീയമായി, സന്നദ്ധമായി വളര്‍ന്നുവന്ന സ്വതന്ത്രസംവിധാനമാണ്. അതിന്റെ വളര്‍ച്ചയില്‍ പിന്നീട് തദ്ദേശഭരണ സ്ഥാപനങ്ങളും സര്‍ക്കാരും പല വിധത്തില്‍ സഹായിക്കുകയായിരുന്നു. 1990-കളിലുണ്ടായ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍, ഒരു നിയന്ത്രണ ഉപാധിയായല്ല പ്രവര്‍ത്തിക്കുന്നത്. മറിച്ച്, ലൈബ്രറികള്‍ക്കുള്ള പിന്തുണാസംവിധാനമായാണ്. ഇത്തരം പിന്തുണവഴി താഴെനിന്ന് മുകളിലേക്കാണ് ലൈബ്രറികള്‍ ഉയര്‍ന്നുവന്നത്.
തദ്ദേശഭരണ സ്ഥാപനങ്ങളായ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍, സംസ്ഥാനസര്‍ക്കാര്‍ എന്നീ ശ്രേണീയായി പ്രവര്‍ത്തിക്കുന്നതുപോലെ ലൈബ്രറികള്‍, താലൂക്ക്, ജില്ലാ, സംസ്ഥാന കൗണ്‍സിലുകള്‍ എന്നീ തലങ്ങളിലാണ് വായനശാലകള്‍ പ്രവര്‍ത്തിക്കുന്നത്. അവയെല്ലാം പൂരകമായും ജനാധിപത്യപരമായ രീതിയില്‍ തിരഞ്ഞെടുക്കുന്ന സംവിധാനങ്ങളാണ്താനും. ലൈബ്രറികള്‍ തമ്മില്‍ പരസ്പരം കീഴ്പ്പെട്ടല്ല, മറിച്ച് പൂര്‍ണമായും സഹായകമായുമാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഒന്നും അടിച്ചേല്പിക്കുന്നില്ല; അടിച്ചേല്പിക്കല്‍ അസാധ്യവുമാണ്.
ഇവയുടെ ഏകോപനം നടക്കുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടാണ്. ഈ വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍നിന്നാണ് ലൈബ്രറി കൗണ്‍സിലിന് പണം ലഭിക്കുന്നത്. അത് ലൈബ്രേറിയന്‍ന്മാരുടെ അലവന്‍സ്, പുസ്തകം വാങ്ങല്‍, സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കല്‍, പ്രത്യേക പരിപാടികള്‍ എന്നിവയ്ക്കായി ചെലവഴിക്കുന്നു. പ്രാദേശികമായി നാട്ടിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായി ലൈബ്രറികളില്‍ ബാലവേദി, വനിതാവേദി, യുവജനവേദി, വയോജനവേദി എന്നിവ പ്രവര്‍ത്തിക്കുന്നു. കരിയര്‍ ഗൈഡന്‍സും നടക്കുന്നു. കേന്ദ്രത്തിന്റെ പുതിയ നിയമനിര്‍മാണം ഈ വൈവിധ്യത്തെ പൂര്‍ണമായി തകര്‍ക്കും.
കേരളത്തെ അന്യപ്രദേശങ്ങള്‍ മാതൃകയാക്കിയതില്‍ ഇവിടത്തെ ലൈബ്രറി പ്രവര്‍ത്തനങ്ങളും ഉള്‍പെടും. 'വായിക്കുക, വളരുക' എന്നത് കേരളീയരുടെ ശീലമാക്കിയത് ഇവിടത്തെ ലൈബ്രറികളാണ്. അറിവിന്റെ സാര്‍വത്രികവത്കരണത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തുപോലുള്ള, ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരാന്‍ പിന്തുണയേകിയതില്‍ പ്രധാനം ലൈബ്രറികളാണ്. കേരളത്തിലെ പരിസ്ഥിതി അവബോധത്തിന്റെ സൃഷ്ടി, ജനാധിപത്യ-മതേതര മൂല്യങ്ങളുടെ പ്രചാരണം, ലിംഗസമത്വചര്‍ച്ച എന്നീ രംഗങ്ങളിലെല്ലാം ലൈബ്രറികളുണ്ട്. ഇവയൊക്കെ ഇനിയും മെച്ചപ്പെടുത്താന്‍ ലൈബ്രറി കൗണ്‍സിലിന് ബാധ്യതയുമുണ്ട്. അതുവഴിമാത്രമേ ജനങ്ങളും സമൂഹവും ലൈബ്രറികളും തമ്മില്‍ ഇഴചേര്‍ന്ന ബന്ധം ശക്തിപ്പെടുകയുള്ളൂ.
Content Highlights: Prof. T.P Kunhikannan, Library Council, Libraries, Concurrent List, Mathrubhumi
Published: 08 Aug 2023, 02:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented