ലോകത്തില്‍ പുരോഗമനപ്രസ്ഥാനങ്ങള്‍ നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുമെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. സ്വയം നവീകരിക്കാനും കൂടുതല്‍ സുന്ദരമായ സമൂഹം സൃഷ്ടിക്കാനുമുള്ള പ്രകിയയില്‍ ഉള്‍ച്ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ ശ്രമിക്കുമ്പോഴാണ് ഒരു പ്രസ്ഥാനം പുരോഗമനപരവും പ്രസക്തവുമായിത്തീരുന്നത്. ആശയപരമായ ഈ ചട്ടക്കൂടിനകത്താണ് നവചിന്തകള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയത്. വ്യത്യസ്ത ധാരകളായി ഉറവയെടുത്ത് ഒരു പ്രവാഹമായി മാറി കേരളത്തിന്റെ സാമൂഹിക - സാംസ്‌കാരിക - രാഷ്ട്രീയ മണ്ഡലങ്ങളെ അത് മാറ്റിപ്പണിതു. അനാചാരങ്ങളെ അത് കടപുഴക്കിയെറിഞ്ഞെങ്കിലും അനാചാരങ്ങളുടെ വിളഭൂമിയായിരുന്ന ജാതിപ്രത്യയശാസ്ത്രത്തെ തകര്‍ത്തെറിയാന്‍ അതിനു സാധിച്ചില്ല. എന്നിരുന്നാലും നവകേരളമെന്ന സ്വപ്നം അത് മുന്നോട്ടുവെച്ചു. മാറ്റത്തിന്റെ ചിന്തകള്‍ മലയാളിയുടെ മനസ്സില്‍ പ്രതിഷ്ഠിക്കാന്‍ പ്രചോദനമായതില്‍ വ്യക്തികളും എഴുത്തുകാരും കലാകാരന്മാരും മാത്രമല്ല, പ്രസ്ഥാനങ്ങളും ജനകീയസമരങ്ങളുമെല്ലാമുണ്ട്.
നവോത്ഥാനനായകന്മാരുടെ സാന്നിദ്ധ്യവും അവര്‍ കൈമാറിയ സന്ദേശങ്ങളും മാത്രമല്ല, അതിലൂടെ രൂപപ്പെട്ട ആശയങ്ങളും സാഹിത്യകൃതികളിലും കലാരംഗത്തുമെല്ലാം പ്രതിഫലിച്ചു. നവീകരണത്തിന്റെ ആശയലോകം കേരളത്തില്‍ വളര്‍ന്നുവരാനും തുടങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ മുതല്‍ കേരളത്തില്‍ ഗ്രന്ഥശാലകള്‍ ഉയര്‍ന്നുവരികയും തുടര്‍ന്ന് അതൊരു പ്രസ്ഥാനമായി വികസിക്കുകയും ചെയ്തു.
ആവിര്‍ഭാവകാലംമുതല്‍ നിരന്തരമായ നവീകരണപ്രക്രിയയിലൂടെയാണ് ഗ്രന്ഥശാലാപ്രസ്ഥാനവും കടന്നുപോയിട്ടുള്ളതെന്നു കാണാന്‍ കഴിയും. ഇന്ന് നിലവിലുള്ള ഗ്രന്ഥശാലാനിയമംപോലും ആ തുടര്‍പ്രക്രിയയുടെയും സമരങ്ങളുടെയും ഉത്പന്നമാണ്. ഒന്നാം ലൈബ്രറി കൗണ്‍സില്‍ നിലവില്‍ വന്നതോടെ നവീകരണപ്രക്രിയ ഊര്‍ജ്ജിതമായി. 1995-ല്‍ കൗണ്‍സില്‍ നടത്തിയ വായനസര്‍വേ കേരളീയസമൂഹത്തിന്റെ വായനലോകത്തിലേക്ക് വെളിച്ചംവീശുന്ന നിരവധി വസ്തുതകള്‍ കണ്ടെത്തി. ഗ്രന്ഥശാലകള്‍ക്ക് ആധുനികമായ മുഖം നല്‍കാനുള്ള ശ്രമങ്ങളാണ് തുടര്‍ന്നു നടന്നത്.
2019-ല്‍ അഞ്ചാം ലൈബ്രറി കൗണ്‍സിലും വീണ്ടുമൊരു വായനസര്‍വേ നടത്തി. സാങ്കേതികവിദ്യയുടെ വികാസം ലോകത്തെല്ലായിടത്തുമെന്നപോലെ കേരളത്തിലും ഒരു ദൃശ്യസംസ്‌കാരം വളര്‍ത്തിയെടുത്തു. ഒരു മലയാളി ശരാശരി മൂന്നു മണിക്കൂര്‍വരെ ടെലിവിഷനു മുന്നില്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. സ്ത്രീകളായ പ്രേക്ഷകര്‍ക്ക് സീരിയലുകളിലും പതിവു ഷോകളിലുമാണ് കൂടുതല്‍ അഭിരുചി. പുരുഷന്മാരാകട്ടെ ചാനല്‍ചര്‍ച്ചകളിലും സിനിമയിലുമാണ് ആഭിമുഖ്യം കാണിക്കുന്നത്.
ഫ്യൂഡല്‍കാലഘട്ടത്തിലെ ചിതലെടുത്ത ആശയങ്ങളാണ് സീരിയലുകളിലൂടെ ഇന്നും ആവിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സംവാദത്തിന്റെ സര്‍ഗ്ഗാത്മകത തൊട്ടുതെറിക്കാത്ത ചാനല്‍ചര്‍ച്ചകള്‍ സാംസ്‌കാരികകേരളത്തിന്റെ അധഃപതനമാണ് വെളിവാക്കുന്നത്. ഈ രണ്ടു പ്രവണതകളും മലയാളിയുടെ വായനാരീതികളെ മാറ്റിപ്പണിയുകയും പ്രാകൃതവും സാംസ്‌കാരികവിരുദ്ധവുമായ ആശയമണ്ഡലം വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു. ഇതിലൂടെ മലയാളി ദശാബ്ദങ്ങള്‍ക്കപ്പുറമുള്ള ഇരുണ്ടകാലത്തിന്റെ ഇടനാഴികളിലേക്ക് പറിച്ചെറിയപ്പെടുന്നത് സാംസ്‌കാരികപ്രബുദ്ധമായ കേരളത്തില്‍ എത്രമാത്രം അഭിശപ്തമായ കാഴ്ചയാണ്.
ഒന്നാം ലൈബ്രറി കൗണ്‍സിലിന്റെ കാലത്തുണ്ടായിരുന്ന അയ്യായിരത്തില്‍നിന്ന് കേരളത്തിലെ ലൈബ്രറികളുടെ എണ്ണം ഇന്ന് പതിനായിരത്തോടടുക്കുകയാണ്. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തിനിടെ ഡിജിറ്റല്‍ മീഡിയ രംഗത്തുണ്ടായ വിസ്മയകരമായ മാറ്റം മലയാളിയുടെ വായനയെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. മരിക്കുന്ന വായനയെ അല്ല, മാറുന്ന വായനയെയാണ് നാം ഇന്ന് കാണുന്നത്. മാറ്റങ്ങളുടെ ചരിത്രവഴികള്‍ താണ്ടി മുന്നേറിയ കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് ഇനിയും മുന്നോട്ടുപോകാന്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു എന്ന നിഗമനത്തിലാണ് ഇതു കൊണ്ടെത്തിക്കുന്നത്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും മണ്ഡലങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിലോമകരമായ പ്രവണതകളാണ്. ചരിത്രം ചവച്ചുതുപ്പിയ ജാതി-വര്‍ഗ്ഗീയ ആശയങ്ങളുടെ പുനഃസ്ഥാപനത്തിനായി മുറവിളികള്‍ മുഴങ്ങുന്നു. ആഗോളവത്കരണത്തിന്റെ അനുരണനങ്ങള്‍ സാംസ്‌കാരികമണ്ഡലത്തെ മാറ്റിപ്പണിയുന്നു. നമ്മുടെ ചരിത്രബോധത്തിനു മുകളില്‍ ഏകശിലാരൂപകമായ ആശയങ്ങളുടെ അപനിര്‍മ്മാണം സംഭവിക്കുന്നു. രാജ്യത്ത് ഉയര്‍ന്നുവരുന്ന സങ്കീര്‍ണ്ണമായ ഈ ദശാസന്ധിയില്‍ നിശ്ശബ്ദരായിരിക്കാനോ നിഷ്‌ക്രിയരായിരിക്കാനോ സാംസ്‌കാരികപ്രവര്‍ത്തകര്‍ക്ക് അവകാശമില്ല.
ഇത്തരമൊരു സാംസ്‌കാരികദുരവസ്ഥയിലേക്ക് നീങ്ങുന്ന നമ്മുടെ നാടിനെ രക്ഷിച്ചെടുക്കേണ്ടതും ഗ്രന്ഥശാലാപ്രവര്‍ത്തകരുടെ കടമയായി മാറുന്നു. ഈ പശ്ചാത്തലത്തിലാണ് ആറാം ലൈബ്രറി കൗണ്‍സില്‍ ഗ്രന്ഥശാലാനവീകരണനയരേഖ തയ്യാറാക്കിയത്. കേരളത്തിലെ പ്രമുഖരായ എഴുത്തുകാര്‍, സാംസ്‌കാരികപ്രവര്‍ത്തകര്‍, ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കള്‍ ഉള്‍പ്പെടെയുള്ള കേരളത്തിന്റെ സാംസ്‌കാരികമണ്ഡലത്തിന്റെ പരിച്ഛേദംതന്നെ രംഗത്തുവന്നു. ജനസാംസ്‌കാരികവൃന്ദം ഒത്തുചേര്‍ന്നു രൂപപ്പെടുത്തിയ നയരേഖയുടെ കരട് പ്രസിദ്ധപ്പെടുത്തി.
അക്ഷരസമൂഹത്തില്‍നിന്നു ലഭിച്ച നിര്‍ദ്ദേശങ്ങള്‍കൂടി പരിഗണിച്ച് വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് 'മുന്നേറ്റം 25' എന്ന നയരേഖയ്ക്ക് കൗണ്‍സില്‍ രൂപംനല്‍കിയത്. കേരള ഗ്രന്ഥശാലാനിയമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരണം, മലയാളഭാഷയെയും പുസ്തകത്തെയും വായനയെയും മാറ്റിനിര്‍ത്തിക്കൊണ്ടുള്ള പരിഷ്‌കാരങ്ങള്‍ അര്‍ത്ഥശൂന്യമായിരിക്കും, ആധുനിക സാങ്കേതികവിദ്യകളുടെ സാദ്ധ്യതകളെ വര്‍ത്തമാനകാലത്ത് ഗ്രന്ഥശാലാപ്രവര്‍ത്തനത്തില്‍ കൂട്ടിയിണക്കണം എന്നീ മൂന്നു കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് നയരേഖ തയ്യാറാക്കിയത്.
നയരേഖ അവതരിപ്പിക്കുന്നതിനായി വിളിച്ചുചേര്‍ത്ത ഗ്രന്ഥശാലാപ്രവര്‍ത്തകസംഗമം ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇടംപിടിച്ചു. 2022 ജൂണ്‍ 13ന് തിരുവനന്തപുരത്തു നടന്ന ഗ്രന്ഥശാലാപ്രവര്‍ത്തകസംഗമത്തില്‍ കേരളത്തിലെ പതിനാലു ജില്ലകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ആയിരത്തി നാനൂറോളം പ്രതിനിധികളാണ് പങ്കെടുത്തത്. സംഗമത്തില്‍ 'മുന്നേറ്റം 25' എന്ന നയരേഖ പ്രഖ്യാപിക്കുകയും ഗ്രന്ഥശാലാരംഗത്ത് നവീനമായ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയും ചെയ്തു. ചരിത്രസംഭവമായിത്തീര്‍ന്ന സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മലയാളത്തിലെ മഹാസാഹിത്യകാരന്മാരുടെ സംഗമവേദിയായിക്കൂടി സമ്മേളനം മാറി. ടി. പത്മനാഭന്‍, സച്ചിദാനന്ദന്‍, പെരുമ്പടവം ശ്രീധരന്‍, സുനില്‍ പി. ഇളയിടം, മധുപാല്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യവും പണ്ഡിതോചിതമായ പ്രഭാഷണങ്ങളും മഹാസംഗമത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കിത്തീര്‍ത്തു. കേരളത്തിലെ ഗ്രന്ഥശാലകള്‍ക്ക് നവോന്മേഷം പ്രദാനം ചെയ്ത സമ്മേളനം സാംസ്‌കാരികകേരളത്തിന് പുത്തനുണര്‍വ്വു പകര്‍ന്നുനല്‍കിയെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ ഭാവി ശോഭനമാണെന്ന പ്രതീക്ഷ സമ്മേളനം പങ്കുവെക്കുന്നു.
നമ്മുടെ സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്, അവയുടെ സവിശേഷതയ്ക്കനുസരിച്ച് ഗ്രന്ഥശാലാസേവനങ്ങളിലും പ്രവര്‍ത്തനങ്ങളിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. വൈജ്ഞാനികസമൂഹം കെട്ടിപ്പടുക്കുന്നതില്‍ പൊതുജനഗ്രന്ഥശാലകളുടെ ഉത്തരവാദിത്വങ്ങള്‍ വലുതാണ്. കേരളത്തിലെ ഗ്രന്ഥശാലകളുടെ സ്ഥിതിവിവരക്കണക്ക് പരിശോധിക്കുമ്പോള്‍ ഗ്രന്ഥശാലകള്‍ ഉപയോഗിക്കുന്നവരുടെ തോത് വളരെ കുറവാണ്. ഇതിനര്‍ത്ഥം വായന കുറയുന്നു എന്നല്ല. വായനയുടെ രീതികളില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു എന്നാണ്. വായനസമൂഹത്തെയാകെ ഗ്രന്ഥശാലകളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല എന്നതാണ് പ്രധാന പോരായ്മ. ഇത് മറികടക്കാനായി പ്രത്യേക പദ്ധതികള്‍, സേവനങ്ങള്‍ എന്നിവ നടപ്പിലാക്കേണ്ടതു സംബന്ധിച്ച് നയരേഖയില്‍ വിവരിച്ചിട്ടുണ്ട്.
വിജ്ഞാനം കേന്ദ്രമാക്കിയുള്ള സാമൂഹികവികസനം ലക്ഷ്യമാക്കി അതുവഴി വിജ്ഞാനസമ്പദ് വ്യവസ്ഥ രൂപപ്പെടുത്തുക ഇന്നത്തെ സമൂഹത്തിന്റെ ലക്ഷ്യമാണ്. ഇതിന്റെ അടിസ്ഥാനാവശ്യം എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യതയോടെ നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക എന്നതാണ്. നമ്മുടെ സംസ്ഥാനത്ത് ഓപ്പണ്‍ സര്‍വ്വകലാശാലകളില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബിരുദ ബിരുദാനന്തരബിരുദത്തിന് പഠിക്കുന്നുണ്ട്. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാകുംവിധം പൊതുജനഗ്രന്ഥശാലകളില്‍ അക്കാദമിക് പുസ്തകങ്ങള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ജേണലുകള്‍ എന്നിവയ്ക്കു പുറമേ കംപ്യൂട്ടറും ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാക്കണം.
ഓണ്‍ലൈന്‍ വഴി സ്റ്റഡി മെറ്റീരിയലുകള്‍, സിലബസുകള്‍, പുസ്തകങ്ങള്‍, ഇ ജേണലുകള്‍, ഡാറ്റാബേസുകള്‍, ജേണല്‍ ആര്‍ട്ടിക്കിള്‍, ഗവേഷണപ്രബന്ധങ്ങള്‍ ഇവയും ലഭ്യമാക്കണം. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനാവശ്യമായ വര്‍ക്ക് സ്‌പെയ്‌സും ഗ്രന്ഥശാലകളില്‍ ഒരുക്കാം. ഔപചാരികവിദ്യാഭ്യാസം നേടുന്നവര്‍ക്കും ഈ സേവനം ലഭ്യമാക്കാം. പ്രദേശത്തെ സര്‍വ്വകലാശാല, കോളേജ് അദ്ധ്യാപകര്‍ക്ക് പഠനനിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാധിക്കുംവിധത്തിലുള്ള ഓപ്പണ്‍ ലേണിങ് സെന്ററുകള്‍ നവതലമുറയുടെ ആകര്‍ഷകകേന്ദ്രങ്ങളാക്കി ഗ്രന്ഥശാലകളെ മാറ്റും.
അതുപോലെ അക്കാദമിക് സ്ഥാപനങ്ങളില്‍ സാമൂഹിക, ചരിത്ര, ഭാഷാ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ക്കും സ്വതന്ത്രമായി പ്രാദേശിക ഗവേഷണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും വിവരങ്ങള്‍ ലഭ്യമാക്കാനുള്ള പ്രാദേശികകേന്ദ്രമായി പൊതുജനഗ്രന്ഥശാലകള്‍ക്ക് പ്രവര്‍ത്തിക്കാനാവും. നമ്മുടെ പല ലൈബ്രറികളിലും പുരാതനവും അമൂല്യങ്ങളുമായ ഗ്രന്ഥങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും ശേഖരങ്ങളുണ്ട്. കാലപ്പഴക്കംമൂലം ഇവയില്‍ പലതും ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുകയാണ്. ഇവയെല്ലാം ഡിജിറ്റലൈസ് ചെയ്തും ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ ശേഖരിച്ചും വരുംതലമുറയ്ക്കായി അതിവേഗത്തില്‍ ശേഖരിക്കാന്‍ അടിയന്തരശ്രമം ഉണ്ടാവണം.
അത്തരം കേന്ദ്രങ്ങളില്‍ പഴയ ആനുകാലികങ്ങള്‍, പത്രങ്ങള്‍, സുവനീറുകള്‍, സെമിനാര്‍ റിപ്പോര്‍ട്ടുകള്‍, മോണോഗ്രാഫ്‌സ്, പ്രാദേശികചരിത്രരേഖകള്‍, പ്രമുഖവ്യക്തികളുടെ ഡയറികള്‍, കത്തുകള്‍, ഓര്‍മ്മക്കുറിപ്പുകള്‍, പ്രാദേശിക സാംസ്‌കാരിക വിവരങ്ങള്‍, ബിബ്ലിയോഗ്രാഫികള്‍ മുതലായവ സൂക്ഷിക്കുകയും വിഷയബന്ധിതമായ സൂചികകള്‍ സൂക്ഷിക്കുകയും വേണം. ഇതുവഴി അക്കാദമിക് സമൂഹം പൊതുജനഗ്രന്ഥശാലകളിലേക്കെത്തും.
സാധാരണജനങ്ങളുടെ ജോലി, വിദ്യാഭ്യാസം, ചികിത്സ, കൃഷി തുടങ്ങി വ്യക്തിഗത ആവശ്യങ്ങളുടെ വിവരങ്ങള്‍ നല്‍കുന്നതിനുപരി ആരോഗ്യസംബന്ധമായ പരിശോധനകള്‍, കുട്ടികളുടെ പ്രതിരോധകുത്തിവെപ്പ് ക്യാമ്പയിന്‍, മെഡിക്കല്‍ ക്യാമ്പ്, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കേന്ദ്രം, ബ്ലഡ് ഡൊണേഷന്‍ ഫോറം, കൗണ്‍സലിങ് മുതലായ പ്രാദേശികസമൂഹത്തിനാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്യൂണിറ്റി ഹബ്ബുകളായും ഗ്രന്ഥശാലകള്‍ക്ക് രൂപമാറ്റമുണ്ടാകണം. കുട്ടികളുടെ ബൗദ്ധിക സര്‍ഗ്ഗാത്മക കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ ക്രിയേറ്റീവ് ഹബ്ബുകളും ഇതോടനുബന്ധിച്ചു തയ്യാറാക്കണം. ഇത്തരം ഓണ്‍ലൈന്‍ ഹബ്ബുകളിലൂടെ വിദഗ്ദ്ധരെ ഉപയോഗിച്ച് കുട്ടികള്‍ക്കായി ശില്‍പ്പശാലകള്‍, ക്ലാസുകള്‍ എന്നിവ നല്‍കാം.
വനിതാ അംഗങ്ങള്‍ക്കായി ലൈബ്രറി കേന്ദ്രമാക്കി ചെറുകിടസംരംഭങ്ങള്‍ തുടങ്ങാനുള്ള ശില്‍പ്പശാലകള്‍, ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ്, സാമ്പത്തിക സാങ്കേതിക സഹായം എന്നിവയെക്കുറിച്ചുള്ള ക്ലാസുകള്‍ സംഘടിപ്പിക്കാം. സ്ത്രീപീഡനം, സ്ത്രീധനം എന്നിവയെക്കുറിച്ച് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ബോധവത്കരണം നടത്തുകയും കുടുംബശ്രീയുമായി ബന്ധപ്പെടുത്തി ഇത്തരത്തില്‍ കൂടുതല്‍ പരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയ്യണം.
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ 9300 ലൈബ്രറികള്‍ അഫിലിയേറ്റ് ചെയ്തതില്‍ 7000 എണ്ണം പ്രവര്‍ത്തനക്ഷമമാണ്. 5000 ലൈബ്രറികളില്‍ വായനവസന്തത്തിന്റെ ഭാഗമായി 20,000 വായനക്കൂട്ടം രൂപീകരിക്കണം. ഒരു ഗ്രന്ഥശാലയില്‍ നാല് വായനക്കൂട്ടങ്ങളുണ്ടാകും. ഓരോ വായനക്കൂട്ടവും മാസത്തില്‍ രണ്ടുതവണ ചേര്‍ന്ന് വായിച്ച പുസ്തകങ്ങളെ ആധാരമാക്കിയുള്ള ചര്‍ച്ചകളും സമകാലികവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളും സൃഷ്ടിപരമായ മറ്റ് അവതരണങ്ങളും നടത്തും. മികച്ചവ കണ്ടെത്തി മൂന്നുമാസത്തിലൊരിക്കല്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുപ്പിക്കും. മെന്റര്‍മാരുടെ മേല്‍നോട്ടത്തിലാണ് വായനക്കൂട്ടങ്ങള്‍ ചേരുന്നത്. ഗ്രന്ഥശാല ആവശ്യകതയ്ക്കനുസരിച്ച് മെന്റര്‍മാരെ നിയോഗിക്കുന്നതാണ്. മെന്റര്‍മാര്‍ക്ക് താലൂക്കടിസ്ഥാനത്തില്‍ പരിശീലനം നല്‍കും. മെന്റര്‍മാരുടെ സേവനം സൗജന്യമായിരിക്കും.
ഗ്രന്ഥശാലയിലെ നാല് വായനക്കൂട്ടങ്ങളെയും പങ്കെടുപ്പിച്ച് വര്‍ഷത്തില്‍ വായനാവസന്തം പരിപാടി നടത്തും. വിവിധ മത്സരങ്ങള്‍ കുട്ടികള്‍ക്കും വനിതകള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിക്കും. വിജയികള്‍ക്ക് പുസ്തകം സമ്മാനമായി നല്‍കും. ഒരു ഗ്രന്ഥശാലയിലെ നാലു വായനക്കൂട്ടങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസം ഒത്തുചേരും. മൂന്നു മാസത്തിലൊരിക്കല്‍ മത്സരങ്ങള്‍ നടത്തും. ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷത്തില്‍ രണ്ടു തവണ വായനക്കൂട്ടങ്ങളുടെ ഒത്തുചേരലായി വായനാവസന്തം മാറും. ജനകീയവായനയ്ക്ക് തുടക്കമാകുന്ന ഈ പദ്ധതിയിലെ വേദികള്‍ വീട്ടുമുറ്റങ്ങളായിരിക്കും. ഒരു വായനക്കൂട്ടത്തില്‍ പരമാവധി 50 പേര്‍ മാത്രമേ അംഗങ്ങളാകാവൂ. ഇത് ഗ്രന്ഥശാലകളെ കൂടുതല്‍ സജീവമാക്കും.
സാന്ത്വനപരിചരണത്തിനും ദുരിതനിവാരണപ്രവര്‍ത്തനങ്ങള്‍ക്കും സേവന സാക്ഷരതാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഗ്രന്ഥശാലകളുടെ സ്വന്തം സേനയായ അക്ഷരസേനയെ ഉപയോഗപ്പെടുത്തണം. സേനാംഗങ്ങളുടെ അഭിരുചിക്കനുസരിച്ച് പരിശീലനത്തിനു പുറമേ സന്നദ്ധപ്രവര്‍ത്തനത്തിനാവശ്യമായ ഉപകരണങ്ങള്‍ നല്‍കി സേനയെ നിലനിര്‍ത്തണം. വായനയെ ജനകീയവത്കരിക്കുന്നതിന്റെ ഭാഗമായി ലൈബ്രറികളുടെ പ്രവര്‍ത്തനപരിധിയില്‍പ്പെട്ടതും പൊതുജനങ്ങള്‍ ഒത്തുചേരുന്നതുമായ ഇടങ്ങളില്‍ പുസ്തകക്കൂട് ഒരുക്കണം. ലൈബ്രറികളില്‍ അംഗമല്ലാത്തവരെയും വായനയിലേക്കാകര്‍ഷിച്ച് ലൈബ്രറികളിലെത്തിക്കുകയാണ് പുസ്തകക്കൂടുകളുടെ ലക്ഷ്യം.
ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഗൈഡന്‍സ് കോഴ്‌സുകള്‍ നടത്തണം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ ശാസ്ത്രബോധം വളര്‍ത്താനും വര്‍ഗ്ഗീയതയെ ചെറുക്കാനും സാഹോദര്യവും സൗഹൃദവും ഊട്ടിവളര്‍ത്താനുമുള്ള പരിപാടികളും ഗ്രന്ഥശാലകളില്‍ സംഘടിപ്പിക്കണം.
ഗ്രന്ഥശാലാപ്രവര്‍ത്തകര്‍ പരിസ്ഥിതിസംരക്ഷണപരിപാടികളും ഏറ്റെടുക്കണം. ഗ്രന്ഥശാലകള്‍ വാര്‍ഷികോത്സവങ്ങള്‍ സംഘടിപ്പിക്കുകയും നാടകം, ഡാന്‍സ്, കഥാപ്രസംഗം തുടങ്ങിയവ തദ്ദേശീയമായി രൂപപ്പെടുത്തി അവതരിപ്പിച്ച് ഈ വാര്‍ഷികാഘോഷങ്ങളെ നാടിന്റെ ഉത്സവങ്ങളാക്കി മാറ്റണം. പ്രാദേശികചരിത്രവും ഗ്രന്ഥശാലാചരിത്രവും പ്രവര്‍ത്തനവും സംബന്ധിച്ച ഡോക്യുമെന്റേഷന്‍ ഗ്രന്ഥശാലകള്‍ നടത്തണം. രേഖപ്പെടുത്തുന്ന വിവരങ്ങള്‍ ജില്ലാ താലൂക്ക് തലത്തില്‍ ഏകോപിപ്പിക്കുകയും സമഗ്രമായ ഒരു ചരിത്രരേഖയായി സൂക്ഷിക്കേണ്ടതുമുണ്ട്.
എഴുത്തും വായനയും പുസ്തകപ്രസിദ്ധീകരണവും വിവരസാങ്കേതികവിദ്യയുടെ വഴിയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആധുനികകാലത്ത് വാര്‍ത്താവിനിമയം ഏറ്റവും കൂടുതല്‍ നടക്കുന്ന സോഷ്യല്‍ മീഡിയയില്‍ ഗ്രന്ഥശാലാപ്രവര്‍ത്തകര്‍ സജീവമായി ഇടപെടണം. ഗ്രന്ഥശാലാപ്രവര്‍ത്തനവും ആ വഴി സ്വീകരിക്കേണ്ടതുണ്ട്. കാറ്റലോഗിങ് രംഗത്താണ് ഇപ്പോള്‍ ലൈബ്രറികള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.
പണ്ട് താളിയോലകളിലാണ് പുസ്തകം നിര്‍മ്മിച്ചിരുന്നത്. അത് സൂക്ഷിക്കാനും വായിക്കാനുമായുള്ള സജ്ജീകരണങ്ങളും സൗകര്യങ്ങളുമാണ് ഉണ്ടായിരുന്നത്. പിന്നീട് കടലാസുവരികയും അച്ചടി സാര്‍വ്വത്രികമാവുകയും ചെയ്തതോടെ ഗ്രന്ഥാലയങ്ങളുടെ സ്വഭാവം മാറി. അത്തരം ഒരു ചരിത്രഘട്ടത്തില്‍ നാം വീണ്ടും ഒരു മാറ്റത്തിന് തയ്യാറാകേണ്ടതുണ്ട്. അച്ചടി എഴുത്തിനെയും വായനയെയും എങ്ങനെ മാറ്റിമറിച്ചുവോ അതുപോലെ ഡിജിറ്റല്‍ സൗകര്യം വന്നതോടെ വായന കൂടുതല്‍ വിപുലമായി. നിലവിലുള്ളതില്‍നിന്നും വ്യത്യസ്തമായ ഒരു വായനസമൂഹംതന്നെ ഉയര്‍ന്നുവന്നു. ഡിജിറ്റല്‍ വായന മാത്രമല്ല, ഡിജിറ്റല്‍ കേള്‍വിയും വ്യാപകമായിക്കഴിഞ്ഞു.
ഗ്രന്ഥങ്ങളുടെ ഓഡിയോ പതിപ്പുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പുസ്തകങ്ങള്‍ ഇ ബുക്കുകളായും ഓഡിയോ ബുക്കുകളായും മാറുന്നു. മറ്റു സാംസ്‌കാരികസ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവയുമായി സഹകരിച്ച് ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനം നടത്തണം.
ഗ്രന്ഥശാലകളെ സാങ്കേതികവിദ്യയുടെ സഹായത്താല്‍ ശൃംഖലാബദ്ധമാക്കുന്നതുവഴി പണ്ടൊരിക്കലുമില്ലാത്തവിധത്തില്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും വിഭവങ്ങള്‍, അനുഭവങ്ങള്‍ എന്നിവ പങ്കിടാനും കഴിയും. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ ആര്‍ക്കൈവുകള്‍, റഫറല്‍ ലൈബ്രറികള്‍ എന്നിവയെല്ലാം ഗ്രന്ഥശാലാംഗങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുംവിധത്തിലുള്ള വിപുലമായ നെറ്റ്വര്‍ക്ക് രൂപീകരിക്കാന്‍ കഴിയും. വായനശാലയില്‍ ഇ റീഡിങ്ങിനുള്ള സൗകര്യമൊരുക്കുക, പുസ്തകങ്ങളും ആനുകാലികങ്ങളും ഡിജിറ്റലായി ലഭ്യമാക്കുക, ഡിജിറ്റല്‍ കാറ്റലോഗിങ് എല്ലാ ഗ്രന്ഥശാലകളിലും നടപ്പിലാക്കുക എന്നിവ പരിഗണിക്കേണ്ടതാണ്. ഒരാള്‍ക്ക് അംഗത്വമുള്ള ലൈബ്രറിയില്‍ ഇല്ലാത്ത പുസ്തകം, ഏതു ലൈബ്രറിയില്‍ ലഭ്യമാണെന്നറിയാന്‍ കഴിയത്തക്കവിധം ഗ്രന്ഥശാലകളെ തമ്മില്‍ ബന്ധിപ്പിക്കുക.
ആധുനീകരണത്തിനും സാങ്കേതികമുന്നേറ്റത്തിനും ഉതകുന്നവിധം പ്രവര്‍ത്തനങ്ങളിലെ സമഗ്രമായ മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്ന നവീകരണനയരേഖയിലൂടെ ഗ്രന്ഥശാലാപ്രസ്ഥാനം മുന്നോട്ടുവെക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ലക്ഷ്യം സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ വാര്‍ഡിലും ലൈബ്രറി സ്ഥാപിക്കുകയെന്നതാണ്. സംഭവബഹുലമായ പ്രവര്‍ത്തനപന്ഥാവില്‍ സമൂലമായ മുന്നേറ്റമാണ് ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ വര്‍ത്തമാനകാലത്തുണ്ടായത്, പുതിയ പരിപാടിയിലൂടെ ഇനി ഉണ്ടാകാന്‍ പോകുന്നത്. പുതിയ കാലത്തെയും പുതിയ ലോകത്തെയും അഭിമുഖീകരിക്കാന്‍ പ്രതീക്ഷാനിര്‍ഭരമായ ചുവടുവെപ്പുകളോടെ കേരളത്തിലെ ഗ്രന്ഥശാലാപ്രവര്‍ത്തകര്‍ ഒറ്റമനസ്സായി മുന്നേറുകതന്നെ ചെയ്യും. ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും കാവല്‍മാടങ്ങളായി ഗ്രന്ഥശാലകള്‍ മാറും. അതിനായി ജാഗ്രതയോടെ കാവലിരിക്കാം. കാരണം, കത്തുന്ന കാലമാണ് കണ്‍മുമ്പില്‍ കടന്നുവന്നുകൊണ്ടിരിക്കുന്നത്.
തൂക്കണമൊരു റാന്തല്‍
തൊഴുത്തിലൂഴംവച്ചു കാക്കണമെന്‍
മക്കളേ പകലും രാവും നമ്മള്‍.
-വൈലോപ്പിള്ളി
(വി.കെ. മധുവിന്റെ 'ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകള്‍' എന്ന പുസ്തകത്തില്‍നിന്ന്.)
Content Highlights: Library council, Kerala, Uriyattam nilakkunna vakkukal book excerpts, V.K. Madhu
Published: 28 Jun 2023, 08:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented