ഇന്ത്യയിലെ ഉയര്‍ന്ന പ്രതിഫലമുള്ള പുരസ്‌കാരങ്ങളില്‍ പ്രമുഖമാണ് ജ്ഞാനപീഠ പുരസ്‌കാരം. വ്യവസായിയായ ശാന്തിപ്രസാദ് ജൈനിന്റെ മുന്‍കൈയില്‍ ആരംഭിച്ച, ഇന്ത്യയിലെ മികച്ച സാഹിത്യരചനകള്‍ക്ക് നല്‍കുന്ന ജ്ഞാനപീഠ പുരസ്‌കാരം ആദ്യം ലഭിച്ചത് ജി.ശങ്കരക്കുറുപ്പിന്റെ ഓടക്കുഴലിനായിരുന്നു. രണ്ടായിരത്തി ഇരുപതിലെ പുരസ്‌കാരത്തിന് അര്‍ഹനായ അസമിയ കവി നീല്‍ മണി ഫുക്കനെ പരിചയപ്പെടുത്തുകയാണ് ഈ കുറിപ്പ്. ഒപ്പം അസമിയ കവിതയുടെ പൊതു അന്തരീക്ഷത്തെക്കുറിച്ചും നീല്‍ മണി ഫുക്കന്റെ കാവ്യ സംഭാവനകളെക്കുറിച്ചും വിശദീകരിക്കുന്നു. ഡോ. ബീരേന്ദ്രകുമാര്‍ ഭട്ടാചാര്യയ്ക്കും ഡോ. ഇന്ദിര ഗോസ്വാമിയ്ക്കും ശേഷം അസമിയ സാഹിത്യത്തിന് ലഭിക്കുന്ന ജ്ഞാനപീഠ പുരസ്‌കാരമാണ് നീല്‍ മണിയുടേത്. പ്രകൃതിയും മനുഷ്യജീവിതവും ദാര്‍ശനികതയും ഫുക്കന്റെ കവിതയില്‍ എങ്ങനെ ഇടം പിടിക്കുന്നു എന്നും വിശദീകരിക്കുന്നു.
ജ്ഞാനപീഠ പുരസ്‌കാരം നിലവില്‍ വന്നത് 1965-ലാണ്. 56-ാമത് പുരസ്‌കാരം (2020-ലേത്) സമിതിയുടെ അധ്യക്ഷ ഡോ. പ്രതിഭ റോയ് പ്രഖ്യാപിച്ചപ്പോള്‍. അസമിയ കവി നീല്‍മണി ഫുക്കന്‍ എന്ന പേര് ഇന്ത്യന്‍ സാഹിത്യലോകത്ത് ഒരു നീലരത്നം പോലെ ദൃശ്യമായി. ഭാവനയുടെയും ജീവിതയാഥാര്‍ഥ്യത്തിന്റെയും ചരിത്രബോധത്തിന്റെയും ഇഴകള്‍ മേളിക്കുന്നതാണ് ഈ അസമിയ കവിയുടെ രചനാലോകം. ഈ രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ ചുവടുവെപ്പ് 1950 ദശകത്തിലായിരുന്നു.
ജ്ഞാനപീഠ പുരസ്‌കാരത്തിന്റെ ഉദ്ഭവം ഒരു വീട്ടുവര്‍ത്തമാനത്തില്‍നിന്നായിരുന്നു. പ്രമുഖ വ്യവസായി ശാന്തിപ്രസാദ് ജൈനിന്റെ 50-ാം പിറന്നാള്‍ വീട്ടുകാര്‍ ചേര്‍ന്ന് 1961 മേയ് 21-ന് ആഘോഷിക്കുകയായിരുന്നു. ആശംസകള്‍ ആഘോഷത്തിന് മാറ്റുകൂട്ടി. ഈ വേളയില്‍ ശാന്തിപ്രസാദിന്റെ സഹധര്‍മിണി രമാ ജൈന്‍ ഒരു അഭിപ്രായം മുന്നോട്ടുവെച്ചു: ''ഇന്ത്യയില്‍ പല ഭാഷകളുണ്ട്. എല്ലാ ഭാഷകള്‍ക്കും സമൃദ്ധസാഹിത്യവുമുണ്ട്. ആ നിലയ്ക്ക് ഓരോ വര്‍ഷവും ഈ ഭാഷകളിലെ ഒരു മികച്ച കൃതി തിരഞ്ഞെടുത്ത് അതിന് ദേശീയതലത്തില്‍ ഒരു സമ്മാനം നല്‍കുന്നത് ഉചിതമാകില്ലേ?'' അങ്ങനെയൊരു തിരഞ്ഞെടുപ്പ് ക്ലേശകരമായിരിക്കുമെന്ന് ഭര്‍ത്താവ് പറഞ്ഞെങ്കിലും ഭാര്യയുടെ നിര്‍ദേശം അദ്ദേഹം തള്ളിക്കളഞ്ഞില്ല. പണ്ഡിതന്മാരുമായി പലവട്ടം നടത്തിയ ചര്‍ച്ചകളിലൂടെ അമൂര്‍ത്ത ആശയം മൂര്‍ത്തമായിത്തുടങ്ങി. 1965-ല്‍ ഒരു തീരുമാനമായി.
മികച്ച കൃതി താരതമ്യ വിലയിരുത്തലിലൂടെ തിരഞ്ഞെടുക്കാം. ഭാഷാസമിതികളും മുകളില്‍ ഒരു 'പ്രവരപരിഷത്തും' രൂപവത്കരിച്ച് വഴി സുഗമമാക്കാമെന്നതായിരുന്നു തീരുമാനം. മികച്ച കൃതിക്ക് ഒരുലക്ഷം രൂപ നല്‍കാനും വഴിതെളിഞ്ഞു. മലയാളത്തിന്റേതായിരുന്നു പ്രഥമ ഊഴം. ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴല്‍ ആ പ്രക്രിയയില്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ 56-ാമത് പുരസ്‌കാരമാണ് നല്‍കുന്നത്. പല ഘട്ടങ്ങളിലായി പുരസ്‌കാരത്തുക ഉയര്‍ത്തി ഇപ്പോഴത് 11 ലക്ഷത്തില്‍ എത്തിനില്‍ക്കുന്നു.
1933 സെപ്റ്റംബര്‍ 20ന് അസമിലെ ഗോലാഘട്ട് ജില്ലയിലെ ദേരാഗാവില്‍ ആയിരുന്നു നീല്‍മണി ഫുക്കന്‍ ജനിച്ചത്. ജന്മഗ്രാമത്തില്‍നിന്ന് പ്രാരംഭ വിദ്യാഭ്യാസം നേടിയശേഷം ഉന്നത വിദ്യാഭ്യാസത്തിനായി അദ്ദേഹം ഗുവാഹാട്ടിയിലെത്തി. ബിരുദാനന്തര ബിരുദം നേടിയത് ചരിത്രത്തിലായിരുന്നു. അവിടത്തെ ആര്യവിദ്യാപീഠ് കോളേജില്‍ ചരിത്രാധ്യാപകനായി താമസിയാതെ നിയമനം ലഭിച്ചു. 1964 മുതല്‍ 1992 വരെ ആ ജോലിയില്‍ തുടര്‍ന്നു. ചരിത്രബോധത്തെക്കാള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ പ്രകാശം പരത്തിയത് സാഹിത്യബോധമായിരുന്നു.
മുതിര്‍ന്ന തലമുറയിലെ കവികളായ ഹോം ബറുവ, നവകാന്ത് ബറുവ, മഹേശ്വര്‍ നിയോഗ് എന്നിവരുടെ കാവ്യപ്രവണതകളില്‍ ചിലതെല്ലാം ഇളംമുറക്കാരനായ ഈ കവിയില്‍ ചേക്കേറി. സമകാലീനരായ കവികള്‍ ഊന്നല്‍ നല്‍കിയ ആധുനികതാവാദത്തിന്റെ സാധ്യതകള്‍ ആരായാന്‍ ഫുക്കന്റെ മനസ്സില്‍ വെമ്പലുണ്ടായി. ഛന്ദോബദ്ധമായ പഴയവഴിയില്‍നിന്ന് മാറി മുക്തഛന്ദസ്സിന്റെ സരണിയാണ് തനിക്കിണങ്ങുകയെന്നദ്ദേഹം കണ്ടെത്തി. കാമരൂപിന്റെ പ്രാചീന നാടോടിവഴക്കത്തോടൊപ്പം സ്വന്തം നാട്ടിലെ പ്രകൃതിദൃശ്യങ്ങളും പുതുഭാവങ്ങളും ഭാവനകളും ഒപ്പിയെടുക്കാന്‍ ഈ കവി അഭിലഷിച്ചു.
ഫ്രഞ്ച് സിംബോളിസത്തിന്റെ പ്രകാശപാതയില്‍ അദ്ദേഹം മുന്നേറി. അല്പം കഴിഞ്ഞപ്പോള്‍ ജാപ്പനീസ് കവിതയിലെ പ്രമേയങ്ങളില്‍ ശ്രദ്ധ പതിയാന്‍ തുടങ്ങി. ഇതില്‍നിന്നെല്ലാം കിട്ടിയ ഭാവോത്കര്‍ഷം അദ്ദേഹത്തില്‍ വിവര്‍ത്തനതാത്പര്യം വളര്‍ത്തി. തുടര്‍ന്ന് ഫുക്കന്റെ കാവ്യസംവേദനത്തിലും സങ്കല്പത്തിലും സാന്ദ്രത ഘനീഭൂതമായി. അതിന്റെ പരിണാമമായി അസമിയ കവിതയില്‍ വലിയ ഭാവുകത്വമാറ്റം വന്നു. ജ്ഞാനപീഠത്തില്‍ ഇത് അസമിയയുടെ മൂന്നാമൂഴമാണ്. ഡോ.ബീരേന്ദ്രകുമാര്‍ ഭട്ടാചാര്യ (1979), ഡോ.ഇന്ദിരാ ഗോസ്വാമി (2000) എന്നിവരിലൂടെയാണ് ഇതിനുമുമ്പ് അസമിയയ്ക്ക് ജ്ഞാനപീഠ സുകൃതം കൈവന്നത്.
അസമിയ സാഹിത്യപ്രേമികള്‍ ഇപ്പോഴത്തെ പുരസ്‌കാരലബ്ധിയെക്കുറിച്ച് നടത്തിയ പ്രതികരണം അസം ട്രിബ്യൂണ്‍ ദൈനിക് പൂര്‍വോദയ്, പ്രഭാത് ഖബര്‍ എന്നീ പത്രങ്ങളില്‍ വായിക്കാനായി. അസം സാഹിത്യസഭാ പ്രസിഡന്റ് കുല്‍സൈകിയയുടെ നിരീക്ഷണം ഇങ്ങനെയായിരുന്നു: ''ഫുക്കന്റെ രചനകള്‍ അസമിയ കവിതയെ പുതിയ ഉയരങ്ങളിലെത്തിക്കുകയുണ്ടായി. ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിക്കാന്‍ സാധിച്ച കവിയാണദ്ദേഹം.'' സത്സോറി മാസികയുടെ എഡിറ്ററും പ്രസിദ്ധ എഴുത്തുകാരിയുമായ അനുരാധ ശര്‍മ പൂജാരിയുടെ വിലയിരുത്തല്‍ ശ്രദ്ധിക്കുക: ''പുതിയ തലമുറയ്ക്ക് ഫുക്കനില്‍നിന്ന് മൂല്യവത്തായ പലകാര്യങ്ങളും ഉള്‍ക്കൊള്ളാനുണ്ട്. പാരമ്പര്യ പദങ്ങള്‍ ആധുനിക സന്ദര്‍ഭത്തില്‍ പ്രയോഗിക്കേണ്ട വിധം ഫുക്കന്‍കവിത മനസ്സിലാക്കിത്തരും. ആത്മനിരീക്ഷണത്തിന്റെയും അന്തര്‍ദൃഷ്ടിയുടെയും കവിതകളാണ് അദ്ദേഹം ഈ ഭാഷയ്ക്ക് സമ്മാനിച്ചത്. ഭാരതീയ ശാസ്ത്രീയസംഗീതവും കലയും പ്രകൃതിയുമെല്ലാം ഈ കവിതയില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്.'' ഈ മൂന്ന് തത്ത്വങ്ങളുടെയും മേളനം അദ്ദേഹത്തിന്റെ കവിതയ്ക്ക് കൂടുതല്‍ ആസ്വാദ്യത പകരുന്നു.''
ഋഷിത്വവും കവിത്വവും കൈകോര്‍ക്കുന്ന കവിതകളാണ് ഫുക്കന്‍ അധികമെഴുതിയതെന്ന് കാവ്യാസ്വാദകര്‍ വിശ്വസിക്കുന്നു. ആ കവിതയുടെ കാന്‍വാസ് അതിവിശാലമാണ്. ഭാവനകള്‍ക്ക് പൗരാണികതയുടെ സുഗന്ധമുണ്ട്. മഹാകാവ്യോചിത ഉദാത്തത ആ കവിതയുടെ മേന്മയായി നില്‍ക്കുന്നു. ചില ഇരട്ടഭാവങ്ങള്‍ അദ്ദേഹത്തിന്റെ കവിതയ്ക്ക് കരുത്തേകുന്നു. അഗ്‌നി-ജലം, സമയം-സ്ഥാനം, യുദ്ധം-ശാന്തി, കാട്-മരുഭൂമി, മനുഷ്യന്‍-മല, ജീവിതം-മരണം ഇവ പലതലങ്ങളില്‍ ഫുക്കന്‍ കവിതകളില്‍ ഒരേ ബിന്ദുവില്‍ വന്നുനില്‍ക്കുന്നത് അതിശയം ജനിപ്പിക്കുന്നു.
നിര്‍ജന്‍താര്‍ ശബ്ദ്, ആരുകിനേഃ ശബ്ദ്, ഫൂലി ഥകാ സൂര്യമുഖി, ഫൂല്‍ ഢൂല്‍ ഫാലേ, കായിട് ആരുകായിട്, ഗോലാപി ജാമരു ലഗ്, നൃത്യരഥാപൃഥ്വി കോബിത, മാനസ് പ്രതിമ, സാഗര്‍ തോലിര്‍ സാംഗ ആലാപ് അഗോതേ അമി പാതി അശിലോ എന്നിവയാണ് നീല്‍മണിഫുക്കന്റെ പ്രധാന കാവ്യസംഭാവനകള്‍. പാതി സോനാരൂര്‍, പാഹരിവ് നോവാരിലോജി എന്നിവ ആത്മകഥാശാഖയിലെ കൃതികളാണ്. ഉപന്യാസം-സാഹിത്യ നിരൂപണം എന്നീ ശാഖകളിലും അദ്ദേഹം ശ്രദ്ധേയ കൃതികളെഴുതി. ലോകോ കല്പദൃഷ്ടി രൂപ്-ബര്‍ണ-ബാക്, ശില്പകലാര്‍ ദര്‍ശന്‍, ശില്പകലാര്‍ ഉപലബ്ധി, എന്നിവ ഗദ്യശാഖയില്‍ അദ്ദേഹത്തില്‍നിന്ന് ലഭിച്ച ശ്രദ്ധേയ കൃതികളാണ്.
അസമിലെ സാഹിത്യകാരന്മാരുടെ ഏറ്റവും വലിയ സംഘടനയായ അസം സാഹിത്യസഭയുടെ അധ്യക്ഷ പദവി ഫുക്കന്‍ അലങ്കരിച്ചിട്ടുണ്ട്. ഢീബ്രുഗഢ് യൂണിവേഴ്സിറ്റി ഈ കവിയെ ഓണററി ഡി-ലിറ്റ് ബിരുദം നല്‍കി ആദരിച്ചിട്ടുണ്ട്. ഭാരത്സര്‍ക്കാര്‍ പദ്മശ്രീ നല്‍കി ബഹുമാനിച്ചു. കേന്ദ്രസാഹിത്യ അക്കാദമി, രഘുനാഥ് ചൗധരി, ഛഗന്‍ലാല്‍, അസംവാലി അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ച ഉന്നത അംഗീകാരങ്ങളാണ്.
അസമിയ സാഹിത്യചരിത്രം കേന്ദ്രസാഹിത്യ അക്കാദമിക്കുവേണ്ടി രചിച്ചത് (1972) ബിരിഞ്ചികുമാര്‍ ബറുവയായിരുന്നു. ആധുനിക കവിതയെക്കുറിച്ച് അന്ന് അവലോകനം നടത്തുമ്പോള്‍ പരാമര്‍ശിച്ച ഒരുപേര് നീല്‍മണിഫുക്കന്റെതായിരുന്നു: ''ദിനേശ് ഗോസ്വാമി, നീല്‍മണി ഫുക്കന്‍, ബിശേശ്വര്‍ ബറുവ, മാഹിം ബോറ തുടങ്ങിയ യുവകവികള്‍ പുതിയ ഇതിവൃത്തങ്ങളും പ്രതീകങ്ങളും വര്‍ണനാചിത്രങ്ങളും ഉപയോഗപ്പെടുത്തിവരുന്നു. വിശ്വാസത്തകര്‍ച്ചയും ഉയര്‍ന്ന സാമൂഹികബോധവും ഉള്‍ക്കൊള്ളുന്നവയാണ് അവരുടെ കവിതകള്‍. ഇന്ന് ധാരാളമായി രചിക്കുന്ന അസമിയ കവിതകളില്‍ ഏതെല്ലാം നാളേക്ക് നിലനില്‍ക്കുമെന്നത് ചിന്തനീയമായ ഒരു വിഷയമാണ്. ഏതായാലും ഈ മണല്‍ക്കൂമ്പാരത്തില്‍ വിലപിടിച്ച ലോഹാംശമുള്ള അയിര് ധാരാളമുണ്ടെന്ന പ്രതീതിയാണ് നമുക്ക് ലഭിക്കുന്നത്.''
നീല്‍മണി ഫുക്കന്‍ 1950 ദശകത്തിലാണ് കവിതയെഴുതിത്തുടങ്ങിയത്. അദ്ദേഹത്തിന്റെ കവിതയുടെ ഗ്രാഫ് ഉയര്‍ന്നുകൊണ്ടേയിരുന്നു. ചൈതന്യം വിതറുന്ന പ്രതീകങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ കവിതകള്‍. മാനവീയസത്യങ്ങള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹം പ്രകൃതിസത്യങ്ങളെ കൂട്ടുപിടിച്ചു. പദങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ പുലര്‍ത്തിയ ഔചിത്യവും ശ്രദ്ധയും സാധനയായി മാറുകയായിരുന്നു.ഒരു ഭിക്ഷക്കാരന്റെ കൈയില്‍ എങ്ങനെയോ ഒരു ഓടക്കുഴല്‍ വന്നെത്തി. അയാളത് അതിനിപുണമായി വായിക്കാന്‍ തുടങ്ങിയപ്പോള്‍ കണ്ടുനിന്നവര്‍ അദ്ഭുതപ്പെട്ടുനിന്നു. കുറെ പ്രാക്തനസ്മരണകള്‍ ഇതുകേട്ട നിമിഷത്തില്‍ കവിമനസ്സില്‍ തിരയിളക്കമുണ്ടാക്കി. ആ കവിത ആസ്വാദകമനസ്സിലും ആനന്ദവീചികളുയര്‍ത്തി. ഹംസധ്വനിരാഗം കേള്‍ക്കുമ്പോള്‍ കവി പൂര്‍വസൂരിയായ കാളിദാസന്റെ സഹചാരിയാകാന്‍ മോഹിക്കുന്നു.
നദിയില്‍ ആ പഴയ കവിയോടൊപ്പം നവയുഗകവി ഇറങ്ങുന്നതിന്റെ ചിത്രം വേറൊരു കവിതയില്‍ കാണാം. അസമില്‍ ബംഗ്ലാദേശികള്‍ അഭയംതേടിയെത്തുന്നത് പതിവാണ്. അത് തടയാന്‍ ഫയറിങ് നടത്താന്‍ പട്ടാളത്തിന് അധികാരമുണ്ട്. അതിന്റെ ഫലമായി ചാവുന്നവരും ചാവേറാകുന്നവരുമുണ്ട്. അത്തരമൊരു സന്ദര്‍ഭം ഫുക്കന്‍ കവിതയില്‍ പകര്‍ത്തിയത് മനസ്സില്‍ ഭീതി സൃഷ്ടിക്കുന്നു.
'തവുലോകര്‍ കാര്‍നേയി' കവിതയില്‍ ഒരു കര്‍ഷകന്‍ ബാല്യം പിന്നിട്ടശേഷം ബാല്യത്തിലേക്ക് തിരിഞ്ഞുനോക്കുന്നതിന്റെ വര്‍ണനയുണ്ട്. ജീവിതയാപനത്തിനുവേണ്ടി ബാല്യത്തില്‍ത്തന്നെ പഠനം നിര്‍ത്തേണ്ടിവന്നു. എത്ര അധ്വാനിച്ചിട്ടും ദാരിദ്ര്യത്തില്‍നിന്നയാള്‍ക്ക് മോചനം കിട്ടിയില്ല. രോഗവും ശോകവുമായി കഴിയുന്ന ആ വ്യക്തിയുടെ മനസ്സിന്റെ നൊമ്പരങ്ങള്‍ ഉള്ളില്‍ത്തട്ടുംവിധം ഫുക്കന്‍ കവിതയില്‍ പകര്‍ത്തിയിട്ടുണ്ട്.
'സന്ധ്യാര്‍ തേജേ തുമരലി...'കവിതയിലും ബാല്യകാലസ്മരണകള്‍ ചാരുതയോടെ കവി ചാലിച്ചെടുത്തിട്ടുണ്ട്. ഒരു കര്‍ഷകന്‍ സന്ധ്യക്ക് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ചില കീടങ്ങളെ കൈയിലെടുത്തുവെച്ചിരുന്നു. ഗോക്കളെ മേച്ച് മുന്നോട്ടുനീങ്ങുകയാണ്. കിളികളുടെ നാദം മനസ്സില്‍ പതിഞ്ഞിരുന്നു. അത് താളത്തോടെ മൂളിനോക്കുന്നു. വഴിയിലെ ചാമ്പക്കാമരത്തില്‍ കറുത്ത നിറത്തിലുള്ള കായകള്‍ കുലകുലയായി തൂങ്ങിക്കിടക്കുന്നു. അത് രസിച്ച് തിന്നപ്പോള്‍ ചുണ്ടാകെ കറുത്തുപോയി.
കാട്ടില്‍നിന്നു പൂക്കളിറുക്കുമ്പോള്‍ മുത്തശ്ശി വിളിക്കുന്നത് കേള്‍ക്കുന്നു. ദിഹിംഗ് നദിയില്‍ തോണി മറിയുന്നത് കാണുന്നു. പോത്തിന്റെ കൊമ്പുകൊണ്ട് ശില്പി ഒരു മനോഹരശില്പം പണിതിരിക്കുന്നു. അത് പുറമേയ്ക്ക് കമനീയമാണെങ്കിലും ഉള്ളാകെ പൊള്ളയാണ്. ഇന്ന് ഏകാന്തതയുടെ തുരുത്തിലിരിക്കുമ്പോള്‍ കൊഴിഞ്ഞുപോയ ബാല്യത്തിന്റെ ശ്ലഥചിന്തകള്‍ മനസ്സില്‍ ചേക്കേറുന്നു. ബാല്യം തിരിച്ചുവരില്ലെങ്കിലും അന്നത്തെ ഓര്‍മകളെ ഓമനിക്കാന്‍ കവി ആഗ്രഹിക്കുന്നു.
2020-ലെ ജ്ഞാനപീഠപുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷമൊന്നും കവിമനസ്സിലേക്ക് കടന്നുവന്നിട്ടില്ല. വാര്‍ധക്യവും രോഗവും കാരണം മനസ്സില്‍ ഒന്നും കാര്യമായി പതിയുന്നില്ല. പത്‌നി ദാലുമണിയിലൂടെ പുരസ്‌കാരവിവരം കവി അറിഞ്ഞപ്പോള്‍ 'ഭല ഖബര്‍, ഭല ഖബര്‍' (ശുഭവര്‍ത്തമാനം) എന്ന് നീല്‍മണി ഫുക്കന്‍ പ്രതികരിച്ചു. അസമിയ ഭാഷയിലെ യുവകവികള്‍ക്ക് ഈ പുരസ്‌കാരലബ്ധി വലിയ പ്രചോദനമാകുമെന്നും അവര്‍ ഈ കവിയെ നല്ലൊരു
വഴികാട്ടിയായി ദീര്‍ഘകാലമായി കരുതിവരികയാണെന്നും ദാലുമണി കൂട്ടിച്ചേര്‍ത്തു. അസമിയയിലെ കാവ്യപ്രേമികള്‍ ഫുക്കന്‍ദേബിനെ കാവ്യഋഷിയായി ആദരിച്ചുവരുന്നു.
(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം.)
Content Highlights: dr arsu writes about the poetic contribution of jnanapith award winner nilmani phookan
Published: 23 Mar 2022, 02:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented