
വേറിട്ട കഥകളിലൂടെ മലയാള സാഹിത്യത്തില്‍ സാന്നിദ്ധ്യം അറിയിച്ച എഴുത്തുകാരനാണ് സി.വി ശ്രീരാമന്‍. തീവ്രമായ മനുഷ്യാനുഭവങ്ങളെ കഥയിലേക്കു കൊണ്ടുവരുന്നതില്‍ അദ്ദേഹം വിജയിച്ചു. വലിയ നോവലുകളില്‍ സാധ്യമാവാത്ത ആത്മസംഘര്‍ഷങ്ങളെ അദ്ദേഹം ചെറുകഥകളില്‍ കൊണ്ടുവന്നു. വ്യത്യസ്തമായ രചനാ രീതിയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.
കൃത്രിമത്വമില്ലാതെ ലളിതമായി, അനാര്‍ഭാടമായി കഥ പറഞ്ഞുകൊണ്ടുള്ള ശ്രീരാമന്റെ വരവ് അസാധാരണത്വമായി എന്നതാണ് ചരിത്രസത്യം. ആധുനികത വായനക്കാരെ അകറ്റിക്കളഞ്ഞപ്പോള്‍ ആ വായനക്കാര്‍ക്ക് കുളിരു നല്‍കിയത് സി.വി. ശ്രീരാമന്റെ കഥകളാണ്. ലളിതമായിരുന്നെങ്കിലും ഗഹനമായിരുന്നു ആ കഥകള്‍. അനുഭവപരിസരങ്ങള്‍ പൂര്‍ണമായും കേരളീയമായിരുന്നില്ല. ബംഗാളിലെയും തമിഴ് നാട്ടിലെയും ഒറീസയിലെയും മറ്റും മനുഷ്യജീവിതം കഥയിലേക്ക് വന്നപ്പോള്‍ ഒരു പുതുമയുമുണ്ടായി.
'വാസ്തുഹാര', 'ചിദംബരം', 'ഇരിക്കപ്പിണ്ഡം' തുടങ്ങിയ കഥകളുടെ പ്രമേയപശ്ചാത്തലം വൈവിധ്യങ്ങള്‍ പുലര്‍ത്തിയിരുന്നു. ചുരുക്കത്തില്‍ മലയാള ഭാവുകത്വത്തെ അഭിസംബോധന ചെയ്ത ഈ കഥകള്‍ ഭാരതീയമനസ്സിന്റെ വിഷമതകളും സംഘര്‍ഷങ്ങളും നിറച്ചുവെച്ചു. ആ അര്‍ഥത്തില്‍ ശ്രീരാമനെ ഒരു ഭാരതീയ കഥാകാരനായേ വിശദീകരിക്കാന്‍ കഴിയൂ. റിയലിസം, ആധുനികത, ആധുനികോത്തരത എന്നീ പ്രസ്ഥാനങ്ങളെ അഭിമുഖീകരിച്ചെങ്കിലും അവയുടെ ഒരു പ്രവണതകളും ശ്രീരാമന്റെ കഥകളില്‍ നാം കണ്ടെത്തുന്നില്ല. ഒരു കഥ ഭംഗിയായി പറയുക; അതിലപ്പുറം ഒരു ലക്ഷ്യവും ശ്രീരാമനില്ലായിരുന്നു. എല്ലാ പ്രവണതകളെയും മറികടന്ന് എഴുത്തിനെ കഥാത്മകമാക്കിയെന്നതാണ് ആ കഥകളുടെ പ്രത്യേകതയായി തോന്നുന്നത്.
എഴുത്തുകാരന് രാഷ്ട്രീയം വേണമെന്ന് പറഞ്ഞ ശ്രീരാമന്‍ സാഹിത്യത്തിനൊപ്പം രാഷ്ട്രീയത്തിലും അഭിഭാഷകവൃത്തിയിലും ഭരണത്തിലും മികവ് തെളിയിച്ചു. എഴുത്തുകാര്‍ക്കിടയിലെ രാഷ്ട്രീയക്കാരനും രാഷ്ട്രീയക്കാര്‍ക്കിടയിലെ എഴുത്തുകാരനുമായി അദ്ദേഹം അറിയപ്പെട്ടു.
കുന്നംകുളം കൊങ്ങന്നൂര്‍ ചെറുതുരുത്തി വേലപ്പന്റെയും കല്ലായില്‍ ദേവകിയുടെയും മകനായി 1931 ഫെബ്രുവരി ഏഴിനാണ് ശ്രീരാമന്റെ ജനനം. പിതാവ് സിലോണ്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നതിനാല്‍ കുട്ടിക്കാലം സിലോണിലായിരുന്നു. സിലോണിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കുന്നംകുളം സര്‍ക്കാര്‍ ഹൈസ്‌കൂള്‍, പെരുമ്പിലാവ് ടി.എം.എച്ച്.എസ്, തൃശൂര്‍ സെന്റ് തോമസ് കോളജ്, മംഗലാപുരം സെന്റ് അലോഷ്യസ് കോളജ് എന്നിവിടങ്ങളില്‍ തുടര്‍വിദ്യാഭ്യാസം നേടി. പിന്നീട് മദ്രാസ് ലോകോളജില്‍ നിന്ന് നിയമബിരുദമെടുത്തു.
ഏഴുവര്‍ഷത്തോളം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ കിഴക്കന്‍ ബംഗാള്‍ അഭയാര്‍ഥികളെ കുടിയേറിപ്പാര്‍പ്പിക്കുന്ന വകുപ്പില്‍ ജോലി ചെയ്തതിനുശേഷം നാട്ടില്‍ തിരിച്ചെത്തി അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു.
വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തു വന്ന ശ്രീരാമന്‍ രാഷ്ട്രീയ-സാംസ്‌കാരികരംഗങ്ങളില്‍ ഒരുപോലെ സജീവമായിരുന്നു. സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സജീവപ്രവര്‍ത്തകനായിരിക്കെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് പലതവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 45 വര്‍ഷംമുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ശ്രീരാമന്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയിലും പിന്നീട് സി.പി.എമ്മിലും സജീവമായി പ്രവര്‍ത്തിച്ചു. പാര്‍ടി നിരോധിക്കപ്പെട്ട സമയത്ത് ഒളിവിലുള്ള സഖാക്കള്‍ക്കിടയില്‍ മെസഞ്ചറായും ഒളിത്താവളങ്ങളൊരുക്കിയും ശ്രീരാമന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1979 മുതല്‍ രണ്ടു തവണയായി 12 വര്‍ഷം കുന്നംകുളത്തിനടുത്ത പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. 1995 മുതല്‍ മൂന്നുവര്‍ഷം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, പുരോഗമന കലാസാഹിത്യസംഘം എന്നിവയുടെ മുന്‍നിരക്കാരനായിരുന്ന ശ്രീരാമന്‍ 1988-91 കാലഘട്ടത്തില്‍ കേരള സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. മരിയ്ക്കുമ്പോള്‍ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കുന്നംകുളം, ചാവക്കാട് ബാര്‍ അസോസിയേഷനുകളുടെ പ്രസിഡന്റായിരുന്നു.
തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ പഠിക്കുമ്പോള്‍ എഴുതിയ 'ഒരു പുതിയ സമരരൂപ'മാണ് ആദ്യ കഥ. വാസ്തുഹാര, ക്ഷുരസ്യധാര, പുറംകാഴ്ചകള്‍, ചിദംബരം, ദുഃഖിതരുടെ ദുഃഖം, എന്റോസി വലിയമ്മ, ഇരിക്കപ്പിണ്ഡം, പൊന്തന്‍മാട, പുതുമയില്ലാത്തവരുടെ നഗരം, ഉര്‍ളോസ്, തീര്‍ത്ഥക്കാവടി, ചക്ഷുഃശ്രവണഗളസ്ഥമാം, വെളുത്ത പക്ഷിയെക്കാത്ത്, സൂനിമാ, ശ്രീരാമന്റെ കഥകള്‍, ഇഷ്ടദാനം, പാമ്പന്‍പാലത്തിനും മുമ്പ് എന്നിവയാണ് പ്രശസ്തരചനകള്‍.
അഞ്ചു കഥകള്‍ സിനിമയാക്കിയിട്ടുണ്ട്. ചിദംബരത്തിന് രാഷ്ട്രപതിയുടെ സുവര്‍ണകമലവും, മറ്റു സിനിമകള്‍ക്ക് ദേശീയ -അന്തര്‍ദേശീയ ബഹുമതികളും ലഭിച്ചു. പുരുഷാര്‍ഥത്തിനു കഥയ്ക്കും സിനിമയ്ക്കുമുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചു. സിനിമയായപ്പോള്‍ പൊന്തന്‍മാടക്ക് കഥയ്ക്കുള്ള ഫിലിം അവാര്‍ഡ് ലഭിച്ചു. 2007 ഒക്ടോബര്‍ 10-ന് അദ്ദേഹം അന്തരിച്ചു.
Content Highlights: CV Sreeraman death anniversary
Published: 10 Oct 2020, 11:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented