
ചരിത്രത്തില്നിന്നല്ലാതെ കയ്യൂരിലേക്കു കുറുക്കു വഴികളില്ല. അരയാക്കടവിലെ അരയാല്‍ കടപുഴകി വീണെങ്കിലും ഒരിക്കലും വീണു മണ്ണടിയാത്ത അതിന്റെ ഓര്‍മ്മകള്‍ക്കു മീതെ കെട്ടിയ സ്മാരകനിര്‍മ്മിതിയായ അരയാക്കടവ് പാലത്തിലൂടെതന്നെ വേണം നമുക്ക് കയ്യൂരിലേക്കു കടക്കാന്‍. ഒരുപക്ഷേ, കയ്യൂരിന്റെ ആദ്യത്തെ പ്രവേശനകവാടമായ ഈ പാലംതന്നെയാണ് ഇന്ത്യയില്‍ വിപ്ലവത്തിന്റെ ഇടിമുഴക്കമായിരുന്ന ഒരു ഗ്രാമത്തിന്റെ ആദ്യത്തെ തിരിച്ചറിയല്‍രേഖ.
കാര്യങ്കോടിന്റെ കരയിലെ വിസ്തൃതമായൊരു ഒറ്റപ്പറമ്പിലെന്നപോലെ ചരിത്രത്തിന്റെ പല മേല്‍ക്കൂരയ്ക്കുകീഴെ ജീവിക്കുന്ന ജനതയാണ് വര്‍ത്തമാനത്തിലും കയ്യൂര്‍. ഒരു ഗ്രാമം മുഴുവനും ഒരു സ്മൃതികുടീരം!
തേജസ്വിനിപ്പുഴ അതിതേജസ്സാര്‍ന്ന് ഒഴുകുന്നുവെന്നും, കയ്യൂരിന് മറ്റൊരു വടക്കന്‍ ഗ്രാമത്തിനുമില്ലാത്ത ഗംഭീരമായ സൗന്ദര്യങ്ങളുണ്ടെന്നും ആ നാട്ടിലേക്കുള്ള ഓരോ യാത്രയിലും നമുക്കു തോന്നും. കയ്യൂരില്‍ ഇപ്പോഴും മനുഷ്യര്‍ക്കിടയില്‍ മതിലുകളില്ലെന്ന് പറയുന്നത് ഒരു സാധാരണ പ്രയോഗമല്ല, എല്ലാ അര്‍ത്ഥത്തിലും സത്യമാണ്.
1943 മാര്‍ച്ച് 29ന് പുലര്‍ച്ചെ 5 മണിക്ക് കണ്ണൂര്‍ ജയിലില്‍ ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് തൂക്കിലേറിയ ആ നാലു ചെറുപ്പക്കാര്‍ക്കു വേണ്ടി- മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍, പൊടോര കുഞ്ഞമ്പു നായര്‍, പള്ളിക്കല്‍ അബൂബക്കര്‍- കയ്യൂരുകാര്‍ ആ വിപ്ളവചരിത്രത്തിന്റെ കരയില്‍ ഒരു സ്തൂപം പണിതുയര്‍ത്തിയിട്ടുണ്ട്. അന്ന് മൈനറായതു കൊണ്ട് മാത്രം തൂക്കിലേറ്റപ്പെടാതെ പോയ സമരപോരാളിയും- ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍- വേറൊരു സ്മാരകം കൊണ്ട് ഓര്‍മ്മിക്കപ്പെടുന്നു. എന്നാല്‍ എല്ലാ സ്തൂപങ്ങള്‍ക്കും സ്മാരക മന്ദിരങ്ങള്‍ക്കുമപ്പുറം കയ്യൂര്‍ കമ്യൂണിസ്റ്റുചരിത്രത്തില്‍ ഇന്നും ഉയര്‍ന്നു നില്‍ക്കുന്നത് നമുക്ക് അധികം ശീലമില്ലാത്ത വലിയ ചില മൂല്യങ്ങള്‍കൊണ്ടാണ്. സമാനതകളില്ലാത്ത ഒരു മാതൃകാജീവിതംതന്നെയുണ്ട് മറ്റു വിപ്ലവഗ്രാമങ്ങളില്‍ നിന്നു മാറി, കയ്യൂരിന്.
വാതിലുകള്‍ തുറന്നിട്ട വീടുപോലെയാണ് കയ്യൂര്‍ ജീവിക്കുന്നത്. അതായത് ആദ്യം പറഞ്ഞതുപോലെ കയ്യൂരിലെ ഒരു വീടിനും ഇതുവരെ മതിലുകളില്ല. മതിലില്ലാത്തത് അവര്‍ക്കു മതില്‍ കെട്ടാന്‍ സാമ്പത്തികശേഷിയില്ലാത്തതു കൊണ്ടല്ലെന്ന് പുത്തന്‍ കൂറ്റ് ബഹുനില വീടുകള്‍ സാക്ഷ്യപ്പെടുത്തും. കയ്യൂരിന്റെ പാതയോരെത്തെല്ലാം അടയ്ക്കയും കൊപ്രയും കുരുമുളകുമെല്ലാം ഉണക്കാനിട്ടതും കാണാം. അപ്പോള്‍ നമ്മള്‍ മറ്റൊരു കൗതുകവുമറിയും- കയ്യൂരില്‍ മോഷ്ടാക്കളുമില്ല! നാട്ടില്‍ കേസുമില്ല! കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് എതിരാളികളുമില്ല! ഈ പഞ്ചായത്തിലെ പല വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെടുന്നത്!
കേരളത്തില്‍ നമ്മളിപ്പോള്‍ കാണുന്ന പുകവലി നിര്‍മ്മാര്‍ജ്ജിതഗ്രാമംപോലെയോ മദ്യവര്‍ജ്ജിതഗ്രാമംപോലെയൊ എന്തെങ്കിലും ആഹ്വാനപ്രകാരം സംഭവിച്ചതല്ല കയ്യൂരിന്റെ മതില്‍വര്‍ജ്ജനം. പല കയ്യൂരുകാരും അങ്ങനെയുണ്ടോയെന്ന് അറിയുന്നതുപോലും നമ്മളത് അങ്ങോട്ടു ചെന്നു പറയുമ്പോഴാണ്. അരയാക്കടവിലെ വിനീതമായ ചായക്കടയില്‍ ലോക്കല്‍ സെക്രട്ടറി ദാമോദരേട്ടനെ കണ്ടപ്പോള്‍ വടിവൊത്ത പാര്‍ട്ടി ഭാഷയില്‍ അദ്ദേഹം പറഞ്ഞു: ''കയ്യൂര്‍ക്കാരുടെ ചൂഷണവിരുദ്ധ ചിന്താഗതികൊണ്ടാണ് നാട്ടില്‍ മതിലുകളില്ലാതെ പോയത്.''
ദാമോദരേട്ടന്റെ ഭാഷപോലെയല്ല വേഷം. ഷര്‍ട്ടിട്ടില്ല. കൈയിലൊരു മണ്‍കുടവും അപ്പോള്‍ വീണുകിട്ടിയ കവുങ്ങിന്‍പട്ടയുമുണ്ട്. പാര്‍ട്ടിക്കാരുടെ പൊതുഭാഷ വിട്ട് ഇടയ്ക്കെപ്പോഴോ ദാമോദരേട്ടന്‍ അസ്സല്‍ കയ്യൂര്‍ഭാഷയില്‍ത്തന്നെ സംസാരിച്ചു തുടങ്ങി.
''ഈട ഒന്നിനും ഒരു ബൗണ്ട്റിയില്ല. വീട്ടിലെ മക്കള്‍ക്കുപോലും അറിയില്ല പറമ്പിന്റെ അതിര്. അതിര്‍ക്കല്ല് പണിക്കാരാണ് കാണിച്ചു കൊടുക്കല്. അതിര്‍പ്രശ്നമുണ്ടെങ്കില്‍ പാര്‍ട്ടി പരിഹരിക്കും. എന്നാലും ആരും മതിലു കെട്ടാന്‍ മുതിരാറില്ല. അതെന്തോ കാലാകാലമായി അങ്ങനെയാണ്.''
തിരുവനന്തപുരത്തെ പണ്ഡിറ്റ് കോളനിയിലെ വീട്ടില്‍ ചെന്ന് ലെനിന്‍ രാജേന്ദ്രനുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:
''കയ്യൂരുകാര്‍ മതിലുകളില്ലാതെ ഒഴുകിനടക്കാവുന്ന നന്മകളെല്ലാം മുറുകെപ്പിടിച്ചു ജീവിക്കുന്ന ജനതയാണ്.''
ലെനിന്റെ വീടിന്റെ തൊട്ടു മുന്നിലുള്ള വീട് നടന്‍ മുരളിയുടേതാണ്. ലെനിന്‍ കയ്യൂര്‍സംഭവത്തെക്കുറിച്ച് സംവിധാനം ചെയ്ത മീനമാസത്തിലെ സൂര്യനിലെ പള്ളിക്കല്‍ അബൂബക്കര്‍ മുരളിയായിരുന്നു.
''അന്ന് മതിലില്ലെന്നു മാത്രമല്ല കയ്യൂരിലെ ഒരു വീടും പൂട്ടിയിടാറുമില്ല. ആര്‍ക്കും വീട്ടിനകത്തേക്കു കയറിച്ചെന്ന് വെള്ളമോ ഭക്ഷണമോ കഴിക്കാം. അങ്ങനെയൊരു സ്വാതന്ത്ര്യം കയ്യൂരിലുണ്ടായിരുന്നു. നമ്മള്‍ വെറുതേയൊന്ന് മുകളിലേക്കു നോക്കിയാല്‍ അപ്പോള്‍ത്തന്നെ ഇളനീര്‍ വെട്ടിയിട്ടു തരുന്ന നന്മ. നമ്മളുടെ ദാഹവും ക്ഷീണവും നമ്മളറിയുംമുമ്പേ അവരറിയുന്നു. എണ്‍പത്തിയേഴു വീടാണ് അന്ന് കാര്യങ്കോട് പുഴക്കരയിലെ പ്രോപ്പര്‍ കയ്യൂരിലുണ്ടായിരുന്നത്. അതില്‍ എണ്‍പത്തിയാറു വീടും സിപിഎമ്മുകാരുടേതാണ്. ഒരു വീട് സി.പി.ഐ. ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ വീട്. എല്ലാ വീട്ടിലും എ.കെ.ജിയുടെയും കൃഷ്ണപ്പിള്ളയുടെയും സുന്ദരയ്യയുടെയും ഫോട്ടോയുണ്ടാവും. അത് വല്ലാത്തൊരു സുരക്ഷ തരുന്നു. ഞങ്ങളുടെ യൂണിറ്റിലെ നടി ശോഭനയെ ഒരിക്കല്‍ കാണാതായി. അവളന്ന് ഒരു മഹാ ഉറക്കക്കാരിയാണ്. കുറേ പരതിയപ്പോള്‍ കണ്ടത് ഒരു വാതിലടച്ചിട്ടില്ലാത്ത വീട്ടിനകത്ത് അവള്‍ സുഖമായി ഉറങ്ങുന്നതാണ്. കയ്യൂര്‍ അങ്ങനെയാണ്. എം.വി. രാഘവനാണ് അന്ന് പാര്‍ട്ടി സെക്രട്ടറി. സിനിമാക്കാരോടൊക്കെ മഹാപുച്ഛമാണ് രാഘവന്. പക്ഷേ, കയ്യൂരിന്റെ സിനിമയായതുകൊണ്ട് അദ്ദേഹം എപ്പോഴും വിവരങ്ങള്‍ തേടുമായിരുന്നു. കയ്യൂരിലെ പാര്‍ട്ടി വേറെതന്നെ ഒരു പാര്‍ട്ടിയാണ്. ഇപ്പോഴും അതില്‍ മാറ്റമില്ലെന്ന് അവിടെനിന്നുള്ളവരെ കാണുമ്പോള്‍ അറിയാറുണ്ട്. കാസര്‍കോടു ഭാഗത്തേക്കു പോകുമ്പോള്‍, തേജസ്വനിപ്പുഴ കാണുമ്പോള്‍, കയ്യൂരിലിറങ്ങാതെ ഞാന്‍ പോകാറില്ല. അരവിന്ദനോടൊപ്പം കുമ്മാട്ടിയുടെ ഷൂട്ടിനാണ് ആദ്യം പോയത്. കയ്യൂരിനടുത്ത ചീമേനിയിലെ കാവിലായിരുന്നു ഷൂട്ട്. പിന്നെ എത്ര തവണ പോയെന്ന് നിശ്ചയമില്ല. ഇനിയും പോണം. ജനിച്ച നാടിനെപ്പോലെതന്നെ എപ്പോഴും തിരിച്ചുവിളിക്കുന്ന നാടാണ് എനിക്ക് കയ്യൂര്‍.''

1985-ലാണ് ലെനിന്‍ രാജേന്ദ്രന്‍ മീനമാസത്തിലെ സൂര്യന്‍ ചിത്രീകരിച്ചത്. ഒരു കാല്‍പ്പനിക കഥാനാടകത്തിന്റെ പല പരിമിതികളും കാണാമെങ്കിലും കയ്യൂരില്‍ സംഭവിച്ച സിനിമയും കയ്യൂരിന്റെ സിനിമയുമാണ് നാട്ടുകാര്‍ക്ക് മീനമാസത്തിലെ സൂര്യന്‍. എന്നാല്‍ ലെനിനും മുമ്പേ ജോണ്‍ എബ്രഹാമും സംഘവും കയ്യൂരില്‍ തമ്പടിച്ച് ഒരു 'കയ്യൂര്‍' സ്വപ്നം കണ്ടിരുന്നു. കയ്യൂരിലെ പൂരക്കളിയുടെ പശ്ചാത്തലത്തിലൊരു സിനിമ.
അതിന് ഇനിയും പ്രസക്തിയുണ്ട്.
ജോണിനെപ്പോലെ വിഖ്യാത ബംഗാളിസംവിധായകന്‍ മൃണാള്‍സെന്നും കയ്യൂരിനെക്കുറിച്ചൊരു സിനിമ ആഗ്രഹിച്ചിരുന്നു. എഴുപതുകളുടെ ആദ്യം സഖാവ് ചാത്തുണ്ണി മാസ്റ്റര്‍ അദ്ധ്യക്ഷനായുള്ള ജനശക്തി ഫിലിംസാണ് അതിനു ചുക്കാന്‍ പിടിച്ചത്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അക്കാലത്ത് മൃണാള്‍ സെന്നിന് പയ്യന്നൂരും കയ്യൂരുമെല്ലാം വന്‍ സ്വീകരണം നല്‍കിയിരുന്നു. ജനശക്തിയെന്ന പ്രസ്ഥാനത്തിനൊപ്പം മൃണാള്‍ സെന്നിന്റെ കയ്യൂരും സ്വപ്നത്തില്‍ മാത്രം ചിത്രീകരിക്കപ്പെട്ടു.
ജോണും മധുമാഷും ബി. രാജീവനും സച്ചിദാനന്ദനും എന്‍. ശശിധരനും ജോയ്മാത്യുവുമെല്ലാം അടങ്ങിയൊരു വന്‍സംഘംതന്നെ അക്കാലത്ത് സിനിമാചര്‍ച്ചകള്‍ക്ക് കയ്യൂരില്‍ തമ്പടിച്ചിരുന്നു. ജോണിനെയും മറ്റും തീറ്റിപ്പോറ്റി കയ്യൂരിലെ കോട്ടയില്‍ ഗംഗന്‍ എന്ന ചായക്കടക്കാരന്‍ കടക്കാരനായതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.
''ഗോപാലന്‍ വൈദ്യര്‍ പറഞ്ഞതുകൊണ്ടാണ് ഞാനീ സാഹസത്തിന് നിന്നത്. ചായ മാത്രമല്ല അവര്‍ക്കു ചാരായവും വേണം. പണം ഒന്നിച്ചു കിട്ടുമെന്നാണ് കരുതിയത്. കുറേ താടിക്കാര്‍. കടമ്മനിട്ടയൊക്കെ വന്നു കവിത ചൊല്ലി പോയത് ഓര്‍മ്മയുണ്ട്. ഒടുവില്‍ സംഘമെല്ലാം പിരിഞ്ഞപ്പോള്‍, ഞാന്‍ പണം ചോദിച്ചു. ജോണ്‍ ഒരു നോട്ടുപുസ്തകം എന്നെ ഏല്‍പ്പിച്ചു. ഇനിയും ഇയാളെ ഇവിടെ താമസിപ്പിക്കുന്നതു പന്തിയല്ലെന്നു കണ്ടപ്പോള്‍ ഞാന്‍ ഒരു ദിവസം ജോണിനെ നീലേശ്വരത്തു കൊണ്ടു പോയി ബസ്സ് കയറ്റി വിട്ടു. അന്ന് അയാള്‍ നന്നായി കുടിച്ചിരുന്നു. കുറേ നാള്‍ കഴിഞ്ഞ് കോഴിക്കോടുനിന്നും അയാളുടെ മരണവാര്‍ത്ത കേട്ടു. എനിക്ക് വലിയ കുറ്റബോധവും സങ്കടവും തോന്നി. ഞാന്‍ നോട്ടു പുസ്തകം കോഴിക്കോട് ചെന്ന് മധു മാസ്റ്ററെ ഏല്‍പ്പിച്ചു. കയ്യൂര്‍ സിനിമയുടെ തിരക്കഥയായിരുന്നുവത്രേ അത്. തുറന്നുനോക്കിയപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ല.''
1931 മാര്‍ച്ച് 24നാണ് ലാഹോര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ഭഗത്സിങ്ങും സഹവിപ്ലവകാരികളും തൂക്കിലേറിയത്. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു മാര്‍ച്ച് 29നാണ് കയ്യൂര്‍ സഖാക്കള്‍ തൂക്കിലേറുന്നത്. ജന്മി നാടുവാഴിത്തത്തെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും വിറപ്പിച്ച് തൂക്കിലേറിയ ഒരു ഗ്രാമം ഇന്ത്യയില്‍ ഇങ്ങനെ വേറെയില്ല. പക്ഷേ നമ്മുടെ അംഗീകൃത സ്വാതന്ത്ര്യ സമരചരിത്രം അതര്‍ഹമായ വിധം രേഖപ്പെടുത്തിയിട്ടില്ല. സാമ്രാജ്യത്വത്തിനും ജന്മി നാടുവാഴിത്തത്തിനുമെതിരായ ഒരു ദ്വിമുഖ സമരമായിരുന്നു കയ്യൂരെങ്കിലും, അതൊരു ക്രൂരനായ പൊലീസുകാരന്റെ കൊലപാതകകഥയായി മാത്രം എഴുതാനായിരുന്നു എല്ലാവര്‍ക്കും തിടുക്കം.
ആ കേസിലെ പ്രതികളാരുംതന്നെ ഇപ്പോള്‍ കയ്യൂരില്‍ ജീവിച്ചിരിപ്പില്ല. കയ്യൂരിലെ കണ്ടത്തില്‍ ഭഗവതി ക്ഷേത്രവയലിലെ ഒരാളുയരത്തിലുള്ള വെണ്ടയ്ക്കും വഴുതിനയ്ക്കും കയ്പ്പപ്പന്തലിനും ഇടയില്‍നിന്ന് ഒരാള്‍ തല നീട്ടി - കുണ്ടുവളപ്പില്‍ ചന്തുവേട്ടന്‍. കയ്യൂര്‍ സംഭവത്തിന്റെ ജീവിക്കുന്ന ഏക സാക്ഷി. പാളത്തൊപ്പിയും മുട്ടറ്റം വരെയുള്ള പണിമുണ്ടിലുമല്ലാതെ ചന്തുവേട്ടനെ വെറൊരു വേഷത്തില്‍ നാട്ടുകാര്‍ കണ്ടിട്ടില്ല. അരനൂറ്റാണ്ടു മുമ്പത്തെ കയ്യൂരിന്റെ ദേശീയവേഷമാണത്. സുബ്രായന്റെ മരണം സ്വന്തം കണ്മുന്നില്‍ കണ്ട ഓര്‍മ്മ 85-ാം വയസ്സിലും അയാളില്‍ മങ്ങിയിട്ടില്ല. അന്ന് മഠത്തില്‍ അപ്പുവിന്റെ ജാഥയിലായിരുന്നു ചന്തുവേട്ടന്‍.
''അപ്പു വല്യ പൂരക്കളിക്കാരനായിരുന്നു. അപ്പുവിനെപ്പോലെ മലക്കം മറയാനാവുന്ന ഒരു കളിക്കാരന്‍ അന്നില്ല. ചിര്വോണ്ടന്‍ നല്ല കൃഷിക്കാരനാ- ഓന്റെ കാര്‍ന്നോര്‍ക്ക് നല്ലോണം നെല്ലുണ്ടായിരുന്നു. അബൂബക്കറിന്റെ വീട് അക്കരെയായിരുന്നു. പിന്നെ കുഞ്ഞമ്പു നായര്‍ കയ്യൂര്‍ക്കാരനല്ലല്ലോ, മൊഴക്കോത്തുന്ന് വന്നതല്ലേ...''
സ്വന്തം സമപ്രായക്കാരോടോ സ്വദേശത്തുകാരോടോ പറയുന്നതുപോലെയാണ് ചന്തുവേട്ടന്റെ സംസാരം. കയ്യൂരിലെ ഓര്‍മ്മയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്കു പ്രായഭേദമില്ല!
കയ്യൂരില്‍ തലമുറഭേദമെന്യേ എല്ലാവര്‍ക്കും കയ്യൂരിന്റെ പോരാട്ട കഥ ഹൃദിസ്ഥമാണ്. നിരഞ്ജനയുടെ സി. രാഘവന്‍ വിവര്‍ത്തനം ചെയ്ത ചിരസ്മരണ പല വീട്ടിലും കൃഷ്ണപ്പാട്ടുപോലെയാണ് സൂക്ഷിച്ചിട്ടുണ്ടാവുക. പാര്‍ട്ടി ഓഫീസില്‍ മീനമാസത്തിലെ സൂര്യന്റെ സിഡിയുമുണ്ട്. കയ്യൂരിന്റെ സിനിമയായതുകൊണ്ടു മാത്രമല്ല അത്. മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ എത്രയോ കയ്യൂര്‍ക്കാരെ നമുക്ക് ആ സിനിമയില്‍ കാണാം.
എന്തായാലും മാര്‍ച്ച് 29ന് നാടുവിട്ടു പോയവരെല്ലാം തിരിച്ചുവരും; കല്യാണം കഴിഞ്ഞു പോയവരും ഗള്‍ഫില്‍ പോയവരുമെല്ലാം. അതിഥികളെ വീട്ടിലേക്കു ക്ഷണിക്കും. രണ്ടു ഡസനോളം തെയ്യക്കാവുള്ള കയ്യൂരിലെ ഏറ്റവും വലിയ കളിയാട്ടമാവും രക്തസാക്ഷിദിനം.
കയ്യൂര്‍ രക്തസാക്ഷി ദിനാചരണത്തിന്റെ മുന്നണിയില്‍ ഇപ്പോള്‍ കൂടുതലും ചെറുപ്പക്കാരാണെന്നാണ് കയ്യൂര്‍-ചീമേനി പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും സി.പി.ഐ.എമ്മിന്റെ കാസര്‍കോട് ജില്ലയിലെ നേതാവുമായ എം. രാജഗോപാലന്‍ പറയുന്നത്.
''അതൊരു മഹത് പാരമ്പര്യത്തിന്റെ ഭാഗമല്ലേ- നിങ്ങള്‍ നോക്കൂ, കയ്യൂരില്‍ രക്തസാക്ഷിത്വം വരിച്ച നാലു പേരും ചെറുപ്പക്കാരാണ്. 19 വയസ്സിനും 32 വയസ്സിനുമിടയില്‍ പ്രായമുള്ളവര്‍. കോയിത്താറ്റില്‍ ചിരുകണ്ടന് 19 വയസ്സാണ് പ്രായം. ഏറ്റവും കൂടിയ പ്രായം 32 വയസ്സുള്ള പൊടവര കുഞ്ഞമ്പുവിനാണ്. ശരിയായിട്ടുള്ള യൂത്താണ് എല്ലാവരും. വര്‍ത്തമാനകാല യുവത്വം അതുള്‍ക്കൊള്ളുന്നു. ത്യാഗാധിഷ്ഠിത രാഷ്ട്രീയപ്രവര്‍ത്തനം അവര്‍ക്കു മാതൃകയാവുന്നതുകൊണ്ടാണ് അത്.''
രാജഗോപാലന്റെ വേഷവും കൗതുകമാണ്. ക്യുബന്‍ വിപ്ളവകാലത്തെ ഫിഡല്‍ കാസ്ട്രോയെപ്പോലെ ഒലിവു ഗ്രീന്‍ പട്ടാളക്കുപ്പായവും തൊപ്പിയും താടിയുമായി ഒരു കയ്യൂര്‍ കാസ്ട്രോ. പണ്ട് എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐക്കാലം തൊട്ടേ രാജഗോപാലനെ വ്യത്യസ്തനാക്കുന്ന വേഷമാണിത്. അങ്ങനെ ഓരോരോ അര്‍ത്ഥങ്ങളില്‍ വ്യത്യസ്തമാണ് കയ്യൂരില്‍ പാര്‍ട്ടിയും മനുഷ്യരും.
തലനരക്കുവതല്ല എന്റെ വൃദ്ധത്വം
തലനരക്കാത്തതല്ല എന്റെ യുവത്വവും
കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍
തലകുനിക്കാത്തതാണെന്റെ യൗവനം
വടക്കേ മലബാറിന്റെ വിപ്ലവചരിത്രം ഇനിയും വേണ്ടവിധം നടന്നുകാണാത്തതിന്റെ ഓര്‍മ്മപ്പെടുത്തലുകളിലേക്ക് ഇപ്പോഴും നമ്മെ ആദ്യം വിളിച്ചുണര്‍ത്തുന്ന പേരാണ് താഴെക്കാട്ടു മനയില്‍ സുബ്രഹ്‌മണ്യന്‍ തിരുമുമ്പിന്റേത്. ഒരേ സമയം കര്‍ഷകസമരനേതാവും കവിയുമായി ജ്വലിച്ചുനിന്ന അധികം പേര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലില്ല.
1934-ല്‍ എ.വി. കുഞ്ഞമ്പുവിന്റെ അഭിനവ് ഭാരത് യുവക്ക് സംഘത്തിലേക്ക് 25 വയസ്സു പൂര്‍ത്തിയാവാത്തതുകൊണ്ട് തിരുമുമ്പിന് അംഗത്വം കിട്ടിയില്ല. അതിന്റെ പ്രതിഷേധമായിരുന്നു പ്രശസ്തമായ 'എന്റെ യുവത്വം' എന്ന കവിത.
ആ കവിതയില്‍നിന്നുള്ള വരികളാണ് മുകളില്‍ക്കൊടുത്തത്.
'പാടുന്ന പടവാള്‍' എന്നാണ് എ. കെ. ജി., ടി.എസ്. തിരുമുമ്പിനെ വിശേഷിപ്പിച്ചത്. 1931-ല്‍ എ.കെ.ജിക്കൊപ്പം തിരുവിതാംകൂറിലേക്ക് ഹരിജന ജാഥ നടത്തിയതിന്റെ മുമ്പിലുണ്ടായിരുന്നു തിരുമുമ്പ്. പിന്നെ ഗുരുവായൂര്‍ സത്യാഗ്രഹക്കാലത്ത് കോഴിക്കോട്ടുനിന്നുള്ള ജാഥയിലും. കയ്യൂര്‍ സംഭവത്തിന്റെ പേരില്‍ തിരുമുമ്പും തൂക്കിലേറ്റപ്പെടുമായിരുന്നു, സംഭവം നടക്കുമ്പോള്‍ ജയിലില്ലായിരുന്നില്ലെങ്കില്‍.
കയ്യൂര്‍ജനതയെ കാണാന്‍ പി.സി. ജോഷിയും പി. സുന്ദരയ്യയും വന്നപ്പോള്‍ അരയാക്കടവില്‍നിന്നുള്ള തോണിയാത്രയുടെ കരിപിടിച്ചൊരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ ഉണ്ട്. ആ ഫോട്ടോയിലുള്ള തെളിയാത്ത സ്ത്രീരൂപം തിരുമുമ്പിന്റെ പത്നി പി.സി. കാര്‍ത്ത്യായനിക്കുട്ടിയമ്മയാണ്.
പിലിക്കോട്ടെ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ചുറ്റുമതിലിനുള്ളിലുള്ള ടി. എസ്. തിരുമുമ്പിന്റെ 'രവിപുരം' എന്ന ഭവനത്തിലേക്ക് ഞങ്ങള്‍ തിരുമുമ്പിന്റെ മകള്‍ പി.സി. പ്രസന്നയ്ക്കൊപ്പം അനുഗമിച്ചു. വലിയ വിപ്ലവകാരികളുടെ വലിയ താവളമായിരുന്ന രണ്ടു നില ഓടുവീട്.
''അച്ഛനെ പാര്‍ട്ടിയില്‍നിന്നും പിന്തിരിപ്പിക്കുന്നതിന് അമ്മയുടെ അമ്മാവന്മാര്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. അമ്മയുടെ പുസ്തകത്തില്‍ അത് എഴുതിയിട്ടുണ്ട്. അച്ഛന്‍ രാഷ്ടീയപ്രവര്‍ത്തനത്തിനു പോകുമ്പോള്‍ അമ്മ പിന്നാലേ പോയി തടയുമായിരുന്നു. അച്ഛനെ ഒരുപാട് എതിര്‍ത്തിരുന്ന അങ്ങനെയുള്ള അമ്മ പില്‍ക്കാലത്ത് മരണംവരെ അതിശക്തയായൊരു കമ്യൂണിസ്റ്റുകാരിയായി മാറി. കമ്യൂണിസ്റ്റു പാര്‍ട്ടി എന്നു കേട്ടാല്‍ മതി അമ്മയ്ക്ക്. കയ്യൂരില്‍നിന്ന് ആരെങ്കിലുമെത്തിയാല്‍ അത് അമ്മയ്ക്ക് സ്വന്തം മക്കളെപ്പോലെയാണ്. അച്ഛനായാലും അമ്മയായാലും ഞങ്ങള്‍ മക്കളോട് ഒരിക്കലും ഇന്നതു ചെയ്യണമെന്ന് പറയുന്ന പതിവില്ല. അച്ഛന്റെ പ്രവൃത്തികളില്‍നിന്ന് ശരികള്‍ ഞങ്ങളെ ബോദ്ധ്യപ്പെടുത്തുകയാണ് ചെയ്യുക,'' പ്രസന്ന പറഞ്ഞു.
പതിനെട്ടു ഗ്രാമങ്ങളുടെയും പതിനെട്ടര ക്ഷേത്രങ്ങളുടെയും ആധിപത്യമുണ്ടായിരുന്ന താഴെക്കാട്ടു മനയ്ക്കലെ ആഢ്യബ്രാഹ്‌മണനായിരുന്നു തിരുമുമ്പ്. അദ്ദേഹത്തിനു വേണമെങ്കില്‍ മരിച്ചു മണ്ണടിഞ്ഞുപോയ അനേകം തിരുമുമ്പുമാരില്‍ ഒരാളാകാമായിരുന്നു. എന്നാല്‍ ജന്മിത്വത്തിന്റെയും ജാതിവിവേചനത്തിന്റെയും വേരറുത്ത് തിരുമുമ്പ് ഇ.എം.എസ്സിന്റെയും വി.ടി. ഭട്ടതിരിപ്പാടിന്റെയും നിരയിലേക്കുയര്‍ന്ന പരിഷ്‌കര്‍ത്താവും വിപ്ലവകാരിയുമാവുകയായിരുന്നു.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു പങ്കെടുത്ത 1928-ലെ കോണ്‍ഗ്രസ് സമ്മേളനം പയ്യന്നൂരിലായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് ഉപ്പ് സത്യാഗ്രഹവും. ജന്മിയും ബ്രാഹ്‌മണനും കവിയുമായ ചെറുപ്പക്കാരനെ വളണ്ടിയറായി ലഭിച്ചപ്പോള്‍ കേളപ്പജിക്ക് സന്തോഷമായി. പി. കൃഷ്ണപിള്ളയും എ.കെ.ജിയുമെല്ലാം സജീവമായി പങ്കെടുത്ത ജാഥയില്‍ ഗംഭീരന്‍പ്രസംഗവും കവിതാലാപനവുമായി തിരുമുമ്പ് തിരയടിച്ചുയര്‍ന്നു.
തീണ്ടാടി വന്ന പരദേശികളെ ഭവാന്മാര്‍ക്കുണ്ടാകുമോ
കരുണ ഞങ്ങളിലെന്തുകൊണ്ടും?
കൊണ്ടാടി നാടിതു ഭരിച്ചതു കണ്ടു, വേണ്ട വേണ്ടാ
മടങ്ങുകിനി വന്നവഴിക്കുതന്നെ
തിരുമുമ്പിനെ ബ്രിട്ടീഷ് പൊലീസ് ജയിലിലടച്ചതിന് കാരണമായ കവിതയിലെ വരികള്‍ പ്രസന്ന ചൊല്ലി.
''ഈ വരികളിലെ 'തീണ്ടാടി' എന്ന പദമാണ് ബ്രിട്ടീഷുകാരെ പ്രകോപിപ്പിച്ചത്. അന്നത്തെ ആ കവിതക്കേസില്‍ അദ്ദേഹത്തിനു വേണ്ടി സാക്ഷി പറഞ്ഞത് മഹാകവി കുട്ടമത്തായിരുന്നു. ഈ കേസില്‍ കണ്ണൂരും, വെല്ലൂരുമായി ഒമ്പതുമാസം തിരുമുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചു.''
1948-ലെ വിഖ്യാതമായ കല്‍ക്കത്താ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത തിരുമുമ്പ് കല്‍ക്കത്താതീസിസിലെ സായുധ വിപ്ലവാഹ്വാനത്തിനു ശേഷമാണ് പാര്‍ട്ടി വിട്ട് ആദ്ധ്യാത്മിക കാര്യത്തിലേക്ക് മുഴുകിയത്. അതിനുശേഷമാണ് ദേവീഭാഗവതം വിവര്‍ത്തനം ചെയ്തത്. കൊല്ലൂര്‍ മൂകാംബികയില്‍ വെച്ച് മറ്റൊരു കമ്യൂണിസ്റ്റ് എഴുത്തുകാരനായ ചെറുകാടായിരുന്നു ദേവീഭാഗവതത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്.
''ഞാന്‍ ജനിക്കുന്ന കാലഘട്ടത്തില്‍ അച്ഛന്‍ സജീവ രാഷ്ട്രീയമൊക്കെ ഉപേക്ഷിച്ച് വീട്ടില്‍ തന്നെയുണ്ടായിരുന്നു. അതുകൊണ്ട് രാഷ്ട്രീയക്കാരനായ അച്ഛനെക്കുറിച്ച് എനിക്ക് നേരിട്ടൊരു അറിവുമില്ല. പക്ഷേ, അച്ഛന്‍ എന്ന വ്യക്തിയെക്കുറിച്ച് അമ്മ അഭിമാനപൂര്‍വ്വം പറഞ്ഞ കഥകളിലൂടെയാണ് ഞാന്‍ അച്ഛനെ അറിഞ്ഞത്. അറിഞ്ഞതു മുതല്‍ എന്റെ റോള്‍ മോഡല്‍ അച്ഛനാണ്,'' പ്രസന്ന പറഞ്ഞു നിര്‍ത്തി.
പി. കൃഷ്ണപിള്ളയുടെയും ടി.എസ്. തിരുമുമ്പിന്റെയും നേതൃത്വത്തിലായിരുന്നു മലബാറിലെ ഗ്രാമങ്ങളില്‍ കര്‍ഷകപ്രസ്ഥാനം പടര്‍ന്നുപന്തലിച്ചത്. രണ്ടാം ലോകയുദ്ധത്തിന്റെ സാമ്പത്തികപീഡനത്തിലമര്‍ന്ന ഗ്രാമത്തില്‍ ജന്മിയുടെ കൈയും കണക്കുമില്ലാത്ത ചൂഷണവും അക്രമപ്പിരിവുകളും പൊലീസിന്റെ നരനായാട്ടും - തീക്ഷ്ണകാലത്തിന്റെ ആ കഥകള്‍ പറഞ്ഞുതരാനാണ് പുതിയ കണ്ടത്തെ എന്‍.വി. അപ്പുവേട്ടനും ജീവിക്കുന്നതെന്നു തോന്നും.
''മഠത്തിലവളപ്പില്‍ കൊട്ടനുണ്ടായിരുന്നു മുന്നില്‍. പാലായിക്കാരന്‍. ഓന്‍ ജാഥയില്‍ മിന്നലുണ്ട്. സുബ്രായന്‍ വടിയെടുത്ത് കൊട്ടന്റെ തലയില്‍ ഒറ്റ അടി. അപ്പളേക്കും എല്ലാവരും സുബ്രായനെ വളഞ്ഞു. സുബ്രായന്‍ പുഴയിലേക്കു തുള്ളി. രണ്ടുമൂന്നാളുടെ ഒയരത്തിലുള്ള വലിയ ഇട്ടയില്‍ നിന്നാണ് ഓന്‍ തുള്ളിയത്. യൂനിഫോറൊക്കെ ഉണ്ടല്ലാ. ഒരു പൊന്തലങ്ങ് പൊന്തീനി. അപ്പോഴേക്കും തലയ്ക്ക് ഏറുവീണിനി. ഓന്‍ അവിടെത്തീര്‍ന്നിനി.''- കയ്യൂര്‍ സംഭവത്തെക്കുറിച്ച് എന്‍.വി. അപ്പുവേട്ടന്റെ വിവരണം.
കയ്യൂരിന്റെ ദേശീയ ഗാനമായിരുന്ന വീരകയ്യൂര്‍പുണ്യത്തിന്റെ പാട്ടുകാരനാണ് അപ്പുവേട്ടന്‍. ടി.എസ്. തിരുമുമ്പ് എഴുതിയ വീരകയ്യൂര്‍പുണ്യം അപ്പുവേട്ടന്റെ ഘന ശബ്ദത്തില്‍ മുഴങ്ങാതെ കയ്യൂരില്‍ കൊടിയുയരില്ല. അപ്പുവേട്ടന് മരണംവരെ അതു പാടാനുള്ള അവകാശം നല്‍കിയത് തിരുമുമ്പ് നേരിട്ടായിരുന്നു. വീരകയ്യൂര്‍ പുണ്യമല്ലാതെ മറ്റൊരു പാട്ട് അപ്പുവേട്ടന്‍ പാടുന്നത് കേട്ടവരുമില്ല.
വീരകയ്യൂര്‍പുണ്യം വിജയിക്കൂ നീണാള്‍
വീരകയ്യൂര്‍പുണ്യം.
ത്യാഗവിമോഹനം ഭാഗ്യനിദാനം
വീരകയ്യൂര്‍പുണ്യം.
മര്‍ദ്ദിതവര്‍ഗ്ഗത്തിന്‍ ശാശ്വതാകര്‍ഷണ
മര്‍ദ്ദകഭീഷണം കേരളമാനം
വീരകയ്യൂര്‍പുണ്യം...
''ഹഹഹ''. ഗാനം കഴിഞ്ഞയുടനെ ചിരിച്ചുകൊണ്ട് കയ്യൂരിന്റെ വിപ്ലവഗായകന്‍ പറഞ്ഞു: ''രാഷ്ട്രീയത്തിന്റെ ഒരു ചുടര്! അല്ലാതെന്തു പറയാനാണ്? കയ്യൂര്‍ദിനമല്ലേ, ആ സമരത്തിന്റെ സന്ദേശം നാടാകെ അറിയിക്കണല്ലോ. അതിനു വേണ്ടീറ്റായിരുന്നു തിരുമുമ്പ് എഴുതിയത്.''
1943-ലെ ആദ്യത്തെ കയ്യൂര്‍ രക്തസാക്ഷി ദിനത്തിലാണ് അപ്പുവേട്ടന്റെ കയ്യൂര്‍ വിപ്ലവഗാനം നാട് കേള്‍ക്കുന്നത്. അവിടുന്നങ്ങോട്ട് ഒരു വര്‍ഷംപോലും മുടങ്ങിയിട്ടില്ല. 1960-ല്‍ പാലക്കാട് നടന്ന സി.പി.ഐ.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സിലും അപ്പുവേട്ടന്‍ കയ്യൂര്‍സമരഗാനം ആലപിച്ച് സദസ്സിനെ ആവേശംകൊള്ളിച്ചു. കൃഷ്ണപിള്ള, എ.കെ.ജി, വി.വി. കുഞ്ഞമ്പു, ഇ.കെ. നായനാര്‍ എന്നിവരുമായെല്ലാം അപ്പുവേട്ടന് അടുപ്പമുണ്ടായിരുന്നു.
''എ.കെ.ജി. എന്നെ ഇളയോന്‍ എന്നാണ് വിളിച്ചിരുന്നത്. അറുപതില്‍ തിരുവനന്തപുരത്തേക്കു നടത്തിയ കാല്‍നട ജാഥയില്‍ ഏറ്റവും പ്രായം കുറഞ്ഞ ഭടന്‍ ഞാനായിരുന്നു. അന്നൊന്നും എന്റെ ഒച്ച ഇങ്ങനെയായിരുന്നില്ല. മണിമണി പോലെയായിരുന്നു.''
ഏറ്റവും പ്രിയപ്പെട്ട നേതാവ് ടി.എസ്. തിരുമുമ്പ് പാര്‍ട്ടി വിട്ടപ്പോള്‍ എല്ലാ കയ്യൂര്‍ക്കാരെയുംപോലെ അപ്പുവേട്ടനും മാനസികമായി തകര്‍ന്നു. പക്ഷേ, ഓരോ കയ്യൂര്‍ദിനം കടന്നുവരുമ്പോഴും കയ്യൂരിന്റെ രണഭൂമിയില്‍ തിരുമുമ്പ് മുമ്പിലുണ്ടാകുമായിരുന്നു. കയ്യൂര്‍സംഭവം നടക്കുമ്പോള്‍ ജയിലിലല്ലായിരുന്നില്ലെങ്കില്‍ തിരുമുമ്പ് തൂക്കിലേറ്റപ്പെടുമായിരുന്നെന്ന് പറയുകയല്ല, പാടുകയായിരുന്നു അപ്പുവേട്ടന്‍:
ഉന്നതാദര്‍ശവും അതേ തീവ്രതയും നിഷ്ഠയും ഉണ്ട്
അന്യരംഗത്താണെന്നാലും എന്നുള്ളിലിന്നും..
ഇന്നും ഓര്‍ക്കാറുണ്ട്, പറയാറുമുണ്ട്,
പലപ്പോഴും അന്ന് തുറുങ്കിലാപ്പെട്ടിരുന്നില്ലെങ്കില്‍
വീരകയ്യൂര്‍ സഖാക്കളിലൊന്നാമനായി
തൂക്കുമരമേറുവാന്‍ അര്‍ഹതമുറ്റും
എനിക്കായേനേ...
1948-ല്‍ പാര്‍ട്ടി വിട്ട തിരുമുമ്പിനെ കെ.എ. ദാമോദരമേനോന്‍ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ചിരുന്നു. കോണ്‍ഗ്രസ്സിന്റെ ഫുള്‍ടൈം പ്രവര്‍ത്തകനായാല്‍ മാസം മുന്നൂറു രൂപ അലവന്‍സും പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ മരിക്കുന്നതുവരെ ഒരു കമ്യൂണിസ്റ്റു വിരുദ്ധ ചേരിയിലും ചേരാന്‍ തിരുമുമ്പ് തയ്യാറായില്ലെന്നത് വലിയൊരു ആവേശമായാണ് അപ്പുവേട്ടന്‍ പറയുന്നത്. അത് തിരുമുമ്പിന് കയ്യൂരിനോടും കയ്യൂര്‍സഖാക്കളോടുമുള്ള ആത്മബന്ധംകൊണ്ടാണെന്നും അദ്ദേഹം വിചാരിക്കുന്നു.
1984 നവംബര്‍ 29-ന് തിരുമുമ്പ് അന്തരിച്ചപ്പോള്‍ ആ 'ആദ്ധ്യാത്മികവാദി'യുടെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിക്കാന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിക്കും ആശയക്കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല.
തോലും വിറകും ഞങ്ങളെടുക്കും
കാലന്‍ വന്നു തടഞ്ഞെന്നാലും
ആരും സ്വന്തം നേടിയതല്ല
വാരിധിപോലെ കിടക്കും വിപിനം
കാവല്‍ക്കാരേ സൂക്ഷിച്ചോളൂ
കാര്യം വിട്ടു കളിച്ചീടേണ്ട
അരിവാള്‍ തോലരിയാനായി മാത്രം
പരിചൊടു കൈയില്‍ കരുതിയതല്ല...
അപ്പുവേട്ടന്‍ തിരുമുമ്പിന്റെ ഏതാനും വരികള്‍ കൂടി വലിയ ഒച്ചയില്‍ ചൊല്ലിയപ്പോള്‍ മീനത്തിലെ പൂരത്തിനായി പൂത്ത മുരിക്കിന്‍ പൂവുകള്‍ കൂടുതല്‍ ചുവന്നു തുടുത്തു. പക്ഷികള്‍ ചിലച്ച് ആകാശത്തേക്കു പറന്നു.
1943 മാര്‍ച്ച് 29ന് തൂക്കിലേറ്റപ്പെടുന്നതിനു മുമ്പ് തങ്ങളെ അവസാനമായി കാണാനെത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.സി. ജോഷിയോട് കയ്യൂര്‍ സഖാക്കള്‍ അവസാനമായി പറഞ്ഞത് ഇത്രമാത്രം-
'ഞങ്ങള്‍ ഞങ്ങളുടെ കടമകള്‍ ഭംഗിയായി നിര്‍വ്വഹിച്ചുകഴിഞ്ഞു. ഇനി സഖാവ് ഞങ്ങളെ ആശ്വസിപ്പിക്കാന്‍ നില്‍ക്കാതെ ഞങ്ങളുടെ നാട്ടിലേക്കു പോകൂ.''
പി.സി. ജോഷിയും പി. സുന്ദരയ്യയും പി. കൃഷ്ണപിള്ളയും മാത്രമല്ല വിപ്ളവ കേരളം മുഴുവനും അങ്ങനെ എത്രയോ തവണ കയ്യൂരിലേക്കു പുഴ കടന്നു വന്നിരിക്കുന്നു. ഇനിയും വരാനിരിക്കുന്നു. ചരിത്രത്തില്‍ ഇങ്ങനെ ചില തുരുത്തുകളെങ്കിലും ജീവിക്കുന്നതുകൊണ്ടാണ് നമുക്കുള്ളില്‍ കുറച്ചെങ്കിലും ചുവന്ന രക്താണുക്കള്‍ ബാക്കിനില്‍ക്കുന്നത്.
2012 ലെ കയ്യൂര്‍ രക്തസാക്ഷി ദിനത്തില്‍ 'മതിലുകളില്ലാത്ത കയ്യൂര്‍' കൈരളി ടിവി സംപ്രേഷണം ചെയ്തു. ജൂണ്‍ 1 ന് എന്‍.വി. അപ്പുവേട്ടന്‍ അന്തരിച്ചു. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ 2019 ജനുവരി 14ന് അന്തരിച്ചു. ജോണ്‍ എബ്രഹാമിന്റെ പറ്റുപുസ്തകത്തിനൊപ്പം കയ്യൂര്‍ സിനിമയുടെ തിരക്കഥ സൂക്ഷിച്ച കോട്ടയില്‍ ഗംഗന്‍ 2024 ജനുവരി 13നും വിടപറഞ്ഞു.
Content Highlights: biju muthathi article kayyur martyrs communist revolution book manitharkalam
Published: 11 Apr 2025, 10:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented