'ഒരു പക്ഷെ, വി.എസ്.ഇടപെട്ടില്ലായിരുന്നെങ്കിൽ കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തമുഖം കേരളവും രാജ്യവും ഇത്രയും വ്യാപ്തിയോടെ കാണില്ലായിരുന്നു'-സമരനേതാക്കളുടെ ഈ വാക്കുകളിലുണ്ട് വി.എസ്. അച്യുതാനന്ദൻ എൻഡോസൾഫാൻ ദുരിതബാധിതരെ ചേർത്തു പിടിച്ചതിന്റെ ആഴവും സ്‌നേഹവും. എൻഡസോൾഫാൻ വിരുദ്ധ സമര സമിതി 2004-ൽ കാസർകോട് കളക്ടറേറ്റിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. ആയിരുന്നു. 

To advertise here,

അതിനുമുമ്പ് ഒന്നിലേറെ തവണ എൻഡോസൾഫാൻ ദുരന്തമുഖത്തെത്തിയിരുന്നു. കാസർകോടിന്റെ ഈ വേദനയെ ആഴത്തിൽ മനസിലാക്കിയ വി.എസ്. ദുരിതബാധിതർക്കുവേണ്ടിയുള്ള സമരത്തിൽ എല്ലായ്പ്പോഴും അടിയുറച്ചുനിന്നു. അന്ന് കളക്ടറേറ്റ് മാർച്ച് വി. എസ്. ഉദ്ഘാടനം ചെയ്തതിനു ശേഷമാണ് എൻഡോസൾഫാൻ സമരത്തിന് കരുത്താർജിച്ചത്. 

ലീലാകുമാരിയമ്മ നൽകിയ കേസിൽ എതിര് നിന്നവർപോലും ദുരിതബാധിതർക്കൊപ്പമെത്തിയത് വി.എസ്സിന്റെ ഇടപെടൽ കനപ്പെട്ട ശേഷമാണ്. മുഖ്യമന്ത്രിയായപ്പോൾ വി.എസ്. വീണ്ടും കാസർകോടൻ ഗ്രാമങ്ങളിലെ എൻഡോസൾഫാൻ വിഷം പുരണ്ട മേഖലകളിലെത്തി. അന്ന് മഞ്ചേശ്വരം എംഎൽഎ ആയിരുന്ന സി.എച്ച്.കുഞ്ഞമ്പുവിന്റെ സബ്മിഷന് എൻഡോസൾഫാൻ മൂലം കാസർകോട്ട് ആരും മരിച്ചിട്ടില്ലെന്ന കൃഷിമന്ത്രിയുടെ മറുപടി വലിയ കോലാഹലമുണ്ടാക്കി. ഇതിൽ മുഖ്യമന്ത്രി ഇടപെട്ടു. അതിനു ശേഷമാണ് എൻഡോസൾഫാൻ ദുരിതബാധിതരുടെയും ഇത് മൂലം മരിച്ചവരുടെയും കൃത്യമായ പട്ടിക തയ്യാറാക്കുന്നത്.

സർക്കാരിന്റെ ആദ്യ ധനസഹായം അരലക്ഷം രൂപ മരിച്ചവരുടെ കുടുംബത്തിന് കിട്ടിയതും വി.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. ദുരിത ബാധിതർക്കുവേണ്ടി മെഡിക്കൽ ക്യാമ്പ് നടത്തിയതും വി. എസ്സിന്റെ നിർദേശപ്രകാരം. 'തിരഞ്ഞെടുപ്പ് വരാനായല്ലോ. ഇപ്പോൾ സമരം നടത്തിക്കോ. ആരും എതിര് പറയാൻ വരില്ല'-2010ൽ വി.എസ്.പറഞ്ഞ ഈ വാക്കുകൾ ഒരിക്കലും മറക്കില്ലെന്ന് എൻഡോസൾഫാൻ ദുരിതബാധിതർക്കുവേണ്ടി പോരാടുന്ന അമ്പലത്തറ കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഉന്നതങ്ങളിൽ ആരൊക്കെയോ ഇതിന് എതിര് നിൽക്കുന്നുണ്ടെന്ന് സമരസമിതിക്ക് ബോധ്യപ്പെട്ടതും അന്നാണ്- കാസർക്കോട്ടെ എൻഡോസൾഫാൻ സമരപ്രവർത്തകർ പറയുന്നു. 

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടതനുസരിച്ച് എൻഡോസൾഫാൻ ദുരന്തത്തിൽ മരിച്ചവർക്കും കിടപ്പിലായവർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും അഞ്ച് ലക്ഷം രൂപ വീതവും രോഗികൾക്ക് മൂന്ന് ലക്ഷം രൂപവീതവും വിതരണംചെയ്തതും വി.എസ്സിന്റെ ഭരണ കാലത്താണ്. 2016-ൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സെക്രട്ടറിയേറ്റ് പടിക്കൽ പത്തുദിവസത്തെ സമരം നടത്തിയിരുന്നു. ഈ സമരത്തിന്റെ സംഘാടക സമിതി ചെയർമാനായിരുന്നു വി.എസ്. അച്യുതാനന്ദൻ. ആ സമരപ്പന്തലിൽ വി. എസ്. ഒരു ദിവസം ഉപവാസമിരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയായിരുന്നപ്പോൾ എൻഡോസൾഫാൻ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിൽ പങ്കാളിയായി ഒരു ദിവസം ഉപവാസം നടത്തുകയും ചെയ്തു.