
കവിതക്ക് പുറത്തും അതിരുകളില്ലാത്ത ലോകം സാധ്യമാകണമെന്ന് പറയാന്‍ ശ്രമിച്ച് പരാജയപ്പെട്ടുപോയ പേരാണ് എ അയ്യപ്പന്‍. വൃത്തങ്ങള്‍ക്കുള്ളില്‍ തളച്ചിട്ട മലയാളിയുടെ വാര്‍പ്പ് മാതൃകകളെ തെരുവില്‍ പിച്ചിച്ചീന്തിയ കാലഘട്ടത്തിന്റെ കവി ജീവിതമാണ് അദ്ദേഹം. ഷര്‍ട്ടിന്റെ കൈ മടക്കില്‍ തിരുകി വച്ച മരണത്തിന്റെ അമ്പ് ലോകം കണ്ടതിന്റെ ഓര്‍മ്മ ദിനമാണ് ഇന്ന്. കവിതക്ക് പുറത്തും കവിതയായി തന്നെ ഉറച്ച് നിന്ന മഹാപ്രതിഭയുടെ കവിത വറ്റിയ ദിനം. വരാനിരിക്കുന്നതിനെ മുന്‍കൂട്ടി പറയുന്ന ദൈവത്തിന്റെ പ്രതി പുരുഷനാണ് വെളിച്ചപ്പാടെങ്കില്‍, എല്ലാ കാലത്തെയും വെല്ലുവിളിച്ചുകൊണ്ടേയിരുന്ന മനുഷ്യ രൂപമായിരുന്നു അയ്യപ്പന്‍.
തെരുവില്‍ ചിതറി വീണ ജീവിതങ്ങളുടെ പകര്‍ത്തെഴുതായിരുന്നു അദ്ദേഹത്തെ സമാനതകളില്ലാത്ത ഒരുവനാക്കി മാറ്റിയത്. ചേര്‍ത്തുവച്ച ഓരോ അക്ഷരങ്ങളിലും കഴിഞ്ഞുപോയ കാലഘട്ടങ്ങളിലെ വേദനയും പകയും നിഴലിച്ചു കിടക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞുതീര്‍ത്ത ജീവിതങ്ങള്‍ ഇന്നും മനുഷ്യനായവനെ ചുട്ട് പൊള്ളിക്കുന്നുണ്ട്. ബഷീറിനുശേഷം അക്ഷരങ്ങളുടെ ആത്മാകള്‍ക്ക് ഇത്രമേല്‍ ജീവന്‍ നല്‍കിയ മറ്റൊരു പേരില്ല.
ആയ്യപ്പന്റെ ജീവിതവും കവിതയും ഒരു വരിപോലും വ്യത്യാസമില്ലാതെ ഇഴ പിരിഞ്ഞ് കിടക്കുന്ന ഒന്നായിരുന്നു. കവിതയില്‍ നിഴലിക്കുന്ന ഏകാന്തതയും ദുഖവും ജീവിതത്തിന്റെ ആവര്‍ത്തനമായിരുന്നു. സ്‌കൂള്‍ വിട്ട് വീട്ടില്‍ എത്തിയപ്പോള്‍ ചേതനയറ്റ് മരവിച്ച് കിടക്കുന്ന അമ്മയുടെ ശരീരമാണ് അയ്യപ്പനെ വരവേറ്റത്. വായ്ക്കരിയിടാന്‍ പറഞ്ഞ കാരണവരോട് ജീവിതത്തില്‍ അമ്മയുടെ ആമാശയത്തിലേക്ക് അന്നമെത്തിക്കാന്‍ കഴിയാത്ത ഒരുത്തന് അത് കഴിയില്ല എന്നായിരുന്നു മറുപടി. അച്ഛന്റെ ദുര്‍മരണവും അയ്യപ്പനെ ഏകാന്തയുടെ പടുകുഴിയിലേക്കായിരുന്നു തള്ളിയിട്ടത്. പിന്നീടങ്ങോട്ട് ആശ്വാസവും താങ്ങുമായത് സഹോദരിയായിരുന്നു.
ജീവിതം അത്രമേല്‍ അനാഥമാക്കിയത് കൊണ്ടാവാം അയ്യപ്പന്റെ കവിതകളില്‍ പൂക്കളുടെ നറുമണവും സ്ത്രീ വര്‍ണ്ണനയും ഇല്ലാതായത്. എല്ലായപ്പോഴും അദ്ദേഹം ശ്രമിച്ചത് അടിച്ചമര്‍ത്തപ്പെട്ടവന്റെ ഹൃദയം തൊട്ട് അക്ഷരങ്ങള്‍ തുന്നാനായിരുന്നു. കവിതയില്‍ അന്നുമുതലാണ് പറയനും പുലയനും ചോദ്യം ചോദിക്കാന്‍ തുടങ്ങിയതും, മുഷ്ഠി ചുരുട്ടിയതും. കാലത്തിന്റെ കാത്തുവെപ്പായിരുന്നു യഥാര്‍ത്ഥത്തില്‍ അയ്യപ്പന്‍. അതുകൊണ്ടുതന്നെയാവണം പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്റെ ആദ്യ കാവിതാ സമാഹാരം പുതിയ കാലത്തിന് സമര്‍പ്പിക്കാന്‍ സാധിച്ചത്. പിന്നീടങ്ങോട്ട് കാലവും, കവിയും, കവിതയും കൂടിച്ചേര്‍ന്ന അപൂര്‍വ്വതയുടെ തെരുവ് യുദ്ധങ്ങളായിരുന്നു.
ഭൂരിപക്ഷ സമകാലിക രാഷ്ട്രീയ ബോധ്യങ്ങളോട് അതിനപ്പുറത്തും മനുഷ്യനുണ്ടെന്ന് അയ്യപ്പന്‍ ഓര്‍മിപ്പിച്ചിരുന്നു. എത്ര വലിയ കൊടിക്കൂറകള്‍ക്ക് നേരെയും കവിതയുടെ അത്തരം അമ്പുകള്‍ നിര്‍ഭയം അദ്ദേഹം തൊടുത്തിരുന്നു. കാലത്തില്‍ നിന്ന് കവിയെയോ, കവിയില്‍ നിന്ന് കവിതയെയോ പറിച്ചെടുക്കാന്‍ സാധിക്കാത്ത വിധം അയ്യപ്പന്‍ മലയാളിയുടെ ഹൃദയത്തില്‍ അമ്പുപോലെ തറച്ചിറങ്ങുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതൃഭൂമിക്ക് കൊടുത്ത അഭിമുഖത്തില്‍ അയ്യപ്പന്‍ തന്റെ വായനയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്,
'ഞാന്‍ ചെറുപ്പം മുതലെ വായിക്കുമായിരുന്നു. ലൈബ്രറിയില്‍ പോയി ആവശ്യമുള്ള പുസ്തകങ്ങളില്‍ നിന്ന് എനിക്കുവേണ്ട താളുകള്‍ കീറിയെടുക്കുകയായിരുന്നു പതിവ്.'
അന്ന് അയ്യപ്പന്‍ കീറിയെടുത്ത ഓരോ താളുകളിലും ജീവിതത്തിന്റെ ദൈന്യതയും, രോഷവും ഉറപ്പായും ഉണ്ടായിരിക്കും. ഒന്നില്‍ നിന്നൊന്ന് കീറിമാറ്റാന്‍ സാധ്യമാകാത്ത തരത്തില്‍ അദ്ദേഹം തെരുവില്‍ കളഞ്ഞിട്ട് പോയ ഓരോ കവിതയും അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ലോകത്തെ മുഴുവന്‍ സ്‌നേഹിക്കുമ്പോഴും ഏറ്റവും മുറിവേല്‍പ്പിച്ച വാക്കായി അദ്ദേഹം പ്രണയത്തെ കണ്ടു. പ്രണയം പൂര്‍ത്തീകരിക്കാനാവാത്ത കവിതയായി പാതി വഴിയില്‍ കവിയെ തനിച്ചാക്കി വഴിപിരിഞ്ഞു. അപ്പോഴെല്ലാം നിഴലായി വഴികാട്ടി നിന്നത് കവിത മാത്രമായിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ കവി തന്റെ കൂടുപൊളിച്ച് അതിരുകളില്ലാത്ത കവിതകളിലേക്ക് സഞ്ചരിച്ചു എന്നുകൂടെയാണ്.
പ്രണയത്തെ അതിന്റെ എല്ലാ തീക്ഷ്ണതയിലും വിഴുങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നതിന് ജീവിതം തന്നെയാണ് തെളിവ്. ലഹരി കലര്‍ന്ന രക്തത്തില്‍ നിന്ന് പ്രവഹിച്ച ഓരോ പ്രണയ കവിതകളും എക്കാലവും ജ്വലിച്ചുകൊണ്ടിരിക്കുന്നവയാണ്. ലഹിരിക്കപ്പുറത്തെ ജീവിത തുരുത്തുകളും പ്രണയത്തേക്കാള്‍ വലിയ യാഥാര്‍ഥ്യങ്ങളുടെ ലഹരിച്ചുഴിയിലേക്ക് തള്ളിയിടുന്നവയാണ്.
ചേതനയറ്റ ശരീരത്തോടൊപ്പം ബാക്കിയാക്കിയത് കവിതയുടെ തോരാമഴയും ഒരു പിടി സുഹൃത്തുക്കളുമായിരുന്നു. എല്ലാ ഇടവും സ്വന്തം നാടായ അയ്യപ്പന് എല്ലാ നാട്ടിലും വലിയ സുഹൃത് വലയങ്ങളുമുണ്ടായിരുന്നു. അതില്‍ ഏറ്റവും മുന്‍ നിരയില്‍ ഉണ്ടായിരുന്ന ഒരാളാണ് ജോണ്‍. 'എന്റെ സിനിമയുടെ ഹിറ്റ്‌ലര്‍ ഞാനാണെന്ന്' പൊതു സമൂഹത്തോട് വിളിച്ചുപറഞ്ഞ മനുഷ്യന്‍. കവിതയില്‍ അയ്യപ്പനെപോലെ, മലയാള സിനിമ ബോധ്യങ്ങളെതന്നെ മാറ്റിമറിച്ച പ്രതിഭയായിരുന്നല്ലോ ജോണ്‍.
ഇത്രത്തോളം എല്ലാം പങ്കുവച്ച മറ്റൊരു കൂട്ടുകാരന്‍ ഉണ്ടായിട്ടില്ല എന്നാണ് അയ്യപ്പന്‍ ജോണിനെക്കുറിച്ച് പറഞ്ഞത്. ജോണിന്റെ മരണം മറ്റൊന്നിനാലും നികത്താന്‍ അയ്യപ്പന് സാധ്യമല്ലായിരുന്നു. പോകരുത് എന്ന് പറഞ്ഞിട്ടും രാത്രിയില്‍ തന്റെ ഷര്‍ട്ടിട്ട് താന്‍ കൊടുത്ത നുറുരൂപയുമായി മരണത്തിലേക്ക് നടന്നകന്ന ജോണ്‍ കൂട്ടുകാരനുമപ്പുറത്ത് ആരൊക്കെയോ ആയിരുന്നു. സിഗരറ്റിന്റെ പുക നിറയുന്ന ചെറിയ മുറിയില്‍ ചിയേര്‍സ് പറഞ്ഞ് കാലത്തെ വെല്ലുവിളിക്കാന്‍ തനിക്കൊത്ത ഒരുവനായിട്ടുകൂടി ആകണം ജോണിനെ കണ്ടത്. അത് ഇല്ലാതായപ്പോള്‍ കവിത മാത്രം കണ്ട കണ്ണുകള്‍ ഒന്നും കാണാന്‍ സാധിക്കാത്ത വിധം നിറഞ്ഞതിനും കാലം തന്നെ സാക്ഷി.
ഞാന്‍ കാട്ടിലും
കടലോരത്തുമിരുന്ന്
കവിതയെഴുതുന്നു
സ്വന്തമായൊരു
മുറിയില്ലാത്തവന്‍
എന്റെ കാട്ടാറിന്റെ
അടുത്തു വന്നു നിന്നവര്‍ക്കും
ശത്രുവിനും സഖാവിനും
സമകാലീന ദുഃഖിതര്‍ക്കും
ഞാനിത് പങ്കുവെയ്ക്കുന്നു
'ഞാന്‍' എന്ന കവിതയിലെ വരികളാണിവ. പ്രകൃതിയും സ്വപ്നവും കാത്തിരിപ്പും നിദ്രയും ഒറ്റപ്പെടലും അയ്യപ്പന്റെ കവിതകളില്‍ നിഴലിച്ച് കാണാം. കവിയുടെ യാത്ര ജനിക്കും മൃതിക്കുമിടയിലായിരുന്നു.
പുരോഗമന സാഹിത്യ കാരന്മാരെ കേസരി വിശേഷിപ്പിച്ചത് സമുദായത്തിലെ വിഷം തീനികള്‍ എന്നായിരുന്നു. ജീര്‍ണ്ണമായൊരു സമുദായത്തില്‍ ആ സമൂഹത്തിന്റെ ദുഷിപ്പുകളെ മുഴുവന്‍ സ്വയം വീഴുങ്ങി അതിനെ നോക്കി ഇത് മുഴുവന്‍ വിഷമാണ് എന്ന് ഉറക്കെ പറയാന്‍ പുതിയ കാലത്തിലെ കവികള്‍ക്ക് കഴിയുന്നതിനാലാണ് അത്തരത്തില്‍ ഒരു പ്രയോഗം നടത്തിയത്. എന്നാലിത് കവിതക്ക് പുറത്ത് വിളിച്ചാര്‍ത്ത കാലത്തിന്റെ പേരാണ് എ അയ്യപ്പന്‍.
തെരുവിന്റെ ആകാശക്കൂരക്ക് കീഴില്‍ നിന്ന് ജീവിച്ച കാലഘട്ടത്തെ അക്ഷരങ്ങള്‍കൊണ്ട് അദ്ദേഹം വെല്ലുവിളിച്ചുകൊണ്ടേയിരുന്നു. കമ്യുണിസത്തെ കവിതയോളം ഹൃദയത്തില്‍ പേറിയിരുന്നു അദ്ദേഹം. ആര്‍ സുഗതന്റെ പിന്‍ഗാമിയായി പോലും അദ്ദേഹത്തെ കണ്ടവരുണ്ട്. ജനയുഗത്തിലും, കല്പക പ്രസ്സിലും അക്ഷരങ്ങള്‍ പകുത്തു. 'അക്ഷരം' മാസികയുടെ പ്രസാധകനും പത്രാധിപരുമായി. എവിടെയും ഉറച്ച് നില്‍ക്കാതെ തന്റെ അനുഭവങ്ങളുടെ അക്ഷരങ്ങളെ പലര്‍ക്കായി പങ്കുവച്ചുകൊണ്ടേയിരുന്നു.
പ്രിയപ്പെട്ട സഖാവ് ഇ എം എസ്സ് ആയിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകരില്‍ ഒരാളായിരുന്നു അയ്യപ്പന്‍. 'ഇ എം എസ്സ് സംസാരിച്ചതെല്ലാം കമ്യുണിസ്റ്റുകാരന് വേണ്ടിയായിരുന്നു, നുണ പറഞ്ഞതും സത്യം പറഞ്ഞതും കമ്യുണിസത്തിന് വേണ്ടിയും' ഇപ്രകാരമാണ് തന്റെ പ്രിയപ്പെട്ട ഇ എമ്മിനെ അയ്യപ്പന്‍ ഓര്‍ത്തെടുത്തിരുന്നത്. വളരെയടുത്ത ആത്മബന്ധവും ഇ എം എസ്സുമായി അയ്യപ്പനുണ്ടായിരുന്നു.
പിന്നിട്ട വഴികളില്‍ നിന്നെല്ലാം കൂടെ കൂട്ടിയത് കവിതയെ മാത്രമായിരുന്നു. കൂടെ നിന്നതിനെയും, നിര്‍ത്തിയതിനെയും എല്ലാം വഴിയില്‍ തന്നെ കളഞ്ഞ് ഒരേസമയം കവിതയുടെ അപ്പനും മകനുമായി.
മരണത്തിന് ശേഷം കവിതകളെ ജനിപ്പിച്ച നന്ദിതയെപോലെ മരണത്തിനായി കുപ്പായ മടക്കില്‍ അയ്യപ്പനും ഒരു കവിത മാറ്റിവച്ചിരുന്നു. മരണം എന്നോ വരിച്ച അയ്യപ്പനെ കവിതയിലെ ഓരോ അക്ഷരത്തിലും ദൃശ്യമാണ്. മദ്യം കരള് മുച്ചൂടും കുടിച്ചു തീര്‍ത്തെങ്കിലും മരണത്തിന്റെ കൂടെ ചിയേര്‍സ് പറയാന്‍ ഒരിടം എന്നും അയ്യപ്പന്‍ ഒഴിച്ചിട്ടിരുന്നു. ചിയേര്‍സ് പറഞ്ഞ് വായ്ക്കരി നെഞ്ചില്‍ പേറി എന്നോ മരണത്തെ കൂടെ കൂട്ടിയിരുന്നു. തെരുവില്‍ നിന്ന് തന്നെ കൊണ്ടുപോയത് ഒരു പക്ഷെ അവര്‍ പരസ്പരം അത്രമേല്‍ ഉള്‍കൊണ്ടതുകൊണ്ടാവണം.
അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടു പേര്‍
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി...
Published: 21 Oct 2020, 03:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented