കാണുമ്പോള്‍ ലാച്ചാര്മാത്രം പറയുന്നവരുണ്ട്. വേവലാതികള്മാത്രം, കുറ്റങ്ങള്‍മാത്രം പറയുന്നവരുണ്ട്. സന്തോഷകരമായ കാര്യങ്ങളും വിവര്ത്തനംചെയ്ത് അവര്‍ ലാച്ചാറാക്കി, വേവലാതിയാക്കി, പരനിന്ദയാക്കി പറയുന്നു. സ്തുതികള്പോലും നിന്ദാസ്തുതി. എന്നാല്‍, എന്തും തമാശയാക്കി പരിഭാഷപ്പെടുത്തിപ്പറയുന്ന ഒന്നോ രണ്ടോ ആളുകള്‍ ഓരോ ഇടത്തിലുമുണ്ടാവും ഇടം വര്‍ധിപ്പിക്കാനായി. ഉദാഹരണത്തിന് അങ്ങനെയൊരാളോട്, 'കല്യാണത്തിന് നിങ്ങളെല്ലാവരും വന്നിരുന്നല്ലോ ഇല്ലേ; തിരക്കില്‍ എനിക്ക് കാണാന്‍ പറ്റിയില്ല' എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഇങ്ങനെ പ്രതിവചിച്ചു. 'ഞാളെല്ലാം വന്നീനു, പൂച്ചേന്റെ വയ്യാലെ പാഞ്ഞിറ്റ് കിട്ടീല.' എവിടെയും അവര്‍ക്കുചുറ്റും ആളുകള്‍. മരണവീട്ടില്‍പ്പോലും അവര്‍ തങ്ങിയപ്പോള്‍ മൂകതയുടെ കരിമ്പടത്തിന് തുളകള്വീണു. പക്ഷേ, മധ്യസ്ഥം പറയാനോ കാര്യഗൗരവമുള്ള സംഗതികള്‍ക്കോ അവരെയാരും വിളിക്കില്ല. എഴുത്തുകാരിലുമുണ്ട് ഇവരെല്ലാം. അവരിലെ, എല്ലാം ചിരിക്കാനുള്ളതാക്കി വിവര്ത്തനംചെയ്തുമാത്രം അവതരിപ്പിക്കുന്ന നര്മദേവതയുടെ, ആ ഭക്തരുടെ ബൃഹദാകാരമാണ് വി.കെ.എന്‍.
ആരുതാണ്ടും ആ ഉയരം
തന്റെ വര്‍ഗത്തിന്റെ വിധി ചൂടന്‍ എന്നോ വട്ടന്‍ എന്നോ ഉള്ള വിളിയോ ഓര്‍ക്കുമ്പോള്‍ത്തന്നെ തലയിലെ കുടലിളകിമറിയുന്ന ചിരിയോ ആണെങ്കില്‍ അവരുടെ ഈ മഹാപ്രതിനിധിക്കുകിട്ടിയ അംഗീകാരവും മറിച്ചല്ല. പരക്കെ ചിരിയുണ്ട്. പക്ഷേ, നോവല്‍ ചര്‍ച്ചകളിലോ വിലയിരുത്തലുകളിലോ പിതാമഹന്പോലെ അനുപമമായ നോവലുകളെഴുതിയ വി.കെ.എന്നില്ല. വി.കെ.എന്നോളം ഇന്‍പുട്ടില്ലാത്ത ഒരാള്‍ക്ക് വി.കെ.എന്നെ നിരൂപണംചെയ്യുക ദുഷ്കരമായതിനാല് അക്കാദമിക് ലോകം അദ്ദേഹത്തില്‍നിന്ന് പേടിപ്പാടകലെനിന്നു. കണ്ടത്തിലല്ല, മറുകണ്ടത്തിലാണ് കൃഷിചെയ്തത് എന്നതിനാല്‍ ആ വിളവ് സൂക്ഷിക്കാനുള്ള അറ പണിയപ്പെട്ടുമില്ല. ചെറുകഥാവിലയിരുത്തലുകളില് അത്യപൂര്വസുന്ദരങ്ങളായ ഒട്ടേറെ കഥകളെഴുതിയ വി.കെ.എന്നില്ല. ഇന്ത്യയില്‍ത്തന്നെ സരസ്വതി ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് വി.കെ.എന്നൊപ്പമാണ്. പക്ഷേ, സരസ്വതീസമ്മാന്‍ അദ്ദേഹത്തിനില്ല. എഴുത്തച്ഛന് പുരസ്കാരത്തിന്, അത് നിലവില്‍വന്ന അന്നുമുതല്‍ രസനിഷ്യന്ദികളായ വാക്യങ്ങള്കൊണ്ടുമാത്രം സാഹിത്യംരചിച്ച വി.കെ.എന്നായിരുന്നു പ്രഥമയോഗ്യത. 'അപ്പോള്‍ നിനക്ക് പക്ഷങ്ങള്‍ നവങ്ങളായ് ഉത്ഭവിച്ചീടുമതിനില്ല സംശയം' എന്ന് എഴുത്തച്ഛനെ ഓര്‍ത്തപ്പോഴൊക്കെ ഞാന്‍ വി.കെ.എന്നെയും ഓര്‍ത്തു. അപ്പപ്പോള്‍ മുളച്ച ചിറകുകള് വിടര്‍ത്തി പൂര്‍വോപരി പറന്നുകൊണ്ടിരുന്ന വി.കെ.എന്‍. താണ്ടിയ ഉയരം മലയാളത്തില്‍ ആര് താണ്ടിയിരിക്കുന്നു? ഇന്നത് ഭാഷാപരമായി ഒരടി ഉയരത്തില്‍പ്പോലും പറക്കാന്‍ ശേഷിയില്ലാത്തവര്‍ക്കുള്ള ധനസഹായമായി മാറിയിരിക്കുന്നു.
വി.കെ.എന്റെ വിവര്ത്തനവിധത്തിന്റെ ഒരുദാഹരണം പറയാം: ഉത്തരഭാരതത്തില്‍ ജോലിചെയ്യുംകാലം. ഗോതമ്പ് രൂപാന്തരംവന്ന് ഫൂല്‍ക്കയും പൊറോട്ടയും ചപ്പാത്തിയുമാകും. മറ്റൊന്നുമാകില്ല. ഒരിക്കല്‍ കഴിച്ചാല്‍ രണ്ടുതവണ ഭക്ഷിച്ചപോലിരിക്കും. അങ്ങനെ പതിനെട്ടുതവണ(ആറുദിവസം) മന്ദിച്ച കഥാകൃത്ത് ഞായറാഴ്ച ഒരുമണിച്ചോറിനായി ദൂരെയുള്ള മലയാളിപ്പട്ടരുടെ ഹോട്ടലിലേക്ക് ചെല്ലുന്നു. 'വേലിയും മലയും ചാടി വളരുന്ന കേരളത്തെയും സംസ്കാരത്തെയും മറന്നുകളയരുതല്ലോ.' ചോറുതിന്നുന്ന ഒരാള്‍ ഇങ്ങനെ പറയില്ല പോലുള്ള ദുഷ്പ്രയോഗങ്ങള്‍ ഒഴിവാക്കുകയും വേണ്ടേ? ചോറിനായി ഒരു വറ്റ് ചോറ് തിന്നാതെ പണിയെടുക്കുന്ന താനകപ്പെട്ട ദുരവസ്ഥയുടെ സമ്മര്‍ദം കഥാകൃത്തിനെ ഒരു കഥ ഓര്‍മിപ്പിക്കുന്നു. കാനഡയില്‍ പാസ്പോര്‍ട്ടില്ലാതെ എത്തിയ സര്‍ദാര്‍ പിടികൂടപ്പെടുന്നു. 'ഇത്ര അകലെനിന്ന് വന്നതല്ലേ വെറുംകൈയായി മടങ്ങുന്നതെങ്ങനെ? എന്തെങ്കിലുമൊരു പണി...' -സര്‍ദാര്‍ അധികൃതരോട് കെഞ്ചി. തരാം, ഒരാള്ക്കുരങ്ങിന്റെ പണിയുണ്ട്. കാഴ്ചക്കാരുള്ളപ്പോള്‍ മരത്തില്‍നിന്ന് മരത്തിലേക്ക് ചാടണം. ദിവസം പത്തുഡോളര് കൂലി. ഒരാഴ്ചക്കാലം കാഴ്ചബംഗ്ളാവിലെ ജോലി ആസ്വദിച്ച് ചെയ്തു. പൂര്‍വസുകൃതം എന്നും തോന്നി. പക്ഷേ, ഒരുദിവസം ചാട്ടം പിഴച്ചു. എത്തിയത് സിംഹത്തിന്റെ കൂട്ടില്‍. ഒച്ചകേട്ട് ഉറക്കമുണര്‍ന്ന സിംഹം തന്നെ കൊന്നു തിന്നാനടുക്കുന്നതുകണ്ട പരവശനായ സര്‍ദാര്‍ജി സത് ശ്രീ അകാല്‍ എന്നുപറഞ്ഞ് സിംഹത്തിലെ ദൈവത്തിന് കൈകൂപ്പി. ഉടനെ സിംഹവും കൈകൂപ്പി. സത് ശ്രീ അകാല്‍. പാസ്പോര്ട്ടില്ലാത്തതിന്റെ ബുദ്ധിമുട്ട് വ്യാപകമായിരിക്കുന്നു. പാസ്പോര്‍ട്ടുണ്ടെങ്കിലും ഇത്രയുമോ ഇതിലും നിരര്‍ഥകമോ ആയ തൊഴിലെടുത്ത് പുറത്തുകഴിയുന്നവരുടെ അനുഭവമല്ല ഈ സര്ദാര്ജിക്കഥയിലൂടെ വിവര്ത്തനംചെയ്യപ്പെട്ടിരിക്കുന്നതെന്ന് പറയാനാവില്ല. വേദനയും അമര്‍ഷവും ആത്മനിന്ദയുമെല്ലാം വി.കെ.എന്‍. ഇരുന്ന് ചിരിക്കാനുള്ള സന്ദര്‍ഭങ്ങളാക്കി തരണംചെയ്തു; 'ചിരിക്കാനുള്ളതാണെങ്കിലിരിക്കും അല്ലെങ്കില്‍ തിരിക്കും' എന്ന് സദസ്യനെപ്പറ്റിയുള്ള മുന്‍ഗാമിയുടെ ആത്മവിശ്വാസത്തോടെ.
കെടുകാലത്തെ വിവര്‍ത്തനം ചെയ്തയാള്‍
വി.കെ.എന്‍. സംഭവങ്ങളെ വിചിത്രകഥകളാക്കി വിവര്‍ത്തനംചെയ്തു. ഭാഷണത്തെ സരസഭാഷണമാക്കി വിവര്‍ത്തനംചെയ്തു. കേരളചരിത്രത്തെ ചിത്രകേരളമായും ഭാരത ചരിത്രത്തെ ചിത്രഭാരതമായും അവതരിപ്പിച്ചു. മഹാഭാരതത്തെ ദുര്യോധനവധമാക്കി. നളചരിതത്തെ ചിരിപ്പിക്കുന്ന മൂലം കണ്ടെത്തി നളചരിതം മൂലമാക്കി. ശാകുന്തളത്തെ ദുഷ്യന്തന് മാഷാക്കി. അര്ധവിരാമത്തെ കാവിയാക്കി.
വിവര്‍ത്തനം മൂലത്തിന്റെ ഒരു സാധ്യതയുടെ ആവിഷ്കാരമായിരുന്നെങ്കില്‍ വി.കെ.എന്നില്‍ വിവര്‍ത്തനം മൂല്യാതിശായിയായി ബഹുവിതാനമായി. വി.കെ.എന്‍. ദുരന്തത്തെ അവയുടെ രണ്ടാമവതാരമായ പ്രഹസനമാക്കി. പലപ്പോഴും രണ്ടാംകിട ദുരന്തങ്ങളുടെ ഒന്നാംകിട പ്രഹസനങ്ങള്‍.
അവിഹിതത്തില്മാത്രമാണ് രുചി എന്നതിനാല്‍ നിത്യവും അവിഹിതംചെയ്യാനായി ഏടത്തിയമ്മയെ ഭാര്യയാക്കി, നെറികേടുകള്‍ അത്യാനന്ദത്തോടെ പ്രവര്‍ത്തിച്ച് അതിന് സര് സ്ഥാനം നേടി, പരദ്രോഹം മാന്യവും ആദരണീയവുമായി രൂപപ്പെട്ടുവരുന്ന മുതലാളിത്ത കാലഘട്ടത്തിന്റെ പിതാമഹനായി വളര്‍ന്ന ചാത്തുവിലൂടെ ഒരു കെടുകാലത്തെ തലയറഞ്ഞുചിരിക്കാവുന്ന കാലമാക്കി വിവര്‍ത്തനംചെയ്തു. അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരനെ ദുഃഖിപ്പിക്കുന്നില്ലെങ്കില് എന്തിനുകൊള്ളാം? നഗരഭാരതത്തെ ചിരിയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ പയ്യനെയും വിപ്ളവകേരളത്തെ ഫലിതമയമാക്കാന് ചാത്തന്‍സിനെയും നിയോഗിച്ചു. 'ഭൂനയം പാസാക്കുന്നതിന്റെ തലേന്നുവരെ പാട്ടക്കുടിയാനും പമ്പര വിപ്ളവകാരിയുമായിരുന്നവന്. അവന്റെ വിപ്ളവം വന്നപ്പോള്‍ ഭക്തനും സ്വാമിശരണവുമായ നീചന്.' സന്മാര്ഗകേരളത്തിന്റെ സമഗ്ര സൗന്ദര്യത്തെയും ഒരു ചാരുവാക്യത്തില് വി.കെ.എന്‍. വിവര്‍ത്തനംചെയ്തത് കാണുക. 'ചേട്ടാ മടങ്ങിവരൂ, ഇനി ജാരസംസര്‍ഗം ഞാന്‍ ചേട്ടനറിയാതെയായിക്കൊള്ളാം.' വി.കെ.എന്‍. എഴുതുന്നതുവരെ വാവിട്ട് കരഞ്ഞവര്‍ പില്ക്കാലം 'വാവിട്ടുചിരിച്ചു'. ഈ പരിണാമത്തിന്റെ ഇടനിലക്കാരനായി വി.കെ.എന്‍.
പ്രതിപാദ്യത്തില്‍ മാത്രമല്ല, പ്രതിപാദനത്തിന്റെ മുക്കിലും മൂലയിലും വി.കെ.എന്‍. എഴുതുന്നത് തമാശ എന്ന ഭാഷയിലാണെന്ന് വരിതോറും വാക്കുതോറും വി.കെ.എന്‍. 'നീയെന്തു ധരിച്ചാലും കൊള്ളാം ഒന്നും ധരിച്ചില്ലെങ്കിലും കൊള്ളാം, നാലാള് കാണരുത് എന്നുമാത്രം.'
വി.കെ.എന്നില്‍ അടിക്കടി വി.കെ.എന്‍. അങ്ങനെയായാല്മാത്രം പതിയുന്ന ഒരു വിചിത്രലോകത്തെ വി.കെ.എന്‍. ഒരു നൂറായിരം ആംഗിളില്‍ പകര്‍ത്തി. നമ്മള് പരിണമിക്കാത്തിടത്തോളം, നമ്മുടെ ചരിത്രം മറ്റൊന്നാവാത്തിടത്തോളം വി.കെ.എന്‍. മുഷിയില്ല. തിരുമ്പി ഉണക്കേണ്ട കാര്യമൊന്നുമില്ല.
ഇത്രയേറെ ചില്ലകളും ചില്ലകള്‍ക്ക് ചില്ലകളുമുള്ള മറ്റൊരു വടവൃക്ഷവും നമുക്കില്ല. വി.കെ.എന്ന് പാകം, തികയാത്തതിനാല്‍ ഒ.വി. വിജയന് കടംവാങ്ങിയുപയോഗിച്ച വള്ളത്തോളിന്റെ വാക്കുകള്‍: 'മറ്റെന്തതിന് നേര്‍ക്ക് നമസ്കരിക്ക'.
അപ്പപ്പോള്‍ മുളച്ച ചിറകുകള് വിടര്‍ത്തി പൂര്‍വോപരി പറന്നുകൊണ്ടിരുന്ന വി.കെ.എന്‍. താണ്ടിയ ഉയരം മലയാളത്തില്‍ ആര് താണ്ടിയിരിക്കുന്നു?
Content Highlights: 19th death anniversary of vkn kalpeta narayanan writes
Published: 25 Jan 2023, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented