
എന്റെ നാടായ പരണൂലിന്റെ മൂന്നുചുറ്റും കുന്നുകളും താഴെ പുഴയുമാണ്. ഭൂമിയില്‍ മനുഷ്യവാസം തുടങ്ങി രണ്ടായിരംവരെയും ഞങ്ങള്‍ ഭൂരിഭാഗം മനുഷ്യരും വളരെ മന്ദഗതിയിലുള്ള ഒരു ജീവിതമായിരുന്നു തുടര്‍ന്നത്. നാടുവിട്ട് എങ്ങോട്ടെങ്കിലും നീങ്ങണമെങ്കില്‍ ഒന്നുകില്‍ കാടുംകുന്നും കയറണം അല്ലെങ്കില്‍ പുഴ കടന്നുവേണം. ഇത് രണ്ടും ഞങ്ങളെയും ഞങ്ങളുടെ പൂര്‍വ്വികരെയും സംബന്ധിച്ച് ആയാസമേറിയതാകണം. സമയത്തെയും, കാലത്തെയും, വിശപ്പിനെയും അതിജീവിക്കാന്‍ അവര്‍ (ഞങ്ങളും) കൃഷിയിലും, കന്നുകാലി വളര്‍ത്തലിലും ഏര്‍പ്പെടുകയും അവശേഷിക്കുന്ന സമയങ്ങളെ നിരയും, ദായവും കളിച്ചും ചിലരെങ്കിലും കള്ളുകുടിച്ചും കടന്നുപോയിട്ടുണ്ടാവണം.
അങ്ങനെ പില്‍ക്കാലം കുറേ അധികം മനുഷ്യര്‍ പുതിയ ജീവിതം തേടി മുന്നില്‍ തടസ്സം നിന്ന കുന്നുകളെയും, പുഴകളെയും മറികടന്ന് ബോംബെയിലും, ദുബായിലും പോയി. അവരിലൂടെ പുതിയ നാടുകളും നിറങ്ങളും മണങ്ങളും ഞങ്ങളുടെ നാട്ടില്‍ പരന്നു. എങ്കിലും പരണൂല്‍ കുന്നുകള്‍ക്കിടയില്‍ വിഷാദം ബാധിച്ചവനെ പോലെ അത്രയൊന്നും തുറക്കാതെ ഒളിച്ചുകളിച്ചു.
ആരെങ്കിലും നാട് ചോദിച്ചാല്‍ പരണൂല്‍ എന്ന തമിഴ്ചുവയുള്ള സ്ഥലം പറയാതെ നല്ല ശുദ്ധമലയാളത്തില്‍ തട്ടും തടവുമില്ലാതെ പറയാവുന്ന പട്ടുവം എന്ന് ഞാന്‍ പറഞ്ഞു. ജോലി ചെയ്തുകൊണ്ടിരുന്ന പുസ്തകശാലയിലെ ഏറ്റവും വലിയ പുസ്തകങ്ങളിലൊന്നായ ശബ്ദതാരവലി സമയം ലഭിക്കുമ്പോള്‍ മറിച്ചുനോക്കി. ശബ്ദതാരാവലിയില്‍ ഇല്ലാത്ത ഒരു വാക്കും മലയാളത്തിലില്ലെന്ന് ഞാന്‍ വിശ്വസിച്ചു.
പരണൂല്‍ എന്താകും അര്‍ത്ഥം ഞാന്‍ പരതി.
പരണര്‍ എന്നൊരു കവിയും ഏഴിമലയും, മൂഷകവംശവും തെളിഞ്ഞു. പുസ്തകശാലയില്‍ നിന്നും പരിചയപ്പെട്ട ചരിത്രകാരനും പ്രാചീന ലിപികളില്‍ അത്യന്തം അറിവുകളുമുള്ള ഡോ.ടി.പവിത്രന്‍ മാഷോട് പരണൂല്‍ എന്ന വാക്കിനെക്കുറിച്ച് ഞാന്‍ ചോദിച്ചു.
മാഷ് എന്നെ ഒന്ന് നോക്കി.
നീ പരണൂലാണോ?
ഞാന്‍ പറഞ്ഞു: അതെ. ഞാന്‍ പരണൂലും, വെള്ളിക്കീലും, കയ്യത്തുമൊക്കെ ഇഷ്ടം പോലെ വന്നിട്ടുണ്ട്.
മൂഷകരാജവംശത്തിലെ പരണര്‍ എന്ന കവി താമസിച്ച സ്ഥലമാണ് പരണൂല്‍! അത് ഒരാള്‍ മാത്രമായിരിക്കില്ല അതൊരു വലിയ കുടുംബമായിരിക്കാം, വംശമായിരിക്കാം... എന്തായാലും പരണരുടെ ദേശമാണ് പരണൂലായി മാറിയത്.
എനിക്ക് സമാധനമായി ഞങ്ങളുടെ കുന്നില്‍ നിന്നും നോക്കിയാല്‍ പുഴയുടെ അങ്ങേ അറ്റത്ത് 'ഇരുട്ടില്‍ മറയുന്ന മനോഹരമായ കുന്ന്. കടലില്‍ ആഴുന്ന കപ്പല്‍ പോലെ തോന്നി' എന്ന് മൂഷകവംശ കാവ്യത്തില്‍ അതുലനോ അല്ലെങ്കില്‍ ഏതോ പരണരോ വര്‍ണിച്ച ഏഴിമലയെ കാണറുള്ളത് ഞാന്‍ ഓര്‍ത്തു. രാത്രി ഏഴിമലയിലെ ലൈറ്റ് ഹൗസില്‍ നിന്നും മിന്നി തെളിയുന്ന വെളിച്ചം ഞങ്ങളുടെ പുഴയിലും കുന്നുകളിലും പ്രകാശം പരത്തി.
വെളിച്ചത്തിലും ഇരുട്ടിലും, കാറ്റിലും മഴയിലും തെളിയുകയും മറയുകയും ചെയ്യുന്ന ഞാന്‍ കണ്ട ഏഴിമലയെ തന്നെയാണ് ഇ.എം.എസ്സിന്റെ പ്രസംഗങ്ങളിലെ പ്രകാശന്‍ കീഴടക്കിയ എവറസ്റ്റിനെ എഴുതുമ്പോള്‍ ഞാന്‍ വര്‍ണിച്ചത്.
കൈപ്പാട് എന്ന കഥയില്‍ ചെങ്കല്‍പണിയിലൂടെ ഭൂമി തുരന്ന് രാജാവ് കാമുകിയെ കണ്ട് പുഴ കടന്ന് ഏഴിമലയിലേക്ക് പോയതും ഞാന്‍ നിത്യവും അറിയുന്ന വെള്ളിക്കീല്‍ പുഴയിലൂടെയും അതിന്റെ വഴിയിലൂടെയുമാണ്.
ചെറുപ്പത്തില്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യം അമ്മയോടും അമ്മമ്മയോടും നാട്ടിലെ അമ്മമ്മാരോടും ഒപ്പം ചെറുകുന്ന് അമ്പലത്തിലേക്ക് ഞങ്ങള്‍ പരണൂലുകാര്‍ക്ക് ഒരു തീര്‍ത്ഥയാത്രയുണ്ട്. പരണൂല്‍ വയലില്‍ നിന്നും കൊയ്‌തെടുത്ത നെല്ലില്‍ നിന്നുള്ള അരിയും പറമ്പിലെ ചക്കയും വെള്ളരിയും ഒക്കെ കയ്യിലും, തലയിലും ചുമന്ന് അന്നത്തിന്റെ അമ്മയ്ക്ക് സമര്‍പ്പിക്കാന്‍ പുഴയും കൈപ്പാടും, മഞ്ചയും, കണ്ടിയും, മഴ നനഞ്ഞ ചിറ ചവിട്ടിയും ചാടിയും കൈപിടിച്ചും ഉള്ള ഒരു വലിയസാഹസിക യാത്ര!
അതേ പുഴയിലൂടെയും, ചളിയിലൂടെയുമാണ് പില്‍ക്കാലം കണ്ടലാമൃതത്തില്‍ ബേബി മാഷെ പരതി സഹ അധ്യാപകര്‍ തോണിയില്‍ പോകുന്നത്.
ഞാന്‍ കുഞ്ഞുനാള്‍ മുതല്‍ കണ്ട കുന്നും പുഴയും മലയും അതിന്റെ ദൃശ്യസാധ്യതകളും, അനുഭൂതികളും എന്നെ വിടാതെ പിന്തുടരുന്നു. ഒപ്പം തെയ്യങ്ങളുടെ അനുഗ്രഹങ്ങളും.
മന്ദപ്പൂമാരനിലെ തെയ്യം ഞാന്‍ കണ്ട എല്ലാ തെയ്യങ്ങളുടെയും എന്നെ അനുഗ്രഹിച്ചതിന്റെയും ചേര്‍ത്തുപിടിച്ചതിന്റെയും ആകെ കഥയാണ്.
പതിനേഴാം വയസ്സില്‍ നിരാശയും, വിഷാദവും ഒരുപോലെ പിടിമുറുക്കി തല കുനിഞ്ഞ കൗമാരക്കാരന്റെ തല കൈ പിടിച്ചുയര്‍ത്തി തെയ്യം പറഞ്ഞു
നിന്നെ ഞാന്‍ ഏഴിമലയോളം തല പൊക്കമുള്ളവനാക്കും.
തെയ്യം എന്നിട്ട് എന്നെ നോക്കി ചിരിച്ചു 'നിനക്കെന്നെ വിശ്വാസമില്ലേ?'
എനിക്ക് എന്നെ വിശ്വാസമില്ലെങ്കിലും തെയ്യത്തില്‍ വിശ്വാസമുണ്ട്.
'ഉണ്ട്.' ഞാന്‍ തെയ്യം കേള്‍ക്കേ മാത്രം മന്ത്രിച്ചു.
എന്തുകൊണ്ടോ അതിനുശേഷം അവന്റെ മുഖത്തും ഒരു ചിരിപടര്‍ന്നു. ശേഷം എവിടെ തെയ്യം കണ്ടാലും തെയ്യത്തിന്റെ അനുഗ്രഹത്തിനായി ക്ഷമയോടെ വരിയില്‍ നിന്ന് ഇതിന് മുന്നേ ഒരിക്കലും കാണാത്ത അറിയാത്ത തെയ്യങ്ങളും ഏറ്റവും അടുത്ത സുഹൃത്തിനെയെന്ന പോലെ ചേര്‍ത്തുപിടിച്ച് നിനക്ക് സുഖമല്ലേ എന്ന് ചോദിക്കുന്നതായി അവന് തോന്നി... അവന്റെ ചുറ്റും സുഖവും സന്തോഷവും നിറഞ്ഞു.
എന്റെ കുന്നില്‍ നിന്നും ഇനിയും ഏഴിമല തെളിയുമ്പോള്‍ പുഴ അതിന്റെ പാട്ടിന് ഒഴുകുമ്പോള്‍ തെയ്യങ്ങള്‍ അനുഗ്രഹിച്ചും ചേര്‍ത്തുപിടിച്ചും കൂടെ നില്‍ക്കുമ്പോള്‍ കൃത്യമായ പേരും, മേല്‍വിലാസമില്ലാത്ത ഏതോ ഒരു പരണരുടെ രക്തവും വഹിച്ച് പരണൂലില്‍ ജീവിക്കാന്‍ നിയോഗിക്കപ്പെട്ട ഞാന്‍ എഴുതാതിരിക്കുന്നതെങ്ങനെ?
Content Highlights: v sureshkumar malayalam author column writers diary
Published: 17 Jun 2025, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented