
കൊല്ലം ജില്ലയിലെ ഓച്ചിറയിൽ ജനിച്ച കെ. സുരേന്ദ്രൻ എഴുതിയ നോവൽ സീതായനം പരമ്പരയായി ആഴ്ചപ്പതിപ്പിൽ വന്നുകൊണ്ടിരുന്ന കാലം. വള്ളുവനാടൻ മലയാളത്തിൽ അഭിമാനിയായ ഒരു വായനക്കാരൻ ഒരു കത്തയച്ചു, 'സീതയും രാമനും ഇത്തരം ഭാഷയിലാണോ സംസാരിക്കുന്നത്?' നോവലിസ്റ്റ് കത്തിനുതാഴെ ഇങ്ങനെയൊരു പ്രതികരണമെഴുതി : 'രാമനും സീതയും വള്ളുവനാട്ടുകാരാണെന്ന് എനിക്കറിയില്ലായിരുന്നു'വെന്ന്. 1980 കളിലാണ് എം.ടിയുടെ രണ്ടാമൂഴവും സുരേന്ദ്രന്റെ സീതായനവും പ്രസിദ്ധീകരിക്കപ്പെട്ടത്. ദ്രൗപദി, പി.കെ. ബാലകൃഷ്ണൻ വഴി കർണ്ണകഥ പറഞ്ഞതാകട്ടെ 1973 ലുമായിരുന്നു. പല ഭാഷകളിലാണ് ഇന്ത്യയിൽ രാമനും സീതയും പാണ്ഡവരും കൗരവരും സംസാരിച്ചത്. അതിന് മാനകഭാഷയില്ല.
2026 ജൂലായ് അഞ്ചാം തീയതി അന്തരിച്ച തീജൻ ബായി എന്ന പാട്ടുകഥാകാരി പാണ്ഡവകഥകൾ പറഞ്ഞത് ഛത്തീസ്ഗഡിഭാഷയിലായിരുന്നു. ആ കലാരൂപത്തിന് പാണ്ഡവനി എന്നാണ് പേര്. നമ്മുടെ രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികൾ നൽകി ആദരിച്ച ആ കലാകാരിയുടെ കഥകളിലെ പാണ്ഡവരിൽ നിന്ന് വ്യത്യസ്തരാണ് വർത്തമാന ഇന്ത്യയിലെ പ്രബലരാഷ്ട്രീയഭാഷ്യത്തിലെ പാണ്ഡവർ. നാടോടിയുടെ പാണ്ഡവന്റെ തേരോടിക്കുവാൻ രാഷ്ട്രീയത്തിന്റെ കൃഷ്ണന് കഴിയില്ല. നാടോടിയുടെ സീതയെ പാണിഗ്രഹണം ചെയ്യാൻ രാഷ്ട്രീയത്തിലെ രാമനും കഴിയില്ല.
തീജൻ ബായി അന്തരിച്ച റായ്പൂർ ആശുപത്രിയിൽ നിന്ന് ആയിരം കിലോമീറ്റർ അകലെയാണ് ആഗ്രാ നഗരം. അതേ ഭൂപ്രദേശത്തിന്റെ മറ്റൊരു ദിശയിൽ ജലാലബാദ്... രാമ-കൃഷ്ണ കഥകളുടെ ഈ സമതലപ്രദേശങ്ങളിലാകെ ഏതാണ്ട് അരനൂറ്റാണ്ടുകാലം പാണ്ഡവനി കലാരൂപം അവതരിപ്പിച്ചു നടന്നൂ, തീജൻ ബായി. എന്നാൽ അവർ ആശുപത്രി മെത്തയിൽ മരിക്കുന്ന നേരത്ത് ഉത്തർ പ്രദേശ് സർക്കാർ ജലാലബാദ് നഗരത്തിന്റെ പേര് ശ്രീ പരശുറാം പുരി എന്നാക്കി. തീജൻ ബായി മരിക്കുന്ന നേരത്ത് അലഹബാദിലെ ഹൈക്കോടതി ഒരു പരാതി ഫയലിൽ സ്വീകരിച്ചു, ആഗ്രയിലെ താജ് മഹൽ ഒരു ശിവക്ഷേത്രമായിരുന്നോ എന്നന്വേഷിക്കുവാൻ അത് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നു. മുഗൾ ചക്രവർത്തിയായിരുന്ന അക്ബറിന്റെ മുഴുവൻ പേര് ജലാലുദ്ദിൻ മുഹമ്മദ് അക്ബർ എന്നായിരുന്നു. അതിനാലാണ് ആ നഗരത്തിന് ജലാലബാദ് എന്ന പേരുവന്നത്. ഉത്തർ പ്രദേശ് മുഖ്യമന്ത്രിയുടെ വാദം ദശാവതാരത്തിലെ ആദ്യരാമനായ പരശുരാമൻ ജനിച്ചത് അവിടെ ആയതിനാൽ നഗരത്തിന്റെ പേര് മാറ്റുന്നുവെന്നാണ്. അവിടെ നിന്നും 258 കിലോമീറ്റർ മാറിയുള്ള ആഗ്രയിലാണ് അക്ബറിന്റെ കൊച്ചുമകൻ ഷാ ജഹാൻ താജ് മഹൽ പണിതത്. അവിടെ പണ്ടൊരു ശിവക്ഷേത്രമുണ്ടായിരുന്നു എന്നാണ് കേസ്. തീജൻ ബായി ബ്രജഭൂമിയിലും രാമഭൂമിയിലും കഥ പറഞ്ഞും പാടിയും നടന്നപ്പോൾ അത് ഛത്തീസ്ഗഡിന്റെ ജനസ്മൃതിയുടെ ഭാഷയായിരുന്നെങ്കിൽ മതം രാഷ്ട്രീയാധികാരം നേടുമ്പോൾ മിത്തുകളുടെ ഭാഷ നാടോടി മനോഹാരിത ഉപേക്ഷിച്ച് വെറുപ്പിന്റെ പടച്ചട്ടയണിയുന്നു.
ജവഹർലാൽ നെഹ്റു എഴുതിയ The Discovery of India ടെലിവിഷൻ പരമ്പരയായി ശ്യാം ബെനഗൽ 'ഭാരത് ഏക് ഖോജ്' എന്ന പേരിൽ നിർമിച്ചപ്പോൾ പാണ്ഡവകഥ പറയാനായി അദ്ദേഹം നിയോഗിച്ചത് തീജൻ ബായിയെ ആയിരുന്നു. പാഞ്ചാലി വസ്ത്രാക്ഷേപ സമയത്ത് കൃഷ്ണൻ രക്ഷിക്കാനെത്തുന്ന ഭാഗം അവർ അവതരിപ്പിച്ചത് ഇപ്പോഴും മനസ്സിൽ നിൽക്കുന്നു. കൈനിറയെ ഛത്തീസ്ഗഡ് വളകളും, ബസ്തറിലെ ചുവപ്പിൽ മുങ്ങിയ സാരിയും, ഗുൽകണ്ട് മുറുക്കാൻ നൽകിയ തവിട്ടുകറയുള്ള പല്ലുകളുമായി കൈയ്യിൽ വീണയുമേന്തി തീജൻ ബായിയുടെ കൃഷ്ണൻ ചരിത്രത്തെ മുഴുവൻ പരിഹസിക്കുന്ന ചിരിയുമായി ദ്രൗപദിയുടെ വസ്ത്രം അനന്തകാലത്തേക്ക് നീട്ടുമ്പോൾ നമ്മളിൽ നിറയുന്നത് ചരിത്രവും മിത്തും സംയോജിക്കുന്ന ജനസ്മൃതിയുടെ ഊഷ്മളതയാണ്.
തീജൻ ഒരു നാടോടി പാരമ്പര്യത്തിലെ പാണ്ഡവകഥ ഏറ്റെടുത്തപ്പോൾ ആ നാട്ടിലെ ഒരു പാരമ്പര്യത്തെ നിഷേധിക്കുകയും ചെയ്തു. പാണ്ഡവനി എന്നത് ആണുങ്ങൾ മാത്രം അവതരിപ്പിക്കാൻ അനുവാദമുണ്ടായിരുന്ന കലാരൂപമായിരുന്നു. സ്വന്തം വീട്ടിലേയും സമുദായത്തിലേയും വലിയ എതിർപ്പുകളെ അതിജീവിച്ചാണ് പതിമൂന്നാം വയസ്സുമുതൽ ഈ രംഗത്തേക്ക് തീജൻ വന്നത്. തീർത്തും ദരിദ്രമായ കുടുംബസാഹചര്യത്തിൽ നിന്നാണ് സാധാരണ പെൺകുട്ടികൾ കാണിയ്ക്കാത്ത ധൈര്യം അവർ കാണിച്ചത്. ഭക്ഷണം കൊടുക്കാതെ മുറിയ്ക്കുള്ളിൽ രക്ഷിതാക്കൾ തീജനെ അടച്ചിട്ടു. സമൂഹം ആ പെൺകുട്ടിയെ ഒറ്റപ്പെടുത്തി. മൂന്നു വിവാഹങ്ങളും പരാജയത്തിലായി. എന്നാൽ ഒരു നാടോടിഓർമ്മാശേഖരത്തെ അവർ ഒരു ഉപഭൂഖണ്ഡത്തിന്റെ കലാസ്പന്ദനങ്ങളുമായി ബന്ധിപ്പിച്ചു.
ഓർമ്മകൾ പകരം വീട്ടാനുള്ള വരമോ ആയുധമോ ആയിരിക്കരുത്. അതിർത്തികളേയും വിഭജനങ്ങളേയും നിരർത്ഥകമാക്കുന്ന ഉണർവിലേക്കുള്ള വഴിയിലെ വിളക്കായിരിക്കണം ഓർമ്മകൾ. 1947 നവംബർ രണ്ടാം തീയതി മഹാത്മാ ഗാന്ധി ഹരിജനിൽ പ്രവനാത്മകമായ ലേഖനമെഴുതി. പുതിയ സർവ്വകലാശാലകളെക്കുറിച്ച് പുതിയ സർക്കാർ അറിയുവാൻ എഴുതുകയായിരുന്നു അദ്ദേഹം:
'ഹിന്ദു-മുസ്ലിം പ്രശ്നത്തെക്കുറിച്ചുതന്നെ ആലോചിച്ചുനോക്കൂ. അതിന്റെ വിഷം അത്യന്തം അപകടകരമായ നിലയിലെത്തിയിരിക്കുന്നു. അത് നമ്മെ എവിടെയെത്തിക്കുമെന്നു പ്രവചിക്കാനാവാത്ത അവസ്ഥയാണ്. ചിന്തിക്കാനാവാത്തത് സംഭവിച്ചുവെന്ന് കരുതുക: ഇന്ത്യാ യൂണിയനിൽ ഒരു മുസ്ലിമിനുപോലും സുരക്ഷിതമായും അന്തസ്സോടെയും ജീവിക്കാൻ കഴിയാത്ത അവസ്ഥയും, പാകിസ്താനിൽ ഒരു ഹിന്ദുവിനോ സിഖിനോ അങ്ങനെ ജീവിക്കാനാകാത്ത അവസ്ഥയും ഉണ്ടായെന്ന് സങ്കൽപ്പിക്കുക. അങ്ങനെയായാൽ നമ്മുടെ വിദ്യാഭ്യാസം തന്നെ വിഷലിപ്തമായ രൂപം കൈക്കൊള്ളും.
മറിച്ച്, ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും മറ്റു മതങ്ങളിൽപ്പെട്ട എല്ലാവർക്കും ഇരു രാജ്യങ്ങളിലും പൂർണ സുരക്ഷയോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാൻ കഴിയുന്ന സാഹചര്യമാണെങ്കിൽ, സ്വാഭാവികമായും നമ്മുടെ വിദ്യാഭ്യാസവും അതിമനോഹരമായ ഒരു രൂപം പ്രാപിക്കും. വ്യത്യസ്ത മതങ്ങളിൽപ്പെട്ടവർ സൗഹൃദത്തോടെ ഒരുമിച്ചു ജീവിച്ച് രൂപപ്പെടുത്തിയ മനോഹരമായ സംസ്കാരസങ്കലനത്തെ നാം സംരക്ഷിക്കാനും കൂടുതൽ ശക്തിപ്പെടുത്താനും ശ്രമിക്കുമോ? അതോ, ഹിന്ദുസ്ഥാനിൽ ഒരു മതം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നൊരു കാലത്തെ തേടി നാം പിന്നോട്ടു നടക്കുകയും ആ ഏകവർണ സംസ്കാരത്തിലേക്കു മടങ്ങാനും തീരുമാനിക്കുമോ?
അങ്ങനെയൊരു കാലഘട്ടം ചരിത്രത്തിൽ കണ്ടെത്താൻ പോലും നമുക്കാവാതിരിക്കാം. കണ്ടെത്തിയാലും അതിലേക്കു തിരിച്ചുനടക്കാൻ ശ്രമിച്ചാൽ, നമ്മുടെ സംസ്കാരത്തെ നാം അതിന്റെ വികൃതമായ ഒരു ഭൂതകാലത്തിലേക്കു പിന്തള്ളുകയായിരിക്കും ചെയ്യുക. അങ്ങനെ ചെയ്താൽ ലോകത്തിന്റെ സർവ്വഭാഗങ്ങളിൽ നിന്നും ന്യായമായ അപലപനമേ നാം സമ്പാദിക്കുകയുള്ളൂ.
ഉദാഹരണത്തിന്, ഇന്ത്യയിലെ മുസ്ലിം കാലഘട്ടത്തെ മായ്ച്ചുകളയാനുള്ള വ്യർഥശ്രമമാണ് നാം നടത്തുന്നതെങ്കിൽ, ലോകത്ത് സമാനതകളില്ലാത്ത ഡൽഹിയിലെ ജുമാ മസ്ജിദിനെ നാം മറക്കേണ്ടിവരും; അലിഗഢിലെ മുസ്ലിം സർവകലാശാലയെ മറക്കേണ്ടിവരും; ലോകാത്ഭുതങ്ങളിലൊന്നായ ആഗ്രയിലെ താജ് മഹലിനെ മറക്കേണ്ടിവരും; മുഗൾകാലത്ത് പണിത ഡൽഹിയിലെയും ആഗ്രയിലെയും മഹത്തായ കോട്ടകളെയും മറക്കേണ്ടിവരും. അപ്പോൾ അതിനനുസരിച്ച് നമ്മുടെ ചരിത്രം മുഴുവൻ വീണ്ടും എഴുതേണ്ടിവരും.
ഇന്ന് പരസ്പരം ഏറ്റുമുട്ടുന്ന ഈ തിരഞ്ഞെടുപ്പുകൾക്കിടയിൽ ശരിയായ നിഗമനത്തിലെത്താൻ സഹായിക്കുന്ന അന്തരീക്ഷം നമുക്കില്ലെന്നതാണ് സത്യം. വെറും രണ്ടു മാസം മാത്രം പ്രായമായ നമ്മുടെ സ്വാതന്ത്ര്യം ഇപ്പോഴും സ്വന്തം രൂപം കണ്ടെത്താനുള്ള പോരാട്ടത്തിലാണ്. ഒടുവിൽ അത് ഏത് രൂപം കൈക്കൊള്ളുമെന്നു നമുക്കറിയില്ല. അതു വ്യക്തമായിത്തീരുന്നതുവരെ, നിലവിലുള്ള സർവകലാശാലകളിൽ സാധ്യമായ പരിഷ്കാരങ്ങൾ നടപ്പാക്കുകയും, നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സ്വാതന്ത്ര്യത്തിന്റെ ഉണർവ്വുള്ള ആത്മാവിനെ നിറയ്ക്കുകയും ചെയ്താൽ മതിയാകും. ആ അനുഭവം, പുതിയ സർവകലാശാലകൾ സ്ഥാപിക്കേണ്ട സമയം വരുമ്പോൾ, നമുക്ക് വഴികാട്ടിയാകും.' (ഗാന്ധി : ഹരിജൻ : നവംബർ 2, 1947)
ഈ ഖണ്ഡികകൾ മുഴുവനായി ഇവിടെ നൽകിയത് അതിൽ കൂടുതൽ നന്നായി ഈ ലക്കം 'ആഴ്ചപ്പാടുകളുടെ' ദിശ എനിയ്ക്കു നിർണ്ണയിക്കാനാവില്ല എന്നതിനാലാണ്. ലേഖനമെഴുതി രണ്ടുമാസത്തിനകം ഗാന്ധിജി കൊല്ലപ്പെട്ടു. പണ്ട് താജ് മഹലിനെക്കുറിച്ച് ടാഗോർ പറഞ്ഞു , 'അനശ്വരതയുടെ കവിളിലെ കണ്ണീർതുള്ളിയാണ്' അതെന്ന്. മനുഷ്യസഞ്ചിതസംസ്കാരമെന്ന അനശ്വരതയുടെ ആൾരൂപമായിരുന്ന ഗാന്ധിജിയുടെ നെഞ്ചിൽ നിന്നുതിർന്ന ചോരത്തുള്ളി ടാഗോർ പറഞ്ഞ അനശ്വരതയുടെ കവിളിലെ കണ്ണീർതുള്ളി പോലൊന്നാണ്. തീജൻ ബായിയുടെ സാർത്ഥക കലാജീവിതത്തെ മനസ്സിലാക്കാൻ നമുക്ക് ചരിത്രത്തേയും മിത്തുകളേയും കുറിച്ചുള്ള ഓർമ്മകകളെ സമഗ്രതയിൽ മനസ്സിലാക്കാനുള്ള ശേഷി വികസിപ്പിച്ചെടുക്കേണ്ടിവരും. മിത്തുകൾക്ക് ചരിത്രത്തിലും ചരിത്രത്തിന് മിത്തുകളിലും വേരുകളുണ്ട്. അത് ഗാന്ധിജിയ്ക്കും ടാഗോറിനും തീജൻ ബായിക്കും അറിയാമായിരുന്നു, താജ് മഹലിന്റെ കാര്യത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് നോട്ടീസ് അയച്ചവർക്ക് അതറിയുമോ ആവോ?
Content Highlights: Tributes to the legendary Pandavani artist Teejan Bai following her passing in July 2026., Analysis of how political narratives are reinterpreting historical sites and cultural myths., Comparison between the inclusive folk tradition of Pandavani and contemporary exclusionary political rhetoric., Revisiting Gandhi’s 1947 vision for a syncretic Indian culture amidst current societal polarization.
Published: 09 Jul 2026, 02:04 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented