കൊളംബിയൻ ഗായിക ഷക്കിറയ്ക്ക് ഇപ്പോൾ നാല്പത്തിയൊൻപത് വയസ്സായി. അർജന്റീനയിൽ ജനിച്ച ഫുട്‌ബോൾ താരം ലയണൽ മെസ്സിയ്ക്ക് മുപ്പത്തിയെട്ടു വയസ്സും. ഷക്കിറ ആദ്യ കവിത La Rosa de Cristal എഴുതുമ്പോൾ നാല് വയസ്സ്. അബാണ്ടറാഡോ ഗ്രാൻഡോലി ഫുട്‌ബോൾ ക്ലബ്ബിൽ മെസ്സി കളിക്കാൻ തുടങ്ങുമ്പോൾ വയസ്സ് നാലായിരുന്നു. ഷക്കിറയുടെ അച്ഛൻ ലെബനീസ് വേരുകളിൽ നിന്നും അമ്മ സ്പാനിഷ് കാറ്റലൻ വേരുകളിൽ നിന്നുമാണ് വന്നതെങ്കിൽ മെസ്സിയുടെ അച്ഛൻ ഇറ്റാലിയൻ-സ്പാനിഷ് വേരുകളിൽ നിന്നും അമ്മ ഇറ്റാലിയൻ പൈതൃകത്തിൽ നിന്നുമാണ്. വെറുതേയല്ല സംഗീതവും ഫുട്‌ബോളും അധികാരങ്ങൾ വരച്ച രാഷ്ട്രാതിർത്തികൾ ഭേദിച്ചു നിൽക്കുന്നത് മനുഷ്യനിർമ്മിതമായ രണ്ടു മഹാമനോഹാരിതകളാണ് സംഗീതവും ഫുട്‌ബോളും. സങ്കുചിതത്വത്തിന്റെ അൽപത്തരങ്ങൾ രണ്ടിന്റേയും വംശാവലിയിൽ ഇല്ല.

To advertise here,

2026 ലെ ലോക കപ്പ് ഫുട്‌ബോൾ മത്സരങ്ങൾ തുടങ്ങുമ്പോൾ അകമ്പടിയായിട്ട് ഷക്കിറയുടെ പുതിയ ഗാനം പുറത്തിറങ്ങിയല്ലോ. ആദ്യമത്സരത്തിന് മുൻപ് ഷക്കിറയും ബർണാ ബോയിയും സംഘവും അവരുടെ പുതിയ ഗാനം അവതരിപ്പിച്ചപ്പോൾ ഗാലറിയിൽ തിങ്ങിനിറഞ്ഞിരുന്ന ഫുടബോൾ പ്രേമികൾ കൂടെ പാടി 'Dale ale lets go!'.

ലോകകപ്പ് ഫുട്‌ബോൾ ഔദ്യോഗിക ഗാനങ്ങളുടെ ചരിത്രം വായിക്കുന്നത് കൗതുകകരമാണ്. 1930 ൽ ആദ്യത്തെ FIFA ലോകകപ്പ് ഫുട്‌ബോൾ മത്സരം ഉറുഗ്വേയിൽ നടന്നപ്പോൾ ഇത്തരം ഔദ്യോഗികഗാനമൊന്നുമില്ലായിരുന്നു. പതിമൂന്ന് ടീമുകളാണ് കളിച്ചത്. ഉറുഗ്വേ 4-2 ന് അർജന്റീനയെ തോൽപ്പിച്ച് ആദ്യ ലോകകപ്പ് കരസ്ഥമാക്കിയപ്പോൾ ആ ടീമംഗങ്ങൾ വിജയശ്രീലാളിതമായ കാലുകളാൽ മനോഹരമായ ഒരു ഉറുഗ്വൻ താളത്തിൽ നൃത്തം ചെയ്തിരുന്നിരിക്കണം. കളിക്കളത്തിൽ എന്നും സംഗീതം ഉണ്ടായിരുന്നു; പക്ഷേ ലോകകപ്പിന് സ്വന്തം ശബ്ദം ലഭിക്കാൻ ഏതാണ്ട് ഏഴു പതിറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു

'ഞാൻ കളിക്കുന്നതിൽ നിങ്ങൾക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ?'( 'Do You Mind If I Play.') എന്ന ഗാനമാണ് ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ ഔദ്യോഗിക ഗാനം. സെനഗളീസ് ഗായകനായ യൂസോ നി'ഡോറും (Youossu 'Madjiguène' N'Dour) ബെൽജിയൻ പാട്ടെഴുത്തുകാരിയും ഗായികയുമായ എക്‌സെൽ റെഡും (Axelle Red) ചേർന്നു പാടിയ ഗാനമായിരുന്നു അത്. 1998 ൽ ഫ്രാൻസിൽ ലോകകപ്പ് ഫുട്‌ബോൾ മത്സരം നടന്നപ്പോഴാണ് ആ ഗാനം പുറത്തിറക്കിയത്. അതിമനോഹരമാണ് ആ ഗാനമെങ്കിലും World Cup Anthem എന്നതിനപ്പുറം ഒരു ചരിത്രപ്രാധാന്യം ആ ഗാനത്തിനില്ല. കാരണം സംഗീതം അതിനും മുന്നേ ലോകകപ്പിൽ പ്രവേശിച്ചിരുന്നു. ലോകകപ്പ് ഫുട്‌ബോൾ മത്സരം 1962 ൽ ചിലെ (Chile)യിൽ നടന്നപ്പോൾ അതിന് ആശയഗാനം (പ്രമേയഗാനം -theme osng ) ഉണ്ടായിരുന്നു. അക്കൊല്ലം ചിലെയൻ റേഡിയോ പുറത്തിറക്കിയ ഗാനം El Rock del Mundial ഇപ്പോൾ യൂട്യൂബിൽ കേൾക്കാവുന്നതാണ്. ജാസ് സംഗീതം ജനപ്രിയമാക്കുന്നതിൽ വലിയ പങ്കു വഹിച്ച ഡച്ച് ഗായകസംഘമായ The Ramblers ആണ് ആ ചടുലസംഗീതം ഒരുക്കിയത്. 1986 ലെ മെക്‌സിക്കോ ലോകകപ്പിലും പ്രമേയഗാനം ഉണ്ടായിരുന്നു. എന്നാൽ തരംഗസൃഷ്ടിയായി ഗണിക്കപ്പെടുന്ന ഒരു ഗാനം പിറന്നത് 1990 ലെ ഇറ്റാലിയൻ ലോകകപ്പിലാണ്. ഇറ്റാലിയൻ ഗായകരായ ഗിയന്ന നന്നിനിയും എഡോർഡോ ബെന്നറ്റോ (Gianna Nannini & Edoardo Bennato) യും പാടിയ Un'estate italiana എന്ന ഗാനമാണ് ലോകമെമ്പാടും ജനകീയമായ ആദ്യ ലോകകപ്പ് ഗാനം. പല സംഗീതനിരൂപകരും പറയുന്നത് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും നല്ല ഫുട്‌ബോൾ ഗാനം ഇതാണെന്നാണ്. എന്നാൽ ഒരു ഫുട്‌ബോൾ സ്റ്റേഡിയത്തിനെ ഒന്നാകെ അപൂർവമായ ഉന്മാദത്തിലാഴ്ത്തിയ ഗാനമുണ്ടായി, 2006 ൽ. ജർമനിയിൽ നടന്ന ലോകകപ്പ് ഫൈനൽ മത്സരത്തിനുശേഷമുള്ള ചടങ്ങിൽ ഷക്കിറ പാടിയ 'അരക്കെട്ടുകൾ നുണ പറയില്ല' എന്ന ഗാനമായിരുന്നു അത്. ലോകകപ്പ് ഫുട്‌ബോളുമായുള്ള ആ ഗായികയുടെ ദീർഘബന്ധം അന്ന് തുടങ്ങിയതാണ്. അന്നത്തെ ഫൈനലിൽ ഇറ്റലി ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട്-ഔട്ടിൽ പരാജയപ്പെടുത്തി. കളിയിൽ പരാജയമുണ്ട്, എന്നാൽ സംഗീതാനുഭവത്തിൽ ആരും പരാജയപ്പെടുന്നില്ല എന്ന ആശയം സൗന്ദര്യമുള്ളതാണ്. എന്റെ മനസ്സ് എന്നെ ഉടൻ തിരുത്തുന്നു , ഫുട്‌ബോൾ അനുഭവത്തിലും ആരും പരാജയപ്പെടുന്നില്ല, സംഗീതാനുഭവത്തിലെന്നപോലെ.

ദിമിത്രി ഷോസ്റ്റോക്കോവിച്ച് (Dmitri Dmitriyevich Shostakovich) എന്ന മഹാസംഗീതഞ്ജന് സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയോടും ജോസഫ് സ്റ്റാലിനോടുമുള്ള ബന്ധം സങ്കീർണ്ണമായിരുന്നു. വലിയ ആത്മസംഘർഷം സർഗ്ഗജീവിതത്തിൽ അദ്ദേഹം അനുഭവിച്ചിരുന്നു. അധികാരരാഷ്ട്രീയം സംഗീതശൂന്യമാണ് എന്ന് തോന്നിയ അദ്ദേഹത്തിന് സംഗീതത്തിനു പുറത്ത് ഉണ്ടായിരുന്ന വലിയ അഭിനിവേശങ്ങളിലൊന്ന് ഫുട്‌ബോളായിരുന്നു. ഷോസ്റ്റോക്കോവിച്ച് ഒരിക്കൽ പറഞ്ഞു, 'ഫുട്‌ബോൾ ബഹുജനങ്ങളുടെ ബാലേനൃത്ത'മാണെന്ന്. മലയാളിയുടെ സംഗീതബോധ്യങ്ങളിലേ നിത്യഗന്ധർവനായ യേശുദാസിന് സംഗീതത്തിന് പുറത്തുള്ള അഭിനിവേശം ടെന്നീസിനോടാണല്ലോ. പണ്ഡിറ്റ് ഫിറോസ് ദസ്തർ പറഞ്ഞ ഒരു കാര്യം ഓർമ്മയിൽ വരുന്നു, കൗമാരക്കാരനായിരുന്ന ഭീംസെൻ ജോഷി പണ്ഡിറ്റ് സവായ് ഗന്ധർവയുടെ സമീപം ശിഷ്യനാകാൻ ചെന്നപ്പോൾ 'ഈ ശബ്ദം പാട്ടിന് ചേർന്നതല്ല താൻ ഗുസ്തിപഠനം തുടർന്നാൽ മതി' എന്നു പറഞ്ഞത്രേ. സംഗീതത്തിനപ്പുറത്ത് പണ്ഡിറ്റ് ഭീംസെൻ ജോഷിയ്ക്കുണ്ടായിരുന്ന അഭിനിവേശം ഗുസ്തിയോടായിരുന്നു. കർണാടക സംഗീതത്തിൽ മധുര മണി അയ്യർ, ടി.വി. ശങ്കരനാരായണൻ, സഞ്ജയ് സുബ്രഹ്‌മണ്യൻ എന്നിവരുടെ ക്രിക്കറ്റ് ഭ്രമവും പ്രശസ്തമാണല്ലോ.

കായികകല ശരീരത്തിന്റെയും സംഗീതം ആത്മാവിന്റേതുമാണെന്ന് ചില ശുദ്ധസംഗീതസ്‌നേഹികൾ ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ട്. ശരീരമില്ലാതെ സംഗീതമില്ല എന്ന അടിസ്ഥാനസത്യത്തെയാണ് അവർ മറക്കുന്നത്. എല്ലാം ശരീരത്തിന്റെ സാധ്യതകൾ തന്നെയാണ്. ആത്മാവ് നടത്തിയ സംഗീതക്കച്ചേരികൾ കേട്ടവരുണ്ടോ? ഗ്രീസിലെ പ്രാചീന ഒളിമ്പിക് ഉത്സവങ്ങൾ ഇന്നത്തെപ്പോലെ ജയ-പരാജയങ്ങളിൽ അടിസ്ഥാനമിട്ട കായികമത്സരങ്ങൾ ആയിരുന്നില്ല. സംസ്‌കാരത്തിന്റെ ഉത്സവവേളകളായിരുന്നു. കവികളും നർത്തകരും ഗായകരും ശിൽപികളും കായികതാരങ്ങളും അതിൽ ഒരുപോലെ പങ്കെടുത്തിരുന്നു. ലാവണ്യബോധം എന്നത് ഒരു ശരീരസാധ്യതയാണ് എന്ന ആശയത്തിലാണ് കളിക്കളത്തിലെ സംഗീതവും നൃത്തവും ഒരുമിക്കുന്നത്. 2010ലെ ഫൈനൽ മത്സരത്തിലെ എല്ലാ കളിക്കാരുടേയും പേര് നാം ഓർത്തിരിക്കുന്നില്ലെങ്കിലും അവിടെ ഷക്കിറ പാടിയ 'ട്‌സ്ആമിന മിന യേ യേ വക്കാ വക്കാ ഏ ഏ' എന്ന ഉന്മാദഗാനത്തിന്റെ ഓർമ്മയിൽ ഇന്നും നാം താളമിടുന്നുണ്ടല്ലോ.

ഫ്രഞ്ച് ചിന്തകനായിരുന്ന അൽബേർ കാമു (Albert Camus) പറഞ്ഞിട്ടുണ്ട് സംഗീതമാണ് എല്ലാം തികഞ്ഞ കല എന്ന്. അതേ ചിന്തകൻ തന്നെ പറഞ്ഞിട്ടുണ്ട് ജീവിതത്തിലെ ധാർമ്മികതയെക്കുറിച്ച് എന്തെങ്കിലും ഞാൻ പഠിച്ചിട്ടുണ്ടെങ്കിൽ അത് ഫുട്‌ബോളിൽ നിന്നാണെന്ന്. പെലെയ്ക്കും ഇതൊക്കെ അറിയാമായിരുന്നു ദർശനം വായിച്ചിട്ടില്ലെങ്കിലും. പതിനേഴുവയസ്സുണ്ടായിരുന്ന പെലെ ‘A Taça do Mundo é Nossa’ എന്ന ഗാനത്തിനൊപ്പിച്ച് 1958 ൽ സാംബ നൃത്തം കളിക്കളത്തിൽ ചെയ്തത് ആ രാജ്യത്തിന്റെ ഫുട്‌ബോൾ ടീം തലമുറകളിലൂടെ കൈമാറിയല്ലോ. പെലെയും മെസ്സിയും മറഡോണയും കവിതകൾ എഴിതിയിട്ടുണ്ട്. കമ്പോളത്തിനും ഈ ബന്ധങ്ങളെക്കുറിച്ച് നന്നായറിയാം. ബ്രസീലിയൻ സംഗീതവും നൃത്തവുമായ സാംബയിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടാണല്ലോ ആ പേരിൽ Adidas കമ്പനി പ്രശസ്തമായ ഫുട്‌ബോൾ ഷൂസ് പുറത്തിറക്കിയത് .

ചുവന്ന കാർഡ് എന്ന ഫുട്‌ബോൾ നിയമം സംഗീതത്തിലേക്ക് വരുമ്പോൾ അതിനെ ശ്രുതിഭംഗമെന്ന് വിളിയ്ക്കാമോ? 2026 ലെ ലോകകപ്പ് മത്സരത്തിലെ ആദ്യമത്സരത്തിൽ ലോകറിക്കോർഡ് എന്നപോലെ മൂന്ന് ചുവന്ന കാർഡുകൾ പൊങ്ങിയപ്പോൾ അങ്ങനെയുമാലോചിച്ചുപോയി. എന്നാൽ കളിയിലെ എല്ലാ നിയമങ്ങളും സംഗീതത്തിൽ പ്രയോഗിക്കാൻ കഴിയില്ലല്ലോ. സംഗീതജ്ഞന്മാർ ജീവിതത്തിൽ പരാജയപ്പെട്ടാലും സംഗീതം അതിജീവിക്കുന്നതുപോലെ എല്ലാ ഹിംസാത്മക മത്സരങ്ങൾക്കും മേൽ ഫുട്‌ബോൾ എന്ന മാസ്മരികത അതിജീവിക്കുന്നു.