വികാരാബാദ് (തെലങ്കാന): ബിസിസിഐ അണ്ടർ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 17-കാരിയായ ക്രിക്കറ്റ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ യലാൽ മണ്ഡലത്തിലെ സംഗയപള്ളി സ്വദേശിനിയായ നന്ദിനിയെയാണ് വികാരാബാദ് ടൗണിലുള്ള മധു കോളനിയിലെ മുത്തശ്ശിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പഠനത്തിനും ക്രിക്കറ്റ് പരിശീലനത്തിനുമായാണ് നന്ദിനി മുത്തശ്ശിയുടെ വീട്ടിൽ താമസിച്ചിരുന്നത്.
അതേസമയം രണ്ട് യുവാക്കളുടെ ശല്യവും മാനസിക പീഡനവുമാണ് നന്ദിനിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.അനിൽ, കൃഷ്ണ എന്നീ രണ്ട് യുവാക്കൾ നന്ദിനിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങൾ ആരോപിച്ചു. പ്രണയം നടിച്ച് അനിൽ നന്ദിനിയെ പിന്തുടർന്നിരുന്നുവെന്നും കൃഷ്ണ ഇതിന് പിന്തുണ നൽകിയിരുന്നുവെന്നുമാണ് കുടുംബം പറയുന്നത്.
ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് വിവരം ലഭിച്ചതെന്നും ഉടൻതന്നെ പോലീസ് സംഘം സ്ഥലത്തെത്തിയെന്നും വികാരാബാദ് സർക്കിൾ ഇൻസ്‌പെക്ടർ രഘു അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ആത്മഹത്യയാണെന്നാണ് നിഗമനം. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുരൂഹ മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനൽകി.
പോലീസ് നന്ദിനിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകളും മറ്റും പരിശോധിച്ചു വരികയാണെന്ന് സി.ഐ രഘു വ്യക്തമാക്കി. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് സ്ഥിരീകരണം നൽകാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ആരോപണവിധേയരായ രണ്ട് യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിവരികയാണ്.
സംഭവത്തെത്തുടർന്ന് കുടുംബാംഗങ്ങളും ബന്ധുക്കളും വികാരാബാദിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയും ആരോപണവിധേയരായ യുവാക്കളെ ഉടൻ അറസ്റ്റ് ചെയ്ത് കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിക്കുകയും, തെളിവുകൾ പരിശോധിച്ച് ശക്തമായ നടപടി ഉറപ്പുനൽകുകയും ചെയ്തു.
Content Highlights: 17-year-old BCCI U19 cricketer Nandini found dead at her grandmother's house in Vikarabad., Family members allege continuous harassment and stalking by two youths, Anil and Krishna., Police have registered a case of suspicious death, detained two suspects, and are analyzing the victim's mobile phone.
Published: 14 Nov 2026, 11:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented