
നിരാശ എന്ന പേരില്‍ പാരിസ് ജാക്സണ്‍ ഒരു ഗാനമെഴുതി,പാടിയിട്ടുണ്ട്. പാരിസ് ജാക്സണ്‍ വിഖ്യാതഗായകന്‍ മൈക്കിള്‍ ജാക്സന്റെ മകളാണ്. പാട്ടിന്റെ വരികള്‍ തുടങ്ങുന്നത് ഇങ്ങനെയാണ്
Head hanging down
Shredded evening gown
Eyes painted black
A tragic paperback...
'കുനിഞ്ഞ ശിരസ്സ്
ചിന്തിപ്പോയ സന്ധ്യാവസ്ത്രം
കറുപ്പ് എഴുതിയ കണ്ണുകള്‍
ഒരു ദുരന്ത പേപ്പര്‍ബാക്ക്...'
2020- ലാണ് ഈ ഹിറ്റ് ഗാനം പുറത്തിറങ്ങിയത്.
ഇപ്പോള്‍ ഗായികയെക്കുറിച്ചും ഈ ഗാനത്തെക്കുറിച്ചുമൊക്കെ എഴുതാന്‍ ഒരു പ്രത്യേക കാരണമുണ്ട്. സന്തോഷമുള്ള കാര്യം. 2025 ജനുവരി ഏഴാം തീയതി അവര്‍ ലോകത്തോട് ആഹ്‌ളാദചിത്തയായി പറഞ്ഞ ഒരു കാര്യമാണത്. അവര്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമത്തത്തില്‍ നിന്നും പൂര്‍ണ്ണമായും പുറത്തുവന്നിരിക്കുന്നു എന്നാണ് ലോകത്തോട് പാരിസ് ജാക്‌സണ്‍ വിളിച്ചുപറഞ്ഞിരിക്കുന്നത്.
മൈക്കിള്‍ ജാക്‌സണ്‍ 1997-ല്‍ ഡെബ്ബി റോവ് തന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ ഗര്‍ഭധാരണം നടന്ന നഗരത്തിന്റെ പേര് കുട്ടിയ്ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. 2025-ല്‍ പാരിസിന് ഇരുപത്തിയാറ് വയസ്സാണ് പ്രായം. ഒന്നില്‍ കൂടുതല്‍ തവണ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുള്ള പാരിസ് കൗമാരത്തിലും യൗവ്വനത്തിലും കടുത്ത ജീവിതനൈരാശ്യങ്ങള്‍ നേരിട്ട ഒരു പെണ്‍കുട്ടിയാണ്.
2024-ല്‍ പുറത്തുവന്ന കണക്കുപ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മയക്കുമരുന്നു കേസുകളുടെ എണ്ണം 41369 ആയിരുന്നു. എനിക്കറിയാവുന്ന ഒരു സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്നോട് പറഞ്ഞത് 'എത്രയും പെട്ടെന്ന് ജോലിയില്‍ നിന്ന് വിരമിക്കണമെന്നേ ആഗ്രഹമുള്ളൂ, ഒന്‍പതാം ക്ലാസ്സിലേയും പത്താം ക്ലാസ്സിലേയും മറ്റും കുട്ടികളുടെ മയക്കുമരുന്നുപയോഗം കണ്ടിരിക്കാന്‍ പറ്റുന്നില്ല' എന്നാണ്. ഒരധ്യാപിക പഠിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നത് ഞാനാദ്യം കേള്‍ക്കുകയായിരുന്നു. രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 41369 ആണെങ്കില്‍ റിപ്പോര്‍ട്ടു ചെയ്യാതെ പോകുന്നവയുടെ എണ്ണം നമ്മെ ഞെട്ടിപ്പിക്കുവാന്‍ മാത്രം വലുതായിരിക്കുമല്ലോ. എനിക്ക് പരിചയമുള്ള ഒരമ്മ ഇക്കഴിഞ്ഞ ഡിസംബറില്‍ മകന്റെ കൂട്ടുകെട്ടിനെക്കുറിച്ച് ഏറെ വേവലാതി പൂണ്ട് എന്നോട് സംസാരിക്കുകയുണ്ടായി. വഴക്കുപറഞ്ഞാലുടന്‍ കത്തിയെടുത്ത് വലതു കൈത്തണ്ടയുടെ ഞരമ്പുമുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞു. 'അവനെ എഴുത്തിനിരുത്തിയത് എം.ടിയാണെന്നു പറഞ്ഞിട്ടുകാര്യമുണ്ടോ, ആ കൈയ്യിലെ ഞരമ്പല്ലേ മുറിക്കുമെന്ന് പറയുന്നത്'. ഇത്തരം കേരളാവര്‍ത്തമാനങ്ങള്‍ മനസ്സിനെ ഉലയ്ക്കുമ്പോഴാണ് മഹാഗായകന്‍ മൈക്കിള്‍ ജാക്സന്റെ മകള്‍ പുതിയ വീഡിയോ ജനുവരി ഏഴാം തീയതി പുറത്തിവിട്ടത്.
സംഗീതസ്റ്റേജില്‍ നിന്നും ഇറങ്ങുന്നത് ഇഷ്ടമല്ല എന്നും ആ വെള്ളിവെളിച്ചത്തില്‍ നിന്നിറങ്ങിയാല്‍ തനിയ്ക്കു ജീവിതം അസഹനീയമായ വേദനയാണെന്നും പറഞ്ഞ ഒരച്ഛന്റെ മകളാണല്ലോ പാരിസ്. അവള്‍ നവവര്‍ഷത്തില്‍ പുറത്തുവിട്ട വീഡിയോയില്‍ മയക്കുമരുന്നിനടിമയായിരുന്നപ്പോള്‍ കരയുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ട് പറഞ്ഞിരിക്കുകയാണ്, കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ഞാന്‍ ആ നരകശീലത്തില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു എന്ന്.
ഇതാണ് ആ വീഡിയോ കാണാനുള്ള ലിങ്ക്
'എനിക്കിപ്പോള്‍ ചിരിക്കാന്‍ കഴിയുന്നു, എനിക്കിപ്പോള്‍ ആത്മവിശ്വാസം ഉണ്ട്. എനിക്കിപ്പോള്‍ ആളുകളെ വിശ്വസിക്കുവാന്‍ കഴിയുന്നു.' എന്ന് പാരിസ് ജാക്‌സണ്‍ പറയുമ്പോള്‍ കേരളം അതറിയണമെന്ന തോന്നലാണ് ഈ കുറിപ്പെഴുതാനുള്ള കാരണം. സമ്പത്തിന്റെ, യശസ്സിന്റെ മടിത്തട്ടിലേക്കാണ് പാരിസ് 1998-ല്‍ പിറന്നുവീണത്. എന്നാല്‍ ജീവിതം ഇരുള്‍ നിറഞ്ഞതായി മാറുകയായിരുന്നു. പാരിസിന് രണ്ടുവയസുള്ളപ്പോള്‍ അച്ഛനും അമ്മയും വിവാഹബന്ധം വേര്‍പെടുത്തി. പാരിസിനെ പൂര്‍ണമായും അച്ഛന്‍ ഏറ്റെടുക്കുകയായിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ പൊതുവിടങ്ങളില്‍ മുഖം മൂടിയണിഞ്ഞു നടക്കേണ്ടിവന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ച് ആലോചിച്ചുനോക്കൂ. അച്ഛന്റെ യശസ്സിന് മകള്‍ നല്‍കേണ്ടി വന്ന വിലയാണത്. അത്രമാത്രം ജനപ്രിയനായ ഒരച്ഛന് പിറന്ന മകളായതിനാല്‍ ആളുകള്‍ തിരിച്ചറിഞ്ഞാലുള്ള തിക്കും തിരക്കും ഒഴിവാക്കാനാണ് ആ കുഞ്ഞിനെ അങ്ങനെ ഉപദേശിച്ചത്. 2009 ജൂലായ് ഏഴാം തീയതി അച്ഛന്റെ ശവസംസ്‌കാരച്ചടങ്ങുകള്‍ക്കുശേഷം സംസാരിക്കവേ ആ പതിനൊന്നുകാരി പറഞ്ഞു, ' ജനിച്ചതുമുതല്‍ക്കുള്ള അനുഭവം വെച്ചു ഞാന്‍ പറയുകയാണ്, ലോകത്തിലാര്‍ക്കും ഇത്ര സ്‌നേഹനിധിയായ ഒരച്ഛനെ കിട്ടില്ല. And I just wanted to say I love him so much, ഇത്രയും പറഞ്ഞതിനുശേഷം അവള്‍ പൊട്ടിക്കരയുകയായിരുന്നു.
പതിനഞ്ചുവയസ്സായപ്പോഴേക്കും പാരീസ് ജാക്സണ്‍ മയക്കുമരുന്നിന് അടിമയായിക്കഴിഞ്ഞിരുന്നു. നിരവധി സംഗീതസംഘങ്ങളുമായി ചേര്‍ന്ന് പാട്ടുകള്‍ എഴുതുകയും പാടുകയുമൊക്കെ ചെയ്തിരുന്നുവെങ്കിലും, ഫാഷന്‍ മോഡലായി വികസിതനഗരങ്ങളില്‍ തിളങ്ങിയിരുന്നുവെങ്കിലും മദ്യവും മയക്കുമരുന്നും ആ കൗമാരത്തേയും യൗവ്വനത്തേയും ഉഴുതുമറിച്ചിരുന്നു. വിഷാദരോഗത്തിന് ചികിത്സ തേടി ആശുപത്രികള്‍ കയറിയിറങ്ങി. 2020-ല്‍ പാരിസ് പറഞ്ഞു: 'വിഷാദരോഗത്തിന് ചികിത്സ തേടി പോയ പടിഞ്ഞാറന്‍ അമേരിക്കയിലെ ഉട്ടാഹിലെ ആതുരാലയമാണ് തന്നെ മയക്കുമരുന്നുകള്‍ക്ക് അടിമയാക്കിയത്' എന്ന്. ആ ഇരുണ്ട ദിനങ്ങള്‍ ഓര്‍ക്കുവാന്‍ പാരിസ് ഇനി ആഗ്രഹിക്കുന്നില്ല. 2025- ല്‍ ഇന്‍സ്റ്റാഗ്രാമില്‍ പാരിസ് ജാക്സണ്‍ എഴുതിയ വരികള്‍ ഇതാണ്:
'ഞാന്‍ പി.കെ. ഞാന്‍ മയക്കുമരുന്നിനടിമയും മദ്യത്തിനടിമയുമാണ്. എന്നാല്‍ അതൊന്നുമില്ലാത്ത അഞ്ചുവര്‍ഷങ്ങള്‍ ഞാന്‍ ഇന്ന് തികയ്ക്കുകയാണ്. ആരോടെങ്കിലും നന്ദിയുണ്ട് എന്ന് പറഞ്ഞാല്‍ അത് തീര്‍ത്തും മതിയാകാതെവരും, ആ വാക്കുകള്‍ വെറും ഉപരിപ്ലവമായിരിക്കും. സമചിത്തതയാല്‍ ചിരിക്കാന്‍ കഴിയുന്ന ഒരാളായി ഞാന്‍ മാറിയിരിക്കുന്നു. എനിക്ക് പാട്ടുണ്ടാക്കാന്‍ കഴിയുന്നു. എന്റെ നായകളേയും പൂച്ചകളേയും എനിക്ക് സ്‌നേഹിക്കുവാന്‍ കഴിയുന്നു. ഇതെല്ലാം തരുന്ന മഹനീയ സന്തോഷത്താല്‍ എന്റെ ഹൃദയം തന്നെ പൊട്ടിപ്പോകുമെന്ന് തോന്നുന്നു. എനിക്ക് കരയാനും ചിരിക്കാനും കഴിയുന്നു. നൃത്തം ചെയ്യാന്‍ കഴിയുന്നു. മറ്റുള്ളവരെ വിശ്വസിക്കുവാന്‍ കഴിയുന്നു. വെയിലേല്‍ക്കുന്നത് എന്റെ ശരീരം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. എനിക്ക് സമചിത്തത ഉണ്ടെങ്കിലും ഇല്ലെങ്കിലും ജീവിതം മുന്നോട്ടുപോയ്‌ക്കൊണ്ടേയിരിക്കും. എന്നാല്‍ ഇപ്പോള്‍ ഞാനെല്ലാം അറിയുന്നു. ദൈവമേ, ഇക്കാലമത്രയും ഞാനെന്തൊക്കെയാണ് നഷ്ടപ്പെടുത്തിയതെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു.'
മകനെയോര്‍ത്ത് കേരളത്തില്‍ വേവലാതിപ്പെടുന്ന അമ്മയ്ക്ക് പാരിസ് ജാക്സണ്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്നലെ ഞാന്‍ അയച്ചുകൊടുത്തിരുന്നു. അവര്‍ പറഞ്ഞു, മകന്‍ ഇന്നലെ രാവിലെ ഈ വീഡിയോ എന്നെ കാണിച്ചു. എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. എന്നിട്ടുപറഞ്ഞു, 'അമ്മേ ഞാന്‍ എല്ലാം നിര്‍ത്തി.'
നോക്കൂ ഒരമ്മ നിരന്തരം പറഞ്ഞിട്ടും, കരഞ്ഞിട്ടും മകന്‍ കേള്‍ക്കാതിരുന്ന ഒരു കാര്യം പാരീസ് ജാക്സന്റെ വീഡിയോയാല്‍ സാദ്ധ്യമായത്. ആരെങ്കിലുമൊക്കെ ജീവിതപീഡനത്താല്‍ ക്രൂശിക്കപ്പെടണം, മറ്റുള്ളവര്‍ വിമോചിതരാകാന്‍.
Content Highlights: s gopalakrishnan azhchappadukal paris jackson pop singer
Published: 11 Jan 2025, 02:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented