വെല്ലിങ്ടൺ: ന്യൂസീലൻഡും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്. മത്സരം അവസാനിക്കാൻ 15 ഓവർ ബാക്കിനിൽക്കെ സമനിലയിൽ അവസാനിപ്പിക്കാൻ ഇരുടീമുകളും തീരുമാനിക്കുകയായിരുന്നു. ആ സമയത്ത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 239 റൺസ് എന്ന നിലയിലായിരുന്നു കിവീസ്. ഇന്ത്യക്ക് വിജയിക്കണമെങ്കിൽ അഞ്ച് വിക്കറ്റ് കൂടി വീഴ്ത്തണമായിരുന്നു.
ഇതിന് പിന്നാലെ മത്സരം സമനിലയിലാക്കാനുള്ള തീരുമാനത്തിൽ വ്യക്തത വരുത്തി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ രംഗത്തെത്തി. പേസ് ബൗളർമാർ ജോലിഭാരം കാരണം തളർന്നിരുന്നുവെന്നും ക്രൈസ്റ്റ് ചർച്ചിൽ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റിനായുള്ള തയ്യാറെടുപ്പിന് സമയക്കുറവുള്ളതുമാണ് സമനില തീരുമാനത്തിലേക്ക് നയിച്ചതെന്ന് ഗിൽ വ്യക്തമാക്കി.
മത്സരം അവസാനിപ്പിക്കുന്നതിന് മുൻപ് കാച്ച് ഗൗതം ഗംഭീറുമായി ഗിൽ സംസാരിച്ചിരുന്നു. ഇന്ത്യൻ പേസ് നിര ഇതിനകം തന്നെ കനത്ത ജോലിഭാരം അനുഭവിച്ചുകഴിഞ്ഞിട്ടുണ്ടെന്നും ഏതാനും ഓവറുകൾ കൂടി മത്സരം നീട്ടിയാൽ ഫലം മാറാൻ സാധ്യതയില്ലെന്നും പറഞ്ഞു.
'പിച്ചിൽ കുറച്ചുകൂടി അനുകൂല ഘടകങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ആകാമായിരുന്നു, എന്നാൽ ഫാസ്റ്റ് ബൗളർമാർ ക്ഷീണിതരാണ്, അവരെല്ലാവരും ചേർന്ന് മത്സരത്തിൽ ഏകദേശം 50 ഓവറുകൾ എറിഞ്ഞു കഴിഞ്ഞു. അതിനാൽ, അടുത്ത മത്സരം മൂന്ന് ദിവസത്തിനുള്ളിൽ വരുന്നു എന്നതും നാളെത്തന്നെ യാത്രാ ചെയ്യേണ്ടതുണ്ട് എന്നതുമാണ് ഞങ്ങൾ പരിഗണിച്ചത്. അതിനാൽ ഞങ്ങളുടെ എല്ലാ ബൗളർമാരെയും ഫ്രെഷായി നിലനിർത്താൻ ഞങ്ങൾ ആഗ്രഹിച്ചു. മാത്രമല്ല, 5-10 ഓവറുകൾ അധികമായി എറിയുന്നത് കാര്യമായ സഹായിക്കുകയുമില്ല'-മത്സര ശേഷം ഗിൽ പറഞ്ഞു.
ആ പിച്ചിൽ 10 വിക്കറ്റ് വീഴ്ത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഗിൽ ചൂണ്ടിക്കാട്ടി. 'ഇല്ല, അങ്ങനെയല്ല. ആ പിച്ചിൽ പത്ത് വിക്കറ്റ് നേടുക എന്നത് ഒരു വെല്ലുവിളിയായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. എന്നാൽ എനിക്ക് തോന്നുന്നത് ഞങ്ങൾക്ക് ഞങ്ങളുടെ അവസരങ്ങൾ ലഭിച്ചിരുന്നു, ഇവിടെയും അവിടെയുമായി ഒന്നോ രണ്ടോ അവസരങ്ങൾ. വാലറ്റത്തെക്കുറിച്ച് നമുക്ക് ഒരിക്കലും കൃത്യമായി പ്രവചിക്കാൻ കഴിയില്ല. അതിനാൽ ഫീൽഡിൽ ഞങ്ങൾക്ക് നല്ലൊരു ദിവസം ലഭിച്ചു എന്ന് ഞാൻ കരുതുന്നു'- അദ്ദേഹം പറഞ്ഞു.
വിജയം നഷ്ടപ്പെട്ടെങ്കിലും ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രകടനത്തിൽ പ്രത്യേകിച്ചും ബാറ്റിങ് പ്രകടനത്തിൽ ഗിൽ സംതൃപ്തനായിരുന്നു. 'അതെ, തീർച്ചയായും. ഞങ്ങൾ വളരെ മികച്ച പ്രകടനം കാഴ്ചവെച്ചു എന്നാണ് ഞാൻ കരുതുന്നത്. നാട്ടിൽ നിന്നും മാറി വിദേശത്ത് കളിക്കുമ്പോൾ ഞങ്ങൾ അവരെ എല്ലാ മേഖലകളിലും വെല്ലുവിളിച്ചു. അതാണ് ഞങ്ങൾക്ക് പ്രധാനപ്പെട്ട കാര്യം. ആദ്യ ഇന്നിങ്‌സിൽ ഞങ്ങൾ ഭേദപ്പെട്ട രീതിയിൽ ചെയ്തു എന്ന് ഞാൻ കരുതുന്നു. പിന്നെ വ്യക്തമായും ബാറ്റിങ്ങിൽ എല്ലാവരും സംഭാവന നൽകി. രണ്ട് സെഞ്ചുറികൾ മാത്രമാണ് നേടിയതെങ്കിലും, ഞങ്ങൾ ഏകദേശം 700 റൺസ് നേടി, അത് വളരെ വലുതാണ്' ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
ന്യൂസീലൻഡ് രണ്ട് വിക്കറ്റിന് 119 റൺസ് എന്ന നിലയിലാണ് അവസാന ദിവസം ബാറ്റിങ് തുടങ്ങിയത്. ആദ്യ രണ്ട് സെഷനുകളിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്താൻ കഴിഞ്ഞെങ്കിലും ഡാരിൽ മിച്ചലും ഗ്ലെൻ ഫിലിപ്‌സും ചേർന്ന് പ്രതിരോധം തീർത്തതോടെ സന്ദർശകർക്ക് പിന്നീട് കാര്യമായ മുന്നേറ്റം നടത്താനായില്ല. മിച്ചൽ 186 പന്തിൽ 49 റൺസോടേയും ഫിലിപ്‌സ് 126 പന്തിൽ 26 റൺസോടേയും പുറത്താകാതെ നിന്നു. അവസാന സെഷനിലുടനീളം ഈ സഖ്യം ഇന്ത്യൻ ബൗളർമാരെ നിരാശപ്പെടുത്തി. ബ്രേക്ക്ത്രൂ തേടി സന്ദർശകർ യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറെൽ, ദേവ്ദത്ത് പടിക്കൽ തുടങ്ങിയ പാർട്ട് ടൈം ബൗളർമാരെയും പരീക്ഷിച്ചു.
Content Highlights: India settled for a draw against New Zealand in the first Test at Wellington's Basin Reserve., Captain Shubman Gill cited fast bowler workload and a quick turnaround for the second Test in Christchurch as reasons for the draw., Daryl Mitchell and Glenn Phillips frustrated Indian bowlers with a stubborn partnership on Day 5., The second and final Test begins at Hagley Oval in Christchurch on November 27.
Published: 23 Nov 2026, 03:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented