ഡെഹ്റാഡൂൺ: ഭർത്താവ് ഗിർധാരി ലാൽ സാഹുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉത്തരാഖണ്ഡ് വനിതാ-ശിശുവികസന മന്ത്രിയും ബി.ജെ.പി നേതാവുമായ രേഖ ആര്യ. വധശ്രമം, ഗാർഹിക പീഡനം, ജാതി അധിക്ഷേപം തുടങ്ങിയ ആരോപണങ്ങളുയർത്തി രേഖ ആര്യ ഡെഹ്റാഡൂണിലെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

To advertise here,

ഗിർധാരി ലാൽ സാഹുവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രേഖ ആര്യ ഫെയ്‌സ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഭർത്താവ് ഗിർധാരി സാഹു മറ്റൊരു സ്ത്രീയുമായി സംസാരിക്കുന്നതിന്റെയും തന്നെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നതിന്റെയും രണ്ട് ഓഡിയോ ക്ലിപ്പുകൾ ലഭിച്ചു. തനിക്കും മക്കൾക്കും ജീവന് ഭീഷണിയുണ്ടെന്നും ഏത് നിമിഷവും അപായപ്പെടുത്തിയേക്കാം.

2004 ജൂലൈ 6-നാണ് തങ്ങൾ വിവാഹിതരായത്. എന്നാൽ ആദ്യ വിവാഹവും കുട്ടികളുമുള്ള വിവരം മറച്ചുവെച്ചാണ് ഗിർധാരി സാഹു തന്നെ വിവാഹം കഴിച്ചതെന്ന് വർഷങ്ങൾക്ക് ശേഷമാണ് അറിഞ്ഞതെന്നും മക്കളുടെ ഭാവി ഓർത്ത് അന്ന് മിണ്ടാതിരിക്കുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

അടുത്തകാലം മുതലാണ് സാഹുവിന്റെ പെരുമാറ്റത്തിൽ മാറ്റം പ്രകടമായിത്തുടങ്ങിയത്. മറ്റ് സ്ത്രീകളുമായി അദ്ദേഹത്തിന് അവിഹിത ബന്ധമുണ്ടായിരുന്നു. അത് എതിർത്തപ്പോൾ അദ്ദേഹം ആദ്യം തന്റെ തെറ്റ് സമ്മതിക്കുകയും രേഖാമൂലവും വാക്കായും മാപ്പ് പറയുകയും ചെയ്തുവെങ്കിലും സ്വഭാവം മാറിയില്ലെന്ന് പരാതിയിൽ പറയുന്നു. ഈ ബന്ധങ്ങളെ താൻ എതിർത്തപ്പോൾ, അദ്ദേഹം തന്നെ മർദ്ദിക്കുകയും അസഭ്യം പറയുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവർ ആരോപിച്ചു.

 

പട്ടികജാതി വിഭാഗത്തിൽപ്പെട്ട തനിക്കെതിരെ ഒദ്യോഗിക വസതിയിലെ ജീവനക്കാരുടെ മുന്നിൽ വെച്ച് ഭർത്താവ് ജാതീയമായി അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തതായി മന്ത്രി വെളിപ്പെടുത്തി.ചില കമ്പനികളുടെ ഡയറക്ടർ സ്ഥാനത്ത് നിന്ന് മന്ത്രിയെ നീക്കം ചെയ്തതായി കാണിക്കാൻ വ്യാജ ഒപ്പിട്ട് രേഖകൾ ചമച്ചതായും രേഖ ആര്യ നൽകിയ പരാതിയിൽ ആരോപിക്കുന്നു. പരാതി നൽകിയതിന് പിന്നാലെ ഇവരെ ഡെഹ്റാഡൂണിലെ കൃഷ്ണ മെഡിക്കൽ സെന്ററിൽ പരിശോധനകൾക്കായി പ്രവേശിപ്പിച്ചു.

രേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ രാഷ്ട്രീയ പ്രതികരണങ്ങളുമായി കോൺഗ്രസ് രംഗത്തെത്തി. സംഭവം ബി.ജെ.പി സർക്കാരിന് കടുത്ത അപമാനമാണ്. സ്വന്തം ഭർത്താവിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ഒരു മന്ത്രി തന്നെ വെളിപ്പെടുത്തുന്ന സാഹചര്യത്തിൽ അവർക്ക് നൽകിയ സുരക്ഷയും പരാതിയിന്മേൽ സ്വീകരിച്ച നടപടികളും മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി വ്യക്തമാക്കണമെന്ന് കോൺഗ്രസ് വക്താവ് ഗരിമ മെഹ്റ ദസൗനി ആവശ്യപ്പെട്ടു.