ബ്രിട്ടീഷ് മേൽക്കോയ്മയിൽ കേരളം നാട്ടുരാജ്യങ്ങളായി വേർതിരിഞ്ഞുകിടന്ന കാലം. ഇംഗ്ലീഷുകാരുടെ ഉദ്യോഗസ്ഥമേധാവിത്വവും ചൊൽപ്പടിക്കുനിന്ന നാട്ടുരാജാക്കന്മാരും ജന്മിമാരും മാടമ്പിമാരും ഭരണം നിയന്ത്രിച്ചിരുന്ന കാലം. അക്കാലത്ത് മനുഷ്യനെ ജാതിയുടെ പേരിൽ വേർതിരിച്ച് അയിത്തം കല്പിച്ച് അകറ്റിനിർത്തിയിരുന്നു.
പ്രധാന വീഥികളിലോ ആരാധനാലയങ്ങൾക്കു സമീപത്തുള്ള വഴികളിലോ, സഞ്ചരിക്കാനോ അവരുടെ കുട്ടികളെ സ്കൂളുകളിൽ പ്രവേശിപ്പിക്കാനോ അനുവാദമില്ലായിരുന്നു.
എന്നാൽ, ബംഗാളിൽ രാജാറാം മോഹൻ റോയി ആരംഭിച്ച നവോത്ഥാനപ്രസ്ഥാനം മലയാളക്കരയിലേക്കും കുറേശ്ശെ വീശാൻ തുടങ്ങി. അതിൽ ആവേശംകൊണ്ട് അനേകം യുവാക്കൾ ദേശീയ പ്രസ്ഥാനത്തിലും മറ്റു പുരോഗമനസംഘടനകളിലും പ്രവർത്തിക്കാൻ തുടങ്ങി. അതിലൊരാൾ ചിതറിക്കിടന്ന മലയാളക്കരയെ ഒന്നാക്കി ഒരു ‘മാതൃഭൂമി’ സൃഷ്ടിക്കാൻ സ്വപ്നംകണ്ടു. അദ്ദേഹം എഴുതിയ ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന പുസ്തകം ചർച്ചാവിഷയമായി. ആ യുവാവ് മറ്റോരുമല്ല മലബാറിൽ വൻ ജന്മികുടുംബത്തിൽ ജനിച്ചുവളർന്ന് വേദങ്ങൾ പഠിച്ചും കുടുമ വെച്ചും പൂണൂൽ ധരിച്ചും വളരുകയും പിന്നീട് സമുദായജീർണതയെയും വൃദ്ധവിവാഹത്തെയും ബഹുഭാര്യത്വത്തെയും സംബന്ധത്തിനെയും എതിർത്ത് രംഗത്തിറങ്ങിയ ഏലംകുളം മനയിലെ ശങ്കരൻ നമ്പൂതിരിപ്പാട് (ഇ.എം.എസ്.) ആയിരുന്നു.
രാജാക്കന്മാരും ബ്രിട്ടീഷ് കളക്ടർമാരും റെസിഡെന്റുമാരും ഭരിച്ചിരുന്ന മലയാളക്കരയെ ഒന്നാക്കി അതിന്റെ ആദ്യത്തെ മുഖ്യമന്ത്രിയാകാൻ ചരിത്രം നിയോഗിച്ചതും ഇ.എം.എസിനെയായിരുന്നു. ഗാന്ധിജിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് തൃശ്ശൂർ സെയ്‌ന്റ് തോമസ് കോളേജിലെ ബിരുദപഠനം ഉപേക്ഷിച്ച് കോൺഗ്രസ് ‘ഡിക്ടേറ്റർ’ ആയി അറസ്റ്റു വരിച്ച ഇ.എം.എസ്. പിൽക്കാലത്ത് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായി. ആ പാർട്ടി കേരളമാകെ കെട്ടിപ്പെടുക്കുന്നതിന് അദ്ദേഹവും സഹപ്രവർത്തകരും നേതൃത്വം നൽകി. മുഖ്യമന്ത്രിയായതോടെ അദ്ദേഹത്തിന്റെ കുടുംബം തിരുവനന്തപുരത്തേക്ക് പറിച്ചുനട്ടുവെന്നു പറയാം. ആ ശാഖയിലെ അവസാനത്തെ കണ്ണിയായിരുന്നു നവംബർ 22-ന് അന്തരിച്ച ഇ.എം.രാധ. ഡോ. മാലതി, ഇ.എം.ശ്രീധരൻ, ഇ.എം.ശശി എന്നിവരാണ് ഇ.എം.എസിന്റെ മറ്റുമക്കൾ.
ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കാൻപോകുന്ന വാർത്ത ലോകംമുഴുവൻ ശ്രദ്ധിക്കപ്പെട്ടു. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാൻ ഭാര്യയും മക്കളുമൊത്ത് കൈയിൽ പെട്ടിയുമായി തീവണ്ടി ഓഫീസിൽ നിൽക്കുന്ന ഇ.എം.എസിന്റെ ചിത്രം ആരും മറക്കാനിടയില്ല. മുഖ്യമന്ത്രിക്കു സർക്കാർ അനുവദിച്ച വസതിയിൽ താമസിക്കുമ്പോഴോ, പ്രതിപക്ഷനേതാവായി കഴിയുമ്പോഴോ തികഞ്ഞ ഗാന്ധിയനായി ജീവിച്ച ഇ.എം.എസിന്റെ ജീവിതം പൊതുപ്രവർത്തകർക്ക് മാതൃകയാണ്.
ശാന്തിനഗറിൽ സ്വന്തമായിയുണ്ടായിരുന്ന ചെറിയ വീട് വിറ്റ് മക്കൾക്കു നല്കി. പിന്നീട് മരിക്കുവോളം വാടകവീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ജീവിതം പിന്തുടർന്ന് ആദർശത്തിലധിഷ്ഠിതമായിട്ടാണ് ഭാര്യ ആര്യ അന്തർജനം ജീവിച്ചിരുന്നത്. ‘അദ്ദേഹത്തിനു കുഴപ്പമുണ്ടാക്കുന്ന ഒന്നും താൻ പറയുകയുമില്ല, ചെയ്യുകയുമില്ല’ എന്ന് പല മാധ്യമങ്ങളോടും ആര്യ അന്തർജനം തറന്നുപറഞ്ഞിട്ടുണ്ട്. ആ ശാഖയിലെ അവസാനത്തെ കണ്ണിയായ ഇ.എം.രാധ അച്ഛനെക്കുറിച്ച് ഒരു പുസ്തകം തയ്യാറാക്കുന്നതിനാണ് അധികസമയവും ചെലവിട്ടത്. ഇ.എം.എസിന്റെ മകളാണെന്ന ഭാവമൊന്നും അവർക്കില്ലായിരുന്നു.
എല്ലാവരോടും സ്നേഹത്തോടും ബഹുമാനത്തോടും പെരുമാറിയിരുന്ന രാധയ്ക്ക് അനന്തപുരിയിൽ വൻ സുഹൃദ്‌വലയമുണ്ടായിരുന്നു. ‘രാധച്ചേച്ചി’ എന്നാണ് പലരും വിളിച്ചിരുന്നത്. അച്ഛന്റെയും അമ്മയുടെയും മൂത്ത സഹോദരന്റെയും സഹോദരിയുടെയും ഭൗതികശരീരം ഏറ്റുവാങ്ങിയ തൈക്കാട് ശ്മശാനത്തിൽത്തന്നെയാണ് രാധയുടെയും സംസ്കാരം നടത്തിയത്.
Content Highlights: With the demise of daughter E.M. Radha, the storied Thiruvananthapuram chapter of legendary Communist leader E.M.S. Namboodiripad's family comes to an end.
Published: 29 Nov 2026, 06:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented