അഴുകിയും പുഴുവരിച്ചും ഈച്ചയാര്‍ത്തും കിടന്ന,ഒഴുകിയതും തൂങ്ങിയതും വിഷംകുടിച്ചുകിടന്നുമായ ആയിരക്കണക്കിന് മൃതദേഹങ്ങളെ സ്വന്തം കൈകള്‍ കൊണ്ട് കോരിയെടുത്ത് മാന്യമായി സംസ്‌കരിക്കുകയോ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയോ ചെയ്ത വ്യക്തിത്വമാണ് ആലുവക്കാരന്‍ വിനു. പതിനഞ്ചാം വയസ്സില്‍ ഒളിഞ്ഞും തെളിഞ്ഞും തുടങ്ങിയ തന്റെ ജോലിയില്‍ ആത്മാര്‍പ്പണം നടത്തിക്കൊണ്ടിരിക്കുന്നയാള്‍. പകരം സമൂഹം ശവംവാരിയെന്നുവിളിച്ച് ആട്ടിയകറ്റി. നിയാസ് കരീം ആണ് വിനുവിനെക്കുറിച്ചുള്ള പുസ്തകം മരണക്കൂട്ട് തയ്യാറാക്കിയത്. വിനുവിനെ തന്റെ അക്ഷരങ്ങളിലേക്ക് പാകപ്പെടുത്തിയതിന്റെ അനുഭവങ്ങള്‍ റൈറ്റേഴ്‌സ് ഡയറിയില്‍ അദ്ദേഹം പങ്കുവെക്കുന്നു.

To advertise here,

വിനുവിനെ കെട്ടിപ്പിടിക്കണം.

ആദ്യമായി കാണാന്‍ പോകുമ്പോള്‍ അതായിരുന്നു ആഗ്രഹം. എങ്ങനെ പ്രതികരിക്കും എന്ന് ഒരു പിടിയുമില്ലാത്ത അപരിചിതനായൊരു മനുഷ്യന്‍. ഒരു ടി.വി പരിപാടിയിലാണ് അയാളെ ആദ്യമായി കണ്ടതും ആ ജീവിതം കേട്ട് ഉലഞ്ഞതും. അന്നുമുതല്‍ വിനുവിനെയൊന്ന് തൊടണം, അല്ല തൊഴണം എന്നു കൊതിച്ചു. പിന്നീട് ചിലതുകൂടി കേട്ടപ്പോള്‍ കെട്ടിപ്പിടിക്കണം എന്നായി.

അറിയാത്തൊരാളെ കെട്ടിപ്പിടിക്കുംമുമ്പ് ഒരു ശരാശരി മലയാളിക്കുണ്ടാകുന്ന സങ്കോചങ്ങളും അതിനെ മറികടക്കാനുള്ള മനസ്സൊരുക്കങ്ങളും ചേര്‍ന്നതായിരുന്നു അവിടേക്കുള്ള യാത്ര. ആലുവയില്‍ ഏറെക്കുറെ അയല്‍പക്കം എന്നു പറയാനുള്ള ദൂരമേയുള്ളൂ വിനുവിന്റെ വാടകവീട്ടിലേക്ക്.

ശ്വാസമെടുക്കാനാവാതെ വീടുകള്‍ ഞെരുങ്ങിനിന്ന പട്ടണമധ്യത്തിലൂടെ അവിടേക്കു നടന്നു. കുറച്ചുദൂരം കഴിഞ്ഞപ്പോള്‍ മെയിന്‍ റോഡ് വിട്ട് റെയില്‍വേ പാളത്തിലേക്കു പോകുന്ന ഇടവഴിയിലേക്ക് നടപ്പ് തിരിഞ്ഞു. അല്പം കൂടി നടന്നപ്പോള്‍ ഇടത്തോട്ടു തിരിയാന്‍ പോക്കറ്റില്‍നിന്ന് 'അശരീരി'! വിനു വാട്‌സാപ്പില്‍ ലൊക്കേഷന്‍ അയച്ചതിന്റെ പൊരുള്‍ അപ്പോഴാണ് പിടികിട്ടിയത്.

ആ ചെമ്മണ്‍പാതയിലേക്കു തിരിഞ്ഞപ്പോള്‍ അതുവരെ ചുറ്റിനുമുണ്ടായിരുന്ന വീടുകള്‍ മായ്ച്ചുകളഞ്ഞപോലെ പെട്ടെന്ന് അപ്രത്യക്ഷമായി. നടന്നുവന്ന വഴി പൊന്ത മൂടി. മുന്നിലേക്കിനി റോഡില്ല. കുറേ മുന്നിലായി ചുവപ്പുമാഞ്ഞു തുടങ്ങിയ ആകാശത്ത് വന്മരങ്ങളുടെ ഇരുണ്ട നിഴലുകള്‍ കാണാം.

പുരാതനമായ കാവിനെ ഓര്‍മിപ്പിക്കുന്ന വിജനമായൊരു സ്ഥലത്തായിരുന്നു ഞാനപ്പോള്‍. പട്ടണമധ്യത്തില്‍ അങ്ങനെയൊരു സ്ഥലമുണ്ടെന്ന് അതുവരെ അറിഞ്ഞിരുന്നില്ല. ഫോണ്‍ നോക്കിയപ്പോള്‍ ലൊക്കേഷന്‍ കൃത്യമാണ്. പെട്ടെന്ന്, വലത്ത് കുറേ മാറി ഒരു വീട് കണ്ടു. അതിനുമുന്നില്‍ ഒരു വണ്ടി കിടപ്പുണ്ട്. ഇരുവശത്തുമുള്ള പൊന്തയ്ക്കു നടുവില്‍ ഭ്രാന്തുപിടിച്ചപോലെ വളര്‍ന്ന പുല്ലുകള്‍ക്കിടയില്‍ പതിഞ്ഞുകിടന്ന ചക്രപ്പാടുകള്‍ക്കു മുകളിലൂടെ അവിടേക്കു നടന്നു.

വിശാലമായൊരു പറമ്പില്‍ ഒറ്റയ്ക്കായൊരു വീട്. ത്രിസന്ധ്യനേരം. വീടിനു പശ്ചാത്തലമായി നിന്ന വലിയ മരത്തില്‍ ഉറക്കമുണര്‍ന്ന കടവാവലുകളുടെ ഇളക്കങ്ങള്‍. അസമയത്ത് വന്നുകയറിയ അപരിചിതനെക്കണ്ട് മുറ്റത്തുണ്ടായിരുന്ന നായ്ക്കളും പൂച്ചകളും അസ്വസ്ഥരായി. വല്ലായ്മയോടെ ഞാന്‍ ബെല്ലടിച്ചു.

വാതില്‍ തുറന്നത് അയാള്‍ തന്നെയായിരുന്നു. കാലം എന്നെയെഴുതാന്‍ നിയോഗിച്ച ജീവിതകഥയിലെ നായകന്‍. അപമൃത്യുവിനിരയായ മനുഷ്യരുടെ മൃതദേഹങ്ങളെടുക്കുന്നതാണ് തൊഴില്‍. എന്നാല്‍, ആ ജോലിക്കും അയാളുടെ രൂപത്തിനും തമ്മില്‍ യാതൊരു പൊരുത്തവുമുണ്ടായിരുന്നില്ല. ഉയരവും വണ്ണവും തീരെക്കുറഞ്ഞ ഒരു മനുഷ്യന്‍. കുട്ടിക്കാലത്ത് നമ്മിലെല്ലാവര്‍ക്കും ഉണ്ടായേക്കാവുന്നൊരു പാവം കൂട്ടുകാരന്റെ മുഖം. നെറ്റിയില്‍ പാതിമാഞ്ഞ കളഭക്കുറി!

സ്വയം പരിചയപ്പെടുത്തി കൈ നീട്ടിയപ്പോള്‍ വിനു തടഞ്ഞു.
'ഞാനിപ്പോ പണി കഴിഞ്ഞ് വന്നതാ സാറേ. എന്നെ തൊടണ്ട.'
ഉള്ളിലെ ആഗ്രഹം തടയപ്പെട്ടതോര്‍ത്ത് ആദ്യം നിരാശ തോന്നി. അടുത്ത നിമിഷം, അപരനോടുള്ള കരുതല്‍ കണ്ട് അയാളോട് ഇഷ്ടവും!
'വിനുവിന്റെ അനുഭവങ്ങള്‍ പുസ്തകമായി എഴുതണമെന്നുണ്ട്.'
'എന്നെക്കുറിച്ച് എന്തുവേണമെങ്കിലും എഴുതിക്കോ. പക്ഷേ, മൃതദേഹങ്ങളെയും കേരള പോലീസിനെയും അപമാനിക്കുന്ന ഒരു വാക്കുപോലും അതിലുണ്ടാവരുത്.' ഒട്ടും ആലോചിക്കാതെ വിനു പറഞ്ഞു. 

മുറ്റത്ത് അപ്പോള്‍ ഓട്ടം കഴിഞ്ഞുവന്നതിന്റെ കിതപ്പാറിയിട്ടില്ലാത്ത ആംബുലന്‍സിനരികിലേക്ക് വിനു നീങ്ങിനിന്നു. എന്നിട്ട് ശബ്ദം താഴ്ത്തിപ്പറഞ്ഞു;
'നമുക്ക് കൊറച്ച് മാറിയിരുന്ന് സംസാരിക്കാം സാറേ. വീട്ടില്‍ അച്ഛനും അമ്മയുമുണ്ട്. എന്റെ കഥകള്‍ കേട്ടാല്‍ അവര്‍ക്ക് സങ്കടമാകും.'

വിനു എന്നെയും കൊണ്ട് കുറച്ചപ്പുറമുള്ള റെയില്‍വേ ട്രാക്ക് ലക്ഷ്യമാക്കി നടന്നു. ചവറു തള്ളുന്ന ചതുപ്പിനെ കീറിമുറിച്ച് തെക്കോട്ടുനീളുന്ന പാളത്തിലിരുന്ന് അയാള്‍ ഒരു ബീഡിയെടുത്ത് കത്തിച്ചു.

ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ പേരിലല്ല, ഉള്ളറിഞ്ഞ് ചെയ്യുന്ന തൊഴിലിന്റെ പേരില്‍ സമൂഹം ഇരുട്ടില്‍ത്തള്ളിയ ഒരു മനുഷ്യനാണ് എന്റെ മുന്നില്‍ ജ്വലിക്കുന്ന മുഖവുമായിരിക്കുന്നത്. അപമൃത്യുവിനിരയായ മൃതദേഹങ്ങള്‍ എടുക്കുന്നതാണ് തൊഴില്‍. അതിന്റെ പേരില്‍ നാട്ടുകാര്‍ അയാള്‍ക്കൊരു വിളിപ്പേരിട്ടു; 'ശവംവാരി'!

പിന്നീട് വിനു പറഞ്ഞതൊക്കെയും ഞെട്ടിക്കുന്ന കഥകളായിരുന്നു. കൊളുത്തിവലിക്കുന്ന ജീവിതാനുഭവങ്ങളുടെ നേര്‍സാക്ഷ്യങ്ങള്‍. സമൂഹത്തിന്റെ ദുര്‍ഗന്ധമകറ്റുന്ന ഒരു തൊഴില്‍ ഏറ്റവും ആത്മാര്‍ഥമായി ചെയ്തതിന്റെ  പേരില്‍ അയാള്‍ക്ക് ഒറ്റയ്ക്കു നടക്കേണ്ടിവന്ന കൊടുമ്പാതകള്‍. കൊള്ളേണ്ടിവന്ന തലയ്ക്കടികള്‍. അണിയേണ്ടിവന്ന അപമാനങ്ങള്‍. അലഞ്ഞുവറ്റിച്ച പകലുകള്‍. കരഞ്ഞുതീര്‍ത്ത രാവുകള്‍. റെയില്‍പ്പാളത്തിലിരുന്ന് തുടര്‍ച്ചയായി ബീഡി വലിച്ചുകൊണ്ട് ചോരയിറ്റുന്ന ഇന്നലെകളിലേക്ക് കിതച്ചോടുന്ന വിനുവിനെ നോക്കിയിരുന്നപ്പോള്‍ കണ്ണുനിറഞ്ഞ് പലപ്പോഴും കാഴ്ച മറഞ്ഞു. തൊണ്ടയിടറി ചോദ്യങ്ങള്‍ മുറിഞ്ഞു. എന്നാല്‍, വിനുവിന് ഭാവഭേദങ്ങളൊന്നുമുണ്ടായിരുന്നില്ല. പിന്നിട്ട കാലത്തിന്റെ പരുക്കന്‍നേരുകള്‍ അയാളെ അങ്ങനെ പരുവപ്പെടുത്തിയിരുന്നു.

അന്നു തുടങ്ങിയ ഇരിപ്പ് പിന്നീട് ദിവസങ്ങളും ആഴ്ചകളും മാസങ്ങളും നീണ്ടു. പതിനഞ്ചാം വയസ്സില്‍ പുഴയില്‍ത്താഴ്ന്ന് മരിച്ചുപോയ കൂട്ടുകാരനെ മുങ്ങിയെടുത്തുകൊണ്ട് ഒരു കൗമാരക്കാരനും അന്നോളം തിരഞ്ഞെടുക്കാത്ത ഇരുളിടങ്ങളിലേക്ക് അവന്‍ നടന്നുതുടങ്ങി. പിന്നാലെ ഞാനും. ആശാന്മാരെന്ന് അവന്‍ വിളിച്ച അരികുജീവിതങ്ങള്‍ വിനുവിലെന്നപോലെ എന്നിലേക്കും വെളിച്ചം തെളിച്ചു. വിനുവിന്റെ ജീവിതക്കാഴ്ചകളെ ആശാന്മാര്‍ പുതുക്കിപ്പണിതപോലെ വിനുവിനെ കേട്ടിരുന്നപ്പോള്‍ എന്റെ കാഴ്ചകളും കാഴ്ചപ്പാടുകളും മാറിമറിഞ്ഞു. ആഗ്രഹങ്ങളാണ് ജീവിതത്തിലെ എല്ലാ സങ്കടങ്ങള്‍ക്കും കാരണം എന്ന് സ്വന്തം ജീവിതം കൊണ്ട് വിനുവിന് കാണിച്ചുകൊടുത്ത ആശാന്മാരെ അറിഞ്ഞപ്പോള്‍ തലമുറകള്‍ക്ക് തണലായ ഒരു ബോധവൃക്ഷത്തിന്റെ തണുപ്പ് എന്റെയുള്ളിലും നിറഞ്ഞു. ഞാന്‍ പോലുമറിയാത്തവിധം വിനു എന്നിലെ എന്നെയും കുടഞ്ഞുകളയുകയായിരുന്നു; ആശാന്മാര്‍ക്കുമുന്നില്‍ അയാള്‍ സ്വയം ഉരിഞ്ഞുകളഞ്ഞപോലെ!  

വിനു എന്ന ചെറിയ മനുഷ്യനു മുന്നില്‍ ചെറുതായത്രയും മറ്റൊരു മനുഷ്യനോ മഹാഗ്രന്ഥത്തിനോ മുന്നില്‍ ഞാന്‍ ചെറുതായിട്ടില്ലെന്ന് ഇന്നെനിക്ക് ഉറപ്പിച്ചുപറയാനാകും. വിനുവിനെ പരിചയപ്പെടുന്നതിനും സുദീര്‍ഘമായി സംസാരിക്കുന്നതിനും മുമ്പുള്ളയാളല്ല ഇന്ന് ഇതെഴുതുന്ന ഞാന്‍. മനുഷ്യനെയും സമൂഹത്തെയും മതങ്ങളെയും പകലിനെയും രാത്രിയെയും ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള എന്റെ വെറും കാല്പനികബോധ്യങ്ങള്‍ പൊളിച്ചുകളഞ്ഞത് പ്രായം കൊണ്ട് എന്നെക്കാള്‍ പത്തുവയസ്സിനെങ്കിലും ഇളപ്പമുള്ള വിനുവാണ്. നിത്യവും മരണത്തോടും മൃതദേഹങ്ങളോടും ചുടലപ്പറമ്പുകളോടും സംവദിക്കുന്ന ഒരു മനുഷ്യന്‍ അറിഞ്ഞതിനേക്കാള്‍ വലിയ സത്യം വിളിച്ചുപറയുന്ന ഒരു വേദാന്തവും ഭൂമിയിലില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. 

ശവംവാരിയെന്നു കളിയാക്കി തലയ്ക്കുതട്ടിപ്പായിക്കുന്ന ആള്‍ക്കൂട്ടങ്ങളെ പേടിച്ച് പകലുകളില്‍നിന്ന് വഴിമാറിനടന്നൊരു യുവാവിനെ നിങ്ങള്‍ക്കു സങ്കല്പിക്കാനാവുമോ? മിണ്ടാനാരുമില്ലാതായതിന്റെ പതര്‍ച്ചയില്‍ പൊതുശ്മശാനത്തില്‍ സ്വയം അടക്കംചെയ്ത മൃതദേഹങ്ങളോടു മിണ്ടിത്തുടങ്ങിയൊരാളെ. ഒറ്റപ്പെടലിന്റെ അപാരസങ്കടം പേറേണ്ടിവന്നൊരു രാത്രിയില്‍ കുഴിയിലേക്കു കയ്യിട്ട് ഒരിക്കല്‍ മനുഷ്യനായിരുന്ന അസ്ഥികൂടത്തിന്റെ കൈയില്‍ മുറുകെപ്പിടിച്ചു കിടന്നുറങ്ങിയൊരു പാവം മനുഷ്യനെ!  

അപ്പോഴൊക്കെ, പൊളിറ്റിക്കല്‍ കറക്റ്റ്‌നെസും മാനവികതയും ഉച്ചത്തില്‍ കൊണ്ടാടുന്ന ഒരു സമൂഹം വിനുവിനെ ചേര്‍ത്തുപിടിച്ച ശ്മശാനത്തിനുചുറ്റും തഴച്ചുവളരുകയായിരുന്നു. ആ സമൂഹത്തില്‍ ഞാനുമുണ്ടായിരുന്നു!

ഒരു ആലുവക്കാരൻ മറ്റൊരു ആലുവക്കാരനെക്കുറിച്ചെഴുതിയ പുസ്തകം മാത്രമല്ല ‘മരണക്കൂട്ട്’. സമൂഹം ഒറ്റപ്പെടുത്തിയ ഒരു മനുഷ്യന്റെ ജീവിതം അവനെ ഒറ്റയാക്കിയ അതേ സമൂഹത്തിൽപ്പെട്ടൊരാൾ കുറ്റബോധത്താൽ പൊള്ളിയടർന്നതുകൂടിയാണ്.       

കെട്ടുകഥകളേക്കാള്‍ വിചിത്രമായൊരു ജീവിതം എനിക്കുമുന്നില്‍ നിവര്‍ത്തിയിട്ട വിനുവിനു നന്ദി. അവനവനെ വിട്ടുകളയാന്‍ വിനുവിനെ പഠിപ്പിച്ച ആശാന്മാര്‍ക്കും.