*ഒരു മൃതദേഹത്തിന് നല്ല ചെലവ് തന്നെയുണ്ടെന്നേ * കാശില്ലാത്തവരോട് വേണ്ട എന്നുപറഞ്ഞാലും അവര്‍ പത്തുരൂപ അധികം പോക്കറ്റില്‍ വെച്ചുതന്നിട്ടേ പോവുകയുള്ളൂ. കാശുള്ളവരുടെ സ്ഥിതി മരിച്ചവരേക്കാള്‍ ദയനീയമാണ്. * ജീവന്‍ രക്ഷിക്കാന്‍ ഞാന്‍ ശ്രമിക്കാറില്ല, നമ്മള്‍ ഓടിയാല്‍ എത്തില്ല. - മോര്‍ട്ടീഷ്യന്‍ വിനുവുമായുള്ള അഭിമുഖം തുടരുന്നു. 
 
വിനു എടുത്ത അസ്വാഭാവിക മരണങ്ങളില്‍ അധികവും ആത്മഹത്യയാണെന്നു പറഞ്ഞല്ലോ. 

To advertise here,

ഞാന്‍ എടുത്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്തിരിക്കുന്നത് പ്രണയത്തെ തുടര്‍ന്നാണ്. ഒരു നടിയെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ എടുക്കാന്‍ ചെല്ലുന്നത് നാലുദിവസം കഴിഞ്ഞിട്ടാണ്. നല്ല ചൂടുള്ള കാലമായിരുന്നു. ജനലിലെ ഉള്ള ഗ്യാപ്പില്‍ കൂടി ഈച്ചകള്‍ വരാന്‍ തുടങ്ങി മണം പരന്നപ്പോഴാണ് ആളുകള്‍ അറിഞ്ഞത്. വാതില്‍ ചവിട്ടിത്തുറന്നതാണ് അകത്തുകയറിയത്. അടച്ചിട്ട ഫ്‌ളാറ്റില്‍ നിന്നും മൃതദേഹം അഴുകി വെള്ളവും 
രക്തവും ശരീരത്തിലെ നെയ്യും ഉരുകി നിലത്തേക്ക് പരന്നിട്ടുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന സഹായി ടൈല്‍സിട്ട നിലത്ത് പരന്ന നെയ്യില്‍ വഴുതി തലയടിച്ചുവീണുപോയി. 

അതുപോലെത്തന്നെ എന്റെയൊരു കൂട്ടുകാരന്‍ എപ്പോഴും പറയുമായിരുന്നു നീയെന്റെ ശവം എടുക്കുമെന്ന്. അവന്‍ ആളൊഴിഞ്ഞ ഒരു ഇല്ലപ്പറമ്പില്‍ 
പോയി തൂങ്ങിമരിച്ചു. ദിവസങ്ങള്‍ കഴിഞ്ഞ് പുഴുവരിച്ച നിലയിലാണ് കിട്ടിയത്. ഭാര്യയുമായുള്ള അകല്‍ച്ചയായിരുന്നു കാരണം. ആ സ്ത്രീ മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു. അവന്‍ പോയി. ആര്‍ക്കു നഷ്ടം? ഞാനെപ്പോഴും ഓര്‍ക്കാറുണ്ട് ഈ മരണപ്പെട്ടവരെയൊക്കെ കാത്തിരിക്കാനും അന്വേഷിക്കാനും അച്ഛനോ അമ്മയോ മക്കളോ കൂട്ടുകാരോ നാട്ടുകാരോ ആരെങ്കിലുമൊക്കെ ഉണ്ടാവില്ലേ? എനിക്ക് ഇവരാരുമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. ഞാന്‍ ആ ഘട്ടമൊക്കെ അതിജീവിച്ചത് എങ്ങനെയെന്ന് ഇപ്പോഴുമെനിക്ക് ഓര്‍ക്കാന്‍പോലും പറ്റില്ല. എന്നെ വിട്ടുപോകാതിരുന്നത് ഞാന്‍ വളര്‍ത്തിയ ഒരു പട്ടി മാത്രമായിരുന്നു. മരിച്ചുപോയപ്പോള്‍ അതിനെ അടക്കം ചെയ്ത സ്ഥലത്തുപോയി ഇരിക്കുന്നതും പതിവായിരുന്നു. 

ആയിടയ്ക്ക് തന്നെ ദയാവധം ചെയ്തുതരണമെന്നും വിനു ആവശ്യപ്പെട്ടിരുന്നു

അതും കൊടുത്തിരുന്നു. വീട്ടുകാരും നാട്ടുകാരും കണ്ണില്‍കാണുന്നവര്‍ മുഴുവനും അകറ്റി നിര്‍ത്തിയപ്പോള്‍ പരസ്യമായി ശവംവാരിയെന്നുപറഞ്ഞ് മുഖത്ത് കാര്‍ക്കിച്ചുതുപ്പിയപ്പോള്‍ ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നിയിരുന്നു. എവിടെ നോക്കിയാലും ആത്മഹത്യ ചെയ്യാന്‍ അനുകൂലമായ അന്തരീക്ഷമായിരുന്നു. മുകളില്‍ ഫാന്‍, പുഴയില്‍ വെള്ളം, റെയില്‍വേ ട്രാക്കില്‍ നിരന്തരം ഓടുന്ന തീവണ്ടികള്‍, വിഷം കുടിക്കണേല്‍ അതുമാകാം. ഞാന്‍ മരണപ്പെട്ടതുകൊണ്ട് ആര്‍ക്കും ഒരു ദു:ഖമില്ലെങ്കിലും ഗുണമെങ്കിലുമുണ്ടാവണ്ടേ. അങ്ങനെയാണ് യുദ്ധത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു സൈനികനെക്കുറിച്ചുള്ള വാര്‍ത്ത കാണുന്നത്. എന്റെ അവയവങ്ങള്‍ അദ്ദേഹത്തിന് ദാനം നല്‍കാനായി ഞാന്‍ ദയാവധത്തിന് അപേക്ഷിച്ചു. വിവരമില്ലാത്ത കാലമാണ്. യാതൊരു കുഴപ്പവുമില്ലാതെ പൂര്‍ണ ആരോഗ്യവാനായി നടക്കുന്ന എന്നെ ദയാവധം ചെയ്യാന്‍ പറഞ്ഞാല്‍ ഉടനടി ചെയ്തുതരികയൊന്നുമില്ലല്ലോ. എന്റെ അപേക്ഷ അധികാരികള്‍ തള്ളി. 

 മൃതദേഹങ്ങള്‍ എടുത്തുകൊടുക്കുന്നത് ഒരു ജോലിയായോ സേവനമായോ അംഗീകരിക്കാം. സ്വന്തം കിടപ്പാടം വിറ്റ് മൃതദേഹങ്ങള്‍ സംസ്‌കരിച്ച കടം വീട്ടുക എന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്

ശ്മശാനങ്ങളില്‍ മൃതദേഹം സംസ്‌കരിക്കണമെങ്കില്‍ പണം കെട്ടണം. എനിക്ക് ഏഴുശ്മശാനങ്ങളില്‍ ബാധ്യതയുണ്ടായിരുന്നു. ഒടുക്കം വീട് വിറ്റാണ് എല്ലാം തീര്‍ത്തത്. പിന്നെയും അനാഥമൃതദേഹങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു, എന്റെ രീതിയനുസരിച്ച് ഞാന്‍ ഏറ്റെടുത്ത് സംസ്‌കരിക്കുന്നു, പിന്നെയും ബാധ്യതയാവുന്നു. അതങ്ങനേ നടന്നുകൊണ്ടേയിരിക്കും. മരണപ്പെട്ടവര്‍ക്ക് ബന്ധുക്കള്‍ ഉണ്ടെങ്കില്‍ അവരോട് ചെലവായ തുക പറയാറുണ്ട്. കണക്ക് പറഞ്ഞവരുമുണ്ട്. പണക്കാരില്‍ പലരും പറ്റിച്ചിട്ടേയുള്ളൂ. ഒരു രൂപയൊക്കെ കൈയില്‍ വെച്ച് പോയവരുണ്ട്. അതൊന്നും എനിക്ക് മറക്കാന്‍ പറ്റില്ല. പത്തു മൃതദേഹങ്ങള്‍ എടുത്താല്‍ അതില്‍ ഒന്നിനുമാത്രമേ പണിയെടുത്ത കാശ് ലഭിക്കുകയുള്ളൂ. ബാക്കി ഒമ്പതും നമ്മുടെ റിസ്‌കാണ്. കൂലി കിട്ടുമ്പോള്‍ അതില്‍ നിന്നും നിശ്ചിതതുക അനാഥമൃതദേഹങ്ങള്‍ക്കായി നീക്കിവെക്കും. ആയിരത്തി അഞ്ഞൂറിലധികം അനാഥമൃതദേഹങ്ങളെ ഞാന്‍ ഏറ്റെടുത്ത് സംസ്‌കരിച്ചിട്ടുണ്ട്. എന്നെങ്കിലും ആരെങ്കിലും തേടി വന്നാലോ എന്നുകരുതി എല്ലാവരുടുടെയും ഡീറ്റെയ്ല്‍സ് എടുത്തുവെച്ചിട്ടുണ്ട്. അങ്ങനെ സംസ്‌കരിച്ച ഒരു പെണ്‍കുട്ടിയുടെ ബോഡി ആവശ്യപ്പെട്ട് ഗോവയില്‍ നിന്നും അവളുടെ അച്ഛനും അമ്മയും മാസങ്ങള്‍ക്കുശേഷം തേടിപ്പിടിച്ച് വന്നിരുന്നു. കുഴി തുറന്ന് ശേഷിച്ചത് അവര്‍ക്കെടുത്തുകൊടുത്തു. വല്ലാത്ത ഒരവസ്ഥയായിരുന്ന ആ അമ്മയുടേത്. മകളുടെ ശേഷിപ്പുകളുമായി അവര്‍ നാട്ടിലേക്ക് പോയി. 

ഒരു മൃതദേഹത്തിന് നല്ല ചെലവ് തന്നെയുണ്ടെന്നേ. ദേഹം എടുക്കാനുള്ള പ്ലാസ്റ്റിക് ഷീറ്റ് കടക്കാരന്‍ കടമായിട്ടു തരുന്നത് എന്നെ വിശ്വസിച്ചിട്ടാണ്. ഇന്‍ക്വസ്റ്റിങ് ടേപ്പ്, കൂടെ സഹായിക്കാന്‍ വരുന്നവരുടെ കൂലി, വണ്ടിയുടെ ഡീസല്‍, മൃതദേഹം തുന്നുന്ന സൂചി, നൂല്, സര്‍ജിക്കല്‍ ബ്ലേഡ്, അത് ഉപയോഗം കഴിഞ്ഞാല്‍ എസ്. ഐയുടെ മുന്നില്‍ വെച്ച് ഒടിച്ചുകളഞ്ഞ് മണ്ണില്‍ കുഴിച്ചിടണമെന്നാണ് നിയമം. അങ്ങനെ തന്നെ ചെയ്യാറുമുണ്ട്. വെള്ളത്തുണികള്‍, ശവപ്പെട്ടി, മൃതദേഹം കുളിപ്പിക്കുന്ന സോപ്പ്, തുടങ്ങി ഇതിനു നല്ല ചെലവുണ്ടെന്നേ. കാശ് ഇല്ലാത്തവന്‍ തരാതെ പോയാല്‍ നമുക്ക് സങ്കടമില്ല. കാശില്ലാത്തവരോട് വേണ്ട എന്നുപറഞ്ഞാലും അവര്‍ പത്തുരൂപ അധികം പോക്കറ്റില്‍ വെച്ചുതന്നിട്ടേ പോവുകയുള്ളൂ. കാശുള്ളവരുടെ സ്ഥിതി മരിച്ചവരേക്കാള്‍ ദയനീയമാണ്. രാഷ്ട്രപതിക്കു കൊടുക്കുന്ന ബഹുമാനം കൊടുക്കേണ്ടതാണ് മൃതദേഹത്തിന്. ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറികളില്‍ കെട്ടിക്കിടക്കുന്ന അനാഥമൃതദേഹങ്ങള്‍ എത്രയുണ്ടെന്നറിയോ. അവയെല്ലാം ഏറ്റെടുത്ത് സംസ്‌കരിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. ഭാവിയില്‍ ഇങ്ങനെ വരുന്ന മൃതദേഹങ്ങളെല്ലാം ഏറ്റെടുത്ത് സംസ്‌കരിക്കാന്‍ വേണ്ടിയാണ് ഞാന്‍ സ്വന്തമായൊരു ശ്മശാനം വേണമെന്ന് ആഗ്രഹം പറയുന്നത്. ആരെങ്കിലും സഹായിക്കുമായിരിക്കും. 

 സ്വന്തം വീട് പോലെയല്ലല്ലോ വാടകവീട്. ആളുകള്‍ പരാതി പറയുമ്പോള്‍ മാറിക്കൊടുക്കേണ്ടി വരില്ലേ?

ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഏരിയയിലൊന്നും എനിക്ക് വീട് കിട്ടാറില്ല. മുറ്റത്ത് ആംബുലന്‍സും ഫ്രീസറുമുണ്ടാവും. ശവമെടുത്ത് വരുമ്പോള്‍ സ്‌ട്രെച്ചറില്‍ രക്തവും പുഴുക്കളുമൊക്കെ പറ്റിപ്പിടിച്ചിരിക്കും. വീടിന്റെ മുറ്റത്തുവെച്ചാണ് എല്ലാം കഴുകിപ്പോക്കുക. അല്ലാതെ വേറെ സൗകര്യങ്ങളൊന്നുമില്ലല്ലോ. അതെല്ലാം അയല്‍പക്കക്കാര്‍ക്ക് പ്രശ്‌നമാണ്. അവരെ കുറ്റം പറയാന്‍ പറ്റില്ല. അറപ്പും വെറുപ്പും മനുഷ്യസഹജമാണ്. അതുകൊണ്ടുതന്നെ ആളുകള്‍ അധികം താമസിക്കാത്ത വാടക കുറഞ്ഞ ഏരിയയാണ് ഞാന്‍ നോക്കാറ്. ഇപ്പോള്‍ താമസിക്കുന്ന വീടിനുപരിസരത്തുള്ള മറ്റുവീടുകളെല്ലാം കാലങ്ങളായി അടച്ചുപൂട്ടിയിരിക്കുകയാണ്. രണ്ടെണ്ണത്തില്‍ ആത്മഹത്യ നടന്നിട്ടുണ്ട്. പിന്നെയുള്ളതില്‍ താമസിക്കാനാളില്ലാതെ തുരുമ്പെടുത്തിരിക്കുകയാണ്. ചുറ്റും കാടുപിടിച്ച് കിടക്കുകയാണ്. പണ്ടുകാലത്തെ ഡോക്ടേഴ്‌സ് കോളനിയായിരുന്നു. ഇപ്പോള്‍ ഞാന്‍ മാത്രമേയുള്ളൂ. അതുകൊണ്ട് ആര്‍ക്കും പരാതിയില്ല. പിന്നെ വീടിനകത്തുകാണുന്ന സാധനങ്ങളെല്ലാം നല്ല ഓരോ ഓഫീസര്‍മാരും നമ്മളെ കേട്ടറിഞ്ഞുവന്നവരും വാങ്ങിത്തന്നതാണ്. ഞാനിടുന്ന കാക്കി പാന്റ് പോലീസുകാര്‍ തരുന്നതാണ്. 

കുറേ പോലീസുകാര്‍ക്ക് പൈസ കൊടുക്കാനുണ്ട്. അവരത് കടമായിട്ട് കൂട്ടിയിട്ടില്ല. സി.ഐ ജെര്‍റ്റീന മാഡത്തിന് നല്ല പൈസ കൊടുക്കാനുണ്ട്. ഓരോ ആവശ്യങ്ങള്‍ക്കും ഓടിപ്പോയി വാങ്ങുന്നതാണ്. നമ്മുടെ കൈയില്‍ പൈസയുണ്ടാവുമ്പോള്‍ തിരിച്ചുകൊടുത്താല്‍ അവര്‍ വാങ്ങുകയുമില്ല. കാശില്ലാതാവുമ്പോള്‍ നേരെ ചെന്ന് കൈനീട്ടുന്നത് പോലീസുകാര്‍ക്കുനേരെയാണ്. പത്തുപേരോട് ചോദിച്ചാല്‍ മൂന്നുപേരുടെയടുത്ത് കാശുണ്ടാവും. നിങ്ങള്‍ക്കറിയാന്‍ പാടില്ലാഞ്ഞിട്ടാണ് പോലീസുകാരുടെ പോക്കറ്റൊക്കെ കാലിയാണ്. കുറേ പോലീസുകാരുടെ മൃതദേഹങ്ങള്‍ ഞാനെടുത്തിട്ടുള്ളതാണ്. ഞാന്‍ ഈ പണി മാത്രമേ ചെയ്യുള്ളൂ എന്നുപറഞ്ഞ് എനിക്ക് വാശിപിടിക്കാം. പക്ഷേ പോലീസുകാര്‍ക്ക് അതു പറ്റില്ലല്ലോ. റെയില്‍വേ പോലീസും കേരള പോലീസും ഫയര്‍ഫോഴ്‌സിലെ കുറച്ചു ഉദ്യോഗസ്ഥരും കാക്കിയിട്ട മറ്റെല്ലാ വര്‍ഗവുമുള്ളതുകൊണ്ട് എന്റെ കുടുംബം പട്ടിണി കിടന്നിട്ടില്ല ഇതുവരെ. കെ.എസ്.ഇ.ബിക്കാര് ബില്ലടക്കേണ്ട ഡേറ്റും കഴിഞ്ഞ് സമയം തരാറുണ്ട്.   

 ജീവിതത്തില്‍ ഒരേയൊരു തവണയേ വിനു ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുള്ളൂ. 

ജീവന്‍ രക്ഷിക്കാന്‍ ഞാന്‍ ശ്രമിക്കാറില്ല. നമ്മള്‍ ഓടിയാല്‍ എത്തില്ല എന്ന ബോധ്യം കൊണ്ടുമാത്രമാണ്. കൈയില്‍ കിടന്ന് ഒരുപാട് ജീവന്‍ പോയിട്ടുണ്ട്. ഒരിക്കല്‍ ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്നും ഒരാള്‍ ചാടി ദേഹം ഒഴുകിപ്പോയെന്നും പറഞ്ഞ് ഒരു കോള്‍ വന്നു. പോലീസുകാര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ മൃതദേഹം എടുക്കാനായി ചെന്നു. അന്നൊന്നും ഗ്ലൗസ് ഇടുന്ന ശീലമില്ലായിരുന്നു. ബോഡിയില്‍ തൊട്ടതും എന്തെന്നില്ലാത്ത ചൂട് എനിക്കനുഭവപ്പെട്ടു. കൈയില്‍ അമര്‍ത്തിപ്പിടിച്ചപ്പോള്‍ പള്‍സ് കിട്ടി. ഞാന്‍ പോലീസുകാരോട് വിളിച്ചുപറഞ്ഞു: സാറെ, ആള്‍ക്ക് ജീവനുണ്ട്, വേഗം വാ. ആള് മരിച്ചിട്ടില്ല എന്നറിഞ്ഞപ്പോള്‍ സാറന്മാര്‍ വെള്ളത്തില്‍ ചാടി എല്ലാവരും കൂടി പൊക്കിക്കയറ്റി ആശുപത്രിയിലെത്തിച്ചു. കുറച്ചുദിവസം കഴിഞ്ഞ് ആശുപത്രിയില്‍ നിന്നും എന്നെ വിളിച്ചു. ഞാന്‍ രക്ഷിച്ചയാള്‍ ബില്ലടയ്ക്കാതെ ഹോസ്പിറ്റലില്‍ നിന്നും ചാടി. അയാളുടെ ബില്ലുതുക 6000 രൂപ ഞാന്‍ അടയ്ക്കണമെന്നായിരുന്നു ആശുപത്രിക്കാരുടെ ആവശ്യം. ആറായിരം രൂപ എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് വലിയ തുകയാണ്. ഞാന്‍ എവിടുന്ന് അടയ്ക്കാനാണ് എന്നു ചോദിച്ചു. പിന്നീട് രക്ഷപ്പെട്ടയാള്‍ എന്നെ വിളിച്ചു. ആറു രൂപയുടെ പല്‍പ്പൊടി വാങ്ങാന്‍ ഗതിയില്ലാതെ പുഴയില്‍ ചാടിയ തന്നെ രക്ഷിച്ച് ഇത്രയും ബാധ്യതയുണ്ടാക്കിക്കൊടുത്തത് അയാള്‍ പൂരം തെറി പറഞ്ഞു. അയാള്‍ക്ക് ദേഷ്യം വരുമ്പോഴൊക്കെ എന്നെ വിളിച്ച് തെറിപറയലായി പിന്നെ പണി. കട്ടു ചെയ്തിട്ടൊന്നും കാര്യമില്ല. പിന്നെയും വിളിക്കും. ആള് ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് കേട്ടോ. 

2018-ല്‍ വെള്ളപ്പൊക്കത്തില്‍ ജീവന്‍ രക്ഷിക്കാന്‍ ഒരുപാട് പേര്‍ പോയി. ഞാനപ്പോള്‍ പാടത്തും പറമ്പിലും ചത്തടിഞ്ഞ മൃഗങ്ങളെ വലിച്ചുകൂട്ടി അടക്കം ചെയ്യുന്ന തിരക്കിലായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ എന്നെക്കൊണ്ടാവില്ല. ഞാന്‍ ഓടിയാല്‍ എത്തില്ല. കോവിഡ് കാലത്ത് മൃതദേഹങ്ങള്‍ തൊടാന്‍ എല്ലാവര്‍ക്കും പേടിയായിരുന്നു. രോഗം ഭയന്ന് മാറിനില്‍ക്കാന്‍ പറ്റില്ലല്ലോ. ഒരുപാട് നിയമക്കുരുക്കുകള്‍ ഉണ്ടായിരുന്നു അപ്പോള്‍. കുറേയേറെ മൃതദേഹങ്ങല്‍ അടക്കം ചെയ്യാന്‍ കഴിഞ്ഞു.  

വീടുവേണോ എന്നു ചോദിക്കുന്നവരോട് സ്വന്തമായൊരു ശ്മശാനം മതി എന്നുപറയുന്ന മനുഷ്യന്‍ അപൂര്‍വത്തില്‍ അപൂര്‍വം തന്നെയാണ്.   

വീടുവേണോ എന്ന് എന്റയടുക്കല്‍ ഒരുപാട് പേര്‍ ചോദിക്കുന്നുണ്ട്. പക്ഷേ ആറടി മണ്ണുവേണോ എന്നാരും ചോദിക്കുന്നില്ലെന്നേ. ഈ ഭൂമിയില്‍ നമ്മളൊക്കെ എത്രനാള്‍ ജീവിച്ചിരിക്കും? ഈ പ്രപഞ്ചത്തില്‍ ഞാന്‍ കണ്ടിടത്തോളം മരണില്ലാത്തത് വായുവിന് മാത്രമേയുള്ളൂ. നമുക്ക് ആകെ ആവശ്യം ആറടി മണ്ണ് മാത്രമാണ്. സ്വര്‍ണപാത്രത്തില്‍ ഭക്ഷണം കഴിക്കാന്‍ കഴിവുള്ളയാളെ ഞാന്‍ എടുത്തത് മനുഷ്യമാംസം വിസര്‍ജിക്കുന്ന കനാലില്‍ നിന്നാണെന്നു പറഞ്ഞില്ലേ. പുഴുവരിച്ചു കിടക്കുന്നത് കണ്ടിട്ടുണ്ടോ നിങ്ങള്‍. പുഴു മനുഷ്യനെ തിന്നുതീര്‍ത്തുകളയും. മനുഷ്യനെന്നല്ല, അഴുകിയാല്‍ ഇത്രയേ ഉള്ളൂ എല്ലാം. പുഴുക്കള്‍ക്ക് ഒരു നേരത്തേക്കേ ഉള്ളൂ. ഏത് ഉയരത്തില്‍ പറന്നാലും തിരികെ ആറടി മണ്ണിലെത്തണ്ടേ. എല്ലാവരും ചോദിക്കുന്നു മകനും ഭാര്യയ്ക്കും ജീവിക്കണ്ടേ എന്ന്. കേരള പോലീസ് ഉള്ളിടത്തോളം കാലം എന്റെ ഭാര്യയും കൊച്ചും റോഡില്‍ കിടക്കില്ല എന്നാണ് എന്റെ വിശ്വാസം. മകന്‍ ആരായിത്തീരണമെന്ന് അവന്‍ തീരുമാനിച്ചോട്ടെ. ഞാന്‍ ആരായിത്തീരണമെന്നത് എന്റെ തീരുമാനമായിരുന്നല്ലോ. എന്റെ മകനുള്‍പ്പെടെ എല്ലാ മനുഷ്യര്‍ക്കും അന്തിയുറങ്ങാന്‍ ആറടി മണ്ണാണ് ആവശ്യം. അതാണ് ഞാന്‍ അന്വേഷിച്ചുനടക്കുന്നത്. ഒരു ശ്മശാനം നടത്തിക്കൊണ്ടുപോവുക, അനാഥമൃതദേഹങ്ങളെ ഏറ്റെടുത്ത് സംസ്‌കരിക്കുക എന്നതാണ് എന്റെയാഗ്രഹം. അവിടെ മനുഷ്യര്‍, മൃഗങ്ങള്‍ എന്ന വകഭേദങ്ങളൊന്നുമില്ല. ജീവനറ്റുകിടക്കുന്ന എന്തിനെയും കൊണ്ടുവന്ന് അടക്കം ചെയ്യാന്‍ കഴിയണം. 

placeholder
വിനു, ഭാര്യ ബിന്‍സി, അമ്മ അംബിക

വിനു ഒരു നിഡൂഢ മനുഷ്യനാണെന്ന മട്ടില്‍ ധാരാളം കഥകള്‍ താങ്കളെ ചുറ്റിപ്പറ്റി പ്രചരിക്കുന്നുണ്ടല്ലോ

എനിക്കുചുറ്റും കഥകളും പരത്തുന്നവര്‍ ധാരാളമാണ്. ഞാന്‍ താമസിക്കുന്ന വീട്ടില്‍ നിന്നും അപശബ്ദങ്ങള്‍ കേള്‍ക്കാറുണ്ട് എന്ന് പറയുന്നവരുണ്ടായിരുന്നു. എനിക്കൊപ്പം ജോലിക്കുവന്നയാള്‍ ഉറങ്ങുമ്പോള്‍ എന്നോട് ആരോ സംസാരിക്കുന്നത് കേട്ടു എന്നു പറഞ്ഞിരുന്നു. ഓരോരോ തോന്നലുകളായിട്ടുമാത്രമേ ഞാനതിനെ കാണുന്നുള്ളൂ. എന്നെ ഇന്നേവരെ ഒരു പ്രേതവും വന്ന് വിളിച്ചിട്ടില്ല, ശ്മശാനത്തിന്റെ ടാങ്കിനകത്തേക്ക് കൈയിട്ടുകിടന്നിട്ടുപോലും. 
എന്റെ ചെറുപ്പത്തില്‍ എല്ലാ ഭൂതപ്രേതാദികളെയും ദൈവങ്ങളെയും വിശ്വസിച്ച് ജീവിച്ചവനായിരുന്നു ഞാന്‍. വൈകിട്ട് ആറുമണിയാവണ്ട, ഇരുട്ട് പരന്നാല്‍പ്പിന്നെ ഞാന്‍ ഇവരെയൊക്കെ പേടിച്ച് പുറത്തിറങ്ങില്ലായിരുന്നു. മുറിയാകെ സര്‍വമത ചിഹ്നങ്ങളുമുണ്ടായിരുന്നു; പ്രേതവും ചെകുത്താനും വരാതിരിക്കാന്‍. വീട്ടില്‍ നിന്നും കേട്ടുവളരുന്നതും ഈ കഥകളൊക്കെത്തന്നെയായിരുന്നു. മരണം സംഭവിച്ച വീടുകളിലൊന്നും തന്നെ പോവില്ലായിരുന്നു. അത്രയും പേടിയായിരുന്നു. എന്റെ ഭയത്തെക്കുറിച്ച് പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാവില്ല. അത്രയും ഭയമായിരുന്നു. എന്റെ ആശാന്മാര്‍ക്കൊപ്പമുള്ള സഹവാസത്തില്‍ നിന്നാണ് ഇതൊക്കെ മിഥ്യയാണ് എന്ന് തിരിച്ചറിഞ്ഞത്. പിന്നീടുള്ള ജീവിതപാഠം പഠിപ്പിച്ചത് ഇരുട്ട് മാത്രമാണ് സത്യമെന്നാണ്. പ്രേതകഥകളൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കിപ്പോള്‍ തമാശയാണ് തോന്നാറ്. 

 നമ്മള്‍ എത്ര നന്മ പറഞ്ഞാലും മൃതദേഹങ്ങളിലെ ബാക്ടീരിയകളും മറ്റ് സൂക്ഷ്മാണുക്കളും ജീവന് ഭീഷണി തന്നെയാണല്ലോ. 

കലക്ടറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം മൃതദേഹത്തില്‍ നിന്നും അണുക്കള്‍ ശരീരത്തിലേക്ക് പ്രവേശിക്കാതിരിക്കാനുള്ള കുത്തിവെപ്പ് എടുപ്പിച്ചിരുന്നു. 
പോലീസിലെ സാറന്മാരാണ് എല്ലാത്തിനും മുന്‍കൈയെടുത്തത്. പൊക്കിളിനു ചുറ്റും നടുവിനും കുത്തിവെപ്പ് എടുപ്പിച്ചു. പേവിഷം ഉള്‍പ്പെടെയുള്ളതൊന്നും ഏല്‍ക്കാതിരിക്കാനുള്ള കുത്തിവെപ്പാണ് എടുത്തത്. എന്നാലും കുടുംബത്തോടൊപ്പം കഴിയുന്നതുകാരണം ഞാന്‍ ശ്രദ്ധിക്കാറുണ്ട്. എന്റെ മകനെ ദൂരെ നിന്ന് നോക്കുകയേ ചെയ്യാറുള്ളൂ. അധികം അടുത്തേക്ക് പോവാറില്ല. എന്റെ ജോലിക്ക് നോരവും കാലവുമില്ലല്ലോ. ശവമെടുത്ത് തിരികെ വരുന്ന നേരം വീട്ടിലേക്ക് വിളിച്ചുപറയും. കുറയേധികം പച്ചയിലകള്‍ ചേര്‍ത്ത് തിളപ്പിച്ച വെള്ളം അമ്മയോ ഭാര്യയോ തയ്യാറാക്കി വെക്കും. ഇലകള്‍ നന്നായി വെന്ത് കടുംപച്ച നിറമായിട്ടുണ്ടാവും. എന്റെ നഖത്തിലും വിരലുകള്‍ക്കിടയിലുമെല്ലാം ചോരയും ചലവും തൊലിയുമൊക്കെ പറ്റിപ്പിടിച്ചിട്ടുണ്ടാവും. ഈ വെള്ളത്തിലാണ് ആദ്യത്തെ കുളി. വാടകയ്ക്ക് പോകുന്ന ഓരോ വീടുകളിലും മാറിമാറി ഈ ചെടികളെല്ലാം വെച്ചുപിടിപ്പിക്കാറുണ്ട്. കുളി കഴിഞ്ഞിട്ടുമാത്രമേ അകത്തേക്ക് കയറുകയുള്ളൂ. 

 വിനുവിനെക്കുറിച്ച് പുസ്തകമിറങ്ങി, ധാരാളം ചാനലുകള്‍ ഡോക്യുമെന്റ് ചെയ്തു, ജീവിതത്തിന് അര്‍ഥമുണ്ടാവാന്‍ പങ്കാളിയെത്തി. മുറിവുകളെല്ലാം ഉണങ്ങിയല്ലോ...

മുറിവുകള്‍ അങ്ങനെയൊന്നും ഉണങ്ങില്ലല്ലോ. നിങ്ങള്‍ ചോദിച്ചപ്പോള്‍ കുറേ കാര്യങ്ങള്‍ ഓര്‍മ വന്നില്ലേ. എന്റെ അമ്മ ഉള്‍പ്പെടെ എന്നോട് മരിക്കാന്‍ പറഞ്ഞിട്ടുണ്ട്. കെട്ടിത്തൂങ്ങി ചത്തൂടേ എന്നുചോദിച്ചവരില്‍ പലരെയും ഞാന്‍ തന്നെ മോര്‍ച്ചറിയിലേക്ക് എടുത്തുകൊണ്ടുപോയിട്ടുണ്ട്. വീടിനു പിറകില്‍ ബാത്‌റൂം അറ്റാച്ച്ഡ് ആയിട്ടുള്ള ഒരു മുറിയിലായിരുന്നു എന്റെ വാസം. ആരുമായും ബന്ധമുണ്ടായിരുന്നില്ല. ആരും എന്നോട് സംസാരിച്ചിരുന്നില്ല. മൃതദേഹമെടുത്ത് വന്നാല്‍ നന്നായി കുളിച്ച് മുറിയില്‍ പോയി ഇരിക്കുകയായിരുന്നു പതിവ്. പല കടക്കാരും കഴിക്കുന്നിടത്തുനിന്നും എഴുന്നേല്‍പിച്ചു വിട്ടിട്ടുണ്ട്. എന്നെ കണ്ടിട്ട് ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയവരുണ്ട്. കുറച്ചുകടക്കാര്‍ എന്നെ മനുഷ്യനായി കണ്ടിട്ടുമുണ്ട്. രോഗാണുക്കളുമായി നടക്കുന്ന ഒരു വ്യക്തിയായിട്ടാണ് ബാക്കിയുള്ളവര്‍ എന്നെ കണ്ടിട്ടുള്ളത്. സീനത്ത് ഹോട്ടലിലെ ഇക്ക ഒരിക്കല്‍ എന്നെ പിടിച്ചിരുത്തി ഭക്ഷണം കഴിപ്പിച്ച സംഭവമുണ്ട്. ഞാന്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു വക്കീല്‍ വന്ന് പ്രശ്‌നമുണ്ടാക്കിയതായിരുന്നു കാരണം. 'വക്കീല്‍ വേറെ പോയി കഴിച്ചോട്ടെ, നീ കഴിച്ചിട്ടേ പോകുന്നുള്ളൂ' എന്നു പറഞ്ഞ് എന്നെ ഇരുത്തി കഴിപ്പിച്ചു. എന്റെ ഭാര്യയെയും മകനെയും കൊണ്ട് പുറത്തുപോയി ഭക്ഷണം കഴിക്കണം എന്നു തോന്നുമ്പോള്‍ ഞാന്‍ സീനത്തിലെ ഇക്കയുടെ അടുത്തേക്കാണ് പോവുക. അവിടെ ഇരിക്കാന്‍ എനിക്ക് ധൈര്യമാണ്. 

ഈ ലോകത്തുനിന്നും ഞാന്‍ എന്ന വ്യക്തി അവസാനിക്കണം എന്നത് ലോകനിയമമാണ്. എനിക്കുവേണ്ടി നിന്നുകരയാന്‍ ഒരാള്‍പോലുമില്ല എന്ന ബോധ്യം നന്നായിട്ടുണ്ട്. അതിനിടയില്‍ ചെയ്യാനുള്ളത് ചെയ്യുക തന്നെ. ഭാര്യയെനിക്ക് ഒരു ജീവിതം തന്നല്ലോ അതുതന്നെ വലിയ കാര്യം. ഞാന്‍ വീണുപോകുന്നതിന് ഒരു ദിവസം മുമ്പെങ്കിലും ശ്മശാനം പ്രവര്‍ത്തിക്കുന്നത് കാണണമെന്ന ആഗ്രഹമുണ്ട്.

(അവസാനിച്ചു)