പതിനഞ്ചാം വയസ്സു മുതല്‍ ആലുവക്കാരന്‍ വിനുവിന്റെ കൈകളിലൂടെ കടന്നുപോയത് ആയിരക്കണക്കിന് മൃതദേഹങ്ങളാണ്. ശവംവാരിയെന്നു വിളിച്ച് ആളുകള്‍ അകറ്റി നിര്‍ത്തുമ്പോഴും വിനു തന്റെ മേഖലയില്‍ കര്‍മനിരതനാണ്. മൃതദേഹങ്ങള്‍ക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ച് വിനു സംസാരിക്കുന്നു.
'നാളെയെന്നല്ല, ഇനിയൊരിക്കലും എന്നെയാരും വിളിക്കാതിരിക്കട്ടെ. ദുര്‍മരണത്തിനിരയായ ശരീരങ്ങള്‍ എടുക്കുന്നതാണെന്റെ ജോലി. ഞാന്‍ ചെല്ലുന്നിടത്ത് കുടുംബം കലങ്ങും. എനിക്ക് പണിയില്ലാതിരിക്കട്ടെ എന്നാണ് എല്ലാ ദിവസത്തെയും പ്രാര്‍ഥന'. പത്രപ്രവര്‍ത്തകന്‍ നിയാസ് കരീം മാതൃഭൂമി ബുക്‌സിനുവേണ്ടി താങ്കളുടെ ജീവിതകഥ 'മരണക്കൂട്ട്; ഒരു ശവംവാരിയുടെ ആത്മകഥ' തയ്യാറാക്കുമ്പോള്‍ താങ്കള്‍ പറഞ്ഞ വാചകങ്ങളാണ് ഇത്. ശവം എന്ന് മൃതദേഹത്തെ വിളിക്കുന്നത് ഇഷ്ടമില്ല എന്നു പറയുമ്പോഴും ശവംവാരി എന്ന് ആളുകള്‍ വിളിക്കുന്നതില്‍ സങ്കടമില്ല എന്നാണ് താങ്കള്‍ പറയുന്നത്. എങ്ങനെയാണ് ഈ ജോലിയിലേക്ക് എത്തിപ്പെട്ടത്?
പതിനഞ്ചാം വയസ്സില്‍ എന്റെ കൂട്ടുകാരന്റെ ശവം പുഴയില്‍ നിന്നും എടുത്തതാണ് എന്റെ ആദ്യത്തെ അനുഭവം. പിന്നീടങ്ങോട്ട് വെള്ളത്തില്‍ വീണതും റെയില്‍വേ ട്രാക്കില്‍ അരഞ്ഞതും തൂങ്ങിക്കിടക്കുന്നതുമായ മൃതദേഹങ്ങള്‍ തന്നെയായിരുന്നു കൂടുതലും ജീവിതത്തിലുണ്ടായിരുന്നത്. ആയിരത്തിലധികം അനാഥമൃതദേഹങ്ങള്‍ മാത്രം പലയിടങ്ങളില്‍ നിന്നായി എടുത്തു പോലീസ് നടപടികള്‍ക്കുശേഷം ഏറ്റെടുത്ത് സംസ്‌കരിച്ചു. മൃതദേഹങ്ങള്‍ക്കൊപ്പമാണ് ജീവിതം.
ആദ്യം എനിക്ക് ഇതേക്കുറിച്ച് അറിവൊന്നുമില്ലായിരുന്നു. എന്റെ സഹപാഠിയായിരുന്ന മിഥുന്‍ പുഴയില്‍ വീണ് മൂന്നാംപക്കമാണ് കിട്ടിയത്. അന്ന് പുഴയില്‍ ഇറങ്ങി അവനെ എടുക്കാന്‍ വന്ന നാലഞ്ചാളുകള്‍, പിന്നീട് അവരെ ഞാന്‍ എന്റെ ആശാന്മാരാക്കി. അവനെ ഒന്നുപിടിക്കാന്‍ പറഞ്ഞതാണ്. കാലുകളിലാണ് പിടിത്തം കിട്ടിയത്. പതുക്കെ വലിച്ചടുപ്പിച്ചപ്പോള്‍ അഴുകിയ തൊലിയെല്ലാം ഇളകിത്തുടങ്ങിയിരുന്നു. ഞാന്‍ എന്റെ കൂട്ടുകാരനെ ചേര്‍ത്തുപിടിച്ചു. അവനെ പോലീസുകാര്‍ പായയില്‍ പൊതിഞ്ഞുകൊണ്ടുപോയി. എന്റെ ഷര്‍ട്ടില്‍ പറ്റിപ്പിടിച്ച, അവന്റെ അഴുകിയ തൊലിയോടെയാണ് ഞാന്‍ സ്‌കൂളില്‍ പോയത്.
അക്കാലത്തൊക്കെ പോലീസുകാരോട് എനിക്ക് ആരാധനയായിരുന്നു. പോലീസുകാര്‍ വളരെ സൗമ്യമായി ഇടപെടുന്ന, പോലീസുകാരോട് പരുക്കനായി പെരുമാറുന്ന ഈ ആശാന്മാരെ കണ്ടപ്പോള്‍ അവരോടായി പിന്നീട് എന്റെ ഇഷ്ടം. സ്‌കൂളില്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയാലും ആശാന്മാരുടെ താവളങ്ങള്‍ തേടിയുള്ള നടത്തമായിരുന്നു. പഠിക്കുമ്പോള്‍ത്തന്നെ അവര്‍ക്കൊപ്പം കൂടി പോലീസുകാര്‍ക്കുവേണ്ടി മൃതദേഹങ്ങള്‍ എടുത്തുതുടങ്ങി. കാലം പോകപ്പോകെ മരണമാണ് സത്യം എന്ന ബോധ്യം വന്നു. എല്ലാവരും എന്തെല്ലാം തേടിപ്പോയാലും ഒടുക്കം മരണമെന്ന സത്യമായി മാറുകയല്ലേ.
അപ്പോള്‍ മരിച്ചവരെ സഹായിക്കലായി മാറി എന്റെ ജോലി. അതോടെ ഞാന്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ശവംവാരിയായി. അറപ്പോടെയും വെറുപ്പോടെയും ആളുകള്‍ അകറ്റിനിര്‍ത്താന്‍ തുടങ്ങി. അതുകൊണ്ടൊക്കെയാണ് ഇങ്ങനെ പറഞ്ഞത്.
പക്ഷേ, പഠിപ്പിച്ച അധ്യാപകന്‍ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞത് തല്‍ക്കാലം ഇക്കാര്യം ആരുമറിയണ്ട എന്നായിരുന്നല്ലോ.
പഠിക്കുന്ന കാലത്ത് ഈ പണിക്ക് ഞാന്‍ പോകുന്നത് എന്റെ ഒരു അധ്യാപകന്‍ കാണാനിടയായി. അദ്ദേഹം താമസിക്കുന്ന വീടിനടുത്ത് തൂങ്ങിമരിച്ചയാളെ എടുക്കുമ്പോഴാണ് അദ്ദേഹം എന്നെ കണ്ടത്. ബോഡിക്ക് കുറച്ചു ദിവസത്തെ പഴക്കമുണ്ടായിരുന്നു. അന്ന് ഇതുപോലത്തെ വാഹനസൗകര്യമൊന്നുമില്ലല്ലോ. പോലീസുകാര്‍ വന്ന് അവരുടെ ജീപ്പില്‍ കൂട്ടിക്കൊണ്ടുപോവുകയാണ് ചെയ്യുക. ജീപ്പില്‍ പോലീസുകാര്‍ക്കിടയില്‍ പ്രതിയെപ്പോലെ ഞാനിരിക്കുന്നത് കണ്ടിട്ട് തെറ്റിദ്ധരിച്ച ആളുകളുമുണ്ട്. പോലീസ് എന്നെ കൊണ്ടുവരുന്നതും ഞാന്‍ ബോഡി ഇറക്കുന്നതുമെല്ലാം എന്റെ അധ്യാപകന്‍ കാണുന്നുണ്ടായിരുന്നു. അദ്ദേഹത്തെ ഞാന്‍ കണ്ടിരുന്നില്ല. സ്‌കൂളില്‍ എത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: 'വിനു, നീ ചെയ്യുന്ന കാര്യമൊക്കെ നല്ലതാണ്. പക്ഷേ, സ്‌കൂളില്‍ ഇക്കാര്യം ആരും ഇപ്പോള്‍ അറിയണ്ട. പുറത്തും ആരും അറിയണ്ട. ഈ വര്‍ഷം കൂടി ഇങ്ങനെ പോകട്ടെ. പത്താം ക്ലാസാണല്ലോ.' അദ്ദേഹം എന്റെ നന്മയ്ക്കുവേണ്ടിയാണ് അങ്ങനെ പറഞ്ഞത്. പക്ഷേ, ഒരാളോട് മറച്ചുവെക്കുമ്പോള്‍ പത്തുപേര്‍ തിരിച്ചറിയുന്ന ജോലിയാണല്ലോ ഞാന്‍ ചെയ്യുന്നത്. ബോഡി എടുക്കുന്നത് കാണാന്‍ വരുന്നവരില്‍ എന്റെ നാട്ടുകാരുമുണ്ടായിരിക്കുമല്ലോ.
വിനുവിന് ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ ഒരു പ്രത്യേക കഴിവുണ്ടെന്ന് പറയുന്നുണ്ടല്ലോ.
കോവിഡ് കാലത്ത് മാസ്‌ക് ഉപയോഗിക്കാതെ ജോലി ചെയ്യാന്‍ എനിക്ക് അനുമതി ലഭിച്ചത് എളുപ്പത്തില്‍ ഗന്ധം തിരിച്ചറിയാന്‍ കഴിയുന്നതുകൊണ്ടായിരുന്നു. ഓരോ മനുഷ്യനും മരിച്ചുകഴിഞ്ഞാല്‍ വ്യത്യസ്ത മണമാണ്. അവയവങ്ങള്‍ അഴുകിയ മണം പലപ്പോഴും മൃതദേഹത്തിന്റെ കാലപ്പഴക്കമറിയാന്‍ സഹായിച്ചിട്ടുണ്ട്. ഇഴജന്തുക്കള്‍ പരിസരത്തെവിടെയെങ്കിലുമുണ്ടെങ്കിലും പെട്ടെന്ന് മണം കിട്ടാറുണ്ട്. ആളുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നേ. ജീവന്‍ പോയാല്‍ പിന്നെ വലിയവര്‍ ചെറിയവര്‍ എന്നൊന്നുമില്ല. ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞാല്‍ പഴകാന്‍ തുടങ്ങും. മൃതദേഹത്തിന് ഒരു മണമുണ്ടെന്നേ. അതുമായി ഇടപെടുന്നവരിലേക്കും ആ മണം പടരില്ലേ. അപ്പോള്‍ മറ്റുള്ളവര്‍ക്ക് അറപ്പും വെറുപ്പുമൊക്കെയുണ്ടാവും.
ജീവിതസാഹചര്യങ്ങള്‍ കൊണ്ടല്ല വിനു ഈ ജോലി തിരഞ്ഞെടുത്തത്.
മറ്റേതൊരു ജോലി തിരഞ്ഞെടുത്താലും നിങ്ങള്‍ ഇങ്ങനെയൊരു ചോദ്യം എന്നോട് ചോദിക്കില്ലായിരുന്നല്ലോ. എന്റെ അച്ഛന് വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടുകൊടുക്കുന്ന കടയായിരുന്നു, അമ്മയ്ക്ക് മീന്‍ വില്പനയായിരുന്നു. അച്ഛനും അമ്മയും കൂലിപ്പണി ചെയ്താണ് എന്നെയും ജ്യേഷ്ഠനെയും വളര്‍ത്തിയത്. ഏതൊരു മാതാപിതാക്കളെയും പോലെ മക്കള്‍ നല്ലനിലയില്‍ ജീവിക്കണമെന്ന് ആഗ്രഹിച്ചവരായിരുന്നു അവര്‍. പക്ഷേ, എന്റെ താല്‍പര്യം ഇതായിരുന്നു. ഒരാള്‍ മരണപ്പെട്ടാല്‍ നമ്മുടെ സമൂഹത്തിലെ അറുപത് ശതമാനം പേരും മൃതദേഹത്തിനരികിലേക്ക് പോകാന്‍ മടിക്കുന്നവരാണ്. ഭയവും അറപ്പും അണുബാധയുമൊക്കെയാണ് മൃതദേഹങ്ങളെ മനുഷ്യരില്‍ നിന്നും അകറ്റിനിര്‍ത്തുന്നത്. അവരെയെല്ലാം മാറ്റാന്‍ നമുക്ക് കഴിയില്ല. നമ്മള്‍ മാറുകയാണ് പോംവഴി. ഞാന്‍ ഈ ജോലി ചെയ്യുന്നതുകൊണ്ട് ആര്‍ക്കും ഒരു ദ്രോഹവുമില്ല. പക്ഷേ, ആരും അങ്ങനെ ചിന്തിച്ചിട്ടില്ല.
ആശാന്മാരെപ്പറ്റി പറഞ്ഞല്ലോ. അവരൊക്കെ ഏതു ജീവിതസാഹചര്യത്തില്‍ നിന്നും വന്നവരായിരുന്നു.
ഞാന്‍ ആദ്യമായി തൊട്ടത് എന്റെ സഹപാഠി മിഥുന്റെ മൃതദേഹമായിരുന്നു എന്നു പറഞ്ഞല്ലോ. അവന്റെ ബോഡി എടുക്കാന്‍ വന്ന നാലഞ്ച് ശവംവാരികളെയായിരുന്നു പിന്നീട് ഞാന്‍ ആശാന്മാര്‍ എന്നുവിളിച്ചിരുന്നത്. അവരായിരുന്നു അത്രയും കാലം അപകടമരണങ്ങള്‍ സംഭവിച്ച ബോഡികളൊക്കെ വെള്ളത്തില്‍ നിന്നും റെയില്‍വേ ട്രാക്കില്‍ നിന്നുമെല്ലാം എടുത്ത് പോലീസിനെ സഹായിച്ചിരുന്നത്. അവര്‍ക്ക് വീടും കുടുംബവുമൊന്നുമില്ലായിരുന്നു. ഉണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പോന്നവരാണ്. ഏതെങ്കിലുമൊരു പാലത്തിന്റെ ചുവട്ടില്‍ ഒന്നിച്ചിരുന്ന് കള്ളുകുടിച്ചും ഭക്ഷണം കഴിച്ചും കഥ പറഞ്ഞും ഒന്നിച്ച് ശവം വാരിയും അവര്‍ ജീവിച്ചുപോന്നു. പ്രായമായപ്പോള്‍ രോഗം വന്ന് മരണപ്പെട്ടു. അവരില്‍ പലരുടെയും മൃതദേഹം ഞാന്‍ തന്നെയാണ് എടുത്ത് സംസ്‌കരിച്ചത്. ആശാന്മാര്‍ എന്നെ ആദ്യമാദ്യമൊന്നും അടുപ്പിക്കില്ലായിരുന്നു. 'സ്‌കൂളില്‍ പോടാ' എന്നുപറഞ്ഞ് ആട്ടിവിടുമായിരുന്നു. പക്ഷേ, അവര്‍ എനിക്ക് കണ്‍കണ്ട ദൈവങ്ങളായിരുന്നു. ആരുംചെയ്യാത്ത ജോലികള്‍ ചെയ്യുന്ന അവരോട് എനിക്ക് ആരാധനയായിരുന്നു. അവരില്‍ പലരും രോഗം വന്ന് പുഴുവരിച്ചാണ് മരിച്ചത്.
മൃതദേഹങ്ങളോട് സംസാരിക്കുന്ന സ്വഭാവം ഉണ്ടെന്ന് ആത്മകഥയില്‍ പറയുന്നുണ്ടല്ലോ.
ബോഡി എടുക്കുമ്പോഴും ശേഷവും പലപ്പോഴും ഞാനും മൃതദേഹവും മാത്രമായിരിക്കും ഉണ്ടാവുക. അപ്പോള്‍ ആ സമയത്ത് പറയാന്‍ തോന്നുന്ന കാര്യങ്ങളെല്ലാം അതിനോട് പറയും. ആള് കേട്ടാലും ഇല്ലെങ്കിലും നമുക്ക് പറയാനുള്ളതെല്ലാം പറയും. അസ്വാഭാവിക മരണങ്ങളില്‍ മിക്കതും ആത്മഹത്യയായിരിക്കും എന്തിന്റെ കേടായിരുന്നു എന്നൊക്കെ മൃതദേഹത്തിനോട് ചോദിച്ചിട്ടുണ്ട്. എന്നോട് മിണ്ടാനും പറയാനും ജീവിച്ചിരിക്കുന്നവര്‍ വരാറില്ലല്ലോ. അപ്പോള്‍ മൃതദേഹങ്ങളോട് സംസാരിക്കും. ഒരു ദിവസം കൊണ്ട് നമ്മള്‍ എല്ലാം മറക്കും. മരിച്ചവനുവേണ്ടി ചെയ്യാന്‍ ഒന്നേയുള്ളൂ, അന്തസ്സായി സംസ്‌കരിക്കുക എന്നത്.
അങ്ങനെയാണോ മുനിസിപ്പാലിറ്റി ശ്മശാനത്തിലെ മൃതദേഹ സംസ്‌കരണടാങ്കില്‍ നിന്നും മൃതദേഹ സുഹൃത്തിനെ കണ്ടെത്തിയത്.
വീട്ടുകാര്‍ അറിയാതെയും നാട്ടുകാര്‍ അറിഞ്ഞും ശവംവാരാന്‍ പോകുന്നത് പതിവായപ്പോള്‍ എനിക്ക് നഷ്ടപ്പെട്ടത് ചുറ്റുമുള്ള വലിയൊരു സമൂഹത്തെയായിരുന്നു. എന്നോട് ആളുകള്‍ മിണ്ടാതായി. കണ്ടാല്‍ വഴിമാറി നടന്നു. മുഖത്ത് നോക്കാതായി. ചിലര്‍ മുഖത്തുതന്നെ തുപ്പിയിട്ടുമുണ്ട്. എന്റെ സഹോദരിയുടെ വിവാഹസദ്യ കഴിക്കാനിരുന്നപ്പോള്‍ അവിടെനിന്നും എന്നെ എഴുന്നേല്‍പിച്ചുവിട്ടിട്ടുണ്ട്. അങ്ങനെ ജീവിതത്തില്‍ ഒരു കൂട്ടുമില്ലാതായപ്പോഴാണ് ഞാന്‍ ആലുവ പൊതുശ്മശാനത്തിലെ മൃതദേഹം അടക്കം ചെയ്യുന്ന ടാങ്കിനു മുകളില്‍ രാത്രികാലങ്ങളില്‍ പോയി ഇരിക്കാന്‍ തുടങ്ങിയത്. ടാങ്കിനകത്ത്
ഒരു സുഹൃത്ത് എന്നെ കേട്ടുകിടക്കുന്നുണ്ട് എന്നെനിക്ക് തോന്നി. ഞാന്‍ തന്നെ അടക്കം ചെയ്ത ഒരു ബോഡിയാണ്. ആണോ പെണ്ണോ എന്നറിയില്ല. അക്കാലങ്ങളില്‍ മൃതദേഹം അടക്കം ചെയ്താല്‍ രാത്രിയില്‍ നായകള്‍ വന്ന് ടാങ്കിന്റെ അരികുവശങ്ങള്‍ മാന്തിയെടുത്ത് ബോഡിയില്‍ നിന്നും മാംസം ഭക്ഷിക്കുമായിരുന്നു. പലപ്പോഴും നാട്ടുകാര്‍ ദുര്‍ഗന്ധം മൂലം പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. ചിലപ്പോള്‍ നായകള്‍ കൂട്ടമായി വന്ന് ബോഡി മാന്തി എല്ലിന്‍ കഷ്ണവും തലയുമൊക്കെ പുറത്തെടുത്തിടും. മൃതദേഹം അടക്കം ചെയ്ത ടാങ്കിനടുത്തുകിടന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുമായിരുന്നു. എനിക്ക് അകത്തുകിടക്കുന്ന ആള്‍ മാത്രമായിരുന്നു ആകെയുണ്ടായിരുന്ന ചങ്ങാതി. ആരോടെങ്കിലും എനിക്കും സംസാരിക്കണ്ടേ?.
അസ്വാഭാവിക മരണങ്ങളാണല്ലോ അധികവും വിനുവിന്റെ കൈകളിലെത്താറ്. ചില മുഖങ്ങള്‍ കാണുമ്പോള്‍ സങ്കടം തോന്നാറുണ്ടോ.
മരണത്തിലെനിക്ക് സങ്കടം തോന്നിയിട്ടില്ല, ആരുടെയും. ഞാന്‍ കണ്ട യഥാര്‍ഥ സത്യം മരണമാണ്. എന്റെ ജ്യേഷ്ഠന്‍, എന്റെ ആദ്യത്തെ ഭാര്യയിലുണ്ടായിരുന്ന മകള്‍... ഇവരൊക്കെ എന്റെ കണ്‍മുന്നില്‍ മരിച്ചുകിടന്നതാണ്. മനസ്സില്‍ ഇന്നും ഓര്‍മയില്‍ നില്‍ക്കുന്നത് റെയില്‍വേ ട്രാക്കില്‍ കിടന്ന ഒരു ഗര്‍ഭിണിയുടെ മൃതദേഹമാണ്. ഗര്‍ഭപാത്രത്തോടെ ഒരു കുഞ്ഞിനെ കിട്ടുന്നത് ആദ്യമായിട്ടായിരുന്നു. പാടയില്‍ പുതഞ്ഞ ജീവനില്ലാത്ത ആ കുഞ്ഞ് കുറച്ചുകാലം മനസ്സിനെ അലട്ടിയിരുന്നു. ആദ്യമായിട്ടായിരുന്നു അത്തരമൊരു അനുഭവം. പരിചയമുള്ളവരില്‍ പലരെയും കയറില്‍ നിന്നും വെള്ളത്തില്‍ നിന്നും വിഷം കഴിച്ചുമൊക്കെ എടുത്തിട്ടുണ്ട്. എന്റെ ആശാന്മാരും ജീവിതത്തില്‍ എന്നെ അകമഴിഞ്ഞു സഹായിച്ച പോലീസുകാരുമൊക്കെ ഇവരില്‍പ്പെടും. ആത്മഹത്യ ചെയ്തവരെയാണ് അധികവും എടുത്തിട്ടുള്ളത്. ദുരൂഹത തോന്നിയാല്‍ അത് സാറന്മാരോട് പറയാറുമുണ്ട്.
സ്വന്തം ശരീരത്തോട് ചേര്‍ത്തുനിര്‍ത്തിയാണ് മൃതദേഹങ്ങളെ എടുക്കാറുള്ളത് എന്ന് വിനു പറയുന്നുണ്ട്.
തോട്ടികൊണ്ടും കയറുകൊണ്ടും കെട്ടിവലിച്ചായിരുന്നു മുനിസിപ്പാലിറ്റിക്കാര്‍ ഇത്തരം മൃതദേഹങ്ങളെടുത്തത്. ജീവിച്ചിരുന്നപ്പോള്‍ മനുഷ്യരായി നടന്നവരല്ലേ ഇവരെല്ലാം. അവരെ പാഴ്ച്ചാക്കുകളായി വലിക്കാനെനിക്ക് താല്‍പര്യമില്ല. ഗ്ലൗസിടാന്‍ തുടങ്ങിയിട്ട് എട്ടൊന്‍പത് വര്‍ഷമായിട്ടേയുള്ളൂ. അതിനുമുമ്പ് നേരിട്ട് കൈകള്‍കൊണ്ട് എടുക്കുകയായിരുന്നു ചെയ്യുക. പോലീസിലെ സാറന്മാര് നിര്‍ബന്ധം പറഞ്ഞപ്പോള്‍ മുതല്‍ ഗ്ലൗസിട്ടുതുടങ്ങിയതാണ്. മൃതദേഹം എടുത്തുകൊടുത്താലും വര്‍ഷങ്ങളോളം നമ്മുടെ പണി അവസാനിക്കുന്നില്ല. സ്ഥലം കാണിക്കാന്‍ പോകണം, മഹസ്സര്‍ എഴുതുമ്പോള്‍ നമ്മുടെ മൊഴി കൊടുക്കണം. അതിനുമുമ്പ് മൃതദേഹം കിടന്ന സ്ഥലം ഒന്നുകൂടി പരിശോധിക്കും. മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞായിരിക്കും ചിലപ്പോള്‍ എന്തെങ്കിലും കേസുകള്‍ വരിക. അപ്പോള്‍ അടക്കം ചെയ്ത മൃതദേഹം റീപോസ്റ്റുമോര്‍ട്ടം നടത്താന്‍ എടുത്തുകൊടുക്കണം. ചിലതെല്ലാം ചുണ്ണാമ്പ് പരുവത്തിലായിട്ടുണ്ടാവും.
ജീവിച്ചിരുന്നപ്പോള്‍ നമുക്കിവരെ കൈകൊണ്ട് തൊടാനോ അടുത്തുനില്‍ക്കാനോ ഒന്നും കഴിഞ്ഞിട്ടുണ്ടാവില്ല. സ്വര്‍ണപാത്രത്തില്‍ ചോറുണ്ണാന്‍ കഴിവുള്ളയൊരാളെ ഞാന്‍ എടുത്തത് മനുഷ്യവിസര്‍ജ്യം ഒഴുകുന്ന കനാലില്‍ നിന്നാണ്. ബോഡി തിരിച്ചറിയാന്‍ കഴിയാത്തവണ്ണം കഷ്ണം കഷ്ണമായിപ്പോയിരുന്നു. മരിച്ചുകഴിഞ്ഞാല്‍പ്പിന്നെ നമ്മുടെ സ്വന്തമാണ്. ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നതുവരെ നമ്മുടെയടുത്താണ്. മൃതദേഹം എടുക്കുമ്പോള്‍ ചിലപ്പോള്‍ ദേഹത്തൊക്കെ മുട്ടും. അതൊക്കെ മൃതദേഹം കണ്ടുകിട്ടുന്ന സാഹചര്യം പോലെയിരിക്കും. രക്തവും അഴുകിയ തൊലിയും മാംസശകലങ്ങളും പുഴുക്കളും ഷര്‍ട്ടിലോ പാന്റ്‌സിലോ പറ്റിപ്പിടിച്ചിരിക്കും. അതൊക്കെ കാണുമ്പോള്‍ മറ്റുള്ളവര്‍ക്ക് അസഹ്യതയായിരിക്കും.
കുഞ്ഞുങ്ങളുടെ ബോഡിയൊക്കെ കിട്ടാറുണ്ടോ.
കുഞ്ഞുങ്ങളുടെ ബോഡിയൊക്കെ ധാരാളം കിട്ടാറുണ്ട്. വിവാഹം കഴിക്കാതെ ഒന്നിച്ചുജീവിക്കുന്ന ഏര്‍പ്പാടില്ലേ, എന്തായിരുന്നു ഇംഗ്ലീഷില്‍ പറയുക? ലിവിങ് റ്റുഗെദര്‍. ആ സംവിധാനം വന്നതില്‍പ്പിന്നെ പൂര്‍ണവളര്‍ച്ചയെത്താത്ത ഗര്‍ഭസ്ഥശിശുക്കള്‍ പതിവായി എന്നുവേണം പറയാന്‍. ആശുപത്രിയില്‍ നിന്നും വിളിവരും. ഒരു ബോക്‌സിലാക്കിയാണ് അവര്‍ തരിക. പലതും മാസം തികയുംമുമ്പേ പ്രസവിച്ചുപോകുന്നതാണ്. സംശയാസ്പദമായ സാഹചര്യത്തിലുള്ളതെല്ലാം പോലീസും ആശുപത്രിയും പൊക്കിയിട്ടുണ്ടാവും. അല്ലാത്തതെല്ലാം ആശുപത്രി അധികൃതരുടെ അറിവോടെ നമ്മള്‍ ഏറ്റെടുക്കും. പ്രസവിച്ചയാളുടെ അച്ഛന്റെയോ അമ്മയുടെയും പൂര്‍ണവിലാസവും വിവരങ്ങളും പെണ്‍കുട്ടിയുടെ ആധാര്‍കാര്‍ഡിന്റെ കോപ്പിയും വരെ വാങ്ങിവെക്കും. ഭാവിയില്‍ ഇതെല്ലാം എപ്പോഴാണ് ആവശ്യം വരിക എന്നു പറയാന്‍ പറ്റില്ല. ഏതെല്ലാം റീപോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടിവരും എന്നറിയില്ല. കുഞ്ഞുങ്ങളുടെ കണക്കെടുക്കാന്‍ നിന്നാല്‍ നിങ്ങള്‍ അന്തംവിട്ടുപോകും.

ശവംവാരിയെന്ന പേര് നാട്ടുകാര്‍ പതിച്ചുതന്നതിനുശേഷം വ്യക്തിജീവിതത്തില്‍ വളരെയധികം സംഘര്‍ഷങ്ങളിലൂടെ കടന്നുപോയ ആളാണ് വിനു. പ്രത്യേകിച്ചും വിവാഹജീവിതത്തില്‍.
ശവംവാരിയാണെന്ന സത്യം മറച്ചുവെച്ചുകൊണ്ടായിരുന്നു ഞാന്‍ ആദ്യം വിവാഹം കഴിച്ചത്. ആംബുലന്‍സ് ഡ്രൈവറാണെന്നായിരുന്നു പറഞ്ഞത്. എനിക്കു വരുന്ന എല്ലാ വിവാഹാലോചനകളും നാട്ടുകാര്‍ മതിയായ കാരണങ്ങള്‍ പറഞ്ഞ് മുടക്കിയിരുന്നു. ആറുവര്‍ഷത്തോളം എന്റെ ജോലിയെക്കുറിച്ച് അറിഞ്ഞും അറിയാതെയും ആദ്യബന്ധം മുന്നോട്ടുപോയി. ഞങ്ങള്‍ക്ക് ഒരു മകളുണ്ടായി. കുഞ്ഞ് പെട്ടെന്ന് മരിച്ചുപോയി. ഭാര്യയുടെ നാട്ടിലും ഞാന്‍ പോലീസുകാര്‍ക്കൊപ്പം ശവംവാരാന്‍ പോയിരുന്നു. ആളുകള്‍ പറയുന്നതുകേട്ട് അവര്‍ എന്നോട് സത്യമന്വേഷിച്ചപ്പോഴൊക്കെ ഞാന്‍ ഒഴിഞ്ഞുമാറി. പിന്നെയൊരിക്കല്‍ അവര്‍ നേരില്‍ കണ്ടു. അന്ന് എനിക്ക് രണ്ട് ഓപ്ഷന്‍ തന്നു. ഒന്നുകില്‍ അവര്‍ക്കൊപ്പം ജീവിക്കാം, പക്ഷേ വേറെ ജോലി നോക്കണം, അല്ലെങ്കില്‍ അവര്‍ മാറിത്തരാം, ഈ ജോലിയില്‍ തുടരാം. ഞാന്‍ രണ്ടാമത്തെ ഓപ്ഷനാണ് തിരഞ്ഞെടുത്തത്. എത്ര സത്യം ചെയ്താലും വേറെ ഏതുജോലി നോക്കിയാലും ഞാന്‍ തിരികെ ഇതില്‍ത്തന്നെ എത്തുമെന്ന് എനിക്കറിയാമായിരുന്നു. ഭാര്യയെ എന്നില്‍ നിന്നും മോചിതയാക്കി അവരുടെ ഇഷ്ടത്തിനുവിട്ടു. അവര്‍ സമാധാനമായി ജീവിക്കുന്നു.
രണ്ടാമത്തെയാള്‍ ഞാന്‍ ചെയ്യുന്ന ജോലി കണ്ട് ഇഷ്ടപ്പെട്ട് ഒന്നിച്ചുജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇങ്ങോട്ട് പറഞ്ഞതാണ്. അവരുടെ പള്ളിയ്ക്കടുത്ത് മൃതദേഹമെടുക്കാന്‍ പോയപ്പോള്‍ കണ്ടിരുന്നത്രേ. എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ജീവിതകഥകളൊക്കെ പറഞ്ഞു ബോധ്യപ്പെടുത്തി. പ്രേമിച്ചുനടക്കാന്‍ പറ്റില്ലെന്നു പറഞ്ഞു. ഇഷ്ടമാണേല്‍ വിവാഹം കഴിക്കാം. ഒന്നിച്ചുജീവിക്കാം. ഞാന്‍ വീട്ടില്‍ വരുന്ന സമയമോ പോകുന്ന സമയമോ എന്റെ ജോലിയുടെ രീതിയോ ഒന്നും ഉള്‍ക്കൊള്ളാതെ ജീവിതത്തിലേക്കുവന്നാല്‍ പരാജയമായിരിക്കും എന്നെനിക്ക് ഉറപ്പായിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: മരിച്ചാല്‍ രണ്ടുപേര്‍ എടുത്തിട്ടുവേണമല്ലോ കുഴിയില്‍ വെക്കാന്‍. അതില്‍ ഒരാള്‍ ആ പണി അറിയുന്നയാള്‍ തന്നെയായിക്കോട്ടെ. ഒരുദിവസം അമ്മയോടും അച്ഛനോടും പറഞ്ഞു: ഒരു കല്യാണം കഴിക്കുകയാണ്. ഇന്നുവരുമ്പോള്‍ കൂടെ ആളുണ്ടാവും. അവര്‍ക്ക് ആരായാലും സ്വീകാര്യമായിരുന്നു. എന്നോടൊപ്പം ജീവിക്കാന്‍ തയ്യാറാവുന്ന ഒരു പെണ്‍കുട്ടി മാത്രമായിരുന്നു അവരുടെ ആകെയുള്ള ആഗ്രഹം. ബാക്കിയെല്ലാ പ്രതീക്ഷയും ഞാനായിട്ടുതന്നെ കെടുത്തിക്കളഞ്ഞിരുന്നല്ലോ. ഇപ്പോള്‍ ഞങ്ങള്‍ക്കൊരു മകന്‍ കൂടിയായി. ഒറ്റയ്ക്കുപോകുമ്പോള്‍ ഞാന്‍ ആരുടെയും മുഖത്തേക്ക് നോക്കാറില്ല. നോക്കിയാല്‍ ആരും ചിരിക്കാറുമില്ല. മാഷ് എന്നാണ് ഞാന്‍ ഭാര്യയെ വിളിക്കാറ്. മാഷിനൊപ്പം പോകുമ്പോള്‍ എനിക്ക് സമൂഹത്തെ അഭിമുഖീകരിക്കാന്‍ ഒരു ധൈര്യമാണ്. ഞങ്ങള്‍ വളരെ അപൂര്‍വമായേ പുറത്തുപോകാറുള്ളൂ. ഒന്നിച്ചിരുന്ന് കഴിക്കുന്ന നേരമായിരിക്കും ഫോണ്‍ വരിക. പിന്നെ എല്ലാം മതിയാക്കി പോകും. ഞങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന സമയം തന്നെ വളരെ അപൂര്‍വമാണ്.
(തുടരും)
Content Highlights: interview with mortician vinu p author of the book maranakkoottu mathrubhumi books
Published: 12 Sept 2024, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented