കടന്നുപോകുകതന്നെയാണ് ഞാൻ! പെസഹാ = പാസോവർ, അല്ലേ? / ലില്ലി ചെറിയാൻ (ഓൺലൈൻ സ്നേഹിത, എൻ്റെ കോവിഡ് വെബ്സൈറ്റുകളിൽ ഒരു ലേഖിക) ഒരിക്കൽ പറഞ്ഞിരുന്നു: "ഇത്രയും മെഴുകുതിരികൾ വേറൊരാളുടെ എഴുത്തിൽ കണ്ടിട്ടില്ല. കതീഡ്രലുകളിലെ വിവാഹം, വധുവിൻ്റെ ശിരോവസ്ത്രം, വധു പിന്നിലേക്കെറിയുന്ന പൂച്ചെണ്ട്, അപ്പവും വീഞ്ഞും, ശവപ്പെട്ടി, പള്ളിമണി… ഇത്രമേൽ ക്രിസ്തീയ ബിംബങ്ങളും ആചാരങ്ങളും നിങ്ങളുടെ എഴുത്തിൽ നിറഞ്ഞതെങ്ങനെ, മേതിൽ?"/എനിക്കറിയില്ല. ഞാൻ മറ്റൊരു ചോദ്യത്തിന് മറുപടി തേടുകയായിരുന്നു.
"പോയ ഡിസംബറിൽ, ഈ പംക്തിയിൽ, ഈസ്റ്റർ അകലെയാണെന്ന് മേതിൽ എഴുതിയിരുന്നു. ഇതിൻ്റെ പൊരുളെന്ത്? പിടികിട്ടിയില്ല. അത്രയും വെമ്പലോടെ കാത്തിരിക്കുന്നുണ്ടോ? പെസഹാ വ്യാഴവും ദുഃഖവെള്ളിയും ദുഃഖശനിയുമെല്ലാം എവ്വിധവും കടന്നുപോയിക്കിട്ടാൻ? അതോ, ഓരോ ദിവസത്തിലൂടെയും നിങ്ങൾ ഹോളി വീക്കിൻ്റെ അനുഭവങ്ങളിലേക്ക് കടക്കുകയാണോ?" .
ഈസ്റ്റർ അകലെയാണ് (07). ഓർക്കുന്നുണ്ട്, ഞാൻ ഇങ്ങനെ എഴുതിയിരുന്നു. അതാകട്ടെ ഒരേസമയത്ത് എൻ്റെയും ഡാലിയയുടെയും ബാധകളെക്കുറിച്ചുള്ള ഉണർവ്വിലായിരുന്നു. ഉയിർത്തെഴുന്നേൽപ്പ് എന്ന വിവക്ഷയിൽ എനിക്കൊരു ഈസ്റ്റർ ഇല്ല. എൻ്റെ ഗതി ഇടയിൽ വെച്ച് ദുഃഖശനിയിൽ ഒടുങ്ങും.
ലില്ലി എന്തുകൊണ്ട് ദുഃഖശനിയുടെ പേരെടുത്തു പറഞ്ഞെന്നോർത്ത് ആശ്ചര്യപ്പെടാൻ ഞാൻ മറന്നിരിക്കണം. ദുഃഖവെള്ളി പോലെ പ്രശസ്തമല്ല ഈ ദിവസം. വിശുദ്ധവാരത്തിൻ്റെ ഒരു അവിഭാജ്യ ഉള്ളടക്കമെങ്കിലും, ആരും ഈ ദിവസത്തെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കില്ലെന്ന് പറയാം. യേശുവിൻ്റെ ശരീരം കല്ലറയിൽ കിടന്ന നാളാണത്. / പിറ്റേന്നത്തെ ഈസ്റ്ററിലേക്ക് എല്ലാവരും ഉറ്റുനോക്കുന്നു. ഡാലിയയുടെ ഉയിർത്തെഴുന്നേൽപ്പ് പലരുടെയും ഏറ്റവും തീവ്രമായ ആവശ്യമാണ്— ധ്യാനത്തിൻ്റെ ഉന്നം, 'ബുൾസ്-ഐ'.
ഇവിടെ സന്ദേഹങ്ങൾ നിഴലിക്കുന്നു (സംശയിക്കുന്ന തോമസ്?). എങ്ങനെയാണ് ഞാൻ പെസഹാ വ്യാഴത്തിലും ഈസ്റ്ററിലുമെല്ലാം കൂടിക്കലർന്നത്?
എഴുത്തിൽ മാത്രമാണ് അന്ത്യംവരെ മനസ്സിൽ കാണാൻ ഞാൻ ശാഠ്യപൂർവ്വം വിസമ്മതിക്കുന്നത് (കഥ സ്വയം അന്ത്യം കണ്ടെത്തണം). മനസ്സിൽ ഈ പംക്തി ആരംഭിക്കുമ്പോൾ രണ്ടു വ്യക്തികൾ മാത്രമേ ഒറ്റ എടുപ്പിൽ ഇതിവൃത്തത്തിൻ്റെ അന്തരീക്ഷത്തിൽ ഉണ്ടായിരുന്നുള്ളൂ. ഒരു പെൺകുട്ടിയും, ഞാനും (01). ഈ പെൺകുട്ടി വെറുമൊരു കഥാപാത്രം അല്ല. എൻ്റെ ദിനവൃത്താന്ത പുസ്തകത്തിനു പുറത്ത് അവൾ സ്വതന്ത്രമായി അവളുടെ സ്വന്തം ജീവിതം ജീവിക്കുന്നു; ഈ ക്രിയയുടെ ഭാഗമായി പലരും പലതും അവളോടൊപ്പം ഇവിടെ എത്തുന്നു, വൃത്താന്തഭാഗങ്ങളാകുന്നു.
പക്ഷേ, ലില്ലിയുടെ ചോദ്യം ഇല്ലായിരുന്നെങ്കിൽപ്പോലും പെസഹാ വ്യാഴാഴ്ച അനിവാര്യമായിത്തന്നെ ഈ വർഷത്തിൽ എൻ്റെ കലൻഡറിലെ ഒരു കള്ളിയിൽ, തെളിയുമായിരുന്നു— ഈ പംക്തിയിലെ ഏതോ ഒരു വേളയിൽ, JESUS LOVES YOU എന്നെഴുതിക്കാണിച്ച പലക പോലെ! ഇവിടെയൊരു വ്യതിയാനം.
ഗൺ ഹൗസ്: എട്ട് വയസ്സായൊരു പെൺകുട്ടി
ഒരു ഉല്ലാസയാത്രയുടെ ഭാഗമായി മൂന്നു ദിവസം മൈസൂറിൽ താമസിക്കാൻ എത്തിയൊരു കുടുംബം. അമ്മ, അച്ഛൻ, എട്ടു വയസ്സായൊരു മകൾ. താമസത്തിന് തിരഞ്ഞെടുത്ത ഹോറ്റെലിൽ എത്തിയ ദിവസം തന്നെ റിസെപ്ഷൻ സ്റ്റാഫുമായി മകൾ സൗഹൃദം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ഓരോരോ സ്ഥലസന്ദർശനങ്ങൾക്കു ശേഷം ഡാഡിയും മമ്മിയും മുറിയിൽ വിശ്രമിക്കുമ്പോൾ ഇവൾ ചുവട്ടിൽ റിസെപ്ഷൻ ഡെസ്കിൻ്റെ ചുറ്റുവട്ടത്തുണ്ടാകും
"എന്തൊരു കുട്ടി!" ഡെസ്കിനു പിന്നിലെ ചെറുപ്പക്കാരൻ അടുത്തു നിൽക്കുന്ന ചെറുപ്പക്കാരിയോട് പറഞ്ഞു. / രണ്ടാമത്തെ ദിവസമാണ് കുട്ടിയുടെ കുടുംബം ടിപ്പു സുൽത്താൻ്റെ വേനൽക്കൊട്ടാരം കാണാൻ പോകുന്നത്. കുട്ടിയുടെ അച്ഛൻ റിസെപ്ഷനിൽ മുറിയുടെ താക്കോൽ ഏൽപ്പിക്കുമ്പോൾ അവിടെ നിൽക്കുന്ന ചെറുപ്പക്കാരി കുട്ടിയുടെ അമ്മയോട് പറഞ്ഞു, "എത്ര ഭംഗിയുള്ളതാണ് നിങ്ങളുടെ മകളുടെ തലമുടി, മാം!"
അച്ഛൻ പറയുന്നു, "ആഫ്രിക്ക സന്ദർശിച്ചപ്പോൾ ഞാൻ പഠിച്ചൊരു മന്ത്രത്തിൻ്റെ ശക്തിയാണിത്." / "ശരിക്കും, സർ?" / അച്ഛൻ ചിരിക്കുന്നു. "ഓ, അല്ല, അല്ല! ഞാൻ ഒരു തമാശ പറയാൻ ശ്രമിച്ചതാണ്." / സ്പ്രിങ് പോലെ ചുരുണ്ടത്, കിൻകി … കുട്ടിയുടെ തലമുടി ഇങ്ങനെയൊക്കെയാണ്. ഇന്ത്യയിൽ സാധാരണമല്ല.
ഒന്നാമത്തെ ദിവസം തന്നെ കുടുംബം നഗരത്തിൽ ''ഗൺ ഹൗസ്' എന്ന അചിന്ത്യമായ പേരുള്ള റെസ്റ്ററാൻറ്റ് കണ്ടെത്തിക്കഴിഞ്ഞിരുന്നു. അവിടത്തെ ആഹാരവും അന്തരീക്ഷവും ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, മൂന്നാമത്തെ ദിവസമാണ് ഗൈഡുകളോടെല്ലാം യാത്രപറഞ്ഞ്, തിടുക്കമില്ലാത്തൊരു അത്താഴത്തിനായി അവിടെ കയറാൻ സമയം കിട്ടിയത്.
സന്ധ്യ. പശ്ചാത്തലത്തിൽ ബാൻഡ് സംഗീതം. ഉച്ചത്തിൽ അല്ല. ചടുലമെങ്കിലും ചലനത്തിലെ സൂക്ഷ്മങ്ങൾ ആരുടെയും ദൃഷ്ടിയിൽപ്പെടുന്നൊരു നൃത്തത്തിന് സ്വാഗതം. മകളുടെ കൈകൾ പതുക്കെ വളവുകളെടുത്ത് ചലിക്കുന്നത് അച്ഛന് കാണാം. ഏകദേശം അവർ ഇരിക്കുന്നേടത്തിന്നടുത്തുനിന്ന് തുടങ്ങുന്നതും പല തീന്മേശകൾക്കിടയിൽ വൃത്തത്തിൽ തുറന്നു കിടക്കുന്നതുമായ ഇടം നൃത്തം ചെയ്യാനുള്ളതാണോ? ആയിരിക്കണം.
വേറ്റർ വന്നു, മേശപ്പുറത്ത് ഗ്ളാസുകൾ നിരത്തി. വെള്ളം. അമ്മയും മകളും അന്യോന്യം ചേർന്നിരുന്ന് മെൻയൂവിലൂടെ വിരലോടിക്കുന്നു. വേറ്റർ പതുക്കെ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോളാണ് റെസ്റ്ററാൻറ്റിൻ്റെ വാതിൽ തുറന്ന് മൂന്നു നാലു ചെറുപ്പക്കാർ അകത്തേക്ക് കടക്കുന്നത്. അവർ ചുറ്റും നോക്കുന്നു. വേറ്റർ , അവരെ തിരിച്ചറിയുന്നു, ഒരു മൂലയിലേക്ക് വിരൽ ചൂണ്ടുന്നു. ചുറ്റും ആരും ഇല്ലാത്തൊരു വട്ടമേശ അവിടെയുണ്ട്.
എട്ടു വയസ്സുള്ള കുട്ടിയും അമ്മയും ഇതൊന്നും ശ്രദ്ധിക്കുന്നില്ല. അച്ഛൻ ശ്രദ്ധിക്കുന്നുണ്ട്. അദ്ദേഹം അവരിൽനിന്ന് ഒരു ഉത്തരം പ്രതീക്ഷിക്കുന്നു: താൻ നൃത്തത്തറയെന്ന് സങ്കൽപ്പിച്ച വൃത്തം എന്ത്? പയ്യന്മാർ എനർജി ഡ്രിങ്കുകളാണ് കഴിക്കുന്നതെന്ന് അദ്ദേഹത്തിന് തിരിച്ചറിയാം./ അന്തരീക്ഷത്തിലെ സംഗീതം ഒരല്പം കൂടി ദ്രുതതാളത്തിലായപ്പോൾ അവർ പെട്ടെന്ന് എഴുന്നേൽക്കുന്നു — ഉത്തരം? കുട്ടിയുടെ അച്ഛൻ അവരെ ഉറ്റുനോക്കുന്നു: ഒഴിഞ്ഞു കിടക്കുന്ന ഭാഗത്ത് അവർ എത്തുന്നു, നൃത്തം ചെയ്യുന്നു.
കുട്ടിയുടെ അമ്മ അല്പം ഉറക്കെ "മോളേ!" എന്ന് വിളിക്കുന്നതു കേട്ടപ്പോൾ അച്ഛൻ്റെ ശ്രദ്ധ പതറുന്നു. എതിർവശത്തുള്ള കസാലയിൽ ഇപ്പോൾ മകൾ ഇല്ല. അമ്മ മുഖമുയർത്തി ആംഗ്യം കാണിക്കുന്നു. അച്ഛൻ്റെ കൺകോണിനപ്പുറത്ത്, മകൾ നൃത്തത്തറയിൽ! പക്ഷേ, ചെറുപ്പക്കാർക്ക് ഒപ്പമല്ല. ആവുന്നത്രയും അകന്നു മാറി, വൃത്തത്തിൻ്റെ ഒരു വക്കിൽ അവൾ ഒറ്റക്ക് നൃത്തം ചെയ്യുന്നു — ഈ ലോകത്തിൽ അവളുടേതു മാത്രമായൊരു നൃത്തം.
ഒരു ചെറുപ്പക്കാരൻ കുട്ടിയെ കാണുന്നു, ശ്രദ്ധിക്കുന്നു, നൃത്തം നിർത്തുന്നു. രണ്ടാമതൊരു ചെറുപ്പക്കാരൻ ശ്രദ്ധിക്കുന്നു. അവനും നൃത്തം നിർത്തുന്നു. കുട്ടിയുടെ അച്ഛൻ ശ്രദ്ധിക്കുന്നു: എല്ലാവരും നൃത്തം നിർത്തിയിരിക്കുന്നു. കുട്ടിയുടെ നൃത്തത്തിലെ ചലനശൈലി അവരെ അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോൾ മുഖങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി അടുപ്പിച്ച് അവർ വളരെ വിശേഷപ്പെട്ടൊരു വിനിമയത്തിലാണ്.
ഉറുമ്പുകളുടെ വിനിമയം പോലെയാണതെന്ന് കുട്ടിയുടെ അഛ്ചൻ വിചാരിക്കുന്നു. ഇതിൽ അന്തസ്സുണ്ട്; ഓ, അതെ, തീർച്ചയായും. / പെട്ടെന്നാണ് കൂട്ടത്തിൽ രണ്ട് ചെറുപ്പക്കാർ കുട്ടിയുടെ അമ്മയച്ഛന്മാരെ സമീപിച്ചത്. വളരെ മര്യാദയും സങ്കോചവുമുള്ള സ്വരത്തിൽ അവർ ചോദിച്ചു, "അങ്കിൾ, ആൻറ്റി, ഞങ്ങൾ നിങ്ങളുടെ മകളോടൊപ്പം നൃത്തം ചെയ്തോട്ടെ?" / "ഹാ, കുട്ടികളേ! അവളല്ലേ സമ്മതിക്കേണ്ടത്? നിങ്ങൾക്ക് അവളോട് നേരിട്ട് ചോദിക്കാം."
മകൾ സമ്മതിച്ചു. നിർദ്ദേശം: "വരട്ടെ, അടുത്ത പാട്ട് തുടങ്ങട്ടെ. നിങ്ങൾ എനിക്കെതിരെ ഒരു നിരയായി നിൽക്കണം." അവളത് വായുവിൽ വരക്കുന്നു. അച്ചടിയിൽ ഒരു ബ്രാക്കറ്റിൻ്റെ ആകൃതി. / "ഓക്കെ, സിസ്!" / മകൾക്ക് ഇത്ര പെട്ടെന്നിങ്ങനെ ഒരു കൂട്ടത്തോടൊപ്പം ചാടിപ്പുറപ്പെടാൻ തോന്നിയതിലെ അവാസ്തവികതയിലാണ് അമ്മ. ഒരു സലെബ്രിറ്റിയോടോപ്പമെന്നതു പോലെയല്ലേ ഈ ചെറുപ്പക്കാർ നൃത്തം ചെയ്യുന്നത്! കുട്ടി ഒരു ആൺകുട്ടിയായിരുന്നെങ്കിൽ ഇവർ കുട്ടിയെ പൊക്കിയെടുത്ത് മുകളിലേക്ക് ഉയർത്തുമായിരുന്നില്ലേ!
നൃത്തം നിലച്ചപ്പോൾ കുട്ടിയുടെ കുടുംബമിരിക്കുന്ന കസാലകൾക്ക് ചുറ്റും വലയമിട്ട് ആ ചെറുപ്പക്കാർ നിന്നു. പ്രശംസ. പ്രശംസ. പ്രശംസ... ഒടുവിൽ 'ഗുഡ് നൈറ്റ്' പറഞ്ഞ് അകന്നു പോകുമ്പോൾ കൂട്ടത്തിലൊരാൾ എന്തോ മറന്നതു പോലെ പെട്ടെന്ന് മേശക്കരികിലേക്ക് തിരിച്ചു വന്ന് കുട്ടിയോട് ചോദിച്ചു: "പേരെന്താണ്, ലിറ്റൽ സിസ്? / കുട്ടി മന്ത്രിച്ചു, "ഡാലിയ."
പ്രസക്തദിനം: ഇന്ന് നൃത്തം ചെയ്യുന്നതാരാവും?
എട്ടാമത്തെ വയസ്സിൽ ഗൺ ഹൗസിലെ നൃത്തമായിരുന്നു വീട്ടിനു പുറത്ത് ഡാലിയയുടെ ആദ്യത്തെയും അവസാനത്തെയും നൃത്തം (ഇപ്പോൾ മൈസൂരു ആയ മൈസൂറിൽ ഗൺ ഹൗസ് ഉണ്ടോ!). ഡാലിയ ഒരിക്കലും എവിടന്നും നൃത്തം അഭ്യസിച്ചിട്ടില്ല. ഒരിക്കലും സ്കൂൾ/കോളെജ് കലാപരിപാടികളിൽ അവൾ നൃത്തം ചെയ്തിട്ടുമില്ല. പക്ഷേ അവൾ നൃത്തം തുടർന്നിരുന്നു —ശരീരവും മനസ്സും പോലെ സ്വകാര്യമായൊരു അന്തരീക്ഷത്തിൽ.
ഒരു പക്ഷേ ജന്മസിദ്ധമായ അന്തർമുഖത്വത്തിനും ഒരു പ(ർ)ഫോമിങ് ആർറ്റിസ്റ്റിൻ്റെ ജീവിതശൈലിക്കും ഇടയിലെ സംഘർഷം വളരെ ചെറിയ പ്രായത്തിൽ ഡാലിയ തിരിച്ചറിഞ്ഞിരിക്കണം. പിൽക്കാലത്ത്, ഓൺലൈനിലെ മണിക്കൂറുകൾ കൂടുതൽക്കൂടുതലാവാൻ തുടങ്ങിയപ്പോൾ, ഇടക്കിടെയുള്ള നൃത്തം വളരെ സ്വാഭാവികമായൊരു പരിണാമത്തിൽ ഡാലിയക്ക് ഏറ്റവും ഇഷ്ടവും സൗകര്യവുമുള്ള വ്യായാമമായിത്തീർന്നു.
'ഗൺ ഹൗസ്' പുരാവൃത്തം ഈ കുറിപ്പിൽ എത്തിയതിനു കാരണം ലില്ലി അല്ല, പോള് ജെ. കാരത്ത് എന്ന വായനക്കാരനാണ്. 'ജീസസ് എത്രാമത്തെ നിലയിലാണ്' (03) എന്ന ലേഖനം വായിക്കുമ്പോൾ പോൾ ആന്തരീകരിച്ചത് ഒരു ഹോസ്പിറ്റലിൽ ഡാലിയ യേശുവെ കണ്ടതിൻ്റെ ഹർഷം മാത്രം. പക്ഷേ എനിക്കെഴുതിയ കത്തിൽ, ഏറെ ആർദ്രമായ മനസ്സോടെ പോൾ ആശംസിച്ചു: പെസഹാ പെരുന്നാളിൽ ഡാലിയ നൃത്തം ചെയ്യും.
പെസഹാ എത്തിക്കഴിഞ്ഞു, പോൾ! പക്ഷേ ഈ ദിവസങ്ങളിൽ ഡാലിയക്ക് നൃത്തം ചെയ്യാൻ കഴിയില്ല. അഥവാ, കഴിയുമായിരുന്നെങ്കിൽപ്പോലും എന്തു തരം നൃത്തമാവും അവളിൽനിന്ന് നാം പ്രതീക്ഷിക്കുക?
ആവേശത്തിൽ, വിശുദ്ധവാരത്തിൽ ഉടനീളമായുള്ള ആശംസകളെല്ലാം ഒറ്റയടിക്ക് 'പാക്ക്' ചെയ്തുകൊണ്ടാണ് പോൾ തൻ്റെ സന്ദേശം അയച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. ഡാലിയ 'എഗ് ഡാൻസ്' ചെയ്യും (04).എന്നാണ് പോൾ പറഞ്ഞത്. 'എഗ് ഡാൻസ്' (മുട്ടനൃത്തം) ഒരു ഈസ്റ്റർ വിനോദമാണ്! എങ്കിൽ, പെസഹാ ദിനത്തിന് പ്രത്യേകമായൊരു നൃത്തമുണ്ടോ?
സമകാലിക പ്രവണതകൾ അന്വേഷിക്കാൻ സമയം കിട്ടിയിട്ടില്ല. പക്ഷേ ഫ്ളോറൻസ് ഫ്രീഹോൾഡ് നൃത്തത്തെക്കുറിച്ചെഴുതിയൊരു പുസ്തകം ഞാൻ ഓർക്കുന്നു. വായിച്ചത് 1970കളിൽ. ഇപ്പോൾ എൻ്റെ മനസ്സിലെ സന്ദർഭത്തിൽ അതൊരു പുതിയ പ്രസക്തി ഉൾക്കൊള്ളുന്നുണ്ടെന്ന് തോന്നുന്നു.
വിമോചകമായ 'പുറപ്പാട്' (Exodus) വെറും ഭാവിയായിരിക്കേ, ഒരു സമൂഹം നേരിട്ടിരുന്ന അടിമത്തത്തിൻ്റെ കാലഘട്ടത്തിൽ പെസഹാ നൃത്തരൂപങ്ങൾ ഏറെ വ്യത്യസ്തമായിരുന്നിരിക്കണം. നാം ഇന്നറിയുന്ന 'പാസോവർ' ഹീബ്രൂ ഭാഷയിൽ 'പേയ്സാക്ക്' (Pesach) ആണെന്ന് കാണുന്നു — നൊണ്ടൽ, മുടന്തൽ എന്നെല്ലാം സൂചന. ചുവടുകൾ വിവരിച്ച് ഫ്ളോറൻസ് അവതരിപ്പിക്കുന്നൊരു നൃത്തത്തിൽ, വലത്തേ കാൽമുട്ട് മടക്കലിലൂടെ നർത്തകർ മനഃപൂർവ്വം സാധ്യമാക്കുന്ന മുടന്തൽ പ്രകടമാണ്.
പ്രത്യാശാരാഹിത്യത്തിലും ആശ്രിതത്വത്തിലും ജീവിക്കുന്നവർക്ക് തികച്ചും ഉചിതമാണ് ഈ പേയ്സാക്ക് നൃത്തം. സാരം: ഇവരുടെ കാര്യത്തിൽ ദൈവം ഒരു അവസാനതീർപ്പിൽ എത്തിയിട്ടില്ല. കീമോതെറപി പൂർത്തിയായതിനു ശേഷം ചില റ്റെസ്റ്റുകളെ നേരിടുന്ന ഡാലിയയുടെ കാര്യത്തിൽ ഡോക്റ്റർമാർ ഒരു അവസാനതീർപ്പിൽ എത്തിയിട്ടില്ല. ഈസ്റ്റർ അകലെയാണ്.
P.S. ഞാൻ മുകളിൽ എഴുതിയ ചില വരികൾ ഡാലിയ വായുവിൽനിന്ന് പിടിച്ചെടുത്ത പ്രതീതി. മുട്ട (egg) ഇല്ലെങ്കിൽ വഴുതന (eggplant) എന്നൊരു ന്യായം അവൾക്കായി ഞാൻ ഇവിടെ സൃഷ്ടിക്കട്ടെ. സൂസനെ വിളിച്ച് ഡാലിയയുടെ അച്ഛൻ അറിയിക്കുന്നു: "ഡാലിയ ഇപ്പോൾ അടുക്കളയിൽ കടന്ന് 'എഗ് പ്ലാൻറ്റ് പാമജാന' ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. വർഷങ്ങൾക്കു മുൻപാണ് അവൾ ഈ ഡിഷ് അവസാനമായി ഉണ്ടാക്കിയത്!"
Content Highlights: maythil radhakrishnan athmakadha avathe njan column pesaha feast maundy thursday
Published: 28 Mar 2024, 01:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented