ലോകപനിനീര്‍പ്പൂദിനമായിരുന്നു ഫെബ്രുവരി 7. അതോടൊപ്പം ഓര്‍മ്മ വരുന്നത് മഹാകവി കുമാരനാശാന്റെ ഒരു കല്പനയാണ്;' പനിനീര്‍ സുമോപമം'. കണ്ണീരണിഞ്ഞ മുഖവുവായി ദിവാകരന്റെ മുന്നില്‍ നില്‍ക്കുകയാണ് നളിനി -
'ധീരനായ യതി നോക്കി തന്വി തന്‍
ഭൂരിബാഷ്പപരിപാടലം മുഖം
പൂരിതാഭയൊടുഷസ്സില്‍ മഞ്ഞു തന്‍
ധാരയാര്‍ന്ന പനിനീര്‍ സുമോപമം'.

To advertise here,
placeholder
കുമാരനാശാന്‍

ഒമര്‍ ഖയ്യാമിന്റെ ലോകം പനിനീര്‍പ്പൂക്കളുടെ കൂടി ലോകമാണ്. അഞ്ചാമതു റുബായിയുടെ തുടക്കവരിയില്‍ത്തന്നെ ഖയ്യാം എഴുതുന്നു -
'Iram indeed is gone with all his Rose'.
ഒരു നഷ്ടനഗരമാണ് ഇറാം. അത് മണ്ണടിഞ്ഞു. ഒപ്പം അവിടത്തെ പനിനീര്‍പ്പൂക്കളും. ഖയ്യാമിന്റെ രാക്കുയില്‍ പനിനീര്‍പ്പൂവിനോട് 'പെഹ്ലവി'ഭാഷയില്‍ മൊഴിയുന്നതിങ്ങനെ -
'തുടുതുടുത്ത വീഞ്ഞിനാല്‍
തുടുപ്പിയറ്റുക,
നിന്റെ വിളര്‍ത്ത
കവിളിന്'.

'അവിടെപ്പനിനീര്‍ പൂക്കള്‍
വിരിച്ചിട്ടോരു മെത്തയില്‍
മരുവുന്നൂ തേച്ച വജ്ര -
മണി പോലൊരു മന്നവന്‍'.

വൈലോപ്പിള്ളിയുടെ 'ആയിരത്തൊന്നു രാവുകള്‍' എന്ന കവിതയിലെ വരികളാണ്. 'പനിനീര്‍പ്പൂക്കള്‍ പോലെയുള്ള സുന്ദരികള്‍ വിരിച്ചിട്ടതെന്നു വ്യംഗ്യം' എന്ന് കവി അടിക്കുറിപ്പില്‍.

placeholder
വൈലോപ്പിള്ളി

'പനിനീര്‍പ്പൂ'എന്ന വൈലോപ്പിള്ളിക്കവിത, 'കുരുവികള്‍' എന്ന സമാഹാരത്തിലേതാണ്. കവിയുടെ അടിക്കുറിപ്പിന്റെ കൈ പിടിച്ചു വേണം ഈ കവിതയിലും കയറിപ്പറ്റാന്‍. ആ അടിക്കുറിപ്പിങ്ങനെ - 'ആസക്തിയുടേയോ ഉല്‍ക്കര്‍ഷേച്ഛയുടയോ ഊഷ്മാവ് ചില സ്ത്രീകളെ തീക്കട്ടകളാക്കിത്തീര്‍ക്കുന്നു. അവരുടെ പെരുമാറ്റങ്ങളിലെല്ലാം ആ അഗ്‌നിയുടെ നിറവും മണവും അനുഭവപ്പെടുന്നു. 'ഒതുക്കുന്ന'തില്‍ അത്തരക്കാര്‍ സമര്‍ത്ഥകളാണെങ്കിലും'. ഒരു ഗീതകത്തേക്കാള്‍ നാലുവരി കുറവാണ് 'കേക'യില്‍ കൊരുത്ത ഈ കവിതയില്‍.

'മുളളിന്റെ മകളേ, ഞാനൂഹിപ്പൂ, നിന്നില്‍ക്കുടി -
കൊള്ളുന്നുണ്ടൊരു ചെന്തീ - 
യെത്രയും നിഗൂഢമായ്.
മഞ്ഞുനീര്‍ കുടിച്ചാലും
കെട്ടിടാ,താജ്വാലയില്‍
മഞ്ജുളദളപാളി നിനക്കു തുടുക്കുന്നു'.

'കുരുവിക'ളിലെ മറ്റൊരു കവിതയായ 'പനിനീര്‍പ്പൂന്തോട്ട'ത്തില്‍ വേരുകള്‍ ചിതല്‍ തിന്നു പോകയാല്‍ മുച്ചൂടും മുടിഞ്ഞുപോയ ഒരു ഗൃഹാരാമത്തെക്കുറിച്ചാണ് ഈ കവി എഴുതുന്നത്. പനിനീര്‍ച്ചെടിക്കമ്പുകളാണ് അവര്‍ നടുന്നത്, ആ ദമ്പതിമാര്‍. നല്ല അയല്‍വീട്ടുകാരുടെ സ്‌നേഹസമ്മാനമായിരുന്നു അത്. അവിടെ വേരു പിടിച്ച അവ, അവരുടെ മുറ്റത്തു മാത്രം വളരുന്നില്ല. ആകെ വെണ്‍ചിതല്‍ തിന്നു വേരു പിടിക്കാതെ പോയ ആ ചെടിക്കമ്പുകളെയോര്‍ത്തു വ്യസനിക്കുന്ന ഭാര്യയെ നോക്കി അയാള്‍ ഇങ്ങനെ വിചാരം കൊള്ളുന്നു -
'വേരു തിന്നോരാച്ചിതല്‍
തിന്നു പോല്‍ അവളുടെ
പാരസീകാരാമത്തിന്‍
വാസനക്കിനാവുകള്‍'
. ചിതല്‍ക്കേടിനാല്‍ വാടിപ്പോകാത്ത തങ്ങളുടെ ആന്തരികാരാമത്തെ, പരസ്പരപ്രണയത്തെ, ചൂണ്ടിക്കാട്ടി അവളെ സാന്ത്വനിപ്പിക്കുകയാണ് ഭര്‍ത്താവ്. അനപത്യതയുടെ വെണ്‍ചിതല്‍പ്പറ്റമാണ് അവരുടെ സ്വപ്നാരാമത്തിന്റെ വേരുകള്‍ കാര്‍ന്നൊടുക്കിയതെന്ന് കവി തന്നെ വിശദീകരിക്കുന്നുമുണ്ട്. എങ്കിലും, ഒരിക്കലും രഞ്ജിക്കാത്ത സങ്കല്പ - യാഥാര്‍ത്ഥ്യങ്ങളുടെ കണ്ണീര്‍പ്പാടം താണ്ടലായി ദാമ്പത്യത്തെ വായിച്ച കവി, തന്റെ 'വാസനക്കിനാവു'കളുടെ സര്‍വ്വനാശത്തെക്കുറിച്ചോര്‍ത്ത് പുറപ്പെടുവിക്കുന്ന പൊളളുന്ന നെടുവീര്‍പ്പു കൂടിയാവാം ഈ കവിത. ബാഹുകനില്‍ നളനായി കുടിയിരിക്കുന്നതായിരുന്നല്ലോ കവിതയില്‍ വൈലോപ്പിള്ളി എന്ന കവിയുടെ ശീലം! ഇവിടെ 'വാസനക്കിനാവ്' എന്നു വായിക്കുമ്പോള്‍ വാസന, ഗന്ധവും ജന്മവാസനയുമാകുന്ന ശ്ലേഷം കൂടി ഓര്‍ക്കുന്നത് നന്ന്; കവി വൈലോപ്പിള്ളിയായതുകൊണ്ട്.

ക്രമേണ അന്ധതയില്‍ പതിച്ച കവിയായിരുന്നുവല്ലോ ബോര്‍ഹെസ്. അന്ധമഹാകവിയായ മില്‍ട്ടണായിരുന്നു ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പൂര്‍വ്വികന്‍. മില്‍ട്ടണ് കാണാന്‍ പറ്റാതെ പോയ ആ ആദ്യത്തെ പനിനീര്‍പ്പൂവ് അഥവാ മില്‍ട്ടന്റെ അവസാനത്തെ പനിനീര്‍പ്പൂവ് ഏതായിരുന്നുവെന്ന് സങ്കല്പിച്ചു നോക്കുകയും അതിന് തന്റെ കവിതയില്‍, കവിതയാല്‍, ശാശ്വതികത്വം നല്‍കുകയുമാണ് ബോര്‍ഹെസ്, 'മില്‍ട്ടണും ഒരു പനിനീര്‍പ്പൂവും' എന്ന കവിതയില്‍.

'രോഗിണിയായ പനിനീര്‍പ്പൂ' (The Sick Rose) വിനെക്കുറിച്ചായിരുന്നു, വില്യം ബ്ലേക്കിന്റെ വിഖ്യാതകവിത. കന്യകയായ ഒരുവളുടെ ചാരിത്ര്യനഷ്ടത്തെ അത് ദുഷ്ടകീടം കാര്‍ന്നൊടുക്കിയ പനിനീരിന്റെ രക്തതല്പമായി പ്രതീകവല്‍ക്കരിക്കുന്നു. പനിനീര്‍പ്പൂക്കളുടെ ഉള്ളില്‍ കടന്നു കൂടി അവയെ കാര്‍ന്നൊടുക്കുന്ന കീടം -canker ഷെയ്ക്‌സ്പിയറുടെ പ്രിയരൂപകമായിരുന്നു. മൂകപ്രണയം ഒരു പുഷ്പകീടമാണെന്നു കരുതിയ മഹാകവി അതിനെ വിനാശകരമായ തിന്മയുടെയും പ്രതിരൂപമാക്കുന്നതു കാണാം, തന്റെ നാടകങ്ങളിലും ഗീതകങ്ങളിലും.

'പനിനീരേ, ശുദ്ധവൈരുധ്യമേ, എണ്ണമറ്റ കണ്‍പോളകള്‍ക്കടിയില്‍ ആരുടേതുമല്ലാത്ത നിദ്രയായിത്തീരാനുള്ള അഭിലാഷമേ' എന്ന് തന്റെ ചിതാലേഖ -epitaph-മെഴുതിയ റില്‍കെ അന്തരിച്ചതും ഒരു പനിനീര്‍മുള്ളു കൊണ്ടായിരുന്നു. സുന്ദരിയായ ഒരു പെണ്‍കുട്ടിക്ക് പനിനീര്‍പ്പൂ സമ്മാനിക്കുമ്പോള്‍ അതിന്റെ മുള്ളില്‍ നിന്നേറ്റ വിഷബാധ കവിയുടെ പ്രാണന്‍ അപഹരിച്ചു.

ഓസ്‌കര്‍ വൈല്‍ഡിന്റെ 'രാപ്പാടിയും പനീര്‍പ്പൂക്കളും' എന്ന കഥ, കൗമാരത്തില്‍ വായിച്ചിട്ടില്ലാത്തൊരാള്‍ക്ക് നഷ്ടപ്പെടുന്നത് പ്രണയത്തിന്റെ രക്തശോഭ കൂടിയാണ്. പ്രിയപ്പെട്ടവള്‍ക്കു സമ്മാനിക്കാനുള്ള ചുവന്ന റോസാപ്പുഷ്പം തേടി പൂവനിയിലെത്തുന്ന തരുണന്‍. അവിടെ ചുവന്ന പനിനീരു മാത്രമില്ല. അവനായി ആ ശുഭ്രപുഷ്പത്തിന്റെ മുള്‍ത്തണ്ടില്‍ കരളമര്‍ത്തി, രാവെളുക്കുവോളം പാടി മരിക്കുകയാണ് രാപ്പാടി. അപ്പോള്‍ മാത്രം അതിന്റെ ഇതളുകളില്‍ രക്തിമ സംക്രമിച്ചു. പക്ഷേ ആ പൂവ് അലസമായി വലിച്ചെറിയുകയാണ് ചെയ്തത് യുവാവിന്റെ പ്രണയഭാജനം! അപ്പോള്‍ അതിലേ പോയ ഒരു കുതിരവണ്ടിയുടെ ചക്രങ്ങള്‍ അതിനെ അരച്ചു കളഞ്ഞു എന്നു കൂടി എഴുതുന്നുണ്ട് ഓസ്‌കര്‍ വൈല്‍ഡ്; ബഷീറിന്റെ രക്തനക്ഷത്രം പോലെ കടുംചുവപ്പായ പൂവിനോട്, ഹൃദയത്തോട്, അദ്ദേഹത്തിന്റെ കാമുകി പെരുമാറിയതു പോലെ. ഈ പൂവ് പിന്നീട് നാം കാണുന്നത് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'ആനന്ദധാര' എന്ന കവിതയിലാണ്.

placeholder
ചുള്ളിക്കാട്‌

'ചൂടാതെ പോയ് നീ, നിനക്കായി ഞാന്‍ ചോര
ചാറിച്ചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍...'