
'അര്ത്ഥ'മെന്നാല് വാക്കിന്റെ 'പൊരുള്' എന്നും 'ധനം' എന്നും അര്ത്ഥമുള്ള ഭാഷയാണല്ലോ നമ്മുടേത്. ഇരട്ടപ്പരിപ്പുള്ള വിത്തുപോലെയാണ് ഇത്തരം ചില വാക്കുകള്. വാക്കു പൊട്ടിച്ച് പരിപ്പെടുക്കുന്നവരാണ് മികച്ച കവികള് എന്നും നമുക്കറിയാം. ഇത്തരത്തില് അസാമാന്യമായ പദരതിയും പദജാഗ്രതയുമുള്ള കവിയായിരുന്നു വൈലോപ്പിള്ളി. 'യമകം', 'ശ്ലേഷം' തുടങ്ങിയ പഴയ അലങ്കാരങ്ങള് അരുളുന്ന അധികാര്ത്ഥലാഭത്തെപ്പോലും കയ്യൊഴിയാന് മടിച്ച കവിയുമായിരുന്നു അദ്ദേഹം. ഒരു വാക്കുവിതച്ച് ഒരു കനത്ത കതിര്ക്കറ്റ തന്നെ കൊയ്തെടുക്കുന്ന നിപുണനായ കര്ഷകന്.
ഇതിന്റെ ഉദാഹരണങ്ങള് എമ്പാടും കാണാം വൈലോപ്പിള്ളിയുടെ കവിതപ്പാടത്ത്. ആദ്യകാലകവിതയായ 'ആയിരത്തൊന്നു രാവുകളി'ലെ 'കഥാസൂത്രം' അത്തരത്തിലൊന്നാണ്-
'നാള്ക്കുനാളാക്കഥാ സൂത്രം
നൂറ്റു നൂറ്റവള് പോകവേ...'
കഥയുടെ സൂത്രം - നൂല് - മാത്രമല്ല ഇവിടെ. കഥ തന്നെ ഒരു സൂത്രം അഥവാ തന്ത്രം ആകുന്നു. കഥ പറച്ചില് എന്ന ആ നൂല്നൂല്പ്പിലൂടെ തന്നെത്തന്നെ രക്ഷിക്കുകയായിരുന്നു അവള്. ആ കൗശലത്തിന്റെ പേരുകൂടിയാകുന്നു 'സൂത്രം' എന്നത്!
ഏറെ പ്രസിദ്ധമായ ചില വരികളോടെയാണ് അവസാനിക്കുന്നത് 'കവിയും സൗന്ദര്യബോധവും' എന്ന വൈലോപ്പിള്ളിക്കവിത-
'മാനവപ്രശ്നങ്ങള് തന്
മര്മ്മകോവിദന്മാരേ,
ഞാനൊരു വെറും സൗന്ദ-
ര്യാത്മകകവി മാത്രം!'
ഇതിന്റെ തൊട്ടു മുന്വരികളിലാണ് ഈ യമകാലങ്കാരം വീണു കിടന്നു തിളങ്ങുന്നത്-
'നൂറ്റാണ്ടു നൂറ്റാണ്ടായി-
ട്ടജ്ഞതാപാരമ്പര്യം
നൂ,റ്റാണ്ടു ദാരിദ്യത്തില്
കിടക്കും ദാസന്മാരോ
വീറൊടഗ്ഗാനം പാടി -
യൊരു വിപ്ലവത്തിന്റെ
ചോരയിലുദിപ്പിച്ചാര്
ശ്രമികോത്തമലോകം'.'നൂറ്റാണ്ടി'നെ, 'നൂല്ക്ക'ലും 'ആഴ'ലുമായി പിരിച്ചെഴുതുകയാണിവിടെ, വൈലോപ്പിള്ളി.
'കണ്ണീര്പ്പാട'ത്തിന്റെ ആദ്യവരികളിലും കാണാം ഇതേ ഭാഷാതന്ത്രം-
'ബസ്സു വന്നു പോയ്, ദൂരാ-
ലിരമ്പം കേള്പ്പൂ, വേഷം
വിസ്തരിച്ചതു പോരും,
അമ്പലത്തിലേയ്ക്കല്ലേ?'
പിന്നെയും ചന്തം ചാര്ത്തി-
ത്തങ്ങി നീ ഭദ്രേ , ബസ്സു
വന്നു, പോയ്, സവിഷാദം
നിന്നു നാമാലിന് ചോട്ടില്.
'ബസ്സു വന്നുപോയ്' എന്ന ആഹ്ളാദം എത്ര പെട്ടെന്നാണ്,' ബസ്സു വന്നു, പോയ്' എന്ന വിഷാദത്തിനു വഴിമാറുന്നത് എന്നു നോക്കുക! അര്ത്ഥപൂര്ണ്ണവും അഭിരാമവുമായ പദലീലയാണിത്. ഒരു നിര്ത്തു (pause)കൊണ്ട് ഒരു കൂട്ടുപദം രണ്ടായി പിളരുകയും അര്ത്ഥഭേദത്തിന്റെ പുതിയ ചാരുതകള് ആവിര്ഭവിക്കുകയും ചെയ്യുന്നു. ഭാഷയുടെ ഊടറിഞ്ഞ സാധാരണക്കാരുടെ സരസസംഭാഷണങ്ങളില്പ്പോലും ഇത്തരം പദകലവികള് സംഭവിക്കാറുണ്ട്. അതിനെ കേവലമൊരു പദവിനോദം മാത്രമായിരുന്ന യമകമെന്നോ ശ്ലേഷമെന്നോ തോന്നിക്കാതെ വാക്കിന്റെയും അര്ത്ഥത്തിന്റെയും പൂത്തിരികത്തിക്കലാക്കി മാറ്റുകയായിരുന്നു വൈലോപ്പിള്ളി.
വേറെയുമുണ്ട് ഉദാഹരണങ്ങള്. 'കുടിയൊഴിക്ക'ലിലെ നായകനായ ജന്മി, തന്റെ കുടിയാനും കുടിയനുമായ തൊഴിലാളിയെ ശാസിക്കുകയാണ്-
'നിന് കുടിയൊഴിഞ്ഞീടണ, മീഞാന്
നിന് കുടിയൊഴിപ്പിക്കുമല്ലെങ്കില്'.
ഇവിടെ, 'കുടിയൊഴിക്കല്' എന്ന കാവ്യനാമം തന്നെ അര്ത്ഥബഹുലമായ ഒരു സങ്കീര്ണ്ണതയായി മാറുകയാണ്. 'കുടി' എന്നതിന്റെ രണ്ട് വ്യത്യസ്താര്ത്ഥങ്ങള്-പാര്പ്പിടവും മദ്യപാനവും- തമ്മിലിടഞ്ഞ് പുതിയ അര്ത്ഥശിഖരങ്ങള് കിളരുന്നു. കലമാന്കൊമ്പുപോലെ കാവ്യഭാഷയ്ക്ക് പല പിരിവുകള് കൈവരുന്നു. ആരാണ് ശരിയായ കുടിയന് എന്ന ചോദ്യവും അതുന്നയിക്കുന്നു. പഴകിപ്പുളിച്ച വരേണ്യ(കാവ്യ)സങ്കല്പങ്ങളുടെ കള്ളിന്കുടവും തലയിലേറ്റി നടക്കുന്ന ജന്മിനായകനോ, അതോ ഇത്തിരി കള്ളു തലയില് കയറുമ്പോള് ജന്മിത്തത്തിന്റെ തൊലിയുരിയുന്ന പാവം തൊഴിലാളിയോ?
ഏറെ പ്രസിദ്ധമായ 'പന്തങ്ങളി'ലേതാണ് മറ്റൊരു സന്ദര്ഭം.
'വാങ്ങുകയായീ ഞങ്ങള്, കരുത്തൊടു
വാങ്ങുക വന്നീപ്പന്തങ്ങള്!' ഏറ്റുവാങ്ങലും പിന്വാങ്ങലും ഏകമുഹൂര്ത്തത്തില് നിറവേറുമ്പോള് അതിനെ പദപ്രഭുവായ ഒരു കവി, ഇങ്ങനെയല്ലാതെ എങ്ങനെയാണ് വാങ്മയപ്പെടുത്തുക?
'മലതുരക്കലി'ലെ അപ്പനും മകനും 'അപ്പ' നാകുന്ന സംബോധനാ വൈചിത്ര്യമുള്പ്പെടെ ഇനിയുമുണ്ട് ഉദാഹരണങ്ങള്. കോട്ടയത്തുതമ്പുരാനായ പഴശ്ശിരാജയുടെ പ്രണയത്തെക്കുറിച്ചാണ് വൈലോപ്പിള്ളിയുടെ, 'ജാതീ ജാതാനുകമ്പാ ഭവ!' എന്ന കവിത. ഒളിപ്പോരുകാരനായ രാജാവ് തന്റെ പത്നിയായ കൈതേരി മാക്കത്തെ സംബോധന ചെയ്യുന്ന, ഒപ്പം പൂത്തുനില്ക്കുന്ന കൈതയെയും, പഴശ്ശി ശ്ളോകമാണിതിനാസ്പദം. 'കൈതേ' എന്നും' കൂപ്പുകൈ തേ' എന്നും വിരഹാതുരനായ പഴശ്ശി തന്റെ യമകപ്രിയം രമ്യമായി പ്രകാശിപ്പിക്കുന്ന ശ്ലോകമാണത്. യമകപ്രിയനായ വൈലോപ്പിള്ളി അതു കടന്നെടുത്തു കവിതയാക്കുന്നു. വാക്കിന്റെ കൈത പൂത്തു പരിമളം വീശുന്നു.
ശ്ലേഷോക്തി എന്ന ക്ലിയോപാട്രയ്ക്കു വേണ്ടി ഒരു സാമ്രാജ്യം തന്നെ നഷ്ടമാക്കി ഷെയ്ക്സ്പിയര് എന്നു പരിതപിച്ചിട്ടുണ്ട്, ഡോ. ജോണ്സണ്. വൈലോപ്പിള്ളിയാകട്ടെ, ഇന്നും പഴക്കമേശാത്ത, ശ്ലേഷത്താലും യമകത്താലും തന്റെ കുറുക്കിയെഴുത്തിനെ ബലിഷ്ഠതരമാക്കി.
'പട്ടടയ്ക്കായി മൂഢഹാസത്തിന്
പട്ടില് ഞാന് പൊതിഞ്ഞെന്തിനു വെയ്പൂ
നേരു മിന്നിത്തിളങ്ങുമെന് ചിത്തം?
ചോര ചിന്നിത്തുറന്നു ഞാന് കാട്ടാം' എന്ന് വൈലോപ്പിള്ളി (കുടിയൊഴിക്കല്).
'പട്ടില്പ്പൊതിഞ്ഞേ ജഡത്തെയും നാം
പട്ടടത്തട്ടിലെടുത്തു വയ്ക്കൂ' എന്ന് ബാലചന്ദ്രന് ചുള്ളിക്കാട് ('സംസ്കാരം' എന്ന കവിത). ഈ പദശയ്യയുടെ പിതൃത്വം, വാസ്തവത്തില്, നമ്മുടെ ഭാഷാപിതാവിനാണ്. ഓര്മ്മയില്ലേ ആ കനത്ത ഈരടി?
'പട്ടു കിടക്കമേലേ കിടക്കുന്ന നീ
പട്ടു കിടക്കുമാറായിതോ ഭൂമിയില്?'
- ശ്ലേഷവും യമകവും എല്ലായ്പൊഴും ഒരു പദധൂര്ത്തല്ല എന്നതിന് ഈ അടിവര കൂടി!
Content Highlights: mashipacha sajay kv vyloppilly sreedharamenon poetic craft
Published: 14 May 2024, 12:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented