
വലിയ മഴയാണ് 'പേമഴ' എന്ന് ശബ്ദതാരാവലി. ഇടതടവില്ലാതെ കോരിച്ചൊരിയുന്ന പേമാരിയുണര്‍ത്തുന്ന ഭയ- സംഭ്രമങ്ങളും ഏകാന്തതയുമൊക്കെ ദ്യോതിപ്പിക്കുന്ന വാക്കാണത്. മഴയുണര്‍ത്തുന്ന കാല്പനികസുന്ദരഭാവങ്ങളാണ് നമുക്ക് പരിചയം. അത്തരം കിനാമഴകളുടെ വിപരീതമാണ്, പേക്കിനാവുപോലെ പെയ്യുന്ന പേമഴ. ചിലപ്പോഴതൊരു രാമഴയായെന്നും വരാം. ഏകാകികളെയും രോഗികളെയും ദു:ഖിതരെയുമാണ് രാത്രിയില്‍ പെയ്യുന്ന, നീണ്ട മുടിയുള്ള, കേഴുകയും ചിരിക്കുകയും നിര്‍ത്താതെ പിറുപിറുക്കുകയും ചെയ്യുന്ന ഭ്രാന്തത്തിമഴകള്‍ സന്ദര്‍ശിക്കുക എന്ന് സുഗതകുമാരി.' രാത്രിമഴ' എന്ന സുഗതകുമാരിക്കവിതയ്ക്ക് ഒരിണക്കവിതയുണ്ടെന്ന് കണ്ടെത്തിയത് ഇയ്യിടെയാണ്. അതെഴുതിയതും ഒരു സ്ത്രീയാണ്; നൊബേല്‍ജേതാവും അഖിലലോകപ്രശസ്തയുമായ ലൂയിസ് ഗ്ലിക്ക്. 'ഏകാന്തത' (Solitude) എന്നു തന്നെയാണ് ഗ്ലിക്കിന്റെ കവിതയുടെ പേര്. കവിതയുടെ തുടക്കം ഇങ്ങനെ-
'ഇരുണ്ടദിനമാണിന്ന്;
മഴയിലൂടെ പര്‍വ്വതം കാണാനാവുന്നില്ല.
മഴയൊച്ച മാത്രം,
അത് ജീവിതത്തെ
മണ്ണിനടിയിലേയ്ക്ക്
തുരത്തുന്നു.
മഴയോടൊപ്പം തണുപ്പും വരുന്നു.
ഇന്നു രാത്രി നിലാവുണ്ടാവില്ല,
നക്ഷത്രങ്ങളും.'
രാത്രി തൊട്ട് ഉച്ചയോളം ഗോതമ്പുപാടങ്ങളില്‍ വീശിയടിച്ച കാറ്റിനെക്കുറിച്ചും അതിനെ മുക്കിക്കളഞ്ഞ മഴയെക്കുറിച്ചുമാണ് തുടര്‍ന്ന്, ഗ്ലിക്ക് എഴുതുന്നത്. മഴ കനക്കുന്നതു പോലെ കവിയുടെ വിഷാദവും കനക്കുന്നു.
'ഭൂമി അപ്രത്യക്ഷമായിരിക്കുന്നു.
ഒന്നുമില്ല കാണാന്‍,
ഇരുണ്ട ജാലകങ്ങള്‍ക്കു നേര്‍ക്ക്
തിളങ്ങുന്ന മഴ മാത്രം.' എന്ന് ഈ ഏകാന്തതാപാരമ്യത്തെ ഗ്ലിക്ക് വിവരിക്കുന്നു.
മഴയുണര്‍ത്തുന്ന അരക്ഷിതത്വം, ആദിമമനുഷ്യരുടെ നിസ്സഹായാവസ്ഥയ്ക്കു തുല്യമാണ്. മൃഗപ്രായരായ മനുഷ്യപൂര്‍വ്വികര്‍ക്ക് ഭാഷയോ വെളിച്ചമോ ഇല്ലാതിരുന്നതുപോലെയാണ് മഴയിലകപ്പെട്ടവരുടെ ആധിപ്പെടുത്തുന്ന അനാഥത്വം. ഗ്ലിക്ക് എഴുതുന്നു-
'നമ്മള്‍ ആ ആദിമാവസ്ഥയിലേയ്ക്കു
മടങ്ങിപ്പോകുന്നു,
ഇരുട്ടില്‍
ഭാഷയും കാഴ്ച്ചയുമില്ലാതെ
ജീവിക്കുന്ന
മൃഗങ്ങളാകുന്നു'. ഓരോ പെരുമഴയും ഒരു പ്രളയത്തിന്റെ അദൃശ്യഭീതിയുമായാണ് വരുന്നത്. അത് ലോകത്തെ മായ്ച്ചുകളയുകയും നമ്മള്‍ ഇരിക്കുന്നിടത്തെ ഒരലിയുന്ന തുരുത്തെന്നു തോന്നിക്കുകയും ചെയ്യുന്നു. ഈ ആദിമഭീതിയുടെ കരാളമായ കറുത്ത ചായം കലര്‍ന്ന ഭാഷയിലാണ് ഗ്ലിക്ക് മഴയിലെ ഏകാന്തതയെക്കുറിച്ചെഴുതിയവസാനിപ്പിക്കുന്നത്-
'ഞാന്‍ ജീവിച്ചിരിക്കുന്നു എന്നതിന്
ഒരു തെളിവുമില്ല.
മഴ മാത്രമേയുള്ളൂ ,
അവിരാമമായ മഴ'.
എഡ്വേഡ് തോമസിന്റെ 'മഴ'(Rain)യാണ് പേമാരിയെ ഏകാന്തതയുടെ കനത്ത പ്രഹരമായേറ്റുവാങ്ങുന്ന മറ്റൊരു കവിത. പാതിരാത്രിയാണ്. ചെറ്റക്കുടിലിനു മേല്‍ കോരിച്ചൊരിയുന്ന മഴയും ഏകാന്തതയും മാത്രം. 'മഴയേറ്റുറങ്ങുന്ന മരിച്ചവര്‍ ഭാഗ്യവാന്മാര്‍'(Blessed are the dead that the rain rains upon) എന്നൊരു വരി കാണാം ഈ കവിതയില്‍. മഴ, മരിച്ചവര്‍ക്കു മാത്രം സാന്ത്വനപ്രദമാകുന്നു; ജീവിച്ചിരിക്കുന്ന ഏകാകികള്‍ക്കു മേല്‍ പെയ്യുന്നതോ നോവിന്റെ പേമാരിയും!
ഫെര്‍ണാണ്ടോ പെസ്സോവയുടെ 'അശാന്തിയുടെ പുസ്തക'ത്തില്‍ പലയിടത്തും മഴയുണ്ട്. അതിലൊരു ഭാഗം ഇങ്ങനെ-
'പ്രകൃതിയില്‍ കണ്ണുനീര്‍ വാര്‍ക്കുന്ന എന്റെ പരാജിതജീവിതമാണ് ഓരോ മഴത്തുള്ളിയും. തുള്ളി തുള്ളിയായി, കുടന്ന കുടന്നയായി ഭൂമിക്കുമേല്‍ കോരിച്ചൊരിയുന്ന പകലിന്റെ ഈ വിഫലദുഃഖത്തില്‍ എന്റെ അശാന്തിയുണ്ട്.
മഴ പെയ്യുന്നു, മഴ പെയ്യുന്നു. അതു കേട്ടുകേട്ട് എന്റെയാത്മാവില്‍ ഈര്‍പ്പം പടരുന്നു. എന്തുമാത്രം മഴ... എന്റെ മാംസത്തെ ജലം ചൂഴുന്നു. വേദനാകരമായ ഒരു ശൈത്യം, എന്റെ പാവം ഹൃദയത്തെ അതിന്റെ തണുതണുത്ത കൈപ്പിടിയിലൊതുക്കിയിരിക്കുന്നു. ചവുണ്ട വിനാഴികകള്‍ക്കു നീളമേറുന്നു, അത് സമയത്തില്‍ പരന്നുകിടക്കുന്നു; നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നു. എന്തു മാത്രം മഴ!'
Content Highlights: mashipacha sajay kv reference of rain in poetry
Published: 12 Jun 2024, 04:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented