കോഴിക്കോട്: കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് കഴിഞ്ഞ ഒരുമാസത്തിനിടെ ലഭിക്കേണ്ട മഴയിൽ 32 ശതമാനത്തിന്റെ കുറവ്. ഏറ്റവുംകുറവ് വയനാട് ജില്ലയിൽ. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽമാത്രമാണ് സാധാരണ അളവിൽ മഴ ലഭിച്ചത്.

To advertise here,

ഈ മഴക്കുറവ് വൈദ്യുതി ഉത്പാദനത്തെയും കൃഷിയെയും വലിയരീതിയിൽ ബാധിക്കും. ജൂൺ ഒന്ന് മുതൽ ജൂലായ് മൂന്നുവരെയായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശേഖരിച്ച വിശദാംശങ്ങളും അതിൽ കെ.എസ്.ഇ.ബി. സി.എം.ഡി എം.ജി. രാജമാണിക്കവും കാർഷിക സർവകലാശാല പ്ലാനിങ് വിഭാഗം ഡയറക്ടർ ഡോ. ശാലിനി പിള്ളയും നടത്തുന്ന നിരീക്ഷണവും ചുവടെ.

കേരളം

(ജൂൺ ഒന്നുമുതൽ ജൂലായ് മൂന്നുവരെ. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്ക്)

ലഭിച്ചത്- 486.6 മില്ലിമീറ്റർ. സാധാരണ മഴ- 717.5 മില്ലിമീറ്റർ. കുറവ് 32 ശതമാനം

ജില്ലകളിൽ

ജില്ല ലഭിച്ച മഴ (മില്ലിമീറ്ററിൽ) സാധാരണ മഴ (മില്ലി മീറ്ററിൽ) കുറവ് (ശതമാനത്തിൽ)

ആലപ്പുഴ 445.9 601.6 26

കണ്ണൂർ 661.5 979.6 32

എറണാകുളം 606 771.3 21

ഇടുക്കി 381.3 813.3 53

കാസർകോട് 774.5 1086.3 29

കൊല്ലം 300.5 458.2 34

കോട്ടയം 589.9 702.2 16

കോഴിക്കോട് 781.6 976.1 20

മലപ്പുറം 521.1 696.8 25

പാലക്കാട് 312 521.6 40

പത്തനംതിട്ട 469.5 558.2 16

തിരുവനന്തപുരം 340.4 335.4 1

തൃശൂർ 531.8 783.8 32

വയനാട് 266.8 796.9 67

മാഹി 716 909.4 21

വൈദ്യുതോത്‌പാദനത്തിൽ നിയന്ത്രണം

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വളരെ കുറവു മഴയാണ് ഇക്കൊല്ലംലഭിച്ചത്. വൈദ്യുതി ഉപയോഗം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ആറുശതമാനം കൂടി. ജൂലായ് രണ്ടിന് 84.2 ദശലക്ഷം യൂണിറ്റിന്റെ റെക്കോഡ്‌ ഉപയോഗമായിരുന്നു. പീക് സമയ ആവശ്യകത ജൂലായ് രണ്ടിന് വൈകീട്ട് 7.30ന് 4449 മെഗാവാട്ടായി. കെ. എസ്.ഇ.ബിയുടെ ജലസംഭരണികളിലെ വെള്ളത്തിന്റെ നിലവിലെ അളവ് 22 ശതമാനം മാത്രമാണ്. കഴിഞ്ഞവർഷം ഇതേസമയം ഇത് 61 ശതമാനമായിരുന്നു. ഇതുകാരണം ആഭ്യന്തര ഉത്‌പാദനം 11.32 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. ജലം വരുംമാസങ്ങളിലെ കുടിവെള്ള ജലസേചന ആവശ്യങ്ങൾക്കായി കരുതിെവക്കേണ്ടതിനാൽ ഉത്‌പാദനം നിയന്ത്രിച്ചിരിക്കുകയാണ്.

എം.ജി. രാജമാണിക്കം

ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ
കെ.എസ്.ഇ.ബി.

കാത്തിരിക്കുന്നത് വിളനാശവും കീടബാധയും

എൽനിനോ വർഷങ്ങളിലെ മഴക്കുറവും കാലംതെറ്റിപ്പെയ്യുന്ന ശക്തമായ മഴയും കാർഷികമേഖലയിൽ വൻനഷ്ടമുണ്ടാക്കും. മഴയുടെ വിതരണത്തിൽ ഏറ്റക്കുറച്ചിലുണ്ടാവും. നെല്ല്, തെങ്ങ്, വാഴ, കാപ്പി, കുരുമുളക് എന്നിവയെയെല്ലാം ഇത് ബാധിക്കും. പറിച്ചുനട്ട നെൽപ്പാടങ്ങളിൽ കളശല്യം വെള്ളക്കുറവു കാരണം പറിച്ചുനടാൻ ആവാതെ വരുക തുടങ്ങിയവ കർഷകർ അഭിമുഖീകരിക്കേണ്ടിവരും. പച്ചക്കറിയടക്കം വിളകളുടെ പൂക്കളും കായ്കളും കൊഴിച്ചുകളയും. അന്തരീക്ഷ ഈർപ്പംകാരണം രോഗ, കീടശല്യം ഇക്കാലയളവിൽ കൂടും. കുരുമുളകിന് ദ്രുതവാട്ടം പോലെയുള്ള പ്രശ്നങ്ങളുണ്ടാകാം. ശക്തമായ മണ്ണൊലിപ്പിനും മണ്ണിന്റെ പോഷകം നഷ്ടപ്പെടുന്നതിനും കാരണമാകും. മഴക്കാലത്ത് കർഷകർ പുതയിട്ട് ഈർപ്പം സംരക്ഷിക്കുന്നതിനൊപ്പം തടങ്ങളിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാനും ശ്രദ്ധിക്കണം.

ഡോ. ശാലിനിപിള്ള

ഡയറക്ടർ പ്ലാനിങ്, കാർഷിക സർവകലാശാല