ഏതാണ് മലയാളിയുടെ മുഖ്യഋതുകാലം? അത് വേനലാണോ മഴക്കാലമാണോ എന്ന തര്‍ക്കം നടക്കുന്നുണ്ടാവും മിക്ക മലയാളിയുടെ ഉള്ളിലും. വേനല്‍, ഒരു 'കേരളാ സ്‌പെഷ്യല്‍' ആണെന്ന പരസ്യവാചകം ഈയിടെയാണ് പ്രത്യക്ഷപ്പെട്ടത്. അതിനു മുന്‍പു തന്നെ ഭാസ്‌കരന്‍ മാഷിന്റെ 'മേടക്കാറ്റിന്‍ വിശറി' എന്ന ഗാനകല്പന നമ്മുടെ ജനകീയഭാവനയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. മഴയെ വര്‍ണ്ണിച്ചു പാടാന്‍ കൗതുകപ്പെടുന്നവരാണ് കവികള്‍, പൊതുവേ. അവരില്‍ച്ചിലര്‍ മാത്രം വേനലിന്റെ ക്രൂരലാവണ്യത്തെക്കുറിച്ചെഴുതുന്നു. അക്കൂട്ടത്തില്‍ മുമ്പന്‍ വൈലോപ്പിള്ളി തന്നെ.

To advertise here,

'മഴയെപ്പുകഴ്ത്തട്ടേ മണ്ഡൂകം, മാവിന്‍ ചുന
മണക്കും മേടത്തിന്റെ
മടിയില്‍പ്പിറന്ന ഞാന്‍
സ്വര്‍ഗ്ഗവാതില്‍പ്പക്ഷി യോ -
ടൊപ്പമേ വാഴ്ത്തിപ്പാടു -
മുദ്ഗളം, മലനാടു വേനലിന്നപദാനം
!' എന്ന് മഴക്കവിതളെഴുതുന്നവരെ മണ്ഡൂകങ്ങളായും തന്നെ സ്വര്‍ഗ്ഗവാതില്‍പ്പക്ഷിയെന്ന വിഷുപ്പക്ഷിയുടെ തോഴനായും' മേടത്തിന്റെ മടിയില്‍പ്പിറന്ന'വനായും ഭാവന ചെയ്യുന്ന ആ കവിത, ഒരു പക്ഷേ,' ജീവിതത്തിന്‍ കടലേ കവിതയ്ക്കു ഞങ്ങള്‍ക്കു മഷിപ്പാത്രം' എന്നതുപോലെ കവിയുടെ ഭാവുകത്വപക്ഷമേതെന്ന പ്രസ്താവന കൂടി ഉള്‍ക്കൊള്ളുന്നുണ്ടായിരുന്നു. മണ്ഡൂകത്തോട് അനല്പമായ പരിഹാസമുണ്ട് വൈലോപ്പിള്ളിക്ക്; വിഷുപ്പക്ഷിയോടൊപ്പമാണു താന്‍ എന്ന ഊറ്റവും. തെളിച്ചു പറഞ്ഞാല്‍, ജീവിതവേനലിന്റെ കവിയാണ് താന്‍, കാല്പനികരകപ്പെട്ട ആ കൂപം തന്റെ അഭിമത സ്ഥാനമേയല്ല എന്നു പറയുകയാണ് വൈലോപ്പിള്ളി. പ്രാതികൂല്യങ്ങളോടു പടവെട്ടുന്നവരുടെ പാഥേയമാണ് കവിത; അല്ലാതെ അലസരായി ചടഞ്ഞിരുന്ന് മഴ കാണുന്നവരുടേതല്ല. അതിനാല്‍ വേനലില്‍ വിളഞ്ഞു പാകമെത്തുന്ന മാമ്പഴവും അതേ വേനലിന്റെ ക്രൗര്യത്തോടെതിര്‍ത്ത് പൂവിടുന്ന കൊന്നയുമാണ് കവിതയുടെ ഉപമാനം വൈലോപ്പിള്ളിക്ക്. 'തുംഗമാം മീനച്ചൂടാ'ണ് മരതകക്കിങ്ങിണിയെ മാമ്പഴമെന്ന 'സൗഗന്ധികസ്വര്‍ണ്ണ'മാക്കുന്നതെന്ന് 'മാമ്പഴ'ത്തില്‍ നമ്മള്‍ വായിക്കുന്നുമുണ്ട്. ഇങ്ങനെയെല്ലാം വേനലിനെ ആശ്ലേഷിക്കുന്ന കവി, മനുഷ്യാവസ്ഥയുടെ വേനല്‍ നിറഞ്ഞ ഇടങ്ങളേയും ആശ്ലേഷിക്കുന്നുണ്ടായിരുന്നു; ദാമ്പത്യസൗഖ്യത്തേക്കാള്‍ കവിയുടെ ഏകാന്തതയെ, കാല്പനികസ്വര്‍ഗ്ഗത്തേക്കാള്‍ ജീവിതയാഥാര്‍ത്ഥ്യബോധമെന്ന നരകത്തെ. നിലാവിനേക്കാള്‍ സത്യസന്ധമായത് വെയിലാണെന്ന് വൈലോപ്പിള്ളി കരുതി, മഴയേക്കാള്‍ വേനല്‍.

'വെയില്‍' എന്നല്ല, 'വൈല്‍' എന്നെഴുതുന്നതായിരുന്നു വൈലോപ്പിള്ളിയുടെ ശീലം -'ആടിനേകാന്‍ പടര്‍ന്ന പാല്‍വള്ളി/ തേടി, വൈലിതള്‍ ചൂടി നടക്കെ' എന്ന്. നോക്കൂ, അവിടെയും വെയിലിനെ ഏതോ വിചിത്രപുഷ്പത്തിന്റെ ഇതളാക്കി മാറ്റുകയും അതുതന്റെ കാവ്യനായികയെ ചൂടിക്കുകയും ചെയ്യുന്നുണ്ട് കവി.' വേനലിന്‍ മധുവാല്‍ ഹൃദയത്തിന്‍
തേനടകള്‍ നിറഞ്ഞു വിങ്ങുമ്പോള്‍' എന്നും ഇതിനു തൊട്ടുമുന്‍പ് നമ്മള്‍ വായിക്കുന്നുണ്ട്. വേനല്‍പ്പൂക്കളുടെ തേനാണ് തേനീച്ചയുടെ കൂടു നിറയ്ക്കുന്നതെന്ന് ഒരു സസ്യശാസ്ത്രവിദ്യാര്‍ത്ഥിയുടെ കണിശതയോടു കൂടി വൈലോപ്പിളളി എഴുതുന്നു;അനുരാഗമധുവാകുമ്പോള്‍ അത് ഹൃദയത്തിന്റെ തേനടകളിലാണ് നിറഞ്ഞു വിങ്ങുന്നതെന്നും.

'Summer hath over-brimmed their clammy cells' എന്ന്, വേനലിനു ശേഷമുള്ള, തേനറകളുടെ നിറഞ്ഞുകവിയലിനെ വിവരിച്ച കീറ്റ്‌സ് പോലും അതിനെ ഒരു പ്രണയരൂപകമാക്കി മാറ്റിയില്ല (അങ്ങനെയങ്ങ് തീര്‍ത്തു പറയാനുമാവില്ല, കാരണം,'spring's honeyed cud of youthful thought' എന്ന് കീറ്റ്‌സിലും നമ്മള്‍ വായിക്കുന്നുണ്ടല്ലോ!). വൈലോപ്പിള്ളിക്കവിതയില്‍ അത്യപൂര്‍വ്വമായ പ്രണയരൂപകങ്ങളിലൊന്നാണിത് -ഈ വേനലിലെ മധു, ഹൃദയത്തെ ഒരു തേന്‍കൂടു പോലെ ആസകലം മധുരിപ്പിക്കുന്നത്.

പ്രസിദ്ധമായ 'വിഷുക്കണി'യുടെ തുടക്കത്തില്‍ ഒരു ചിത്രമുണ്ട്, നീറിവേര്‍ത്തിമ താണ്, പൂഞ്ചോലകളും വനങ്ങളും സ്വപ്നം കാണുകയാണ് ഒരുവള്‍. കവിതാനിര്‍മ്മാണമെന്ന ഭാവനാവൃത്തിയെക്കുറിച്ചും അതു ചിലതു പറയുന്നുണ്ട്. വേനലിലിരുന്നു കൊണ്ട് പൂഞ്ചോലകളെയും പച്ച തഴച്ച കാടുകളെയും സ്വപ്നം കാണുന്നതു പോലെയാണത്. തണലും തണുപ്പുമില്ലാത്ത ഒരിടത്തിരുന്നു കൊണ്ട് അതുള്ള ഇടങ്ങള്‍ ഭാവന ചെയ്യുക. ഇതായിരുന്നു തന്റെ കവിജീവിതത്തിലുടനീളം വൈലോപ്പിള്ളിയും ചെയ്തുവന്നത്; പ്രാതികൂല്യങ്ങളെ ആനുകൂല്യങ്ങളാക്കി മാറ്റുന്ന ഭാവനാവിദ്യ. കൂടുതല്‍ നല്ല ഒരു വ്യവസ്ഥിതിയെക്കുറിച്ചുള്ള രാഷ്ട്രീയസ്വപ്നവുമാകാം അത്; വര്‍ത്തമാനത്തിന്റെ വേനലില്‍ നിന്നു കൊണ്ട് പച്ച നിറഞ്ഞ ഭാവിയെക്കുറിച്ചു കാണുന്ന സ്വപ്നം.

തന്റെ കവിതയെക്കൂടി വൈലോപ്പിള്ളി 'വേനല്‍പ്പച്ചകള്‍' എന്നു വിളിച്ചു,
'മകരക്കൊയ്ത്തും തീര്‍ന്നു
പുത്തനാം വിത കാത്തു
മലരും പാടത്തു ഞാന്‍
ചില വെള്ളരി നട്ടു'
എന്നിങ്ങനെ. അത്തരമൊരു വേനല്‍പ്പാടത്തു വച്ച് കുടമറ തീര്‍ത്ത് അവള്‍ തന്ന ചുംബനം പോലൊന്ന് പിന്നീടു തനിക്ക് കൈവന്നിട്ടേയില്ലെന്ന് കവി കരുതി. ആ അരഞൊടിയില്‍ വെയില്‍ കുരുത്തോലത്തോരണമായി മാറിയത്രേ -
'ആരുമേ കണ്ടീലല്ലീ!
കാറ്റിനു നെഞ്ചില്‍ക്കുളിര്‍
കോരിയോ? വെയില്‍ കുരു -
ത്തോല തൂക്കിയ പോലായ്!'