മൂന്നു പതിറ്റാണ്ടുകാലം എം.ടിയെ പിന്തുടർന്ന് അനർഘനിമിഷങ്ങൾ ക്യാമറയിൽ പകർത്തിയ മാതൃഭൂമി ചീഫ് ക്യാമറാമാൻ കെ.കെ സന്തോഷ് തിരഞ്ഞെടുത്ത എം.ടി ചിത്രങ്ങളുടെ സമാഹാരം മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയിരിക്കുന്നു. എം.ടി കാലത്തിന്റെ കാൽപ്പാടുകൾ എന്നു പേരിട്ടിരിക്കുന്ന ദൃശ്യസമാഹരം അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലായ് പതിനഞ്ചിന് വൈകിട്ട് കെ.പി കേശവമേനോൻ ഹാളിൽ വെച്ച് പ്രകാശിതമാവുകയാണ്. എം.ടി ദൃശ്യസമാഹാരത്തെക്കുറിച്ച് റൈറ്റേഴ്‌സ് ഡയറിയിൽ കെ.കെ സന്തോഷ് എഴുതുന്നു. 

To advertise here,

'എം.ടി' എന്ന 'കാല'ത്തിന്റെ കാൽപാടുകൾ തേടിപ്പോകുമ്പോൾ കഴിഞ്ഞുപോയ കാലങ്ങളുടെ ഒരു കടൽ തന്നെ എന്റെ ഓർമ്മകളുടെ തീരത്തേക്ക് ഇരച്ചെത്തുകയാണ്. തൃശൂർ മാതൃഭൂമിയിൽ ഞാൻ ഫോട്ടോഗ്രാഫർ ട്രെയിനിയായി വന്നിട്ട് കുറച്ച് കാലം മാത്രമേ ആയിട്ടുള്ളൂ. 1995-ലാണ്, ഒരു ദിവസം ബ്യൂറോ ചീഫ് കെ. പ്രഭാകരേട്ടൻ പറഞ്ഞു 'നാളെ നാരായണ പിഷാരോടിയെ കാണാൻ എം.ടി. വാസുദേവൻ നായർ വരുന്നുണ്ട്'. അപ്പോൾ സീനിയർ ഫോട്ടോഗ്രാഫർ വി.എസ്. ഷൈൻ പറഞ്ഞു, 'ആ പരിപാടി സന്തോഷ് കവർ ചെയ്‌തോളൂ'. എനിക്ക് സന്തോഷമായി. എന്റെ ഇഷ്ടപ്പെട്ട കഥാകാരനെ ഞാൻ ആദ്യമായി കാണാൻ പോകുന്നു. അന്നൊക്കെ പ്രധാനപ്പെട്ട പരിപാടികൾക്കൊക്കെ രണ്ട് ക്യാമറ കൊണ്ടുപോകും, ഒന്ന് മാതൃഭൂമി തന്ന FM 2 ക്യാമറ, പിന്നെ എന്റെ നിക്കോൺ FG ക്യാമറയും. കമ്പനി ക്യാമറയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിമും എന്റെ സ്വന്തം ക്യാമറയിൽ കളർ ഫിലിമും ലോഡ് ചെയ്താണ് പോകുക. അന്നൊക്കെ ബ്ലാക്ക് ആൻഡ് വൈറ്റ് യുഗമാണല്ലോ. പത്രത്തിൽ എപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ മാത്രം-വല്ലപ്പോഴും വിശേഷ അവസരങ്ങളിൽ മാത്രം കളർ ഫോട്ടോ. അതായിരുന്നു അന്നത്തെ രീതി. ബ്യൂറോയിൽ നിന്ന് റിപ്പോർട്ടർ പി.കെ.ജയചന്ദ്രൻ പറഞ്ഞു, 'ഗുരുതുല്യനായ നാരായണ പിഷാരോടിയെ കാണാൻ എം.ടി. വരുന്നത് നല്ല ഫോട്ടോ സാധ്യതയുള്ളതാണ്'. അങ്ങനെ രാവിലെ 9 മണിയോടെ ആ സമാഗമം നടന്നു. രണ്ട് ക്യാമറയിലുമായി കുറേ ചിത്രങ്ങളെടുത്തു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പിറ്റേന്ന് പത്രത്തിൽ വന്നു. കളർ ഫോട്ടോ കുറച്ച് ദിവസം കഴിഞ്ഞാണ് ഡെവലപ്പ് ചെയ്തത്. പ്രിന്റ് അടിച്ചില്ല, കളർ നെഗറ്റീവായി സൂക്ഷിച്ചു. അന്നറിയില്ലല്ലോ 30 വർഷം കഴിഞ്ഞ് എം.ടി. വാസുദേവൻ നായർ എന്ന ആ മഹാമനുഷ്യന്റെ അനർഘനിമിഷങ്ങളുടെ ദൃശ്യസമാഹാരം തന്നെ തയ്യാറാക്കുമെന്നും അതിന്റെ കവർ ചിത്രമാണ് എടുത്തതെന്നും.

 പിന്നീട് എപ്പോഴെങ്കിലും ഉപയോഗിക്കാൻ സാദ്ധ്യതയുള്ള നെഗറ്റീവുകളെല്ലാം കവറിലിട്ട് സൂക്ഷിച്ചുവെക്കുക പതിവായിരുന്നു. അങ്ങനെ ഇതും സൂക്ഷിച്ചു. വർഷങ്ങൾക്കുശേഷം 2010-ൽ അജന്ത കളർ ലാബിൽ നെഗറ്റീവ് സ്‌കാനിങ് തുടങ്ങിയപ്പോഴാണ് 15 വർഷം മുമ്പെടുത്ത ഈ എം.ടി.ചിത്രങ്ങൾ  ഞാൻ ശരിക്കും കാണുന്നത്. അന്നത്തെ ആ 'ചെറുപുഞ്ചിരി'  30 വർഷങ്ങൾക്കു ശേഷം ഇതാ ഇന്ന് പ്രകാശനം ചെയ്യുന്ന 'എം.ടി - കാലത്തിന്റെ കാൽപ്പാടുകൾ' എന്ന ഫോട്ടോ ആൽബത്തിന്റെ കവർ ചിത്രമായിരിക്കുന്നു. 

മാധവിക്കുട്ടി-എം.ടി

തൃശൂർ സാഹിത്യ അക്കാദമിയുടെ പരിപാടിയിലാണ് എം.ടിയും മാധവിക്കുട്ടിയും ഒന്നിച്ചുള്ള ചിത്രമെടുത്തത്. അത് ബ്ലാക്ക് ആന്റ് വൈറ്റിലായിരുന്നു.  അന്നതൊരു സാധാരണ ചിത്രമായിരുന്നു. ഇത്രയും കാലം കഴിഞ്ഞ് ഇന്ന് ആ ചിത്രം കാണുമ്പോൾ എനിക്ക് തന്നെ കൗതുകമാകുന്നു. അവരുടെ പിന്നിൽ അവ്യക്തമായി കവി മുല്ലനേഴിയുമുണ്ട് ആ ചിത്രത്തിൽ.

ഇതേ വർഷം തന്നെ വെള്ളിനേഴിയിൽ കലാമണ്ഡലം രാമൻകുട്ടി നായരുടെ സപ്തതിക്ക് എം.ടി. വരുന്നുണ്ടെന്ന് ന്യൂസ് എഡിറ്റർ കെ.സി. നാരായണൻ പറഞ്ഞു. നമുക്ക് ഒന്നിച്ചു പോകാമെന്നും പറഞ്ഞു. അങ്ങിനെ വെള്ളിനേഴിക്ക് ഞങ്ങൾ കാറിൽ യാത്രയായി. രാമൻകുട്ടി നായരുടെ വീട്ടിലേക്കുള്ള അവസാനത്തെ മൂന്ന് കിലോമീറ്റർ ദൂരം ദുർഘടം പിടിച്ച പാതയാണ്. ഫോർ വീലർ ജീപ്പ് മാത്രമേ ആ വഴിയിൽ പോകൂ. ഞങ്ങൾ ആ ദുർഘട പാതയിലേക്ക് ജീപ്പും കാത്തുനിന്നു. അപ്പോൾ എം.ടിയും ഭാര്യ സരസ്വതി ടീച്ചറും മകൾ അശ്വതിയും അവിടെ കാറിൽ വന്നിറങ്ങി. ന്യൂസ് എഡിറ്റർ കെ.സി. സാർ എന്നോടു പറഞ്ഞു, 'സന്തോഷേ അടുത്ത ഒരു ജീപ്പ് വരും. എന്തുവന്നാലും ശരി അതിൽ നീ കയറിയിരിക്കണം.' കുറച്ചു കാത്തുനിന്നപ്പോൾ ഒരു ജീപ്പ് വന്നു. എം.ടി സാർ ജീപ്പിന്റെ മുന്നിൽ കയറി. പിന്നിൽ സരസ്വതി ടീച്ചറും അശ്വതിയും പിന്നെ കുറേ ആളുകളും. ന്യൂസ് എഡിറ്ററുടെ വാക്കുകൾ ഓർത്ത ഞാൻ എങ്ങിനെയോ ജീപ്പിൽ കടന്നുകൂടി. ഏകദേശം 14 പേരുണ്ടായിരുന്നു ആ ജീപ്പിൽ. കുത്തനെയുള്ള കയറ്റിറക്കങ്ങൾ, എം.ടി.യോടൊപ്പം ശരിക്കും ഒരു ഓഫ് റോഡ് യാത്ര! പതിനൊന്നു മണിയോടെ വെള്ളിനേഴിയിലെത്തിയപ്പോൾ അവിടെ രാമൻകുട്ടി നായരും ഭാര്യ സരസ്വതിയും ചേർന്ന് എം.ടിയേയും കുടുംബത്തേയും സ്വീകരിക്കാൻ കാത്തുനില്പ്പുണ്ടായിരുന്നു.

പ്രമുഖരായ പല കഥകളി ആചാര്യന്മാരും അന്ന് അവിടെ ഉണ്ടായിരുന്നെങ്കിലും മുഖ്യം ആകർഷണം എം.ടി. തന്നെയായിരുന്നു. പിന്നീട് 1995-ൽ എം.ടിക്ക് ജ്ഞാനപീഠം ലഭിച്ചപ്പോൾ അദ്ദേഹത്തിന് ജന്മനാടായ കൂടല്ലൂരിൽ ഒരു വൻ സ്വീകരണം നല്കിയതിന്റെ ചിത്രങ്ങളെടുക്കാൻ ഞാനും പോയിരുന്നു. അന്ന് കൂടല്ലൂരിൽ വെച്ചെടുത്ത നിളാ നദിയുടെ ചിത്രമാണ് 'എം.ടി - കാലത്തിന്റെ കാല്പാടുകൾ' എന്ന എന്റെ ഫോട്ടോ ബുക്കിലെ ഒന്നാം പേജിലുള്ളത്.

വർഷങ്ങൾ കഴിഞ്ഞു, 1997-ൽ ഞാൻ കോഴിക്കോട്ടേക്ക് ട്രാൻസ്ഫറായി വന്നു. അതിൽപ്പിന്നെ ഇടയ്ക്കിടെ എം.ടി.യെ കാണാമെന്നായി. ആ കാലത്തൊക്കെ ചെറിയ പരിപാടികൾക്കുപോലും എം.ടി. വരാറുണ്ടായിരുന്നു. ഏത് പരിപാടിക്കും എം.ടി. കൃത്യസമയത്തു തന്നെ എത്തും. പരിപാടി തുടങ്ങാൻ വൈകിയാൽ അക്ഷമനാകുന്നതും കാണാമായിരുന്നു. അത്രയ്ക്കും സമയത്തിന് വില കല്പിച്ച ആളായിരുന്നു അദ്ദേഹം. ഒരിക്കൽ കോഴിക്കോട് ടൗൺഹാളിൽ ഒരു സാംസ്‌കാരിക പരിപാടിക്കു വന്നതായിരുന്നു അദ്ദേഹം. എന്നാൽ സംഘാടകരെയൊന്നും കാണാനുമില്ല. സിനിമാറ്റിക് ഡാൻസ് അരങ്ങുതകർക്കുന്നുമുണ്ട്. പിന്നെ ഒട്ടും സമയം കളയാതെ അദ്ദേഹം തിരിച്ചുപോയി.

 ചെറുപുഞ്ചിരിയായി മാതൃഭൂമി പുരസ്‌കാരം

2005-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം എം.ടി. വാസുദേവൻ നായർക്കായിരുന്നു. പുരസ്‌കാരം പ്രഖ്യാപിച്ച അന്ന് വൈകീട്ട് ന്യൂസ് എഡിറ്റർ സുരേഷ് ബാബുവേട്ടൻ വിളിച്ചു. എം.ടി. നേരെ നോക്കി ചിരിക്കുന്ന ഭംഗിയുള്ള ഒരു ഫോട്ടോ ഒന്നാം പേജിലേക്ക് വേണമെന്ന് പറഞ്ഞു. അങ്ങിനെ  ഫോട്ടോ എടുക്കാൻ ആദ്യമായി അനുവാദം ചോദിച്ചു കൊണ്ട് എം.ടി.യുടെ കോഴിക്കോട് കൊട്ടാരം റോഡിലെ 'സിത്താര'യിലെത്തി. ഞാൻ ചെന്നപ്പോൾ എം.ടി. ഷർട്ട് ഇട്ടിട്ടുണ്ടായിരുന്നില്ല. എന്റെ മനസ്സിൽ മാതൃഭൂമി പുരസ്‌കാര വാർത്തയോടൊപ്പം എം.ടി. നല്ല ഷർട്ടൊക്കെയിട്ട് പുഞ്ചിരിച്ചു നില്ക്കുന്ന ഒരു ചിത്രമാണല്ലോ. 'ഷർട്ടിട്ടാൽ നന്നായിരുന്നു',  ഞാൻ കാര്യം പറഞ്ഞു. ഉടൻ ഒരു ഷർട്ടുമിട്ട് മുടി ചീകി വേഗം ഫോട്ടോ എടുത്തോ എന്ന മട്ടിൽ എം.ടി മുന്നിൽ വന്നുനിന്നു. ഞാൻ രണ്ട് ചിത്രം എടുത്തു. പക്ഷേ, എന്റെ മനസ് പോരാ പോരാന്ന് എന്നു പറഞ്ഞു. കാരണം പുഞ്ചിരിക്കുന്ന എം.ടിയുടേത് ആണല്ലോ എന്റെ മനസിൽ നിറഞ്ഞുനിൽക്കുന്ന ചിത്രം. പക്ഷേ, എങ്ങിനെ അത് അദ്ദേഹത്തോട് പറയും? ഒടുവിൽ ഗതികെട്ട് ഞാൻ പറഞ്ഞു, 'സാർ, സാറിന്റെ കുറേ ചിത്രങ്ങൾ ലൈബ്രറിയിലുണ്ട്. അതൊന്നുമല്ലാത്ത നല്ല Pleasant ആയ ഒരു ചിത്രമായിരുന്നു വേണ്ടത്'. അതുവരെ കണ്ട എം.ടി.യെയായിരുന്നില്ല പിന്നെ കണ്ടത്. നവരസങ്ങളിലെ ചില ഭാവങ്ങൾ ആ മുഖത്ത്  മിന്നിമാഞ്ഞു, 'ഹേ മിസ്റ്റർ ഞാൻ ഇങ്ങനെയാണ്'. എം.ടി.യുടെ കനത്ത ശബ്ദം കാതിൽ മുഴങ്ങി. ചിരിയ്ക്കാൻ പറഞ്ഞ ഞാൻ കരച്ചിലിന്റെ വക്കിലെത്തി. പക്ഷേ പിൻമാറാതെ ദേഷ്യം പിടിച്ച മുഖഭാവങ്ങളും സങ്കടത്തോടെ ഞാൻ പകർത്തി. (പിന്നീട് ഞാൻ എന്നോടുതന്നെ ചോദിച്ചിട്ടുണ്ട്, സന്തോഷേ നിനക്കെങ്ങനെയാണ് അദ്ദേഹം ദേഷ്യം പിടിച്ച ഭാവങ്ങൾ പകർത്താനുള്ള ധൈര്യം കിട്ടിയതെന്ന്!) അങ്ങനെ നിൽക്കുമ്പോഴതാ എം.ടി. പതിയെ പുഞ്ചിരിക്കുന്നു. സങ്കടം സന്തോഷത്തിന് വഴിമാറിയെന്ന് പറയേണ്ടല്ലോ. എന്റെ ഫ്ളാഷുകൾ തുടരെ മിന്നി. സത്യത്തിൽ ആ പുഞ്ചിരി എനിക്കു വേണ്ടി മാത്രം ആയിരുന്നല്ലോ. 

placeholder
എം.ടി, ഫോട്ടോ കെ.കെ സന്തോഷ്
എം.ടി. ഫോട്ടോ: കെ.കെ.സന്തോഷ്

ആ ചിത്രം പിറ്റേന്ന് അവാർഡ് വാർത്തയോടൊപ്പം പത്രത്തിന്റെ ഒന്നാം പേജിൽ വന്നു. പിന്നീട് എത്രയോ അവാർഡുകളിലും എം.ടി. പുസ്തകങ്ങളിലും ആ ചിരിക്കുന്ന ചിത്രം പ്രിന്റ് ചെയ്തുവന്നു. അതു കാണുമ്പോഴൊക്കെയും വെറുതെ എന്റെ ഉള്ളിലൊരിളം പുഞ്ചിരി നിറയും.

ആ ഫോട്ടോയെടുപ്പിൽ പിന്നെയായിരുന്നു എം.ടി. എന്ന ആ മഹാമനുഷ്യനെ കൂടുതൽ ശ്രദ്ധയോടെ വീക്ഷിക്കാൻ തുടങ്ങിയത്. 2006-ലെ മുഷ്താഖ് സ്‌പോർട്‌സ് ഫോട്ടോഗ്രാഫി അവാർഡ് എനിക്കായിരുന്നു, നല്ല പുഞ്ചിരിയോടെ സമ്മാനിച്ചത് എം.ടിയും.

 കാലം കാത്തുവെച്ച നിയോഗം 

എന്റെ കാഴ്ചപ്പാടിൽ കേരളത്തിൽ ഏറ്റവും വിലപിടിപ്പുള്ള രണ്ട് വ്യക്തികൾ അത് രാഷ്ട്രീയം, കല, സാഹിത്യം, കായികം ഏത് മേഖലയെടുത്താലും- ആ രണ്ടുപേർ നമ്മുടെ എം.ടി.യും മറ്റൊന്ന് നമ്മുടെ ഗാനഗന്ധർവൻ യേശുദാസുമാണ്. 

സത്യത്തിൽ എം.ടി. എന്ന മഹാമനുഷ്യന്റെ വലിപ്പവും അദ്ദേഹത്തിന്റെ പെരുമാറ്റരീതികളുമാണ് എന്നെ അദ്ദേഹത്തിലേക്ക് ആകർഷിച്ചത്. സിനിമയിലും സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും പ്രഭാഷണത്തിലും- കൈവെച്ച മേഖലകളിലെല്ലാം ഒന്നാമത് തന്നെയായിരുന്നല്ലോ അദ്ദേഹം. ഇതുപോലൊരാൾ ഇനിയുണ്ടാകുമോ, സംശയമാണ്. എന്തായാലും എന്റെ കാലഘട്ടത്തിൽ ഉണ്ടാകില്ലെന്ന് തോന്നുന്നു.

ഓരോ തവണ എം.ടിയുമായി കാണുമ്പോഴും സംസാരിക്കുമ്പോഴും അദ്ദേഹത്തോടുള്ള സ്‌നേഹവും ആദരവും കൂടുകയേ ഉള്ളൂ. ചിലർ പറയാറുണ്ട് എം.ടി. കുറച്ചേ സംസാരിക്കൂവെന്ന്, എന്നാൽ മെല്ലെ തുടങ്ങി സംസാരം ഇഷ്ടമായാൽ പിന്നെ അദ്ദേഹം വാചാലനാകും. പിന്നെ നമ്മൾ കേൾവിക്കാർ മാത്രമാകും.

സംസാരിക്കാൻ സാഹിത്യം തന്നെ വേണമെന്നില്ല. എന്തിനെ കുറിച്ചും പറയാം, അപ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം പറയും. ഒരിക്കൽ കോവിഡ് നിയന്ത്രണങ്ങളെല്ലാം മാറിയ കാലത്ത് ലോകത്തെ പിടിച്ചുലച്ച ആ പകർച്ചവ്യാധിയെ കുറിച്ച് സംസാരിച്ചുതുടങ്ങിയപ്പോൾ പണ്ടു വന്ന കോളറയെ കുറിച്ചും വസൂരിയെ കുറിച്ചും അദ്ദേഹം പറഞ്ഞു. പുതിയ ഡിജിറ്റൽ ക്യാമറകളെ കുറിച്ച് പറഞ്ഞാൽ അദ്ദേഹം പണ്ട് ഉപയോഗിച്ച ബോക്‌സ് ക്യാമറകളെ കുറിച്ചൊക്കെ പറയും.

ഞാൻ അന്തർമുഖനാണ്, സുഹൃത്തുക്കളല്ലാത്ത ആരോടും അങ്ങോട്ട് കയറി സംസാരിക്കൽ കുറവാണ്. എന്നിട്ടും എം.ടി. സാറിനോട് ചെറിയ അടുപ്പം ഉണ്ടാക്കിയെടുക്കാൻ എങ്ങനെ കഴിഞ്ഞു എന്ന് ഞാൻ സ്വയം അത്ഭുതപ്പെടാറുണ്ട്.

പലപ്പോഴും ആലോചിട്ടുണ്ട്, എന്തുകൊണ്ടാണ് ഈ മനുഷ്യനെ ഞാനറിയാതെ തന്നെ പിന്തുടർന്നു പോയതെന്ന്! അദ്ദേഹത്തിന്റെ വാക്കുകൾ പോലെ 'നിയോഗമാവാം' എന്നു തോന്നുന്നു. 

placeholder
എം.ടി, ഫോട്ടോ കെ.കെ സന്തോഷ്
എം.ടി. ഫോട്ടോ: കെ.കെ.സന്തോഷ്

 എം.ടിയെന്ന സുകൃതം 

വർഷങ്ങൾ കഴിഞ്ഞു. എന്റെ തൊട്ടടുത്തുള്ള, കൈയെത്തും ദൂരത്തുള്ള അല്ലെങ്കിൽ ഒരു വിളിപ്പാടകലെയുള്ള ആ മഹാപ്രതിഭയെ ഡോക്യുമെന്റ് ചെയ്തില്ലെങ്കിൽ ഞാനെന്നോട് തന്നെ ചെയ്യുന്ന നീതികേടാവുമെന്ന് മനസ് പറയാറുണ്ടായിരുന്നു. അങ്ങനെ 2017-ൽ അദ്ദേഹത്തിന്റെ 84-ാം പിറന്നാളിൽ എം.ടി. ചിത്രങ്ങളുടെ മാത്രം ഒരു ഫോട്ടോ പ്രദർശനം നടത്താനുള്ള ആഗ്രഹം അദ്ദേഹത്തെ അറിയിച്ചു. 'അത്രയും ചിത്രങ്ങൾ ഉണ്ടോ', എന്നായിരുന്നു മറുചോദ്യം. ഞാനെടുത്ത, പ്രദർശനത്തിന് വെക്കാവുന്ന ചിത്രങ്ങളെല്ലാം ലാപ്‌ടോപ്പിലാക്കി അദ്ദേഹത്തിന് കാണിച്ചു. ഏതെങ്കിലും ചിത്രം ഒഴിവാക്കണോയെന്നും ചോദിച്ചു. എല്ലാ ചിത്രങ്ങളും അദ്ദേഹത്തിന് ഇഷ്ടമായി. അങ്ങിനെ 'എം.ടി. കാലം- സുകൃതം' എന്ന പേരിൽ ആയിരം പൂർണ ചന്ദ്രൻമാരെ കണ്ട് ശതാഭിഷിക്തനായ എം.ടിയുടെ 84-ാം പിറന്നാളിൽ  കോഴിക്കോട് ലളിതകലാ അക്കാദമിഹാളിൽ കെ. ജയകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രദർശനത്തിന്റെ അവസാന ദിവസം ചിത്രങ്ങൾ കാണാൻ എം.ടി.യുമെത്തി. 115 ചിത്രങ്ങളും കണ്ടു മടങ്ങുമ്പോൾ സന്ദർശക പുസ്തകത്തിൽ എം.ടി. ഇങ്ങനെ കുറിച്ചു, 'മറന്നുപോയ ചില ജീവിത നിമിഷങ്ങളെ വീണ്ടും മനസിലെത്തിച്ച സന്തോഷിന് സ്‌നേഹം, സന്തോഷം, നന്ദി.' ആ വാക്കുകൾ പോലെ എന്റെ മനസിലും സന്തോഷം നിറഞ്ഞു, ഒപ്പം നന്ദിയും.

2023-ൽ എം.ടി.യുടെ നവതി ആഘോഷത്തിൽ തിരൂർ തുഞ്ചൻപറമ്പിലും കോഴിക്കോട് ആർട്ട് ഗ്യാലറിയിലും 'എം.ടി. കാലം - സുകൃതം' എന്ന പേരിൽ തന്നെ ഫോട്ടോ പ്രദർശനം നടത്തി.

പിന്നീട് എം.ടി. ജനിച്ചുവളർന്ന കൂടല്ലൂരിലും മാടത്ത് തെക്കേപ്പാട്ട് തറവാട്ടിലും കുടുംബക്ഷേത്രമായ കൊടിക്കുന്നത്തുകാവിലും മണലാരണ്യമായി മാറിയ നിളാനദിക്കരികിലും ചെറുപ്പത്തിൽ പഠിച്ച കുമരനെല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിലും എം.ടി.യുടെ സന്ദർശനവേളകളിൽ ചിത്രങ്ങളെടുക്കാൻ എനിക്ക് ഭാഗ്യമുണ്ടായി.

പലപ്പോഴും അദ്ദേഹവുമായി അടുത്ത കൂടിക്കാഴ്ച്ചകൾക്കും സംസാരങ്ങൾക്കും അവസരങ്ങളുണ്ടായി. പഴയ കാലത്തെ പല അനുഭവങ്ങളും വിവരിക്കുമ്പോൾ എനിക്ക് എന്റെ അച്ഛന്റെ വാക്കുകൾ അതിൽ കേൾക്കാം.

അഞ്ച് വർഷം മുമ്പ് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് ഞാൻ ഒരു മാസം ലീവിലായിരുന്നപ്പോൾ പലരും വഴി എന്റെ അസുഖത്തെ കുറിച്ച് അദ്ദേഹം അറിഞ്ഞിരുന്നു. ലീവ് കഴിഞ്ഞ് വീണ്ടും ഞാൻ ജോലിയിൽ പ്രവേശിച്ചത് നിയമസഭാ ഇലക്ഷന്റെ പോളിങ് ദിവസം. അന്ന് വോട്ടു ചെയ്യാൻ കാറിൽ വന്നിറങ്ങിയ എം.ടി. ചുറ്റും വീക്ഷിച്ചു. പത്രക്കാർക്കിടയിൽ എന്നെ കണ്ട അദ്ദേഹം കൈ കൊണ്ട് മാടി വിളിച്ചു. ഞാൻ അടുത്തുചെന്നപ്പോൾ സ്‌നേഹത്തോടെ ഒരു വാക്കു മാത്രം ചോദിച്ചു, 'എങ്ങിനെയുണ്ട് ', ആ ചോദ്യത്തിൽ എല്ലാം ഉണ്ടായിരുന്നല്ലോ.

വഴിവിളക്കാകുന്ന സ്‌നേഹത്തിന്റെ തുള്ളി 

എം.ടി.സാറിന്റെ എല്ലാ കഥകളും വായിച്ചിട്ടില്ലെങ്കിലും കുറേ കഥകൾ ഞാൻ വായിച്ചിട്ടുണ്ട്. അതിൽ പലരും പറയുന്നതുപോലെ പലഘട്ടങ്ങളിലും ഈ കഥാപാത്രം ഞാൻ തന്നെയാണോ എന്ന് നമുക്ക് തോന്നിപ്പോകും. അദ്ദേഹത്തിന്റെ കഥകളിലുള്ള ചില ദർശനങ്ങൾ- 'ഏത് ശൂന്യതയിലും എന്തെങ്കിലും പ്രതീക്ഷിക്കുക, ഏത് കരിമ്പാറക്കുള്ളിലും സ്‌നേഹത്തിന്റെ നീരുറവ കാണാൻ ശ്രമിക്കുക, ഏത് ദുഷ്ടനിലും നന്മയുടെ ഒരംശമെങ്കിലും കാണാനുള്ള ശ്രമം' ഇതൊക്കെ എന്നെ ആകർഷിച്ചിട്ടുണ്ട്.

എവിടെ ചെന്നിറങ്ങിയാലും ഒറ്റനോട്ടത്തിൽ എം.ടി. അവിടം മുഴുവനും ആരൊക്കെയുണ്ടെന്ന് സ്‌കാൻ ചെയ്തിട്ടുണ്ടാകും. ഒരിക്കൽ അദ്ദേഹം കൂടല്ലൂരിലെ മാടത്ത് തെക്കേപ്പാട്ട് തറവാട്ടിൽ പോകുന്നത് ഞാനറിഞ്ഞു. മുമ്പേ ഞാൻ പറഞ്ഞിരുന്നു, അവിടെ പോകുമ്പോൾ എനിക്ക് ചിത്രമെടുക്കണമെന്ന്. അതുകൊണ്ട് ഞാനും വന്നോട്ടെയെന്ന് ചോദിച്ചു. ഒന്നും പറഞ്ഞില്ല, പിറ്റേന്ന് എം.ടി.യുടെ കടുത്ത ആരാധികയായ ജയലക്ഷ്മി ചേച്ചിയോട് പറഞ്ഞു കൂടല്ലൂരിലേക്ക് സന്തോഷും വരുന്നുണ്ടെന്ന്. സത്യത്തിൽ അന്നാണ് എം.ടി. സാറിന് എന്നോട് ചെറിയ ഇഷ്ടം ഉണ്ടെന്ന് എനിക്ക് മനസിലായത്.

2024 ഡിസംബർ 20-ന് ഹൈദരാബാദിൽ സന്തോഷ് ട്രോഫി ഫുട്‌ബോൾ കവർ ചെയ്യുന്നതിനിടെയാണ് എം.ടി. ആശുപത്രിയിലാണെന്നും സീരിയസ് ആണെന്നും ശ്രീകുമാറേട്ടൻ എന്നെ വിളിച്ചു പറയുന്നത്. ഉടനെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ. അലക്‌സാണ്ടറെ വിളിച്ചു ഞാൻ കാര്യം തിരക്കി. സന്തോഷ് പോന്നോളൂ എന്നായിരുന്നു മറുപടി. അന്ന് തന്നെ ഞാൻ കോഴിക്കോട്ടെത്തി, എം.ടി. സാർ മരിക്കുന്നതിന്റെ തലേന്ന് രാത്രി ഐ.സി.യു വിൽ കയറി കണ്ടു. ആ കിടപ്പുകണ്ടപ്പോൾ എനിക്കുറപ്പായി, ഇനി ഒരു തിരിച്ചുവരവുണ്ടാകില്ലെന്ന്. എന്നാലും അത്ഭുതങ്ങൾക്കായി ഞാനും പ്രാർത്ഥിച്ചു. പക്ഷേ വിധിയെ തോൽപിക്കാൻ നമ്മുക്കാവില്ലല്ലോ, അങ്ങനെ ആ 'കാലം' നമ്മോടു വിട പറഞ്ഞു. പക്ഷേ മലയാളമുള്ള കാലത്തോളം വഴി വിളക്കായി  അദ്ദേഹം പകർന്നുനല്കിയ വെളിച്ചം പ്രകാശിച്ചു കൊണ്ടേയിരിക്കും, യുഗങ്ങളോളം....