'ഒന്നല്ലി കൈയ്യിഹ രചിച്ചിതു നമ്മെയെല്ലാം' എന്ന ബോധം, അബോധവും, പങ്കിടുന്നുണ്ട് നളിനിയും ലീലയും സീതയും സാവിത്രിയും മാതംഗിയും വാസവദത്തയും. എന്നാല്‍, ചില നിരൂപകര്‍ 'ദുരവസ്ഥ'യും 'ചണ്ഡാലഭിക്ഷുകി'യും ആശാന്‍ ഇടംകൈ കൊണ്ടെഴുതിയതാണെന്നും വിലക്ഷണ രചനകളാണെന്നും കരുതി. ദളിത് പക്ഷപാതികളായ ചിലരാകട്ടെ, 'നളിനി'യും 'ലീല'യും വരേണ്യഭാവുകത്വമാണ് പ്രകടിപ്പിക്കുന്നതെന്നും ആശാന്റെ വലതുപക്ഷ നിലപാടാണവയില്‍ പ്രതിഫലിക്കുന്നതെന്നും എന്നാല്‍, 'ദുരവസ്ഥ'യും 'ചണ്ഡാലഭിക്ഷുകി'യും ആശാന്റെ ഇടതുപക്ഷ രചനകളാണെന്നും അവകാശപ്പെട്ടു. അവ പരസ്പരം റദ്ദാക്കുന്നില്ലെന്നും പരസ്പരം സാധൂകരിക്കുന്നതേയുള്ളുവെന്നും അവയിലൊന്നൊഴിയാതെ പ്രകടമാകുന്ന സ്ത്രീപക്ഷരാഷ്ട്രീയവും 'ദുരവസ്ഥ'യിലും 'ചണ്ഡാലഭിക്ഷുകി'യിലും പ്രവര്‍ത്തിക്കുന്ന ദളിത് പക്ഷരാഷ്ട്രീയവും പരസ്പരം നന്നായറിയുമെന്നും 'ചിന്താവിഷ്ടയായ സീത'യില്‍ അവ പ്രകടമായിത്തന്നെ രണ്ടല്ലെന്നും കാണാം. 'നിരുപിക്കില്‍ മയക്കി ഭൂപനെത്തരുണീ പാദജഗര്‍ഹിണി സ്മൃതി' എന്ന സീതയുടെ ആരോപണം നളിനിക്കും ലീലയ്ക്കുമെന്നപോലെ സാവിത്രിക്കും മാതംഗിക്കും ചേരും. ആശാന്റെ നായികമാരിലാര്‍ക്കും ഇണങ്ങുന്ന ആത്മഗതം ആണ് 'കരുതുവതിഹ ചെയ്യ വയ്യ ചെയ്യാന്‍/ വരുതി ലഭിച്ചതില്‍ നിന്നിടാവിചാരം 'എന്നത്. ചിലരതിന് കീഴടങ്ങുന്നു, ചിലരതിനെ മറികടക്കുന്നു. എല്ലാവരും അതില്‍ വിമ്മിട്ടപ്പെടുന്നു. ആശാന്റെ രാഷ്ടീയം ഒന്ന് തന്നെയായിരിക്കെ ഓരോ കൃതിയിലും അത് ഓരോ വടിവെടുക്കുന്നു.

To advertise here,

'കരുതുവതിഹ ചെയ്യവയ്യ ചെയ്യാന്‍
വരുതി ലഭിച്ചതില്‍ നിന്നിടാ വിചാരം
പരമ ഹിതമറിഞ്ഞുകൂടയായു 
സ്ഥിരതയുമില്ലതി നിന്ദ്യമീ നരത്വം'
എന്ന അവസ്ഥ (വ്യവസ്ഥ) 'നളിനി'യിലേക്കാള്‍ തീക്ഷ്ണമായി പ്രതിഫലിക്കുന്നൊരു സന്ദര്‍ഭം ആരാഞ്ഞാണ് ആശാന്‍ 'ലീല'യിലെത്തിയത്. സൗമ്യഗന്ധമുള്ള താമരയാണ് നളിനിയെങ്കില്‍ തീക്ഷ്ണഗന്ധമുള്ള ചെമ്പകമാണ് ലീലയെന്നാശാന്‍ ആമുഖത്തില്‍ പറയുന്നുണ്ട്. നളിനി ഏകാന്തമായൊരു സ്വപ്നമാണെങ്കില്‍ ലീലയില്‍ പ്രതിബിംബിക്കുന്നത് സ്ത്രീജന്മമെടുത്ത ഏവരും ഏറിയോ കുറഞ്ഞോ പങ്കിടുന്ന ഒരു ദുരന്തത്തി ന്റെ അനുഭവസത്യമാണ്. കരുതുവതിഹചെയ്യ വയ്യ എന്ന അവസ്ഥയോട് സാഹസികമായി ഒറ്റയ്ക്ക് പൊരുതി ജയിക്കുന്നു നളിനിയെങ്കില്‍ ലീല തോല്‍വി സമ്മതിക്കുകയാണ്. നളിനി അഭിമുഖീകരിക്കാന്‍ വിസമ്മതിച്ചതിന് ലീല വഴങ്ങുന്നു. ഗേഹവും സുഖവുമൊക്കെ വിട്ട് ഉള്ളില്‍ 'കരുതിയത് ' ചെയ്തു നളിനിയെങ്കില്‍ ലീലയ്ക്ക് ഉള്ളില്‍ കരുതിയത് ചെയ്യാനുള്ള ത്രാണിയുണ്ടായില്ല. ഗുരുജനവചനത്തേയും കുലക്രമത്തേയും താനൊരാള്‍ വിചാരിച്ചാല്‍ ഭഞ്ജിയ്ക്കാന്‍ കഴിയാത്ത തലമുറകളായിത്തുടരുന്ന സ്ത്രീയവസ്ഥയേയും കരുതി ആ 'കുലസുത' അവള്‍ക്കായി നീക്കിവെച്ചതിനെ അനിഷ്ടത്തോടെയാണെങ്കിലും സ്വീകരിച്ചു. ധ്വജാഗ്രത്തില്‍ വക തെറ്റിയേറ്റുവാന്‍ നളിനി വിസമ്മതിച്ചുവെങ്കില്‍ ലീല സമ്മതിച്ചു.

'സ്ഫുടമഥ വക തെറ്റിയേറ്റുമ
 ക്കൊടിയിയലും ധ്വജകോടിയെന്നപോല്‍
 ഒടുവിലവള്‍ വിവാഹമംഗളം
 തടവി ഗളത്തിലനിഷ്ടദര്‍ശനം'. 

കരുതുവതിഹ ചെയ്യ വയ്യ എന്നാരംഭിക്കുന്ന ശ്ലോകത്തിലെ രണ്ടാം ഘട്ടത്തിലെ (രണ്ടാം വരിയിലെ ) സംഘര്‍ഷങ്ങളാണ് ലീലയനുഭവിക്കുന്ന വിധിവിളയാട്ടം. ലീലയിലെ വിധിയുടെ ലീല. കുമാരനാശാന്റെ കവിതകളില്‍ വിധി ദൈവകൃതമല്ല, മര്‍ത്ത്യകൃതമാണ്. അതും ഏതെങ്കിലും വ്യക്തി, ലീലാപിതാവോ രാമനോ, ചെയ്യുന്നതല്ല. അവരെക്കൊണ്ടത് ചെയ്യിക്കുന്ന വ്യവസ്ഥ ചെയ്യുന്നതാണ്. അതാണവയെ രാഷ്ട്രീയമാക്കുന്നത്.' ചെയ്തതില്‍ നിന്നിടാ വിചാരം' എന്നത് ലീലയെ ഇട്ട് പന്താടുന്നു. താന്‍ ആഗ്രഹിച്ച ജീവിതം ലീലയ്ക്ക് ലഭിച്ചില്ല, ലഭിച്ച ജീവിതത്തില്‍ ലീലയ്ക്ക് തൃപ്തി വന്നതുമില്ല. ജീവിതമൊരു പീഡനമായി. അതിനെല്ലാമുള്ള കാരണങ്ങളാവട്ടെ ഇനിയും ഇല്ലാതായിട്ടുമില്ല.

നളിനി അപൂര്‍വ്വമായ ഒരു പ്രതിഭാസമായിരിക്കാം, ലീല ഓരോ വീട്ടിലും തുടരരാവുന്ന ഒരു സാദ്ധ്യത. ചങ്ങമ്പുഴ ലീലയിലെ ആദ്യ ഭാഗം കൊണ്ടാവാം രമണനെയുണ്ടാക്കിയത്. മദനന്‍ രമണന്റ തോഴനാണതിലെന്നത് കൗതുകകരമാണ് ('വിശുദ്ധപ്രണയമെന്ന പുതുഭാവുകത്വത്തിന്റെ ശുക്രനക്ഷത്രമായ ആശാന്റെ ലീലയില്‍ നിന്നാവാം രമണന്റെ വരവ്. ലീലയില്‍ ലീലാകാമുകനായ മദനനെ രമണാ എന്നഭിസംബോധന ചെയ്യുന്ന ഒരു സന്ദര്‍ഭമുണ്ട്.' അഹഹ രമണ സാര്‍ത്ഥമാസ്സുമത്തില്‍/ സഹജരസം ഭവദീയ രാഗയോഗം/ മഹദഭിമത മങ്ങുശീലമോരാന്‍ / സഹചരരേകനിദര്‍ശനം മഹാത്മന്‍. 'ചങ്ങമ്പുഴയുടെ നായകന്റെ പേരും രാഗയോഗവും ആദര്‍ശശുദ്ധിയും സഹചരര്‍ക്കുള്ള ഏക നിദര്‍ശനം എന്ന അഭിനന്ദനവും ഈ ശ്ലോകത്തില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരി ക്കുന്നു. ഈ ശ്‌ളോകത്തില്‍ നിന്നാവാം രമണനും രമണനെന്ന കാവ്യത്തിലെ വിശദാംശങ്ങള്‍ പോലും ഒറ്റയടിക്ക് പൊട്ടിപ്പുറപ്പെട്ടതെന്നും തോന്നാവുന്നതാണ്. രോമാഞ്ചം നൊടിയിടയില്‍ പൂക്കളായി വിടരുന്നൊരാരാമമായിരുല്ലോ ചങ്ങമ്പുഴ. രമണന്‍ മദനന്റെ പര്യായം പോലെ ഒരിക്കലും പിരിയാത്ത കൂട്ടുകാരനായി മാറുന്നത് പോലും ഈ ശ്‌ളോകത്തില്‍ നിന്നാവാം.

'ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ കരളല്ലോ നീയെന്റെ ജീവനല്ലേ 'എന്നും ' ഒറ്റ ഞെട്ടില്‍ വിടര്‍ന്ന് സൗരഭം മുറ്റിടും രണ്ടു പൂക്കള്‍ പോല്‍' എന്നും ഉള്ള കാവ്യഭാഗങ്ങള്‍ മദനരമണന്മാര്‍ ഒന്നാണെന്നും ആവര്‍ത്തിച്ച് കാട്ടുന്നു. ഈ സന്ദര്‍ഭങ്ങളില്‍ തീരുന്നില്ല ലീലയും രമണനും തമ്മിലുള്ള ബന്ധുത്വം. രമണനിലെ ഇതിവൃത്തം ലീലയിലുണ്ടെന്നും ലീലയുടെ പ്രഥമാങ്കത്തില്‍ രമണനിലെ പ്രേമവായ്പും മദനനുഭവിച്ചിരിക്കാവുന്ന ആത്മസംഘര്‍ഷവും ഭാവന ചെയ്യാന്‍ ബുദ്ധിമുട്ടില്ല. ഒരു സ്വച്ഛന്ദപ്രണയം, മകളുടെ ഹിതത്തെ ഗൗരവത്തിലെടുക്കാത്ത പിതാവ്, 'ഗുരുജനവചനം, കുലക്രമം തരുണികള്‍ തന്നുടെയസ്വതന്ത്രത' ഇവയെല്ലാം കരുതി കാമിതം മറച്ച നായിക. മരണത്തേക്കാള്‍ കഠിനമെന്ന് ആശാന്‍ പറയുന്ന ഭ്രാന്തിലേക്കും പിന്നീട് മരണത്തിലേക്കും വീഴുന്ന നായകന്‍ . ഇവയെല്ലാം രമണനിലുമുണ്ട്. രമണന്റെ പൂര്‍വ്വജന്മമാണെന്ന് പറയാം ആ ചാരുതരാന്തരംഗനായ മദനനെ.

'ചെയ്യാന്‍ വരുതിലഭിച്ചതി 'നോടിണങ്ങി രമണനിലെ ലീല - ചന്ദ്രിക - കാന്തനെ കുരുതി കൊടുത്തു. ഭര്‍ത്താവിനൊപ്പം സസുഖം (!) ജീവിച്ചു. ലീലയാവട്ടെ തരംഗലീലയില്‍ തടശില പോലെ ജീവിച്ചു. ഇതില്‍ രണ്ടിലൊരു വഴി സ്വീകരിച്ച് മലയാളികുടുംബിനികളില്‍ നിരവധി പേര്‍ ചിലര്‍ കുറ്റബോധത്തോടെയും ചിലര്‍ ആത്മാനുകമ്പയോടെയും ജീവിച്ചു. ബഷീറിന്റെ നായികമാരില്‍ ഒരുവളെ ഭര്‍ത്താവ് പൂവന്‍ പഴമാണെന്ന് പറഞ്ഞ് പുളിയുള്ള മധുരനാരങ്ങ തീറ്റിക്കുന്നുണ്ട്. രമണന്റെ ലീല അത് സ്വാദോടെ തിന്നുന്നു. അസ്സല്‍ പൂവമ്പഴം എന്ന് സമ്മതിക്കുന്നു.

 രമണന്‍ മധുരനാരങ്ങ പോലെ വിറ്റഴിക്കപ്പെട്ടു എന്ന് നിരൂപകനായ മുണ്ടശ്ശേരി പറയുന്നുണ്ട്. ആശാന്റെ ലീല അടിച്ചേല്‍പ്പിക്കപ്പെട്ട നാരങ്ങയിലൊരു സ്വാദും കണ്ടില്ല. സഹിക്കാനാവാതായപ്പോള്‍ അതെറിഞ്ഞുകളയുകയും ചെയ്തു.

 ഉദയപുരത്തില്‍ അരാവലി മലയുടെ താഴ്വാരത്തില്‍ വൈശ്യകുലത്തിന്റെ നാഥനായ അര്‍ത്ഥപാലകന് പുത്രിയായി ഒരവി കലമാനുഷരൂപമാധുരി പിറന്നു. ലീല. നിശിതകുശാഗ്രബുദ്ധിയായ അവള്‍ വാസനയ്‌ക്കൊത്തവണ്ണവും മഹാസമ്പന്നനായ പിതാവിന്റെ അവസ്ഥയ്ക്കനുരൂപമായി ലഭ്യരായ വിദഗ്ദ്ധരായ ആചാര്യന്മാരുടെ സാഹചര്യത്തിനൊപ്പവും വിദ്യയും കലകള്‍ പലതും അഭ്യസിച്ചു. അവള്‍ 'മോദവുമാര്‍ന്നു ബോധവും'. ഗുണവതിയായ ലീല സദനനികടവര്‍ത്തിയും തുല്യഗുണഗണങ്ങളുള്ളവനുമായ മദനനുമായി പ്രണയത്തിലായി. അവളാല്‍ പില്‍ക്കാലത്ത് തിരസ്‌കൃതനായപ്പോള്‍ അവന്‍ നയിച്ച ജീവിതം പറയും അവന്റെ യോഗ്യത.

'അപഥമതിലവന്‍ നടന്നതി
ല്ലപരയെയോര്‍ത്തതുമില്ല നാരിയായ്
അപകൃതനവളോട് വൈരമി
ല്ലപചയമാര്‍ന്ന തുമില്ല സൗഹൃദം.
' അവളുടെ ഗുണകാംക്ഷിയ പിതാവ് അവളോടാരായാതേ അവള്‍ക്കനുരൂപനെന്നയാള്‍ക്ക് ബോദ്ധ്യപ്പെട്ട ഒരു പ്രഭുകു മാരനെ മകള്‍ക്കായി നിശ്ചയിക്കുന്നു. ഗുരു ജനവചനവും കലക്രമവും തരുണികള്‍ക്കുള്ള അസ്വതന്ത്രയും ഓര്‍ത്ത് ആ കുലസുത കാമിതം പിതാവിനെ അറിയിച്ചതുമില്ല. വിധിയെന്ന നദിയെ മുറിച്ചുകടക്കാന്‍ അവളിലെ ജന്തുതയ്ക്കായതുമില്ല. വിവാഹിതയായ ലീലയ്ക്ക് വേണ്ടതെല്ലാം അതിലധികവും ആ യോഗ്യനായ ഭര്‍ത്താവും നല്‍കി. പക്ഷെ, കിട്ടിയതില്‍ തൃപ്തി വന്നില്ല ഹൃദയവതിയായ അവള്‍ക്ക്. മദനനോട് സ്‌നേഹം വര്‍ദ്ധിച്ചതല്ലാതെ കുറഞ്ഞതുമില്ല.

'വരസുഖവിഭവങ്ങള്‍ മേല്‍ക്കു മേല്‍
 വരനങ്ങളുന്നതവള്‍ക്ക് ദുഃഖമായ്
 നര ഹൃദയമതിന്നു ഭാവനാ 
പരികരമെങ്ങനെ, ഭോഗമങ്ങനെ.'
അവളുടെ ഇച്ഛയ്ക്ക് വിരുദ്ധമായി ആ കുലസുത ആവുന്നത്ര തന്റെ ഭര്‍ത്താവിനോടിണങ്ങി; പ്രത്യക്ഷത്തില്‍ മാത്രം. തരംഗലീലയില്‍ തടശിലപോലെ അയാളുമൊത്തുള്ള രതിയില്‍ അവളിളകാതെ നിന്നു.' മനസ്വിമാര്‍ മനസ്സൊഴിവതശക്യമൊരാളിലൂന്നിയാല്‍' .
ജീവിതം അവള്‍ സഹിക്കുകയായിരുന്നു. എത്രനാള്‍? ആത്മഹത്യയോ കൊലയോ പോലെ എന്തെങ്കിലും സംഭവിച്ചു പോവും മുമ്പ് വിധി അതിന്റെ വലുപ്പം കാട്ടി. (കൊലയുടെ സാധ്യത അവളനുഭവിച്ച അസഹ്യതയില്‍ ദര്‍ശിക്കാനായെങ്കിലും ലീലയിലെ ഗുണവതിയെ ഉള്‍ക്കൊള്ളാനുള്ള ഹൃദയമില്ലാതിരുന്നതിനാനാലാവാം ആത്മഹത്യയുടെ സാദ്ധ്യതകാണാന്‍ മാരാര്‍ക്കായില്ല. കൊലയിലില്ലാത്ത ആത്മാവ് ആത്മഹത്യയിലുണ്ടല്ലോ. കൃതികളുടെ പ്രസിദ്ധങ്ങളായ വായനകളാല്‍ കൂടി പുഷ്ടിപ്പെട്ട പാഠങ്ങളാണ് പിന്നീടുള്ളവര്‍ വായിക്കുക. മരത്തില്‍ കയറാന്‍ അതില്‍ കൊത്തിയ കൊതകള്‍കൂടി ഉതകും. കാവ്യവൃക്ഷങ്ങളോട് നിരൂപകര്‍ അങ്ങനെ കൂടിയാണ് നീതി കാട്ടുക) കൃപ കൊണ്ട് മാത്രം ആര്‍ദ്രയായ ലീലയുടെ സഹനീയശായിയെന്ന പദവിയില്‍പ്പരമൊന്നുമല്ലാതിരുന്ന ആ ഭര്‍ത്താവ് ഒരു നാളില്‍ ഇല്ലാതായി. 

ഭൂമിയിലേറ്റവും സ്വാഭാവികമായ ഒന്നില്‍ അസ്വാഭാവികത കാണേണ്ടതില്ലെന്ന് ആശാന്‍ പറയുന്നുമുണ്ട്, അതിന്റെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരിക്കുന്നു. ഏതായാലും ലീല സ്വതന്ത്രയായി. ഇച്ഛാനുരൂപമായ ജീവിതം അവള്‍ക്ക് തിരിച്ചു കിട്ടി. അതിന് തടസ്സമാവുമായിരുന്ന അച്ഛനമ്മമാരെ വിധി നേരത്തെ നീക്കം ചെയ്തിരുന്നു.' വരിക ഹൃദയനാഥ വൈകി കാണ്മാന്‍' എന്ന് കുതിച്ച അവള്‍ തോഴിയില്‍ നിന്നറിഞ്ഞത് മദനനെക്കുറിച്ചുള്ള സങ്കടവാര്‍ത്തയാണ്. താന്‍ നിരാകരിച്ചതിനാല്‍ സ്ഥിരചിത്തത നഷ്ടപ്പെട്ട മദനന്‍ 'അവശന്‍ബത ലീല ലീലയെന്നവിടെപ്പാടി നടന്നു പോ'ല്‍ എന്നതും അവനിപ്പോള്‍ എവിടെയെന്ന് ആര്‍ക്കുമറിയില്ല എന്നതുമാണ്. ലീല പിന്തിരിയുന്നില്ല. അവന്റെ അവസ്ഥയറിഞ്ഞുള്ള വാത്സല്യ സമ്മിശ്രമായ പ്രേമത്താല്‍ സ്വസ്ഥതയറ്റ ലീല തോഴിയെ അവനെ അന്വേഷിക്കാനയക്കുന്നു. തോഴി ഏറെ അലച്ചിലിന് ശേഷം അവനെക്കാണുന്നു.

കണ്ടാല്‍ തിരിച്ചറിയില്ല, ജനസമ്പര്‍ക്കമില്ലാ, കണ്ടിടത്ത് കാണില്ല.' അഥവാ മൃതകല്‍പ്പനി പ്പൊഴാ- / പ്രഥമാ ന പ്രണയാര്‍ത്ത,നോര്‍ക്കുകില്‍/ കഥയും, സുകുമാരി, പിന്നെ നിന്‍/ വ്യഥയും നീട്ടുവതെന്തിനിന്നു ഞാന്‍'. അവനെ മറക്കുകയാണുചിതം. ലീല പക്ഷെ സ്വേച്ഛയെ കൈവിടുന്നില്ല. തടസ്സങ്ങളാ പ്രണയിനിയെ ഊര്‍ജ്ജ്വസ്വലയാക്കുന്നതേയുള്ളൂ വിന്ധ്യാടവീതടത്തിലെവിടേയോ അലയുന്ന ആ അസ്ഥിമാത്രശേഷനിലേക്ക് ആ അസഹായനാരിമാര്‍ പുറെപ്പടുന്നു. സ്വേച്ഛയിലേക്കുളള സ്ത്രീയുടെ യാത്രയില്‍ നേരിടേണ്ട ദുര്‍ഘടങ്ങളെല്ലാമുള്ള യാത്രയുടെ പ്രതിരൂപമായ ഒരു യാത്ര.' അത് പോട്ടെ, സുദീര്‍ഘയാത്രയാ -/ണതുമല്ലോര്‍ക്ക,സുഖാസനോ ചിതേ,/ അതിഭീകരമെങ്ങ് വിന്ധ്യപ/ ദ്ധതി? നാമെങ്ങസാഹനായികമാര്‍'. 
     
അവര്‍ ലക്ഷ്യത്തിലെത്തുന്നു. അവനിഷ്ടമായ ചെമ്പകഗന്ധം അവനെവിടേയുണ്ടെന്ന് ലീലയ്ക്ക് കാട്ടുന്നു. വധുവിനുചിതതമായ രീതിയില്‍ അണിഞ്ഞൊരുങ്ങി അവള്‍ അവനരികിലെത്തുന്നു. പൈതലിനെയമ്മയെന്ന പോലെ ആലിംഗനം ചെയ്യുന്നു. അവളുടെ ബാഹുബന്ധം വിടുര്‍ത്തി അവന്‍ രേവാനദിയിലേക്ക് ചാടുന്നു. വിടുകയില്ലെന്ന് അവള്‍ പുറകേയും. മരണം വരിച്ചുകൊണ്ടാണെങ്കിലും അവള്‍ സാക്ഷാത്ക്കരിച്ചത് നിലവിലെ ' അഭിജനസങ്കടദേശചര്യയുടെ' മരണത്തിന് ശേഷം മാത്രം പ്രത്യക്ഷപ്പെടാന്‍ പോകുന്ന നവജന്മത്തിന്റെ പ്രതിനിധാനമായിട്ടാണ്. 'മുമ്പില്‍ തദാ/ ഹാ സിക്താംഗരതീവസുന്ദരര്‍, യുവ സ്ത്രീപുംസചിഹ്നം പരം/ ഭാസിക്കും പരിവേഷമാര്‍ന്ന, വദനശ്രീ പൂണ്ട രണ്ടാളുകള്‍'. വിരതഗതിയായില്ല സംസാര ചക്രമെന്നും സ്വന്തം ഇച്ഛ ജീവിക്കാന്‍ സ്ത്രീപുരുഷന്മാര്‍ക്ക് കഴിയുന്ന കാലം സമീപത്തല്ലെങ്കിലും വിദൂരത്തെങ്കിലുമുണ്ട് എന്നും അതിനുള്ള ബലിയായി തങ്ങളുടെ മരണങ്ങളെ സ്വീകരിക്കണമെന്നും സൂചിപ്പിക്കയാണ് തോഴിയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ആ അതീവസുന്ദരര്‍.