ലെനിൻ എന്ന ഓർമ്മയില്ലാതെ റഷ്യ, യുക്രൈൻ, ജോർജിയ, ഉസ്ബെക്കിസ്താൻ, കസാഖിസ്താൻ, ഹംഗറി, റൊമാനിയ, കിഴക്കൻ ജർമനി തുടങ്ങിയ രാജ്യങ്ങൾ ജീവിക്കാൻ തുടങ്ങിയിട്ട് മുപ്പത്തഞ്ചു കൊല്ലങ്ങളായിരിക്കുന്നു. പഴയ സോവിയറ്റ് യൂണിയനിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ലെനിൻ സ്മരണയില്ലാത്ത ഒരു ദിവസം പോലും ഏതാണ്ട് എഴുപതു വർഷങ്ങളിൽ ഇല്ലായിരുന്നു. അവിടുത്തെ സർക്കാർ സംവിധാനത്തിന് അതിന്റെ ആവശ്യമുണ്ടായിരുന്നു. രാഷ്ട്രീയത്തിൽ ഓർമ്മകളുടേയും ആസൂത്രണമുണ്ട്. പുരാതന ഈജിപ്തിൽ മുപ്പത്തിനാലു കൊല്ലങ്ങളേ റാംസെസ്സ് രണ്ടാമൻ ഫറവോ ആയി ജീവിച്ചുള്ളൂ എങ്കിലും അദ്ദേഹമുണ്ടാക്കിയ അതിഭീമൻ സ്വന്തം ഛായാപ്രതിമകൾ കാലത്തെ അതിജീവിച്ച് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ചില ഓർമ്മകൾ പ്രതിമകൾ മാത്രമായി മാറും. അതിനാലാണ് 1990-കളിൽ ലെനിനെ മാത്രമല്ല, ലെനിന്റെ പ്രതിമകളേയും കടപുഴക്കിയത്.

To advertise here,

1915-ലാണ് ദക്ഷിണാഫ്രിക്കയിൽനിന്നു മോഹൻ ദാസ് കരം ചന്ദ് ഗാന്ധി ഇന്ത്യയിലെത്തിയത്. അന്നുമുതൽ ഇന്നുവരെ, 2025 വരെ, അതായത് ഏതാണ്ട് 110 വർഷങ്ങളോളം ഇന്ത്യൻ ഓർമ്മയിലെ സജീവതയാണ് ഗാന്ധി. കവലകളിൽ ഗാന്ധിപ്രതിമകൾ ഉള്ളതുകൊണ്ടല്ല അത്. എന്നാൽ, മനുഷ്യചരിത്രത്തിൽ 110 വർഷങ്ങളെന്നത് ചെറിയ കാലമാണ്. ലോകാവസാനം വരെ ഒരു രാജ്യം എന്ന നിലയിൽ ഇന്ത്യ ഗാന്ധിയെ ഓർത്തിരിക്കുമെന്ന് ആരും കരുതരുത്. ലോകാവസാനം വരെ ഇന്ത്യ എന്ന രാജ്യവും നിലനിൽക്കുമെന്ന് ആരും കരുതരുത്. അങ്ങനെയൊരു പതിവ് ലോകചരിത്രത്തിനില്ല.

ദൈവങ്ങളെപ്പോലും മറക്കുന്നു, പിന്നെയല്ലേ സാമ്രാജ്യങ്ങളേയും മനുഷ്യരേയും. പുരാതന ഈജിപ്തിൽ രാ, ഐസിസ്, ഓസിരിസ്, ഹോറസ് എന്നൊക്കെയായിരുന്നു ദേവതമാർ, ഇന്നവിടെ 95 ശതമാനത്തോളം സുന്നി മുസ്ലീങ്ങളാണ്. ഇന്നത്തെ തുർക്കിയിൽ പണ്ടെത്രയോ കാലം പിതാവും പുത്രനും പരിശുദ്ധാത്മാവുമായിരുന്നു ദൈവകേന്ദ്രങ്ങൾ, അങ്ങനെയല്ലല്ലോ ഇപ്പോൾ. ഭാവിയിൽ ഈജിപ്തിലും തുർക്കിയിലും ഇന്ത്യയിലും ഇപ്പോൾ ഉള്ളതിൽനിന്നും വ്യത്യസ്തരായ ദൈവങ്ങളുണ്ടാകും, അതു തീർച്ചയാണ്. ചരിത്രത്തിൽ എല്ലാ എടുപ്പുകളും പൊടിപടലങ്ങളായി പടർന്നുമായും. അതുപോലെ ഇന്ത്യയും ഗാന്ധിയെ മറക്കും. ഗാന്ധിയെ മറക്കുന്നതിനും മുൻപേ ലോകം സവർക്കറെയും മോദിയേയും ഒരു പക്ഷേ ഇന്ത്യയെത്തന്നെയും മറക്കും. മഹാകാലത്തിൽ മനുഷ്യനുണ്ടാക്കിയ നൂറ്റാണ്ടുകൾ നിമിഷമാത്രകളാണ്. മനുഷ്യരുണ്ടാക്കിയ ദൈവങ്ങളും മനുഷ്യരും നിമിഷപുത്രന്മാരും നിമിഷപുത്രികളുമാണ്.

അതിനാൽ നരേന്ദ്ര മോദി എന്ന നിമിഷപുത്രൻ 2005-ലെ Mahatma Gandhi National Rural Employment Guarantee Act എന്ന നിയമത്തിലെ ഗാന്ധിനാമം എടുത്തുമാറ്റിയതിൽ അത്ഭുതപ്പെടേണ്ടതില്ല. ഗാന്ധിപ്രതിമകളും എടുത്തുമാറ്റിയെന്നുവരാം. ഡൽഹിയിലെ ആളുകൾ തിരിഞ്ഞുനോക്കാത്ത കോറോണേഷൻ പാർക്കിൽ ഒരു കൂറ്റൻ പ്രതിമ നിൽക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ഭരണകേന്ദ്രത്തിൽ തല ഉയർത്തിനിന്നിരുന്ന ജോർജ് അഞ്ചാമൻ ബ്രിട്ടീഷ് രാജാവിന്റെ പ്രതിമ. പണ്ടത് നിന്നിരുന്നത് ഇന്ത്യ ഗേറ്റിലായിരുന്നു, ആ പ്രതിമയുടെ തണലിലും തടവിലുമായിരുന്നു ഇന്ത്യയിലെ ഭരണകൃത്യങ്ങൾ നടന്നിരുന്നത്. 1968-ൽ മാത്രമാണ് ആ പ്രതിമ അവിടെനിന്നു മാറ്റിയത്. ആ പ്രതിമ നിന്നിടം പിന്നീടെത്രയോ കാലം ശൂന്യമായിരുന്നു. അവിടെയാണ് ബിജെപി മന്ത്രിസഭ 2022-ൽ ഇരുപത്തെട്ടടി ഉയരമുള്ള പുതിയ പ്രതിമ, നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ, സ്ഥാപിച്ചത്.

ജർമൻ ദാർശനികനായിരുന്ന വാൾട്ടർ ബെന്യാമിൻ ( Walter Benjamin ) ചരിത്രത്തിൽ ഓർമ്മകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. The work of memory collapses time, ഓർമ്മകളുടെ രീതി കാലത്തെ തകർക്കും. ഓർമ്മ എന്നത് ഭൂതകാലത്തെ നിരീക്ഷിക്കാനുള്ള ഉപകരണമാണ്. അതൊരു ഭൂതദർശിനിയല്ല, മറിച്ച് ഒരു നാടകവേദിയാണ്. നാം നിൽക്കുന്ന മണ്ണ് മൃതനഗരങ്ങളെ കുഴിച്ചുമൂടിയ മാദ്ധ്യമമാണ് എന്നതുപോലെ ഓർമ്മകൾ എന്നത് ഭൂതാനുഭവമെന്ന മാദ്ധ്യമമാണ്. ഗാന്ധിയുടെ ചിത കുഴമറിച്ച് ബോസിനെ തിരയുമ്പോൾ അതൊക്കെ ചെയ്യുന്നവർ സ്വന്തം ചിതാഭൂമി തന്നെയാണ് കുഴമറിയ്ക്കുന്നത്.

'ഓർമ്മയുടെ രീതി കാലത്തെ തകർക്കുന്നു' എന്ന ആഴമേറിയ ഉദ്ധരണി അർത്ഥമാക്കുന്നത്, ഓർമ്മ ഭൂതകാലത്തെ വെറുതേ രേഖീയമായി സംഭരിച്ചുവെച്ചിരിക്കുകയാണ് എന്നല്ല; അത് വിദൂരഭൂതനിമിഷങ്ങളെ നമ്മുടെ വർത്തമാനത്തിലേക്ക് കൊണ്ടുവരികയും അവയെ നാം ജീവിക്കുന്ന കാലവുമായി സംയോജിപ്പിക്കുകയും പുനർവ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട് എന്നാണ്. കാലക്രമത്തെ മറികടക്കുന്ന ചില സവിശേഷ ബന്ധങ്ങൾ അങ്ങനെ അത് വെളിപ്പെടുത്തുന്നു. ഭൂതകാലത്തെ അങ്ങനെ വർത്തമാനമായി അനുഭവിക്കാൻ നമ്മെ അനുവദിക്കുന്നു, നമ്മുടെ മനസ്സിൽ കാലത്തിന്റെ രേഖീയമല്ലാത്ത ഒരു അനുഭവം സൃഷ്ടിക്കുകയാണ്, പലപ്പോഴും ലളിതമായ ഓർമ്മപ്പെടുത്തലുമായി മാത്രമല്ല, പുതിയ സാധ്യതകളായിട്ടാണ് അവ പ്രവർത്തിക്കുന്നത്.

തൊഴിൽ സുരക്ഷാ പദ്ധതി നിയമത്തിൽ മഹാത്മ ഗാന്ധി എന്ന പേര് നിലനിൽക്കുമ്പോഴും ജോർജ് അഞ്ചാമൻ നിന്ന പ്രതിമാപീഠത്തിൽ നേതാജി ബോസ് നിൽക്കുമ്പോഴും ഭൂതകാലത്തെ നമ്മുടെ വർത്തമാനമായി അനുഭവിക്കുകയാണ് നമ്മൾ ചെയ്യുന്നത്. ആ നിയമത്തിൽനിന്നു ഗാന്ധിജിയുടെ പേര് വെട്ടിക്കളയുമ്പോൾ അത് ഓർമ്മകളുമായുള്ള ആസൂത്രിതമായ ഒരു ഇടപെടലിനെയാണ് സൂചിപ്പിക്കുന്നത്. നമ്മുടെ വർത്തമാനം ഓർമ്മകളുമായി നടത്തുന്ന ഇടപെടലുകളിൽ ലജ്ജാശൂന്യമായ, മലിനമായ അശ്ലീലം ചിലപ്പോൾ ഉണ്ടാകാം. ഓർമ്മകളുടെ ആലയമായ ലൈബ്രറികൾ രാഷ്ട്രീയാധികാരമാറ്റവേളകളിൽ കത്തിച്ചുകളഞ്ഞ സംഭവങ്ങൾ ചരിത്രത്തിൽ എത്രയോ ഉണ്ട്.

വീടുകളിൽനിന്നു ശേഖരിക്കപ്പെട്ട പുസ്തകങ്ങൾ നഗരങ്ങളിലെ നാൽക്കവലകളിൽ തീയിട്ട അനുഭവങ്ങൾ നാസി ജർമനിയിൽ ഉണ്ടായിരുന്നു. ഡോസ്റ്റയെവ്‌സ്‌കിയുടെ കൃതികൾ മുഴുവൻ ലെനിൻ തീയിട്ടതല്ലേ? അതെല്ലാം തന്നെ വർത്തമാനം ഓർമ്മകളുമായി നടത്തുന്ന ഇടപെടലുകളിലുള്ള ലജ്ജാശൂന്യമായ, മലിനമായ അശ്ലീലങ്ങളായിരുന്നു. ഗാന്ധിജി എന്നത് ഒരു വ്യക്തിയല്ല, ഒരു സാംസ്‌കാരിക പ്രതിഭാസത്തിന്റെ വിവരശേഖരമായ ഓർമ്മയാണ്. അതിന് തീയിടുന്നതിൽ രാഷ്ട്രീയമായ അശ്ലീലമുണ്ട്.

കാലത്തെ അതിജീവിക്കുന്ന കൊട്ടാരങ്ങളിൽ ഗാന്ധി താമസിച്ചില്ല. ഒരു ചെറിയ ഭൂചലനത്തിൽ മണ്ണോടുചേരാവുന്ന, മണ്ണിൽ തന്നെ തീർത്ത കുടിലുകളിലാണ് അദ്ദേഹം താമസിച്ചത്. 'മാന്യരായ ബ്രിട്ടീഷുകാരുടെ നേരേ അഹിംസാസമരം നടക്കും. മുസ്സോളിനിയോടോ ഹിറ്റ്‌ലറോടോ നടക്കുമോ?' എന്ന ചോദ്യത്തിന് മഹാത്മ ഗാന്ധിയുടെ ജീവിതം നൽകിയ ഉത്തരം 'എന്റെ ജീവിതം ഒറ്റപ്പെട്ട പ്രതിഭാസമല്ല. അത് മനുഷ്യചരിത്രത്തിലെ അഹിംസയുടെ തുടർച്ചയാണ്' എന്നാണ്.

അതിനാൽ സർക്കാർ പദ്ധതികളിൽനിന്നും ആ പേര് വെട്ടിമാറ്റിയാലും ആ തുടർച്ച നിലനിൽക്കും. ഈ ലേഖനത്തിന്റെ ആദ്യത്തിൽ പറഞ്ഞതുപോലെ 'ലോകാവസാനം വരെ ഒരു രാജ്യം എന്ന നിലയിൽ ഇന്ത്യ ഗാന്ധിയെ ഓർത്തിരിക്കുമെന്ന് ആരും കരുതരുത്. ലോകാവസാനം വരെ ഇന്ത്യ എന്ന രാജ്യവും നിലനിൽക്കുമെന്ന് ആരും കരുതരുത്. അങ്ങനെയൊരു പതിവ് ലോകചരിത്രത്തിനില്ല'. എന്നാൽ ഗാന്ധി എന്ന വിദൂരഭൂതനിമിഷജീവിതം നമ്മുടെ വർത്തമാനത്തിലേക്ക് വരികയും, അത് നാം ജീവിക്കുന്ന കാലവുമായി സംയോജിക്കുകയും, പുനർവ്യാഖ്യാനിക്കുകയും ചെയ്യുമെന്ന് തീർച്ചയാണ്. അടുത്ത ചുവട് ഇന്ത്യൻ കറൻസി നോട്ടുകളിൽനിന്നു ഗാന്ധി ചിത്രം മാറ്റുകയാകാം.

മറ്റൊന്നുകൂടി, ഇന്ത്യയിലെ ഇന്നത്തെ ഹിന്ദുത്വശക്തിയ്ക്ക് ഏറ്റവും അസഹനീയമായ ഓർമ്മ സനാതനിയായിരുന്ന ഗാന്ധിയുടെ ഓർമ്മയല്ല, 'ഹിന്ദുവായി ജനിക്കാൻ വിധിക്കപ്പെട്ട ഞാൻ ഒരു ഹിന്ദുവായി മരിക്കാൻ ഒരിക്കലും സ്വയം ഇടവരുത്തില്ല' എന്ന് പ്രഖ്യാപിച്ച് ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ച ബാബ സാഹെബ് അംബേദ്കറിന്റെ ഓർമ്മയാണ്. ദളിത് വോട്ടുകൾ പോകുമോ എന്ന ഭയമാണ് അംബേദ്കറെ ആക്രമിക്കാതെ നിൽക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. എന്നാൽ മറ്റൊന്നുണ്ട്, ഇന്ത്യൻ പാർലമെറ്റിന്റെ (constituent assembly) സ്വഭാവം മാറ്റി അവർക്ക് പരോക്ഷമായി അംബേദ്കറെ റദ്ദാക്കാൻ കഴിയും. ഈ ലക്കം ആഴ്ചപ്പാടുകൾ പ്രവചിക്കുകയാണ് അതായിരിക്കാം അടുത്ത സുപ്രധാന പടി.
(അവസാനിച്ചു)