
കേരളത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) ഒരു സാധാരണ തൊഴിൽപദ്ധതിയല്ല. രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കാളികളാകുന്ന പൊതുതൊഴിൽ സംവിധാനമാണ് ഇത്. കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഏതാണ്ട് 90 ശതമാനത്തോളം ഗുണഭോക്താക്കളും സ്ത്രീകളാണ്. രാജ്യത്തു തന്നെ ഏറ്റവും ഉയർന്ന സ്ത്രീ പങ്കാളിത്ത നിരക്കാണിത്. ഇവരിൽ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക, ദളിത്–ആദിവാസി വിഭാഗങ്ങൾ, തീരദേശ മേഖലകൾ, വയോധികർ, വിധവകൾ - ഇവർക്കെല്ലാം തൊഴിലുറപ്പ് പദ്ധതി അധികവരുമാനമല്ല; ജീവിതത്തിന്റെ അടിസ്ഥാനമാണ്.
ഈ പശ്ചാത്തലത്തിലാണ് തൊഴിലുറപ്പ് പദ്ധതിയെ പൂർണമായും മാറ്റിസ്ഥാപിക്കുന്നതായി കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്ന ‘വിക്സിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)’ (VB-G RAM G) എന്ന പുതിയ നിയമനിർദ്ദേശം വിലയിരുത്തേണ്ടത്. തൊഴിൽദിനങ്ങൾ 100-ൽ നിന്ന് 125 ആക്കി വർധിപ്പിക്കുന്നുവെന്ന പ്രചാരണത്തിനപ്പുറം പദ്ധതിയുടെ അവകാശസ്വഭാവം തന്നെ മാറ്റിമറിക്കുന്ന ഘടനാപരമായ മാറ്റങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതിന്റെ ഏറ്റവും വലിയ ആഘാതം കേരളത്തിൽ നേരിടേണ്ടി വരുന്നത് സ്ത്രീകൾക്കായിരിക്കും.
കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയും സ്ത്രീകളും
കേരളത്തിലെ സ്ത്രീകളുടെ തൊഴിലുറപ്പ് പങ്കാളിത്തം യാദൃച്ഛികമല്ല. ഉയർന്ന സാക്ഷരതയും സാമൂഹിക വികസനവും ഉണ്ടായിട്ടും, ഗ്രാമീണ, സെമി അർബൻ (നഗര സ്വഭാവം കൈവരിച്ച ഗ്രാമങ്ങൾ) മേഖലകളിൽ സ്ത്രീകൾക്ക് മാന്യമായ, സുരക്ഷിതമായ, നാട്ടിൽ ലഭ്യമായ തൊഴിൽ അവസരങ്ങൾ വളരെ പരിമിതമാണ്. വീട്ടുപണി, കുട്ടികളുടെയും വയോധികരുടെയും പരിചരണം, രോഗി പരിചരണം തുടങ്ങിയ വേതനമില്ലാത്ത ജോലികൾ അഥവാ ബാധ്യതകൾ സ്ത്രീകളുടെ ജോലിക്കായുള്ള യാത്രാ സ്വാതന്ത്ര്യം കുറയ്ക്കുന്നു. തൊഴിലുറപ്പ് പദ്ധതി ഈ സാമൂഹിക ഘടനാപരമായ യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞാണ് പ്രവർത്തിച്ചത്. വീട്ടിനടുത്ത്, ആവശ്യപ്പെട്ടാൽ, നിയമപരമായ അവകാശമായി തൊഴിൽ നൽകുന്ന സംവിധാനമായിരുന്നു ഇത്. കരാറുകാരോ ഇടനിലക്കാരോ ഇല്ലാതെ, സ്ത്രീകൾക്ക് നേരിട്ട് ജോലി ആവശ്യപ്പെടാനും വേതനം ലഭിക്കാനും ഈ സംവിധാനം വഴിയൊരുക്കി. അതുകൊണ്ടാണ് കേരളത്തിൽ തൊഴിലുറപ്പ് പദ്ധതി സ്ത്രീകളുടെ തൊഴിൽ അഥവാ സാമ്പത്തിക പൗരത്വത്തിന്റെ അടിത്തറയായത്.
‘വികസനം’എന്ന പേരിൽ അവകാശനഷ്ടം
മാതൃഭൂമി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതുപോലെ, VB-G RAM G ബിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഡിമാൻഡ് ബേസ്‌ഡ് (ആവശ്യത്തെ അടിസ്ഥാനമാക്കിയ) അടിസ്ഥാന തത്വം മാറ്റി നോർമേറ്റീവ് അലോക്കേഷൻ (മുൻകൂട്ടി നിശ്ചയിച്ച വിഹിതം) എന്ന സംവിധാനത്തിലേക്ക് മാറുന്നു. ഓരോ സംസ്ഥാനത്തിനും കേന്ദ്ര സർക്കാർ വാർഷിക വിഹിതം നിശ്ചയിക്കും. ആ പരിധിക്കപ്പുറം തൊഴിൽ നിയമപരമായി ആവശ്യപ്പെടാൻ കഴിയില്ല. ഇത് സ്ത്രീകളുടെ തൊഴിൽ കമ്പോളത്തിലെ നിലനില്പിനെ വലിയ തോതിൽ ബാധിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ സ്ത്രീകൾക്ക് തൊഴിൽ ലഭിച്ചത് അവരുടെ സാമൂഹികശക്തി കൊണ്ടല്ല, നിയമപരമായ അവകാശം കൊണ്ടാണ്. ഈ അവകാശം ഭരണകൂടത്തിന്റെ വിവേചനാധികാരമായി മാറുമ്പോൾ, ആദ്യം പുറത്താകുന്നത് രാഷ്ട്രീയവും സാമൂഹികവുമായ ശക്തി കുറവുള്ള വിഭാഗമായ സ്ത്രീകളായിരിക്കും.
ഫെഡറലിസത്തിലെ അനീതിയും കേരളത്തിനുണ്ടാകാനിടയുള്ള സാമ്പത്തിക ഞെരുക്കവും
VB-G RAM G-യുടെ ഏറ്റവും നിർണായകമായ മാറ്റങ്ങളിലൊന്ന് 100 ശതമാനം കേന്ദ്രവിഹിതം എന്ന തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന തത്വത്തിൽ നിന്ന് പിന്മാറി 60:40 എന്ന തോതിൽ കേന്ദ്ര–സംസ്ഥാന ചെലവു പങ്കിടൽ സംവിധാനത്തിലേക്ക് മാറുന്നതാണ്. ഇത് ‘സഹകരണ ഫെഡറലിസം’ എന്ന പേരിലാണ് അവതരിപ്പിക്കപ്പെടുന്നത്. കേന്ദ്രത്തിൽ നിന്നുമുള്ള ഫണ്ട് വിഹിതത്തിൽ അന്യായമായ വേർതിരിവ് അനുഭവിക്കുന്ന കേരളം, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങൾക്ക് ഇതൊരു വലിയ വെല്ലുവിളിയാകും.
കേരളത്തെപ്പോലെ ധനപരമായി കടുത്ത നിയന്ത്രണങ്ങൾ നേരിടുന്ന സംസ്ഥാനങ്ങൾക്ക് 40 ശതമാനം കേന്ദ്ര വിഹിതം കുറയുന്നത് വലിയ തിരിച്ചടിയാണ്. തൊഴിലുറപ്പ് പദ്ധതി നിലവിലെ തോതിൽ തുടരണമെങ്കിൽ കേരളം പ്രതിവർഷം ₹1,500–2,000 കോടി വരെ സ്വന്തം വിഭവങ്ങളിൽ നിന്ന് കണ്ടെത്തേണ്ടിവരും എന്ന കണക്കുകൾ ആശങ്ക ഉയർത്തുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതി ഏറ്റവും ഗൗരവത്തോടെ നടപ്പാക്കിയ സംസ്ഥാനങ്ങളിലൊന്നായ കേരളത്തിലാണ് ഈ മാറ്റത്തിന്റെ സാമ്പത്തികഭാരം കൂടുതലായി വീഴുന്നത്. ഒരു ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളിലേക്ക് നിശ്ശബ്ദമായി മാറ്റിവെക്കുകയാണ് നിർദിഷ്ട VB-G RAM G.
കൃഷിക്കാല തൊഴിൽ വിലക്ക്: സ്ത്രീകളുടെ തൊഴിൽ വീണ്ടും അദൃശ്യമാകുമ്പോൾ
VB-G RAM G പ്രകാരം കൃഷിയുടെ നിർണായക സീസണുകളിൽ (peak season) 60 ദിവസം വരെ VB-G RAM G പണികൾ നിർത്തിവെക്കാൻ വ്യവസ്ഥയുണ്ട്. ‘കർഷക തൊഴിലാളി ക്ഷാമം’ ഒഴിവാക്കാനെന്ന പേരിലാണ് ഈ നിയന്ത്രണം. എന്നാൽ കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുന്ന സ്ത്രീകളിൽ ഭൂരിഭാഗവും ഭൂമിയില്ലാത്തവരോ കർഷകരല്ലാത്തവരോ ആണ്. കൃഷിയുടെ നിർണായക സീസണുകളിൽ സ്ത്രീകളെ കേരളത്തിലെ കാർഷിക മേഖല 'തൊഴിലാളി' എന്ന നിലയിൽ ആവശ്യപ്പെടുന്നത്, സാമൂഹിക സാമ്പത്തിക കാരണങ്ങളാൽ തന്നെ, കുറവാണ്. അതിലുപരി കൃഷിക്കാലങ്ങളിൽ സ്ത്രീകളുടെ ജോലി കുറയുകയുമല്ല; മറിച്ച് വേതനമില്ലാത്ത പരിചരണ തൊഴിൽ, കൃഷി അനുബന്ധ തൊഴിൽ എന്ന രീതിയിൽ വർധിക്കുകയാണ് ചെയ്യുന്നത്. ഇത്തരം സാഹചര്യം നിലനിൽക്കുന്ന കേരളത്തിൽ, തൊഴിലുറപ്പ് പദ്ധതിയുടെ വർഷം മുഴുവനുമുള്ള ലഭ്യതയാണ് സ്ത്രീകൾക്ക് വരുമാനം സ്ഥിരതയോടെ നിലനിർത്താൻ സഹായിച്ചത്. പുതിയ ‘കൃഷിക്കാല തൊഴിൽവിലക്ക്’ ഈ സ്ത്രീതൊഴിലാളികളെ വീണ്ടും വീട്ടിലേക്കും വേതനമില്ലാത്ത തൊഴിലിലേക്കും തള്ളിവിട്ടേക്കും.
അധികാര വികേന്ദ്രീകരണത്തിൽ നിന്ന് ഡാഷ്‌ബോർഡുകളിലേക്ക് ചുരുങ്ങുന്ന ഗ്രാമീണ വികസനം
കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ വിജയം ഗ്രാമസഭകളും പഞ്ചായത്ത് സംവിധാനങ്ങളും കുടുംബശ്രീ പോലെയുള്ള സ്ത്രീകൂട്ടായ്മകളും സജീവമായി ഇടപെട്ട വികേന്ദ്രീകൃത ഭരണരീതിയുമായി ബന്ധപ്പെട്ടതാണ്. തൊഴിലുറപ്പ് പദ്ധതിയുടെ അവിഭാജ്യ ഘടകമായ സാമൂഹ്യ ഓഡിറ്റുകൾ (social audit) സ്ത്രീകൾക്ക് പൊതുവേദിയിൽ ചോദ്യങ്ങൾ ചോദിക്കാനും അധികാരികളെ ഉത്തരവാദിത്വപ്പെടുത്താനും അവസരം നൽകി. VB-G RAM Gയിൽ ഇത് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, GIS മാപ്പിംഗ്, കേന്ദ്ര ഡാഷ്‌ബോർഡുകൾ എന്നിവയിലേക്ക് മാറുന്നു. സാങ്കേതിക സുതാര്യതയുടെ പേരിൽ, ഡിജിറ്റൽ ഒഴിവാക്കലും (digital exclusion) ബയോമെട്രിക് പരാജയങ്ങളും കൂടുതൽ സ്ത്രീകളെ പുറന്തള്ളാനുള്ള സാധ്യത വർധിപ്പിക്കുന്നു. പങ്കാളിത്ത ജനാധിപത്യം കേന്ദ്ര സർക്കാർ കേന്ദ്രീകൃതമായ സാങ്കേതിക നിയന്ത്രണമായി മാറുന്ന അവസ്ഥയാണ് രൂപപ്പെടുന്നത്.
കേരളത്തിലെ സ്ത്രീകൾക്ക് എന്താണ് നഷ്ടപ്പെടുന്നത്?
തൊഴിലുറപ്പ് പദ്ധതി സ്ത്രീകൾക്ക് നൽകിയത് ജോലി മാത്രമല്ല; സാമ്പത്തിക പൗരത്വവും സാമൂഹിക അംഗീകാരവുമാണ്. സ്വന്തമായി വേതനം, ബാങ്ക് അക്കൗണ്ട്, പൊതുസ്ഥലങ്ങളിൽ സാന്നിധ്യം - ഇവയെല്ലാം സ്ത്രീകളുടെ കുടുംബത്തിനകത്തും സമൂഹത്തിനകത്തും നില നിന്നിരുന്ന സാമൂഹിക പദവികളിൽ വലിയ പുരോഗതി ഉണ്ടാക്കിയിട്ടുണ്ട്. VB-G RAM G ഈ അടിത്തറയെ ദുർബലപ്പെടുത്തുന്നു. തൊഴിൽ അവകാശത്തിൽ നിന്ന് ‘പദ്ധതി ഗുണഭോക്താവ്’ എന്ന നിലയിലേക്കുള്ള മാറ്റം സ്ത്രീകളെ വീണ്ടും ആശ്രിതരാക്കുന്നു. കേരളത്തിന് മുന്നിലെ ചോദ്യം ലളിതമാണ്: കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് പിന്നോട്ടുപോകുമ്പോൾ, സ്ത്രീകളുടെ തൊഴിൽ അവകാശം സംരക്ഷിക്കാൻ കേരളത്തിന് സാമ്പത്തികവും രാഷ്ട്രീയവുമായ ശേഷിയുണ്ടോ? ഇത് വികസനത്തിന്റെ മാത്രം പ്രശ്നമല്ല. ഇത് ലിംഗനീതിയുടെയും സാമൂഹ്യനീതിയുടെയും പ്രശ്നമാണ്.
(ഡോ. അഷ്‌റഫ് പുളിക്കാമത്തും ഡോ. അഞ്ജിത ഗോപിയും വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (VIT) സർവകലാശാലയിൽ (അമരാവതി കാമ്പസ്) സോഷ്യൽ സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരാണ്. നിലവിൽ ഇരുവരും ചേർന്ന് നടത്തുന്ന ഗവേഷണ പഠനം ആന്ധ്രപ്രദേശിലും തമിഴ് നാട്ടിലും തൊഴിലുറപ്പ് പദ്ധതിയുടെ സാമൂഹ്യ ഓഡിറ്റും അവയുടെ പ്രതിഫലനങ്ങളും സംബന്ധിച്ചുള്ളതാണ്.)
Published: 24 Dec 2025, 02:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented