റഞ്ഞല്ലോ, എന്റെ കുട്ടിക്കാലത്ത് നാട്ടിലൊക്കെ മൊത്തം പട്ടിണിയാണ്. ഏതാനും ചില ജന്മിമാർക്കും മുതലാളിമാർക്കുംമാത്രമേ സമ്പത്തും സമൃദ്ധിയുമുള്ളൂ. ഇടത്തരക്കാർക്കുതന്നെ കഴിഞ്ഞുകൂടാൻ പ്രയാസം. തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും കഥ പിന്നെ പറയാനുണ്ടോ? പട്ടിണിയും പരിവട്ടവും എന്നതാണ് അക്കാലത്തെ ശൈലി. 1950-കളിലെ കാര്യമാണ്: ആഹാരം കുറവ്. വെടിപ്പും വൃത്തിയും കുറവ്. സാധാരണ വീടുകളിലെങ്ങും കക്കൂസില്ല. വയൽവരമ്പിലോ പുഴവക്കത്തോ പറമ്പിലോ ആണ് കാര്യം സാധിക്കുക. അതിനുപറയുന്ന പേരുതന്നെ 'പറമ്പിൽ പോവുക' എന്നാണ്. ചിലേടങ്ങളിൽ 'വെളിക്കിറങ്ങുക എന്നുപറയുമെന്ന് കേട്ടിട്ടുണ്ട്! വയൽവക്കത്തോ പുഴവക്കത്തോ അടുത്തടുത്തിരുന്ന് ബീഡിവലിച്ചും സൊറപറഞ്ഞും രാഷ്ട്രീയം ചർച്ച ചെയ്തും ആളുകൾ കാര്യം സാധിക്കുന്നതിന്റെ ദൃശ്യങ്ങൾ എന്റെ ഓർമയിലുണ്ട്. ഇതിലൊക്കെ എന്തുരഹസ്യമിരിക്കുന്നു?

To advertise here,

പുഴയിലാണ് ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും കുളി. ഒരു വീട്ടിലും കുളിമുറിയില്ല. അലക്കും കടവിലെ പാറക്കല്ലിൽത്തന്നെ. ഞങ്ങളുടെ നാട്ടിൽ സാഹചര്യവശാൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വെവ്വേറെ കടവുണ്ട്- ഇരുവഞ്ഞിയിലെ ചീപ്പാൻകുഴിക്കടവ് ആണുങ്ങളുടേത്; തരിപ്പയിൽ കടവ് പെണ്ണുങ്ങളുടേത്. പൂളാൻപാറ വലിയ പാറയാണ്. അവിടെ ആണുങ്ങളും പെണ്ണുങ്ങളും ഓരോ ഭാഗത്തായി കുളിയും നനയും സാധിക്കും. വസ്ത്രങ്ങൾ ഉണങ്ങാനിടാൻമാത്രം പാറയ്ക്ക് വലുപ്പമുണ്ട്.

ഞങ്ങൾ കുട്ടികൾ നീന്താനും മുങ്ങാനും തോണിതുഴയാനുമൊക്കെ പഠിക്കുന്നത് ഇതിനിടയിലാണ്. ഒരു തോർത്തുമാത്രമാണ് ആണുങ്ങളുടെ കുളിവേഷം. കള്ളിത്തുണികൊണ്ടോ കാച്ചിത്തുണികൊണ്ടോ പെണ്ണുങ്ങൾ 'മുലക്കച്ച' കെട്ടും. മാറിന്റെ മേൽഭാഗം മറച്ച് മുട്ടിന്റെ താഴെവരെ എത്തുന്ന ഈ 'കച്ച' കുളിക്കിടയിൽ പലപ്പോഴും പരസ്പരം പിണങ്ങിപ്പിരിയും. ഇതിലൊക്കെ എന്തു രഹസ്യമിരിക്കുന്നു?

മാപ്പിളപ്പെണ്ണുങ്ങൾ അക്കാലത്ത് ഉടുക്കുന്നത് അധികവും കരിനീലനിറത്തിൽ കരകളുള്ള പച്ചക്കാച്ചിയോ കറുപ്പുകാച്ചിയോ വെള്ളക്കാച്ചിയോ ആണ്. പേര് സൂചിപ്പിക്കുന്നത് ആ തുണികളുടെ മുഴുനീളനിറമാണ്. പിന്നെ പെൺകുപ്പായവും തലയിലിടുന്ന തട്ടവും. കാതുമൂടുന്ന 'മക്കന'തന്നെ അപൂർവം.

ആളുകൾക്ക് ആരോഗ്യവും ആയുസ്സും കുറവ്. 50-55 വയസ്സാവുമ്പോഴേക്ക് ശരീരത്തിന് ബലക്കുറവ് തോന്നുന്നതിനാൽ ആണുങ്ങൾ വടിപിടിച്ചാണ് നടക്കുക. ഒരു കാര്യത്തിന് ഇറങ്ങിത്തിരിച്ചു എന്നതിന് അക്കാലത്തെ ശൈലി 'കുടയും വടിയുമായി പുറപ്പെട്ടു' എന്നാണ്. ഒരാളെ കഷ്ടപ്പെടുത്തി എന്നതിന് പ്രയോഗം 'വടിപിടിപ്പിച്ചു' എന്നും. അങ്ങാടികളിലെ വസ്ത്രവ്യാപാരകേന്ദ്രങ്ങളിൽ മുൻവശത്ത് ഒരുഭാഗത്ത് കുടയും മറുഭാഗത്ത് വടിയും വിൽപ്പനയ്ക്കുവെച്ചിട്ടുണ്ടാവും.

അന്നവും ശരീരസംരക്ഷണവും കുറവായ അക്കാലത്ത് രോഗങ്ങൾ സാധാരണം. പള്ളവേദന, പനി, ചുമ, പല്ലുവേദന തുടങ്ങിയവയൊക്കെ അങ്ങനെ രോഗങ്ങളായി എണ്ണിയിരുന്നോ എന്നുതന്നെ സംശയമാണ്. ആളുകളെ പേടിപ്പിച്ചിരുന്നത് കോളറ, വസൂരി, ക്ഷയം, കുഷ്ഠം, മലമ്പനി മുതലായ നടപ്പുദീനങ്ങളാണ്. എന്നുപറഞ്ഞാൽ പകർച്ചവ്യാധികൾ. 'കടലാസ്' എന്ന് നാട്ടുകാർ വിളിച്ചിരുന്ന പത്രങ്ങളിൽ സാംക്രമികരോഗങ്ങൾ എന്നും പറഞ്ഞിരുന്നു. നിരന്തരമായ വയറ്റിൽനിന്നുപോക്കും ഛർദിയുമാണ് കോളറ. രോഗികൾ പെട്ടെന്ന് അവശരാകും. മതിയായ പരിചരണവും ചികിത്സയും കിട്ടിയില്ലെങ്കിൽ മരിച്ചെന്നും വരും.

ഏറ്റവും ഭീകരം വസൂരിയായിരുന്നു. 'കുരുപ്പ്' എന്നാണ് നാട്ടിൽ പറഞ്ഞിരുന്നത്. അതുവന്നാൽ പകരും എന്ന പേടിയിൽ വീട്ടുകാർപോലും അടുക്കില്ല. ഒരിക്കൽ കുരുപ്പുവന്ന് മാറി കുളിച്ചവർക്ക് പിന്നെ ദീനം വരില്ല എന്നതിനാൽ അങ്ങനെ ആരെയെങ്കിലും കണ്ടെത്തിയാലേ നോക്കാൻ ആളെക്കിട്ടൂ. എന്റെ ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ കുടുംബത്തിൽ എല്ലാവർക്കും കുരുപ്പുവന്നു. അവന്റെ ഇക്കാക്കമാരിൽ ഒരുത്തൻ മരിച്ചുപോയി. പാതിരയ്ക്ക് എപ്പോഴോ രണ്ടുമൂന്നുപേർ ചേർന്ന് മയ്യത്ത് പള്ളിക്കാട്ടിൽ അടക്കിയതായി പിന്നെക്കേട്ടു. ആ ദീനം ഭേദമായാലും കുരു പൊന്തിയതിന്റെ അടയാളങ്ങൾ മുഖത്തും മാറിലും കിടക്കും. അന്നത്തെ വലിയ ശാപം 'കുരുപ്പടക്കിപ്പോട്ടെ' എന്നാണ്. 'കുരുപ്പേ' എന്നോ 'പണ്ടാരക്കുരുപ്പേ' എന്നോ വിളിക്കുന്നതാണ് വലിയ ശകാരം.

അക്കാലത്ത് നാട്ടിലെ പ്രധാന വൈദ്യൻ അയ്യപ്പൻ വൈദ്യരാണ്. നാഡി പിടിച്ചുനോക്കി മരണം പ്രവചിക്കാൻ പ്രാപ്തിയുള്ള ആയുർവേദക്കാരൻ. 'തിങ്കളാഴ്ച കഴിഞ്ഞ് ആശുപത്രിയിൽ കൊണ്ടുപോയാ മതി' എന്നുപറഞ്ഞാൽ തിങ്കളാഴ്ച രാത്രിയാവുംമുൻപേ രോഗി മരിക്കും എന്നാണ് നാട്ടുകാരുടെ വിശ്വാസം. ചെറിയ രോഗങ്ങൾക്കൊക്കെ മൂപ്പരുടെ കഷായമോ ഗുളികയോ മതി.

നടപ്പുദീനങ്ങൾക്ക് അലോപ്പതിക്കാരെ കാണണം. അടുത്ത പ്രദേശമായ മുക്കത്ത് ഒരു ധർമാശുപത്രിയുണ്ട്. അവിടെ ആര്, എന്തിന് പോയാലും 'മിക്സ്ചർ' എന്നുപേരുള്ള ചുവന്ന വെള്ളം കിട്ടും. അതു കുടിച്ചാലും ഇല്ലെങ്കിലും കാര്യമായി എന്തെങ്കിലും ഗുണമോ ദോഷമോ ഇല്ല. അവിടത്തെ വലിയ പഠിപ്പുകാരായ 'ദർസർമാരെ' കാണാനോ അവർ കുറിച്ചുകൊടുക്കുന്ന മരുന്നുവാങ്ങാനോ ഒന്നും ഒരുമാതിരിക്കാരുടെ കൈയിലൊന്നും പൈസ കാണില്ല. 'ഒരു മുക്കാലും ഇല്ല' എന്നാണ് അന്ന് പറയുക.

നടപ്പുദീനങ്ങളുടെ കാര്യത്തിൽ മരുന്നിലല്ല, മന്ത്രവാദത്തിലായിരുന്നു ആളുകൾക്ക് വിശ്വാസം. കുരുപ്പ് പൊന്തുന്നത് ദൈവകോപംകൊണ്ടാണെന്ന് ഹിന്ദുക്കളും മാപ്പിളമാരും വിശ്വസിച്ചിരുന്നു. 'അമ്മവിളയാട്ട'ത്തിൽനിന്ന് വിടുതികിട്ടാൻവേണ്ടി ഹിന്ദുക്കൾ കരുവോട്ട് അമ്പലമുറ്റത്ത് കോമരം തുള്ളിച്ചു. ഞാൻ ആദ്യമായി കോമരത്തെ കാണുകയായിരുന്നു. ആഞ്ഞുവെട്ടിയ നെറ്റിയിൽനിന്നൊഴുകുന്ന ചോരയും ഭൂമികുലുക്കുന്ന ചുവടുകളും കാൽച്ചിലമ്പിന്റെ ഒച്ചയും പള്ളിവാളിന്റെ ദ്രുതചലനങ്ങളും നീട്ടിവളർത്തിയ തലമുടിയും ഉണ്ടക്കണ്ണുകളുടെ രൗദ്രനോട്ടവും എന്നെ പേടിപ്പിച്ചു. പിന്നെയും എത്രയോ രാവുകളിൽ കുട്ടിയായ എന്റെ സ്വപ്നങ്ങളിൽ ആ കോമരം ഉറഞ്ഞുതുള്ളി.

കോളറയ്ക്കും വസൂരിക്കും മുസ്ലീങ്ങൾക്കുള്ള പ്രതിവിധി 'നടപ്പ് മൗലൂദ്' ആയിരുന്നു. സാധാരണ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മമാസമായ 'റബീ ഉൽഅവ്വലി'ൽ പള്ളിയിലും അപൂർവമായി ചില പണക്കാരുടെ വീടുകളിലും 'മൗലൂദ്' ഉണ്ടാകും. തിരുപ്പിറവിയെ ആഘോഷിക്കുന്ന അറബി കീർത്തനങ്ങളുടെ ആലാപനവും മധുരപലഹാരവിതരണവുമാണ് മൗലൂദ്.

'നടപ്പ് മൗലൂദി'ന് വ്യത്യാസമുണ്ട്്. പള്ളിയിൽനിന്ന് ഗ്യാസ് ലൈറ്റും പിടിച്ച്് ആളുകൾ ചെറിയൊരു സംഘമായി കീർത്തനങ്ങൾ ആലപിച്ചുകൊണ്ട് ഗ്രാമത്തിനുചുറ്റും നടക്കും. പകർച്ചവ്യാധികളിൽനിന്ന് ശിഫ (ശമനം) തേടുന്ന വരികൾ ഇടയ്ക്ക് പാടും. ഇസ്ലാമികചരിത്രത്തിലെ പേരുകേട്ട ബദർയുദ്ധത്തിലെ രക്തസാക്ഷികളായ 'ബദ്രീങ്ങളെ' മധ്യസ്ഥരാക്കിക്കൊണ്ടാവും പ്രാർഥന. അവരുടെ അനുഗ്രഹംകൊണ്ട് ശമനം തരേണമേ എന്ന്:
'ബദ്രീങ്ങളെ ബർക്കത്തിനാൽ
ശിഫയാക്കണം യാ റബ്ബനാ!'
'നടപ്പ് മൗലൂദ്' അവസാനിക്കുക അന്നദാനത്തിലാണ്. ഇതൊക്കെക്കഴിഞ്ഞാൽ കുറച്ച് ആളുകൾ മരിക്കും; കുറെ ആളുകൾ ബാക്കിയാവും. 'ഒക്കെ അല്ലാഹുവിന്റെ വിധി! നമ്മൾ മനുഷമ്മാര് കൂട്ടിയാൽ എന്തുകൂടും?' എന്ന് അതിനെപ്പറ്റി എല്ലാവരും ആശ്വസിക്കും. അല്ലാതെന്താ?

പക്ഷേ, ഇതിനിടയിൽ സർക്കാർ നിയോഗിച്ച വസൂരി കീറിവെപ്പിന് കൃഷ്ണൻകുട്ടി എന്നുപേരായി ഒരു ആരോഗ്യപ്രവർത്തകൻ നാട്ടിലെത്തി. ആള് തിരുവിതാംകൂറുകാരനാണ് എന്നുമാത്രമേ അറിയുമായിരുന്നുള്ളൂ. 'ഓൻ തെക്കനാ' എന്നായിരുന്നു ജനകീയപ്രതികരണം. തെക്കരായ തിരുവിതാംകൂറുകാരൊക്കെ കള്ളന്മാരാണെന്നും വടക്കരായ മലബാറുകാരൊക്കെ മണ്ടന്മാരാണെന്നും പരസ്പരബഹുമാനം കലശലായിരുന്ന കാലമാണത്!

ഏതായാലും വസൂരി കീറിവെപ്പുകാരന് വലിയ നിസ്സഹകരണമാണ് കിട്ടിയത്- 'ഓനാണോ ഞമ്മളെ ആയുസ്സ് കൂട്ടാൻ പോവ്ന്ന്' എന്ന് ആ മനുഷ്യൻ പരിഹസിക്കപ്പെട്ടു. കൃഷ്ണൻകുട്ടി വരുന്ന വിവരം കിട്ടിയാൽ ആളുകൾ വീട്ടിൽനിന്ന് മാറിക്കളയും. കാലിയായ വീട്ടിൽനിന്ന് ഇളിഞ്ഞ് മടങ്ങുന്ന അയാളെക്കണ്ട് കുട്ടിയായ എനിക്ക് വിഷമം തോന്നിയിരുന്നു. ഒന്നോ രണ്ടോ ദിവസം പനിച്ചാലും കീറിവെപ്പുകൊണ്ട് വസൂരിവരാതെ നോക്കാൻ കഴിയുമെന്ന് ഞങ്ങളുടെ രണ്ടാംക്ലാസിലെ എ.കെ. അബ്ദുറഹ്‌മാൻകുട്ടി മാസ്റ്റർ പറഞ്ഞ് എനിക്കറിയാമായിരുന്നു: കീറിവെപ്പിനോടുള്ള നിസ്സഹകരണം ശരിയല്ല.

വീടുകളിൽനിന്ന് മാറിപ്പോയവർ തിരിച്ചെത്തിയ വിവരം അപ്പപ്പോൾ ഞാൻ സ്വകാര്യമായി കൃഷ്ണൻകുട്ടിക്ക് നൽകിപ്പോന്നു. ഈ ചാരപ്പണി തിരിച്ചറിഞ്ഞ അയൽപക്കത്തെ പെണ്ണുങ്ങളൊക്കെ എന്നെ ഭയങ്കരമായി ചീത്തപറഞ്ഞും പോന്നു. ഈ ചാരപ്പണിയാണ് ഞാൻ എടുത്ത ആദ്യത്തെ പൊതുപ്രവർത്തനം. അന്നുകേട്ട ചീത്തകളാണ് ഞാൻ നേരിട്ട ആദ്യത്തെ വിമർശനം. ഞങ്ങളറിഞ്ഞ മറ്റൊരു ദീനം ക്ഷയമായിരുന്നു. എളുപ്പം പകരുമെന്നും മരുന്നില്ലെന്നുമായിരുന്നു കഥ; ബീഡിവലിക്കുന്നവർക്ക് പിടിപെടാൻ സാധ്യതയുണ്ടെന്നും.

മലമ്പനിയെപ്പറ്റി വലിയ ബേജാറുണ്ടായിരുന്നില്ല. അത് വയനാട്ടിൽ പോകുന്നവർക്കുമാത്രം വരുന്ന രോഗമാണല്ലോ. കുഷ്ഠത്തെപ്പറ്റിയും കേട്ടുകേൾവിമാത്രമായിരുന്നു- മാറാരോഗംതന്നെ. ദൈവത്തിന്റെ പ്രത്യേക ശാപം കിട്ടിയവർ എന്ന വകുപ്പിലാണ് കുഷ്ഠരോഗികളെ ഉൾപ്പെടുത്തിയിരുന്നത്. അക്കാലത്തെ ശകാരവാക്കുകളിലൊന്ന് 'കുഷ്ഠരോഗി' എന്നായിരുന്നു-അത് എന്താണെന്നും ഏതാണെന്നും ആർക്കും വലിയ രൂപം ഉണ്ടായിരുന്നില്ലെങ്കിലും. പക്ഷേ, പേപ്പട്ടികളെ ശരിക്കും ആളുകൾ ഭയപ്പെട്ടിരുന്നു. എന്റെ ക്ലാസിൽ പഠിക്കുന്ന ജബ്ബാറിനെ പട്ടി കടിച്ചതും പേയിളകി അവൻ മരിച്ചതും നാടിനെ പ്രകമ്പനംകൊള്ളിച്ചു- മനുഷ്യൻ നായയുടെ മാതിരിയായിത്തീർന്ന് കുരച്ചുകുരച്ച് മരിക്കും. 'ബേപ്പുനായി' എന്നാണ് നാട്ടുകാരുടെ പ്രയോഗം.

ഞങ്ങളുടെ അയൽനാടായ പന്നിക്കോട്ടുള്ള നമ്പൂതിരിയുടെ ഗുളിക ഈ വിഷത്തിനുള്ള ഒറ്റമൂലിയായിരുന്നു. നായ കടിച്ചവരോ നായ തൊട്ടവരോ നായ കടിച്ചവരുടെകൂടെ ആഹാരം കഴിച്ചവരോ ഒക്കെ ഈ ഗുളിക വിഴുങ്ങണം. പിന്നെ 24 മണിക്കൂർ ഒന്നും കഴിക്കരുത്; ഒന്നും കുടിക്കരുത്. 24 മണിക്കൂർ കഴിഞ്ഞാൽ അയാളെ പുഴക്കടവിലോ കുളക്കടവിലോ കിണറ്റിൻ കരയിലോ ഇരുത്തി തലയിൽ 101 കുടം വെള്ളമൊഴിക്കണം. നൂറ്റി ഒന്നാമത്തെ കുടം വെള്ളം മൂർധാവിൽ വീണാലുടൻ ആൾ വിറയ്ക്കും. വിറച്ചാൽ പിന്നെ പ്രശ്‌നമില്ല: പേ ഇളകുകയില്ല. ചീപ്പാൻകുഴിക്കടവിൽ ചുറ്റുംകൂടിയ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും നടുവിലിരുന്ന് എത്രയോ വാല്യക്കാരും മധ്യവയസ്‌കരും വിറച്ചു. അങ്ങനെ നാട് പേപ്പട്ടി ഭീതിയിൽനിന്ന് രക്ഷനേടി.

നാട്ടിലെ ദാരിദ്ര്യവും നിരക്ഷരതയും അന്ധവിശ്വാസവും അനാചാരവും പകർച്ചവ്യാധിയും കണ്ടും കേട്ടുമാണ് ഞാൻ കുട്ടിക്കാലം പിന്നിട്ടുപോന്നത്.