ഉച്ചക്ക് 12.20ന് പെരുമണ്ണയിലെ ഉസ്മാന്റെ വീടിന്റെ മൂന്നില്‍ ഒരു വാന്‍ വന്നുനിന്നു. വാനില്‍നിന്ന് ചന്ദ്രേട്ടന്‍ പുറത്തേക്കിറങ്ങി. ചന്ദ്രേട്ടന്റെ അളിയന്റെ അമ്മ ഒരു കമ്പുമെടുത്ത് 'കല്യാണചെക്കനായ നീ ഇത്രനേരം എവിടെപ്പോയിക്കിടക്കായിരുന്നെടാ' എന്നും ചോദിച്ചുകൊണ്ട് അവര്‍ കുട്ടികളെ വടികൊണ്ടു തല്ലുന്നതുപോലെ ചന്ദ്രേട്ടനെ തല്ലാനോങ്ങി.

To advertise here,

ആരോ ഓടിവന്ന് അവരുടെ കൈയ്യില്‍ നിന്നും കമ്പുപിടിച്ചുമാറ്റി അവരെ തടഞ്ഞുനിര്‍ത്തി. ചന്ദ്രേട്ടന്‍ ഓടിച്ചെന്ന് മേല്‍ കഴുകി വിവാഹവസ്ത്രങ്ങള്‍ ധരിച്ച് റെഡിയായി വന്നപ്പോള്‍ കാത്തിരുന്ന ഞങ്ങള്‍ എല്ലാവരുംകൂടി വാനില്‍ കയറി. ആ സമയത്ത് എനിക്ക് ചന്ദ്രേട്ടനോട് വല്ലാതെ ദേഷ്യം തോന്നി.

ഞാനതു പുറത്തുകാണിക്കാതെ നൈസായി കാര്യങ്ങള്‍ അന്വേഷിച്ചു. വാനിന് കൊടുക്കാനുള്ള വാടക പണം കൈയ്യില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് മുന്‍പ് ഇന്‍സ്റ്റാള്‍മെന്റായി തുണികൊടുത്തിരുന്ന വീടുകളില്‍ പിരിവെടുക്കാന്‍ പോയി. വാനിന്റെ വാടക പണം തികഞ്ഞപ്പോള്‍ വാടകയ്ക്ക് വാന്‍ പിടിച്ച് വന്നതാണ് എന്നുപറഞ്ഞു. 

അന്നും ഇന്നും വിവാഹം നടക്കുന്നതിന്റെ അല്‍പസമയത്തിനുമുമ്പുവരെ പണത്തിനായി ഓടിനടക്കുന്നവര്‍ ഒരുപാടു പേരുണ്ട്. ചില പാവപ്പെട്ടവരുടെ കുടുംബങ്ങളില്‍ പണം ഇല്ലെങ്കിലും സപ്പോര്‍ട്ടിനായി ഒരുപാടു പേരുണ്ടാകും. പക്ഷെ, ചന്ദ്രേട്ടനെപ്പോലെ കുറച്ച് ആള്‍ക്കാര്‍ക്ക് ഒന്നിനും ഒരാളെയും കിട്ടുകയില്ല.

ചന്ദ്രേട്ടന്‍ വര്‍ഷങ്ങളായി കോഴിക്കോടാണ് താമസം. അതുകൊണ്ട് നാട്ടുകാരും ബന്ധുക്കളുമൊക്കെയായുള്ള ബന്ധം ഇല്ലാതായിട്ടുണ്ടാകാം. കോഴിക്കോട്ടാണെങ്കില്‍ ചന്ദ്രേട്ടന് പെരുമണ്ണയിലെ ഉസ്മാന്റെ കുടുംബവുമായി മാത്രമെ ബന്ധമുണ്ടായിരുന്നുള്ളൂ.

പിന്നെ ചന്ദ്രേട്ടന്റെ വേണ്ടപ്പെട്ടയാള്‍ ഞാനാണ്. പതിനാറ് വയസ്സുള്ള എനിക്ക് എന്ത് സഹായം ചെയ്യാന്‍ കഴിയും?

ചന്ദ്രേട്ടനെ ഓര്‍ത്ത് എനിക്ക് സങ്കടം തോന്നി. അരമണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ പാലാഴി കുന്നിലേക്ക് ചെന്നെത്തി. ചെക്കന്‍ വൈകി എത്തിയതിന് പെണ്ണുവീട്ടുകാര്‍ക്ക് ചെറിയ കലിപ്പ് ഉണ്ടായിരുന്നുവെങ്കിലും അവര്‍ അത് പുറമെ പ്രകടിപ്പിച്ചില്ല.

അങ്ങനെ ചന്ദ്രേട്ടന്റെ കല്യാണം നിശ്ചയിച്ചദിവസവും തെറ്റി മുഹൂര്‍ത്തവും തെറ്റി, തുളസിചേച്ചിയുടെ കഴുത്തില്‍ ചന്ദ്രേട്ടന്‍ താലിമാല ചാര്‍ത്തി. കല്യാണം കഴിഞ്ഞ് ചെക്കന്റെ വീട്ടിലേക്ക് പെണ്ണിനെ കൊണ്ടുപോകണമല്ലോ. അതാണല്ലോ നാട്ടുനടപ്പ്, അന്നത്തെ രാത്രി മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ ചന്ദ്രേട്ടനും അവരുടെ അളിയന്റെ കുടുംബവും തുളസിച്ചേച്ചിയും തുളസിചേച്ചിയുടെ കുഞ്ഞേട്ടന്‍ ജയരാജനും കന്യാകുമാരിയിലേക്കു പുറപ്പെട്ടു.

ചന്ദ്രേട്ടന്‍ ലോഡ്ജിലേക്ക് മൂന്നുമാസത്തെ വാടക ബാക്കി തൊള്ളായിരം രൂപ കൊടുക്കാനുണ്ടായിരുന്നു. തുളസിചേച്ചിയുടെ വലിയേട്ടന്‍ കല്യാണചെക്കന്‍ ചന്ദ്രേട്ടനെ കാണാതായപ്പോള്‍ ലോഡ്ജില്‍ വന്ന് കോയക്കായോട് കാര്യങ്ങളൊക്കെ വിശദമാക്കിയിരുന്നു. അതുകൊണ്ടുതന്നെചന്ദ്രേട്ടനോടുള്ള വിശ്വാസം കോയക്കാക്ക് നഷ്ടപ്പെട്ടിരുന്നു. കല്യാണം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും ചന്ദ്രേട്ടന്‍ ലോഡ്ജിലേക്ക് വന്നില്ല. ചന്ദ്രേട്ടന്റെ പിന്നീടുള്ള വിശേഷങ്ങളൊന്നും ഞാനറിഞ്ഞിരുന്നില്ല. ഒരു ദിവസം കോയക്കാ എന്നെ വിളിച്ചു. 

'ചന്ദ്രന്‍ കല്യാണം കഴിച്ച പെണ്ണിന്റെ വീട് നിനക്കറിയാമല്ലോ.' ഞാന്‍ അറിയാമെന്നു തലയാട്ടി. ലോഡ്ജിന്റെ ഓഫീസ് മുറിക്കടുത്ത് ഷക്കീര്‍ എന്ന് പേരുള്ള ചെറുപ്പക്കാരന്‍ നില്‍ക്കുന്നുണ്ടായിരുന്നു.

''ഒന്നുങ്കില്‍ നീ ഈ ഷക്കീറിനെ ആ പെണ്ണിന്റെ വീട് കാണിച്ചുകൊടുക്കണം. അല്ലെങ്കില്‍ റൂമിന്റെ വാടക തൊള്ളായിരം രൂപ നീ തരേണ്ടിവരും.'' കോയാക്കാ കടുപ്പിച്ച് പറഞ്ഞു. ഞാന്‍ പെണ്ണിന്റെ വീട് കാണിച്ചുതരാം എന്ന് കോയക്കായോട് പറഞ്ഞു.

 'ഷക്കീറെ ആ ചന്ദ്രന്‍ ഒരു പെണ്ണിന്റെ വിവാഹം മുടക്കിയവനാണ്. അതുകൊണ്ട് അവന്റെ കരണത്ത് രണ്ടെണ്ണം കൊടുത്താലും തരക്കേടില്ല. എനിക്കെന്റെ പണം കിട്ടണം.'' കോയക്കാ ഷക്കീറിനോട് കല്‍പിച്ചു.

അവന്റെ കൈയ്യില്‍ പണമില്ലെങ്കില്‍ പെണ്ണിന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തി തന്റെ വാടകപ്പണം വാങ്ങിച്ചുകൊണ്ടുതരണം എന്നുകൂടി കോയക്കാ പറഞ്ഞത് കേട്ടപാടെ, ഷക്കീര്‍ പല്ലുകടിച്ചുകൊണ്ട് ആക്രോശത്തോടെ പറഞ്ഞു. ''ഞാന്‍ ആ ചന്ദ്രനെയും അവന്റെ ഭാര്യവീട്ടുകാരെയും വിറപ്പിച്ച് പണവും വാങ്ങി വരാം.'' തന്നെ ഒരു റൗഡിയായി കോയക്കാ അംഗീകരിച്ചതിന്റെ കോപ്രായങ്ങള്‍ ഷക്കീര്‍ മുഖം കൊണ്ടും ശരീരം കൊണ്ടും കാണിച്ചപ്പോള്‍ എനിക്ക് പേടിയായി.

കോയക്കാ എനിക്ക് ഒരു അമ്പതുരൂപായുടെ നോട്ടും ഒരു പത്തുരൂപായുടെ നോട്ടും തന്നിട്ടു പറഞ്ഞു: 'ഷക്കീര്‍ ആ വീട്ടുകാരെ വിറപ്പിച്ച് വാടകപണം കൈപ്പറ്റിയതിനുശേഷം തൊള്ളായിരം രൂപ നിന്റെ കൈയ്യില്‍ത്തരും. അതിനുശേഷം ഈ അമ്പതുരൂപ ഷക്കീറിന് കൊടുത്തേക്കണം. ബാക്കി വരുന്ന പത്തുരൂപ ബസ്സ് ചെലവിന് വെച്ചോ.''കോയക്കാ തന്ന പണം വാങ്ങി ഞാന്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ വെച്ചു. ഞാന്‍ ഷക്കീറിനയും കൂട്ടി മാനാഞ്ചിറ സ്റ്റേറ്റ് ബാങ്കിന്റെ പടിഞ്ഞാറുഭാഗത്തുള്ള ബസ്സ്‌റ്റോപ്പിലെത്തി.

അവിടെ നിന്ന് ഞങ്ങള്‍ പാലാഴി ബസ്സില്‍കയറി. പാലാഴി പ്രസീദ ടാക്കീസിന് മുന്നിലെ ബസ്സ്‌റ്റോപ്പില്‍ ഇറങ്ങി. അവിടുന്ന് നടന്ന് പാലാഴി കുന്നുകയറി.

ഷക്കീറിന് അന്ന് 23-24 വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. ഷക്കീര്‍ ഒരു സുന്ദരനായ ചെറുപ്പക്കാരനായിരുന്നു. കോയക്കായുടെ ലോഡ്ജിന്റെ പരിസരത്തൊക്കെ അത്യാവശ്യം തല്ലുണ്ടാക്കുമായിരുന്നു. ഒരു ദിവസം മാറ്റിനി ഷോ സിനിമ കഴിഞ്ഞ് ഞാന്‍ ലോഡ്ജിലെത്തിയപ്പോള്‍ സ്വീകരണമുറിയിലെ ജനാല്‍ചില്ലുകള്‍ പൊട്ടിക്കിടപ്പുണ്ടായിരുന്നു. ന്വേഷിച്ചപ്പോള്‍ ആലിക്കോയയും ഷക്കീറും തമ്മില്‍ എന്തോ വഴക്കുണ്ടാവുകയും ദേഷ്യത്തില്‍ ഷക്കീര്‍ കണ്ണാടിച്ചില്ലുകള്‍ പൊട്ടിച്ചതാണെന്നും അറിഞ്ഞു.

മാത്രമല്ല ആലിക്കോയക്കും അടികിട്ടിയത്രെ. അന്ന് രാത്രി എനിക്ക് സമാധാനമായി ഉറങ്ങാന്‍ കഴിഞ്ഞില്ല. കാരണം രാതി പന്ത്രണ്ട് മണിക്കുശേഷം ഞാന്‍ ഒറ്റക്കാണ് ലോഡ്ജിലെ റിസപ്ഷനില്‍ കിടന്നുറങ്ങാറുള്ളത്.

രാത്രി ഷക്കീര്‍ വന്ന് എന്തെങ്കിലും ചെയ്താലോ എന്നു ഞാന്‍ ഭയപ്പെട്ടു. ഷക്കീര്‍ പേരുകേട്ട റൗഡിയൊന്നുമായില്ലെങ്കിലും എനിക്ക് ആ പേര് കേള്‍ക്കുമ്പോള്‍ത്തന്നെ നെഞ്ചിടിപ്പ് കൂടും. ആ ഷക്കീറിന്റെ കൂടെയാണ് ഞാന്‍ പാലാഴി കുന്ന് കയറിക്കൊണ്ടിരുന്നത്. ഫുള്‍സ്സീവ് ഷര്‍ട്ട് കൈയ്യിന്റെ അറ്റം വരെ കയറ്റി മടക്കിവെച്ചിട്ടുണ്ടായിരുന്നു. 1990 കാലഘട്ടത്തില്‍ കേരളത്തിലെ സ്ത്രീകള്‍ കളര്‍ഫുളായ പോളിയെസ്റ്റര്‍ കൈലിമുണ്ടുകളാണ് വീട്ടിലിരിക്കുമ്പോള്‍ ഉടുത്തിരുന്നത്. അങ്ങനത്തെ ഒരു ഓറഞ്ച് കളര്‍ കൈലിമുണ്ടായിരുന്നു ഷക്കീറിന്റെ വേഷം.

കാലിന്റെ തുടഭാഗം പുറത്തേക്ക് നന്നായി കാണുന്നവിധത്തില്‍ കൈലിമുണ്ട് മടക്കികുത്തിയാണ് എന്നോടൊപ്പം ഷക്കീര്‍ നടന്നുവരുന്നത്. ആ വേഷവും നടപ്പും എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. പക്ഷെ എന്തു ചെയ്യാന്‍, ഷക്കീര്‍ ഒരു റൗഡിയായിപ്പോയില്ലെ! അതുകൊണ്ട് ഞാന്‍ ഒന്നും മിണ്ടാതെ ഷക്കീറിനോടൊപ്പം തുളസിചേച്ചിയുടെ വീട്ടിലെത്തി. 

തുളസിചേച്ചിയുടേത് ചെറിയൊരു ഓടുമേഞ്ഞ വീടാണ്. അന്ന് അവരുടെ വീട്ടില്‍ കറണ്ട് ഉണ്ടായിരുന്നില്ല. കക്കൂസുണ്ടായിരുന്നില്ല. നല്ല ശുദ്ധജലം കിട്ടുന്ന വലിയൊരു കിണര്‍ ഉണ്ടായിരുന്നു. ആ വീട്ടില്‍ തുളസിചേച്ചിയുടെ കുഞ്ഞേട്ടന്‍ ജയരാജനും അവരുടെ ഭാര്യ അംബികയും അവരുടെ രണ്ടുമക്കളുമാണ് താമസിച്ചിരുന്നത്.

അവര്‍ വെറും സാധാരണക്കാരാണ്. അവരില്‍ നിന്ന് തൊള്ളായിരം രൂപ ഒരുതരത്തിലും കിട്ടാന്‍ പോകുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. തുടക്കത്തില്‍ ചന്ദ്രേട്ടന്‍ എന്നെ അനിയന്‍ എന്നാണ് പരിചയപ്പെടുത്തിയിരുന്നത്. പിന്നീട് ഞാന്‍ ചന്ദ്രേട്ടന്റെ അനിയനല്ല, പക്ഷെ, അനിയനെപ്പോലെയാണ് എന്ന് മനസ്സിലാക്കിയിട്ടും ആ കുടുംബക്കാര്‍ എന്നോടുള്ള സ്‌നേഹത്തിന് ഒരു കുറവും വരുത്തിയിട്ടില്ല.

ഞാനും ഷക്കീറും അവിടെ എത്തിയപ്പോള്‍ ജയരാജേട്ടന്‍ ജോലിക്ക് പോയിരുന്നു. അദ്ദേഹത്തിന് കോട്ടൂളിയില്‍ ഓട്ടോറിക്ഷയുടെ സീറ്റ് റിപ്പയറിംഗ് ജോലിയായിരുന്നു. അംബികചേച്ചി എന്നെയും ഷക്കീറിനെയും കണ്ടപാടെ സ്‌നേഹത്തോടെ സ്വീകരിച്ച് കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. വീടിനുള്ളില്‍ ചെന്ന് ഒരു ചെറിയ ടീപ്പോയ് ഞങ്ങളുടെ മുന്നില്‍ കൊണ്ടുവന്നുവെച്ചു.

വീണ്ടും അടുക്കളയിലേക്ക് ചെന്ന് രണ്ട് ഗ്ലാസ് പഞ്ചസാരവെള്ളം കൊണ്ടുവന്ന് ടീപ്പോയില്‍വെച്ചിട്ട് ''കുന്നൊക്കെ കയറി വന്നതല്ലേ... ഈ പഞ്ചസാരവ്വെള്ളം കഴിച്ചോളൂ'' എന്ന് അംബികചേച്ചി പറഞ്ഞു. ''ഇത് ഷക്കീര്‍ക്കായാണ്, ചന്ദ്രേട്ടന്റെ സുഹൃത്താണ്. വിവാഹത്തിന് വരാന്‍ കഴിഞ്ഞില്ലല്ലോ. അതുകൊണ്ട് ചന്ദ്രേട്ടനെ കാണാന്‍ വന്നതാണ്'' എന്നു ഞാന്‍ ഷക്കീറിനെ പരിചയപ്പെടുത്തിയതിനുശേഷം, ചന്ദ്രേട്ടന്‍ എവിടെയാ എന്ന് ചോദിച്ചു. അംബികച്ചേച്ചി പുഞ്ചിരിച്ചുകൊണ്ട്, ''അപ്പോള്‍ ചന്ദ്രേട്ടന്റെ അനിയന്‍ ഒന്നും അറിഞ്ഞില്ലേ?'' എന്നു ചോദിച്ചപ്പോള്‍ ''ഇല്ല, ഞാനൊന്നും അറിഞ്ഞില്ല'' എന്നു പറഞ്ഞു.

''ചന്ദ്രനും തുളസിയും പെരുമണ്ണയില്‍ വീടെടുത്ത് താമസം തുടങ്ങിയെടാ''എന്നു പറഞ്ഞപ്പോള്‍, ''ആണോ? എന്നെ അറിയിച്ചില്ലല്ലോ. സാരമില്ല, ഞാന്‍ അവിടെ ചെന്ന് ചന്ദ്രേട്ടനെ കണ്ടോളാം എന്നു ഞാന്‍ പറഞ്ഞു. ''നിങ്ങള്‍ ഇവിടെ ഇരിക്കൂ, ഞാന്‍ ചായ എടുക്കാം'' എന്നും പറഞ്ഞിട്ട് അംബികച്ചേച്ചി അടുക്കളയിലേക്ക് ചെന്നു. ഞാന്‍ പഞ്ചസാര വെള്ളമെടുത്ത് കുടിക്കാന്‍ തുടങ്ങിയപ്പോള്‍ ഉള്ളില്‍ നിന്ന് നാണത്തോടെ അംബികച്ചേച്ചിയുടെ മകള്‍ ജെന്‍സി പുറത്തേക്ക് എത്തിനോക്കി ചിരിച്ചു.

''എടീ ജെന്‍സി- നീ ഇവിടെ ഉണ്ടായിരുന്നോ? ഇങ്ങുവാ'' എന്ന് ഞാന്‍ വിളിച്ചപ്പോള്‍ അവള്‍ ഓടിവന്ന് എന്റെ മടിയില്‍ കയറിയിരുന്നു. ഞാന്‍ ഷക്കീറിനെ തിരിഞ്ഞുനോക്കി. ഒറ്റവലിക്ക് പഞ്ചസാരവെള്ളം ഷക്കീര്‍ കുടിച്ചതിനുശേഷം മടക്കിക്കുത്തിയ കൈലിമുണ്ട് ഷക്കീര്‍ അഴിച്ചിട്ടു. തുളസിചേച്ചിയുടെ കല്യാണത്തിന്റെ അന്നുതന്നെ അഞ്ചോ ആറോ വയസ്സുമാത്രം പ്രായമുള്ള ജെന്‍സിമോള്‍ എന്നെ മലയാളം പഠിപ്പിക്കാന്‍ തുടങ്ങിയിരുന്നു.

ജെന്‍സി എന്റെ മടിയിലിരുന്നുകൊണ്ട് ഓരോ ദിവസത്തിന്റെയും പേര് മലയാളത്തില്‍ പറയാന്‍ പറഞ്ഞു. ഞാന്‍ തിങ്കള്‍ എന്ന് വ്യക്തമായി പറഞ്ഞു. കാരണം തമിഴ് ഭാഷയില്‍ തിങ്കള്‍ തിങ്കള്‍ തന്നെയാണ്. അടുത്തതായി ഞാന്‍ ചെവ്വായ് എന്നു പറഞ്ഞു. അപ്പോള്‍ അവള്‍ പൊട്ടിച്ചിരി ച്ചുകൊണ്ട് ''ചെവ്വ അല്ല, ചൊവ്വ' എന്നാണ്. അവള്‍ എന്റെ തെറ്റ് തിരുത്തി. എന്നിട്ടവള്‍ എന്റെ മടിയില്‍ നിന്നും ഇറങ്ങി അടുക്കളയിലേക്ക് ഓടി. ''അമ്മേ-ഈ ഇളങ്കോ ഏട്ടന്‍ ചൊവ്വ പോലും പയാന്‍ പറ്റുന്നില്ലല്ലോ'' എന്നും പറഞ്ഞ് അവള്‍ എന്നെ നാണം കെടുത്തി. അന്നുമാത്രമല്ല, എന്നെ കാണുമ്പോഴെല്ലാം അവള്‍ മലയാളം പഠിപ്പിച്ചുകൊണ്ടിരിക്കും. വര്‍ഷങ്ങള്‍ക്കുശേഷം മാവൂര്‍ റോഡില്‍ ഔവ്വര്‍ കോളേജില്‍ ജെന്‍സി ഡിഗ്രിക്ക് ചേര്‍ന്നു. അപ്പോഴും അവളെന്നെ മലയാളം പഠിപ്പിക്കുമായിരുന്നു.

അവള്‍ മാത്രമല്ല, പിന്നെയും ഒരുപാടുപേര്‍ എന്റെ മലയാളം ഉച്ചാരണം തെറ്റുമ്പോള്‍ തിരുത്തി  പഠിപ്പിച്ചുതരുമായിരുന്നു. അതൊക്കെയും സ്ത്രീകളായിരുന്നു. ഓരോ സ്ത്രീയിലും ഒരമ്മയുള്ളതുപോലെ ഓരോ സ്ത്രീയിലും ഒരു ടീച്ചര്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം ഓരോ കുഞ്ഞിനും അച്ഛന്‍, അമ്മ തുടങ്ങിയ ആദ്യത്തെ പാഠങ്ങള്‍ പഠിപ്പിക്കുന്ന ടീച്ചര്‍, ഒരമ്മ തന്നെയാണ്.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെ ജീവനക്കാരിയാണ് ജിഷ. എന്റെ സുഹൃത്താണ് അവര്‍. നല്ല വായനക്കാരിയുമാണ്. ജിഷ, സര്‍വ്വീസില്‍ കയറിയിട്ട് പതിനാല് വര്‍ഷം കഴിഞ്ഞു. ഞാന്‍ പുസ്തകങ്ങളുമായി അവരുടെ മുന്‍പിലെത്തുമ്പോള്‍ സംസാരത്തില്‍ ഏതെങ്കിലും വാക്ക് എനിക്ക് തെറ്റിപ്പോകും. അപ്പോള്‍ അവള്‍ തിരുത്തിത്തരും. എന്നാലും മലയാളികളെപ്പോലെ ഭാഷാശുദ്ധിയോടെ ഇത്രയും വര്‍ഷങ്ങള്‍ ഞാന്‍ കേരളത്തില്‍ നിന്നിട്ടും എനിക്ക് പെര്‍ഫെക്ടായിട്ട് മലയാളം സംസാരിക്കാനാവുന്നില്ല.

ആ കാര്യത്തില്‍ മലയാളികളെ ഞാന്‍ സമ്മതിച്ചിരിക്കുന്നു. ഏതു ഭാഷയായാലും ഉച്ചാരണശുദ്ധിയോടെ പറഞ്ഞ് പഠിക്കാന്‍ മലയാളി കഴിഞ്ഞേ ലോകത്ത് വേറെ ആളുകളുള്ളൂ. എനിക്ക് മലയാളം മാത്രമല്ല ചില ഇംഗ്ലീഷ് വാക്കുകളും വഴങ്ങുകയില്ല. ഒരു ദിവസം ജിഷയോട് ക്രിമിനല്‍ പ്രൊസീജര്‍ (CrPC) ബുക്ക് വേണമോ എന്നു ചോദിച്ചപ്പോള്‍ ജിഷ ചിരിച്ചു. അപ്പോള്‍തന്നെ എന്റെ പ്രൊനണ്‍സിയേഷന്‍ തെറ്റിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. അങ്ങനെ ജിഷ എനിക്ക് ''പ്രൊസീജ്യര്‍'എന്ന് തിരുത്തി പഠിപ്പിച്ചുതന്നു.

ജിഷ പറഞ്ഞുതന്നപ്പോള്‍ ഞാന്‍ കറക്ടായിട്ട് പറഞ്ഞതാണ്. ദേ ഇപ്പോള്‍ ഇതെഴുതുമ്പോള്‍ ആ വാക്ക് എനിക്ക് വഴങ്ങുന്നില്ല. അതേപോലെ ഞാന്‍ ട്യൂബ്ലൈറ്റ്, ബക്കറ്റ് എന്നൊക്കെ പറയുമ്പോള്‍ എന്റെ കൂട്ടുകാര്‍ ചിരിക്കുമായിരുന്നു.ഒരു മനുഷ്യനായാല്‍ എന്തെങ്കിലും കുറവുകളൊക്കെ ഉണ്ടാവുമല്ലോ. എനിക്ക് ഭാഷാ ശുദ്ധിയോടെ ഉച്ഛരിക്കാന്‍ പറ്റുന്നില്ല. അത് എന്റെ കുറവുതന്നെയാണ്. 

അംബികചേച്ചി ഒരു പ്ലേറ്റില്‍ പുഴുങ്ങിയ മുട്ടയും ഒരു പ്ലേറ്റില്‍ മിക്ചറും രണ്ടുഗ്ലാസ് കട്ടന്‍ ചായയും കൊണ്ടുവന്ന് ടീപ്പോയില്‍ വെച്ചിട്ട് പറഞ്ഞു. വിരുന്നുകാര്‍ക്ക് പുഴുങ്ങിയ നാടന്‍ കോഴിമുട്ടയും പഞ്ചസാരവെള്ളവും കൊടുക്കുന്നത് പാലാഴിക്കുന്നുകാര്‍ക്കുള്ള ശീലമാണ്. ഷക്കീര്‍ക്കാ മുട്ടയെടുത്ത് കഴിക്കാന്‍ തുടങ്ങി. ഞാന്‍ ചോറിനോടൊപ്പം മാത്രമേ പുഴുങ്ങിയ മുട്ട കഴിച്ചിട്ടുള്ളൂ. പക്ഷെ, അംബികചേച്ചി സ്‌നേഹത്തോടെ പുഴുങ്ങിക്കൊണ്ടുവന്ന് തന്നതല്ലേ - അതുകൊണ്ട് ഞാനും ഒരു മുട്ട എടുത്ത് കഴിച്ചു.

പെരുമണ്ണയില്‍ എവിടെയാ ചന്ദ്രേട്ടന്‍ താമസിക്കുന്നത്?

പുത്തൂര്‍മഠം ബസ്സ്‌റ്റോപ്പിലിറങ്ങിയാല്‍ എളുപ്പത്തില്‍ വീട്ടിലെത്താന്‍ പറ്റും. അല്ലെങ്കില്‍ പെരുമണ്ണയിലിറങ്ങി ആ ഉസ്മാന്റെ വീട്ടുകാരോട് ചോദിച്ചാല്‍ അവര്‍ വീടുകാണിച്ചുതരും എന്ന് അംബികചേച്ചി പറഞ്ഞു. ഞാന്‍ പെരുമണ്ണയില്‍ പോയി ചന്ദ്രേട്ടനെ കണ്ടോളാം എന്നും പറഞ്ഞ് ഞാന്‍ ഷക്കീറിനു നേര്‍ക്ക് തിരിഞ്ഞു. നമുക്ക് ഇറങ്ങാല്ലേ, എന്ന് ഷക്കീറിനോട് ചോദിച്ചപ്പോള്‍ ഷക്കീര്‍ എഴുന്നേറ്റു.

ഷക്കീര്‍ ആ വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ വന്ന ആളാണ് എന്ന കാര്യം അപ്പോഴാണ് എനിക്ക് ഓര്‍മ്മവന്നത്.

ഷക്കീര്‍ വീടിന്റെ പുറത്തേക്ക് ഇറങ്ങിയതിനുശേഷം തിരിഞ്ഞുനിന്ന് അംബികചേച്ചിയോട് 'ഞാന്‍ അന്വേഷിച്ചിരുന്നു എന്ന് ചന്ദ്രേട്ടനോട് പറയണം.' എന്നു പറഞ്ഞപ്പോള്‍ അവര്‍ ചിരിച്ചുകൊണ്ട് പറയാം എന്നു പറഞ്ഞു.

ഞാന്‍ ജെന്‍സിയെ പൊക്കി ഒരു മുത്തം കൊടുത്തപ്പോള്‍ അടുത്ത പ്രാവശ്യം വരുമ്പോള്‍ ചൊവ്വ തെറ്റാതെ പറയണം ട്ടോ എന്ന് ജെന്‍സി പറഞ്ഞു. ' ഞാന്‍ പറയാടീ''- എന്നുംപറഞ്ഞ് വീണ്ടും മുത്തം കൊടുത്ത് അവളെ താഴെ ഇറക്കിവിട്ട് ടാറ്റായും പറഞ്ഞ് പുറപ്പെട്ടു.

കോഴിക്കോട് എല്‍.ഐ.സി. ബസ്സ്‌റ്റോപ്പില്‍ ഞാനും ഷക്കീറും ബസ്സിറങ്ങി. 'കോയക്കാ എനിക്ക് തരാന്‍ പറഞ്ഞ ആ പണം എടുക്ക്.' ഷക്കീര്‍ പറഞ്ഞു. ഞാന്‍ അമ്പതുരൂപ എടുത്തുകൊടുത്തു.

ആ പണം വാങ്ങി കീശയിലിട്ട് ഷക്കീര്‍ പറഞ്ഞു: 'ഞാന്‍ ചന്ദ്രനെ പേടിപ്പിച്ചെന്നും രണ്ടു ദിവസംകൊണ്ട് റും വാടകയായ തൊള്ളായിരം രൂപ ചന്ദ്രന്‍ ലോഡ്ജില്‍ എത്തിക്കാം എന്ന് പറയിപ്പിച്ചെന്നും നീ കോയക്കായോട് പറയണം.'

ആയിക്കോട്ടെ, ഞാന്‍ പറഞ്ഞോളാം. ഷക്കീര്‍ അമ്പതുരൂപ വാങ്ങിയെടുത്ത് മിഠായിത്തരു ഭാഗത്തേക്ക് നടന്നുപോയി.

ഷക്കീര്‍ നടന്നുപോകുന്നത് ഞാന്‍ കുറച്ചുസമയം നോക്കി നിന്നു. ഈ റൗഡികള്‍ക്കൊക്കെ രണ്ട് പുഴുങ്ങിയ മുട്ടയും പഞ്ചാര വെള്ളവും ഇത്തിരി സ്‌നേഹവും കൊടുത്താല്‍ മതി. അവര്‍ നല്ല മനുഷ്യരായി ജീവിച്ചോളും.

ആ ദിവസത്തിനുശേഷം ഒരു വര്‍ഷം കഴിഞ്ഞ് ഒരു ആപ്പിള്‍പോലത്തെ ഇത്താത്തക്കുട്ടിയെ ഷക്കീര്‍ വിവാഹം കഴിച്ചു. അവളുമായി ശൃംഗാരം പറഞ്ഞ് ഫ്രാന്‍സിസ് റോഡിലൂടെ നടന്നുപോകുന്നത് ഒരു ദിവസം ഞാന്‍ കണ്ടു. അതിനുശേഷം ഞാന്‍ ഷക്കീറിനെ കാണുന്നത് 2024-ലാണ്.

ഇപ്പോള്‍ പതിനഞ്ചുവര്‍ഷമായി ഞാന്‍ കോഴിക്കോട് കോറണേഷന്‍ തിയേറ്ററിന്റെ പരിസരത്താണ് താമസിക്കുന്നത്. ഒരു ദിവസം രാവിലെ ഹോട്ടലില്‍ നിന്ന് ബ്രേക്ക് ഫാസ്റ്റും കഴിച്ച് കോറണേഷന്‍ തിയേറ്റിനു മുന്നിലുള്ള കോട്ടപ്പറമ്പ് ഹോസ്പിറ്റല്‍ റോഡില്‍ കൂടി നടന്നുവരികയായിരുന്നു. ആ റോഡ് കള്ളുകുടിയന്മാരും റൗഡികളും കയ്യടക്കി വെച്ചിരിക്കുകയാണ്. ഇടയ്‌ക്കൊക്കെ കസബ പോലീസുകാര്‍ വന്ന് അടിച്ച് ഓടിക്കുകയൊക്കെ ചെയ്യുന്നുണ്ട്. എന്നാലും കുറച്ച് കള്ളുകുടിയന്മാര്‍ അവിടെ താവളമടിച്ചിരിക്കാറുണ്ട്. രണ്ടുപേര്‍ റോഡിന്റെ ഇടതുവശത്തിരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു. രണ്ടുപേരെയും കാണുമ്പോള്‍ തന്നെ അറിയാം, മുഴുത്ത കുടിയന്മാരാണെന്ന്.

അതിലൊരാള്‍ എഴുന്നേറ്റ് എന്നെ തടഞ്ഞുനിര്‍ത്തി. 'നിനക്ക് എന്നെ മനസ്സിലായോ' എന്ന് ചോദിച്ചു. അയാളെ കണ്ടപ്പോള്‍ ഇത് ഷക്കീറാണോ എന്ന് എനിക്കൊരു ചെറിയ സംശയം തോന്നി. ഷക്കീര്‍ നല്ല വെളുത്തിട്ടായിരുന്നല്ലോ, പക്ഷെ, ഇയാള്‍ ഇരുനിറമാണല്ലോ എന്ന് ആലോചിച്ചതിനുശേഷം 'എനിക്ക് മനസ്സിലായില്ല' എന്നു പറഞ്ഞു. അയാള്‍ ചിരിച്ചു കൊണ്ട് ഫ്രാന്‍സിസ് റോഡ്, കോയക്കായുടെ ലോഡ്ജ് എന്നു പറഞ്ഞപ്പോള്‍, ഞാന്‍ ചിരിച്ചുകൊണ്ട് ഷക്കീര്‍ക്കാ എന്നു ചോദിച്ചു. അതുകേട്ടപാടെ സന്തോഷം കൊണ്ട് അയാള്‍ പുഞ്ചിരിച്ചു.

ഞാന്‍ ഷക്കീറിനെ ഇക്ക ചേര്‍ത്ത് ഷക്കീര്‍ക്കാ എന്നു പറഞ്ഞതുകൊണ്ടോ, എന്തോ അവിടെ ഇരിക്കുകയായിരുന്ന ഷക്കീറിന്റെ കൂട്ടുകാരനും സന്തോഷംകൊണ്ട് ചിരിച്ചു.

ഷക്കീര്‍ സന്തോഷത്തോടെ എന്നോട് പോയ്‌ക്കോളാന്‍ പറഞ്ഞു. ഷക്കീറിന്റെ കോലം കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നി. അതിനുശേഷം ഒരു വിഷു ദിവസം രാവിലെ പെട്ടിക്കടയില്‍ ചെന്ന് പത്രവും വാങ്ങി വന്നപ്പോള്‍ തങ്കച്ചി കവിത ഫോണില്‍ വിളിച്ചു. എനിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു. (വിഷുദിവസമാണ് എന്റെ ജന്മദിനം). ഞാന്‍ അവളുമായി ഫോണില്‍ സംസാരിച്ചുകൊണ്ട് പോകുമ്പോള്‍ ഷക്കീറും അയാളുടെ രണ്ടുകൂട്ടുകാരും എന്റെ മുന്നില്‍ വന്നു.

ഷക്കീര്‍ എന്നോട് ഒരാവശ്യവുമില്ലാതെ 'നീ പോടാ'-എന്ന് ദേഷ്യത്തില്‍ ഒച്ചയില്‍ പറഞ്ഞിട്ട് പോയി. എനിക്ക് കിട്ടിയ ജന്മദിന സമ്മാനമായിരുന്നു അത്. ഷക്കിറിന്റെ ഒച്ചകേട്ട് അപ്പുറത്ത് ഫോണില്‍ സംസാരിച്ചിരുന്ന തങ്കച്ചി കവിതയും ഞെട്ടി. അവള്‍ കളിയാക്കി ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു: ''നിങ്ങളല്ലേ എപ്പോഴും പറയാറുള്ളത് - മലയാളികള്‍ മര്യാദക്കാരും മാന്യമായ വാക്കുകള്‍ ഉപയോഗിക്കുന്നവരുമാണെന്ന്''. അതില്‍പ്പെടാത്ത ഒരാളാണ് ഇയാള്‍ എന്ന് പറഞ്ഞ് ഞാന്‍ അവളെ സമാധാനിപ്പിച്ചു. ഇടക്കൊക്കെ എന്റെ റൂമിനടുത്തുള്ള ബിവറേജ് ഷോപ്പിന്റെ പരിസരത്തുവെച്ച് ഞാന്‍ ഷക്കീറിനെ കാണാറുണ്ടെങ്കിലും കണ്ടില്ലെന്ന ഭാവത്തോടെ നടന്നുപോവാറാണ് പതിവ്.

ഒരു ദിവസം ഷക്കീറിന്റെ അടുത്തുചെന്ന് അയാളുടെ ജോലി, കുടുംബമടക്കമുള്ള ഷക്കീറിന്റെ വിശേഷങ്ങള്‍ ചോദിക്കണമെന്നുണ്ടായിരുന്നു. എന്റെ വകയായി ഒരു അഞ്ഞുറുരൂപ അയാള്‍ക്ക് കൊടുത്താലോ എന്ന് ഞാന്‍ പല പ്രാവശ്യം ആലോചിച്ചതുമാണ്.

പക്ഷെ, ഞാനിപ്പോള്‍ സുരക്ഷിതമായ ജീവിതം നയിച്ചുപോകുന്നുണ്ട്. പുതിയ പ്രശ്‌നങ്ങളിലേക്ക് ഞാന്‍ തന്നെ തലവെച്ചുകൊടുക്കേണ്ട ആവശ്യമുണ്ടോ... 

(തുടരും)