
കാസർകോട് കറന്തക്കാട്ട് ദേശീയപാതയോരത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയെന്നു കരുതുന്ന സംഘം
കാസർകോട്: കാറിലെത്തിയ അഞ്ചംഗസംഘം പകൽ യുവാവിനെ ദേശീയപാതയോരത്തുനിന്ന് തട്ടിക്കൊണ്ടുപോയി. സംഘത്തെ കർണാടകയിലെ സകലേശ്പുരിനടുത്ത് കർണാടക പോലീസിന്റെ സഹായത്തോടെ തടഞ്ഞു. കാസർകോട് കറന്തക്കാട്ടെ ഹോട്ടലിന്റെ മുന്നിൽ നിൽക്കുകയായിരുന്ന മേൽപ്പറമ്പ് സ്വദേശി ഹനീഫയെയാണ് തട്ടിക്കൊണ്ടുപോയത്.
രാത്രിയോടെ കാസർകോട് പോലീസിന് കൈമാറിയ പ്രതികളെയും യുവാവിനെയും പോലീസ് സംഘം രാത്രിവൈകി കാസർകോട്ടെത്തിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കറന്തക്കാട് ആര്യഭവൻ ഹോട്ടലിന്റെ മുന്നിലെ സർവീസ് റോഡിലേക്കാണ് കാറിൽ അഞ്ചുപേരടങ്ങിയ സംഘമെത്തിയത്. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൂന്ന് ദിവസത്തിലേറെയായി സംഘം ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നുവെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ബേക്കൽ സ്വദേശിയായ ശരീഫ് എന്നയാളാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നും സംശയിക്കുന്നു. രാത്രിയോടെ സ്റ്റേഷനിലെത്തിച്ച ചോദ്യം ചെയ്താൽ മാത്രമെ യഥാർഥ്യം എന്താണെന്നു വ്യക്തമാവുകയുള്ളുവെന്നും ഇൻസ്‌പെക്ടർ പി. നളിനാക്ഷൻ അറിയിച്ചു.
ആന്ധ്രാപ്രദേശിൽനിന്നുള്ളവരാണ് തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നൽകിയത്. സംഭവത്തിൽ കാസർകോട് ടൗൺ പോലീസ് കേസെടുത്തു. ടൗൺ എസ്ഐ സജിമോൻ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കാസർകോട്ടെത്തിച്ചത്.
സിനിമാക്കഥപോലെ കറുത്ത കാറും തട്ടിക്കൊണ്ടുപോകലും...
കറുത്ത കാറിലെത്തിയ സംഘം പകൽവെളിച്ചത്തിൽ ഒരാളെ തട്ടിക്കൊണ്ടുപോകുന്നു. കണ്ടുനിൽക്കുന്നവരെയെല്ലാം അദ്‌ഭുതപ്പെടുത്തിക്കൊണ്ട് മിന്നൽവേഗത്തിൽ ദൃക്‌സാക്ഷികളുടെ കണ്ണിൽനിന്ന് മറയുന്നു... സിനിമാക്കഥകളിൽ മാത്രം കണ്ട് ശീലച്ച സീനുകളാണ് ബുധനാഴ്ച ഉച്ചയ്ക്ക് കാസർകോട് നഗരത്തിൽ നടന്നത്. ഏറേ തിരക്കേറിയ ദേശീയപാതയോരമാണ് ഈ നാടകീയ സംഭവങ്ങളെല്ലാം നടക്കുന്നത്. ഈ സംഘം നൂറ്റമ്പത് കിലോമീറ്ററോളം എല്ലാവരുടെയും കണ്ണ് വെട്ടിച്ച് സഞ്ചരിക്കുകയും ഒടുവിൽ കർണാടക പോലീസിന്റെ പിടിയിലാവുന്നതുമെല്ലാം പിന്നീട് കണ്ടു.
ഉച്ചയ്ക്ക് ഒന്നോടെ കാസർകോട് ടൗൺ പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഭവസ്ഥലത്തേക്ക് കുതിച്ചെത്തുന്നു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വലിയ സൂചനകളൊന്നും ലഭിച്ചില്ല. ഇതോടെ അതിർത്തി സ്റ്റേഷനുകളിലേക്കും അയൽസംസ്ഥാനമായ കർണാടകയിലേക്കും വിവരം കൈമാറുന്നു. ഞൊടിയിടയിൽ അന്വേഷണം ചൂട് പിടിക്കുന്നു. എല്ലാ സ്റ്റേഷനുകളും കറുത്ത സ്‌കോർപ്പിയോ കാറിനെ കണ്ടെത്താനായി ശ്രമം തുടങ്ങുന്നു. ഒടുവിൽ തലപ്പാടിയിലെ ചെക്‌പോസ്റ്റ് കാർ കടന്നിട്ടുണ്ടെന്നും കർണാടകയിലേക്ക് എത്തിയെന്നും വിവരം ലഭിക്കുന്നു.
പിന്നെ പോലീസ് സേന എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്നു. കൃത്യമായ മുന്നൊരുക്കത്തോടെ ഈ കാറിനെ പിന്തുടരുകയും നിരീക്ഷിക്കുകയും ചെയ്ത് കർണാടകയിലെ സകലേശ്പുരിൽവെച്ച് വലയിലാക്കുന്നു.
Content Highlights: Five-Member Gang Kidnaps Man in Kasaragod; Nabbed in Karnataka
Published: 18 Dec 2025, 08:51 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented