മുംബൈ: മുബൈയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർതൃമാതാവ് അറസ്റ്റിൽ. മുബൈ ഘാട്‌കോപ്പർ സ്വദേശിയായ സ്വപ്ന ഗാഞ്ചിയുടെ കൊലപാതകക്കേസിലാണ് സ്വപ്നയുടെ ഭർതൃമാതാവായായ ധനലക്ഷ്മി ഗാഞ്ചി(65)യെ പോലീസ് അറസ്റ്റ് ചെയ്തത്. മരുമകൾ ഗാർഹിക പീഡനക്കേസ് ഫയൽചെയ്തതിലുള്ള വൈരാഗ്യത്തെത്തുടർന്ന്, വീട്ടുജോലിക്കാരിക്കും കുടുംബത്തിനും മൂന്ന് ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയാണ് ഇവർ കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

To advertise here,

സംഭവത്തിൽ ധനലക്ഷ്മി ഗാഞ്ചിക്ക് പുറമെ ഇവരുടെ വീട്ടുജോലിക്കാരി മംഗളാബായി സുരേഷ് ജാദവ്, ഇവരുടെ ഭർത്താവ് സുരേഷ് ഗൺപത് ജാദവ്, മക്കളായ ശിവാനി സുരേഷ് ജാദവ്, സജൻ സുരേഷ് ജാദവ് എന്നിവരുൾപ്പെടെ അഞ്ച് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് ഘാട്കോപ്പറിലെ വീട്ടിൽ സ്വപ്നയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അർധരാത്രിയോടെ ഭർതൃപിതാവ് സ്വപ്നയുടെ പിതാവിനെ ഫോണിൽ വിളിച്ച് മകൾ ശുചിമുറിയിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി അറിയിക്കുകയായിരുന്നു. എന്നാൽ, സ്വപ്നയുടെ പിതാവ് ആശുപത്രിയിൽ എത്തിയപ്പോഴേക്കും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചിരുന്നു. മൃതദേഹത്തിൽ തലയിലുണ്ടായ വലിയ പരിക്കിന് പുറമെ മുഖത്തും കഴുത്തിലും തോളിലും മർദനമേറ്റതിന്റെ പാടുകൾ കണ്ടതോടെ, മരണത്തിൽ സംശയം തോന്നിയ പിതാവ് പോലീസിൽ പരാതിനൽകുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ഇതൊരു അപകടമരണമാണെന്ന് വരുത്തിത്തീർക്കാനും തെളിവുകൾ നശിപ്പിക്കാനും പ്രതികൾ ശ്രമം നടത്തിയിരുന്നു. മദ്യപിച്ചതിനെതുടർന്ന് സ്വപ്ന ശുചിമുറിയിൽ വീണതാണെന്നാണ് ഇവർ ആദ്യം പോലീസിനോടുപറഞ്ഞത്. പിന്നീട്, പോലീസിന്റെ അന്വേഷണത്തിൽ, യുവതി ഭർതൃവീട്ടുകാർക്കെതിരെ ഗാർഹിക പീഡനക്കേസ് നൽകിയിരുന്നെന്നും ഇതേത്തുടർന്ന് ഇരുകൂട്ടർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നെന്നും പോലീസ് കണ്ടെത്തി. യുവതിയെ കൊലപ്പെടുത്താനായി പ്രതി, വീട്ടിലെ ജോലിക്കാരി ഉൾപ്പെടെയുള്ള നാലംഗ സംഘത്തിന് ക്വട്ടേഷൻ നൽകുകയും മൂന്ന് ലക്ഷം രൂപ കൈമാറുകയും ചെയ്തെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

2013-ലാണ് പ്രമോദ് ഗാഞ്ചിയും സ്വപ്നയും വിവാഹിതരായത്. വിവാഹത്തിന്റെ ആദ്യ രണ്ട് വർഷങ്ങൾക്കുശേഷം ഭർത്താവ് പ്രമോദും അമ്മയും അച്ഛനും രണ്ട് സഹോദരന്മാരുമടങ്ങുന്ന കുടുംബം സ്വപ്നയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാൻ തുടങ്ങിയെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞു. ഇതേത്തുടർന്ന്, 2024-ൽ സ്വപ്ന ഭർതൃവീട്ടുകാർക്കെതിരെ ഗാർഹിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, മർദനം, വധഭീഷണി എന്നിവയ്ക്ക് കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രതികൾ കൊലപാതകം നടത്തിയത്.