മതംകൊണ്ട് നീ വിഭിന്നനാണെന്ന് പറയുന്നവരെ കത്തിയെടുത്ത് ഞാന്‍ കുത്തും; വളര്‍ത്തുമകനോട് കമലാദാസ്


ഡോ. ഇര്‍ഷാദ് അഹമ്മദ്/ എഴുത്ത്: ഷബിതഅത്യാവശ്യജോലികള്‍ ചെയ്തു തീര്‍ക്കാനുള്ളതിനാല്‍ ഇപ്പോള്‍ അമ്മയുടെ കൂടെ തങ്ങാന്‍ കഴിയില്ല എന്ന കാര്യം ഒരുവിധം പറഞ്ഞൊപ്പിച്ചു. മുപ്പത്തിയേഴ് വര്‍ഷത്തിലാദ്യമായി എന്റെ വാക്കുകള്‍ക്കു മുന്നില്‍ അമ്മ നിശബ്ദയായി. കണ്ണുകള്‍ നിറഞ്ഞൊഴുകി. അന്നുതന്നെ തിരികെപ്പോകാന്‍ തോന്നിയ ഞങ്ങള്‍ എന്തൊരു വിഡ്ഢികളാണ്! എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പശ്ചാത്താപം അതു മാത്രമാണ്. 

കമലാദാസ് വളർത്തുമകൻ ഇർഷാദിനൊപ്പം

കെ. മാധവദാസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ സേവനമനുഷ്ഠിക്കുന്ന കാലത്താണ് കമലാദാസ് രണ്ട് കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്നത്. നാഷണൽ അസോസിയേഷൻ ഫോർ ബ്ലൈൻഡ്സ് എന്ന സംഘടനയിലെ സന്നദ്ധപ്രവർത്തകയായിരുന്നു കമലാദാസ്. കാഴ്ച പകുതിയോളം നഷ്ടപ്പെട്ട ഇംത്യാസ് അഹമ്മദ്, ഇർഷാദ് അഹമ്മദ് എന്നീ സഹോദരന്മാർ നാഷണൽ അസോസിയേഷൻ ഫോർ ബ്ലൈൻഡ്സിനെ ആശ്രയിച്ച കാലം കൂടിയായിരുന്നു അത്. കമലാദാസ് താമസിച്ചിരുന്ന ബാങ്ക് ഹൗസിനടുത്തുള്ള ഹോസ്റ്റലിൽ താമസിച്ചു പഠിച്ച ഇംത്യാസും ഇർഷാദും കമലാദാസിന്റെ മക്കളായിത്തന്നെ വളർന്നു. അവർ കുട്ടികൾക്ക് പുസ്തകങ്ങൾ വായിച്ചുകൊടുക്കുന്നത് പതിവായി. കാലം കഴിയേ നിയമപഠനത്തിൽ തൽപ്പരനായ ഇംത്യാസ് ലോകമറിയുന്ന അഭിഭാഷകനായപ്പോൾ അമ്മ കമലയുടെ സാഹിത്യാഭിരുചികളിൽ ആകൃഷ്ടനായ ഇർഷാദ് അഹമ്മദ് പ്രശസ്തനായ ഇംഗ്ലീഷ് പ്രൊഫസറായി. ഇർഷാദിന്റെ ജീവിതത്തിലെ നിർണായകഘട്ടങ്ങളിലെല്ലാം അമ്മ കമലയായിരുന്നു പിന്തുണച്ചിരുന്നത്. അമ്മയുടെ സാന്നിധ്യത്തിൽ ജീവിച്ച മുപ്പത്തിയേഴ് സംവത്സരങ്ങൾ ഡോ. ഇർഷാദ് അഹമ്മദ് പങ്കുവെക്കുന്നു.
...........................................

ന്റെ മൂത്തസഹോദരന്‍ ഇംത്യാസ് അഹമ്മദാണ്‌ ആദ്യമായി അമ്മ കമലയെ കാണുന്നത്. 1973 സെപ്തംബര്‍ മാസത്തില്‍. തൊട്ടടുത്ത വര്‍ഷം മാര്‍ച്ചില്‍ ഞാന്‍ അമ്മയുടെ അടുത്തെത്തി. മുംബെയിലെ ബാങ്ക് ഹൗസില്‍വെച്ചു ഞങ്ങൾ ആദ്യമായി കണ്ടു . എനിക്കപ്പോള്‍ പതിനെട്ട് വയസ്സ്‌. പശ്ചിമ ബംഗാളിലെ ഡാര്‍ജലിങ്ങില്‍ കലിംപോങ് സ്‌കൂളിലായിരുന്നു ഞങ്ങളുടെ ആദ്യകാല വിദ്യാഭ്യാസം. നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ്‌സ് എന്ന സംഘടനയില്‍ ആര്‍.ബി.ഐയിലെ ഡെപ്യൂട്ടി ഗവര്‍ണര്‍ കൃഷ്ണണസ്വാമിയുടെ ഭാര്യ സജീവപ്രവര്‍ത്തകയായിരുന്നു. കൃഷ്ണസ്വാമിയും ഭാര്യയും ബാങ്ക്ഹൗസിന്റെ താഴത്തെ നിലയിലായിരുന്നു താമസിച്ചിരുന്നത്. കമലാദാസ് രണ്ടാമത്തെ നിലയിലും. മിസിസ് കൃഷ്ണസ്വാമിയാണ് ഞങ്ങളെ കമലാദാസിന് പരിചയപ്പെടുത്തുന്നത്‌. ആദ്യമാദ്യം കമലാദാസ് എനിക്ക് ആന്റിയായിരുന്നു. പക്ഷേ, വളരെ കുറഞ്ഞകാലംകൊണ്ട് ഞാന്‍ അമ്മ എന്ന് വിളിച്ചുതുടങ്ങി. വൈകാതെ തന്നെ തങ്ങളുടെ മക്കളായി എന്നെയും സഹോദരനെയും മാധവദാസ് അങ്കിളും അമ്മ കമലയും സ്വീകരിച്ചു.

നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ്‌സില്‍ അമ്മ കമലയും അംഗമായിരുന്നു. എനിക്കും സഹോദരനും കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ അമ്മയും സഹോദരങ്ങളും പുസ്തകങ്ങള്‍ വായിച്ചുതരുമായിരുന്നു. വളരെ ആകര്‍ഷണീയതയും അതേസമയം, വളരെ സങ്കീര്‍ണതയുമുള്ള വ്യക്തിത്വത്തിനുടമയായിരുന്നു അമ്മ കമല. അഗാധമായ നന്മ, അദമ്യമായ ധൈര്യം, സ്നേഹം, സത്യസന്ധത, ദയ, അലിവ്... ഇതിന്റെയെല്ലാം സംയോജനമായിരുന്നു അമ്മയുടെ വ്യക്തിത്വം. അമ്മയൊരു നിത്യദാതാവ് ആയിരുന്നു. ദരിദ്രര്‍ക്കും പീഡിതര്‍ക്കും വേണ്ടി എപ്പോഴും പ്രവര്‍ത്തിക്കാന്‍ മനസ്സുള്ള ഒരാള്‍. മനുഷ്യരാശിയുടെ ലക്ഷ്യത്തില്‍ തികച്ചും പ്രതിബദ്ധതയോടെ അമ്മ ഇടപെട്ടിരുന്നു. 'സ്നേഹത്തിന്റെ സ്നേഹവും വെറുപ്പിന്റെ വെറുപ്പും' എന്ന ആപ്തവാക്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മനുഷ്യത്വത്തിന്റെ ലക്ഷ്യത്തോട് അക്ഷരാര്‍ഥത്തില്‍ അമ്മ പ്രതിജ്ഞാബദ്ധയായിരുന്നു.

ഹിംസാത്മകമായ എല്ലാ പ്രവൃത്തികളെയും അക്രമങ്ങളെയും അമ്മ നിശിതമായി എതിർത്തു. സാമൂഹിക- മത- വര്‍ഗീയ- ലിംഗപരമായ വേര്‍തിരിവുകളെ അമ്മ തന്റെ കവിതകളിലൂടെ എതിര്‍ത്തിരുന്നു. 'ദ കൊളംബോ പോയംസ്', 'ഇന്‍ഹെറിറ്റന്‍ൻസ്‌', 'നാനി', 'ഓണര്‍', 'ഫിയര്‍ ഓഫ് ദ ഇയര്‍' പോലുള്ള കവിതകള്‍ തന്നെ ഉദാഹരണം. തന്നെ ശ്രവിക്കുന്നവരുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കാന്‍ അതുല്യമായ കഴിവുള്ള, അത്ഭുതകരമാം വിധം കാര്യങ്ങള്‍ പറയുന്ന തികഞ്ഞ പ്രാസംഗിക കൂടിയായിരുന്നു അമ്മ.

അണ്ണാമലൈ കവിതകള്‍ ഇര്‍ഷാദിന് വായിച്ചുകൊടുക്കുന്ന കമലാദാസ്‌

അമ്മയ്ക്ക് വളരെ മാതൃകാപരമായ ഒരു മതേതരബോധം തന്നെയുണ്ടായിരുന്നു. ഒരു സംഭവം പറയാം:

ഞങ്ങളുടെ ഇളയ സഹോദരന്‍ ജയ്സൂര്യദാസിന് (ഷോഡു) അന്ന് പത്തുവയസ്സാണ്‌. ടെന്നീസ് ക്ലബില്‍ ചേരണമെങ്കില്‍ അവിടെനിന്നു തരുന്ന ഒരു ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കണം. ജയ്സൂര്യ ഫോം പൂരിപ്പിച്ച് അമ്മയെ കാണിച്ചു. അപേക്ഷകന്റെ പേര്, പിതാവിന്റ പേര്, മാതാവിന്റെ പേര്, ദേശീയത എല്ലാം ഷോഡു കൃത്യമായി പൂരിപ്പിച്ചിട്ടുണ്ട്. അപേക്ഷകന്റെ മതം വ്യക്തമാക്കേണ്ട കോളത്തില്‍ ഷോഡു 'ഹിന്ദു' എന്നെഴുതി. അപേക്ഷ വിശദമായി നോക്കിയ ശേഷം അമ്മ അവനെ വിളിച്ചു. ''നിന്നെക്കുറിച്ച് എഴുതിയിരിക്കുന്ന എല്ലാ വിവരങ്ങളും ഏറെക്കുറെ ശരിയാണ്. പക്ഷേ, വിശ്വാസം കൊണ്ട് നീയൊരു ഹിന്ദുവാണെന്ന് നിനക്കെങ്ങനെ അറിയാം? '' ഷോഡു അമ്മയോട് പറഞ്ഞു: ''കാരണം എന്റെ അമ്മ ഹിന്ദുവാണ്.'' അമ്മ അപ്പോള്‍ത്തന്നെ തിരുത്തി. 'അല്ല! ഈ പ്രായത്തില്‍ നിനക്ക് ഒരു മതവും കൊണ്ടുനടക്കാനായിട്ടില്ല. നീ വളര്‍ന്ന് വലുതാവുമ്പോള്‍, എല്ലാ മതങ്ങളെക്കുറിച്ചും പഠിച്ച ശേഷം, പൂര്‍ണമായും മനസ്സിലാക്കിയ ശേഷം, നിനക്ക് സ്വീകാര്യമായ മതം തിരഞ്ഞെടുക്കാം. നീ ഒരു പക്ഷേ ബുദ്ധമതക്കാരനായേക്കാം, ചിലപ്പോള്‍ മുസ്ലിം, അല്ലെങ്കില്‍ ക്രിസ്ത്യന്‍.' അല്‍പനേരത്തെ ആലോചനയ്ക്ക് ശേഷം വളരെ പതുക്കെ ഷോഡു അമ്മയോട് ചോദിച്ചു: ''അങ്ങനെയാണെങ്കില്‍ അമ്മേ, ഈ കോളത്തില്‍ ഞാന്‍ എന്ത് എഴുതും?' അമ്മ അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു: ''നീ എഴുത്, ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല'' ഷോഡു കൃത്യമായും സ്പഷ്ടമായും അങ്ങനെത്തന്നെ എഴുതി!

അതിനുശേഷം അമ്മ എന്നോട് പറഞ്ഞു: ''ഇര്‍ഷാദ്, നിനക്കറിയാല്ലോ, ഞാന്‍ ഒരു വെജിറ്റേറിയനാണ്. എനിക്ക് ഒരു പാറ്റയെപ്പോലും കൊല്ലാനാവില്ല. പക്ഷേ, നിനക്കറിയാമോ, എനിക്ക് വളരെ എളുപ്പത്തില്‍ ഒരാളെ കത്തിക്ക് ഇരയാക്കാന്‍ കഴിയും; അയാള്‍ എന്റെയടുക്കല്‍ വന്ന് എന്റെ മറ്റ് മക്കളില്‍നിന്നും നീ നിന്റെ മതം കൊണ്ട് വിഭിന്നനാണ് എന്ന് പറയുകയാണെങ്കില്‍.'' അമ്മയുടെ ഔന്നത്യമാര്‍ന്ന മതേതര വീക്ഷണങ്ങള്‍ക്കുമുമ്പില്‍ ഞാന്‍ അടിമുടി നമസ്‌കരിച്ചുപോയി.

കമലാദാസിനെക്കുറിച്ച് പൊതുവേയുള്ള ധാരണകള്‍ക്ക് തികച്ചും കടകവിരുദ്ധമായ മറ്റൊരു സംഭവം കൂടി ഓര്‍മ വരികയാണ്. അമ്മ തികച്ചും ഒരു 'പ്യൂരിറ്റന്‍' ജീവിതം നയിച്ചയാള്‍ തന്നെയായിരുന്നു. 1980-കളിലാണ്. കെ. മാധവ്ദാസ് ആംസ്റ്റര്‍ഡാമില്‍ ഐക്യ രാഷ്ട്രസഭയുടെ ഒരു ദൗത്യവുമായി പോയിരിക്കുകയാണ്. അമ്മയോടൊപ്പം ഞാന്‍ ഉണ്ടായിരിക്കണം എന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞേല്‍പിച്ചിരുന്നു. അമ്മയെ തനിച്ചാക്കുന്നത് അദ്ദേഹത്തിനിഷ്ടമില്ലായിരുന്നു. അന്ന് അമ്മയ്ക്ക് ഇറോസ് സിനിമാസില്‍ പോയി 'വാര്‍ ആന്‍ഡ് പീസ്' എന്ന സിനിമ കാണാന്‍ തോന്നി. തോന്നിയാല്‍പിന്നെ അപ്പോള്‍ത്തന്നെ പോയിരിക്കണം. ഞാനും അമ്മയുടെ കൂടെ സിനിമ കാണാന്‍ പോകണമെന്നായി.

അമ്മ ആവശ്യപ്പെട്ട സമയത്തു തന്നെ പോകാന്‍ ചില വ്യക്തിപരമായ തിരക്കുകള്‍ കാരണം പറ്റില്ലെന്ന കാര്യം ഞാന്‍ അമ്മയെ ബോധിപ്പിച്ചു. അമ്മ ഡ്രൈവറായ കാളിയെ വിളിച്ച് മൂന്ന് ടിക്കറ്റുകള്‍ ബുക് ചെയ്യാന്‍ പറഞ്ഞു. അതുകേട്ട ഉടന്‍ തന്നെ ഞാന്‍ ചോദിച്ചു: ''എന്തിനാണ് മൂന്ന് ടിക്കറ്റുകള്‍? അമ്മ തനിച്ചല്ലേ പോവുന്നത്?'' മറുപടി കേട്ട ഞാന്‍ മറ്റൊരു കമലാദാസിനെയാണ് കണ്ടത്: ''അതെ. ഞാനൊറ്റയ്ക്കാണ് പോകുന്നത്. മൂന്നു ടിക്കറ്റ് എന്തിനാണെന്നുവച്ചാല്‍ എന്റെ ഇരുവശങ്ങളിലെയും സീറ്റുകള്‍ കാലിയായിരിക്കാനാണ്. ഞാന്‍ ഒറ്റയ്ക്കാവുമ്പോള്‍ എന്റെയടുക്കല്‍ ഒരു പുരുഷനും ഇരിക്കുന്നത് എനിക്കിഷ്ടമില്ല!'' അതായിരുന്നു കമലാദാസ്. തന്റെ ഇടവും വലവും ഒഴിഞ്ഞ സീറ്റുകള്‍ നിര്‍ത്തിക്കൊണ്ട് അമ്മ 'വാര്‍ ആന്‍ഡ് പീസ്' കണ്ടു.

ഹിംസയ്ക്കെതിരെ എവിടെയും പോയി സംസാരിക്കാന്‍തക്ക അസാധ്യമായ ധൈര്യമുള്ളയാളായിരുന്നു അമ്മ. 1987-ല്‍ നടന്ന ഒരു സംഭവം കൂടി പറയാം. ജനുവരി മാസമാണ്. എന്റെ ഭാര്യ ലളിതയും ഞാനും അമ്മയും ദാസങ്കിളും തിരുവനന്തപുരത്ത് വിന്റര്‍ വെക്കേഷന്‍ ആഘോഷിക്കാന്‍ വന്നതായിരുന്നു. വൈകുന്നേരം ചായ കുടിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങള്‍. പിറ്റേന്ന് അമ്മയ്ക്ക് മധുരയില്‍ ഒരു പ്രസ് കോണ്‍ഫറന്‍സ് ഉണ്ട്. ഞങ്ങളും പിറ്റേന്ന് ഡാര്‍ജലിങ്ങിലേക്ക് തിരികെ പോകുകയാണ്. യാത്രയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് അങ്കിള്‍ വിഷയം മാറ്റി. ''നോക്ക് ആമി, (ആമി എന്നുമാത്രമേ അങ്കിള്‍ അമ്മയെ വിളിക്കാറുള്ളൂ) നാളെ നീ പോകുന്നത് മധുരയിലേക്കാണ്. നിനക്കറിയാലേ മധുര എല്‍.ടി.ടി.ഇയുടെ കേന്ദ്രമാണ്. അവര്‍ക്കെതിരെ ഒന്നും സംസാരിക്കരുത്. പ്രഭാകരന്‍ നിന്നെ ബാക്കിവെച്ചേക്കില്ല.'

'ദാസേട്ടനെന്താണ് വിചാരിച്ചത്?' അമ്മ പെട്ടെന്ന് ക്ഷുഭിതയായി. നിങ്ങള്‍ അങ്ങോട്ട് പറഞ്ഞയക്കുന്നത് ഒരുഭീരുവിനെയാണോ? 'No comments please' എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്ന രാഷ്ട്രീയക്കാരിലോ ചില മാധ്യമപ്രവര്‍ത്തകരിലോ ഉള്‍പ്പെട്ട ഒരാളല്ല ഞാന്‍. എനിക്ക് എന്റേതായ കമന്റ്സ് എല്ലാറ്റിലും ഉണ്ട്. ഒരു എഴുത്തുകാരി ഡൈനാമൈറ്റ് പോലെയാണെന്ന് നിങ്ങള്‍ നിര്‍ബന്ധമായും ഓര്‍ത്തിരിക്കണം. ഞാന്‍ അക്രമത്തെക്കുറിച്ച് സംസാരിക്കുന്നയാളാണ്.അത് തുടരാന്‍ തന്നെയാണ് തീരുമാനം.' അതും പറഞ്ഞ് അമ്മ കോപത്തോടെ എഴുന്നേറ്റ് മുറിയിലേക്ക് പോയി. അമ്മയുടെ തീരുമാനം മാറ്റാന്‍ അങ്കിള്‍ നിയോഗിച്ചത് എന്നെയായിരുന്നു. അങ്കിളിനോട് എനിക്കത്രയും ബഹുമാനമാണ്. ഞാന്‍ അമ്മയുടെ അടുത്തുപോയി പിറ്റേന്നത്തെ പ്രസംഗവിഷയത്തെക്കുറിച്ച് പറയാന്‍ ശ്രമിച്ചു. പക്ഷേ, പരാജയപ്പെട്ടു. അമ്മ എന്നോടും ആവര്‍ത്തിച്ചു: ''ഇര്‍ഷാദ്, ഒരു എഴുത്തുകാരി ഡൈനാമൈറ്റ് പോലെയാണ്. അല്ലാതെ ഭീരുവിനെപ്പോലെയല്ല. ഞാന്‍ പോയി എന്റെ മനസ്സിനു തോന്നുന്ന കാര്യങ്ങള്‍ പറയും; എക്കാലത്തെയും പോലെ.''

ഇര്‍ഷാദും ലളിതയും കമലാദാസിനൊപ്പം

ഞാനും ലളിതയും ഡാര്‍ജലിങ്ങിലെ വീട്ടിലെത്തി. മധുരയിലെ പ്രസംഗം കഴിഞ്ഞ് അമ്മയും മുംബെയിലെത്തി. വൈകാതെ തന്നെ അമ്മയുടെ ഫോണ്‍ വന്നു. മധുരയിലെ പ്രസ്‌ കോണ്‍ഫറന്‍സിന്റെ പരിണിതഫലത്തെക്കുറിച്ച് പറയാനായിരുന്നു അത്. ''ഇര്‍ഷാദ്, നിനക്കറിയുമോ, പ്രഭാകരന്‍ ഇന്നലെ രാത്രി എന്നെ വിളിച്ചു. നിങ്ങള്‍ ഞങ്ങള്‍ക്കെതിരെയാണ് സംസാരിച്ചത് എന്നാണ് അയാള്‍ പറഞ്ഞത്. അല്ല, ഞാന്‍ സംസാരിച്ചത് അക്രമത്തിനും ഹിംസയ്ക്കുമെതിരെയാണ്. അതിന്റെ ഉത്ഭവത്തെക്കുറിച്ച് ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല എന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ പ്രഭാകരന്‍ പറഞ്ഞു: പക്ഷേ, നിങ്ങളുടെ അറിവിലേക്കായി പറയുന്നു, നിങ്ങളുടെ വീട് തീവ്രവാദികള്‍ വളഞ്ഞിരിക്കുകയാണ്. ഓ! അങ്ങനെയുമുണ്ടോ? എന്നാല്‍ ഞാന്‍ പുറത്തേക്കിറങ്ങാം. അതും പറഞ്ഞ് ഞാന്‍ എന്റെ അടുക്കളക്കത്തിയും ഒരു സ്റ്റൂളുമെടുത്ത് പുറത്തേക്ക് നടന്നു. അഞ്ചാറ് മിനുട്ടോളം ഞാന്‍ പുറത്തിരുന്നു. പക്ഷേ, ആരും വന്നില്ല.''

അമ്മ ഇങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യമൊന്ന് അതിശയിച്ചു. അമ്മയെ എനിക്ക് നന്നായി അറിയാമായിരുന്നതുകൊണ്ട് അസ്വാഭാവികതയൊന്നും തോന്നിയില്ല.

എനിക്ക് സാഹിത്യം വളരെയധികം ഇഷ്ടമാണ്. പ്രത്യേകിച്ചും കവിതകള്‍. വളരെ ചെറുപ്പം മുതല്‍ക്കേ നേപ്പാളിയില്‍ ഞാന്‍ കവിതകളും ഗാനങ്ങളും എഴുതുമായിരുന്നു. അമ്മയെ കണ്ടുമുട്ടിയതിനു ശേഷം എന്റെ കവിതാധാരണകളെല്ലാം തന്നെ അടിമുടി മാറി. അമ്മ എന്റെ ജീവിതത്തിലുടനീളം വര്‍ത്തിച്ചത് അതിശക്തമായ പ്രസ്ഥാനമായിട്ടു തന്നെയായിരുന്നു. കവിതയില്‍ ഞാന്‍ നിരന്തരം നവീകരിക്കപ്പെട്ടു, കൂടുതല്‍ പരിശീലനങ്ങള്‍ കിട്ടി. അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങിനടക്കുന്ന കുട്ടിയായി മാറി ഞാന്‍. അമ്മ വരയ്ക്കുമ്പോള്‍ അവിടെ, അടുക്കളയില്‍ പോകുമ്പോള്‍ കൂടെ, വിശ്രമിക്കുമ്പോള്‍ ഒപ്പം വിശ്രമിച്ചു. കവിതയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അമ്മ പറയുന്നതെല്ലാം എനിക്ക് ആപ്തവാക്യങ്ങളായി.

അമ്മയുടെ സംഭാഷണങ്ങളില്‍, വീക്ഷണങ്ങളില്‍ ഞാന്‍ ആകൃഷ്ടനായി. അമ്മയെ വിട്ട് മറ്റൊരിടം എന്റെ ചിന്തയിലും പ്രവൃത്തിയിലും ഇല്ലാതെയായി. ഞാന്‍ മറ്റെവിടെയും പോവാതെയായി. തിരുവനന്തപുരത്തെ ഒരു വിന്റര്‍ വെക്കേഷനില്‍ അമ്മയോടൊപ്പം പോയപ്പോള്‍ അമ്മയെന്നോട് കന്യാകുമാരിയൊക്കെ കണ്ടുവരാന്‍ പറഞ്ഞു. അമ്മയോട് ഞാന്‍ പറഞ്ഞു: ''എനിക്കെവിടെയും പോകേണ്ട ആവശ്യമില്ല, ഈ വീട്ടില്‍ വളരെ വിലപിടിപ്പുള്ള അസുലഭമായ വലിയൊരു സാഹിത്യസമ്പത്ത് ഉണ്ട്. അമ്മയുടെ ഓരോ വാക്കുകളും എന്നെ സംബന്ധിച്ചിടത്തോളം അമൂല്യമാണ്. ''

ഔപചാരികമായി അമ്മയ്ക്ക് പരിമിതമായ വിദ്യാഭ്യാസമേയുള്ളൂ. അമ്മയുടേതായ കാവ്യാത്മകതയും വൃത്തവും താളവുമൊക്കെയാണ് അവര്‍ സൃഷ്ടിച്ചിരിക്കുന്നത്. പ്രകൃത്യാലുള്ളവയാണ് അതെല്ലാം. ഡിബോണയര്‍ മാസികയുടെ കവിതാ എഡിറ്ററായിരുന്നപ്പോള്‍ അമ്മയാണ് പ്രസിദ്ധീകരണയോഗ്യമായ കവിതകള്‍ തിരഞ്ഞെടുത്തിരുന്നത്. അമ്മ എന്നോട് സംസാരിച്ചുകൊണ്ടിരിക്കേ കവിതകള്‍ തിരഞ്ഞെടുക്കുകയാണ്! വളരെ ലാഘവത്തോടെ കവിതകളെ മുന്‍ഗണനാക്രമത്തില്‍ നിരത്തിവെക്കുന്നുണ്ട്. അമ്മയെ സംബന്ധിച്ചിടത്തോളം അതൊന്നു വലിയ ജോലിയേ അല്ല.

അമ്മ അതുതുടര്‍ന്നുകൊണ്ടേയിരുന്നപ്പോള്‍ ഒരു ആകാംക്ഷയുടെ പുറത്ത് ഞാന്‍ ചോദിച്ചു: ''ഒരു കവിത നല്ലതാണെന്ന് അമ്മ എങ്ങനെയാണ് തിരിച്ചറിയുന്നത്? അമ്മ എന്നോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. കവിതകള്‍ മുഴുവനായും വായിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അമ്മ പറഞ്ഞു: കവിതയ്ക്ക് ചില ഭൗതികമായ വശങ്ങള്‍ ഉണ്ട്. കവിത മികച്ചതാണെങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ പ്രത്യേകമായിട്ടെന്തോ ഒന്ന് സംഭവിക്കും; You get goosebumps. അതുകൊണ്ടാണ് എനിക്കീ കവിതകള്‍ മുഴുവനായും വായിക്കേണ്ടി വരാത്തത്. നിങ്ങളുടെ ശരീരം മനസ്സിനേക്കാള്‍ വേഗത്തില്‍ പ്രതികരിക്കും.

കവിതയിലെ റിഥത്തെക്കുറിച്ച് എന്താണ് അഭിപ്രായം, വൃത്തം തിരിക്കുന്നത് അമ്മ പഠിച്ചിട്ടേയില്ലെന്ന് പറഞ്ഞല്ലോ? ഞാന്‍ ചോദിച്ചു. പ്രോസഡിയൊന്നും പഠിക്കേണ്ടതില്ല. കടല്‍ത്തിരമാലയില്‍ നിന്നാണ് ഞാനെന്റെ റിഥമുണ്ടാക്കുന്നത്. തിരകളും എന്റെ ഹൃദയമിടിപ്പുകളും തമ്മിലുള്ള വിന്യാസം. പ്രകൃതിയുടെ താളമാണ് ഞാന്‍ പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. അമ്മയോടൊത്തുള്ള സംഭാഷണങ്ങളും ചര്‍ച്ചകളും കാരണം സാഹിത്യത്തെ ഒരു പരീക്ഷാവിഷയമായി മാത്രം കാണുന്ന ശീലം ഞാന്‍ അവസാനിപ്പിച്ചു. സാഹിത്യത്തെ അതിന്റെതായ രീതിയില്‍ നോക്കിക്കാണാന്‍ ഞാന്‍ പഠിക്കുകയായിരുന്നു.

ബാലാമണിയമ്മയോടൊപ്പം കമലാദാസ്, കെമാധവദാസ്, സുലോചനനാലപ്പാട്ട്, ഇര്‍ഷാദ് അഹമ്മദ്, ലളിത തുടങ്ങിയവര്‍

മോനു, ചിന്നന്‍, ജയ്സൂര്യ... അമ്മ പ്രസവിച്ച മൂന്നു മക്കള്‍. ഇംത്യാസും ഞാനും. അമ്മ വളര്‍ത്തിയ മക്കള്‍. ഞങ്ങള്‍ അഞ്ചു പേരോടും അമ്മയ്ക്ക് ഒരേ വാത്സല്യമായിരുന്നു. ഞങ്ങളുടെ കുടുംബത്തില്‍ എപ്പോഴും അമ്മയുടെ സ്നേഹമായിരുന്നു ഫ്രതിഫലിച്ചിരുന്നത്. മോനു എപ്പോഴും വല്യേട്ടനായിരുന്നു. അധികവും അദ്ദേഹം കേരളത്തിലായിരുന്നു ഉണ്ടായിരുന്നത്. രാഷ്ട്രീയത്തിലും നല്ല കാഴ്ചപ്പാടുള്ളയാളാണ്. ഞങ്ങള്‍ നാലുപേരും മോനുവിന് എപ്പോഴും ഒരു ബൗദ്ധികപരിവേഷം നല്‍കിയിരുന്നു. ഹൃദയത്തിന്റെയും തലയുടെയും അപൂര്‍വസംയോജനമുള്ള ഒരു ഉയര്‍ന്ന ബുദ്ധിജീവിയായാണ് ഞങ്ങള്‍ അദ്ദേഹത്തെ കണ്ടത്.

ചിന്നനും ഞാനും ഏതാണ്ട് സമപ്രായക്കാരായിരുന്നു. 'ടൈംസ് ഓഫ് ഇന്ത്യ'യിലായിരുന്നു ചിന്നന്‍. ഒരേ പ്രായമായതു കൊണ്ടാവാം ചിന്നന്‍ വളരെ ഫ്രണ്ട്ലിയായിരുന്നു. ജയ്സൂര്യയാണ് ഞങ്ങളില്‍ ഏറ്റവും ഇളയത്. ഞങ്ങള്‍ നാലു പേരുടെയും ശ്രദ്ധാകേന്ദ്രവും സ്നേഹവും അവനാണ്. ബാങ്ക് ഹൗസില്‍ എല്ലാ ദിവസവും വന്നിരിക്കണമെന്ന് അവനായിരുന്നു നിര്‍ബന്ധം. ഷോഡു ഞങ്ങളോട് വളരെയധികം അടുപ്പം സൂക്ഷിച്ചിരുന്നു. പല ദിവസങ്ങളിലും ഞാനും ഇംത്യാസും ഹോസ്റ്റലിലെ ഭക്ഷണം ഒഴിവാക്കി അമ്മയെയും സഹോദരങ്ങളെയും കാത്തിരിക്കും. അമ്മയുടെ മേല്‍നോട്ടത്തിലാണ് പിന്നെ തീറ്റ.

മനുഷ്യരുടെ മനസ്സ് വായിക്കാനുള്ള അപാരമായ കഴിവ് അമ്മയ്ക്കുണ്ടായിരുന്നു. ബാങ്ക് ഹൗസില്‍ ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞ് അമ്മ കിടക്കാന്‍ പോയി. എനിക്ക് കിടക്കണമെങ്കില്‍ തൊട്ടടുത്ത മുറി ഒരുക്കിത്തരാമെന്ന് അമ്മ പറഞ്ഞു. ഞാന്‍ വേണ്ടെന്നു പറഞ്ഞു. അമ്മ വാതില്‍ തുറന്നിട്ടാണ് കിടക്കുന്നത്. ബാങ്ക് ഹൗസിലെ ഡ്രോയിങ് റൂമിലെ സോഫയില്‍ ഇരുന്ന് കൊണ്ട് ഞാന്‍ ഒരു മലയാളം വാചകത്തെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. 'ഒരു ഗ്ലാസ് വെള്ളം' എന്ന വാചകമാണ് എന്റെ മനസ്സിലുള്ളത്. ഒരു എന്നാല്‍ വണ്‍. വെള്ളം എന്നാല്‍ വാട്ടര്‍. പെട്ടെന്നാണ് അമ്മ ഉറക്കെ പറഞ്ഞത് മൈ ഗോഡ്...! ഇര്‍ഷാദ് മലയാളം പഠിക്കാന്‍ ശ്രമിക്കുന്നു!

ഞാന്‍ ഞെട്ടിപ്പോയി. അമ്മയ്ക്കെങ്ങനെ മനസ്സിലായി? ഞാന്‍ ചോദിച്ചു. ''ഇര്‍ഷാദ്, എനിക്ക് ആളുകളുടെ മനസ്സ് വായിക്കാനറിയാം. പക്ഷേ, ഞാനതാരോടും പറഞ്ഞിട്ടില്ല. അറിഞ്ഞാല്‍ അവരെന്റെയടുക്കല്‍ വരാന്‍ മടിക്കും.'' ഇതു കേട്ടപ്പോള്‍ മുമ്പു നടന്ന പലസംഭവങ്ങളും എന്റെ മനസ്സിലേക്കു വന്നു. എനിക്കെപ്പോഴെല്ലാം വിശക്കുകയോ ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുകയോ ചെയ്താല്‍ മതി, അമ്മ എഴുന്നേറ്റ് അടുക്കളയില്‍ പോയി ധൃതിയില്‍ ഭക്ഷണമുണ്ടാക്കും. തിരുവനന്തപുരം ദേവി വിലാസത്തില്‍ താമസിക്കുമ്പോള്‍ ഒരു സംഭവമുണ്ടായി. ഞാനും ഭാര്യ ലളിതയും അമ്മയോടൊപ്പമുണ്ട്. എനിക്ക് വിശക്കുന്നുണ്ടെന്ന കാര്യം ഞാന്‍ ലളിതയോട് പറയാനിരിക്കെ അമ്മയുണ്ട് അടുക്കളയിലേക്ക് ധൃതിയില്‍ പോകുന്നു. ഞൊടിയിടയില്‍ സാമ്പാറും ചോറും തയ്യാറാക്കിക്കഴിഞ്ഞു. അമ്മയുടെ വീട്ടുജോലിക്കാരി വന്നിട്ട് ഭക്ഷണമുണ്ടാക്കുകയാണ് പതിവ്. അമ്മയ്ക്കെങ്ങനെ മനസ്സിലായി എനിക്ക് വിശക്കുന്ന കാര്യം എന്ന് ഞാന്‍ ചോദിച്ചു. 'മക്കള്‍ക്ക് വിശക്കുമ്പോള്‍ അമ്മമാര്‍ പാചകം ചെയ്തിരിക്കും' എന്നായിരുന്നു മറുപടി.

അമ്മയെ കണ്ടുമുട്ടിയതു മുതലുള്ള ആദ്യത്തെ ഏഴു വര്‍ഷം ഞങ്ങള്‍ അമ്മയുടെ പരിപൂര്‍ണ സംരക്ഷണയിലായിരുന്നു. 1980-ല്‍ ഞങ്ങള്‍ മുംബെയ്ക്ക് പോയി. അവിടെ നിന്ന് ഇംത്യാസ് എല്‍.എല്‍.എം ചെയ്യാനായി ലണ്ടനിലേക്ക് പോയി. ഞാന്‍ ഡാര്‍ജലിങ്ങില്‍ ഒരു കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായി ചേര്‍ന്നു. എന്നിരുന്നാലും ഞാനും ലളിതയും അമ്മയെ സ്ഥിരമായി സന്ദര്‍ശിച്ചു. നിത്യവും വിവരങ്ങള്‍ പരസ്പരം അറിയിച്ചു. 2009 മെയ് മാസത്തില്‍ അമ്മ യാത്രയാവുന്നതുവരെ അത് തുടര്‍ന്നു. മുപ്പത്തിയാറ് സംവത്സരങ്ങള്‍ കമലാദാസ് എന്ന സ്നേഹസംരക്ഷണയിലാണ് ഞങ്ങള്‍ ജീവിച്ചത്.

അമ്മ മുംബെയില്‍ ഉണ്ടായിരുന്നപ്പോള്‍ എപ്പോഴും പറയമായിരുന്നു, ഈ നഗരം വിട്ട് എവിടെയും പോവരുതെന്ന്. 'ഒന്നിച്ചിരിക്കുമ്പോള്‍ നമ്മളുണ്ടാവും, പിരിഞ്ഞുപോയാല്‍ നമ്മള്‍ വീഴും, ഓര്‍ക്കണം...'അമ്മ എപ്പോഴും തരുന്ന ഉപദേശങ്ങളില്‍ പ്രധാനപ്പെട്ടത് ഇതായിരുന്നു. അവസാനകാലത്ത് അമ്മയെ കണ്ടപ്പോള്‍ പറഞ്ഞത്, നിങ്ങളുടെ സഹോദരന്മാരായ മോനുവിനെയും ചിന്നനെയും ഷോഡുവിനെയും വിട്ടുപോകരുത് എന്നായിരുന്നു. എപ്പോഴും അവരോടൊപ്പമുണ്ടാകണം. കേരളത്തില്‍ അമ്മയോടൊപ്പം സ്ഥിരതാമസമാക്കാന്‍ അമ്മ എന്നെ ഉപദേശിച്ചിരുന്നു. കേരളത്തിലെ ഏതെങ്കിലും കോളേജിലോ യൂണിവേഴ്സിറ്റിയിലോ എനിക്ക് ജോലി തരപ്പെടുത്താനും അമ്മയ്ക്ക് പ്ലാന്‍ ഉണ്ടായിരുന്നു. ശരി എന്താണോ അതിനെ മുറുകെപ്പിടിക്കാനും തെറ്റിനെ എതിര്‍ക്കാനും അമ്മ ഏതറ്റം വരെയും പോകുമായിരുന്നു.

പല കാരണങ്ങള്‍ കൊണ്ടും അമ്മ വാര്‍ത്തകളില്‍ നിരന്തരം ഇടം പിടിച്ചിരുന്നു. സര്‍ക്കാറിനെയോ മന്ത്രിമാരെയോ തൃപ്തിപ്പെടുത്താന്‍ അമ്മ ശ്രമിച്ചിട്ടില്ല. തന്നെപ്പറ്റി എന്തു വിചാരിക്കും എന്നത് വകവെക്കാതെ നിരന്തരം ഭരണവിമര്‍ശനങ്ങള്‍ എഴുതുകയും പറയുകയും ചെയ്തു. പത്മഭൂഷണ്‍, ജ്ഞാനപീഠം പോലുള്ള സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ അതുമൂലം അമ്മയുടെ കൈകളില്‍ എത്തിയില്ല. അമ്മയുടെ കാലത്ത് ഇതെല്ലാം വന്നുചേര്‍ന്ന കൈകള്‍ അമ്മയേക്കാള്‍ മികവുള്ളവരുടേതായിരുന്നില്ല എന്നുകൂടി ഓര്‍ക്കണം.

പരിസ്ഥിതി സംരക്ഷണത്തിനായും വനം പുനര്‍നിര്‍മിക്കുന്നതിനും അമ്മ അഹോരാത്രം പ്രയത്നിച്ചിരുന്നു. എണ്‍പതുകളുടെ അവസാനത്തില്‍ കേരള ഫോറസ്ട്രി ബോര്‍ഡിന്റെ അധ്യക്ഷയായിരുന്നു. വനവത്ക്കരണത്തിന്റെ ആവശ്യകത ജനങ്ങളെ ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'ബോധിയാത്ര' എന്ന പേരില്‍ അമ്മയും ബോര്‍ഡംഗങ്ങളും കേരളമുടനീളം സഞ്ചരിച്ചു. വൃക്ഷത്തെകള്‍ നടുക, പരിസ്ഥിതി കവിതകള്‍ ആലപിക്കുക തുടങ്ങിയവയില്‍ അമ്മ ഉത്സാഹം കാണിച്ചിരുന്നു. രാപലില്ലാതെയുള്ള ഈ ജോലികള്‍ക്കൊന്നും അമ്മ ഒരു രൂപ പോലും ശമ്പളം പറ്റിയിരുന്നില്ല. പകരം സ്വന്തം കയ്യില്‍നിന്നു ധാരാളം പണം ഇതിനായി ചെലവാക്കുകയും ചെയ്തു.

ബാബാ ആംതേയില്‍ നിന്നും ഇന്ദിരാഗാന്ധി വൃക്ഷമിത്ര പുരസ്‌കാരം സ്വീകരിക്കുന്ന കമലാദാസ്‌

എ.കെ. ആന്റണി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ രാജീവ് ഗാന്ധിയുടെ ഒരു ശുപാര്‍ശയുമായി അമ്മയെ കാണാന്‍ വന്നു. പുതുതായി ഏര്‍പ്പെടുത്തിയ ഇന്ദിര ഗാന്ധി വൃക്ഷമിത്ര അവാര്‍ഡ് അമ്മയ്ക്ക് നല്‍കണമെന്നാണ് രാജീവ്ജിയുടെ ആഗ്രഹം. എ.കെ. ആന്റണി പറഞ്ഞതിങ്ങനെയാണ്: 'ചേച്ചി, രാജീവ്ജിക്ക് ഈ അവാര്‍ഡ് ചേച്ചിക്കുതന്നെ നല്‍കാനാണ് ആഗ്രഹം. അതിനുവേണ്ടി ഒന്നും തന്നെ ചേച്ചി ചെയ്യേണ്ടതില്ല, പകരം സര്‍ക്കാറിനെ വിമര്‍ശിക്കുന്നതില്‍നിന്നു മാറിനില്‍ക്കണം. ചേച്ചി ഈ പുരസ്‌കാരം സ്വീകരിക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.'' അമ്മ പറഞ്ഞു: ശരി, ഞാനങ്ങനെ ചെയ്യാം. ഒരു ഉപാധിയുണ്ട്. ഒരു വ്യക്തിക്കായി ഈ പുരസ്‌കാരം നല്‍കരുത്, പകരം കേരള ഫോറസ്ട്രി ബോര്‍ഡിനുവേണം നല്‍കാന്‍. എന്റെ പിള്ളേര്‍ എല്ലാവരും ഒരുപോലെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്.'' അങ്ങനെ ബാബാ ആംതേയുടെ പക്കല്‍നിന്നു പുരസ്‌കാരം സ്വീകരിച്ചു.

സാര്‍വത്രിക സ്നേഹമായിരുന്നു അമ്മയുടെ മുഖമുദ്ര. ജാതി,മത,വര്‍ഗ,ദേശ,വര്‍ണ ചിന്തകള്‍ക്കപ്പുറത്തായിരുന്നു അമ്മയുടെ സ്നേഹം. മനുഷ്യരോട് കാണിച്ച സ്നേഹം അതേ അളവില്‍ പക്ഷികളോടും മൃഗങ്ങളോടും ചെടികളോടും അമ്മ കാണിച്ചിരുന്നു. പാര്‍ശ്വവത്ക്കരിക്കപ്പെട്ട, അധഃസ്ഥിതരായ, അക്രമങ്ങള്‍ക്കിരയായ, സാമൂഹികവിവേചനം നേരിടുന്നവരെ അമ്മ സ്നേഹിച്ചു. എഴുത്തില്‍ സ്വീകരിക്കുന്ന പ്രമേയങ്ങളുടെ സ്വഭാവം കൊണ്ടും അമ്മ വാര്‍ത്തകളില്‍ നിരന്തരം ഇടം പിടിച്ചിരുന്നു. തുടക്കം മുതല്‍ക്കേ സ്ഥാപനവിരുദ്ധമായ നിലപാട് അമ്മ പ്രകടിപ്പിച്ചിരുന്നു. 1976-ല്‍ പ്രസിദ്ധീകരിച്ച 'എന്റെ കഥ'യോടെ അമ്മ തികച്ചും ഒരു ഐക്കണോക്ലാസ്റ്റ് ആയി മാറി.

കമലാദാസിനെക്കുറിച്ചുള്ള പൊതുവേയുള്ള കെട്ടുകഥകളില്‍നിന്നും ഭാവനകളില്‍നിന്നും മോചിപ്പിക്കേണ്ടത് എന്റെ കടമയാണെന്നെനിക്കു തോന്നി. കാമവും ലൈംഗികതയും മാത്രം ചുമത്തിക്കൊണ്ട് അമ്മയെ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടുന്നു എന്നെനിക്കു തോന്നിയിരുന്നു. രതിയുടെ ബിംബാവതരണമായി കമലാദാസ് മാറിക്കഴിഞ്ഞിരുന്നു. അവരുടെ കവിതകള്‍ വലിയ പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യുന്നത് മനസ്സിലാക്കാതെ സ്വന്തം വ്യക്തിജീവിതത്തില്‍ ഒതുങ്ങി നില്‍ക്കുന്നതായി ആളുകള്‍ വിലയിരുത്താന്‍ തുടങ്ങി.

2005-ല്‍ ഒരു പുസ്തകമായി മാറിയ എന്റെ ഗവേഷണ പ്രബന്ധം വിശദമാക്കിയത് കമലാദാസിന്റെ കവിതകള്‍ ബഹുസ്വരമാണെന്നും ശൃംഗാരം നിരവധി ശബ്ദങ്ങളില്‍ ഒന്ന് മാത്രമാണെന്നമാണ്. അമ്മയുടെ കവിതകള്‍ എല്ലാത്തരം ഹിംസയ്ക്കെതിരെയും, അതുവഴി അഹിംസയുടെ സൗന്ദര്യശാസ്ത്രത്തെയും പ്രദാനം ചെയ്യുന്നതാണ്. മാനവികതയ്ക്ക് വേണ്ടിയുള്ള സാഹിത്യമാണ് കമലാദാസിന്റെത്. അവ ജീവന്റെ സംരക്ഷണത്തിനും ഈ ഭൂമിയില്‍ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ്. ജീവിതത്തെക്കുറിച്ചുള്ള കവിയുടെ മൊത്തത്തിലുള്ള കാഴ്ചപ്പാടിനെ ഞാന്‍ മെലിയോറിസ്റ്റിക് ആയി വിവരിച്ചിട്ടുണ്ട്. ജനപ്രിയ ധാരണയ്ക്ക് വിരുദ്ധമായി, അമ്മ മറ്റുള്ളവര്‍ക്ക് വേണ്ടി കൂടുതല്‍ തവണ സംസാരിച്ചു, അതുവഴി അമ്മയുടെ കവിതകള്‍ 'മറ്റൊരാളുടെ ഗാനം'( 'Someone Else's Song' -സമ്മര്‍ ഇന്‍ കല്‍ക്കട്ടയിലെ ഒരു പ്രധാനപ്പെട്ട കവിത) മായി. ഇങ്ങനെയാണ് അമ്മയുടെ 'സ്വകാര്യശബ്ദം' വായനക്കാര്‍ക്ക് കേള്‍ക്കാവുന്ന തരത്തിലാക്കാന്‍ ഞാന്‍ ശ്രമിച്ചത്.

ഇസ്ലാം മതത്തിലേക്കുള്ള അമ്മയുടെ പരിവര്‍ത്തനം ദീര്‍ഘവും പ്രക്ഷുബ്ധവുമായ ഒരു ആത്മീയയാത്രയുടെ ഭാഗമായിരുന്നു. ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുമ്പേ തന്നെ അമ്മ ബുര്‍ഖ ധരിക്കുമായിരുന്നു. എഴുപതുകളില്‍ ഞാനും ഇംത്യാസും മുംബെയില്‍ വിദ്യാര്‍ഥികളായിരിക്കുമ്പോള്‍ ഞങ്ങളുടെ കുടുംബത്തില്‍ ആരുംതന്നെ ബുര്‍ഖ ധരിച്ചിരുന്നില്ല. 1980-ല്‍ ദുബായിയിലെ മലയാളി വിമന്‍സ് അസോസിയേഷന്‍ 'മതഭേദമന്യേ സ്ത്രീകള്‍ക്ക് പര്‍ദയുടെ ആവശ്യകത' എന്ന വിഷയത്തില്‍ സംസാരിക്കാനായി അമ്മയെ ക്ഷണിച്ചു. അമ്മയുടെ വാക്കുകള്‍ തന്നെ കടമെടുത്ത് പറയുകയാണെങ്കില്‍, അപ്പോഴേക്കും പത്തു വര്‍ഷത്തോളം ഒരു മതത്തിലും വിശ്വസിക്കാതെ പിന്നീട് അമ്മ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ''ബുര്‍ഖ ധരിച്ച യാഥാസ്ഥിതിക മുസ്ലീം സ്ത്രീകളെ ആക്രമിക്കാന്‍ ആരും ധൈര്യപ്പെടാത്തതിനാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഇത് തിരിച്ചറിയപ്പെടില്ലെന്ന ഭയാനകമായ ഒരു ബോധം നല്‍കുകയും ഒരു ബുള്ളറ്റ് പ്രൂഫായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്''- അമ്മ ബുര്‍ഖയെ സമീപിച്ചത് ഇങ്ങനെ പറഞ്ഞുകൊണ്ടായിരുന്നു.

കേരളത്തിലെ മുസ്ലിം സമൂഹത്തില്‍നിന്നു അമ്മയ്ക്ക് നിരാശാജനകമായ പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. തികഞ്ഞ ഒരു മുസ്ലിം മതവിശ്വാസിയായി തുടരുകയും കൃത്യമായി നിസ്‌കരിക്കുകയും ചെയ്തിരുന്നു. തികച്ചും യാഥാസ്ഥിതികരായിട്ടുള്ള മുസ്ലിങ്ങള്‍ സക്കാത്തിന്റെ പേരില്‍ അമ്മയോട് അമിതമായ സാമ്പത്തികാവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

എന്റെ മാതാവിനും പിതാവിനും കൂടി ഞങ്ങള്‍ അഞ്ച് സഹോദരന്മാരും രണ്ട് സഹോദരിമാരുമായിരുന്നു. മൂന്നു സഹോദരന്മാര്‍ കച്ചവടരംഗത്തും രണ്ടു പേര്‍ അക്കാദമിക മേഖലയിലുമായിരുന്നു. 1962-ല്‍ ഞങ്ങള്‍ വളരെ ചെറുതായിരിക്കുമ്പോള്‍ത്തന്നെ പിതാവ് മരണപ്പെട്ടിരുന്നു. എന്റെ ഭാര്യ ലളിതയും നേരത്തേ മരിച്ചുപോയി. അവര്‍ ഡാര്‍ജലിങ് ഗവണ്‍മെന്റ് കോളേജിലെ പ്രൊഫസറായിരുന്നു. ലളിതയെ അമ്മയ്ക്ക് വളരെയിഷ്ടമായിരുന്നു. സ്വന്തം മകളെപ്പോലെയായിരുന്നു സ്നേഹിച്ചത്. അവള്‍ക്ക് അമ്മ സമ്മാനമായി നല്‍കിയ കാഞ്ചീപുരം സാരികള്‍ ഇന്നും ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. 2009-ലാണ് എന്റെ ഉമ്മയും മരിക്കുന്നത്. ഞാന്‍ ഉമ്മയെയും കൂട്ടി അമ്മയെ കാണാന്‍ പോയിട്ടുണ്ട്. അമ്മയ്ക്ക് വളരെ സന്തോഷം നല്‍കിയ കൂടിക്കാഴ്ചയായിരുന്നു അത്. സാഹിത്യമാണ് എനിക്കും അമ്മയ്ക്കുമിടയില്‍ മധ്യസ്ഥം വഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് ആശയവിനിമയം എളുപ്പത്തില്‍ സാധ്യമായിരുന്നു. ദിവസേന കത്തുകള്‍ എഴുതുന്നത് ഞങ്ങളുടെ ശീലമായിരുന്നു.

2009 ജനുവരി ആറിനാണ് അമ്മയെ അവസാനമായി ഞാന്‍ കാണുന്നത്. അമ്മ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടത് സഹോദരന്മാര്‍ എന്നെ അറിയിച്ചു. ഞാനും ലളിതയും കൂടി അമ്മയെ കാണാന്‍ പോയി. പൂനെയിലെ സണ്‍ശ്രീ ഗോള്‍ഡ് അപ്പാര്‍ട്മെന്റില്‍ ഏതാണ്ട് പതിനൊന്നു മണിയോടെ ഞങ്ങള്‍ എത്തി. അമ്മ പൂര്‍ണമായും കിടപ്പിലായിരുന്നു. ആ കാഴ്ച ഹൃദയം പിളരുന്നതായിരുന്നു. സംസാരിക്കാന്‍ തീരേ പറ്റുന്നില്ല, എന്നാലോ അമ്മയുടെ സ്ഥായിയായ സ്നേഹവും ആതിഥേയസ്വഭാവവും മുഖത്ത് പ്രകടമായിരുന്നു. ഞങ്ങള്‍ അടുത്ത് വന്നിരുന്നപ്പോള്‍ അമ്മയുടെ മുഖം സന്തോഷം കൊണ്ട് പ്രകാശിച്ചു. ഞങ്ങളുടെ കൈകളില്‍ പിടിച്ചുകൊണ്ട് മാതൃത്വം തുളുമ്പുന്ന കണ്ണുകളോടെ അമ്മ ഞങ്ങളെ തഴുകിക്കൊണ്ടിരുന്നു. വളരെക്കാലം മുമ്പ് അമ്മയുടെ സംരക്ഷണത്തില്‍ ഞാന്‍ അനുഭവിച്ച സുരക്ഷിതത്വവും സംതൃപ്തിയും എനിക്കു പകര്‍ന്നു തരാനുള്ള തിടുക്കമായിരുന്നു അമ്മയ്ക്ക്; ഒട്ടും വയ്യാതിരുന്നിട്ടുകൂടി.

അമ്മയെ ഈ അവസ്ഥയില്‍ കണ്ടതോടെ ഞങ്ങളും വല്ലാതെ വിഷമത്തിലായി. അമ്മ അത് മനസ്സിലാക്കിയതോടെ തമാശകള്‍ പറയാന്‍ തുടങ്ങി. അമ്മയുടെ തമാശപറച്ചില്‍ അതിഭയങ്കരമാണ്. ഹാസ്യത്തില്‍ അപാരകഴിവാണ് അമ്മയ്ക്ക്. മിമിക്രിയും ഹാസ്യവും അമ്മ എപ്പോഴും ഇഷ്ടപ്പെട്ടിരുന്നു. ഞാന്‍ യുവാവായിരിക്കുമ്പോള്‍ അമ്മയെ അനുകരിച്ച് കാണിക്കുമായിരുന്നു. അമ്മ അത് ഏറെ ആസ്വദിച്ചിരുന്നു. അമ്മയുടെ അപ്പോഴത്തെ പ്രകടനം കണ്ട് എനിക്ക് ചിരിപൊട്ടുന്നു എന്നു കണ്ടപ്പോള്‍ വലിയൊരു മന്ദഹാസത്തോടെ അമ്മ പറഞ്ഞു: ''നീ ചിരിക്കുമ്പോള്‍ ശരിക്കും മോനുവിനെപ്പോലെത്തന്നെയാണ്!'' ഞങ്ങള്‍ എല്ലാവരും ഒരമ്മ പെറ്റ മക്കള്‍ തന്നെയാണെന്ന് സ്ഥാപിക്കാനുള്ള മാതൃത്വമായിരുന്നു അതെന്ന് ഞങ്ങള്‍ക്കറിയാം. ആ സന്തോഷത്തില്‍ അമ്മയുടെ വേദനകള്‍ പോയിമറഞ്ഞു. അമ്മയുടെ ശബ്ദം വളരെ നേര്‍ത്തിരുന്നു. കഷ്ടി കേള്‍ക്കാന്‍ പറ്റും. സംസാരം തുടരുമ്പോള്‍ അമ്മയനുഭവിക്കുന്ന ബുദ്ധിമുട്ട് വളരെ വ്യക്തമായിരുന്നു. എങ്കിലും ഞങ്ങളെ വിടാന്‍ അമ്മയ്ക്ക് മനസ്സില്ലായിരുന്നു. വാക്കുകളേക്കാള്‍ അധികം നിശബ്ദതയിലൂടെ ഞങ്ങള്‍ സംസാരിച്ചു.

രണ്ട് മണിക്കൂറോളം ഞങ്ങള്‍ വര്‍ത്തമാനങ്ങള്‍ പറഞ്ഞു. ഊണ് കഴിച്ചശേഷം ഏകദേശം നാല് മണിവരെ ഞങ്ങള്‍ അമ്മയുടെ അടുത്തിരുന്നു. ഞങ്ങള്‍ അമ്മയോടൊപ്പം ബോംബെയിലും കേരളത്തിലും ചെലവഴിച്ച നാളുകള്‍ അമ്മ ഓര്‍ത്തു പറഞ്ഞുകൊണ്ടേയിരുന്നു. അമ്മയ്ക്ക് ഇനി അധികനാള്‍ ഇങ്ങനെ തുടരാനാവില്ല, യാത്രയാവാനായി എന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. ''നിന്റെ മൂന്നു സഹോദരന്മാരേയും ഒരിക്കലും മറക്കരുതെ''ന്ന് പറഞ്ഞുകൊണ്ടേയിരുന്നു. എപ്പോഴും അവരുമായി ബന്ധമുണ്ടായിരിക്കും എന്ന് അമ്മയ്ക്ക് വാക്ക്കൊടുത്തു. അമ്മയുടെ മുമ്പില്‍ വെച്ച് മോനുവിനെയും ചിന്നനെയും ജയ്സൂര്യയെയും ഫോണില്‍ എന്നെക്കൊണ്ട് വിളിപ്പിച്ചു.

ഓഫീസിലെ കൊടിയ തിരക്കിനിടയിലും ജയ്സൂര്യ ഞങ്ങളെ കാണാന്‍ അമ്മയുടെ അപ്പാര്‍ട്മെന്റിലേക്ക് കുതിച്ചെത്തി. ഒരു മാറ്റവും അന്നും ഇന്നും സംഭവിച്ചിട്ടില്ലാത്ത ഷോഡു കണ്ടയുടനെ എന്നെ കെട്ടിപ്പിടിച്ചു. എന്റെ കുട്ടിക്കാലത്ത് എനിക്ക് പോകേണ്ടയിടത്തെല്ലാം കൊണ്ടുപോയിരുന്നത് ഷോഡുവായിരുന്നു. ബാങ്ക് ഹൗസില്‍ മണിക്കൂറുകളോളം ഞങ്ങള്‍ കളിക്കുമായിരുന്നു. അതുവരെ ശോകച്ഛായ പുതഞ്ഞുനിന്ന അപ്പാര്‍ട്നമെന്റില്‍നിന്നും പൊട്ടിച്ചിരികള്‍ ഉയര്‍ന്നു. വളരെക്കാലത്തിനുശേഷം തന്റെ മക്കളെ തിരിച്ചുകിട്ടിയതുപോലെ അമ്മ വളരെ സന്തോഷത്തോടെ അതെല്ലാം നോക്കിക്കിടന്നു. ഏറെക്കാലമായി കാത്തിരുന്ന ഒരു സമാഗമം കണ്ട് ആനന്ദിക്കുകയായിരുന്നു അമ്മ.

ഞങ്ങള്‍ പല കാര്യങ്ങളും സംസാരിച്ചെങ്കിലും മതം ഒരു വിഷയമാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തനിക്ക് വളരെയധികം ആശ്വാസം നല്‍കപ്പെടും എന്ന് വിശ്വസിച്ച് അമ്മ തിരഞ്ഞെടുത്ത മതത്തിന്റെ പേരില്‍ ധാരാളം അര്‍ഥരഹിതമായ വിവാദങ്ങള്‍ നടന്നുകഴിഞ്ഞു. അമ്മയ്ക്ക് മനുഷ്യരുടെ മനസ്സ് വായിക്കാന്‍ അപാരമായ സിദ്ധിയുണ്ട്. ഞങ്ങള്‍ മനപ്പൂര്‍വം തൊടാതിരിക്കാന്‍ ശ്രമിക്കുന്ന വിഷയം തന്നെ അമ്മ സന്ദര്‍ഭത്തിന് ഒട്ടും ചേരാതിരുന്നിട്ടുകൂടി പറഞ്ഞു: 'ഞാന്‍ ഒരു മുസ്ലിമാണ്. എനിക്ക് അല്ലാഹുവില്‍ വിശ്വാസമുണ്ട്. എന്നിരുന്നാലും എന്തെല്ലാം വിഷമതകള്‍ ഞാനിപ്പോള്‍ അനുഭവിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമല്ലോ. എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ല. എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നില്ല. എനിക്ക് നിസ്‌കരിക്കാന്‍ കഴിയുന്നില്ല. ഞാന്‍ നിസ്സഹായയാണ്.'' ''പടച്ചവനുമായുള്ള അമ്മയുടെ കൂട്ട് ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അതീതമാണ്. പടച്ചവന്‍ എല്ലാം പൊറുത്തുകൊള്ളും.'' ഞങ്ങള്‍ അമ്മയെ സമാധാനിപ്പിച്ചു. ഇസ്ലാമിക നിയമപ്രകാരമുള്ള വിശ്വാസം, കലിമ, തുടങ്ങിയവയെക്കുറിച്ച് അമ്മ സംസാരിച്ചു. ഞങ്ങള്‍ അമ്മയ്ക്ക തസ്ബീഹ് നല്‍കി. അമ്മ അതീവസന്തോഷവതിയായി കാണപ്പെട്ടു.

''തൊട്ടടുത്ത മുറി നിങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. പോയി വിശ്രമിച്ചോളൂ. ആ മുറി മതിയാവില്ലേ?'' അമ്മ ചോദിച്ചു. അമ്മ കരുതിയത് എന്നത്തെയും പോലെ ഞങ്ങള്‍ അമ്മയോടൊപ്പം തന്നെ താമസിക്കാനുണ്ടാകുമെന്നാണ്. കല്യാണില്‍ ചില അത്യാവശ്യജോലികള്‍ ചെയ്തു തീര്‍ക്കാനുള്ളതിനാല്‍ ഇപ്പോള്‍ അമ്മയുടെ കൂടെ തങ്ങാന്‍ കഴിയില്ല എന്ന കാര്യം ഒരുവിധം പറഞ്ഞൊപ്പിച്ചു. മുപ്പത്തിയേഴ് വര്‍ഷത്തിലാദ്യമായി എന്റെ വാക്കുകള്‍ക്കു മുന്നില്‍ അമ്മ നിശബ്ദയായി. കണ്ണുകള്‍ നിറഞ്ഞൊഴുകി. അന്നുതന്നെ തിരികെപ്പോകാന്‍ തോന്നിയ ഞങ്ങള്‍ എന്തൊരു വിഡ്ഢികളാണ്! എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പശ്ചാത്താപം അതു മാത്രമാണ്.

അമ്മ വീണ്ടും വീണ്ടും ഞങ്ങളെ അനുഗ്രഹിച്ചുകൊണ്ടേയിരുന്നു. അമ്മ എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഞാനും ലളിതയും തിരികെ വന്ന് അമ്മയുടെ അടുത്തിരുന്നു. ലളിത ഉടന്‍ തന്നെ കയ്യിലുള്ള നോട്ബുക്കെടുത്ത് അമ്മ മന്ത്രിക്കുന്നത് എഴുതിയെടുക്കാന്‍ തുടങ്ങി. ഒരു കവിയുടെ സ്വതസിദ്ധമായ പദമൊഴുക്ക് ആയിരുന്നു അത്. ചങ്ങലയിട്ട ശരീരത്തിലെ ബന്ധനസ്ഥമല്ലാത്ത മനസ്സിന്റെ അനര്‍ഗനിര്‍ഗളമായ പദമൊഴുക്ക്! അമ്മയുടെ സഹനവും വേദനയുമെല്ലാം കൂടി കവിത പിറക്കുന്ന വേദനയായി പരിണമിച്ചിരിക്കുന്നു. അമ്മ ഞങ്ങള്‍ക്ക് എക്കാലത്തേക്കും വിലമതിക്കുന്ന സമ്മാനം തരികയാണ്.

പക്ഷേ, ഈ മൊഴികള്‍ അമ്മയുടെ ജീവിതത്തിലെ അവസാനത്തെ കാവ്യാത്മകമായ ആവിഷ്‌കാരങ്ങളായിരിക്കുമെന്നും മനുഷ്യലോകത്തുനിന്ന് നിത്യനിദ്രയുടെ ലോകത്തേക്കുള്ള അമ്മയുടെ യാത്രയുടെ ആരംഭമാണെന്നും യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. ലളിതയ്ക്ക് അമ്മയുടെ വാക്കുകളെ പെട്ടെന്ന് പിടിച്ചെടുക്കാനായി. അമ്മ പറയുന്നത് ഞാന്‍ ആവര്‍ത്തിച്ചു. ആ വരികള്‍ ഇങ്ങനെയായിരുന്നു. അമ്മയുടെ അവസാനത്തെ കവിതയായി ഞാനിതിനെ കാണുന്നു.

'Leave Me With The Birds'
Kamala Das (Suraiyya (Pune 6th January 2009)

Leave me with the birds
That fly about the grey sky;
Leave me with the flash of lightning,
The thunder of every night
Of the monsoon months;
Leave me to lie
For I must linger on
Though weakened by chances
And the tears
Well up in the eye-
Weak eyes.
You claim me,
I claim the birds as mine.
I claim all to be mine.
Let me be all tears
And a laughter
That arouses your pity
And I claim
Nothing of the luck
That I thought of.
Irshad and Lalita
I gave to you nothing
But pain of poetry
Imperfectly read
I claim midnight silence
In the dampness of my grief
I claim for myself
In the kindness.
Lalita don't cry
Don't cry Irshad,
It is my first respite
To a land of sleep I travel
While you go to Kalyan
Owning always separate ways...

2009 മെയ് 29-ന് മോനുവിന്റെ ഫോണ്‍ വന്നു; ''ഇര്‍ഷാദ്, അമ്മ ആശുപത്രിയിലാണ്. വളരെ സീരിയസ് ആണ്. ദൈവം എന്തെങ്കിലും മായ കാണിച്ചെങ്കില്‍ മാത്രമേ അമ്മ ജീവിതത്തിലേക്ക് തിരിച്ചുവരികയുള്ളൂ. അതുകൊണ്ട് നീ വേഗം തന്നെ വരണം. അമ്മയെ കാണണം.'' കൊൽക്കത്ത വഴി പൂനെയിലേക്കുള്ള വിമാന ടിക്കറ്റ് എനിക്കും ഭാര്യയ്ക്കുമായി ഞാന്‍ ബുക് ചെയ്തു. പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം പുറപ്പെടുന്ന വിമാനമായിരുന്നു അത്. അത്യധികം മാനസികസമ്മര്‍ദ്ദത്തോടെ, അമ്മയ്ക്കു വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടായിരുന്നു ഞങ്ങള്‍ യാത്രയിലെ ഓരോ നിമിഷവും കഴിച്ചുകൂട്ടിയത്. ദൈവത്തെ അത്രയധികം വിളിച്ചു. മുപ്പത്തിയൊന്നിന് പുലര്‍ച്ചെ രണ്ടു മണിക്ക് ഞങ്ങള്‍ പൂനെയില്‍ ലാന്റ് ചെയ്തു. ജഹാംഗീര്‍ ഹോസ്പിറ്റലിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോള്‍ അമ്മയുടെ വിയോഗവാര്‍ത്തയറിഞ്ഞു. ഏറ്റവും ദൗര്‍ഭാഗ്യകരമായ യാദൃച്ഛികതയെന്തെന്നുവെച്ചാല്‍ ഞങ്ങള്‍ വിമാനമിറങ്ങിയ സമയത്തു തന്നെയായിരുന്നു അമ്മയുടെ മരണവും സംഭവിച്ചത്. പുലര്‍ച്ചെ രണ്ട് മണിക്ക്. ജനുവരിയിലെ ഞങ്ങളുടെ സമാഗമത്തിനു ശേഷം ഇനി കണ്ടുമുട്ടേണ്ടതില്ലെന്ന് വിധിച്ചതുപോലെയായിരുന്നു അമ്മയുടെ മരണം. എന്റെ ഏട്ടത്തിയമ്മ ലക്ഷ്മിയെ (മോനുവിന്റെ ഭാര്യ) ആണ് ആദ്യം കണ്ടത്. ആശുപത്രിക്ക് പുറത്ത് ഷോഡു നില്‍ക്കുന്നുണ്ടായിരുന്നു. അമ്മയുടെ ഭൗതികശരീരം കണ്ടപ്പോള്‍ കൊച്ചുകുട്ടികളെപ്പോലെ കരഞ്ഞു. ഞങ്ങള്‍ ആകെ തകര്‍ന്നുപോയിരുന്നു. അഞ്ചു മാസത്തിലേറെയായി അമ്മ ജീവിതത്തോട് മല്ലിട്ടുകിടന്ന ആശുപത്രി മുറിയില്‍ ഞങ്ങള്‍ ഇരുന്നു. മോനുവിനായിരുന്നു അല്പം കൂടി പക്വത അപ്പോള്‍. മോനു ഞങ്ങളെ ആശ്വസിപ്പിച്ചു.

അമ്മയുടെ സംസ്‌കാരച്ചടങ്ങുകള്‍ തിരുവനന്തപുരത്തായിരുന്നു ഏര്‍പ്പാടാക്കിയിരുന്നത്. തിരുവനന്തപുരം പാളയം പള്ളിയിലായിരിക്കണം തന്റെ ഭൗതികശരീരം അടക്കം ചെയ്യേണ്ടത് എന്ന ആഗ്രഹം അമ്മ നേരത്തേ തന്നെ അറിയിച്ചിരുന്നു. അന്ന് ഉച്ചയോടെ കൊച്ചിയിലേക്ക് വിമാനമാര്‍ഗം ഭൗതികശരീരം കൊണ്ടുവന്നു. കേരളത്തിലെ അമ്മയുടെ ആരാധകരും അഭ്യുദയകാംക്ഷികളും അന്തിമോപചാരം അര്‍പ്പിക്കാനും അവസാനമായി മുഖം ഒരുനോക്ക് കാണാനും ആഗ്രഹം പ്രകടിപ്പിക്കുന്നതിനാല്‍, കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് റോഡ് മാര്‍ഗം അമ്മയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര നടന്നു. റോഡിനിരുവശത്തുമായി അനവധിയാളുകള്‍ മലയാളത്തിന്റെ മാധവിക്കുട്ടിക്ക് അന്ത്യാജ്ഞലികളര്‍പ്പിച്ചു.

ജൂണ്‍ ഒന്നിനായിരുന്നു സംസ്‌കാരം നിശ്ചയിച്ചിരുന്നത്. പാളയം പള്ളി ജനനിബിഢമായിരുന്നു. സ്ത്രീപുരുഷ ഭേദമന്യേ, ജാതിമതവിവേചനങ്ങള്‍ മറന്ന് അമ്മയുടെ ശവസംസ്‌കാര പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്നു. ജനബാഹുല്യം നിമിത്തവും ഞങ്ങളും പ്രാര്‍ഥനയില്‍ പങ്കുചേരുന്നു എന്ന നിരന്തരമായ അഭ്യര്‍ഥനകള്‍ മാനിച്ചും രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു പ്രാര്‍ഥന നടത്തിയത്. അതിനെല്ലാം ശേഷം, അമ്മ എങ്ങനെയായിരുന്നുവോ അവസാനയാത്ര ആഗ്രഹിച്ചത് അതുപോലെ നടന്നു. മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള അമ്മയുടെ പരിശ്രമങ്ങളുടെ ഓര്‍മകള്‍ക്കായി രണ്ട് തൈകള്‍ ഖബറിന് മുകളില്‍ നട്ടുപിടിച്ചിച്ചു. പള്ളി ഇമാം നാലാപ്പാട്ട് തറവാട്ടില്‍നിന്നു സംഘടിപ്പിച്ച നീര്‍മാതളത്തൈ തന്നെയാണ് നട്ടത് എന്നാണ് ഞാന്‍ കരുതുന്നത്.

സംസ്‌കാരച്ചടങ്ങുകള്‍ക്ക് ശേഷം കേരള സര്‍ക്കാര്‍ അനുശോചന സമ്മേളനം സംഘടിപ്പിച്ചിരുന്നു. എല്ലാ മന്ത്രിമാരും മറ്റ് പ്രമുഖരും സമ്മേളനത്തിലുണ്ടായിരുന്നു. മോനുവും ചിന്നനും ഞാനുമായിരുന്നു കുടുംബത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. കമലാദാസിന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് സംസാരിക്കാനുള്ള ഉത്തരവാദിത്തം എന്നിലായിരുന്നു അര്‍പ്പിച്ചിരുന്നത്. അമ്മയെക്കുറിച്ച് സംസാരിച്ച ശേഷം മാധ്യമങ്ങള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കും ഞാന്‍ മറുപടി നല്‍കി. എന്റെ ജീവിതത്തിലെ വളരെ ദൈര്‍ഘ്യമുള്ളതും അതിപ്രധാനവുമായ ഒരു അധ്യായം അവസാനിക്കുകയായിരുന്നു. അനുശോചന സമ്മേളനത്തില്‍ അമ്മയുടെ കവിതയായ 'A Request' ഞാന്‍ ചൊല്ലിക്കേള്‍പ്പിച്ചു. പല ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയായിരുന്നു ആ കവിത.

When I die
Do not throw the meat and bones away
But pile them up
And
Let them tell
By their smell
What life was worth
On this earth
What love was worth
In the end.

Content Highlights: Ammayormakal,KamalaDas, Dr. Irshad Ahammed, Monu Nalappat, Balamaniyamma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented