മലയാളത്തിലെ മണ്‍മറഞ്ഞുപോയ എഴുത്തുകാരികളെക്കുറിച്ച് അവരുടെ മക്കള്‍ ഓര്‍മകള്‍ പങ്കുവെക്കുന്ന പുസ്തകമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'അമ്മയോര്‍മ്മകള്‍.' ഷബിത എഡിറ്റ് ചെയ്ത പുസ്തകത്തിലെ അമ്മയെ അറിയാന്‍ എന്ന ആമുഖക്കുറിപ്പ് വായിക്കാം.
കോവിഡ് കാലത്താണ് ശ്രീദേവിപിള്ളയുടെ ഒരു ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടത്. ഹൃദയകുമാരി ടീച്ചര്‍ നന്ദാവനത്തെ 'അഭയ'യില്‍ നട്ടുവളര്‍ത്തിയ പേരറിയുന്നതും അറിയാത്തതുമായ ചെടികള്‍ പൂത്തുനില്‍ക്കുന്നതിനെക്കുറിച്ചായിരുന്നു ശ്രീദേവിപിള്ളയുടെ കുറിപ്പ്. നെടുനീളെയുള്ള കുറിപ്പില്‍ അമ്മ അരികിലുണ്ടായിരുന്നെങ്കിലെന്ന് അവര്‍ എത്രമാത്രം ആശിച്ചുപോകുന്നുവെന്ന് ഏതൊരു അപരിചിതര്‍ക്കും വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു. ടീച്ചറെ കണ്ടറിഞ്ഞവരും കേട്ടറിഞ്ഞവരുമായ എല്ലാവരും ആ കുറിപ്പിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്. നേരിട്ട് പരിചയമില്ലാതിരുന്നിട്ടും ശ്രീദേവിപിള്ളയെ വിളിച്ച് സാരമില്ല, വിഷമിക്കരുത് എന്നു പറയാന്‍ തോന്നി. രണ്ടാമതൊന്നു ചിന്തിക്കാതെ മെസഞ്ചറില്‍ ചെന്ന് നമ്പര്‍ വാങ്ങി വിളിച്ചു. കോവിഡ് പിടിപെട്ട് ആരെയും കാണാതെ, ആരുമായും സമ്പര്‍ക്കമില്ലാതെ ഏകാന്തത്തിലിരിക്കുകയാണവര്‍. അകത്തെ ജനലിലൂടെയുള്ള മുറ്റത്തെ കാഴ്ചകളിലെല്ലാം അമ്മയായിരുന്നു പൂവായും ഇലയായും കായായും നിറഞ്ഞുനിന്നത്. മണ്‍മറഞ്ഞ് പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇപ്പോള്‍ വരാമെന്നും പറഞ്ഞ് ഉമ്മറത്തിറങ്ങി ചെരിപ്പിട്ട് ബാഗും തൂക്കി പുറത്തേക്കു നടന്നുപോയ ഹൃദയകുമാരി ടീച്ചറെ അവര്‍ കാത്തിരിക്കുന്നതുപോലെ. ഇപ്പോഴത്തെ ഈ അവസ്ഥയെക്കുറിച്ച് എഴുതാമോ എന്നു ചോദിച്ചു. സമയംപോലെ നോക്കാം എന്ന മറുപടിയില്‍ ധാരാളം സമയമെടുക്കും എന്ന ഉച്ചത്തിലുള്ള വിളംബരം ഉണ്ടായിരുന്നു. ഓര്‍മ്മകളാണല്ലോ വേണ്ടത്. ഓര്‍മ്മിച്ചെടുക്കാന്‍ സമയമെടുത്തോട്ടെ. മലയാളത്തിലെ മണ്‍മറഞ്ഞുപോയ മഹാപ്രതിഭകളായ അമ്മമാരെ മക്കള്‍ ഓര്‍ക്കുന്ന ഒരു പംക്തി മാതൃഭൂമി ഡോട്‌കോമില്‍ തുടങ്ങിയാലോ എന്ന ചിന്ത എഡിറ്റോറിയലില്‍ അവതരിപ്പിക്കുന്നത് അങ്ങനെയാണ്.
മലയാളത്തിലെ പ്രതിഭകളായ അമ്മമാരുടെ ലിസ്റ്റ് തയ്യാറാക്കുകയാണ് ആദ്യം ചെയ്തത്. പല മേഖലകളിലായി വിരാജിച്ച ധാരാളം പ്രതിഭകളായ അമ്മമാര്‍ നമുക്കുണ്ട്. സാഹിത്യവിഭാഗത്തിലെ പംക്തി എന്ന നിലയില്‍ സാഹിത്യകാരികളായ അമ്മമാരെ; മണ്‍മറഞ്ഞുപോയവരെ മാത്രം ഉള്‍പ്പെടുത്താം എന്നു തീരുമാനിച്ചു. കടത്തനാട്ട് മാധവിയമ്മയില്‍നിന്നാണ് 'അമ്മയോര്‍മ്മകള്‍' തുടങ്ങിയത്. കവിതകളിലെ ഒരുകാലത്തെ നിത്യസാന്നിദ്ധ്യം. മകളായ അന്നപൂര്‍ണ ടീച്ചറുടെ നമ്പര്‍ പലവിധ അന്വേഷണങ്ങളില്‍നിന്നും ലഭിച്ചു. കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്ക് ഏറെ സന്തോഷം. കോവിഡ് ആക്രമണത്തില്‍നിന്നും പയ്യെ മുക്തയായി വരുന്നേയുണ്ടായിരുന്നുള്ളൂ. പക്ഷേ, പറഞ്ഞ സമയത്തുതന്നെ അമ്മയെക്കുറിച്ച് എഴുതി അയച്ചുതന്നു. പംക്തിക്കുവേണ്ടതായിട്ടുള്ള ചേരുവകള്‍ കൂടി ചോദിച്ചറിഞ്ഞ് അമ്മയോര്‍മ്മകള്‍ക്ക് തുടക്കമിട്ടു. ബാലാമണിയമ്മയുടെ സമകാലീനയായ കടത്തനാട് മാധവിയമ്മ എന്ന വലിയ കവി. സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളിലും രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലും നിറഞ്ഞുനിന്ന വ്യക്തിത്വം. പക്ഷേ, അകത്തളത്തിലെ വ്യക്തിസംഘര്‍ഷങ്ങള്‍ ആ മനസ്സിനെയും ശരീരത്തെയും എത്രകണ്ട് തളര്‍ത്തിയിരുന്നു എന്നറിഞ്ഞപ്പോള്‍ കാലെടുത്തുവെച്ചിരിക്കുന്നത് വല്ലാത്തൊരു കടലിലേക്കാണ് എന്ന് ബോദ്ധ്യമായി. സാംസ്‌കാരികനിലയങ്ങളിലെ ചുവരുകളില്‍ നിറഞ്ഞുചിരിച്ചുനില്‍ക്കുന്ന മുഖങ്ങള്‍ക്കുള്ളില്‍ ആഞ്ഞടിക്കുന്ന അന്തസ്സംഘര്‍ഷങ്ങളുടെ നേര്‍സാക്ഷികളെയാണ് ഇനിയുള്ള നാളുകളില്‍ അക്ഷരങ്ങളിലൂടെ വിസ്തരിക്കേണ്ടതും ഏറ്റുപറച്ചിലുകള്‍ കേള്‍ക്കേണ്ടതും. ഒരേ സമയം കവിതയെക്കുറിച്ചും അതേസമയംതന്നെ ഇനിയെന്ത് മക്കള്‍ക്ക് തിന്നാന്‍ കൊടുക്കും എന്നും ആധിപൂണ്ട ഒരമ്മ. കടത്തനാട്ട് മാക്കത്തെയും മതിലേരി കന്നിയെയും കടത്തിവെട്ടുന്ന പേരുമായി കടത്തനാട് മാധവിയമ്മ എന്ന പേരില്‍ ജ്വലിച്ചുനില്‍ക്കുന്ന കവിയുടെ സിനിമാക്കഥയെ വെല്ലുന്ന ജീവിതത്തിന്റെ അടരുകള്‍ ഒന്നൊന്നായി അടര്‍ത്തിത്തരികയായിരുന്നു അന്നപൂര്‍ണ ടീച്ചര്‍.
ബാലാമണിയമ്മ മാധവിയമ്മയ്‌ക്കെഴുതിയ കത്തുകള്‍, അവരുടെ സന്ദര്‍ശനം, ബഹുമാനവും ഔപചാരികതയും നിറഞ്ഞുതുളുമ്പുന്ന വാക്കുകള്‍... ഇക്കാലത്തിരുന്നുകൊണ്ട് സമകാലീനരോട് ഞാന്‍ പെരുമാറുന്ന രീതിയോര്‍ത്ത് ഉളുപ്പില്ലായ്മ തോന്നിപ്പോയി. എല്ലാ കുടുംബകാര്യങ്ങളും പങ്കുവെക്കുമ്പോഴും അമ്മേയെന്നോ, ഭവതിയെന്നോ ആണവര്‍ പരസ്പരം അഭിസംബോധന ചെയ്തിട്ടുള്ളത്. ഞാനായ്മയുടെ കെട്ടകാലത്തിരുന്ന് ആ കത്തുകള്‍ വായിച്ച് അകമേ നാണിച്ചുകൊണ്ട് പുറമേ ചുണ്ടുകള്‍ വിടര്‍ത്തി, കണ്ണുകള്‍ വികസിപ്പിച്ച് ഞാന്‍ ചിരിച്ചു. അതു കണ്ടത് നാലാപ്പാട്ട് സുലോചന മാത്രമാണ്. ആ നാലാപ്പാട്ടമ്മയുടെ വീട്ടില്‍ നിന്നായിരുന്നു ഇത്തരം കത്തുകള്‍ ആദ്യം വായിക്കാനിടയായത്. 'സുലുവേടത്തീ, ബാലാമണിയമ്മയെക്കുറിച്ചു പറയൂ' എന്നും പറഞ്ഞ് കയറിച്ചെന്ന എന്നോട് 'സുലുവേടത്തിയോ, നിന്റമ്മമ്മയാകാന്‍ പ്രായമുണ്ടെനിക്ക്. അമ്മേയെന്ന് വിളിച്ചോളണം' എന്ന താക്കീതോടെയാണ് അവര്‍ സ്വീകരിച്ചത്. മലയാളത്തിന് അവര്‍ സുലുവേടത്തിയായിരിക്കുന്ന കാലത്തോളം എന്റെ താഴെയുള്ളതുങ്ങളും
അങ്ങനെയേ വിളിച്ചുപോകുകയുള്ളൂ.
ബാലാമണിയമ്മയുടെ ഓര്‍മ്മകളുടെ മണം സുലോചന നാലാപ്പാട്ടിന്റെ എറണാകുളത്തെ വീട്ടിലും പെട്ടികളിലും കട്ടിലിലും കസേരകളിലും
എന്തിനേറെപ്പറയുന്നു, മുഖം തുടയ്ക്കുന്ന തോര്‍ത്തുമുണ്ടില്‍പ്പോലും നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു. കയറിച്ചെല്ലുമ്പോള്‍ അകത്ത് ബാലാമണിയമ്മ വിശ്രമിക്കുന്നുണ്ടെന്ന് തോന്നി. ബാലമണിയമ്മയുടെ കൈപ്പട പടര്‍ന്ന ചെറുതുണ്ടുപോലും നാലാപ്പാട്ടമ്മ നിധിയായി സൂക്ഷിച്ചിരിക്കുന്നു. മികച്ച ഒരു ഡയറിസ്റ്റുകൂടിയായിരുന്നു ബാലാമണിയമ്മ. അന്നത്തെ മലയാളം, വടിവാര്‍ന്ന കൈയക്ഷരം, താളുകളില്‍ ഇടയ്ക്ക് അക്കത്തിലെഴുതിയ തുകകള്‍, ജ്യോതിഷക്കുറിപ്പുകള്‍. ജ്യോതിഷം വശമുണ്ടായിരുന്ന ബാലാമണിയമ്മ മക്കളുടെയും വേണ്ടപ്പെട്ടവരുടെയും ഗ്രഹനിലകള്‍ കുറിച്ചുവെച്ചിരുന്നു. തൊട്ടിലാട്ടുന്ന ജനനിയും മഴുവിന്റെ കഥയുമെല്ലാം നവജാതശിശുക്കളായി ഉടയാടകളില്ലാതെ കാലത്തിന്റെ മഞ്ഞ പടര്‍ന്ന താളുകളില്‍ ശാന്തമായുറങ്ങുന്നു!
എനിക്കെന്തോ സുലോചന നാലാപ്പാട്ടിനോട് അസൂയയും കുശുമ്പും വന്നു. മലയാളത്തിന്റെ കവിയമ്മയുടെ മുല കുടിച്ചുവളരാന്‍ ഭാഗ്യം ലഭിച്ചവര്‍. അവര്‍ അമ്മക്കഥകള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ വി.എം. നായരെ ലോകത്തെ ഏതു പുരുഷനെക്കാളും ഉയരത്തില്‍ പ്രതിഷ്ഠിക്കാന്‍ തോന്നി. കവിതയെഴുതുന്ന കുട്ടി എന്ന ഒറ്റക്കാരണത്താല്‍ തേടിപ്പിടിച്ച് വിവാഹം കഴിക്കുക, അപസ്മാരം ഉണ്ടെന്ന മറ്റൊരു കാരണത്താല്‍ അടുക്കളവശത്തേക്കോ, തീയോ വെള്ളമോ ഉള്ളിടത്തേക്കോ വരാനനുവദിക്കാതെ ഒരു മേശയും കസേരയും ഒരു മുറിയും ഒരുക്കിക്കൊടുത്ത് 'കുട്ടി ഇവിടെ ഇരുന്നെഴുതിക്കോളൂ' എന്നു പറഞ്ഞ് ശല്യമുണ്ടാക്കാതെ മാറിക്കൊടുക്കുക, മക്കള്‍ നാലുണ്ടായിട്ടും കുഞ്ഞുങ്ങളെ എടുത്തുനടന്ന് കൈകുഴയേണ്ടി വന്നിട്ടില്ലാത്ത ഒരമ്മ. 'എഴുതിക്കോളൂ, എല്ലാം എഴുതിക്കോളൂ' എന്നു പറഞ്ഞ് സ്ഥിരോത്സാഹമായി നിലകൊണ്ട ഒരു ഭര്‍ത്താവ്! എന്നും രാവിലെ അലക്കുകല്ലിനിട്ട് നാലു കൊടുത്ത്, പാത്രങ്ങള്‍ ദേഷ്യത്താല്‍ കുത്തിച്ചതുക്കി, വെക്കുന്നതിലും വിളമ്പുന്നതിലും കഴിക്കുന്നതിലും ആത്മാര്‍ത്ഥതയുടെ കണികപോലും കാണിക്കാത്ത ഞാന്‍ ആയിടയ്ക്ക് സജീഷിനോട് പറഞ്ഞതത്രയും വി.എം. നായരെക്കുറിച്ചായിരുന്നു. ആര് തിരിച്ചറിയാന്‍!
ബാലാമണിയമ്മയുടെ കൈയെഴുത്തുകളാല്‍ സമൃദ്ധമായ പേപ്പര്‍ക്കഷ്ണങ്ങള്‍ ഇപ്പോള്‍ പെറ്റിട്ട കുഞ്ഞിനെയെന്നവണ്ണം തൊട്ടുനോക്കാനേ തുനിഞ്ഞുള്ളൂ. കൃത്യമായ പുസ്തകങ്ങളൊന്നുമില്ല, കിട്ടുന്ന പേപ്പര്‍ക്കഷ്ണങ്ങളിലെല്ലാം അക്ഷരങ്ങള്‍ വരിക്കുനില്‍ക്കുന്നുണ്ട്. അതിനിടയില്‍ അരികിലും മൂലയിലുമായി ചില ബാങ്ക് അക്കൗണ്ട് വിവരങ്ങളും. പണം ഒട്ടുമേ കൈകാര്യം ചെയ്തിട്ടില്ലാത്ത കവി, പക്ഷേ തനിക്ക് വന്നിട്ടുള്ളതായ എല്ലാ പണസംബന്ധിയായ വിവരങ്ങളും കുറിച്ചുവെച്ചിട്ടുണ്ടായിരുന്നു. ധാരാളം കത്തുകള്‍-കടത്തനാട് മാധവിയമ്മയുടേത്, ലളിതാംബിക അന്തര്‍ജ്ജനത്തിന്റേത്, ആമിയുടെ ഇംഗ്ലീഷ് പദങ്ങളുടെ പടപ്പുറപ്പാടുകള്‍...
സുലോചന നാലപ്പാട്ട് വയറു നിറച്ചു ഭക്ഷണം തന്നിട്ടും വിശ്രമിക്കാന്‍ ഇടം തന്നിട്ടും എന്റെ ഉള്ളിന്റെയുള്ളില്‍നിന്നും ഒരു കുറുമ്പി തലപൊക്കി നേരെ മുഖത്ത് പ്രതിഷ്ഠയിരുന്നു. എത്ര ഞാന്‍ ശ്രമിച്ചിട്ടും ആ മുഖം നാലാപ്പാട്ടമ്മ കണ്ടുപിടിച്ചു. എന്തായീ കുട്ടിക്ക്? എന്ന നിഷ്‌കളങ്കമായ ചോദ്യത്തോടെ അവരെന്റെ മുഖത്തേക്കു നോക്കി. പണ്ടെല്ലാം ഇഷ്ടമുള്ള വീടുകളില്‍ പോകുമ്പോള്‍ അവിടത്തെ അമ്മൂമ്മമാര്‍ ഒരു കഷ്ണം ശര്‍ക്കര പോകാന്‍ നേരത്ത് പ്രത്യേകം സ്‌നേഹത്തോടെ തരുമായിരുന്നു. അതു കിട്ടാനായിട്ടുമാത്രം അവരുടെ അമ്മിഞ്ഞകള്‍ക്കടിയിലൂടെ നിരങ്ങിയ അഞ്ചുവയസ്സുകാരിയുടെ കണ്ണിലെ പ്രതീക്ഷ ഞാനെന്ന സ്വയംഭാവത്തെ കടത്തിവെട്ടിക്കൊണ്ട് എന്റെ കണ്ണിലിരുന്ന് കേണു. ദയനീയംതന്നെ. എന്തായീ കുട്ടിക്ക്? നാലാപ്പാട്ടമ്മ വീണ്ടും തിരക്കുന്നു. 'എനിക്കെന്താ സമ്മാനമൊന്നും തരാത്തത്?' ഞാന്‍ കുറുമ്പോടെ ചോദിച്ചു. നാലപ്പാട്ടമ്മ അന്തംവിട്ട് എന്നെത്തന്നെ നോക്കി. അബദ്ധമായിപ്പോയല്ലോ, കയ്യീന്ന് പോയല്ലോ പടച്ചോനേ എന്നൊരു ശബ്ദം ഉള്ളിന്റെയുള്ളില്‍ വെള്ളിവീണു പ്രകമ്പനമുണ്ടാക്കി. 'അയ്യോ, അമ്മയതു മറന്നൂലോ' എന്നും പറഞ്ഞ് അവര്‍ എന്നെ കൂട്ടിപ്പിടിച്ചു. ഞാനാകെ ചെറുതായിപ്പോയി. അലമാര തുറന്ന് കൈവെള്ളയിലൊതുങ്ങുന്ന ഒരു പൊതി എനിക്കു നേരെ നീട്ടി. അപ്പോഴേക്കും ജീവിതത്തിന്റെയും അനുഭവത്തിന്റെയും മുപ്പത്തിയഞ്ചാണ്ടുകള്‍ ശരീരത്തെയും ബുദ്ധിയെയും വേഗം വന്ന് പൊതിയുകയും അഭിമാന സംരക്ഷണത്തിനായി പരതുകയും ചെയ്തുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. കൈയിലെ പൊതിയില്‍ നിന്നും ഒരു ചൂട് പറക്കുന്നു; ഒരു സില്‍ക്ക് സ്‌കാഫ്!
ബാലാമണിയമ്മയുടെയും വി.എം. നായരുടെയും മുറിയില്‍ തൂവെള്ള നിറത്തില്‍ വിരികള്‍. ചുവരില്‍ മുഖാമുഖം നില്‍ക്കുന്നതുകൊണ്ട് അവര്‍ വിശേഷങ്ങള്‍ പറയുന്നുണ്ടായിരിക്കണം. ഇറങ്ങാന്‍ നേരത്ത് നാലാപ്പാട്ടമ്മ ഓര്‍മ്മിപ്പിച്ചു: 'എറണാകുളത്ത് വന്നാല്‍ ഇങ്ങനൊരമ്മയെക്കൂടി കാണാന്‍ ഇനി മറക്കരുത്. ഇവിടേം നിനക്ക് മുറീണ്ട്.' പിടിച്ചുവാങ്ങിയ 'സമ്മാന'ത്തിന്റെ കനം കാരണം താഴ്ന്ന മുതുകിനെ മറയാക്കിക്കൊണ്ട് ഞാന്‍ ചിരിച്ചു. ഇനിയൊന്നും പറയാന്‍ പറ്റാതെ ആ ശര്‍ക്കരക്കാലത്തെ പ്രാകിക്കൊണ്ട് ഞാന്‍ പതുക്കെ പടിയിറങ്ങി. പിന്നെ തിരിഞ്ഞുചെന്ന് ഒരുമ്മ കൊടുത്തു. 'ഞാന്‍ വന്നോളാം, പറ്റീല്ലേല്‍ വിളിക്കാലോ.'
അഷിതയുടെ മകള്‍ ഉമ പ്രസീദയെയും ഗീതാഹിരണ്യന്റെ മകള്‍ ഉമ ഹിരണ്യനെയും ഫോണില്‍ വിളിച്ചാണ് അമ്മയോര്‍മ്മകളെപ്പറ്റി പറഞ്ഞത്. ഉമ പ്രസീദയ്ക്ക് അമ്മയെന്നു പറയുമ്പോള്‍ അനുഭവപ്പെടുന്ന തിങ്ങലറിയാവുന്നതിനാല്‍ പതുക്കെയാണ് എഴുതിച്ചത്. അഷിതയെക്കുറിച്ച് ഇപ്പോള്‍ത്തന്നെ വേണോ എന്ന് പലരും ചോദിച്ചതാണ്. അഷിതോര്‍മ്മകള്‍ ഇനിയും മലയാളത്തില്‍ പെയ്തടങ്ങിയിട്ടില്ലല്ലോ. ഗീതാഹിരണ്യന്‍ എന്ന അമ്മയെ അവരുടെ കഥയുടെ തലക്കെട്ടുപോലെത്തന്നെ ഒറ്റ സ്‌നാപ്പില്‍ ഒതുക്കുവാനാവില്ലല്ലോ. അസുഖങ്ങളോട് മല്ലടിക്കുന്ന, അസുഖത്തിന്റെ ഇടവേളയില്‍ കഥകളെഴുതുന്ന, ജോലിക്കു പോകുന്ന അമ്മയെപ്പറ്റി ഉമ വാതോരാതെ പറഞ്ഞു. പിന്നെ എഴുതി. രണ്ട് ഉമമാരോടും സംസാരിക്കുമ്പോള്‍ വാക്കുകള്‍ കിട്ടാതായി. അവരുടെ ഓരോ നിശ്വാസത്തിലും അമ്മയില്ലായ്മയുടെ അപാരശൂന്യതയറിഞ്ഞപ്പോള്‍ ഇത് തുടങ്ങിവെക്കേണ്ടിയിരുന്നില്ല എന്നു തോന്നിപ്പോയി.
വി.വി രുഗ്മിണിയുടെ മകന്‍ അനുകുല്‍ എഴുതിയ ഓര്‍മ്മകള്‍ ഒരു അമ്മപ്പോരാളിയുടേതായിരുന്നു. സ്വാതന്ത്ര്യവും സോഷ്യലിസവും ജനാധിപത്യവും ജീവിതത്തില്‍ പരസ്പരം വെച്ചുപുലര്‍ത്തിയ എം.പി. കുമാരന്‍ എന്ന വിവര്‍ത്തകനും ഭാര്യ വി.വി രുഗ്മിണിയും കെട്ടിപ്പടുത്ത അവരുടേതായ സാഹിത്യലോകം. മൃഗം എന്ന ഒരൊറ്റ നോവല്‍ മതി രുഗ്മിണിയെ മലയാളത്തിനോര്‍ക്കാന്‍. എം.പി കുമാരന്‍ ബംഗാള്‍സാഹിത്യം അരച്ചുകലക്കിക്കുടിച്ച വ്യക്തിത്വമായിരുന്നു. സുനില്‍ ഗംഗോപാദ്ധ്യായയുടെ ഹീരക് ദീപ്തി കുമാരന്‍ മാസ്റ്റര്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ അദ്ദേഹം പറയുകയും ടീച്ചര്‍ കേട്ടെഴുതുകയുമായിരുന്നത്രേ. കേട്ടെഴുതുമ്പോള്‍ ടീച്ചര്‍ നടത്തിയേക്കാവുന്ന ഇടപെടലുകള്‍ ഊഹിക്കാവുന്നതേയുള്ളൂ. കുമാരന്‍ മാസ്റ്ററുടെ ഹീരക് ദീപ്തി മലയാളസിനിമയില്‍ ഒരേ കടല്‍ ആയപ്പോള്‍ ടീച്ചര്‍ കോടതിയും കയറി. ടൈറ്റില്‍ കാര്‍ഡില്‍ ഒരു കടപ്പാട് മാത്രമേ അവര്‍ക്ക് ആവശ്യമുണ്ടായിരുന്നുള്ളൂ. ഒരു കൃതിക്കു പിന്നിലെ അദ്ധ്വാനത്തിന്റെ വിലയെക്കാള്‍ ആ കൃതിയോടു പുലര്‍ത്തുന്ന വൈകാരികതയായിരുന്നു ടീച്ചറെ അതിനു പ്രേരിപ്പിച്ചത്. രുഗ്മിണി ടീച്ചറും എഴുത്തുനിര്‍ത്തി. എഴുത്തിനു പിന്നിലെ കുമാരന്‍ മാസ്റ്ററെന്ന തണല്‍ മാഞ്ഞപ്പോള്‍ അവര്‍ പേനയടച്ചുവെച്ചു. എന്തൊരു ദുര്യോഗമാണിത്!
കമലാദാസിനെക്കാളും കമലാസുരയ്യയെക്കാളും മലയാളിക്കിഷ്ടം മാധവിക്കുട്ടിയെയാണല്ലോ, ആ ജീവിതം ഒരു തുറന്ന പുസ്തകമാണ്. മകന്‍ ജയ്‌സൂര്യദാസിനോടാണ് ആദ്യം ഇതേപ്പറ്റി സംസാരിച്ചത്. ജയ്‌സൂര്യ എം.ഡി നാലപ്പാട്ടിനെ നിര്‍ദ്ദേശിച്ചു. 'അതൊക്കെ മോനു പറഞ്ഞാലേ ശരിയാവൂ' എന്നു പറഞ്ഞ് അദ്ദേഹത്തിന്റെ നമ്പര്‍ തന്നു. എം.ഡി നാലപ്പാട്ട് മാതൃഭൂമിയുടെ പത്രാധിപരായിരുന്നയാളാണ്. മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും അങ്ങേയറ്റം തിരക്കുള്ള മനുഷ്യനുമാണ്. പോകുന്നപോക്കില്‍ ഒരേറ് എന്നു പറയുന്നതുപോലെ ഒട്ടും പ്രതീക്ഷയില്ലാതെ ഒരു മെസേജ് അയച്ചു. അധികം വൈകാതെതന്നെ അനുകൂലമായ മറുപടിയെത്തി. അമ്മയെക്കുറിച്ച് എത്ര പറഞ്ഞാലാണ് മക്കള്‍ക്ക് മതിവരിക? അതും മാധവിക്കുട്ടികൂടിയാവുമ്പോള്‍. അദ്ദേഹവുമായി സംസാരിക്കുക എന്നതുതന്നെ വലിയ ഭാഗ്യങ്ങളിലൊന്നായിരുന്നു. പലപ്പോഴും കൊല്‍ക്കത്തയിലെ ആ പഴയ അപ്പാര്‍ട്‌മെന്റിലെ മോനുവായി അദ്ദേഹം മാറി. തൊട്ടരികെ ശ്വാസം വിട്ടാല്‍ പോലും പൊട്ടിത്തെറിക്കാവുന്നത്തത്രയും ശക്തിയുള്ള മൈ സ്റ്റോറിയുമായി ലേഖനങ്ങളിലും വീട്ടിലേക്കും തുടരെത്തുടരെ പെയ്തുകൊണ്ടിരിക്കുന്ന അസഭ്യവര്‍ഷങ്ങളുടെ ഫോണ്‍മഴയിലും കത്തുകളിലും നിര്‍ന്നിമേഷയായി മാധവിക്കുട്ടി ഇരിക്കുന്നപോലെ! മോനുവിന്റെ ഫോണിനടുത്ത് മാധവിക്കുട്ടിയുടെ പൊട്ടിച്ചിരി നമുക്കു കേള്‍ക്കാം. അമ്മ താണ്ടിയ സര്‍ഗ്ഗാത്മകതയുടെ കടലാഴങ്ങള്‍ ഒന്നൊന്നായി അദ്ദേഹം നിവര്‍ത്തിവെച്ചു. ഓര്‍മ്മകള്‍ ഇപ്പോള്‍ പൊടിയിട്ട് തുടച്ചെടുത്ത നിലവിളക്കുപോലെ തിളങ്ങി. അവസാനമായി അമ്മ ആവശ്യപ്പെട്ട ഐസ്‌ക്രീം ഡോക്ടര്‍ പറഞ്ഞിട്ടും, അമ്മ തിരികെ വന്നാലോ എന്ന മകന്റെ സ്വാര്‍ത്ഥതയാല്‍ കൊടുക്കാന്‍ മനസ്സുവരാതെ 'നാളെ കഴിക്കാം അമ്മേ' എന്നു പറഞ്ഞ് നീട്ടിവെച്ചതില്‍ ഇന്നും എം.ഡി നാലപ്പാട്ട് നീറിക്കഴിയുന്നു. 'നാളെ' എന്ന് മാധവിക്കുട്ടി അപ്പോള്‍ ഉരുവിട്ടുവെന്നല്ലാതെ പിന്നെയൊരക്ഷരം മിണ്ടിയിട്ടില്ല. ഒരു ഐസ്‌ക്രീം ആയിരുന്നല്ലോ അമ്മ ചോദിച്ചത് എന്നു പറഞ്ഞ് അദ്ദേഹം വിങ്ങി. മനസ്സുകൊണ്ടും ബൗദ്ധികതകൊണ്ടും ലോകപരിചയംകൊണ്ടും മഹാനായ വലിയൊരു മനുഷ്യന്‍ നിസ്സാരയായ ഈ പെണ്‍കുട്ടിയുടെ മുമ്പില്‍ വിതുമ്പി. അക്ഷരങ്ങള്‍കൊണ്ടമ്മാനമാടിയ ഇന്ത്യന്‍ സാഹിത്യത്തിന്റെ രാജ്ഞിയെക്കുറിച്ചെഴുതാന്‍ അമ്മയോര്‍മ്മകളില്‍ വാക്കുകള്‍ ഇല്ലാതാവുന്നു. വികാരം മാത്രം ഘനീഭവിച്ചുനില്‍ക്കുന്നു.
എം.ഡി നാലപ്പാട്ട് തന്ന മറ്റൊരു അനുഗ്രഹമായിരുന്നു ഡോ. ഇര്‍ഷാദ് അഹമ്മദ്. മാധവിക്കുട്ടിയുടെ വളര്‍ത്തുമക്കളില്‍ ഇളയവന്‍. മൂത്തവന്‍ ഇംത്യാസ് അഹമ്മദ്. കാഴ്ച പരിമിതിയുള്ള ഈ സഹോദരങ്ങളെ മാധവിക്കുട്ടി വളര്‍ത്തിയതെങ്ങനെയെന്ന് അറിയാനായി പിന്നെയുളള ശ്രമങ്ങള്‍. മാധവിക്കുട്ടിയുടെ ജീവിതപരിണാമങ്ങള്‍ ഏറെ കോലാഹലം സൃഷ്ടിച്ചതിനാല്‍ ഇര്‍ഷാദ് ആദ്യമൊന്നും 'വളര്‍ത്തമ്മയോര്‍മ്മകള്‍'പറയാന്‍ തയ്യാറായിരുന്നില്ല. പലവട്ടം അദ്ദേഹം തന്റെ സഹോദരന്‍ മോനുവുമായി സംസാരിച്ചു. ജയ്‌സൂര്യയുമായുള്ള ആശയവിനിമയങ്ങളില്‍നിന്നും ഇര്‍ഷാദിനെ പിറകോട്ടു നയിക്കുന്ന കാരണങ്ങള്‍ എനിക്കു വ്യക്തമായിരുന്നു. പക്ഷേ അവരുടെ മൂത്ത ജ്യേഷ്ഠന്‍ ആവശ്യപ്പെട്ടു; മാധവിക്കുട്ടി നിങ്ങള്‍ക്കാരായിരുന്നുവെന്ന് ലോകം അറിയണം. ഇര്‍ഷാദ് എന്റെ ഫോണുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ തുടങ്ങി. അഞ്ച് ആണ്‍മക്കളുടെ അമ്മ. മൂന്നുപേര്‍ ഹിന്ദുക്കള്‍, രണ്ടു പേര്‍ മുസല്‍മാന്മാര്‍. പക്ഷേ, അമ്മയോ മക്കളോ മതത്തെപ്പറ്റിപ്പറയാതെ സ്‌നേഹം വെച്ചുവിളമ്പി ജീവിച്ചു. മാധവിക്കുട്ടിയുടെ മരണാനന്തര ചടങ്ങുകള്‍ വളര്‍ത്തുമകന്റെ മേല്‍നോട്ടത്തില്‍, അയാളുടെ; മാധവിക്കുട്ടിയുടെയും മതാചാരപ്രകാരം നടന്നു. ഇര്‍ഷാദിന്റെ വാക്കുകള്‍ പകര്‍ത്തിയെഴുതുമ്പോള്‍ കണ്‍മുമ്പിലൂടെ ഓരോ സംഭവങ്ങളും നിരനിരയായി ജാഥപോകുന്നുണ്ടായിരുന്നു.
മലയാളത്തിലെ ബൗദ്ധികതയുടെ ബ്രോണ്ടിസഹോദരിമാര്‍ എന്നു വിശേഷിപ്പിക്കാം പ്രൊഫസര്‍ ഹൃദയകുമാരി, സുഗതകുമാരി, സുജാതാദേവി എന്നീ സഹോദരിമാരെ. ഹൃദയത്തില്‍നിന്നും ഒരമ്മയെ ശ്രീദേവിപിള്ള അക്ഷരങ്ങളിലേക്കടര്‍ത്തിയെടുത്തുതന്നു. അതുവരെ കേട്ടറിവുമാത്രമുള്ള പ്രൊഫ. ഹൃദയകുമാരിയില്‍നിന്നും തികച്ചും വ്യത്യസ്തയായ ഒരു ഹൃദയാമ്മ! പൂക്കളെയിഷ്ടപ്പെടുന്ന, നന്നായി കേക്കുണ്ടാക്കുന്ന, ഫാഷന്‍രംഗത്തെ ഏറ്റവും പുതിയ ട്രെന്റുകളറിയുന്ന, ഖദര്‍സാരിയുടുക്കുന്ന ഹൃദയകുമാരി. പില്‍ക്കാലമത്രയും ഹൃദയകുമാരി ടീച്ചറെപ്പറ്റി ആളുകള്‍ പറയുമ്പോഴും കേള്‍ക്കുമ്പോഴും ജന്മം നല്‍കിയ ഉടന്‍തന്നെ മരിച്ചുപോയ അമ്മയെപ്പറ്റി മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ഒരു മകള്‍ക്കുണ്ടാവുന്ന മാനസികാവസ്ഥയില്‍ ഞാനെത്തിപ്പോകുന്നത് അറിഞ്ഞു. ഇന്നേവരെ നേരില്‍ കാണാത്ത, അവരുടെ പുസ്തകങ്ങള്‍ വായിക്കാത്ത, അവരുടെ ക്ലാസിലിരിക്കാത്ത, മാനസികമായും ശാരീരികമായും ബൗദ്ധികമായും അവരുടെ കണികയോളം എത്താത്ത ഞാനിതനുഭവിക്കുമ്പോള്‍ ശ്രീദേവിപിള്ള അമ്മയോര്‍മ്മകളില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്തായിരിക്കും!
മലയാളത്തില്‍ ഒരേയൊരു കവയിത്രിയേ ഉള്ളൂ അതു സുഗതകുമാരി മാത്രമാണ് എന്നു പറഞ്ഞത് ടി. പത്മനാഭനാണ്. സുഗതകുമാരി ഒരു മകളുടെ മാത്രം അമ്മയല്ലല്ലോ; ഈ ഭൂമിമലയാളത്തിന്റെതന്നെയാണ്. അവരെ അടുത്തറിഞ്ഞവര്‍ക്കെല്ലാം ഓരോ അമ്മയോര്‍മ്മകള്‍ എഴുതിയാല്‍ അതുതന്നെ മറ്റൊരു പുസ്തകമാണ്. കോവിഡ്കാലത്ത് ഉറവിടമറിയാത്ത വൈറസ് ബാധ ആ കവിയമ്മയെയും കൊണ്ടുപോയാണ് മലയാളത്തിനോടുള്ള കലിയടക്കിയത്. ലോകത്തുള്ള എല്ലാവര്‍ക്കും അമ്മയെ കൊടുത്തതിന്റെ ബാക്കിയുള്ളതായിരുന്നു മകള്‍ ലക്ഷ്മീദേവിയുടെ കൈയിലുണ്ടായിരുന്ന അമ്മയോര്‍മ്മകള്‍. ആദ്യമാദ്യം ഒട്ടുമേ സഹകരിക്കാനോ തുറന്നുപറയാനോ എന്തിന് അവരെ ഒന്നു കാണാന്‍പോലും അനുവാദം തന്നില്ല. മാസങ്ങള്‍ നീണ്ട ശല്യപ്പെടുത്തലില്‍ സഹികെട്ടാണ് വീട്ടിലേക്കുള്ള വഴി അവര്‍ പറഞ്ഞുതന്നത്. 'പാട്ടുമൂളി ഞാന്‍ പോകവേ നിങ്ങള്‍ കേട്ടു നിന്നുവോ തോഴരേ നന്ദി...'എന്നു പാടിക്കൊണ്ട് ഊറിവന്ന കണ്ണീരിനെ താഴോട്ടനുവദിക്കാതെ ലക്ഷ്മീദേവി എഴുന്നേറ്റു. ഒരു മണിക്കൂറിനുള്ളില്‍ കേട്ട അമ്മയോര്‍മ്മകളില്‍നിന്നും മനസ്സിലായത് ഇതായിരുന്നു: സുഗതകുമാരിക്ക് ഒരു മകളല്ല, ഒരായിരം മക്കളുണ്ട്.
സഞ്ജു അഥവാ പരമേശ്വരന്‍. ഡോ. സുജാതാദേവിയുടെ മൂത്തമകന്‍. മുത്തച്ഛന്‍ ബോധേശ്വരന്റെ മൂന്നുമക്കളില്‍ ഏറ്റവും സുന്ദരിയും ബുദ്ധിമതിയുമായിരുന്ന അമ്മയുടെ മകന്‍. നക്ഷത്രങ്ങളെ പ്രണയിച്ച പെണ്‍കുട്ടിയായിരുന്നു തന്റെ അമ്മ എന്നു പറഞ്ഞാണ് സഞ്ജു തുടങ്ങിയത്. ഇപ്പോള്‍ വാക്കറിന്റെ സഹായം വേണം സഞ്ജുവിന് നടക്കാന്‍. 'നല്ലകാലത്തെ' ശൗര്യത്തിന്റെ കനലുകള്‍ ആ മനസ്സില്‍ അസ്സലായി എരിഞ്ഞുകിടപ്പുണ്ടായിരുന്നു. സഞ്ജു അമ്മയെക്കുറിച്ച് ഓര്‍മ്മകള്‍ പറയുകയായിരുന്നില്ല, കുമ്പസരിക്കുകയായിരുന്നു. അമ്മയുടെയും അച്ഛന്റെയും വേര്‍പിരിയലുകള്‍, അകാലത്തില്‍ സഹോദരന്റെ മരണം, മദ്യാസക്തിയില്‍ അമ്പേ പരാജയപ്പെട്ടുപോയ സ്വന്തം കാലം. അമ്മയുടെ വിയോഗം ആശുപത്രിക്കട്ടിലില്‍ കിടന്ന് ടിവി വാര്‍ത്തയില്‍ നിന്നറിയുന്ന മകന്‍...സഞ്ജു പലപ്പോഴും കരയുന്നുണ്ടായിരുന്നു. ഒരിക്കലും തിരിച്ചുപിടിക്കാനാവാത്തവണ്ണം കടന്നുപോയ ആ കാലങ്ങളെ ഒന്നുകൂടി അയാള്‍ക്കു മുമ്പില്‍ നിരത്തിയാല്‍ അയാളത് വാരിപ്പിടിച്ചോടുമെന്ന് തീര്‍ച്ച. എല്ലാവരോടും ചെയ്യുന്നതുപോലെ സഞ്ജുവിനും മാറ്റര്‍ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് വായിക്കാന്‍ അയച്ചുകൊടുത്തു. സ്റ്റോറിയിലെ ഒരു കാര്യം സഞ്ജു എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടു. 'അമ്മയുടെ അത്രയും സ്വകാര്യമായ ആ സംഭവം നമ്മള്‍ക്കിടയില്‍ ഒതുങ്ങട്ടേ സഹോദരീ, നിങ്ങള്‍ എന്റെ ഇളയ അനിയത്തിയാണ്. നമ്മുടെ അമ്മയുടെ കാര്യമല്ലേ...ആളുകള്‍ അതറിയണ്ട.' സഞ്ജു പറഞ്ഞു. ഒരു ലിറ്റററി ജേണോയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതായ ഒരു സംഭവം, ഇതുവരെ ആരുമറിയാത്ത സംഭവം, എന്നിലൂടെ മാത്രം ആളുകളിലേക്കെത്തുന്ന സംഭവം എന്നീ നിലകളില്‍ വളരെ 'വാല്യു' ഉള്ള ഒന്ന്! ഒന്നുകൂടി 'ബ്രെയിന്‍വാഷ്' ചെയ്തിരുന്നെങ്കില്‍ 'വൈറലാ'കുമായിരുന്ന സംഗതി! മകന്റെ അഭ്യര്‍ത്ഥനയ്ക്കാണ് കൂടുതല്‍ വാല്യൂ അപ്പോള്‍ കൊടുത്തത്. എങ്കിലും നക്ഷത്രങ്ങളെ പ്രണയിച്ച ആ പെണ്‍കുട്ടിയോട് ഈരേഴുലകത്തില്‍ എവിടെയെങ്കിലും വെച്ച് എന്നെങ്കിലും കണ്ടുമുട്ടുമ്പോള്‍, കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണല്ലോ മുന്നോട്ടു നയിക്കുന്നത്, ഞാനാ സംഭവം ഒന്നുകൂടി ചോദിക്കും. തീര്‍ച്ച.
സാറാ തോമസ്. ജീവിച്ചിരിക്കേതന്നെ വിസ്മൃതിയിലായ, സാഹിത്യഅക്കാദമി ജേതാവായ, എഴുത്തുകാരി. നാര്‍മ്മടിപ്പുടവ, ദൈവമക്കള്‍, അസ്തമയം, ഗ്രഹണം തുടങ്ങി ശ്രദ്ധേയമായ കൃതികളെഴുതിയ സാറാ തോമസ് അന്തരിച്ച് ഒരു മാസം കഴിഞ്ഞപ്പോഴാണ് മകള്‍ ശോഭ ജോര്‍ജ് സംസാരിക്കാന്‍ തയ്യാറായത്. പതിനഞ്ചു വര്‍ഷം മുമ്പ് എഴുത്ത് നിര്‍ത്തിയതാണ് സാറാ തോമസ്. അതിനു കാരണമായതാവട്ടെ, ഭര്‍ത്താവിന്റെ മരണവും! തന്റെ എഴുത്തിലെ ഏക പ്രചോദനം ഇല്ലാതായപ്പോള്‍ കഥയെത്തന്നെ ഉപേക്ഷിച്ച എഴുത്തുകാരി. എഴുത്തുനിര്‍ത്തല്‍ പ്രഖ്യാപനം അന്ന് അനുവദിച്ചുകൊടുക്കാന്‍ പാടില്ലായിരുന്നു എന്ന് പശ്ചാത്തപിക്കുന്ന മക്കള്‍. അമ്മ എഴുത്തുകാരിയാണെന്ന് അറിയാതെ വളര്‍ന്ന സ്‌കൂള്‍കാലം. അപ്പോഴെല്ലാം അവരുടെ കഥകള്‍ സൂപ്പര്‍ഹിറ്റ് സിനിമകളായിരുന്നു എന്നതാണ് അദ്ഭുതം! അമ്മ എഴുതുന്നത് മക്കള്‍ ഒരിക്കലും കണ്ടിട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം നല്ലൊരു വീട്ടമ്മയായിരുന്നു സാറാ തോമസ്. അദ്ഭുതം തോന്നി. ഒരു പക്ഷേ, അവര്‍ എന്തൊരു സ്‌ട്രെസ് അനുഭവിച്ചിട്ടുണ്ടായിരിക്കണം! അതല്ലെങ്കില്‍ കുടുംബവും സര്‍ഗ്ഗാത്മകതയും ഒരുനൂലില്‍ കോര്‍ത്തുകെട്ടാന്‍ പ്രാപ്തിയുള്ള ബഹുമുഖപ്രതിഭയായിരിക്കും അവര്‍. സ്വന്തം കുടുംബത്തിനുമാത്രമല്ല, തന്റെ ഭര്‍ത്താവ് പ്രാക്ടീസ് ചെയ്യുന്ന മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും സൗജന്യമായി അവര്‍ ഭക്ഷണം വെച്ചുവിളമ്പിക്കൊടുത്തു. കഥയെഴുതിയ സിനിമകളെല്ലാംതന്നെ സൂപ്പര്‍ഹിറ്റായപ്പോഴും ചലച്ചിത്രലോകത്തിന്റെ അപാരസാദ്ധ്യതകളിലേക്ക് കൂടുതല്‍ വ്യാപരിക്കാതെ തന്നിലേക്കുതന്നെ ചുരുണ്ടുകൂടിയൊരമ്മനക്ഷത്രം!
സാറാതോമസിനെക്കുറിച്ച് പ്രസിദ്ധീകരിച്ചുകഴിഞ്ഞയുടന്‍ തന്നെയാണ് കന്നഡ വിവര്‍ത്തകയും ജന്മംകൊണ്ട് മലയാളിയുമായ സാറാ അബൂബക്കറിന്റെ മക്കളെയും തപ്പിയിറങ്ങുന്നത്. കാസര്‍കോഡുള്ള രവീന്ദ്രന്‍ പാടി എന്ന നല്ലമനസ്സുകാരന്റെ സഹായത്താല്‍ രണ്ടാമത്തെ മകന്‍ മുഹമ്മദ് നാസറിന്റെ നമ്പര്‍ കിട്ടി. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ നിര്‍ഭാഗ്യവശാല്‍ ഉമ്മയുടെ സര്‍ഗ്ഗാത്മകതയോ മതത്തിലെ ദുരാചാരങ്ങള്‍ക്കെതിരെ വിമര്‍ശിക്കാനുളള ധൈര്യമോ ലഭിച്ചിട്ടില്ലാത്ത മക്കള്‍. നാസറിനെക്കൂടാതെ ഇളയ മകന്‍ ഷംസുദ്ദീനോടും മൂത്തമകന്‍ അബ്ദുള്ള മൊഹീദ്ദീനോടും അമ്മയെക്കുറിച്ചന്വേഷിച്ചു. ഹൈ ഫസ്റ്റ് ക്ലാസ് നേടിയ പത്താംക്ലാസുകാരി. ഇനിയുള്ള പഠനം സ്വപ്നത്തില്‍പ്പോലും കാണാന്‍ സാധിക്കാത്ത തരത്തില്‍ മതം മുറുക്കിയ പെണ്‍ജീവിതത്തിന്റെ ഇര. പക്ഷേ, സാറാ അബൂബക്കറിലെ ഫീനിക്‌സ് പക്ഷി ഉയര്‍ന്നുപറന്നു. സ്വന്തം പ്രയത്‌നംകൊണ്ട് കന്നഡ സാഹിത്യത്തിലും സാംസ്‌കാരികമേഖലയിലും അവര്‍ പ്രധാനപ്പെട്ട ഒരാളായി മാറി. എഴുത്തിലോ വായനയിലോ ഉമ്മയുടെ പാത തിരഞ്ഞെടുക്കാത്ത മക്കള്‍ പക്ഷേ, അവരെ തങ്ങളുടെ ഹൃദയത്തിന്റെ ഉന്നതിയില്‍ പ്രതിഷ്ഠിച്ചു. ഇവിടത്തെ പകല്‍നേരങ്ങളില്‍ ഞാനയയ്ക്കുന്ന സംശയങ്ങള്‍ക്ക് ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും ഉറക്കത്തിനിടയിലും അമേരിക്കയില്‍നിന്നും മൊഹിദ്ദീന്‍ നിമിഷങ്ങള്‍ക്കകം ഉത്തരം നല്‍കി. അദ്ദേഹത്തിന് മാത്രമേ മലയാളം വായിക്കാനറിയുമായിരുന്നുള്ളൂ.
റോസി തോമസ്. പണ്ഡിതനും വിദ്യാഭ്യാസവിചക്ഷണനും നിരൂപകനുമായ എം.പി പോളിന്റെ മകള്‍. മലയാളനാടകമേഖലയിലെ വലിയവാക്കായ സി.ജെ. തോമസിന്റെ ഭാര്യ. ഈ രണ്ടു മേല്‍വിലാസങ്ങളിലുമല്ല റോസി തോമസ് പക്ഷേ, സാഹിത്യപ്രവേശം നടത്തിയത്. ഇവന്‍ എന്റെ പ്രിയ സി.ജെ എന്ന പുസ്തകത്തിലൂടെയാണ്. രണ്ടു നോവലും അനവധി ലേഖനങ്ങളും എഴുതിയ റോസി തോമസ് ജീവിതത്തില്‍ ആഞ്ഞടിച്ചുവന്ന എല്ലാ കൊടുങ്കാറ്റുകളെയും നിഷ്പ്രഭമാക്കിയ എഴുത്തുകാരിയാണ്. മകള്‍ ബീന എംസണ്‍ പറഞ്ഞതുപോലെ അപ്പന്റെയും അപ്പൂപ്പന്റെയും പ്രതിഭാത്വത്തില്‍ ഒരു കാലം വരെ മങ്ങിക്കിടന്ന പേരായിരുന്നു റോസി തോമസ്. എം.പി. പോളിന്റെ ട്യൂട്ടോറിയലില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി എത്തുന്ന സി.ജെ. തോമസിനെ പ്രണയിക്കുന്ന മൂത്തമകളായ റോസി, അവരുടെ വിപ്ലവവിവാഹം, നാല്‍പത്തിയെട്ടാം വയസ്സില്‍ അകാലചരമമടയുന്ന റോസിയുടെ എല്ലാമെല്ലാമായ അപ്പന്‍, പ്രതിഭ മാത്രം കൈയിലുള്ള എന്നാല്‍ ജീവിക്കാന്‍ അതു പോരാത്ത സി.ജെ. തോമസ്, അദ്ദേഹത്തിന്റെ അസുഖം, മരണം...റോസി തോമസിന്റെ ജീവിതം ത്രിശങ്കുസ്വര്‍ഗ്ഗമായ നാളുകള്‍...അതിജീവനത്തിന്റെ സര്‍വ്വപോരാട്ടങ്ങളും ഒന്നിച്ചു നടത്തിയ ഒരു ജീവിതത്തെ കാണാം ആ അമ്മയോര്‍മ്മകളില്‍.
മലയാളത്തിന്റെ സുമംഗല മുത്തശ്ശി ബാലസാഹിത്യത്തിനും മുതിര്‍ന്നവരുടെ സാഹിത്യത്തിനും ഒന്നുപോലെ പ്രിയപ്പെട്ടതാണ്. മകന്‍ അഷ്ടമൂര്‍ത്തിയാണ് അമ്മയോര്‍മ്മകള്‍ പങ്കുവെച്ചത്. അടുക്കളയില്‍ കയറാന്‍ ഇഷ്ടമില്ലാത്ത, എന്നാല്‍ മിസ്സിസ് കെ.എം. മാത്യുവിന്റെ പാചകക്കുറിപ്പുകള്‍ സൂക്ഷിച്ചുവെക്കുന്ന ഒരമ്മയെക്കുറിച്ച് മകന്‍ പറയുമ്പോള്‍ വളരെ രസകരമായൊരു കഥ കേട്ടിരിക്കുന്ന ഫീല്‍ വന്നുനിറഞ്ഞു പലപ്പോഴും. കേരളത്തിലെ സാഹിത്യനവോത്ഥാനരംഗത്ത് സുപ്രധാന ഇടപെടലുകള്‍ നടത്തിയ ഒളപ്പമണ്ണ മനയില്‍നിന്നും പരമ്പരാഗതസമ്പ്രദായങ്ങളെ മുറുകെപ്പിടിക്കുന്ന ദേശമംഗലത്തേക്കു സുമംഗലയെ വിവാഹം കഴിപ്പിച്ചയച്ചതാണ്. ഭര്‍ത്തൃഗൃഹത്തില്‍ മാറു മറയ്ക്കാന്‍ സമരം ചെയ്യുന്ന ആദ്യത്തെ നമ്പൂതിരിപ്പെണ്‍കുട്ടിയായിരിക്കാം അവര്‍. പതിനെട്ടാം വയസ്സില്‍ 'ആരുടെ കൈ' എന്ന കഥ ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്നതോടെ തന്റെ ഐഡന്റിറ്റി വെളിപ്പെടാതിരിക്കാന്‍ സുമംഗല എന്ന പേര് തിരഞ്ഞെടുക്കുന്നു. കേരള കലാമണ്ഡലം ചരിത്രവും പച്ചമലയാളം നിഘണ്ടുവും സുമംഗലയുടെ വിയര്‍പ്പാണ്. അതിനു പിന്നിലെ അലച്ചിലുകളെക്കുറിച്ച് അഷ്ടമൂര്‍ത്തി വ്യക്തമായി പറഞ്ഞുവെക്കുന്നുണ്ട്.
രാജന്‍ നമ്പൂതിരി. ലളിതാംബിക അന്തര്‍ജ്ജനത്തിനു മുപ്പത്തിയാറാം വയസ്സില്‍ പിറന്ന മകന്‍. അദ്ദേഹമാണ് അമ്മയോര്‍മ്മകള്‍ പങ്കുവെച്ചത്. അന്തര്‍ജ്ജനത്തിന്റെ കൊച്ചുമകള്‍ സരിത മോഹനന്‍ഭാമയാണ് അദ്ദേഹത്തെക്കുറിച്ചു പറഞ്ഞത്. വീട്ടിലെത്തിയപ്പോള്‍ ഉച്ചയായിക്കാണും. ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ വരുന്ന മകള്‍ക്കു ലഭിക്കുന്ന ഊഷ്മളത ഞാന്‍ ആവോളം ആസ്വദിച്ചു. യാത്രയുടെ ക്ഷീണമുണ്ടായിരുന്നു. ചില വീടുകളില്‍ മണിക്കൂറുകള്‍ ചെലവിട്ടാലും ദാഹിക്കുന്ന വെള്ളം വേണോ എന്ന ചോദ്യമുണ്ടാവാറില്ല. മുകളിലത്തെ ഗസ്റ്റ് റൂം ചൂണ്ടിക്കാണിച്ച് രാജന്‍ നമ്പൂതിരി പറഞ്ഞു: 'വേഗം കുളിച്ചിട്ടുവാ. ഞാന്‍ കുറേ നേരമായി വിശന്നിരിക്കുന്നു.' കേട്ടമാത്രയില്‍ എടുപിടീന്ന് കുളികഴിഞ്ഞു. മാറ്റിയുടുക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ സാവിത്രി നമ്പൂതിരി അവരുടെ ഡ്രസ്സും എടുത്തുവെച്ചിട്ടുണ്ട്. അന്‍പതുകളില്‍ ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ വീട് എപ്രകാരമായിരിക്കും എന്ന് ഊഹിക്കാവുന്നേയുള്ളൂ. നിത്യസന്ദര്‍ശകരും താവളക്കാരും ധാരാളമുണ്ടാകും. ഊണു കഴിഞ്ഞ് നല്ലൊരു ഉറക്കവും കഴിഞ്ഞാണ് അമ്മയിലേക്കു കടന്നത്. സമയം അധികം മുമ്പിലില്ല. വൈകുന്നേരം എറണാകുളത്തേക്ക് തിരിക്കാമെന്നാണ് മനസ്സിലെ കണക്കുകൂട്ടല്‍. വര്‍ത്തമാനം കഴിഞ്ഞ് എനിക്കു വേണ്ടതെല്ലാം കിട്ടി എന്ന ധാരണയില്‍ പതുക്കെ ബാഗുമായി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ വൈകുന്നേരത്തെ കാപ്പി നേരമായിട്ടുണ്ട്. എന്നാപ്പിന്നെ ഞാനങ്ങോട്ട്... എന്ന ഭാവത്തോടെ നിന്നപ്പോള്‍ റിട്ടയേഡ് ഐ.പി.എസ്സുകാരനായ രാജന്‍ നമ്പൂതിരി രഞ്ജിപ്പണിക്കരെപ്പോലെ ഒറ്റ നില്‍പ്പ്. ഇന്നെങ്ങോട്ടും പോകാനാവില്ല. യാത്രയെല്ലാം നാളെ. വൈകിട്ട് പോയാല്‍ ഇവിടാര്‍ക്കും സമാധാനമുണ്ടാകില്ല. അമ്മയെപ്പറ്റി ഞാന്‍ പറയാന്‍ തുടങ്ങിയതേയുള്ളൂ...ഒന്നുരണ്ട് മുട്ടുന്യായങ്ങളൊക്കെ പറഞ്ഞുനോക്കിയെങ്കിലും മുന്‍ ഉത്തരേന്ത്യന്‍ കമ്മീഷണര്‍ ചെവിക്കൊണ്ടില്ല. കാപ്പിയും കടിയും വിഴുങ്ങി വീണ്ടും ഗസ്റ്റ് റൂമിലേക്ക് ശരണം വിളിച്ചുനടന്നു. എറണാകുളം പ്ലാന്‍ പാളി.
മുകളിലെ ഗസ്റ്റ് റൂമിന് ഇടത്തായി ഒരു ഹാള്‍. അവിടെയാണ് ലളിതാംബിക മെമ്മോറിയല്‍ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. അന്തര്‍ജ്ജനത്തിന്റേതായിട്ടുള്ള എഴുത്തുവകകളും അവാര്‍ഡുകളും പ്രശസ്തിപത്രവുമെല്ലാം അവിടെ അടുക്കിവെച്ചിട്ടുണ്ട്. കൂട്ടത്തില്‍ ലാമിനേറ്റ് ചെയ്ത കത്തുകള്‍...അക്കാലത്തെ പ്രശസ്തരും അപ്രശസ്തരും യശഃപ്രാര്‍ത്ഥികളും അയച്ചതായ കത്തുകളെല്ലാംതന്നെ ആളുകളുടെ പേരോടെ കൃത്യമായി സൂക്ഷിച്ചുവെച്ചിരിക്കുന്നു. ബാലാമണിയമ്മയും കടത്തനാട് മാധവിയമ്മയും കമലാദാസും വയലാറും എം.ടിയും എന്നു വേണ്ട സകല മനുഷ്യരും അത്യന്തം എളിമയോടെ അമ്മയ്ക്കു മുമ്പില്‍ സ്‌നേഹവാത്സല്യത്തിനായി കാത്തുനില്‍ക്കുന്ന കാഴ്ച. നിമിഷങ്ങള്‍ക്കകം അതൊരു സാഹിത്യവേദിയായി തോന്നി. എഴുതിയ കഥകളും കവിതകളും വരെ അതിലുണ്ട്. ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമുണ്ട്. ഓരോരുത്തരുടെയും കുടുംബപ്രശ്‌നങ്ങളും മാനസികസങ്കീര്‍ണ്ണതകളും വായിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തില്‍ ക്ഷമാപണങ്ങളും തമാശകളും നിറഞ്ഞുകവിഞ്ഞിരുന്നു. അരികിലും മൂലയിലും പേനകൊണ്ട് വരച്ച ചിത്രങ്ങളും അടിക്കുറിപ്പുകളും കണ്ടു. അന്തര്‍ജ്ജനം എന്തായിരിക്കും ഇതിനൊക്കെ മറുപടി നല്‍കിയിട്ടുണ്ടാവുക?
അമ്മയോര്‍മ്മകള്‍ അവസാനിക്കുന്നില്ല. ഓര്‍മ്മകള്‍ ഒരു തുടര്‍ക്കഥയാണ്. ഒരു കാലഘട്ടത്തില്‍ മലയാളത്തില്‍ വിരാജിച്ച അതുല്യരായ എഴുത്തുകാരികളാണിവര്‍. പുരുഷന് സ്വസ്ഥതയും സൈ്വരവും എഴുതാനുള്ള സാഹചര്യവും ഒരുക്കിക്കൊടുത്ത് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും വെച്ചുവിളമ്പി സര്‍ഗ്ഗപുരുഷന്റെ മക്കളെ തുരുതുരാ പ്രസവിച്ച് വംശാനന്തരചരിത്രംവരെ നിര്‍മ്മിച്ച മികച്ചവരായ പത്‌നിമാരെ കാലാകാലങ്ങളായി നമ്മള്‍ വാഴ്ത്തിക്കൊണ്ടേയിരിക്കുന്നു. എഴുതാനിരിക്കുമ്പോള്‍ അരിയില്ലാ നിലവിളി കാതില്‍ത്തറച്ചുകയറുന്ന, അപ്രീതിയുടെ നിലയില്ലാക്കയത്തില്‍നിന്നും അക്ഷരങ്ങളുടെ കച്ചിത്തുരുമ്പില്‍ക്കയറിപ്പിടിച്ചു കരപറ്റിയ സര്‍ഗ്ഗമാതാക്കളുടേതുകൂടിയാണ് ഈ സാഹിത്യമലയാളം. കുറച്ചുവാഴ്ത്തലുകള്‍ അവരെപ്പറ്റിയുമാകാം. ആവോളംകാലം അവരുടെ കാല്‍സ്യവും ഫോസ്ഫറസ്സും ഊറ്റിക്കപ്പിയ നാവുകള്‍തന്നെ ആ ഓര്‍മ്മകള്‍ അയവിറക്കട്ടെ.
Content Highlights: Ammayormakal, Shabitha, Mathrubhumi Books
Published: 18 Oct 2023, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented