മലയാളസാഹിത്യത്തില്‍ തങ്ങളുടേതായ അടയാളങ്ങള്‍ സൃഷ്ടിച്ച് കടന്നുപോയ എഴുത്തുകാരികളെ അവരുടെ മക്കള്‍ ഓര്‍ക്കുന്ന പംക്തി തുടങ്ങിവെച്ചത് മാതൃഭൂമി ഡോട് കോം ആയിരുന്നു. വൈകാതെ തന്നെ അമ്മയോര്‍മ്മകള്‍ മാതൃഭൂമി ബുക്‌സ് പുസ്തകമാക്കി. അമ്മയോര്‍മ്മകള്‍ ഡോ. സ്വപ്‌ന സി കോമ്പോത്തിന്റെ വായനയില്‍.

To advertise here,

'All that I am, or hope to be, I owe to my angel mother.'
- Abraham Lincoln

മ്മയാവുക എന്നതൊരു ഭാരിച്ച ഉത്തരവാദിത്തമാണ്. ശാരീരികമായും മാനസികമായും ബൗദ്ധികമായും അമ്മത്തത്തിലേക്കെത്തുവാന്‍ ഒരു സ്ത്രീ നടത്തുന്ന മഹാപരാക്രമങ്ങള്‍ ഇന്നും വേണ്ടത്ര മനസ്സിലാക്കപ്പെടുന്നുണ്ടോ എന്നാണ് സംശയം. ജോലിയുള്ള അമ്മമാര്‍ വീടിനും തൊഴിലിടത്തിനും ഇടയിലായി നടത്തുന്ന ഷട്ടില്‍ സര്‍വീസുകളെക്കുറിച്ചും അവരുടെ മാനസിക പിരിമുറുക്കങ്ങളെക്കുറിച്ചും സഹാനുഭൂതിയോടെ സംസാരിക്കാന്‍ പോലും  മടി കാണിക്കുന്ന തലമുറയോടൊപ്പം തന്നെയാണ് ഇന്നും സ്ത്രീകള്‍ക്ക് പോരാട്ടം തുടരേണ്ടി വരുന്നത്. അമ്മയ്ക്കും ഉദ്യോഗസ്ഥയ്ക്കും പുറമേ എഴുത്തുകാരിയുടെ വേഷം കൂടി ആടേണ്ടിവരുന്ന സ്ത്രീകളെക്കുറിച്ചാലോചിക്കുമ്പോള്‍, ഏത് കനത്ത വെല്ലുവിളികളെയും ആത്മവിശ്വാസത്തോടെ  അഭിമുഖീകരിച്ച വിപ്ലവകാരികള്‍ എന്നേ പറയാനാവൂ. എഴുത്ത് എന്നതു തന്നെ ഒരു വിപ്ലവമായി നിലനില്‍ക്കെ എഴുത്തുകാരിയായ അമ്മ എന്ന മഹാവിപ്ലവകാരിയെ മക്കള്‍ എങ്ങനെയായിരിക്കും അടയാളപ്പെടുത്തുക എന്നത് കൗതുകമുള്ള ഒരു ചിന്തയാണ്.

'അമ്മയോര്‍മ്മകള്‍' എന്ന പുസ്തകത്തിന്റെ എഡിറ്റര്‍ അത്തരത്തില്‍ ചിന്തിച്ചപ്പോള്‍  വായനക്കാര്‍ എന്നെന്നും ഓര്‍ത്തുവെക്കുന്ന വലിയൊരു പുസ്തകമുണ്ടായി എന്നു പറയാം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'അമ്മയോര്‍മ്മകള്‍ -മലയാളത്തിന്റെ എഴുത്തമ്മമാരെക്കുറിച്ച് മക്കള്‍' എന്ന പുസ്തകത്തില്‍  ബാലാമണിയമ്മ, കടത്തനാട്ട് മാധവിയമ്മ, ലളിതാംബിക അന്തര്‍ജനം, സുമംഗല, സുഗതകുമാരി,  മാധവിക്കുട്ടി, പ്രൊഫസര്‍ ഹൃദയകുമാരി, റോസി തോമസ്, സുജാത ദേവി, അഷിത, ഗീതാ ഹിരണ്യന്‍, സാറാതോമസ്, വി.വി. രുഗ്മിണി, സാറാ അബൂബക്കര്‍ എന്നിങ്ങനെയുള്ള അക്ഷരറാണിമാരുടെ മക്കള്‍ അവരുടെ അമ്മയെ ഓര്‍മ്മിച്ചെടുക്കുന്നു. അമ്മയെ അറിയാന്‍ എന്നപേരില്‍ ഷബിത എഴുതിയ 14 പേജുകള്‍, ഒരു നിയോഗം പോലെ ഈ ഉദ്യമത്തിലേക്ക് അവരെത്തിച്ചേര്‍ന്നതെങ്ങിനെ എന്ന് വിശദമാക്കുന്നു. ആ വായനയില്‍ പല അമ്മക്കുറിപ്പുകള്‍ക്കും വേണ്ടി അവര്‍ നടത്തിയ യാത്രകളും ലഭിച്ച സ്വീകരണങ്ങളും എല്ലാം വിശദമാക്കുന്നുണ്ട്. എഴുത്തുകാരികളുടെ അധികമാരും അറിയപ്പെടാതെ പോയ വാത്സല്യം തുളുമ്പുന്ന മുഖങ്ങളെ ഏറ്റവും ഹൃദ്യമായി വരച്ചിടുന്ന കാഴ്ചകളാണ് ഓരോ ലേഖനങ്ങളും.

മലയാളത്തിന്റെ അമ്മ എന്നറിയപ്പെടുന്ന ബാലാമണിയമ്മയിലാണ് ഈ അമ്മയോര്‍മ്മകളും ഹരിശ്രീ കുറിക്കുന്നത്. 'അമ്മയുടെ കവിതാശകലങ്ങളിലൂടെ
അമ്മയെ അറിഞ്ഞ മകളായി ഞാന്‍ മാറിയത് വളരെ വൈകിയാണ്. അവസാന നാളുകളിലും അതിനുശേഷവുമാണ് അമ്മയുടെ കവിതകളിലേക്ക് ഞാന്‍ ഇറങ്ങിച്ചെന്നത് 'എന്ന പശ്ചാത്താപത്തോടെയാണ് ഡോക്ടര്‍ സുലോചന നാലപ്പാട്ട് അമ്മയെ ഓര്‍മ്മിക്കുന്നത്. ബാലാമണിയമ്മയുടെ ലക്ഷ്മി എന്ന സ്വന്തംപേരില്‍ തുടങ്ങി, പലരില്‍ നിന്ന് അറിഞ്ഞ അമ്മയുടെ വിവാഹവും ജീവിതവും രോഗവും അമ്മയ്ക്ക് നല്‍കിയിരുന്ന പരിഗണനയും വളരെ വിശദമായി തന്നെ ആമുഖമായി പറഞ്ഞുകൊണ്ടാണ് പൂത്തുലഞ്ഞു നിന്ന അമ്മയെന്ന  മഹാവൃക്ഷത്തെ  മലയാളിക്ക് മുന്നില്‍ അവര്‍പരിചയപ്പെടുത്തുന്നത്. സരസ്വതി സമ്മാനംവരെ നേടിയ ആ അമ്മയെക്കുറിച്ച് മാധവിക്കുട്ടി പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി, അപസ്മാരരോഗിയായ ഒരു അമ്മയുടെ നിസ്സഹായാവസ്ഥയും മാധവിക്കുട്ടിയോട് അമ്മ പുലര്‍ത്തിയിരുന്ന പരിഗണനയും വ്യക്തമാക്കുന്നുണ്ട് 'ഞങ്ങള്‍ കാണുമ്പോഴെല്ലാം അമ്മ എഴുതുകയാണ്. പക്ഷേ ഞങ്ങള്‍ നാലു കുട്ടികളും അമ്മയെ വായിച്ചിട്ടില്ല. അമ്മ എഴുതിയതിന്റെ ആഴം അറിഞ്ഞിട്ടില്ല. ഈ അവസരം അതിനായി ഉപയോഗപ്പെടുത്തുകയാണ് ഞാന്‍ 'എന്നവര്‍ പറയുന്നു. 2004 സെപ്റ്റംബര്‍ 29ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയായപ്പോള്‍ ജീവിതത്തോടും മരണത്തോടും ഒരു ഭാവഭേദമോ അസ്വാസ്ഥ്യമോ കാട്ടാതെ ജീവിതത്തെയും മരണത്തെയും വേര്‍തിരിക്കുന്നു തിളങ്ങുന്നു മുള്‍വേലി അമ്മ താണ്ടി എന്നാണ് അമ്മയുടെ മരണത്തെ അവര്‍ അടയാളപ്പെടുത്തുന്നത്

'അന്ന് അമ്മ അളവറ്റ സ്‌നേഹവും കരുതലും ആശ്രയവുമായിരുന്നെങ്കില്‍ ഇന്ന് ഏത് വേനലിലും കുളിരേകുന്ന ഓര്‍മ്മകളാണ് അമ്മ'. എന്ന് തുടങ്ങുന്ന കടത്തനാട്ട് മാധവിയമ്മ എന്ന അമ്മയെക്കുറിച്ചുള്ള സി. അന്നപൂര്‍ണയുടെ ലേഖനം, സ്വന്തം അച്ഛനാല്‍ പ്രോത്സാഹിപ്പിക്കപ്പെട്ട കടത്തനാട്ട് മാധവിയമയുടെ സാഹിത്യ ജീവിതത്തെക്കുറിച്ച് വിശദമാക്കുന്നു. അച്ഛന്‍ ജീവിതത്തില്‍ നിന്ന് ഒളിച്ചോടിയപ്പോള്‍ അമ്മ കുടുംബത്തെ സംരക്ഷിച്ചത് എങ്ങനെയെന്ന് വിശദമാക്കിക്കൊണ്ട് അമ്മയെ കുറിച്ച് സി അന്നപൂര്‍ണ്ണ എഴുതിയ ഈ ഓര്‍മ്മക്കുറിപ്പ് ശക്തയും സമര്‍ത്ഥയുമായ ഒരമ്മയെ വരച്ചിടുന്നു. സ്വന്തം വിശ്വാസപ്രമാണങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അവര്‍ ശ്രമിച്ചതേയില്ല. ഉപദേശങ്ങള്‍ നല്‍കിയതുമില്ല. പകരം അമ്മ സ്വയം മാതൃകയായി. ശാരീരികമായും മാനസികമായും പുരുഷനെക്കാള്‍ കരുത്തയാണ് സ്ത്രീയെന്നും അതുകൊണ്ടുതന്നെ ഒരു രംഗത്തും പുരുഷന് പിന്നിലാകരുത് സ്ത്രീയെന്നുമുള്ള ഒരു ശാഠ്യം പുലര്‍ത്തിയിരുന്ന വലിയ എഴുത്തുകാരിയാണ് സ്വന്തം അമ്മ എന്നവര്‍ ഉറപ്പിച്ചു പറയുന്നു.

മറക്കുടയില്‍ നിന്ന് മലയാള സിനിമയിലേക്ക് എന്ന പേരില്‍ എന്‍. രാജേന്ദ്രന്‍ നമ്പൂതിരി എഴുതിയ ലളിതാംബിക അന്തര്‍ജ്ജനത്തെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ്, കര്‍മ്മനിരതയായ, തന്റെ വാക്കുകളിലുറച്ചു നിന്നിരുന്ന,ധൈര്യവതിയായ, മള്‍ട്ടി ടാസ്‌കിങ്ങായ ഒരെഴുത്തുകാരിയെയും, അവരുടെ സന്തതസഹചാരിയായ ഒരു മകനെയും വരച്ചിടുന്നു. അടുക്കളയെ ശത്രുവായി കണ്ട സുമംഗല എന്ന ലേഖനത്തിലൂടെ അഷ്ടമൂര്‍ത്തി ദേശമംഗലം എഴുത്തിലും വായനയിലും നിരാന്ത ജാഗ്രത പുലര്‍ത്തിയിരുന്ന, തന്റേടിയായ ഒരു സ്ത്രീയെ പരിചയപ്പെടുത്തുന്നു. കേട്ടറിവുകളില്‍ നിന്ന് വ്യത്യസ്തയായ, തന്റെ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ ധീരയായി പോരാടുന്ന, അടുക്കളയെ വെറുക്കുന്ന ഒരു അമ്മയെയാണ് അഷ്ടമൂര്‍ത്തി കാണിച്ചുതരുന്നത്.

ഒരമ്മയെക്കുറിച്ച് മൂന്ന് മക്കള്‍ മൂന്നുതലത്തില്‍ നോക്കിക്കാണുന്നു എന്നത് ഈ കൃതിയുടെ പ്രത്യേകതയാണ്. മാധവിക്കുട്ടി എന്ന ലോകപ്രസിദ്ധയായ അമ്മയെക്കുറിച്ചുള്ള മൂന്ന് ലേഖനങ്ങളാണത്. അവസാനകാലത്ത് അമ്മ ആഗ്രഹിച്ചത് നല്‍കാനാവാത്ത കുറ്റബോധത്തോടെയാണ് എം ഡി നാലപ്പാട്ട് എഴുതുന്നത്. അമ്മയ്ക്ക് ലഭിക്കേണ്ടിയിരുന്ന പുരസ്‌കാരങ്ങളെക്കുറിച്ച് പരിഭവിക്കുകയാണ് ഡോ. ഇര്‍ഷാദ് അഹമ്മദ്. അമ്മയോര്‍മ്മകള്‍ക്ക് അനുബന്ധമായ ചേര്‍ത്തിരിക്കുന്ന ജജ്‌സൂര്യദാസിന്റെ  ഇര്‍ഷാദിന് നന്ദി ;അമ്മയോട് കടപ്പാട് മാത്രം എന്ന ലേഖനത്തില്‍ മക്കളുടെ ആത്മസുഹൃത്തായിരുന്ന മാധവിക്കുട്ടിയെന്ന അമ്മയെ നമുക്ക് കാണാനാകും.

ശ്രീദേവി പിള്ളയുടെ വാക്കുകള്‍ കടമെടുത്താല്‍ 'ഇവര്‍ക്കുള്ളില്‍ ഉറവ വറ്റാത്ത കവിതയുണ്ടായിരുന്നു' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൂന്ന് സഹോദരിമാര്‍ അമ്മയോര്‍മ്മകളുടെ ഭാഗമാണ്. അമ്മ ഒരു തുടര്‍ച്ചയാണ് നന്മയുടെയും ഭംഗിയുടെയും അര്‍ത്ഥത്തിന്റെയും തുടര്‍ച്ച എന്നാണ് ഹൃദയകുമാരി ടീച്ചറെക്കുറിച്ച് ശ്രീദേവി പിള്ള പറയുന്നത്. അമ്മയായിരുന്നു ഏറ്റവും പാവം ഏറ്റവും സുന്ദരിയും എന്നാണ് സുജാത ദേവിയെക്കുറിച്ച് മകന്‍ സഞ്ജു പറയുന്നത്. നക്ഷത്രങ്ങളെ സ്‌നേഹിച്ച പെണ്‍കുട്ടി എന്ന അമ്മയെ വിളിക്കാനിഷ്ടപ്പെടുന്ന ഒരു മകന്റെ അരക്ഷിതാവസ്ഥയും വേദനയും എല്ലാം ആലേഖനം ചെയ്ത ഒരു കുറിപ്പ് കൂടിയാണിത്. ഈ കുറിപ്പുകളല്ലാം ഹൃദയം കൊണ്ട് രേഖപ്പെടുത്തിയവയാണ് എന്നാല്‍ കണ്ണും ഉള്ളും നനയിച്ച ഒരു രചനയാണ് യാത്രാമൊഴിയോടെ എന്റെ അമ്മ സുഗതകുമാരി എന്ന ലേഖനം. 'സുഗതകുമാരി എന്ന തണുത്ത പൂന്തണല്‍ വീശി പടര്‍ന്നു ചുഴന്നുനിന്ന വന്‍മരത്തിന്റെ തണലില്‍ വളര്‍ന്ന വെറുമൊരു പുല്‍ക്കൊടി മാത്രമായിരുന്നു ഞാന്‍. തണല്‍മാഞ്ഞു. 'ആ പുല്‍ക്കൊടി വെയിലത്ത് നില്‍ക്കുകയാണ് ഇപ്പോള്‍' എന്ന് ലക്ഷ്മി ദേവി എഴുതുമ്പോള്‍ സുഗതകുമാരിയുടെ നന്മയോടൊപ്പം അവരുടെ കവി പാരമ്പര്യം കൂടി മകളില്‍ അവശേഷിച്ചിട്ടുണ്ട് എന്ന് വ്യക്തമാകുന്നു 

ജീവിതവും മരണവും എല്ലാം ഇനി അമ്മയിലേക്കുള്ള ഒരു യാത്ര മാത്രം എന്നാണ് അനുഗ്രഹീതയായ മകള്‍ എന്ന ലേഖനത്തില്‍ മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരി അഷിതയെക്കുറിച്ച് ഉമാപ്രസീദഎഴുതിയിരിക്കുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ട് മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ അസാധ്യയായ എഴുത്തുകാരി ഗീതാ ഹിരണ്യന്റെ മകള്‍ ഉമയുടെ കുറിപ്പ് വായിക്കുമ്പോള്‍, സാഹിത്യത്തിലും ജീവിതത്തിലും ഒരു മഴവില്ലിന്റെ കാലം മാത്രമാണല്ലോ ഗീത ടീച്ചര്‍ക്ക് ലഭിച്ചത് എന്ന ഒരു സങ്കടം തന്നെയാണ് മനസ്സിലവശേഷിക്കുന്നത്. ഭര്‍ത്താവിന്റെ പ്രേരണയാല്‍ എഴുതിത്തുടങ്ങി അദ്ദേഹത്തിന്റെ മരണത്തോടെ എഴുത്ത് അവസാനിപ്പിച്ച സാറാ തോമസിനെ കുറിച്ച് മകള്‍ ശോഭ ജോര്‍ജ്, ലിംഗസമത്വത്തെക്കുറിച്ചുള്ള ബാലപാഠം പഠിപ്പിച്ച അമ്മ രുഗ്മിണിയെ കുറിച്ച് മകന്‍ അനുകുല്‍ എന്നിവരുടെ കുറിപ്പുകള്‍ സാഹിത്യത്തിലും കുടുംബത്തിലും ഒരുപോലെ വിജയം നേടിയ സ്ത്രീകളുടെ മാതൃകാ ജീവിതത്തെയാണ് ആലേഖനം ചെയ്യുന്നത്. ജന്മംകൊണ്ട് മലയാളിയും കര്‍മ്മം കൊണ്ട് കന്നടക്കാരിയും എന്ന ലേഖനം മൂന്ന് മക്കള്‍ ചേര്‍ന്ന് ഒരു അമ്മയെ ക്കുറിച്ച് എഴുതുന്നതാണ്. സാറ അബൂബക്കര്‍ എന്ന അസാമാന്യ എഴുത്തുകാരിയെ 'ടെറര്‍അമ്മ'യെന്നാണ് വാത്സല്യത്തോടെ മക്കളായ അബ്ദുള്ള മുഹിയുദ്ധീന്‍ ,മുഹമ്മദ് നാസര്‍,ഷംസുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത്..

തീര്‍ച്ചയായും അക്ഷരങ്ങള്‍ക്കു മേല്‍ വിജയം നേടിയ അമ്മമാരെക്കുറിച്ചുള്ള ലേഖനങ്ങള്‍ ആര്‍ദ്രമായ അനുഭവങ്ങള്‍ തന്നെയാണ്. അതിനെല്ലാമുപരി ആ അമ്മമാരുടെ അക്ഷര പുണ്യം കൂടി മക്കള്‍ക്ക് കരഗതമായിരിക്കുന്നല്ലോ എന്ന് അത്ഭുതപ്പെട്ടുപോകും. ഉമാ പ്രസീദ എഴുതിയത് പോലെ, 

'അമ്മ അരികിലുണ്ട് ... 
ഞാന്‍ എഴുതുമ്പോള്‍
അടുത്തു വന്നിരുന്നു അക്ഷരങ്ങള്‍ കൈകളിലേക്ക് കളിനനവോടെ ഊതി വിടുന്ന പോലെ '
എന്ന ഒരു അമ്മസാന്നിധ്യം എല്ലാ ലേഖനങ്ങളുടെയും പരിചരണത്തില്‍ വായനക്കാര്‍ക്ക് അനുഭവവേദ്യമാകും.