
എന്‍.സി.ഡി.എച്ച്.ആര്‍. എന്ന സംഘടനയുമായി കെ.എം. വേണുഗോപാല്‍ ഞങ്ങളെ പരിചയപ്പെടുത്തി. അതില്‍ പ്രവര്‍ത്തിക്കുന്ന അശോകന്‍ എന്ന ഒരാളെ ഞങ്ങളുടെ വാഹന പ്രചാരണ ജാഥയ്ക്കും കണ്‍വെന്‍ഷനുമിടയില്‍ പരിചയപ്പെടുത്തി. അവരുമായി ബന്ധപ്പെട്ട് എനിക്ക് ഡല്‍ഹിയിലേക്ക് പോകേണ്ടതായി വന്നു. ആദ്യമായി പുറംനാട്ടിലേക്ക് ഞാന്‍ നടത്തുന്ന ഒരു യാത്രയായിരുന്നു അത്. എന്‍.സി.ഡി. എച്ച്.ആര്‍.ഒരു മനുഷ്യാവകാശ സംഘടന ആയിരുന്നു. ഓരോ ജില്ലയിലെയും മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ക്കു ധനസഹായം ചെയ്യുന്നു എന്നും അതുകൊണ്ട് അവര്‍ ഞങ്ങളുടെ വിഷയം ഏറ്റെടുക്കുകയാണ് എന്നും പറയുകയായിരുന്നു. കേസ് മുന്നോട്ടു കൊണ്ടുപോകാനും ധനസഹായങ്ങള്‍ക്കു വേണ്ടിയുമാണ് ഡല്‍ഹിയിലേക്ക് ഞങ്ങളെ പറഞ്ഞയക്കുന്നത്. ഞങ്ങള്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ അവിടെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആള്‍ക്കാര്‍ ഉണ്ടായിരുന്നു. കേരളത്തില്‍ നിന്നുപോയത് ഞാനും, ഒരു സ്‌കൂളില്‍ നിന്ന് ടീച്ചര്‍ അപമാനിച്ചു എന്ന് പറഞ്ഞ് ആത്മഹത്യ ചെയ്ത നീതു എന്ന കുട്ടിയുടെ അമ്മയും അച്ഛനും ശ്രീഷ്‌കാന്തും ആയിരുന്നു.
മൂന്നു ദിവസം ഞങ്ങള്‍ ഡല്‍ഹിയിലുണ്ടായിരുന്നു. അവിടെ നടന്ന പരിപാടിയില്‍ വൃന്ദ കാരാട്ട് ആണ് മുഖ്യ അതിഥിയായി വന്നത്. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ അവിടെ പരിഭാഷപ്പെടുത്തി സംസാരിക്കാന്‍ സി.പി.ഐയുടെ നേതാവ് ആനി രാജയാണ് ഉണ്ടായത്. ഈ കാര്യങ്ങളെല്ലാം വിശദീകരിച്ചു കൊടുക്കുന്നത് അവരാണ്. ആനി രാജ എനിക്ക് സംഭവിച്ച കാര്യങ്ങള്‍ മനസ്സിലാകുന്നില്ല എന്നാണ് പറഞ്ഞത്. നമ്മുടെ ആശയം ഇങ്ങനെ അല്ലല്ലോ എന്ന് അവര്‍ അത്ഭുതപ്പെട്ടു. പിന്നീട് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ വിളിക്കണം എന്നും അവര്‍ പറഞ്ഞിരുന്നു. പക്ഷെ സി.പി.ഐയുടെ രാഷ്ട്രീയവും എനിക്കറിയാവുന്നതു കൊണ്ട് പിന്നീടു ഞാന്‍ അതിനുനിന്നില്ല. വൃന്ദ കരാട്ട് വന്നു എനിക്ക് ഷോള്‍ എല്ലാം അണിയിച്ചുതന്നു.
Also Read
ഞങ്ങള്‍ക്ക് അന്ന് എന്‍.സി.ഡി.എച്ച്.ആറിന്റെ വക നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയുടെ ഒരു ചെക്ക് അനുവദിച്ചിരുന്നു. ഞങ്ങളെ കൊണ്ടുപോയ ആനന്ദനാണ് ആ ചെക്ക് വാങ്ങിയത്. ചെക്ക് വാങ്ങുമ്പോള്‍ ശ്രീഷ്‌കാന്ത് അയാളുടെ പുറകിലുണ്ടായിരുന്നു. ശ്രീഷ്‌കാന്ത് വേഗം എന്നെ വിളിച്ചു കേസിന്റെ ആവശ്യമായ പൈസ ആണ് കൊടുക്കുന്നത്, വേഗം വാങ്ങിച്ചോളൂ എന്നു പറഞ്ഞു. എനിക്കും നീതുവിന്റെ കുടുംബത്തിനുമുള്ള ചെക്കുകളായിരുന്നു അവ. ഓരോ ലക്ഷം രൂപയായിരുന്നു ഓരോരുത്തര്‍ക്കും അനുവദിച്ചത്. കേസിന്റെ കാര്യങ്ങള്‍ മുഴുവന്‍ എന്‍.സി.ഡി.എച്ച്.ആര്‍. ആണ് നോക്കുന്നത് എന്നു പറഞ്ഞ് അയാള്‍ ആ ചെക്ക് വാങ്ങിച്ചു സ്വന്തം കൈയ്യില്‍ വെച്ചു. ഇക്കാര്യം സുല്‍ഫത്ത് ടീച്ചറോടും കെ.എം. വേണുഗോപാലിനോടും പറഞ്ഞപ്പോള്‍ അതങ്ങനെയല്ല ആ പൈസ നിങ്ങള്‍ക്കുള്ളതാണെന്നായിരുന്നു അവരുടെ മറുപടി. അതിനുശേഷം വേറെ എവിടെയോ പരിപാടിയുണ്ടെന്നു പറഞ്ഞ് ആനന്ദന്‍ വിളിച്ചു. നിങ്ങളുമായുള്ള പരിപാടി നിര്‍ത്തി, ഞങ്ങള്‍ വരുന്നില്ല എന്ന മറുപടിയും ഞാന്‍ പറഞ്ഞു. ഒരിക്കല്‍ വന്നതിന്റെ കേട് ഇതുവരെ തീര്‍ന്നിട്ടില്ല. കാരണം അന്നു തിരിച്ചുവരുന്ന തീവണ്ടിയാത്ര അതീവ ദുരന്തമായിരുന്നു. അയാള്‍ക്ക് ചെക്ക് ബാങ്കില്‍ കൊടുത്തു പൈസ എടുത്തു ഞങ്ങള്‍ക്ക് തരാവുന്നതേ ഉളളൂ. അന്ന് ഞങ്ങളുടെ കൈയില്‍ ആകെ ഉണ്ടായിരുന്ന ഒരു അയ്യായിരം രൂപയുമായാണ് ഞങ്ങള്‍ ഡല്‍ഹിയിലേക്കു പോയത്. അങ്ങോട്ടു പോകാനുള്ള ടിക്കറ്റ് ഇവരെടുത്തു. ഇങ്ങോട്ടു തിരിച്ചുവരുമ്പോള്‍ ഞാന്‍ ശ്രീഷ്‌കാന്ത്, നീതുവിന്റെ അമ്മ, അച്ഛന്‍, ആനന്ദന്‍ എന്നിവരുടെ ടിക്കറ്റ് മുഴുവന്‍ ഞങ്ങള്‍ എടുക്കേണ്ടിവന്നു. ആനന്ദന്റെ കൈയില്‍ പൈസ ഇല്ലായിരുന്നു.
അയാള്‍ക്ക് തൃശൂര്‍ വരെയാണ് ടിക്കറ്റ് എടുത്തത്. തൃശൂരിലാണ് ഇയാളുടെ ഓഫീസ്. അയാള്‍ തൃശ്ശൂരിലിറങ്ങി ഉച്ച മുതല്‍ വൈകുന്നേരം ഏഴുമണി വരെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. വൈകുന്നേരം ഏഴു മണിക്കാണ് ഞങ്ങളുടെ കൈയില്‍ നിന്നും വാങ്ങിച്ച പൈസ തിരിച്ചുതന്നത്. തൃശ്ശൂരില്‍ നിന്ന് പയ്യന്നൂരിലേക്കുള്ള വണ്ടിക്കൂലി മാത്രമാണ് തന്നത്. ഡല്‍ഹിയില്‍ നിന്നും തിരിച്ചുള്ള യാത്രയില്‍ പൈസ ഇല്ലാത്തത് കൊണ്ട് മൂന്നു ദിവസം പട്ടിണി കിടന്നായിരുന്നു വന്നത്. ചെക്കിലെ പൈസയും തന്നില്ല. കുറെ ദിവസം കഴിഞ്ഞാണ് അറിയുന്നത് അയാള്‍ ഒരു അപകടത്തില്‍ മരിച്ചുപോയി എന്ന്.
രണ്ടായിരത്തി പത്തില്‍ ശ്രീഷ്‌കാന്ത് ഒരു മഴക്കാലത്ത് ചളിവെള്ളത്തില്‍ തേങ്ങ പിടിക്കാന്‍ പോയിരുന്നു. അപ്പോള്‍ കാലിലെ ഒരു മുറിവിലൂടെ അണുക്കള്‍ കടന്ന് എലിപ്പനി പിടിച്ചു. പിന്നെ മൂന്നു മാസം മംഗലാപുരത്തെ കെ.എം.സി എന്ന സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടതായിവന്നു. പയ്യന്നൂരിലെ സബ ഹോസ്പിറ്റലില്‍ കൊണ്ടുപോയപ്പോള്‍ മഞ്ഞപ്പിത്തം കൂടിയിട്ടുണ്ട്, എലിപ്പനിയാണോ എന്ന ചെറിയ സംശയമുണ്ടെന്നു പറഞ്ഞു. മംഗലാപുരത്തേക്ക് കൊണ്ടുപോയതിനു ശേഷമാണ് ശ്രീഷ്‌കാന്ത് രക്ഷപ്പെട്ടത്.
അന്നും ഒരുപാട് പൈസ തന്ന് ജെനിയേച്ചി ആശുപത്രി ചിലവിനു വേണ്ടി സഹായിച്ചു. അന്ന് കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഉണ്ടായിരുന്നു. പുലര്‍ച്ചെ മൂന്നു മണി വരെ കാത്തുനിന്നാണ് മുഖ്യമന്ത്രിയെ കാണാന്‍ പറ്റിയത്. എന്റെ വണ്ടി കത്തിയതിനു ഇരുപത്തിയയ്യായിരം രൂപയും ശ്രീഷ്‌കാന്തിന്റെ ചികിത്സയുടെ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ഒരു അമ്പതിനായിരം രൂപയും കിട്ടിയിരുന്നു. പിന്നെ ഒരു വണ്ടി ഉണ്ടായത് വിറ്റുകിട്ടിയ പൈസയും എല്ലാം ചേര്‍ത്താണ് ചികിത്സ നടത്തിയത്. ചികിത്സക്ക് ഏകദേശം രണ്ടര ലക്ഷം രൂപ ചിലവായി. അവിടെ കെ.എം.സി. ഹോസ്പിറ്റലില്‍ ചികിത്സ തുടങ്ങിയപ്പോള്‍ ഡോക്ടര്‍ പറഞ്ഞത്, നിങ്ങള്‍ അറിയിക്കാനുള്ളവരെയൊക്കെ അറിയിച്ചോളു എന്നാണ്. ഞങ്ങള്‍ക്ക് ഒരു ഉറപ്പും പറയാന്‍ കഴിയില്ല, നിങ്ങള്‍ ഒപ്പിട്ടു തന്നാല്‍ മാതമേ ഞങ്ങള്‍ ചികിത്സ തുടങ്ങുകയുള്ളൂ എന്നും. അന്ന് പോകുമ്പോള്‍ ആകെ ആയിരം രൂപയായിരുന്നു കൈയില്‍ ഉണ്ടായിരുന്നത്. ചികിത്സ തുടങ്ങുമ്പോള്‍ റിസപ്ഷനില്‍ തന്നെ ആയിരത്തിയഞ്ഞൂറ് രൂപ അടക്കേണ്ടതായി വന്നു. എന്റെ കൈയില്‍ പൈസ ഇല്ല, എത്രയും പെട്ടെന്ന് ശരിയാക്കി തരാം എന്ന് പറഞ്ഞാണ് ചികിത്സ തുടങ്ങിയത്. ആദ്യത്തെ ദിവസം മരുന്നിനുതന്നെ അറുപത്തി അയ്യായിരം രൂപ വേണ്ടി വന്നു. പ്ലേറ്റ്‌ലെറ്റ് ഒന്നുമില്ലാതെ പത്ത് ദിവസം ഐ.സി.യുവില്‍ ആയിരുന്നു. ഹാര്‍ട്ടും ലങ്ങ്‌സും, ലിവറും, കിഡ്‌നിയും എല്ലാം തകരാറായി. ഇരുപത്തിനാല് കുപ്പി രക്തമാണ് ഡയാലിസിസ് ചെയ്തത്. ശ്രീഷ്‌കാന്തിന്റെ അമ്മയുടെ അനിയത്തിയുടെ മകന്റെ സുഹൃത്ത് മംഗലാപുരത്ത് പഠിക്കുന്നുണ്ടായിരുന്നു. അവളുടെ കോളേജിലെ കുട്ടികളും ഞാനും എന്റെ സഹോദരനും രക്തബാങ്കിലേക്ക് രക്തം കൊടുത്താണ് ശ്രീഷ്‌കാന്തിനു വേണ്ടിയുള്ള രക്തം ശേഖരിച്ചത്.
ആ സമയത്താണ് മനുഷ്യാവകാശ കമ്മീഷന്‍ ഞങ്ങളുടെ പ്രശ്‌നങ്ങളുടെ മേല്‍ സിറ്റിംഗിനു വിളിക്കുന്നത്. വയ്യാത്ത ശ്രീഷ്‌കാന്തിനേയും കൊണ്ടു ഞാന്‍ പോയി. തലശ്ശേരി ജോസ് ഗിരി ഹോസ്പിറ്റലിന്റെ അടുത്തായിരുന്നു സിറ്റിംഗ്. ജഡ്ജി ആദ്യം പറഞ്ഞത് 'നിങ്ങളുടെ കേസിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് യാതൊന്നും ചെയ്യാനില്ല. നിങ്ങള്‍ അവരുടെ പാര്‍ട്ടിയില്‍ പോയി ചേര്‍ന്നോളൂ, എന്നാല്‍ നിങ്ങള്‍ക്ക് അവരുടെ സംരക്ഷണം കിട്ടും' എന്നാണ്. ഒരു മനുഷ്യാവകാശ കമ്മീഷന്റെ കേരളത്തിലെ അവസ്ഥയാണിത്. അവരുടെ പാര്‍ട്ടിയില്‍ പോയി ചേരുന്നതിനേക്കാളും നല്ലത് ഞാന്‍ ആത്മഹത്യ ചെയ്യുന്നതല്ലേ? അയാളും പാര്‍ട്ടിക്കാരുടെ ആളായിരുന്നു. ഞാന്‍ ചിരിച്ചുകൊണ്ട് ഈ പാര്‍ട്ടിക്കാര്‍ തന്നെയാണ് എന്റെ വീടിന്റെ പൈസ വരെ തടഞ്ഞുവെച്ചത് എന്നു തിരിച്ചടിച്ചു. എന്നാല്‍ വീടിന്റെ പൈസ ഞാന്‍ വാങ്ങിച്ചു തരാം, നിങ്ങള്‍ ഒരു പരാതി എഴുതിത്തരൂ എന്നു പറഞ്ഞു. കിട്ടുമെങ്കില്‍ കിട്ടട്ടെ, നീ ഒരു പരാതി എഴുതിക്കൊടുക്കൂ എന്ന് ശ്രീഷ്‌കാന്ത് എന്നോടു പറഞ്ഞു. ഒരാഴ്ചക്കുശേഷം ഞങ്ങള്‍ക്ക് വീടുപണിയിലെ എഴുപത്തിയയ്യായിരം രൂപയിലെ പിടിച്ചു വെച്ച അറുപത്തിയയ്യായിരം രൂപ നല്‍കിക്കൊണ്ട് ഉത്തരവിട്ടു.
പക്ഷേ എനിക്ക് പൈസ മൂന്നു ദിവസത്തിനുള്ളില്‍ അനുവദിക്കണം എന്ന പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് കിട്ടിയിട്ടും കക്കൂസും പുകയില്ലാത്ത അടുപ്പും പണി കഴിപ്പിച്ചാല്‍ മാത്രമേ പൈസ തരികയുള്ളൂ എന്നുപറഞ്ഞു. അതിനിടയില്‍ ശ്രീഷ്‌കാന്തിനു ശരീരം തീരെ ബലമില്ലാത്തത് കൊണ്ട് ഇംഗ്ലീഷ് മരുന്ന് ഒഴിവാക്കി നാഗാര്‍ജുനയില്‍ ആയുര്‍വേദ ചികിത്സക്കായി കാണിച്ചിരുന്നു. അതിന്റെ മരുന്നിന്റെ പൈസ കഴിച്ചു കുറച്ചു ബാക്കിയുള്ളത് കൊണ്ട് ക്ലോസറ്റ് വെച്ചു ഒരു കക്കൂസുണ്ടാക്കി. അപ്പോള്‍ തന്നെ കക്കൂസിന്റെ പണി നടക്കുന്നതുകൊണ്ട് അയ്യായിരം രൂപ അനുവദിച്ചു കിട്ടണം എന്നു പറഞ്ഞു ഞാന്‍ പഞ്ചായത്തില്‍ അപ്ലിക്കേഷന്‍ കൊടുത്തു. പഞ്ചായത്തില്‍ നിന്ന് ആള്‍ക്കാര്‍ വന്നു നോക്കുമ്പോള്‍ കക്കൂസിന്റെ പണി നടക്കുന്നുണ്ട്, ഇനി പുകയില്ലാത്ത അടുപ്പ് കൂടി പണിയണം. പുകയില്ലാത്ത അടുപ്പ് പണിയാന്‍ കൈയില്‍ പൈസ ഇല്ല, ബാക്കി പണം അനുവദിച്ചാലേ എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയു എന്ന് പറഞ്ഞു. അടുപ്പ് പണിയാനുള്ള സാധനങ്ങള്‍ വാങ്ങിക്കുവാന്‍ തന്നെ ഏകദേശം നാലായിരത്തി അഞ്ഞൂറ് രൂപ വേണം. പുകയില്ലാത്ത അടുപ്പ് ശരിയാക്കിയാലേ പൈസ തരികയുള്ളൂ എന്ന് പഞ്ചായത്ത് സെക്രട്ടറി വാശി പിടിച്ചു. എനിക്കു ദേഷ്യം വന്നു. 'എനിക്ക് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുള്ളതാണ്, നിങ്ങള്‍ പൈസ തന്നില്ലെങ്കില്‍ ഞാന്‍ പ്രശ്‌നമാക്കും. ചെക്കിന്റെ ഫോട്ടോ സ്റ്റാറ്റും തെളിവുമുണ്ട്, അത് ഞാന്‍ മനുഷ്യാവകാശ കമ്മീഷനെ കാണിച്ചു കൊടുക്കും' എന്നു പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി വേഗം പൈസ അനുവദിച്ചു തന്നു.
വണ്ടി വിറ്റതുകൊണ്ട് പിന്നെ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും തൊഴിലില്ലാതെയായി. വീണ്ടും ശ്രീഷ്‌കാന്തിനു വേണ്ടി, ഒരു തൊഴിലിനു വേണ്ടി, വണ്ടി വാങ്ങിക്കാനുള്ള ശ്രമവുമായി പലയിടത്തും പേഴ്‌സണല്‍ ലോണിനു ശ്രമിച്ചെങ്കിലും ലോണ്‍ ഒന്നും കിട്ടിയില്ല. വണ്ടി വാങ്ങിക്കാന്‍ അമ്മയുടെ മാല പണയം വെക്കാനായി ഞാന്‍ കെഞ്ചി. അമ്മ മാല തന്നു. ആ മാല പണയം വെച്ചു കുറച്ചു പൈസ സംഘടിപ്പിച്ചു. ബാക്കി പൈസ മുത്തൂറ്റില്‍ നിന്നും ലോണ്‍ എടുത്തു. ശ്രീഷ്‌കാന്തിന് ഒരു വണ്ടി വാങ്ങിച്ചു. രണ്ടായിരത്തി പതിനൊന്നു മുതല്‍ ശ്രീഷ്‌കാന്ത് വണ്ടി ഓടിക്കാന്‍ തുടങ്ങി.
മകന്‍ മനു ബസ്സിന്റെ വര്‍ക്ക്‌ഷോപ്പില്‍ പണിക്കു പോകാറുണ്ടായിരുന്നു. അവന്‍ ഒരിക്കല്‍ എന്നോട് 'അമ്മേ എനിക്ക് ടയറൊന്നും പൊന്തിക്കാനാകുന്നില്ല, എനിക്ക് വേറെ എന്തെങ്കിലും പണി ശരിയാക്കിത്തരണം' എന്ന് പറഞ്ഞു. ശ്രീഷ്‌കാന്ത് കൃത്യമായി പണിക്കുപോയി കൃത്യസമയങ്ങളില്‍ വീട്ടില്‍ വന്നു ഭക്ഷണം കഴിച്ചു മരുന്ന് കുടിച്ചു. രണ്ടുവര്‍ഷം അങ്ങനെ സുഖകരമായി മുന്നോട്ടുപോയി; വണ്ടി ഓടിച്ചു, ആരോഗ്യം ശ്രദ്ധിച്ച് നോക്കി രണ്ടായിരത്തി പതിമൂന്നു വരെ.
(തുടരും)
ഒരു ദളിത് ഓട്ടോഡ്രൈവറുടെ ജീവിതം ഇതുവരെയുള്ള അധ്യായങ്ങള്‍ വായിക്കാം
Content Highlights: Chithralekha Autobiogrphy Oru Dalit Autodrivarude Jeevitham
Published: 01 Sept 2025, 04:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented