കോട്ടയം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് പത്തനംതിട്ടയിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റേണ്ടിവന്ന വളർത്തുമകളെ അമ്മയ്ക്കൊപ്പം താമസിപ്പിക്കണമെന്ന ആവശ്യത്തിൽ കോട്ടയം വനിതാ ശിശുവികസന ഓഫീസറും ജില്ലാ കളക്ടറും ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. മാതൃഭൂമി ദിനപത്രത്തിൽ വന്ന‘വളർത്തുമകൾക്കൊപ്പം ജീവിക്കാൻ മോഹം’-എന്ന തലക്കെട്ടിൽവന്ന വാർത്ത പരിഗണിച്ചാണ് കമ്മിഷന്റെ ഇടപെടൽ.

To advertise here,

ആവശ്യം പരിശോധിച്ച് 15-ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കോട്ടയം പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിൽ അടുത്തമാസം നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. 35-വർഷം മുമ്പ് ഡൽഹിയിൽെവച്ചാണ് ശാരീരിക ബുദ്ധിമുട്ട് നേരിട്ടിരുന്ന ഏഴുവയസ്സുകാരിയെ സൗഭാഗ്യലക്ഷ്മി എന്ന വീട്ടമ്മ നിയമപരമായി ദത്തെടുത്ത് വളർത്തിയത്. പെൺകുട്ടിയുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി തന്റെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയ അമ്മ മകളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവൾക്കൊപ്പം തണലായി നിൽക്കുകയുംചെയ്തു.

എന്നാൽ കോവിഡ് കാലത്ത് രണ്ടുപേരും പിരിഞ്ഞു. പ്രായമായ അനാഥർ താമസിക്കുന്ന കുറിച്ചി ബഥനി ആശ്രമത്തിലാണ് അമ്മ ഇപ്പോൾ താമസിക്കുന്നത്. 35 വർഷം താൻ വളർത്തിയ മകൾക്കൊപ്പം ഒരുമിച്ച് താമസിക്കണമെന്ന ആഗ്രഹം മാത്രമാണ് ബാക്കിയെന്ന് അമ്മ പറയുന്നു. പത്തനംതിട്ട കുന്നന്താനത്തെ ഒരുകേന്ദ്രത്തിലേക്കാണ് കോവിഡ് കാലത്ത് മകളെ മാറ്റിയത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് നടപടി.