
ആകെയുണ്ടായിരുന്ന രണ്ട് ഓട്ടുവിളക്കുകളും കത്തിച്ചുവച്ചാണ് അമ്മ ഇടിഞ്ഞു വീണ ഇഷ്ടികകൾക്കും മണ്ണിനും അടിയിൽനിന്ന് ലാലിയെയും എന്നെയും പുറത്തെടുത്തത്. ഒരു ഭ്രാന്തിയെപ്പോലെ അമ്മ ഞങ്ങളെ വരിപ്പുണർന്നു. ഉറക്കത്തിൽ നിന്ന് ഉണർന്ന ബിന്ദുവിനെയും ചേർത്തുപിടിച്ച് ജെസ്സി അമ്മയോട് ചേർന്നുനിന്ന് ഞങ്ങളെ തലോടി. കുളിപ്പിച്ച്, ഞങ്ങളെ നാലു പേരെയും അമ്മയുടെ കട്ടിലിൽ വട്ടം കിടത്തി.
പിറകിലെ ഭിത്തി മുഴുവൻ ഇടിഞ്ഞു വീണിട്ടും നാലു മൂലയിലും ഉണ്ടായിരുന്ന കാട്ടുതടിയുടെ തൂണുകൾ വീടിന്റെ മേൽക്കൂരയെ താങ്ങിനിർത്തി. മഴയൊന്നടങ്ങിയെങ്കിലും ഇടയ്ക്ക് വീശിയ കാറ്റ് വീട്ടിലേക്ക് ഇരച്ചുകയറി. കോടമഞ്ഞും തണുപ്പുമേറിയ ആ രാത്രി ഞങ്ങൾ ഉറങ്ങാതെ വെളുപ്പിച്ചു. തലേദിവസത്തെ മഴയിൽ ഞങ്ങളുടെ കുടിലിന്റെ ഭിത്തി ഇടിഞ്ഞുവീണുവെന്നറിഞ്ഞിട്ടും അമ്മയുടെയോ അപ്പന്റെയോ കുടുംബക്കാർ ആരും ഞങ്ങളെ തേടിയെത്തിയില്ല. ആ രാത്രിമഴക്ക്‌ശേഷം ഏറെ നാളുകൾ കഴിഞ്ഞാണ് മഴ വീണ്ടും പെയ്തതെന്ന് ഓർക്കുമ്പോൾ ഞങ്ങളുടെ വീടിന്റെ ഭിത്തി ഇടിച്ചിടാൻ വേണ്ടി മാത്രം പെയ്ത മഴയായിരുന്നു അതെന്ന് ഇന്നും എനിക്ക് തോന്നാറുണ്ട്.
'ദൈവം ഒരു വഴി, ഏതിരുട്ടിലും കാണിച്ചുതരും' എന്ന് ഏത് പ്രതിസന്ധിയിലും പറയുന്ന അമ്മ അപ്പോഴും തളർന്നില്ല. പിറ്റേന്ന് അമ്മ കുഞ്ഞൂഞ്ഞമ്മച്ചേച്ചിയുടെ കൂടെ കല്ല് ചുമക്കാൻ പോയില്ല. തുടർന്നു വന്ന രണ്ടാഴ്ചയോളം അമ്മ പുതിയൊരു വീട് പണിയാനുള്ള ഒരുക്കങ്ങൾക്കായുള്ള ഓട്ടത്തിലായിരുന്നു. തെള്ളിടത്തോട്ടിൽനിന്ന് ആറു കിലോമീറ്റർ ദൂരെയുള്ള കല്ലാർകുട്ടിയിലും മുതിരപ്പുഴയിലും അമ്മ വില കൊടുത്തു വാങ്ങി നിർത്തിയിരുന്ന മരം മുറിക്കാനും അറക്കാനും വീടിനു വേണ്ട ഉരുപ്പടികൾ ഉണ്ടാക്കാനുമുള്ള പണികളെല്ലാം പിറ്റേന്ന് വെളുപ്പിനുത്തന്നെ ആരംഭിച്ചു.
രാവിലത്തെ കുർബാന കഴിഞ്ഞപ്പോൾ തന്നെ ജേക്കബ് അച്ചൻ ഞങ്ങളുടെ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ കാര്യം അറിഞ്ഞു.
''ഇപ്പോഴെങ്കിലും അച്ചന് മനസ്സിലായിക്കാണുമല്ലോ. ഇന്നലെ പതിവില്ലാതെ ഒരു മഴ പെയ്യാനും ആ മഴയത്ത് മേരിടെ വീട് മാത്രം ഇടിഞ്ഞു വീഴാനും എന്താ കാരണം? അച്ചൻ ഒന്ന് പറഞ്ഞേ. ഈ നാട്ടുകാർക്കെല്ലാം അറിയാവുന്ന കാര്യമാ. അവളുടെ വഴിവിട്ട ജീവിതത്തിനു കർത്താവ് കൊടുത്ത ശിക്ഷയാ ഇത്. അവൾക്ക് കുടുംബത്തിലെ മരിച്ചുപോയ കാർന്നോമ്മാരുടെ പോലും പ്രാക്കുണ്ട്. കുടുംബത്തിന്റെ പേരു കളഞ്ഞവൾക്ക് കർത്താവ് ഇപ്പൊ തക്ക ശിക്ഷ കൊടുത്തു. പണ്ടൊക്കെ പിന്നെപ്പിന്നെ, ഇപ്പൊ അപ്പോത്തന്നെയാ...'
ഒറ്റശ്വാസത്തിൽ വികാരിയച്ചനോട് ഇത്രയും പറഞ്ഞ ആ സ്ത്രീ അപ്പന്റെ കുടുംബത്തിൽപ്പെട്ട ആളായിരുന്നു. അന്ന് രാവിലെ പതിവുപോലെ കുർബാനയിൽ പങ്കെടുത്ത്, വിശുദ്ധ കുർബാനയും സ്വീകരിച്ചിറങ്ങിയിട്ടുള്ള വെളിപ്പെടുത്തലായിരുന്നു അത്.
''ചേടത്തി പറഞ്ഞു കഴിഞ്ഞോ? കുർബാന സ്വീകരിച്ച് പള്ളിയിൽനിന്ന് പുറത്തിറങ്ങിയപ്പോൾത്തന്നെ ഇങ്ങനെ സംസാരിക്കാൻ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ. നിങ്ങൾക്ക് എന്റെ അമ്മേടെ പ്രായം ഉള്ളതുകൊണ്ട് ഞാൻ ഒന്നും പറയുന്നില്ല.''
ജേക്കബ് അച്ചൻ രണ്ടുമൂന്നു പേരെയും കൂട്ടിവന്ന്, ഇടിഞ്ഞു വീണ ഭിത്തിയുടെ വശം ഒരു പരമ്പ് വലിച്ചുകെട്ടി അടച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മഴയുടെ അകമ്പടി ഇല്ലാതെ വീശിയ മറ്റൊരു കാറ്റിൽ ആ പരമ്പും പറന്നുപോയി.
ജേക്കബ് അച്ചൻ തൊട്ടടുത്ത ആഴ്ചതന്നെ കോട്ടയത്ത് പോയി. മെത്രാനെ കണ്ട് അമ്മയ്ക്കുവേണ്ടി സമർപ്പിച്ച അപേക്ഷയിൽ അന്നുതന്നെ ഒരു തീരുമാനം വേണമെന്ന് ആവശ്യപ്പെട്ടു. അരമനയിലെ മറ്റു വൈദികർ അത്തരം അപേക്ഷകളിൽ ആവശ്യമായ സമയവും നടപടിക്രമങ്ങളും വിശദീകരിച്ചെങ്കിലും ജേക്കബ് അച്ചൻ അടങ്ങിയില്ല.
''കുളിരുമ്പോളല്ലേ പിതാവേ കമ്പിളി വേണ്ടത്...?'' എന്ന അച്ചന്റെ ചോദ്യത്തിന് മറുപടിയൊന്നും ഇല്ലാത്തതിനാലാകണം, ഞങ്ങൾക്ക് വീടു പണിക്കായി ആയിരം രൂപ അനുവദിക്കാൻ മെത്രാൻ തീരുമാനിച്ചത്. ആ തുക മൂന്നു വർഷത്തിനുള്ളിൽ അഞ്ചു തവണകളായി പലിശ ഇല്ലാതെ തിരിച്ചടയ്ക്കുകയും വേണം എന്നതായിരുന്നു വ്യവസ്ഥ. അന്ന് രാത്രി വൈകി മടങ്ങിവന്ന ജേക്കബ് അച്ചന് അടിമാലിയിൽനിന്ന് ബസ് കിട്ടിയില്ല. പതിനാറ് കിലോമീറ്റർ നടന്ന് അദ്ദേഹം പള്ളിയിലെത്തി. പിറ്റേന്ന് കുർബാന കഴിഞ്ഞ ഉടൻ തന്നെ ജേക്കബ് അച്ചൻ വീട്ടിലെത്തി അമ്മയെ ആ പണം ഏൽപ്പിച്ചു.
''ഞാൻ ഈ കാശ് എവിടെ വയ്ക്കും അച്ചോ. അച്ചൻ അത് സൂക്ഷിച്ചോളൂ. ആവശ്യങ്ങൾ വരുമ്പോൾ ഞാൻ അച്ചനോട് ചോദിച്ചോളാം. കല്ലാർകുട്ടിയിൽനിന്ന് വെളുപ്പിനെ പോയി ചുമന്ന് കൊണ്ടുവന്ന വീടിനുള്ള ഒരുത്തരം ഞങ്ങളെക്കൂട്ടി തലയിൽനിന്നിറക്കിയ ശേഷം അമ്മ പറഞ്ഞു.
''ഈ കാശുക്കൊണ്ടൊന്നും പണി തീരില്ലല്ലോ മേരി.', ജേക്കബ് അച്ചൻ ഒരു ഗദ്ഗദം പോലെ പറഞ്ഞു.
''എല്ലാം ദൈവം നടത്തും അച്ചോ...'
ജെസ്സി എടുത്തുവച്ച ചായയും കുടിച്ച് അമ്മ പീതൻ ചേട്ടനെയും പുഷ്‌കരാമ്മയെയും മറ്റു രണ്ട് ചേച്ചിമാരെയും കൂട്ടി കല്ലാർകുട്ടിക്കടുത്തു നിന്ന് ബാക്കി ഉരുപ്പടികൾക്കൂടി ചുമന്ന് കൊണ്ടുവരാൻ പോയി. അമ്മ മറ്റു പണിക്കാരോടൊപ്പം തികഞ്ഞ ആത്മവിശ്വാസത്തോടെ പോകുന്നതും നോക്കിനിന്ന ജേക്കബ് അച്ചൻ വീടിന്റെ ഇടിഞ്ഞു വീഴാത്ത ഭിത്തികളിൽ ഒന്നിൽ ഒരു കുരിശ് വരച്ച് മടങ്ങിപ്പോയി. അമ്മ കൊല്ലറക്കാരുടെ റബ്ബർ തൈ നട്ടിരുന്ന തൊടിയുടെ ഒരരുകിൽ ചുമന്ന് കൊണ്ടെത്തിച്ചിരുന്ന കഴുക്കോലുകൾ ചുമന്ന് കൊണ്ടുവരാൻ ഞങ്ങൾ നാലു മക്കളും ഒന്നിച്ചാണ് പോയത്. അന്ന് വൈകുന്നേരം ആകുന്നതിനു മുൻപേ, കൊല്ലറക്കാരുടെ പറമ്പിൽനിന്നും അവയെല്ലാം കുര്യക്കോ ചേട്ടന്റെ വയൽ വരമ്പിലൂടെ ചുമന്ന് ഞങ്ങളുടെ വീട്ടിലെത്തിച്ചു.
അക്കാലത്ത് ഞാൻ വലിയ വികൃതി ആയിരുന്നു. വഴക്കും അലമ്പും ഉണ്ടാക്കി അമ്മയുടെ കയ്യിൽനിന്നും അടി മേടിച്ചെടുക്കാത്ത ദിവസങ്ങൾ വിരളമായിരുന്നു. എപ്പോഴും വിശപ്പ് തോന്നിയിരുന്ന എനിക്ക് എത്ര കഴിച്ചാലും വയറു നിറയുന്നത് മനസ്സിലാകുമായിരുന്നില്ല. പലപ്പോഴും അമ്മ ഞങ്ങൾ മക്കൾക്ക് വിളമ്പിത്തരുന്ന ചോറിനോ കഞ്ഞിക്കോ ഒപ്പം ഒരു ചമ്മന്തിയോ തോരനോ മാത്രമേ ഉണ്ടാകുകയുള്ളൂ. ചോറിനരികിലുള്ള അല്പം ചമ്മന്തിയോ തോരനോ ആദ്യം വാരിക്കഴിച്ചിട്ട് പച്ചച്ചോറു തിന്നുന്നത് അക്കാലത്ത് എന്റെ പതിവായിരുന്നു. പാത്രം പെട്ടന്നു കാലിയാക്കിക്കഴിയുമ്പോൾ അമ്മ സ്വന്തം വിഹിതത്തിൽനിന്ന് അല്പംകൂടി എനിക്ക് തരും. അതു കഴിച്ച് കഴിഞ്ഞും എന്റെ വിശപ്പ് അടങ്ങുമായിരുന്നില്ല. അപ്പോൾ ഞാൻ ബിന്ദുവിന്റെ അടുത്തുകൂടും.
''ചേട്ടന്റെ കൊച്ച് ചേട്ടന് ഇത്തിരി ചമ്മന്തി തരുമോ?''
അവളെ സ്വാധീനിച്ച് അവളുടെ കഞ്ഞിയോ ചോറോ ഒരു വീതം കൂടി ഒപ്പിക്കും. ലാലിയും ജെസ്സിയും ചോദിച്ചാൽ തരാത്തതിനാൽ അടിപിടി കൂടിയാണെങ്കിലും ഞാൻ അവരുടെ പാത്രങ്ങളിൽനിന്നും കുറച്ചു ഭക്ഷണം കൈക്കലാക്കും. ഇതൊക്കെ ആണെങ്കിലും അക്കാലത്തു എന്റെ വിശപ്പ് ഒരിക്കലും അടങ്ങിയിരുന്നില്ല. അങ്ങനെ വർഷങ്ങളോളം എന്റെ സഹോദരിമാരുടെ 'പെരുവയറൻ' ആയി ജീവിച്ചു.
പലപ്പോഴും വിശപ്പ് അടങ്ങാതാവുമ്പോഴാണ് ഞാൻ പൂതാളിയിലെ അമ്മവീട്ടിൽ പോകുക. കമ്പിളികണ്ടത്തുനിന്ന് പാറത്തോടിനുള്ള മൺ വഴിയേ നടന്ന്, ഹെൽത്ത് സെന്ററിന്റെ എതിർവശത്തുള്ള ഒതുക്കുകല്ലുകൾ കയറിയാണ് അവധി ദിവസങ്ങളിൽ അമ്മവീട്ടിൽ പോകുക. ലാലിയും ഞാനും ഒന്നിച്ചാണ് മിക്കവാറും പോകുന്നത്. ചിലപ്പോഴൊക്കെ ഞാൻ തനിയെയും പോകും. കണ്ണാടിപ്പാറയ്ക്കുള്ള കുന്നു കയറിച്ചെല്ലുമ്പോൾ പാറയുടെ ഒരറ്റം ചേർന്ന് മിക്കവാറും പൂത്തുനിന്ന ഒരു ചെമ്പകം ഉണ്ടായിരുന്നു. പാറ തീരുന്നിടത്ത് നിന്ന് വളർന്ന് പാറയിലേക്ക് ചാഞ്ഞു നിൽക്കുന്ന ചെമ്പകത്തിന്റെ തണലിൽ കുറേനേരം ഞാൻ അക്കരയ്ക്ക് കണ്ണും നട്ടിരിക്കും. അവിടെ ഇരുന്നാൽ കമ്പിളികണ്ടവും പറത്തോട്ടിലേക്കുള്ള വഴിയും തോടും വയലുമെല്ലാം കാണാം. കുറേനേരം ഇരുന്ന് പിന്നെ നടപ്പ് തുടരും. കണ്ണാടിപ്പാറ ടൗണിലാണ് കൂടെ പഠിച്ചിരുന്ന പ്രസന്നന്റെ വീട്. അവിടെ കുട്ടികളുടെ കളിയൊക്കെ നോക്കി നിന്നിട്ട് പൂതാളിക്ക് നടക്കും. പോകുന്ന വഴി പുല്ല് വാറ്റുന്ന ഒരു ലയമുണ്ട്. അവിടെ കുറേനേരം നോക്കിനിന്നിട്ടാണ് കൂപ്ലാക്കകാരുടെ വീടിനു താഴെക്കൂടെ നടന്ന് അമ്മ വീട്ടിൽ എത്തുക.
കുഞ്ഞമ്മയെ കെട്ടിച്ചു വിടുന്നതിനു മുൻപാണെങ്കിൽ ഞങ്ങളെ കാണുമ്പോൾതന്നെ, കൊച്ചമ്മാവൻ കാണാതെ ഞങ്ങൾക്കു വയറു നിറയെ ചോറു തരും. അമ്മവീട്ടിലെ അപ്പന്റെയും അമ്മയുടെയും മരണശേഷം കൊച്ചമ്മാവനായിരുന്നു കാരണവർ. കാർന്നവന്മാർ മരിക്കും മുൻപേ വീടുവച്ചു മാറി താമസം തുടങ്ങിയ വല്യമ്മാവൻ തറവാട് ഭൂസ്വത്തിൽനിന്ന് രണ്ട് കണ്ടം നെൽകൃഷിക്കായി എടുത്തതൊഴിച്ചാൽ മുഴുവൻ ഭൂസ്വത്തും കൊച്ചമ്മാവന്റെ നിയന്ത്രണത്തിലായിരുന്നു. വയലിലും തൊടിയിലുമൊക്കെ വിളയുന്നതിൽ, വീട്ടാവശ്യത്തിനുള്ള നെല്ലൊഴികെ എല്ലാം പാറത്തോട്ടിലോ കൊന്നത്തടിയിലോ എത്തിച്ച് വിറ്റ് ആ പണം സഹോദരിമാരെ കെട്ടിച്ചയക്കാനെന്ന കാരണം കാണിച്ച്, കൊച്ചമ്മാവൻ നാട്ടിൽ പലയിടങ്ങളിലും പലിശ ബിസിനസ് നടത്തി.
കുഞ്ഞമ്മയെ ചെമ്പകപ്പാറയിൽ കെട്ടിച്ചയച്ചതോടെ അമ്മവീട്ടിൽ ഞങ്ങൾക്ക് ലഭിച്ചിരുന്ന പരിഗണനയും ഭക്ഷണത്തിന്റെ അളവും കുറഞ്ഞു. കൊച്ചാന്റിക്ക് ഞങ്ങൾക്ക് ഭക്ഷണം തരണമെന്നുണ്ടെങ്കിലും കൊച്ചമ്മാവന്റെ തെറിവിളി ഭയന്ന് എല്ലാവരും കഴിക്കുന്ന സമയങ്ങളിൽ അടുക്കളയിലോ ചായ്പ്പിലോ ഇരുത്തിയാണ് ഞങ്ങൾക്ക് ഭക്ഷണം തരിക. അമ്മവീടിന്റെ അടുക്കളയിൽനിന്ന് കയറുന്ന മുറിയിൽ ഭക്ഷണം കഴിക്കാനുള്ള ടേബിളിൽ കൊച്ചമ്മാവനും കുഞ്ഞമ്മാവനുമാണ് കഴിക്കുക. കൊച്ചാന്റിയും കുഞ്ഞാന്റിയും അടുക്കളയിൽ ഇരുന്നാണ് കഴിക്കുക. കുഞ്ഞാന്റി പലപ്പോഴും അടുക്കളയിൽ അടുപ്പിൻ പാതകത്തോട് ചേർന്നുള്ള സ്ലാബിൽ ഇരുന്നുകൊണ്ട് ഭക്ഷണം മടിയിൽ വച്ചു കഴിക്കുമായിരുന്നു. അതു കൊച്ചമ്മാവൻ എങ്ങാനും കണ്ടുകൊണ്ടു വന്നാൽ അന്ന് തെറിപ്പാട്ടും അടിയുമൊക്കെ കിട്ടും. അത്തരം ഇരിപ്പൊക്കെ അടക്കവും ഒതുക്കമുള്ള കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ല പോലും..
കുഞ്ഞമ്മയെ ചെമ്പകപ്പാറയ്ക്കു കെട്ടിച്ചയക്കുന്നതിനും മുൻപ് അമ്മ വീട്ടിൽ പോയാൽ ഭക്ഷണം കുശാലായിരുന്നു. അങ്ങനെ പറയുമ്പോൾ അത് പൂർണമായും ഒരു ഫ്രീ ഇടപാടായിരുന്നു എന്ന് ഒരിക്കലും കരുതേണ്ടതില്ല. കന്നുകാലികളെ തീറ്റാൻ പോവുക, അവയ്ക്കു വേണ്ട പുല്ലു ചെത്തുക, പീലിച്ചേട്ടന്റെ കിണറ്റുകരയിൽ പോയി വെള്ളം കോരിക്കൊണ്ടു വരിക തുടങ്ങിയ പണികളും, കപ്പപറിയോടനുബന്ധിച്ചുള്ള കപ്പ വാട്ടിനുള്ള പണികൾ, ഇഞ്ചി നടീലിനോടൊപ്പമുള്ള പണികളും, ഇഞ്ചി പറിക്കുമ്പോൾ ഇഞ്ചി ചിരണ്ടലുമൊക്കെ അടങ്ങുന്ന സീസണിൽ ജോലികളും ഞങ്ങൾ അവിടെ ചെയ്തു. കുഞ്ഞമ്മയെ കെട്ടിച്ചു വിടുന്നതിനു മുൻപ്, അമ്മവീടിനു മുകളിൽ താമസിച്ചിരുന്ന പട്ടേൽ മൂപ്പന്റെ വീടിനടുത്തുള്ള പാപ്പിച്ചേടത്തിയുടെ പറമ്പിനോട് ചേർന്നോ ഇടങ്ങഴി അരിയോ ചേമ്പോ കാച്ചിലോ ഒക്കെ കൊച്ചമ്മാവൻ കാണാതെ ഒളിപ്പിച്ചു വയ്ക്കുമായിരുന്നു. ഞങ്ങൾ മടങ്ങുമ്പോൾ എന്ത് എവിടെ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് കുഞ്ഞമ്മ പറഞ്ഞു തരുമായിരുന്നു. കുഞ്ഞമ്മ കല്യാണം കഴിഞ്ഞു പോയിക്കഴിഞ്ഞ്, അത്തരം സഹാസങ്ങളിൽ ഏർപ്പെടാനുള്ള ധൈര്യമൊന്നും കൊച്ചാന്റിക്ക് ഉണ്ടായിരുന്നില്ലന്ന് പറയാം.
തലേവർഷം മുതൽ അമ്മ വീട്ടിൽ കൊച്ചമ്മാവനും കുഞ്ഞമ്മാവനും കൊച്ചാന്റിയും മാത്രമേ ഉള്ളു. അതിനും ഒരു വർഷം മുൻപ് പത്താം ക്ലാസ്സിൽ തോറ്റ കുഞ്ഞാന്റി, പാറത്തോട്ടിലെ സെന്റ് തോമസ് പാരലൽ കോളേജിലാണ് തുടർന്നുള്ള ഒരു വർഷം പഠിച്ചത്. കുഞ്ഞാന്റി പാരലൽ കോളേജിൽ പോകാൻ തുടങ്ങി കഴിഞ്ഞാണ് അമ്മവീടിന്റെ തൊടിയുടെ താഴെയുള്ള പന്നിക്കൂട്ടിൽ ഓടി തിമിർത്തു ചെളിയിൽ പൂണ്ടുരുണ്ട കാളിപ്പന്നി പ്രസവിച്ചത്. കാളിപ്പന്നിയെ ഒരു കുഞ്ഞിനെപ്പോലെയാണ് കൊച്ചാന്റി നോക്കിയിരുന്നത്. ആ പേറിനുണ്ടാകുന്ന പന്നികുഞ്ഞുങ്ങളെ വിറ്റുകിട്ടുന്ന പണം കൊണ്ടു കൊച്ചാന്റിക്ക് ഒരു ജോഡി കമ്മൽ വാങ്ങിക്കൊടുക്കാമെന്ന് കൊച്ചമ്മാവൻ വാഗ്ദാനം നൽകിയിരുന്നു. അതിനു തലേവർഷവും അത്തരമൊരു വാഗ്ദാനം ഉണ്ടായിരുന്നു എങ്കിലും, ആ പേറിലെ പന്നികുഞ്ഞുങ്ങളെ വിറ്റു കിട്ടിയ പണം മുഴുവൻ കൊച്ചമ്മാവൻ പുല്ലുകണ്ടത്ത് ആർക്കോ പലിശക്ക് കൊടുത്തു.
കാളിപ്പന്നി ആ വർഷം പെറ്റ കുഞ്ഞുങ്ങളെ വിറ്റ പണം കൊണ്ട് കൊച്ചാന്റിക്ക് കമ്പിളികണ്ടം ശ്യാമാ ജൂവലറിയിൽനിന്ന് ഒരു തരേലുണ്ട കമ്മൽ വാങ്ങി.
''അടുത്ത പേറിന്റെ കുഞ്ഞുങ്ങളെ വിറ്റു കിട്ടുന്ന കാശുകൊണ്ട് എനിക്ക് ഒരു ജോഡി കമ്മൽ മേടിക്കണം...'
രാവിലെ പാറത്തോട്ടിലെ പാരലൽ കോളേജിലേക്ക് പോകുന്നതിനു മുൻപ് കൊച്ചമ്മാവനെ നോക്കി കുഞ്ഞാന്റി പറഞ്ഞു. പുതിയ തരേലുണ്ട കമ്മൽ അണിഞ്ഞ കൊച്ചാന്റി ഏറെ ആവേശത്തോടെ മുറ്റം അടിച്ചുകൂട്ടി.
''കാളീടെ അടുത്ത പേറിന് നിനക്ക് ഉറപ്പായും കമ്മൽ വാങ്ങിത്തരും...'
തിണ്ണയുടെ അരപ്‌ളേസിൽ ഇരുന്ന് ചായ ഊതിയൂതി കുടിക്കുന്നതിനിടയിൽ കൊച്ചമ്മാവൻ വിളിച്ചു പറഞ്ഞു.
''ഞങ്ങടെ കോളേജിൽ എന്റെ കാത് മാത്രമേ കുത്താത്തതായുള്ളൂ...'
പട്ടേല് മൂപ്പന്റെ വീടെത്തും മുൻപ്, കശുമാവിന്റെ ചുവട്ടിൽ നിന്നുകൊണ്ട് കുഞ്ഞാന്റി വിളിച്ചു പറഞ്ഞു. ചായ ഊതി കുടിക്കുന്നതിനിടയിൽ കൊച്ചമ്മാവൻ എന്തൊക്കയോ മനസ്സിൽക്കണ്ട് ഊറിച്ചിരിച്ചു.
ആ അധ്യയന വർഷം തീരും മുൻപേ കാളിപ്പന്നിക്ക് ചെന പിടിച്ചു. കമ്മലിന് അവകാശം ഉണ്ടായിരുന്ന കുഞ്ഞാന്റി എല്ലാ ദിവസവും പന്നിക്ക് തീറ്റ കൊടുക്കുന്ന ജോലി കൊച്ചായന്റിയിൽനിന്ന് ഏറ്റെടുത്തിരുന്നു. ചക്ക മടലും കപ്പത്തൊലിയും കൂടാതെ കാടിവെള്ളവും, കന്നുകാലികൾക്കുള്ള പിണ്ണാക്ക് വെള്ളത്തിൽനിന്ന് കട്ടെടുത്തു കൊണ്ടുപോയിപ്പോലും കുഞ്ഞാന്റി കാളിപ്പന്നിയെ സത്കരിച്ചു. മാർച്ച് മാസത്തിൽ തന്റെ രണ്ടാം വട്ട എസ് എസ് എൽ സി പരീക്ഷയുടെ ദിവസങ്ങളിൽ പോലും കുഞ്ഞാന്റി കാളിപ്പന്നിയുടെ പരിചരണ കാര്യത്തിൽ യാതൊരു ഉദാസീനതയും കാണിച്ചില്ല.
വേനൽ അവധി തുടങ്ങി. കുഞ്ഞാന്റി തന്റെ രണ്ടാം വർഷം പത്താം ക്ലാസ്സ് പരീക്ഷാഫലം കാത്തിരിക്കയാണ്. അതിലുപരി കാളിപ്പന്നിയുടെ പേറും ആ പേറിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങളും അവയെ വിറ്റു കിട്ടുന്ന പണം കൊണ്ട് ശ്യാമാ ജൂവലറിയിൽനിന്നു വാങ്ങാൻ പോകുന്ന ജിമിക്കിക്കമ്മലും മനസ്സിൽ അണിഞ്ഞ് കുഞ്ഞാന്റി അമ്മവീടിന്റെ തൊടിയിലും വയൽ വരമ്പിലും അവയ്ക്കിടയിലെ തോട്ടുതീരത്തുമെല്ലാം മൂളിപ്പാട്ടും പാടി നടന്നു.
ഏപ്രിൽ മാസത്തിന്റെ അവസാന വാരത്തിൽ കാളിപ്പന്നി പെറ്റു. പതിനാറ് കുഞ്ഞുങ്ങൾ. തുടർന്നുള്ള ദിവസങ്ങളിൽ കുഞ്ഞാന്റി കൂടുതൽ സമയവും പന്നിക്കൂടിനരികിൽ പോയിനിൽക്കും. തന്റെ ഇരുകാതുകളിലും ഇടയ്ക്കിടെ പിടിച്ചുകൊണ്ട് തൊട്ടടുത്തുള്ള നാട്ടുമാവിനേയും കൂട്ടിലെ പന്നികളെയും മാറിമാറി നോക്കും. ആഴ്ചകൾ കുറച്ചു കഴിഞ്ഞപ്പോൾ പന്നിക്കുഞ്ഞുങ്ങളെ വാങ്ങാനുള്ള ആളുകളുമായി കൊച്ചമ്മാവൻ വീട്ടിൽ വന്നു. പതിനാറ് കുഞ്ഞുങ്ങളിൽ നാലെണ്ണത്തെ വിറ്റു കഴിഞ്ഞാണ്, കുഞ്ഞാന്റി ഒരു വെള്ളിയാഴ്ച തെള്ളിത്തോട്ടിലെ ഞങ്ങളുടെ വീട്ടിലേക്ക് വന്നത്. ഞങ്ങളുടെ വീടിന്റെ ഭിത്തി ഇടിഞ്ഞു വീഴുന്നതിനും ഏറെ മുൻപാണത്.
ആ നാളുകളിൽ അമ്മ ഒരു സാരി വാങ്ങിയെന്ന് കുഞ്ഞാന്റി അറിഞ്ഞിരുന്നു. കറുപ്പിൽ ചുവന്ന പൂക്കളുള്ള ഒരു ഒഴുക്കൻ സാരി. അതുടുത്ത് കമ്പിളികണ്ടത്തെ ഫോട്ടോലാൻഡ് സ്റ്റുഡിയോയിൽ പോയി ഒരു ഫോട്ടോ എടുക്കാനാണ് കുഞ്ഞാന്റി വന്നത്. വെള്ളിയാഴ്ച കുഞ്ഞാന്റി വന്ന വഴിക്കു പാറത്തോട്ടിലെ സുനിതാ സ്റ്റോർസിൽ കയറി കാതിൽ ക്ലിപ്പ് ചെയ്ത് നിർത്താവുന്ന ഒരു ജോഡി വരവ് കമ്മൽക്കൂടി വാങ്ങിക്കൊണ്ട് വന്നിരുന്നു. പിറ്റേന്ന് ശനിയാഴ്ച അമ്മ തലേ ആഴ്ച വാങ്ങിയ സാരിയുടുത്ത് കമ്പിളികണ്ടത്ത് പോയി കുഞ്ഞാന്റി പല പൊസിഷനിൽ നിന്നുള്ള ഫോട്ടോകൾ എടുത്തു. കുഞ്ഞാന്റിയുടെയും സാരിയുടെയും ഭംഗി കൂട്ടാൻ എന്നവിധം സീനറികൾ പിറകിൽ പല നിറങ്ങളിൽ തിളങ്ങി.
പിറ്റേന്ന് ഞായറാഴ്ച്ച കുർബാനയും കഴിഞ്ഞാണ് കുഞ്ഞാന്റി പൂതാളിയിലേക്ക് മടങ്ങിപ്പോയത്. അന്ന് ലാലിയും ഞാനും കുഞ്ഞാന്റിയോടൊപ്പം അമ്മവീട്ടിലേക്കു പോയിരുന്നു. അവിടെ എത്തിയതേ കുഞ്ഞാന്റി പന്നിക്കൂട്ടിലേക്ക് ഓടി. മക്കളെയെല്ലാം നഷ്ടമായ കാളിപ്പന്നി കൂട്ടിൽ അവൾക്കു ചുറ്റും തീർത്ത ഏകാന്തതയിൽ ചെളിയിൽ ഉരുണ്ടു മറിഞ്ഞു.
''വാ നമുക്ക് കമ്മൽ വാങ്ങാൻ പോകാം...'
കൊച്ചമ്മാവൻ ഇതൊന്നും കേട്ടിട്ടും അനങ്ങിയില്ല. അരപ്‌ളേസിന് മുകളിലെ തടിത്തൂണിൽ ആണി തറച്ചു തൂക്കിയിരുന്ന ചെറിയൊരു കണ്ണാടിയുടെ മുന്നിൽ നിന്ന് കോഴിത്തൂവൽകൊണ്ട് കൊച്ചമ്മാവൻ തന്റെ ചെവികൾ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു. ആ രണ്ട് ദിവസങ്ങൾക്കൊണ്ട് പന്നികുഞ്ഞുങ്ങളെയെല്ലാം വിറ്റുകിട്ടിയ പണം കൊച്ചമ്മാവൻ മരക്കാനത്ത് ആർക്കോ പലിശക്ക് കൊടുത്തു കഴിഞ്ഞിരുന്നു.
''നിനക്കുള്ള കമ്മൽ നമുക്ക് അടുത്ത വർഷം വാങ്ങാം...'
കൊച്ചമ്മാവൻ ഒരു ചെറു ചിരിയോടെ പറഞ്ഞു.
''അതെങ്ങനെയാ ശരിയാകുന്നെ... എനിക്ക് ഇപ്പത്തന്നെ എന്റെ കമ്മൽ കിട്ടണം...'
കുഞ്ഞാന്റിയുടെ സ്വരം ഇടറിയിരുന്നു. ആ കണ്ണുകൾ നിറഞ്ഞിരുന്നു.
''അടുത്ത വർഷം കമ്മലും മാലേം ഒന്നിച്ചു മേടിച്ചാൽ പോരെ...?''
കൊച്ചമ്മാവൻ കളിയാക്കും വിധമാണ് പറഞ്ഞത്.
''എനിക്കിനി കമ്മൽ വേണ്ട. ഞാൻ ഇനി ഒരിക്കലും കമ്മലിടില്ല...'
എന്തോ തീരുമാനിച്ചുറച്ചപോലെ കുഞ്ഞാന്റി വീട്ടിൽ നിന്നിറങ്ങി നടന്നു. തോടിന്റെ മുകളിൽ ഈറ്റകളുടെ അരുകിൽ നിന്ന അനി മരത്തിൽനിന്ന് വഴിയിൽ വീണുകിടന്ന പഴുത്ത ആനിക്കാവളയിൽ ചവുട്ടി കുഞ്ഞാന്റി നടന്നു. പന്നിക്കൂടെത്തിയപ്പോൾ ആ നടത്തത്തിന്റെ വേഗത അൽപ്പം കുറച്ചെങ്കിലും അവിടെ നിന്നില്ല. ജോനനാരകത്തിന്റെ ഇലകളിൽ ചിലതു വലിച്ചു പറിച്ചെടുത്ത് കയ്യിലിട്ട് തിരുമ്മി കുഞ്ഞാന്റി തോട്ടു തീരത്തെ പാറയിലേക്ക് നടക്കുമ്പോൾ അവരുടെ കെട്ടഴിഞ്ഞു വീണ ചുരുണ്ട മുടി കാറ്റിൽ ഇളകി. തോടു ചാടിക്കടന്നു മറുവശത്തുള്ള ഉണ്ടപ്പാറയിൽ കുത്തിയിരുന്ന കുഞ്ഞാന്റി താടി കാൽമുട്ടുകളിൽ അമർത്തി അകലേക്ക് നോക്കി ഏറെ നേരമിരുന്നു. ഇടയ്ക്കിടെ കണ്ണുകൾ നിറഞ്ഞൊഴുകി. കുഞ്ഞാന്റി ആ ഇരിപ്പിലും തന്റെ കാതുകളിൽ തടവുന്നുണ്ടായിരുന്നു.
തൊട്ടടുത്ത ആഴ്ചയിൽ കുഞ്ഞാന്റി കുറവിലങ്ങാട് അടുത്ത് ആരംഭിച്ച ഒരു ഇറ്റാലിയൻ കത്തോലിക്കാ സന്യാസ സമൂഹത്തിൽ കന്യാസ്ത്രീ ആകാൻ ചേർന്നു. വാഗ്ദാനം ചെയ്ത കമ്മലുകൾ കിട്ടാത്ത കുഞ്ഞാന്റിയെത്തേടി ദൈവവിളിയെത്തി. ഒരു വർഷത്തെ പഠനത്തിന് ശേഷം ഇറ്റലിക്ക് പോയ കുഞ്ഞാന്റി രണ്ട് വർഷം കഴിഞ്ഞപ്പോൾ കന്യാസ്ത്രീ ആയി എന്ന് കാണിച്ചുകൊണ്ടുള്ള നീണ്ടകത്തുകൾ കൊച്ചമ്മാവനെയും കൊച്ചാന്റിയേയും തേടിയെത്തി. ആ കത്തുകൊൾക്കൊപ്പം വന്ന കുഞ്ഞാന്റിയുടെ ഉടുപ്പും തലമുണ്ടുമിട്ട ഫോട്ടോകളിലും കുഞ്ഞാന്റി കമ്മലുകൾ അണിഞ്ഞിരുന്നില്ല. അമ്മവീടിന്റെ പന്നിക്കൂട്ടിൽ കാളിപ്പന്നി ഇതൊന്നും അറിയാതെ അടുത്ത പേറിനൊരുങ്ങി.
(തുടരും.....)
Content Highlights: Childhood Memories by babu abraham From Parathot to Paris part 17
Published: 26 Feb 2025, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented