അന്ന് നാലാം ക്ലാസ്സിലാണ്. സ്ക്കൂൾ വിട്ടു വന്നപ്പോൾ കൂടെയുള്ള ഇരട്ടക്കുട്ടിയ്ക്ക് പനിയുണ്ട്. ഞങ്ങൾ ഒരു ക്ലാസ്സിലാണ് പഠിക്കുന്നത്. പനി മാത്രമല്ല, പനിയ്ക്കൊപ്പം തന്നെ മുഖത്തും കയ്യിലും ചെറിയ മുത്തുമണി പോലുള്ള കുരുക്കൾ കൂടി പൊങ്ങിയിട്ടുണ്ട്. കുറച്ചുനേരം കൊണ്ടു തന്നെ സംശയം യാഥാർത്ഥ്യഭാവം കൈക്കൊണ്ടു. സംഭവം ചിക്കൻപോക്സാണ്. പകരും.. വീടിനു പുറത്തായി അന്നൊരു മുറിയുണ്ടായിരുന്നു. പത്താം ക്ലാസ്സിലായിരുന്ന അണ്ണന് മറ്റ് ശല്യങ്ങളില്ലാതെ ഇരുന്നു പഠിക്കാനൊരിടം ആയിരുന്നു അത്. ആ മുറി ദ്രുതഗതിയിൽ മാറ്റി സജ്ജീകരിക്കപ്പെട്ടു. കട്ടിലും കിടക്കയും രോഗിണിയും ആ മുറിയിലേയ്ക്കു മാറി. മുന്നേ ഈ രോഗം വന്നുപോയതു സഹായത്തിനുണ്ടായിരുന്ന ചന്ദ്രിച്ചേച്ചിയ്ക്കു മാത്രമാണ്. ചേച്ചി അവളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. മറ്റാർക്കും അവരുടെയടുത്ത് പോവാൻ പാടില്ല.
പറഞ്ഞുകേട്ട മാതിരി ശരീരമാസകലം കുരു പൊങ്ങുന്ന രോഗമൊന്നും വന്നിട്ടില്ല. വളരെ ചെറിയ രോഗലക്ഷണങ്ങളേയുള്ളൂ. എന്നാലും അവൾക്ക് സ്ക്കൂളിൽ പോവണ്ട. പുതിയ ലക്കം പൂമ്പാറ്റ പത്രക്കാരൻ മുറ്റത്തേയ്ക്കെറിഞ്ഞു. താഴെ വീഴും മുമ്പ് അത് അങ്ങോട്ട് പറന്നുപോയി. അത് തിരിച്ചിങ്ങോട്ട് പാറുകയില്ല. പഴയ ബാലരമക്കെട്ടുകൾ, ഫലമൂലാദികൾ, അപകടമില്ലാത്ത ബേക്കറി ഐറ്റംസ് എല്ലാം അങ്ങോട്ടേയ്ക്കു സഞ്ചരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഒരു സമാന്തര സുഖവാസകേന്ദ്രം നമുക്കപ്രാപ്യമായി പ്രവർത്തിക്കുന്നു. അതിനുള്ളിൽ എഴുതേം പഠിക്കേം വേണ്ടാതെ, ഹോംവർക്കും, ടെസ്റ്റ് പേപ്പറും ഇല്ലാതെ അവൾ ആപ്പിളും തിന്ന് ബാലരമ വായിച്ചിരിക്കുന്നു... 'ബാലികേറാമല'യുടെ കഥ കേട്ടിട്ടുണ്ട്. പണ്ട് ദുന്ദുഭി പോത്തിന്റെ രൂപത്തിൽ കിഷ്കിന്ധയിൽച്ചെന്ന് ബാലിയെ പോരിനു വിളിച്ചു. ബാലിയോടാ കളി. കൊമ്പും ഒടിച്ച് തലയും ചവിട്ടിപ്പിഴുത് ഒരൊറ്റയേറു വെച്ചുകൊടുത്തു. തല വീണത് മതംഗാശ്രമത്തിൽ. ഇനി ഋശ്യമൂകാചലത്തിന്റെ ഏരിയയിലെങ്ങാനും കണ്ടാൽ തല പൊട്ടിത്തെറിക്കുമെന്നു ശാപവും കിട്ടി. അങ്ങനെ ഋശ്യമൂകാചലം ബാലികേറാമലയായി.
' ഞാനുമതു കൊണ്ടിവിടെ വസിക്കുന്നു
മാനസേ ഭീതി കൂടാതെ നിരന്തരം '' എന്നാണല്ലോ ബാലിയെപ്പേടിച്ചോടിയ സുഗ്രീവൻ പറഞ്ഞത്.
കഥയിലെപ്പോലെ ബാലികേറാമല തന്നെയായി മാറിയിരുന്നു ആ പ്രദേശം. അദൃശ്യമായ ഒരു വിലക്ക് അതിനെ ഒരുപരിധിവരെ അക്രമിയായ എന്റെ ശല്യമില്ലാതെ പരിരക്ഷിച്ചു നിർത്തി. അറ്റത്തു റബ്ബർ ബാൻഡുള്ള ഒരു ചൂരൽ വീട്ടിലുണ്ട്. മിക്കവാറും ഭീഷണികൾക്കൊപ്പം വെറുതെ ചുഴറ്റാനുള്ളതാണ്. എങ്കിലും, അപൂർവ്വാവസരങ്ങളിൽ അത് ജീവിത ലക്ഷ്യം സാക്ഷാത്കരിച്ചിട്ടുണ്ട്. രുചിയറിയാം. ഇതൊരടിയന്തിരഘട്ടമാണ്. ചട്ടലംഘനം നടത്തി കണങ്കാലിൽ ആ അടയാളം പതിയിക്കാൻ ഞാനാഗ്രഹിച്ചില്ല. അടുത്ത വീട്ടിൽ നിന്ന് വേപ്പുമരത്തിന്റെ ഉച്ചിക്കമ്പടക്കം ഒടിച്ച് സ്ഥലത്തെത്തിച്ചിരുന്നു. അരികുകൾ പാറ്റ വെട്ടിയ പോലുള്ള ആ ഇലകൾ കാണാൻ എന്തു ഭംഗിയാണ്. തണ്ടു മുഴുവനിറുത്ത് ഇലകൾ കട്ടിലിൽ കനത്തിൽ വിതറിയിട്ടിട്ടുണ്ട്. ഹാ! അനവദ്യമാണ് ആ ഹരിതകൗതുകശയ്യ! അതിലാണ് അരുമപ്പെൺകൊടി കിടക്കുന്നത്! ഇതൊക്കെയെങ്ങനെ സഹിക്കും! അസൂയ ഒരു ചെറിയവികാരമല്ല.
ഭിക്ഷയ്ക്കു വരാറുള്ള ഒരു തമിഴത്തിയമ്മയുണ്ടായിരുന്നു. ആ ഭാഗത്തെ എല്ലാ വീടുകളിലും കയറും. പച്ചത്തുള്ളൻ ചാടുമ്പോലെ ആവശ്യങ്ങളിൽ നിന്നാവശ്യങ്ങളിലേയ്ക്ക് പറന്നു ചാടുന്ന ഒരമ്മ. ആദ്യം വെള്ളം ചോദിക്കും. ഗ്ലാസു വാങ്ങിക്കയ്യിൽ വെച്ചിട്ട് വിശക്കുന്നെന്നു പറയും. ഭക്ഷണം കഴിഞ്ഞാൽ പഴയ സാരി വേണം. അതും കിട്ടിയാൽ പൈസ, അരി, പച്ചക്കറി... കൊല്ലത്തിലൊരിക്കലേ വരൂ. ഒറ്റത്തവണ തീർപ്പാക്കലാണ്. വന്നാൽ ഇതെല്ലാം കൊണ്ടേ പോവൂ. ഇത്തവണ വന്ന സമയം ശരിയല്ല. ഇവിടെ നിക്കല്ലേ വസൂരി പകരുമെന്ന് അമ്മ പറയുമ്പോൾ ഞാൻ അവരുടെ ഭാവഭേദം കാണാൻ ആകാംക്ഷയോടെ നോക്കിനിന്നു. ഇപ്പപ്പേടിച്ചോടും! എന്നു മനസ്സിൽ ഊറിച്ചിരിച്ചു. പ്രതീക്ഷിച്ച പ്രതികരണമുണ്ടായില്ല. ഓടുമെന്ന് വിചാരിച്ച കാലുകൾ നിലത്തു കുഴിച്ചിട്ട പോലെ ഒറ്റനിൽപ്പാണ്. കണ്ണുകളടച്ച് ധ്യാനനിമഗ്നയായി നിൽക്കുന്നു. പിന്നെ രണ്ടു കൈയും കൂപ്പി മാരിയമ്മാ മാരിയമ്മാ എന്നുച്ചത്തിൽ രണ്ടു വിളി. ഒരു ദണ്ഡനമസ്കാരം. ഇതെന്തു കഥ!
അമ്മവിളയാട്ടമാണു പോലും. അവളെ ഏതോ ഭഗവതി നേരിട്ടു വന്നനുഗ്രഹിച്ചിരിക്കുന്നതായി സങ്കൽപ്പം. ദേവി സ്ഥലത്തുള്ളതുകൊണ്ട് ശുദ്ധവും വൃത്തിയും വേണം പോലും. പറഞ്ഞ് പറഞ്ഞ് അപകടമേഖലയിലേയ്ക്കാണല്ലോ. മത്സ്യമാംസാദികൾ വീട്ടിൽക്കയറ്റരുതെന്ന്. ഒരിടി വെച്ചുകൊടുക്കാൻ തോന്നി. പച്ചച്ചോറും അമരയ്ക്കാത്തോരനും തീറ്റിച്ചേ അടങ്ങു. എന്നാലും സിസ്റ്റർടെയൊരു യോഗം ! അങ്ങുമിങ്ങും നാലഞ്ച് കുമിള വന്നാലെന്താ, ബേക്കറി, ബാലരമ, വിശ്രമം. പോരാത്തതിനിപ്പം ദേവീകടാക്ഷവും! മാരിയമ്മ, മാരിയുടെ അതായത് മഴയുടെ അമ്മയാണ് പോലും. മഴയെ വാരിയെടുത്തുമ്മ വെക്കുമായിരിക്കും. മഴയുടെ മാത്രമല്ല. വസൂരിയുടെയും ദേവതയാണത്രേ. അമ്മൻകൊടയ്ക്ക് വേപ്പിലക്കെട്ടും കയ്യിൽപ്പിടിച്ച് സ്ത്രീകൾ തുള്ളിയുറയുന്നത് പിന്നെപ്പൊഴൊക്കെയോ തമിഴ് സിനിമകളിൽക്കണ്ടു.
ഒരേ ജോലിയാണ് ചെയ്യുന്നതെങ്കിലും, വേരിസെല്ലാ വൈറസിനില്ലാത്ത ചാരുതയാണ് മാരിയമ്മയ്ക്ക് എന്ന് തോന്നും. ലോകത്തെ നിർദ്ദോഷമായി നിറം പിടിപ്പിക്കുന്ന ഭാവനകളില്ലെങ്കിൽ എത്ര വരണ്ടതാവും ഭൂമിവാസം. യുക്തിയോടൊപ്പം കൽപ്പനയുടെ ഐസ്ക്യൂബുകൾ കൂടി കലർന്നതാണെന്റെ ദാഹത്തിനു പ്രിയപാനീയം. ജീവിതത്തിലായാലും, കവിതയിലായാലും അതു കൂടി ചേരുമ്പോഴാണ് ലോകം മനോഹരമാവുന്നത്. ഇതിലൊരപകടവുമുണ്ട്, ആസ്വാദനത്തിനപ്പുറം, ആഹ്ളാദങ്ങൾക്കപ്പുറം, സമാശ്വാസത്തിനപ്പുറം പഴങ്കഥകൾ അസ്ഥിയ്ക്ക് പിടിക്കുമ്പോൾ മനുഷ്യൻ ഇരുട്ടിലാവുന്നു. തമ്മിലടിക്കുന്നു. ചിക്കൻ പോക്സിന്റെ മൂത്താപ്പ സ്മാൾ പോക്സ് അഥവാ വസൂരിയെപ്പറ്റി അന്നേ ഭയങ്കരകഥകൾ കേട്ടിരുന്നു. അതിനൊരു മലയാളം പേരുണ്ട്. എന്തൊരു കാൽപ്പനികമാണെന്നോ !, 'അകമലരി'. കേട്ടാൽ ഉള്ളിലേയ്ക്കു വിടരുന്ന ഏതോ സുന്ദരിപ്പൂവാണെന്നു തോന്നും. അകത്തുള്ള ചെറിയ രക്തക്കുഴലുകളിൽ നിന്ന് കുടുന്നു മലരുന്ന പളുങ്കുമണികളാണ് അകമലരി. ചരിത്രാതീതകാലം മുതൽ ജനപദങ്ങളെ ഇല്ലായ്മ ചെയ്തതാണ് ഈ അദൃശ്യവൈറസുകൾ! ഏതോ ഫറവോയുടെ മമ്മിയിൽപ്പോലും വസൂരിപ്പാടുകൾ കണ്ടെത്തിയിട്ടുണ്ടത്രേ.
ഏതായാലും പല തവണ എല്ലാവരുടെയും കണ്ണുവെട്ടിച്ച് അവിടെയൊക്കെ കറങ്ങി ഒരു ഭാഗ്യപരീക്ഷണം നടത്തിനോക്കി. ആ മുറിയ്ക്ക് രണ്ടുവശത്തും പകുതിച്ചുമരിൽ ഗ്രില്ലുകളാണ്. ഗ്രില്ലുകളിൽ തുണിക്കർട്ടനുണ്ട്. അതിലേ ചെന്നെത്തി നോക്കി. അംഗരക്ഷക ഓടിച്ചു വിട്ടു. എങ്കിലും പ്രതീക്ഷ കൈവിട്ടില്ല. ചൂരലിനെ വിസ്മരിച്ച് ഒന്നുരണ്ടു തവണ അതിലൂടെ രോഗിയുമായി കുശലപ്രശ്നം നടത്തിയിട്ടുണ്ട്. രഹസ്യമായി ചില കഥാപുസ്തകങ്ങൾ ദാനം ചെയ്യാനെന്ന മട്ടിൽ ജനലിലൂടെ സൂത്രത്തിൽ കയ്യിൽ തൊട്ടിട്ടുണ്ട്. എന്നിട്ടെന്താ, ഒരു കുമിള എവിടെയെങ്കിലും വന്നിട്ടു വേണ്ടേ! രാവിലെയും വൈകിട്ടും കണ്ണാടിയ്ക്കു മുന്നിൽ പെറ്റിക്കോട്ടൂരി വിശദ പരിശോധനയാണ്. എവിടെ! മാരിയമ്മ നമ്മളെ മൈൻഡു ചെയ്യുന്നില്ല. ഇച്ഛാഭംഗത്താൽ പല്ലിറുമ്മിക്കൊണ്ട് ഞാൻ രാവിലെ സ്ക്കൂളിലേയ്ക്കു പോവും. അങ്ങനെ ഒന്നു രണ്ടാഴ്ച കഴിഞ്ഞു. സുഖവാസവും കഴിഞ്ഞ് ഉല്ലാസവതിയായി സഹോദരി പുറത്തിറങ്ങി. വളരെ കുറച്ചു കലകളേയുണ്ടായിരുന്നുള്ളൂ.
കാലമെത്ര പോയി. മാരിയമ്മയെ ഞാൻ മറന്നില്ല. നീർമുത്തുകൾ വാരിക്കുടഞ്ഞുകൊണ്ട് ഒരു കവിതയിൽ മാരിയമ്മ കടന്നുവന്നു. വായിച്ചതും കേട്ടറിവും വെച്ചു നിർമ്മിച്ചെടുത്തതായിരുന്നു ആ ആടിത്തിരുവിഴക്കാലം.. പക്ഷേ കവിതയിലല്ലാതെ ഞങ്ങൾ നേരിൽക്കണ്ടിരുന്നില്ല. വളരെ അപ്രതീക്ഷിതമായി ഒരിക്കൽ ആ കൂടിക്കാഴ്ച സംഭവിച്ചു. ഒരു യാത്രയ്ക്കിടയിൽ ഇളനീർപ്പന്തൽ കണ്ട് വാഹനം നിർത്തി. റോഡിനെതിർവശത്തായിരുന്നു. റോഡു മുറിച്ച് അപ്പുറം ചെന്നപ്പോൾ ഇളനീർക്കുലകളും വെട്ടുകത്തിയും സ്റ്റൂളും മാത്രമേയുള്ളൂ. ആരെയും കണ്ടില്ല. 'ഇപ്പൊ വരുവാങ്ക' വെട്ടിക്കൂട്ടിയിട്ട കരിക്കിൻ തൊണ്ടുകൾക്കു പിന്നിൽ നിന്ന് ഒരശരീരി കേട്ടു. ഹോമകുണ്ഡത്തിലെ ദിവ്യധൂമം പോലെ ബീഡിപ്പുക ചുരുളുകളായുയർന്നു പൊങ്ങുന്നു. ഒരു മനുഷ്യൻ അതിനു പിന്നിലിരിപ്പുണ്ട്. എഴുന്നേറ്റു വരുന്നില്ല. വേറാരോ വന്ന് കരിക്ക് വെട്ടിത്തരും എന്നാണ് മടിയൻ പറയുന്നത്.
എന്നാൽ ശരി. കട വേറെയുമുണ്ട്. വാഹനങ്ങൾക്കിടയിലൂടെ തിരിച്ച് ക്രോസ് ചെയ്ത് ഡോർ തുറക്കുമ്പോൾ, അരികത്ത് എന്തൊക്കെയോ ശബ്ദകോലാഹലങ്ങൾ കേട്ടു. ഒരു സ്ത്രീ വിളിച്ചു കൂവി, 'അങ്കയേ നില്ല്'. നോക്കിയപ്പോൾ സൈഡിലായി ചെറിയൊരു അമ്പലമാണ്. അതിനു മുമ്പിൽ നിന്ന് ഇപ്പൊ വരാമെന്ന് അവർ കൈകൊണ്ടാംഗ്യം കാട്ടുന്നു. വന്നിട്ട് കരിക്കു വെട്ടിത്തരും. ഞാൻ പെട്ടു. താലത്തിൽ ചുവന്ന പൂക്കളുടെ ഒരു കൂനയുമായി മറ്റൊരു സ്ത്രീ എന്റെ മുന്നിലൂടെ അവിടേയ്ക്കു കയറിപ്പോയി. കുറച്ചുനേരം നിന്നു. കാണുന്നില്ല. അക്ഷമയായി അകത്തേയ്ക്കൊന്നേന്തി നോക്കി.. അതൊരു ചെറിയ നടയായിരുന്നു. പല ചായം കൊടുത്ത സിമന്റുപ്രതിമകൾ അതിന്റെ എല്ലാ വശത്തും.. ഒരു വലിയ തെച്ചി റോഡിലേയ്ക്ക് കുത്തിമറിഞ്ഞു പൂത്തു കിടക്കുന്നു. നല്ല ഭംഗിയുണ്ട്. അന്നേരത്തെ ഒരു കൗതുകത്തിന് അകത്തേയ്ക്ക് കയറി. അപ്പോൾ ഓട്ടുമണികൾ നിർത്താതെ ശബ്ദിച്ചു. ക്ഷേത്രനട തുറന്നു. ശ്രീകോവിലിനുള്ളിലെ ദീപപ്രഭയിൽ, ചെറുനാരങ്ങയും തെച്ചിപ്പൂവും കോർത്ത മാലയണിഞ്ഞ് ചെമ്പട്ടുടുത്ത ഒരു കൽരൂപം എനിക്കു ദർശനം തന്നു. 'ഏതു ദൈവമാണ്?' പൂജാരി കേൾക്കാതെ അടുത്തു നിന്ന സ്ത്രീയോടു ഞാൻ കുശലം ചോദിച്ചു. എന്നെ തുറിച്ചു നോക്കി അവർ പിറുപിറുത്തു. 'മാരിയമ്മൻ!' ഒരു മഴമേഘം എന്റെയുള്ളിൽ ചാറി. സൗഹൃദപൂർവ്വം ഞാൻ ഉള്ളിലേയ്ക്കു നോക്കി. ഞങ്ങൾ കണ്ടു.
കരിക്കുകാരി മടക്കിയ ഒരിലച്ചീന്തും കയ്യിൽപ്പിടിച്ച് അടുത്തേയ്ക്കു വന്നു. റോഡു കടക്കുമ്പോൾ ചുവപ്പുവളയിട്ട തടിച്ച കൈ എന്റെ കയ്യിൽ മുറുക്കിപ്പിടിച്ചിരുന്നു. ഇളനീർ കസ്റ്റമറെ സ്വീകരിക്കാതെ വായിനോക്കിയിരിക്കുന്ന ഭർത്താവിനെ അവർ ഘോരമായി ശകാരിച്ചു. ഇളനീരിന്റെ തലവെട്ടി ഒരു സ്ട്രോയിട്ട് എനിക്കു തന്നു. നിരപ്പല്ലാത്ത തറയിൽ, ആട്ടമുള്ള പ്ലാസ്റ്റിക് സ്റ്റൂളിൽ മറിഞ്ഞുവീഴാതെ ബാലൻസ് ചെയ്ത് ഞാനിരുന്നു. വെള്ളത്തിന് നല്ല മധുരമുണ്ട്. വാഴയിലക്കീറിലുള്ളത് ഒരുതുണ്ട് മുല്ലമാലയായിരുന്നു. തലയിൽ വെക്കാനെടുത്ത മുല്ലപ്പൂ ചൂടുമ്മുമ്പ് അവർ എന്നെയൊന്നു നോക്കി. സാരിയാണു വേഷം. എന്തോ ഓർത്ത് അവർ ആ മുല്ലമാല രണ്ടായി മുറിച്ചു. ഒരു കഷ്ണം എനിക്കു നീട്ടി. എന്റെ മുഖത്ത് സൂര്യനുദിച്ചു. ഇളനീരിന്റെ തൊണ്ട് വലിച്ചെറിഞ്ഞ്, ഇരുകൈയും നീട്ടി ആ പ്രസാദം ഞാൻ സ്വീകരിച്ചു. തീരെക്കട്ടിയില്ലാത്ത എലിവാലു പോലുള്ള മുടിയിൽ ഊർന്നുകളിക്കുന്ന ക്ലിപ്പിനുള്ളിൽ തിരുകിവെച്ചു.
പണ്ടത്തെ വീട്ടിലെ ആ ഗ്രില്ലുമുറിയെപ്പറ്റി മറക്കാനാവാത്ത അരുമസ്മരണകൾ ഇന്നുമുണ്ട്. കവിതയുടെ ആദ്യവിത്തുകൾ പാറിവീണ ഓർമ്മകൾ. ആ മുറിയുടെ വശത്ത് ഒന്നു രണ്ട് തെങ്ങുണ്ട്.. പിന്നെയൊരു ചൈനീസ് വൻമതിലാണ്. മതിലിനു മുകളിൽ സിമന്റിൽ ആണികൾ കുത്തനെ പാകുന്നതായിരുന്നു അന്നത്തെ ട്രെൻഡ്. ചിലയിടങ്ങളിൽ കുപ്പിയോടാണ്. തുരുമ്പുപിടിച്ച ആണികൾ സിമന്റോടെ ഇളകിവീണ് പരാക്രമികളായ കുട്ടികളുടെ കാലിൽ കുത്തിക്കയറാറുണ്ട്. അതു വലിച്ചൂരിയെടുക്കുമ്പോഴുള്ള സുഖം! ഹൊ ! പിന്നെ ടിടി എടുക്കുമ്പൊഴുള്ളത് വേറെയും. ആണികൾ ഇളകിപ്പോയ ഭാഗത്ത്, പാടുപെട്ട് ചാടി എത്തി നോക്കിയാലും മതിലിനപ്പുറത്തെ ഇത്തിരിക്കാഴ്ചയേ കിട്ടുള്ളൂ. അങ്ങനെ പല സാഹസികശ്രമങ്ങൾ നടത്തിയതിൽ നിന്ന് അപ്പുറത്ത് വെള്ളപ്പൂക്കളുള്ള കാട്ടുചെടികളുള്ള പുതിയൊരു ലോകം കണ്ടിട്ടുണ്ട്. ഇളംപുല്ലും പിങ്കുമൊട്ടുള്ള കുഞ്ഞിച്ചെടികളുമുണ്ട്. ഏതോ വള്ളിച്ചെടി പടർന്നു കേറിയ കുരുടിച്ച മഞ്ഞണാത്തിമരം മതിലിനോട് ചേർന്നു നിന്നു. അതിലേ പാരച്യൂട്ടിലിറങ്ങുന്ന വൈമാനികരെപ്പോലെ പുളയുന്ന പുഴുക്കൾ നൂലിൽത്തൂങ്ങിയിറങ്ങി വരും. വലിയ മരങ്ങളില്ലാത്തതു കൊണ്ട് തുറന്ന നീലാകാശമുള്ള ആ സ്ഥലം ഒരു അദ്ഭുതലോകം പോലെ തോന്നിയിരുന്നു.
ഗ്രില്ലുമുറിയ്ക്കുള്ളിൽ ഒരു മേശയും കസേരയുമുണ്ട്. അക്കൊല്ലം വേനലവധിയിൽ ഒരു ദിവസം അതിനുള്ളിൽ തനിച്ചിരുന്നപ്പോൾ പെട്ടെന്ന് വെളിച്ചം കൊണ്ടത് നിറഞ്ഞ പോലെ തോന്നി. മതിലിനപ്പുറത്ത് നിലനിന്നിരുന്ന അദ്ഭുതലോകത്തുള്ള പൂവുകളുടെ കെട്ടുകാഴ്ചകൾ മനസ്സിലിളകി. തീരെക്കൊച്ചിലേ ഒരു വൈകുന്നേരം ഒരു ബന്ധുവീട്ടിൽ പൂത്തു നിന്ന മഞ്ഞത്തെച്ചി നോക്കി നിൽക്കുമ്പോൾ വെറുതെ സങ്കടം വന്ന ഓർമ്മയുണ്ട്. മുറ്റം മുഴുവൻ പടർന്ന രാജമല്ലിയ്ക്കു കീഴിൽ നിൽക്കുമ്പോൾ എന്തെന്നറിയാത്ത ആനന്ദവും അസ്വസ്ഥതയും കലർന്ന ഒരനുഭവം ഓർമ്മയുണ്ട്. ഇളംമാറിൽ മുലഞെട്ടു വിടരുമ്പോലെ സൂക്ഷ്മമായ കവിതയുടെ ആദ്യവിടരൽ പക്ഷേ അന്നാണ് പൂർത്തിയായത്. ടൂലൈൻ കോപ്പിബുക്കിൻ്റെ പിന്നിലെപ്പേജിൽ പെൻസിൽ കൊണ്ടു നാലഞ്ചു വരികളെഴുതി..എന്റെ ഓർമ്മയിലെ ആദ്യകാവ്യാനുഭവം. അതിനെ എന്തു വിളിക്കണമെന്നറിയില്ല. കേട്ടുപഴകിയ ഏതോ സിനിമാപ്പാട്ടുവരികളുടെ ഗംഭീരസ്വാധീനമുള്ള സംഭവം. പൂമാനം പൂത്തുലഞ്ഞു എന്ന രീതിയിലെന്തോ. ബുക്കിൽ നിന്നും കീറിയെടുത്ത ആ തുണ്ടുകടലാസ് പെൻസിൽ ബോക്സിനുള്ളിൽ കുറച്ചുനാൾ കിടന്നു. പിന്നീടതെടുത്ത് വായിച്ച കൂട്ടുകാരാരോ അത് സിനിമാപ്പാട്ടാണെന്നു പറഞ്ഞു. നാണംകെട്ടു പോയി.
പക്ഷേ കുട്ടിക്കാലവായന സകലപരിധികളും ലംഘിച്ച് കയ്യിൽക്കിട്ടാത്തത് തപ്പിപ്പിടിച്ച് വായിക്കുന്നതിലേയ്ക്കെത്തിയിരുന്നു. മഹാപുസ്തകങ്ങൾ തേടിപ്പിടിച്ചൊന്നുമല്ല വായിച്ചത്. കുട്ടികൾക്കെന്ത് വലുതും ചെറുതും! ലില്ലിച്ചെടിയിലെ കാറ്റർപില്ലറിന്റെ ദഹനവ്യൂഹമായിരുന്നു എന്റെ വായനയ്ക്ക്. കയ്യിൽക്കിട്ടുന്നതെന്തും, വെട്ടിവിഴുങ്ങും. അമ്പിളിയമ്മാവനും നാനയും ആയിരത്തൊന്നു രാവുകളും ഒരുപോലെ അതു കരണ്ടുതീർത്തു. സ്വാഭാവികമായും സംശയങ്ങൾ പ്രായത്തിനു ചേരുന്നവയായിരുന്നില്ല. കുട്ടിക്കയ്യെത്താത്ത അലമാരയ്ക്കു മേലേയ്ക്ക് അമ്മയുടെ നോവലുകൾക്ക് വേഗം സ്ഥലംമാറ്റം കിട്ടി. വീട്ടിലാളില്ലാത്ത സമയത്ത്, കട്ടിലിൽ, സ്റ്റൂൾ വലിച്ചിട്ട് അലമാരയ്ക്കു മേൽ കയ്യെത്തിച്ച് വായനയുടെ നിഷിദ്ധലോകങ്ങൾ പക്ഷേ കുട്ടി സ്വന്തപ്പെടുത്തി. 'ഋതു'വും 'രതി'യും അടിയുടെ ഒച്ചയിൽ വിറകൊണ്ടിട്ടും, കൂടുതൽ അപകടകാരികളായ പുതിയ വാക്കുകൾ, സംശയാലുക്കളായി ചൂരലുകൾക്കു മുന്നിൽച്ചെന്നു കൈ നീട്ടി നിന്നുകൊടുത്തു. കുറച്ചുകൂടി മുതിർന്ന ക്ലാസ്സിലായിരുന്നു അണ്ണൻ. അണ്ണൻ കൊണ്ടുവയ്ക്കുന്ന എല്ലാ പുസ്തകങ്ങളും മൂപ്പരറിയാതെ നമ്മൾ ക്ലിയർ ചെയ്യും. കട്ടിലിനടിയിൽ പായ വിരിച്ച് കിടന്ന് ആ അരണ്ട വെളിച്ചത്തിൽ വായിക്കാനായിരുന്നു എനിക്കിഷ്ടം. കട്ടിലുകൾക്കടിയിൽ തീർച്ചയായും വേറൊരു ലോകമുണ്ട് .ചിലന്തിവല കെട്ടിയ താണമച്ചുള്ള ഒരു രഹസ്യലോകം.അരണ്ടവെട്ടമുള്ള ആ ഇത്തിരിയിടത്തിൽ നമ്മൾ തനിച്ചാണ്. കുട്ടികൾക്കു തനിച്ചാവാൻ ഇതിലും പറ്റിയൊരിടമില്ല. മാറാലയെയും പൊടിയെയും നിസ്സാരമായി അതിജീവിക്കുന്ന കാട്ടുജനുസ്സുകളായിരുന്നു പണ്ടത്തെക്കുട്ടികൾ.
കവിത പോലെന്തോ വന്ന് അസ്വസ്ഥപ്പെടുത്തിയ മറ്റൊരു സന്ദർഭമോർക്കുന്നു. പണ്ട് വെക്കേഷൻകാലത്ത് നിരാലയുടെ ഹിന്ദി ക്ലാസ്സിൽ രാവിലെ പോവുമായിരുന്നു. പ്രഥമയും ദൂസരിയുമൊക്കെ അന്ന് നിർബന്ധം. അതിഗൗരവക്കാരനായ ഒരാജാനുബാഹുവാണ് അവിടത്തെ പ്രിൻസിപ്പൽ. കോപിഷ്ഠനായ ഹിന്ദിചക്രവർത്തി! തടിച്ച കൈവിരലിൽ ഒരു രത്നമോതിരം ഉണ്ടായിരുന്നു. ദേഷ്യത്തിൽ വിരൽ ചൂണ്ടുമ്പോൾ അതിന്റെ തിളക്കം കണ്ണിലടിക്കും. ഒരു ദിവസം ക്ലാസ്സ്ടൈം മാറ്റിയതറിയാതെ 9 മണിയുടെ ക്ലാസ്സിന് 8 മണിയ്ക്ക് ചെന്നുപെട്ടു. ഇനി ഒരുമണിക്കൂർ കാത്തിരിക്കണം. പ്രിൻസിപ്പൽ മന്നവന്റെ കണ്ണിൽപ്പെടാതിരിക്കാൻ ക്ലാസ്സ്മുറിയുടെ പിൻവശത്തു പോയിരുന്നു. കായ്ച്ചു കിടന്ന പുളിമരങ്ങളായിരുന്നു ആ പുരയിടത്തിൻ്റെ പിൻവശം മുഴുവൻ. അതിലോലമായൊരു കാറ്റു വീശിപ്പോയി. വളഞ്ഞുപുളഞ്ഞ കവരങ്ങളിൽ പുളികൾ തുള്ളിത്തിമിർത്തു. അസാദ്ധ്യമായ അസ്വസ്ഥതാജനകമായ ആ നിശ്ശബ്ദതയിലിരുന്ന് എന്തൊക്കെയോ എഴുതി. ഒട്ടും സുഖകരമായ അനുഭവമായിരുന്നില്ല. എന്തൊക്കെയോ എഴുതണമെന്നുണ്ട്, എന്താണെന്നറിയില്ല. മുതിർന്നവർ മടിയിൽ കിടത്തി ലാളിച്ച് ഓരോന്നു ചോദിക്കുമ്പോൾ, ആദ്യത്തെ അക്ഷരത്തിനായി പണിപ്പെട്ട് ചുണ്ടും വായും കൂർപ്പിച്ച് അവ്യക്തശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന, നാവുറയ്ക്കാത്ത മനുഷ്യശിശുവിന്റെ നിസ്സഹായത. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. അപാരമായ അസംതൃപ്തിയിൽ മുങ്ങിപ്പോയി. എഴുതിയതെല്ലാം കീറിക്കളഞ്ഞു തിരിച്ചുപൊങ്ങി. സ്വാഭാവികതയുടെ ഉപരിതലത്തിൽ ആശ്വാസപൂർവ്വം ശ്വാസമെടുത്തു. ജീവിതത്തിലേയ്ക്കോടി രക്ഷപ്പെട്ടു.
പിന്നെ എപ്പൊഴൊക്കെയോ ഡയറിയെഴുത്ത് കവിത പോലെന്തോ ആയി. ഹൈസ്ക്കൂളിലെത്തിയപ്പോൾ ഒരുതരം വട്ടുപിടിച്ച എഴുത്തായി. വാതരോഗി സ്പ്രിന്റ്താരമായ പോലെ മനസ്സ് എങ്ങോട്ടൊക്കെയോ ഓടി.. ഒരു കാര്യവുമില്ലാതെ എന്തൊക്കെയോ എഴുതിക്കൂട്ടി. പിന്നെ ബാലപംക്തി, യൂണിവേഴ്‌സിറ്റി യുവജനോത്സവം. ക്രമേണ അൽപ്പമൊക്കെ ഇരുത്തം വന്നു കാണണം. കവിതയിൽ പൂത്തുലഞ്ഞു നടന്ന പ്രീഡിഗ്രിക്കാലം കഴിഞ്ഞപ്പോൾ ഇംഗ്ലീഷ് ബി.എയ്ക്കു ചേരണമെന്നായിരുന്നു എൻ്റെ ആഗ്രഹം. അമ്മയുടെയും വിഷയം അതായിരുന്നു. ബയോളജിയും എനിക്കിഷ്ടമായിരുന്നു. പയറുവിത്തുകൾ കൊണ്ടു നടത്തിയ പരീക്ഷണത്തിൽ വിരിഞ്ഞ പലനിറത്തിലെ പയറുപൂക്കൾ എന്നെ അമ്പരപ്പിച്ചു. ജീനുകളെ അങ്ങോട്ടുമിങ്ങോട്ടും ക്രോസ് ചെയ്ത് വൈവിധ്യം സൃഷ്ടിക്കുന്ന പ്രകൃതിയുടെ മഹാവിദ്യ കോരിത്തരിപ്പിച്ചു. പൊട്ടിമാറുന്ന പ്ലനേറിയകളും, ഇര വിഴുങ്ങുന്ന അമീബകളും ഉണരാൻ കാത്തിരിക്കുന്ന പ്രാചീനവൈറസുകളും എൻ്റെ ഭാവനയെ ഉത്തേജിപ്പിച്ചു. സസ്യങ്ങൾക്കുള്ളിലെ കിണറുകളും പൈപ്പുകളും ഇലയടുപ്പുകളും സോളാർപാനലുകളും ശാസ്ത്രജ്ഞാനത്തിലുപരി മറ്റേതോ ജൈവികാനന്ദങ്ങളെക്കൂടി തൊട്ടുണർത്തി.
എൻ്റെ ഇംഗ്ലീഷ് ബിഎ മോഹം സാദ്ധ്യമായില്ല...! പ്രീഡിഗ്രിയ്ക്ക് ഡിസ്റ്റിംഗ്ഷൻ ഉണ്ടായിരുന്നു. എന്നാൽപ്പിന്നെ ഏതെങ്കിലും പ്രൊഫഷണൽ കോഴ്സിന് അഡ്മിഷൻ കിട്ടുക എന്നതായിരുന്നു അന്നത്തെ നാട്ടുനടപ്പ്. എല്ലാവരും അങ്ങനെയാണാഗ്രഹിച്ചത്. ഷെല്ലിയും കീറ്റ്സും നീട്ടിയ വായനയുടെ വെള്ളിത്താലം നിരസിച്ച് ഞാൻ എൻട്രൻസ് കോച്ചിങ്ങിൻ്റെ തീത്താലം തലയിലേന്തി. താത്പര്യമില്ലാത്തൊരാളെ സംബന്ധിച്ച് ദുരിതമായിരുന്നു അത്. പക്ഷേ ജീവിതം അന്നതാവശ്യപ്പെട്ടു. ഉത്തരവാദിത്തങ്ങളുണ്ടായിരുന്നു. ഹോസ്റ്റൽജീവിതം ഭയാനകമായിരുന്നു. ബെത്സെദയിലെ മലമുകളിൽ, യേശുക്രിസ്തു അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെയൂട്ടി. അതിന്റെ സ്നേഹസ്മൃതിയിലാണ് മെസ്സ് പ്രവർത്തിക്കുന്നത്. അസ്ഥിപഞ്ജരങ്ങളായ മീനുകൾ നീന്തുന്ന ആ മുളകുവെളളം പോലും റേഷനായിരുന്നു. വെള്ളരികൾ വെട്ടിമുറിച്ചിട്ട മഞ്ഞക്കറി, മൂട്ടകൾ കുത്തിയോട്ടം നടത്തുന്ന കിടക്ക.. ഒന്ന് ഞായറാഴ്ചയാകാൻ കാത്തിരിക്കുമായിരുന്നു, തൊട്ടപ്പുറത്തെ പെന്തക്കോസ്ത് പള്ളിയിൽ നിന്നുള്ള കൊട്ടിപ്പാട്ടും, തപ്പുമേളവും കേൾക്കാൻ. അതായിരുന്നു സമീപസ്ഥമായ, ആഘോഷത്തിന്റെതായ ഏകശബ്ദമേളം. സിനിമയില്ല വായനയില്ല കവിതയില്ല.
ഹോസ്റ്റലിനു വശത്തായി ഒരു ഇരുനിലവീടുണ്ട്. മുന്നിൽ ഒരു മുളങ്കൂട്ടവും. മുകൾനിലയിലുള്ള ഞങ്ങൾക്കരികിലേയ്ക്ക് കാറ്റിലും മഴയിലും മുളന്തലപ്പ് ആടിയുലഞ്ഞുവരും. ഒന്നു നോക്കി, കണ്ണുകളടർത്തി, തരളമായ ആ കാവ്യസ്മൃതികൾക്കു നേരെ ഫിസിക്സിലെ ഏതെല്ലാമോ സൂത്രവാക്യങ്ങൾ ജപിച്ചെറിഞ്ഞ് ഞാൻ തിരിഞ്ഞുനടക്കും. പരീക്ഷയിൽ പരിഭ്രമത്താൽ പല കൈപ്പിഴകളും പറ്റി. പ്രതീക്ഷിച്ച റാങ്കു ലഭിച്ചില്ല. നിരാശ തോന്നിയില്ല. റാങ്കു പ്രകാരം കിട്ടാവുന്ന കോഴ്സുകളിൽ നിന്ന് ബിഎഎംഎസ് തിരഞ്ഞെടുത്തത് ഞാൻ തന്നെയാണ്. അതിനാണ് ഭാഷയുടെ പച്ചപ്പുണ്ടായിരുന്നത്. ആയുർവ്വേദകോളേജിൽ ജോയിൻ ചെയ്തു. കവിതയെ തിരിച്ചുവിളിച്ചു കൊണ്ടു വന്നു. ഞങ്ങൾ യാത്ര തുടർന്നു. വീണ്ടും, ആരുമറിയാതെ വാതിൽ തുറന്നിറങ്ങി മട്ടുപ്പാവിൽ തനിച്ചു കിടന്ന് മുകളിലെ മുളകുപൂക്കൾ പോലുള്ള അനന്ത നക്ഷത്രജാലം വീക്ഷിച്ചു. വെട്ടുകാട്പള്ളിയ്ക്കു പിന്നിലെ കടപ്പുറത്തു നിന്നു കിട്ടിയ പുള്ളിശംഖിനെ കാതോടു ചേർത്തുവെച്ചു. അപ്പൊഴെല്ലാം
പ്രാചീനമായ ഏതോ പ്രപഞ്ചസ്മരണയുടെ അലട്ടൽ അനുഭവപ്പെട്ടു. പലയിടങ്ങളിൽ പൊട്ടിയ രക്തക്കുഴൽ പോലെ കവിത ജീവിതത്തിലേയ്ക്കു ചീറ്റിയൊഴുകിക്കൊണ്ടിരുന്നു.
Content Highlights: Chickenpox childhood memories and poetry
Published: 19 Jul 2025, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented